Monday, March 5, 2012

അമേരിക്കൻ വിശേഷങ്ങൾ - 29

എ എം എസ്

ഗർഭാധാന പ്രതിരോധനം (contraception)

ഗർഭാധാന പ്രതിരോധനത്തെക്കുറിച്ച് സജീവ ചർച്ചകൾ നടന്ന മാസമായിരുന്നു ഈ വർഷത്തെ ഫെബ്രുവരി. അതിനു കാരണമായത് 2010 മാർച്ചിൽ ഒബാമ ഒപ്പിട്ട സമഗ്രാരോഗ്യനിയമത്തിൽ സ്ത്രീകളുടെ ആരോഗ്യപരിപാലനുവുമായി ബന്ധപ്പെട്ട് ഈ വർഷം കൂട്ടിചേർക്കപ്പെട്ട ഇൻഷൂറൻസ് കമ്പനികളും മതസ്ഥാപങ്ങളടക്കം എല്ലാ ആശുപത്രികളും നിർബന്ധമായും സൗജന്യമായി വർഷത്തിൽ ഒരിക്കൽ നടപ്പാക്കേണ്ട പരിശോധനയും, എല്ല തരത്തിലുള്ള ഗർഭനിരോധനമരുന്നുകളുടെ സൗജന്യമായ വിതരണവുമാണ്‌. നിരവധി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുവെ ഡെമൊക്രാറ്റുകളെ പിന്തുണക്കുന്ന കാത്തലിക് സമൂഹം ഇതിനെതിരായി വലിയ തോതിൽ രംഗത്തുവന്നു. ഇതു തന്നെ അവസരം എന്ന് കരുതി റിപ്പബ്ലിക്കൻക്കാർ ഒബാമയുടെ “സോഷ്യലിസ്റ്റ്-മതവിരോധ” നയങ്ങളുടെ തുടർച്ചയാണിതെന്ന് ആരോപിക്കുകയും ചെയ്തു. അമേരിക്കയിലെ ക്രിസ്തുമത വിശ്വാസികളിൽ പ്രമുഖമായവ പ്രൊട്ടസ്റ്റന്റ്, കാത്തലിക്, ഇവാജ്ജലിക്കൽ വിഭവങ്ങളാണ്‌. അതിൽ പ്രൊട്ടസ്റ്റന്റുകാർ പൊതുവെ ഗർഭനിരോധനമാർഗങ്ങളെ അനുകൂലിക്കുന്നവരാണ്‌. എന്നാൽ കാത്തിലിക്ക് സമൂഹം അതിനെ എതിർക്കുന്നവരും, ഇവാജ്ജലിക്കൽ വിഭാഗം ചില മാർഗ്ഗങ്ങളെ അനുകൂലിക്കുകയും ചിലതിനെ എതിർക്കുന്നവരുമാണ്‌.

ഇങ്ങിനെയൊക്കെയാണെങ്കിലും ഈ വിഷയത്തിൽ മതങ്ങളുടെ തിട്ടുരം പൊതുവെ അവഗണിക്കുന്ന സ്ത്രീ സമൂഹമാണ്‌ ഇവിടെയുള്ളത്. 90%-ലേറേ സ്ത്രീകൾ ഗർഭനിരോധന മാർഗങ്ങൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗിക്കുന്നുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന്റേയും,  സ്ത്രീയുടെ ആരോഗ്യ പരിപാലനത്തിന്റേയും വിഷയമായിട്ടാണ്‌ ഇതിനെ ഭൂരിഭാഗം ഡെമൊക്രാറ്റുകളും, ചുരുക്കം ചില റിപ്പബ്ലിക്കൻക്കാരും, എല്ലാ പുരോഗമനവാദികളും കാണുന്നത്. പൊതുവെ മതവികാരത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒബാമ, വൈസ് പ്രസിഡന്റായ ബൈഡന്റെ ഉപദേശത്തെ മറികടന്ന്, തന്റെ ലിബറൽ ഉപദേശക സംഘത്തോടൊപ്പം നിന്നപ്പോൾ അതിത്ര പുലിവാലായി തീരുമെന്ന് കരുതിയില്ല. ഗർഭനിരോധനത്തിനെതിരായി നിലകൊള്ളുന്ന കാത്തലിക് സമൂഹം നടത്തുന്ന സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് ഗർഭനിരോധനമരുന്നുകൾ നിർബന്ധമായും സൗജന്യമായി നല്കണമെന്ന നിയമം അവരെ കലിതുള്ളിക്കുമെന്ന് കാത്തലിക്കായ ബൈഡൻ മുൻകൂട്ടികണ്ടിരുന്നു. കൂടാതെ, സർവേകളിൽ ഒബാമയുടെ അംഗീകാരം കുറഞ്ഞുവരുന്ന തെരഞ്ഞെടുപ്പ് വർഷത്തിൽ ഇത് ഒഴിവാക്കുകയാണ്‌ നല്ലതെന്ന് ബൈഡൻ തിർച്ചറിഞ്ഞിരുന്നു. എന്തായാലും മതസ്ഥാപനങ്ങളെ ഈ നിയമത്തിൽനിന്നും ഒഴിവാക്കുമെന്നാണ്‌ പൊതുവെ കരുതുന്നത്.

ഖേമൻ ദ്വീപുകൾ (Cayman Islands)

പടിഞ്ഞാറൻ കരീബിയൻ കടലിൽ ക്യുബക്ക് തെക്കും ജമൈക്കക്ക് വടക്കു-പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന ഗ്രാന്റ്, ബ്രാക്ക്, ലിറ്റിൽ എന്നീ ദ്വീപുകളാണ്‌ ഖേമൻ ദ്വ്വിപുകളിലുള്ളത്. 1503 മയ് 10-നാണ്‌ കൊളമ്പസ് ഇവിടേ എത്തുന്നത്. 1586-ൽ ഇവിടെ എത്തിയ ഇംഗ്ലീഷ് സഞ്ചാരി ഫ്രാൻസിസ് ഡ്രേക്ക്  (Francis Drake) ആണ്‌ കരീബിയൻ ദ്വീപിലെ നിയോ ടേയ്നോ (Neo-Taino) ഭാഷയിൽ നിന്നുള്ള പദമായ ചീങ്കണ്ണീ എന്ന അർത്ഥം വരുന്ന ഖേമൻ എന്ന പേരിടുന്നത്. പതിനേഴാം നൂറ്റാണ്ടു വരെ ഇവിടെ ജനവാസമില്ലായിരുന്നു. 1670-ൽ ജമൈക്കയോടൊപ്പം ഖേമൻ ദ്വീപുജ്കളുടെ നിയന്ത്രണവും ബ്രിട്ടീഷുകാർ ഏറ്റെടുത്തു. 1962 വരെ ജമൈക്കയുടെ ഭാഗമായ കോളനിയായിരുന്നു ഖേമൻ. 1962-ൽ ജമൈക്ക സ്വതന്ത്രമായപ്പോൾ ഖേമൻ ബ്രിട്ടീഷ് രാജ്ഞി നിയോഗിക്കുന്ന ഗവർണ്ണർ ഭരിക്കുന്ന കോളനിയായി (crown colony). ഇപ്പോഴും ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പ്രദേശമാണിത് (British Overseas Territory ).

Cayman Islands National Museum
ഖേമൻ ഒരു ഉഷ്ണമേഖല പ്രദേശമാണ്‌. പത്തോളം സസ്തനികളെ ഇവിടെ കാണാം. കൂടാതെ സസ്യ-ജൈവ സമ്പത്തുകൊണ്ട് സമ്പന്നമാണീ പ്രദേശം. 50,000-ത്തിലധികം ജനസംഖ്യയുള്ള ഇവിടത്തെ പ്രധാന വരുമാനമാർഗ്ഗം വിനോദസഞ്ചാരവും, ധനസേവനമേഖലയും (Financial services ) ആണ്‌. 125-ഓളം വ്യാപാര കപ്പലുള്ള ഇവിടുത്തെ സാമുദ്രികവ്യാപാരവും ഒരു വരുമാന സ്രോതസാണ്‌. തൊഴിലാളികളുടെ എണ്ണം പരിമിതമായതുകൊണ്ട് ജനസംഖയുടെ പകുതിയോളം തന്നെ തൊഴിലാളികൾ വിദേശികളാണ്‌. 60%-ലേറെ ആഫ്രികൻ-കൊക്കേഷ്യൻ മിശ്രവംശജരുള്ള (mixed race) ഇവിടത്തെ ജനങ്ങളിൽ മഹാർഭുരിപക്ഷവും ക്രിസ്തുമതവിശ്വാസികളാണ്‌. ജനസംഖ്യയിലേറേ രജിസ്റ്റർ ചെയ്ത വ്യാപാര-വ്യവസായ യുണിറ്റുകൾ ഇവിടെ ഉണ്ട് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്‌. കള്ളപ്പണവും നികുതിയും വെട്ടിക്കാൻ സ്വിസ് ബാങ്കുകളെ ഉപയോഗിക്കുന്നത് പോലെ ഖേമൻ ദ്വീപുകളേയും അമേരിക്കക്കാർ ഉപയോഗിക്കാറുണ്ട്. ഒബാമക്കെതിരെ മത്സരിക്കാൻ പോകുന്ന മിറ്റ് റാമ്നിക്ക് ഖേമൻ ദ്വീപുകളിൽ നിക്ഷേപമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.

സംസ്ഥാനങ്ങളിലൂടെ..........

അയോവ (Iowa)

അമേരിക്കൻ ഹൃദയഭൂമി (American Heartland) എന്നറിയപ്പെടുന്ന അയോവയെ അമേരിക്കയുടെ മദ്ധ്യ-പടിഞ്ഞാറൻ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്. അയോവെ (Ioway) എന്നറിയപ്പെടുന്ന തദ്ദേശിയരായ ആദിവാസികളുടെ നാമത്തിൽ നിന്നാണ്‌ അയോവ ജനിക്കുന്നത്. 13,000 വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ ഇന്ത്യക്കാർ (Native Americans) ഇവിടെ എത്തിചേർന്നു എന്നാണ്‌ കരുതപ്പെടുന്നത്. യൂറോപ്യന്മാർ ഇവിടെ എത്തുന്നതിന്‌ വളരെ മുമ്പ് തന്നെ കൃഷിയിലൂന്നിയ സമ്പന്നമായ ഒരു ജീവിതരീതിയും സംസ്കാരവും ഇവിടെ നിലനിന്നിരുന്നു. പതിനേഴും, പതിനെട്ടും നൂറ്റാണ്ടുകളിൽ ഫ്രാൻസിനും സ്പെയിനും ആയിരുന്നു ആധിപത്യം. 1763-ൽ തദ്ദേശിയരുമായി ഉണ്ടായ യുദ്ധത്തിൽ തോറ്റ ഫ്രാൻസ് അധികാരം സ്പെയിന്‌ കൈമാറുകയാണുണ്ടായത്. പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്ക ഇടപെടുകയും ആയിരക്കണക്കിന്‌ തദ്ദേശീയരെ കൊല്ലുകയും പാലായനം ചെയ്യിക്കുകയും ചെയ്തു. 1846 ഡിസംബർ 28-ന്‌ ഇരുപത്തിയൊമ്പതാമത്തെ സംസ്ഥാനമായി അമേരിക്കൻ യൂണിയനിൽ ചേർക്കുകയും ചെയ്തു.

 3,800 year old Edgewater Park Site
30 ലക്ഷത്തിലധികം ജനസംഖ്യയുള്ള അയോവയിൽ 50% പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരും 25% കാത്തലിക് വിഭാഗക്കാരുമാണ്‌. വ്യവസായ സൗഹൃദ സംസ്ഥനങ്ങളിലൊന്നായിട്ടാണ്‌ അയോവയെ കണക്കാക്കുന്നത്. നിർമ്മാണ മേഖല (manufacturing secotr) മറ്റ് സംസ്ഥാനഗളിൽ കുറഞ്ഞുവരുമ്പോൾ ഇവിടെ സ്ഥായിയായി നിലനില്ക്കുന്നു. കൂടാതെ ബാങ്കിങ്ങ്, ധനകാര്യ, സേവനമേഖലകൾ സമ്പദ് ഘടനയെ സഹായിക്കുന്നു. അടുത്തകാലത്തായി പരിസ്ഥിതി സൗഹൃദ ഊർജ്ജസ്രോതസ്സുകളുടെ (soalr, wind) വ്യവസായ യൂണിറ്റുകൾ പച്ചപിടിച്ചുവരുന്നുണ്ട്. രാഷ്ട്രിയമായി റിപ്പബ്ലിക്കൻ കോളത്തിൽ ആയിരുന്ന ഈ സംസ്ഥാനം ഇപ്പോൾ മാറിമറിയുന്ന് (swing) സംസ്ഥാനങ്ങളുടെ കോളത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക മത്സരങ്ങൾ ഇവിടെ ആരംഭിക്കുന്നതുകൊണ്ട് ഈ സംസ്ഥാനത്തിന്‌ രാഷ്ട്രിയത്തിൽ സവിശേഷ സ്ഥാനമുണ്ട്. പ്രധാന നഗരങ്ങൾ തലസ്ഥാനമായ ഡെമൊയിൻസ് (Des Moines), സീഡർ റാപ്പിഡ്സ് (Cedar Rapids), ഡേവൻപോർട്ട് (Davenport) എന്നിവയാണ്‌.

മാർച്ച് 5, 2012.

*