Tuesday, December 1, 2009

അമേരിക്കൻ വിശേഷങ്ങൾ - 2

എ എം എസ്


പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം

ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ പ്രസിഡന്റിന്റേയോ സന്ദർശനം സാധാരണ ഗതിയിൽ അമേരിക്കൻ മാധ്യമങ്ങൾ വലിയ പ്രാധാന്യം കൊടുക്കാറുണ്ടായിരുന്നില്ല. വളർന്നു വരുന്ന ഒരു സാമ്പത്തികശക്തി എന്ന നിലയിൽ ഇന്ത്യയെ ശ്രദ്ധിക്കാൻ തുടങ്ങിയത്‌ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌. എന്നാലും ചൈനയുടേയോ, ജപ്പാന്റെയോ, റഷ്യയുടേയോ, മറ്റു അമേരിക്കൻ തത്പര്യമുള്ള ചില ചെറു രാജ്യങ്ങളുടേയോ പ്രാധാന്യം ഇന്ത്യൻ നേതാക്കന്മാർക്ക്‌ മാധ്യമങ്ങളിൽ കിട്ടാറില്ല. ഇത്തവണത്തെ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. അതിനു പ്രധാന കാരണം ഒബാമയുടെ വൈറ്റ്‌ ഹൗസിൽ നടന്ന ആദ്യത്തെ അത്താഴ വിരുന്നിൽ മൻമോഹൻ സിംഗ്‌ അതിഥിയായിരുന്നു എന്നതാണ്‌. അമേരിക്കൻ തെരഞ്ഞെടുപ്പുകാലത്ത്‌ നമ്മുടെ പ്രധാനമന്ത്രി അപ്പോഴത്തെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മക്കയിനെ കാണുകയും ഒബാമയെ കാണാതിരിക്കുകയും ചെയ്തതിന്റെ നീരസം ജയിച്ച ശേഷം മൻമോഹനെ ഫോൺ വിളി വൈകിച്ചതിൽ കാണിച്ചത്‌ ഓർക്കുന്നുണ്ടാകുമല്ലോ. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കറുത്തവർഗക്കാരാനയ ഒബാമ ജയിക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്ന് മൻമോഹനെ ആരോ ഉപദേശിച്ചുവത്രെ! അതെല്ലാം മറന്ന് പ്രൗഢഗംഭീരമായ ഒരു അത്താഴ വിരുന്നാണ്‌ ഒബാമ അദ്ദേഹത്തിന്‌ നൽകിയത്‌. ഇവിടുത്തെ മാദ്ധ്യമങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനും വിരുന്നിനും പതിവിൽ കവിഞ്ഞ പ്രാധാന്യം നൽകുകയുണ്ടായി.

ഫോട്ടോ: ഒബാമയും മൻമോഹൻസിങ്ങും

വൻശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ചൈനക്ക്‌ എതിരായി ഒരു ശക്തി എന്ന രീതിയിലാണ്‌ ഇന്ത്യയെ അമേരിക്ക കാണുന്നത്‌. ഇന്ത്യയുടെ ചങ്ങാത്തത്തിനുവേണ്ടി നീണ്ടകാല സുഹൃത്ത്‌ രാജ്യമായ പാക്കിസ്ഥാനെ അവർ ബലികൊടുത്തു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയെ തന്ത്രപരമായ്‌ ഒരു ജൂനിയർ പങ്കാളിയാക്കുകയും ഇന്ത്യയുടെ വലിയ കമ്പോളത്തെ തങ്ങൾക്ക്‌ അനുകൂലമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്‌ അമേരിക്കൻ ഭരണാധികാരികളുടെ ലക്ഷ്യം. ഇതൊന്നും അറിയാത്ത ആളാണ്‌ മൻമോഹൻസിംഗും ഇപ്പോഴത്തെ ഭരണാധികാരികളും എന്ന് വിശ്വസിക്കുക പ്രയാസം. രണ്ടം ലോകമഹായുദ്ധത്തിന്‌ ശേഷം അമേരിക്കൻ തണലിൽ ജപ്പാനും ജർമ്മനിയും വളർന്നുവന്നത്‌ നമ്മുടെ പ്രധാനമന്ത്രി സ്വപ്നം കാണുന്നുണ്ടാകണം. ആ സ്വപ്നത്തിന്റെ സാക്ഷത്കരിക്കുന്നതിന്റെ ഭാഗമയി നരംസിംഹ റാവു മന്ത്രി സഭയിൽ അദ്ദേഹം തന്നെ ധനകാര്യമന്ത്രിയായിരുന്ന സമയത്ത്‌ ആരംഭിച്ച സാമ്പത്തിക നയത്തിന്റെ ചുവടു പിടിച്ച നടപ്പാക്കിയ സരംഭങ്ങളെ സമ്പുഷ്ടിപ്പെടുത്തുന്നതിനുള്ള നിരവധി നിർദ്ദേശങ്ങളും കരാറുകളും ഇത്തവണയും മൻമോഹൻസിംഗ്‌-ഒബാമ ചർച്ചയിൽ ഉരിത്തിരിഞ്ഞുവന്നിട്ടുണ്ട്‌. അതിൽ പ്രധാനമായവ വിവിധ മേഘലകളിലെ ധനനിക്ഷേപം, രാജ്യസുരക്ഷ, സംയുക്ത സൈനീക പരിശിലനം, തീവ്രവാദം, ആണവകരാർ, ആഗോളതാപനം, ഊർജം, കൃഷി എന്നിവയാണ്‌.

ക്യുബ വെനുസൂല കൊളമ്പിയ

ഭൂപടം: ക്യുബ

കഴിഞ്ഞ ലക്കത്തിൽ മദ്ധ്യ അമേരിക്കയിലെ ഹോണ്ടുറാസിലെ പട്ടാള അട്ടിമറിയെക്കുറിച്ചു പ്രതിപാദിച്ചിരുന്നുവല്ലോ. ഈ ലക്കത്തിൽ, അമേരിക്കയിലെ കോർപ്പറേറ്റ്‌ മാദ്ധ്യമങ്ങൾ പാലസ്തീൻ-ഇസ്രയൽ, ഇറാക്ക്‌-അഫ്ഗാനിസ്ഥാൻ കഴിഞ്ഞൽ ഏറ്റവും കൂടുതൽ ശ്രദ്ധയോടെ വീക്ഷിക്കുന്ന രാജ്യങ്ങളായ മദ്ധ്യ്യ അമേരിക്കയിലെ ക്യുബയെയും തെക്കെ അമേരിക്കയിലെ വെനിസൂലയെയും കൊളമ്പിയയെയും കുറിച്ചാണ്‌ എഴുതുന്നത്‌. ഒരു കോടിയലധികം ജനസംഖയുള്ള, സോഷ്യലിസ്റ്റ്‌ ഭരണക്രമം നിലനിൽക്കുന്ന ക്യുബ പതിറ്റാണ്ടുകളായി അമേരിക്കൻ ഭരണകൂടത്തിന്റെ കണ്ണിലെ കരടാണ്‌. ജനധിപത്യമെന്നാൽ മുതലാളിത്ത-ജനധിപത്യമാണെന്ന് വിശ്വസിക്കുന്ന അമേരിക്കൻ ഭരണകൂടം ഒരു കാലത്തും ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സർക്കാരുകളെ തുറന്ന മനസോടെ അംഗീകരിച്ചിട്ടില്ല. ബുഷിന്റെ ഭരണകാലത്ത്‌ വെനിസുലയിലെ ഇപ്പോഴത്തെ പ്രസിഡന്റ്‌ ഷാവേസിനെ അട്ടിമറിയിലുടെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും അത്‌ വിജയം കണ്ടില്ല. കൊളമ്പിയ ഭരണകൂടം മാത്രമാണ്‌ ഇപ്പോഴും അമേരിക്കയുടെ പാവ സർക്കാരായി പ്രവർത്തിക്കുന്നത്‌.

ഭൂപടം: വെനുസൂല

ക്യൂബയോടുള്ള അമേരിക്കൻ ഭരണകർത്താക്കളുടെ വിരോധത്തിന്‌ ഫിഡൽ കാസ്റ്റ്രോയുടെ നേതൃത്തിൽ നടന്ന സോഷ്യലിസ്റ്റ്‌ വിപ്ലവത്തോളം പ്രായമുണ്ട്‌. ചില സമീപനങ്ങളിൽ ഡെമോക്രറ്റുകൾ ഭരിക്കുമ്പോഴും, റിപ്പപ്ലിക്കൻ ഭരിക്കുമ്പോഴും ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അതിശക്തമായ ഫ്ലോറിഡ ലോബി ഉള്ളിടത്തോളം (ഫ്ലോറിഡസംസ്ഥാനത്താണ്‌ ഏറ്റവും കുടുതൽ ക്യുബൻ കുടിയേറ്റക്കാർ ഉള്ളത്‌) ക്യുബയുമായി നയതന്ത്രബന്ധം ഉണ്ടാകുമെന്ന്‌ കരുതുക വയ്യ. സൗദി അറേബിയ അടക്കം മദ്ധ്യ്യേഷയിലെ എകാധിപത്യഭരണകൂടങ്ങളുമയും, ചൈനയുമായും, വിയറ്റ്നാമുമായും നയതന്ത്രബന്ധം ആകാമെങ്കിൽ ക്യുബയുമായി എന്തുകൊണ്ട്‌ നയതന്ത്രബന്ധം ആയിക്കൂടാ എന്നു ചിന്തിക്കുന്നവരാണ്‌ അമേരിക്കക്കാരിൽ ഏറിയപങ്കും. സോവിയറ്റ്‌ യൂണിയന്റെ പതനത്തിനുശേഷവും, കാസ്റ്റ്രോയുടെ വിരമിക്കലിനുശേഷവും തകരാത്ത ക്യുബയുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതാണ്‌ ഉത്തമമെന്ന്‌ കരുതുന്ന അനവധി വ്യവസായ ലോബികളും അമേരിക്കയിലുണ്ട്‌. എന്തായാലും ഒബാമക്ക്‌ രണ്ടാം തവണ ജയിക്കാൻ കഴിഞ്ഞാൽ, രണ്ടാം ഘട്ടത്തിന്റെ അവസാനം ക്യുബൻ ബന്ധത്തിൽ കാര്യമായ മാറ്റം ഉണ്ടകുമെന്ന് കരുതുന്നവരുണ്ട്‌.
ഭൂപടം: കൊളമ്പിയ

അമേരിക്കയിലെ മഹാഭുരിപക്ഷം ജനങ്ങളും മുതലാളിത്ത-ജനാധിപത്യം കൊണ്ടാണ്‌ തങ്ങൾക്ക്‌ ഈ അഭിവൃദ്ധിയെല്ലാം ഉണ്ടായതെന്ന് വിശ്വസിക്കുന്നവരാണ്‌. തങ്ങളുടെ കഴിവുകൊണ്ടും, നിലനിൽക്കുന്ന് നിയമസംഹിതകൊണ്ടും, മുതലാളിത്ത വ്യവസ്ഥിതികൊണ്ടും, ദൈവത്തിന്റെ പ്രത്യേകപരിഗണനകൊണ്ടും മറ്റുമാണ്‌ ഈ അഭിവൃദ്ധി എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവർ. അവർ കാണാതെ പോകുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നതാണ്‌ അമേരിക്കൻ സാമ്രാജ്യത്ത്വത്തിന്റെ പൊതുസ്വഭാവവും അത്‌ അവർക്ക്‌ നേടികൊടുക്കുന്ന സമ്പത്തിന്റെ അളവും. സോഷ്യലിസം എന്ന വാക്ക്‌ അവർക്ക്‌ ആളുകളെ ഇകഴ്ത്തി കാട്ടാനുള്ളതാണ്‌. ഒബാമയെ ചെറുതാക്കാൻ ഇടക്കെങ്കിലും റിപ്പബ്ലികൻ പാർട്ടിയിലെ ചിലർ സോഷ്യലിസ്റ്റ്‌ എന്ന് പദം ഉപയോഗിക്കും. അമേരിക്കക്കാർക്കെല്ലാം സമത്വവും, സ്വാതത്ര്യവും, സാമുഹ്യനിതിയും വേണമെന്ന് വാദിക്കുന്ന ഒബാമ പൊലും താനൊരു സോഷ്യലിസ്റ്റ്‌ ആണെന്ന് ധൈര്യപൂർവ്വം പറയുകയില്ല (ഇതു മൂന്നും നേടാൻ സോഷ്യലിസം ആവശ്യമില്ല, ശരിയായ മുതലാളിത്തം നടപ്പാക്കിയാൽ മതി എന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കൾ ഉണ്ടെന്ന് അറിയാതെയല്ല ഇതു പറയുന്നത്‌). പറഞ്ഞാൽ അദ്ദേഹം അടുത്ത്‌ തെരഞ്ഞെടുപ്പിൽ ജയിക്കില്ലന്നതോ പോകട്ടെ ഇമ്പീച്ച്‌ ചെയ്യപ്പെടുമെന്ന് ഉറപ്പാണ്‌. ഒരു കമ്മ്യുണിസ്റ്റിനെ ഞാൻ കണ്ടു സംസാരിച്ചു എന്ന് അത്ഭുതപുർവ്വം പറയുന്നവർ ഇവിടെയുണ്ട്‌. അമേരിക്കൻ ഭരണകൂടവും, ഇവിടുത്തെ ഭുരിപക്ഷം ജനങ്ങളും പൊതുവെ വികസിത മുതലാളിത്ത രാജ്യങ്ങൾ അംഗീകരിക്കുന്ന ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട വെനിസൂലൻ പ്രസിഡന്റ്‌ ഹ്യുഗോ ഷാവേസിനെ എന്തുകൊണ്ട്‌ ഇഷ്ടപ്പെടുന്നില്ല എന്ന്‌ ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. ഞാനൊരു സോഷ്യലിസ്റ്റ്‌ ആണെന്നും, കമ്മ്യുണിസ്റ്റ്‌ ആയ കാസ്റ്റ്രോയിൽ താനൊരു കുറ്റവും കാണുന്നില്ലെന്നും ധൈരപൂർവ്വം പറയുന്ന ഷാവേസിനെ അമേരിക്കക്കാർ എങ്ങിനെ ഇഷ്ടപ്പെടാനാണ്‌. അമേരിക്കയുടെ ജനാധിപത്യ കാർഡ്‌ ക്യുബയുടെയും ചൈനയുടേയും നേരെ വേവുമെങ്കിലും, ഷാവെസ്സിന്റെ നേരെ വേവാത്തതിൽ അവർ തന്നെ ആശങ്കകുലരാണ്‌. ലോകത്ത്‌ സമാനസ്വഭാവമുള്ള കുതിരകയറൽ നടക്കുന്നതിന്‌ ഉത്തമമായ മറ്റൊരു ഉദാഹരണം ഗ്രേറ്റ്‌ ബ്രിട്ടനും സിംബാവെയുമാണ്‌. ലോകർക്കിടയിൽ അമേരിക്കയുടെ പ്രതിച്ഛായ ഉയർത്താൻ ശ്രമിക്കുന്ന ഒബാമ മറ്റു രാജ്യങ്ങളുടെ രാഷ്ട്രിയ-സാമ്പത്തിക വ്യവസ്ഥിതിയിൽ ഇടപെടില്ലെന്ന് അദ്ദേഹത്തിന്റെ ചൈന സന്ദർശനവേളയിൽ ഉറപ്പു നൽകിയത്‌ സ്വാഗതാർഹമായ കാര്യമാണ്‌.

ഫോട്ടോ: ഫാർക്ക്‌ നേതാവ്‌ അൽഫോൻസൊ കാനോ (Alfonso Cano)


നാലരകോടി ജനങ്ങൾ വസിക്കുന്ന കൊളമ്പിയ കഴിഞ്ഞ 38 വർഷമായി അഭ്യന്തര കലാപം നടക്കുന്ന രജ്യമാണ്‌. വടക്കെ അമേരിക്കയിലെ ജനങ്ങൾ പൊതുവെ വിശ്വസിക്കുന്നത്‌, അല്ലെങ്കിൽ വിശ്വസിപ്പിച്ചിരിക്കൂന്നത്‌, ഈ രാജ്യത്തിലെ പ്രധാനപ്രശ്നം മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണെന്നതാണ്‌. എന്നാൽ വർഗ്ഗസമരത്തിന്റെ അടിസ്ഥാനസ്വഭാവം അടിയൊഴുക്കുകളും അവിടെ കാണാം. ഈ സമരത്തിന്റെ ഇടതുപക്ഷത്ത്‌ കൊളമ്പിയൻ വിപ്ലവ സായുധ സേനയും (The Revolutionary Armed Forces of Colombia (FARC)) ദേശീയവിമോചന പ്രസ്ഥാനവും (The National Liberation Army (ELN)) ആണുള്ളത്‌. വലതുപക്ഷത്ത്‌ കൊളമ്പിയൻ പ്രതിരോധ സേനയും (The United Self-Defense Forces of Colombia(AUC)) നിലവിലുള്ള ഭരണകൂടവും ആണുള്ളത്‌. ക്രൂരവും ജനാധിപത്യവിരുദ്ധവുമായ അടിച്ചമർത്തലാണ്‌ സർക്കാരിന്റെ നേതൃത്ത്വത്തിൽ ഇക്കാലമത്രയും നടന്നിട്ടുള്ളതും ഇപ്പോൾ അവിടെ നടക്കുന്നതും. ക്യൂബയും വെനിസൂലയും ലാറ്റിനമേരിക്കയിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും FARC -നെ പിന്തുണക്കുമ്പോൾ, അമേരിക്കയും കൊളമ്പിയായിലെ ഭൂസ്വാമിമാരും വൻ വ്യവസായികളും പിന്തുണക്കുന്നത്‌ AUC -യെയും നിലവിലുള്ള സർക്കാരിനെയും ആണ്‌. FARC - നെ അമേരിക്ക തീവ്രവാദികളായി പ്രഖ്യാപിച്ചിട്ടുണ്ട്‌. മറ്റു രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് പറയുന്ന ഒബാമ 7 പുതിയ സൈനീകതാവളങ്ങൾ പ്രഖാപിച്ചത്‌ അദ്ദേഹത്തിന്റെ തന്നെ പ്രഖ്യാപിത നയങ്ങൾക്ക്‌ വിരുദ്ധമാണ്‌. ജയിക്കാൻ കഴിയാത്ത യുദ്ധമാണെന്ന് മനസിലായതുകൊണ്ടോ, ഒരു തന്ത്രമെന്ന രീതിയിലോ സർക്കാരും സമാന്തര സേനയും സമാധാന സംഭാഷണങ്ങൾക്കും, വെടിനിർത്തൽ കരാറിനും ശ്രമിക്കുന്നുണ്ട്‌. കഴിഞ്ഞ ഏപ്രിൽ മാസം 17-19 - ൽ ട്രിനിഡാഡ്‌ & ടുബാഗോയിൽ (Trinidad and Tobago) നടന്ന അമേരിക്കൻ ഉപഭൂഖണ്ഡ ഉച്ചകോടിയിൽ (Summit of the Americas 2009) ഒബാമ പങ്കെടുക്കുകയും കൊളമ്പിയയടക്കം എല്ലാ രാഷ്ട്രീയ വിഷയങ്ങളും, സാമ്പത്തിക വിഷയങ്ങളും ഷാവേസടക്കമുള്ള നേതാക്കളുമായി ചർച്ച ചെയ്യുകയും ചെയതത്‌ അമേരിക്കയുടെ ലാറ്റിനമേരിക്കൻ നയങ്ങളിൽ വരുന്ന ദിശാമാറ്റത്തിന്റെ സൂചനയാണ്‌.

ഫോട്ടോ: കൊളമ്പിയൻ പ്രസിഡണ്ട്‌ അൽവാരോ യൂരിബ്‌(Álvaro Uribe)

കാലിഫോർണിയായിലെ വിദ്യാർത്ഥി-തൊഴിലളി സമരം

സാധാരണക്കാർക്ക്‌ താങ്ങാൻ കഴിയാത്ത ഫീസ്‌ വർദ്ധനവിനെതിരായ സ്വാഭാവിക പ്രതികരണമായിരുന്നു കാലിഫോർണ്ണിയാ സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും നവമ്പർ 18-ന്‌ ആരംഭിച്ച വിദ്യാർത്ഥി സമരം. അവരോടൊപ്പം വിവിധ ആവശ്യങ്ങളുന്നയിച്ച്‌ അവിടത്തെ തൊഴിലാളികളും പങ്കുചേർന്നതോടെ സമരം ശക്തിയാർജിച്ചു. രണ്ടുഘട്ടങ്ങളിലായി ആദ്യം ഒമ്പതു ശതമാനവും പിന്നീട്‌ ഒറ്റയടിക്ക്‌ മുപ്പതു ശതമാനവും ഫീസ്‌ വർദ്ധിപ്പിച്ചു. വർദ്ധിപ്പിച്ച ഫീസ്‌ പിൻവലിക്കുക, സർവ്വകലാശാല വാർഷിക പദ്ധതി സുതാര്യമാക്കുക, പ്രവേശനത്തിൽ പ്രാതിനിധ്യം ഇല്ലാത്ത വിഭാഗങ്ങൾക്ക്‌ പ്രാതിനിധ്യം നൽകുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ പരാജയകാരണങ്ങൾ കണ്ടുപിടിച്ച്‌ പരിഹാരം നിർദ്ദേശിക്കുക എന്നിവയാണ്‌ വിദ്യാർത്ഥികളുടെ പ്രധാന മുദ്രവാക്യങ്ങൾ.

ഫോട്ടോ: വിദ്യാർത്ഥിസമരം

യാതൊരു കരാറുമില്ലാതെ എപ്പോഴും പിരിച്ചു വിടാവുന്ന നിലയിൽ നിരവ്ധി തൊഴിലാളികൾ ഈ യൂണിവേഴ്സിറ്റികളിൽ ജോലി ചെയ്യുന്നുണ്ട്‌. അതിനെതിരെയാണ്‌ പ്രധാനമായും തൊഴിലാളികളുടെ സമരം. പിരിച്ചുവിടൽ ഉടനെ നിർത്തലാക്കുക, യൂണിയനെ പൊളിക്കുന്ന വിനാശകരമായ നടപടികൾ ഇല്ലാതാക്കുക എന്നിവയാണ്‌ തൊഴിലാളികളുടെ ആവശ്യങ്ങൾ.

അനുഗ്രഹനന്ദിദിനം (Thanksgiving day)

അമേരിക്കയിൽ ക്രിസ്തുമത വിശ്വാസികളാണ്‌ മഹാഭുരിപക്ഷമെങ്കിലും ക്രിസ്തുമസ്സിനേക്കാൾ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ദിനമാണിത്‌. കേരളിയർക്ക്‌ ഓണം പോലെ മതനിരപേക്ഷമായ ഒരാഘോഷം. അമേരിക്കയിൽ ഇതു നവമ്പറിലെ നാലാമത്തെ വ്യാഴാഴ്ച്ചയും, കനഡയിൽ ഇത്‌ ഒക്ടോബറിലെ രണ്ടാമത്തെ തിങ്കളാഴ്ച്ചയുമാണ്‌ ആഘോഷിക്കുക. ഇതനുസരിച്ച്‌ അമേരിക്കയിൽ നവമ്പർ 26-ന്‌ വ്യാഴാഴ്ച്ചയായിരുന്നു അനുഗ്രഹനന്ദിദിനം. അമേരിക്കയിൽ ആദ്യമായി ഈ ദിനം ആരംഭിച്ചത്‌ 1621 -ൽ പ്ലിമത്ത്‌ പ്ലാന്റേഷനിൽ ആണെന്നും, അതല്ല 1619-ൽ ബെർക്കലി പ്ലാന്റേഷനിലാണെന്നും പറയപ്പെടുന്നുണ്ട്‌. ഈ ദിനം ആദ്യമായി ആരംഭിച്ചത്‌ കൊയ്ത്തുത്സവമായിട്ടാണെന്നത്‌ പൊതുവെ അംഗീകരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ മതപീഡനം ഭയന്ന് യൂറോപ്പിൽ നിന്നെത്തിയ "തീർത്ഥാടകർ" എന്ന അറിയപ്പെടുന്ന കൂടിയേറ്റക്കാരെ അമേരിക്കനിന്ത്യക്കാർ സ്നേഹപൂർവ്വം സ്വീകരിച്ച്‌ സംരക്ഷിച്ചതിന്റെ ഓർമ കൂടിയായി ഈ ദിനം അറിയപ്പെടുന്നു. പിന്നീട്‌ ശക്തിയാർജ്ജിച്ച "തീർത്ഥാടകർ" കോടിക്കണക്കിന്‌ "ചുവന്ന ഇന്ത്യക്കാരെ" കൊന്നടുക്കിയത്‌ മറ്റൊരു കഥ.

ഇവിടെ ഭൂരിപക്ഷം ഓഫീസകളും വെള്ളിയാഴ്ച്ചടക്കം നാലു ദിവസം തുടർച്ചയായ അവുധിയായിരുന്നു. കറുത്ത വെള്ളിയാഴ്ച്ച (Black Friday) എന്ന അറിയപ്പെടുന്ന അനുഗ്രഹനന്ദി ദിനത്തിന്റെ പിറ്റെ ദിവസം ഷോപ്പിങ്ങിന്‌ പറ്റിയ ദിവസമാണ്‌. 90 ശതമാനം വരെ വിലക്കുറവുണ്ടാകും, പക്ഷെ അർദ്ധരാത്രിമുതൽ കൊടും തണുപ്പിൽ സൂപ്പർ മാർക്കറ്റുകൾക്ക്‌ മുന്നിൽ ക്യു നിൽക്കണമെന്നുമാത്രം. കൂടാതെ ഇപ്പോൾ പുതിയതായി ഇന്റർനെറ്റ്‌ ഉപഭോക്താക്കൾക്ക്‌ കറുത്ത തിങ്കളാഴ്ച്ചയുമുണ്ട്‌ (Black Monday).അനുഗ്രഹദിനത്തിൽ ആരംഭിക്കുന്ന ഒഴിവുകാലം (Holiday Season) പുതുവത്സരദിനത്തിലാണ്‌ അവസാനിക്കുക.

ഡിസമ്പർ 1, 2009.

*