Tuesday, June 1, 2010

അമേരിക്കൻ വിശേഷങ്ങൾ - 8

എ എം എസ്

ഒബാമയുടെ “കത്രീന”

Photo: Alabama beach after oil spill
ഒബാമയുടെ “കത്രീന” എന്നു പറയുമ്പോൾ ക്ലിന്റന്റെ “മോണിക്ക”യുമായ യാതൊരു താരതമ്യത്തിന്‌ ഇടമില്ലെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഇവിടുത്തെ പ്രതിപാദ്യവിഷയം ബിപിയുടെ (British Petrolium) എണ്ണകിണറിലുണ്ടായ ദു:രന്തമാണ്‌. 2005 ആഗസ്റ്റിൽ കത്രീന കൊടുങ്കാറ്റ് അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രതേകിച്ച് ന്യു ഓർളിയൻസ് നഗരത്തിൽ വിതച്ച ദു:രന്തത്തെ തുടർന്ന് അന്നത്തെ ബുഷ ഭരണകൂടത്തിന്‌ നേരിടേണ്ടിവന്ന വിമർശനങ്ങളും, അത് പിന്നീട് റിപ്പബ്ലികൻ പാർട്ടിയുടെ വിവിധ തലത്തിലുള്ള തെരഞ്ഞെടുപ്പു വിജയങ്ങളെ ബാധിച്ചതും ഓർക്കുന്നുണ്ടാവുമല്ലോ. അതിന്റെ ചരിത്രപരമായ ആവർത്തനമായി ബിപി ദു;രന്തത്തെ കാണാവുന്നതാണ്‌. ഇത്തവണത്തെ പ്രതി ഒബാമ ഭരണകൂടമാണെന്ന് മാത്രം. ആരു ഭരിച്ചാലും ഫെഡറൽ ഗവന്മെന്റിന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ വലിയ വ്യത്യാസമുണ്ടാകില്ലെന്ന് ജനങ്ങളെ വിണ്ടും ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞമാസമുണ്ടായ സംഭവവികാസങ്ങൾ.

ഉറുഗ്വായ്

ഹൃദയരൂപമുള്ള രാജ്യം എന്നറിയപ്പെടുന്ന ഉറുഗ്വായ് ഫുട്ബാൾ പ്രേമികൾക്ക് അപരചിതമാകാൻ ഇടയില്ല. ലോകഫുട്ബാൾ ചരിത്രത്തിന്റെ ആദ്യനാളുകളിൽ ബ്രസീലിനാടൊപ്പമോ അതിന്റെ മുകളിലോ ആയിരുന്നു ഈ രാജ്യത്തിന്റെ സ്ഥാനം. അർജന്റീനക്കും ബ്രസീലിനും ഇടയിലായി തെക്കെ അറ്റ്ലാന്റിക് സമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഈ രാജ്യം പ്രകൃതി ഭംഗിയാൽ അനുഗൃഹീതമാണ്‌. സമുദ്രത്തോട് ചേർന്നുകിടക്കുന്ന മോണ്ടെവിഡിയോ (Montevideo) നഗരമാണ്‌ തൽസ്ഥാനം. 40 ലക്ഷത്തോളം ജനസംഖ്യയുള്ളതിൽ മുന്നിലൊന്ന് (14 ലക്ഷം) ഈ നഗരത്തിലാണ്‌ വസിക്കുന്നത്. വിവിധ വർഗ്ഗ-വംശങ്ങൾ (race-ethnic) ഉണ്ടെങ്കിലും തദ്ദേശിയരായ അമേരിക്കക്കാരും (Native Amercans), യൂറോപ്പിൽനിന്നും (പ്രത്യേകിച്ച് ഇറ്റലിയിൽനിന്നും സ്പെയിനിൽനിന്നും) കുടിയേറിയവരുമാണ്‌ പ്രധാന ജനവിഭാഗം. സ്പാനിഷ് ആണ്‌ ഔദ്യോഗികഭാഷയെങ്കിലും, ഇംഗ്ലീഷും, ഫ്രഞ്ചും തദ്ദേശിയഭാഷകളും പ്രധാന ഭാഷകളാണ്‌. ഉന്നത സാക്ഷരതയുള്ള (98%) ഇവിടത്തെ ജനങ്ങളിൽ 77% ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്‌.

Photo: Independent square, Montevideo, Uruguay
രണ്ടു നൂറ്റാണ്ടോളം സ്പെയിനിന്റെയും, പോർചുഗല്ലിന്റേയും തർക്കങ്ങൾക്കിടയിൽ കിടന്നിരുന്ന ഈ രാജ്യം 1925 ആഗസ്റ്റ് 25-ന്‌ സ്വതന്ത്രമാകുകയും, 1830 ജൂലൈ 18-ന്‌ പുതിയ ഭരണഘടന അംഗീകരിക്കുകയും ചെയ്തു. അഞ്ചു വർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്ന പ്രസിഡൻഷ്യൽ ഭരണരിതിയാണ്‌ ഇവിടെയുള്ളത്. ദേശീയ വീരപുരുഷൻ (Natioanl Hero) അഥവാ രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്ന ഹൂസെ ആർടിഗാസ് (José Artigas), ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡണ്ട് ഫ്രക്ടൂസോ റിവേര (Fructuoso Rivera) എന്നിവർ ദേശിയ സ്വാതന്ത്രസമര നേതാക്കളാണ്‌.







Photo: José Artigas
ഇവിടത്തെ പ്രധാന വരുമാന വിഭവങ്ങൾ കൃഷി, മൃഗസംരക്ഷണം, സേവനമേഖല, ടൂറിസം എന്നിവയാണ്‌. ലാറ്റിനമേരിക്കയിലെ രാജ്യങ്ങളിൽ ഏറ്റവും കുറവ് സാമുഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ ഉള്ള രാജ്യങ്ങളിലൊന്നാണ്‌ ഉറുഗ്വായ്. പരിസ്ഥിതി സ്ഥിരതാ സൂചികയിൽ (Environmental Sustainability Index) ഈ രാജ്യത്തിന്‌ ആറാം സ്ഥാനമുണ്ട്.












വേനലവധി

Photo: Disney World
വേനൽ നേരത്തെ വരുന്ന അമേരിക്കയിൽ തെക്കൻ സംസ്ഥാനങ്ങളിൽ രണ്ടര മാസം നീണ്ടുനില്ക്കുന്ന വേനലവുധി മേയ് അവസാത്തോടെ ആരംഭിച്ചു. വടക്കൻ സംസ്ഥാനങ്ങളിൽ അത് ജൂൺ പകുതിയോടെ ആരംഭിക്കും. ഇവിടത്തെ കുട്ടികൾക്കുവേണ്ടി വിവിധ വേനലക്കാല ക്യാമ്പുകളും, വെക്കേഷൻ യാത്രകളും സംഘടിപ്പിക്കുന്നവരുടെ കൊയ്ത്തുകാലമാണിത്. ഡിസ്നി ലാന്റും, ഡിസ്നിവേൾഡും അടക്കമുള്ള എല്ലാ പാർക്കുകളും കുട്ടികളെകൊണ്ട് നിറഞ്ഞിരിക്കും. ഇന്ത്യക്കാർ നാട്ടിലേക്ക് തിരിക്കുന്ന സമയം. എല്ലാ വിമാനകമ്പനികളും യാത്രക്കാരെ ചൂഷണം ചെയ്യുന്ന സമയവും ഇതുതന്നെ.

*

ജൂൺ 1, 2010.