Sunday, September 5, 2010

അമേരിക്കൻ വിശേഷങ്ങൾ - 11

ന്യൂയോർക്കിലെ മുസ്ലിം കമ്മ്യൂണിറ്റി കേന്ദ്രവും മതസ്വാതന്ത്ര്യവും
സോഷ്യലിസ്റ്റാശയങ്ങളുടെ ഉദയത്തിന്‌ മുമ്പ് തന്നെ മുതലാളിത്തം മത, ഫ്യൂഡൽ ആശയങ്ങളെ വരുതിയിൽ നിർത്തുന്നതിനും, തകർക്കുന്നതിനും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷെ പിന്നിട്‌ അതിനെ തങ്ങളോടൊപ്പം നിർത്തി രാഷ്ട്രീയലാഭം കൊയ്യുന്നതാണ്‌ ഏറെ പ്രയോജകരം എന്ന് തിരിച്ചറിഞ്ഞു. അതിന്റെ ആവർത്തനമാണ്‌ ഇന്ന് അമേരിക്കയിൽ ഏറെ ചർച്ച വിഷയമായ, അഥവാ വലതുപക്ഷമാദ്ധ്യമങ്ങൾ ചർച്ചാ വിഷയമാക്കിയ, ന്യൂയോർക്കിലെ നിലംപരിശായ (Ground Zero) സ്ഥലത്തിന്‌ തൊട്ടടുത്ത് നിർമ്മാണം ആരംഭിക്കാൻ പോകുന്ന മുസ്ലിം കമ്മ്യൂണിറ്റി കേന്ദ്രവും അതിനോടനുബന്ധിച്ച പള്ളിയും. നൂറുകണക്കിന്‌ മുസ്ലിം പള്ളികൾ ന്യൂയോർക്കിൽ ഉണ്ട്. അതിലൊന്ന് നിലംപരിശായ സ്ഥലത്തിന്‌ അധികം അകലെയല്ലാതെയുമാണ്‌. പിന്നെ ഇതിനെന്ത് പ്രത്യേകത. സെപ്റ്റംബർ 11-ന്റെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് അനാദരവ് കാട്ടുന്നു എന്നാണ്‌ ഒരു വാദം. ചുരുക്കി പറഞ്ഞാൽ തീവ്രവാദികൾ മാത്രമല്ല മുസ്ലിം മതം ആകെ തന്നെ ആക്രമണത്തിൽ ഉത്തരവാദികളാണ്‌ എന്നർത്ഥം. അമേരിക്കയിലെ വോട്ടർമാരിൽ 25% ഒബാമ ഒരു മുസ്ലിം ആണെന്ന് കരുതുന്നവരാണെന്ന സർവ്വെ ഫലവും ഇതുംകൂടി കൂട്ടിവായിക്കുമ്പോഴാണ്‌ സംഗതികളുടെ ഗൗരവം മനസ്സിലാകുക. ഒബാമ മുസ്ലിം ആയാൽ എന്താ എന്ന് ആരും ചോദിക്കുന്ന കേട്ടില്ല. അദ്ദേഹം ക്രിസ്ത്യാനിയാണെന്ന് പറഞ്ഞുബോദ്ധ്യപ്പെടുത്തുവാനാണ്‌ ഏവർക്കും തിടുക്കും.


റിപ്പബ്ലിക്കൻ പാർട്ടിയും, വലതുപക്ഷ റേഡിയോ അവതാരകരും, ഫോക്സ് അടക്കമുള്ള മാദ്ധ്യമങ്ങളും, നവമ്പറിൽ നടക്കാൻ പോകുന്ന ഇടക്കാല തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട്, ഇതു തന്നെ അവസരം എന്ന മട്ടിൽ മതസ്പർദ്ധ വളർത്തുവാനുള്ള ശ്രമത്തിലാണ്‌. ഇപ്പോൾത്തന്നെ ഇരുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധപ്രകടങ്ങളും, മുസ്ലിം കേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളും സമാധാനന്തരീക്ഷത്തെ കലുഷിതമാക്കിയിട്ടുണ്ട്. കൂടാതെ ഫ്ലോറിഡായിലെ (FLorida state) ടെറി ജോൺസ് (Terry Jones) തീവ്രപക്ഷ ക്രിസ്ത്യൻ പാതിരി വേൾഡ് ട്രേഡ് സെന്റർ ആക്രമണദിനമായ സെപ്റ്റ്മ്പർ 11 ന്‌ ഖുറാൻ കത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്‌. “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌” എന്ന് മാർക്സ് വചനം അന്വർത്ഥമാക്കുന്ന വിധത്തിലാണ്‌ ഇവിടുത്തെ സംഭവവികാസങ്ങൾ.

ഇറാക്കിലെ അമേരിക്കൻ അധിനിവേശത്തിന്റെ ഒന്നാം ഘട്ടത്തിന്റെ അന്ത്യം

അങ്ങിനെ ഒബാമ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റി. ഇക്കഴിഞ്ഞ ആഗസ്റ്റ് 27-ന്‌ അമേരിക്കയുടെ ഇറാഖ് യുദ്ധം ഔദ്യോകികമായി അവസാനിച്ചു. അതിനർത്ഥം അമേരിക്കൻ പട്ടാളം മുഴുവൻ ഇറാഖ് വിട്ടുവെന്നല്ല, ഇറാക്കിനെ സഹയിക്കാൻ വേണ്ട പട്ടാളക്കാർ ഇനിയും അവിടെ ഉണ്ടാകും. അത് ഏകദേശം 50000 ആയിരിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ട്. പൂർണ്ണപിന്മാറ്റം ഇറാക്കിലെ എണ്ണ സ്രോതസ്സ് പൂർണ്ണമായും തീർന്നതിനുശേഷം ആകുമെന്ന് മാത്രം! ഇനി അഫ്ഗാനിസ്താനിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയുമെന്നും, ഇറക്കിലെ ചെലവഴിച്ചുകൊണ്ടിരുന്ന പണം തകർന്ന സാമ്പത്തികരംഗത്ത് തിരിച്ചുകൊണ്ടുവരുന്നതിൻ` ഉപയോഗിക്കാൻ കഴിയുമെന്നും രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിൽ ഒബാമ പറഞ്ഞു. സർവേകളിൽ ജനപിന്തുണ കുറയുമ്പോഴും, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ കാണിക്കുന്ന വ്യഗ്രത വരുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‌ വിനയാകുമെന്ന് കരുതുന്നവരാണ്‌ അമേരിക്കയിൽ ഭുരിപക്ഷവും.
പാനമ (Panama)


വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കെ അറ്റത്ത് കിടക്കുന്ന രാജ്യമാണ്‌ പാനമ. സാമുദ്രികവാണിജ്യത്തിൽ (Maritime trade) വളരെ പ്രാധാന്യമുള്ള, അന്തർദേശീയ വാണിജ്യത്തിന്റെ 5% കടന്നുപോകുന്ന പാനമ കനാലിനെ (Panama Canal) കുറിച്ച് കേൾക്കാത്ത വിദ്യാസമ്പന്നർ വിരളമായിരിക്കും. ആമസോൺ കഴിഞ്ഞൽ ഏറ്റവും ഉഷ്ണമേഖലാവനങ്ങൾ അഥവാ മഴക്കാടുകൽ ഉള്ള പ്രദേശമാണ്‌ ഇവിടം. വടക്ക്-പടിഞ്ഞാറ്‌ കോസ്റ്ററിക്കയും (Costa Rica), തെക്ക്-കിഴക്ക് കൊളമ്പിയായും (Colombia), വടക്ക് കരീബിയൻ കടലും, തെക്ക് ശാന്തസമുദ്രവും ആണ്‌ അതിർത്തികൾ. പാനമ എന്ന വാക്കിന്റെ അർത്ഥം മത്സ്യങ്ങളുടേയും, മരങ്ങളുടേയും, പൂമ്പാറ്റകളുടേയും കൂമ്പാരം എന്നത്രെ.(abundance of fish, trees and butterflies). 1502 - ലാണ്‌ കൊളമ്പസ് (Christopher Columbus) ഇവിടെ എത്തുന്നത്. പിന്നീട് സ്പാനിഷ് കോളനിയായി.1821-ൽ സ്പെയിനിൽ നിന്നും സ്വാതന്ത്രം നേടിയ പാനമ ഗ്രാൻ കൊളമ്പിയായുടെ (Gran Colombia) ഭാഗമയും പിന്നിട് കൊളമ്പിയായുടെ ഭാഗമായും നിലനിന്നു. 1903-ലാണ്‌ അമേരിക്കയുടെ സഹായത്തോടെ ഒരു സ്വതന്ത്ര രാഷ്ട്രമായിത്തീരുന്നത് ( ഫലത്തിൽ ഒരു അമേരിക്കൻ കോളനിയായി).


1903 മുതൽ 1968 വരെ പനാമയിൽ ഭരണഘടനാദത്തമായ ജനാധിപത്യമായിരുന്നെങ്കിലും (constitutional democracy) വ്യവസായപ്രുമുഖരും സമ്പന്നരുമാണ്‌ അതിനെ നിയന്ത്രിച്ചിരുന്നത്. 1950-കൾ ആയപ്പോഴെക്കും പട്ടാളത്തിന്റെ ഇടപെടലുകൾ വർദ്ധിച്ചുവന്നു. 1967-ൽ നടന്ന തെരഞ്ഞെടുപ്പിൽ അരിയാസ് മാഡ്രിഡ് (Arias Madrid) തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും 1968 ഒക്ടോബർ 1-ന്‌ അധികാരമേറ്റ ഗവന്മെന്റിനെ, തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതിന്റെ അടിസ്ഥാനത്തിൽ, 11 ദിവസങ്ങൾക്കുശേഷം പട്ടാളം അട്ടിമറിക്കുകയും ചെയ്തു. പട്ടാളം നടപ്പക്കിയ ചില നടപടികൾ സാധാരണ ജനങ്ങൾക്ക് ആശ്വാസം നല്കിയതായതുകൊണ്ട് പൊതുജനങ്ങളുടെ പിന്തുണ പട്ടാളത്തിന്‌ ലഭിച്ചു. തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട അമേരിക്ക പിന്നീട് ജനാധിപത്യത്തിന്റെ പേര്‌ പറഞ്ഞ് ഉപരോധമായും, പിന്നിട് 1989 ഡിസമ്പറിൽ ഒന്നാം ബുഷിന്റെ കാലത്ത് യുദ്ധമായും പനാമയെ ശിക്ഷിക്കുകയാണുണ്ടായത്. രണ്ടാഴ്ച്ച നീണ്ടുനിന്ന യുദ്ധത്തിൽ 4000 സിവിലിയർമാർ അടക്കം ഒട്ടേറെ പേർ കൊല്ലപ്പെട്ടു. യുദ്ധത്തിന്‌ മുമ്പ് മെയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ഗള്ളിർമോ എൻഡാറയെ (Guillermo Endara) പ്രസിഡണ്ടായി അവരോധിച്ചു. ബഹുകക്ഷി പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് സമ്പ്രദായമാണ്‌ ഇപ്പോൾ നിലവിലുള്ളത്.

പാനമ കനാൽ (Panama Canal)

ഫ്രാൻസ് ആണ്‌ ആദ്യമായി കനാൽ നിർമ്മാണത്തിന്‌ താത്പര്യം കാണിച്ചതെങ്കിലും 1904-ൽ അമേരിക്കയാണ്‌ 77 കി.മി. നീളമുള്ള കനാലിന്റെ പണിയാരംഭിക്കുന്നത്. 1914-ൽ നിർമ്മാണം പൂർത്തിയായി. പാനമയുടെ പ്രധാന സാമ്പത്തികസ്രോതസ്സും ഇതുതന്നെ. 1977-ലാണ്‌ അമേരിക്കയിൽനിന്നും ഇതിന്റെ നിയന്ത്രണം പനാമക്ക് ലഭിക്കുന്നത്. 20 ബില്യൻ ഡോളർ മാത്രം ജിഡിപി ഉള്ള രാജ്യം 5 ബില്യൻ ഡോളർ, 2007-ൽ ആരംഭിച്ച് 2014-ൽ അവസാനിക്കുന്ന, കനാലിന്റെ വികസന ബൃഹദ് പദ്ധതിക്ക് നീക്കിവെച്ചത് അതിന്റെ സാമ്പത്തികപ്രാധാന്യം വെളിവാക്കുന്നു. ബാങ്കിങ്ങ്, ഇൻഷൂറൻസ്, ടൂറിസം എന്നിവയാണ്‌ 30 ലക്ഷത്തിലേറേ ജനസംഖ്യയുള്ള പനാമയുടെ മറ്റു വരുമാനമാർഗങ്ങൾ.

ഓണാഘോഷം


മലയാള തനിമയുടെ അടയാളങ്ങളാണല്ലോ ഓണവും, വിഷുവും, കഥകളിയും, കൂടിയാട്ടവും, മോഹിനിയാട്ടവും, കൈകൊട്ടികളിയും, തെയ്യവും തിറയുമെല്ലാം. അതിൽ ഓണത്തിന്റെ സവിശേഷപ്രാധാന്യം പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല. നേരത്തെ പറഞ്ഞ എല്ലാ അടയാളങ്ങൾകൊണ്ട് സമ്പന്നമായിരിക്കും എവിടത്തേയും ഓണാഘോഷം. അമേരിക്കയും അതിൽ നിന്നും വ്യത്യസ്തമല്ല. ഇവിടെ രണ്ട് ലക്ഷത്തിലേറെ മലയാളികൾ ഉണ്ടെന്നാണ്‌ ഏകദേശകണക്ക്. പത്ത് മലയാളി കൂടുംബങ്ങളെങ്കിലും ഉണ്ടെങ്കിൽ അവിടെ ഒരു പൊതു ഓണാഘോഷം ഉണ്ടായിരിക്കും. മിക്കവാറും ശനി ഞായർ ദിവസങ്ങളിൽ ആയിരിക്കും ഓണാഘോഷം. ഇത്തവണ ഓണം നേരത്തെ വന്നതുകൊണ്ട് ആഗസ്റ്റ് 20-മുതൽ തന്നെ ആഘോഷം തുടങ്ങി. അതിനുള്ള പ്രവർത്തങ്ങൾ മാസങ്ങൾക്കുമുമ്പെ ആരംഭിക്കും. ഇവിടെ പൊതുവേദിയിൽ മുണ്ടുടുത്ത മലയാളിയെ കാണണമെങ്കിൽ ഓണാഘോഷത്തിന്‌ തന്നെ പോകണം. കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന്റെ അനിവാര്യഘടകങ്ങളാണിവിടെയും. പ്രവാസിമലയാളിയുടെ മനസ്സിലെ ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങൾക്ക് ആശ്വാസമേകി ഒരോണംകൂടി കടന്നുപോയി.

സെപ്റ്റംബർ 5, 2010.

*