Friday, January 1, 2010

അമേരിക്കൻ വിശേഷങ്ങൾ - 3

എ എം എസ്

പുതുവർഷം

Photo: New York Time Square
സമയം എന്ന സാമാന്യ സങ്കൽപത്തിന്‌ യാതൊരു അർത്ഥവുമില്ലെന്ന് വാദിച്ച്‌ ജയിക്കാവുന്നതാണ്‌. എന്നാൽ ജീവിതത്തിന്‌ ഒരു അടുക്കും ചിട്ടയും ഉണ്ടാകുന്നതിന്‌ ആ സങ്കൽപം അനിവാര്യവുമാണ്‌. ആ അർത്ഥത്തിൽ ഏതു പുതുവർഷ ആഘോഷവും സന്തോഷം തരുന്നതാണ്‌. ലോകത്തിൽ വിവിധ കാലഗണനാ സമ്പ്രദായങ്ങളുണ്ടെങ്കിലും ക്രിസ്തുവർഷത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പുതുവത്സരമാണ്‌ ഏറ്റവും കൂടുതൽ ജനങ്ങൾ ആഘോഷിക്കുന്നത്‌. ചൈനീസ്‌ പുതുവത്സരം ജനുവരി 15 നും ഫെബ്രുവരി 15 ഇടയിലാണെങ്കിൽ മലയാളികൾക്കത്‌ ചിങ്ങം ഒന്നാണ്‌. ഇങ്ങിനെ വിവിധ കാലഗണനാസമ്പ്രദായങ്ങൾ നിലവിലുണ്ടെങ്കിലും ജനുവരി ഒന്നിന്റെ പുതുവത്സരത്തിന്‌, ഈ ആഗോളവത്കരണത്തിന്റെ കാലത്ത്‌ പ്രത്യേകിച്ചും, വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്‌. അമേരിക്കയിൽ ഏറ്റവും കുടുതൽ ആളുകൾ പങ്കെടുക്കുന്ന പുതുവത്സര ആഘോഷം ന്യുയോർക്കിലെ ടൈം സ്കൊയറിൽ ആണ്‌. ഈ വർഷം 10 ലക്ഷത്തിലേറെ ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആവേശത്തോടെ ഇവിടെ എത്തിചേരുകയും ഒരു തീർത്ഥാടകന്റെ മനസ്സോടെ അതിൽ പങ്കുചേർന്ന് ആഘോഷിക്കുകയും ചെയ്യാറുണ്ട്‌. ന്യുയോർക്കുകാരാണെങ്കിൽ തങ്ങളുടെ നഗരം ലോകത്തിന്റെ തന്നെ തലസ്ഥാനമാണെന്ന് സ്വയം അഭിമാനിക്കുന്നവരുമാണ്‌. അതുകൊണ്ട്‌ തങ്ങളുടെ ആഘോഷം തീവ്രവാദഭീഷണി നിലനിലക്കുന്നതിനിടയിലും കുറ്റമറ്റതാക്കാൻ പരിശ്രമിക്കുകയും ഇതുവരെ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്‌.

ക്രിസ്തുമസ്‌ ദിനഭീതി

Photo: Umar Abdulmuttallab
ന്യ്യുയോർക്കടക്കം ഒരിടത്തും തീവ്രവാദികളുടെ അക്രമണമൊന്നും പുതുവത്സരദിനാഘോഷങ്ങൾക്കിടയിൽ ഉണ്ടായില്ലെങ്കിലും, ക്രിസ്തുമസ്‌ ദിനത്തിൽ സംഭവിച്ചേക്കാവുന്ന ഒരു വൻ വിമാന ദുരന്തത്തിൽ നിന്നും യാത്രക്കാരുടെയും വിമാനജോലിക്കാരുടെയും ശ്രദ്ധാപൂർവ്വമായ ഇടപെടൽ മുലം ഒഴിവായി. ആംസ്റ്റർഡമിൽ നിന്നും ഡിറ്റ്രോയിറ്റിലേക്ക്‌ വരുന്ന് നോർത്ത്‌ വെസ്റ്റിന്റെ വിമാനത്തിലാണ്‌ ഈ നാടകീയ ഭീതിജനക സംഭവങ്ങൾ നടന്നത്‌. നൈജീരിയൻ പൗരനും ഇരുപത്തിമൂന്നുകാരനുമായ ഉമർ ഫറൂക്‌ അബ്ദുൾമുത്തള്ള (Umar Farouk Abdulmutallab) തന്റെ അടിവസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച വെച്ചൊരുന്ന ബോംബ്‌ പൊട്ടിക്കാൻ ശ്രമിച്ചത്‌. ഗ്വണ്ടാനമോ ജയിൽ അടച്ചുപൂട്ടാനും, അതിൽ പ്രധാനപ്രതികളെ ന്യൂയോർക്കിലെ സിവിൽ കോടതിയിൽ വിചാരണ ചെയ്യാനും തീരുമനമെടുത്ത സർക്കാരിന്‌ അമേരിക്കൻ ജനതയെ തീവ്രവാദി ആക്രമണങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയില്ലെന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാരുടെ ആരോപണം നിലനിൽക്കെയാണ്‌ ഇത്‌ സംഭവിച്ചതെന്നുള്ളത്‌ ഒബാമയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്‌. കൂടാതെ സമ്പന്നനും ജോലിയിൽ നിന്നും വിരമിച്ച ബങ്കറുമായ ഉമറിന്റെ പിതാവ്‌ മാസങ്ങൾക്കുമുമ്പുതന്നെ നൈജീരിയിലെ യു എസ്‌ എമ്പസ്സിയിലെത്തി തന്റെ മകന്‌ തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് അറിയിച്ചിട്ടുപോലും എന്തുകൊണ്ട്‌ പുനരന്വേഷണം ഉണ്ടായില്ലെന്ന് ഇവിടുത്തെ ജനങ്ങൾ മൂക്കത്ത്‌ വിരൽ വെച്ച്‌ അത്ഭുതം കൂറുകയാണ്‌. എതായാലും വിശദമായ ഒരന്വേഷണത്തിന്‌ ഒബാമ ഉത്തരവിട്ടിട്ടുണ്ട്‌. കൂടാതെ വിമാനയാത്ര കൂടുതൽ ദുഷ്ക്കരമേക്കിയേക്കാവുന്ന പുതിയ വിമാനയാത്ര നിയമങ്ങൾ നടപ്പിൽവരുത്തിയിട്ടുണ്ട്‌. അതിൽ ഏറ്റവും വിചിത്രമായത്‌ ലാൻഡിംഗ്‌ സംയത്തിന്‌ മുമ്പ്‌ ഒരു മണിക്കൂർ മുതൽ ലാൻഡ്‌ ചെയുന്നതുവരെ സീറ്റിൽനിന്നും എഴുന്നേൽക്കാൻ പാടില്ലെന്നതാണ്‌.

അർജന്റീന ബ്രസീൽ മെക്സിക്കോ

Map: Argentina
ജനസംഖ്യകൊണ്ടും സാമ്പത്തികശക്തികളെന്ന നിലയിലും ഈ മുന്ന് രാജ്യങ്ങൾ അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ യു എസ്‌ കഴിഞ്ഞാൽ വൻശക്തികളെന്ന് പറയാം. മലയാളികൾ അർജന്റീനയെ, ഒരു പക്ഷെ, അറിയുന്നത്‌ സോക്കർ മാന്ത്രികനായ ഡീഗോ മറഡോണയിലൂടെയായിരിക്കും. ഇന്ന് നാലുകോടിയിലേറെ ജനങ്ങളുള്ള അർജന്റീന 1816 - ലാണ്‌ സ്പെയിനിൽ നിന്നും സ്വതന്ത്രമാകുന്നത്‌. ഇവിടത്തെ സംസ്കാരം രുപപ്പെടുത്തുന്നതിൽ സ്പെയിനിൽനുന്നും ഇറ്റലിയിൽനിന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ കുടിയേറിപ്പാർത്തവർ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഇരുപതാം നൂറ്റാണ്ടിനെ മദ്ധ്യകാലഘട്ടം വരെയുള്ള അർജന്റീനയുടെ ചരിത്രം അഭ്യന്തര യുദ്ധങ്ങളുടേതാണ്‌. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജുവാൻ പെറോണിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമന്റ്‌ അധികാരത്തിൽ വന്നു.

Photo: Juvan Peron and Wife Eva Peron
പെറോണിസ്റ്റ്‌ പോപ്പുലിസം എന്ന് പൊതുവെ അറിയപ്പെടുന്ന നയങ്ങൾ അർജന്റീനയുടെ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിൽ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. സാമ്രാജത്വശക്തികളുടെ സഹായത്തോടെ പട്ടാളം 1955-ൽ പെറോണിനെ അട്ടിമറിച്ചു. പിന്നീട്‌ 1973 - ൽ ഒമ്പതുമാസത്തേക്ക്‌ അദ്ദേഹം തിരിച്ചുവന്നെങ്കിലും 1974 അദ്ദേഹം മരിച്ചു. 1976-ൽ പട്ടാളം ഒരു തിരിച്ചുവരവുകൂടി നടത്തി. 1983 മുതൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളാൺ` ഇവിടെ ഭരിക്കുന്നത്‌. പ്രകൃതിവിഭവങ്ങൾകൊണ്ട്‌ അനുഗൃഹീതമായ ഈ രാജ്യം കയറ്റുമതിയെ ആശ്രയിക്കുന്ന കൃഷിയും വിഭിന്നങ്ങളായ വ്യവസായ ശൃംഘലകൊണ്ടും സമ്പന്നമാണ്‌. 2001-02 കാലത്ത്‌ സാമ്പത്തികമാന്ദ്യം ഉണ്ടയെങ്കിലും അതിൽനിന്നും പിന്നീട്‌ കരകയറി. ഇപ്പോഴത്തെ GDP 500 ബില്യൻ ഡോളറിൽ കവിയും. വളരെ ഉയർന്ന സാക്ഷരത നിരക്കുള്ള അർജന്റീനയുടെ തലസ്ഥനം ബ്യുനസ്‌ അയേർസ്‌ ആണ്‌.
Map: Brazil

അർജന്റീനാ സ്പെയിനിന്റെ കീഴിലായിരുന്നുവെങ്കിൽ, പതിനാറാം നൂറ്റാണ്ടുമുതൽ പതൊമ്പതാം നൂറ്റാണ്ടുവരെ ബ്രസീൽ പോർച്ചുഗീസ്‌ കോളനിയായിരുന്നു. 1822-ൽ രക്തരഹിത വിപ്ലവത്തിലൂടെ സ്വാതന്ത്രം നേടി. 1888 വരെ രാജഭരണമായിരുന്നു. 1988-ൽ അടിമത്തം അവസാനിപ്പിക്കുകയും 1989-ൽ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. 1930-ൽ ജനകീയ നേതാവ്‌ ഗെറ്റുലിയോ വർഗാസ്‌ (Getulio VARGAS) അധികാരത്തിലേറി. സമ്രാജ്യത്വ ശക്തികളുടെ സഹായത്തോടെയുള്ള അട്ടിമറികളും ജനകീയ പ്രതിരോധത്തിന്റെ മാറിമാറിഞ്ഞ ഉയർത്തെഴുന്നേൽപുമാണ്‌ പിന്നീടങ്ങോട്ടുള്ള ബ്രസീലിന്റെ ചരിത്രം. ജനസംഖ്യയിൽ തെക്കെ അമേരിക്കൻ വൻകരയിലെ ഏറ്റവും വലിയ രാജ്യമാണ്‌ ബ്രസീൽ. ഏകദേശം ഇരുപത്‌ കോടിയാളം വരും. വലിയ തോതിൽ വികസിച്ച കൃഷിയും, ഖാനനവും, നിർമ്മാണ വ്യവസായവും, ആധൂനിക സേവനമേഖലയും ആണ്‌ ബ്രസീലിന്റെ സമ്പത്തിക രംഗത്തിന്റെ നട്ടെല്ല്. GDP ഏകദേശം രണ്ട്‌ ട്രില്യൻ ഡോളർ വരും. വികിസിത മുതളാളിത്ത രാജ്യങ്ങളും ചൈനയും ഇന്ത്യയും കഴിഞ്ഞാൽ ബ്രസീലാണ്‌ ലോകത്തെ മറ്റൊരു സമ്പത്തികശക്തി. 2016 -ലെ ഒളിമ്പിക്സ്‌ നേടാനുള്ള ഒരു കാരണം ഈ സാമ്പത്തികനിലയാണെന്ന് കഴിഞ്ഞ അദ്ധ്യായങ്ങളിലൊന്നിൽ പറഞ്ഞിരുന്നുവല്ലോ. 2003 മുതൽ ഇടതുപക്ഷ ചായ്‌വുള്ള ലുലു (President Luiz Inacio LULA da Silva) ആണ്‌ പ്രസിഡന്റ്‌.
Photo: Rio de Janeiro
അമേരിക്കനിന്ത്യൻ (Red Indians or Native Americans) സംസ്കാരത്തിന്റെ കേന്ദ്രമാണ്‌ മെക്സികോ. 1810 -ലാണ്‌ അത്‌ സ്പെയിനിന്റെ കോളനിയല്ലാതാവുന്നത്‌. അതിനുമുമ്പത്‌ മുന്നൂറ്‌ വർഷത്തോളം അത്‌ സ്പെയിനിന്റെ കോളനിയായിരുന്നു. അമേരിക്കൻ-മെക്സിക്കോ അതിർത്തിയിൽ മയക്കുമരുന്നു മാഫിയയുമായുള്ള യുദ്ധം ഇപ്പോഴും ഒരു നിത്യസംഭവമാണെങ്കിലും ഇവർ തമ്മിൽ ശരിക്കും ഏറ്റുമുട്ടിയിട്ടുള്ളത്‌ 1846-ലെ അമേരിക്കൻ-മെക്സിക്കൻ യുദ്ധത്തിലാണ്‌. അമേരിക്ക ഇപ്പോഴത്തെ ടെക്സാസ്‌ സംസ്ഥാനം തങ്ങളുടെ രാജ്യത്തോട്‌ കൂട്ടിചേർത്തപ്പോഴാണ്‌ യുദ്ധം തുടങ്ങിയത്‌. യുദ്ധം രണ്ടുവർഷം നീണ്ടുനിന്നു. അമേരിക്കയോട്‌ എതിർത്തുനിൽക്കാൻ കഴിയാതെ മെക്സിക്കോക്ക്‌ ഒത്തുതീർപ്പിലെത്തേണ്ടി വന്നു. 1910 മുതൽ 2000 വരെ ഭരണത്തിരുന്ന ജനകീയ വിപ്ലവ പാർട്ടിക്ക്‌ (People Revolutionary Party (PRI)) 2000-ലെ തെരഞ്ഞടുപ്പിൽ വലതുപക്ഷമായ ദേശീയ കർമ്മ പാർട്ടിയോട്‌ (National Action Party) തോറ്റ്‌ അധികാരം നഷ്ടമായി. അതിന്റെ നേതാവ്‌ വിൻസെന്റെ ഫോക്സ്‌ (Vicente FOX) പ്രസിഡണ്ടായി. ഒന്നര ട്രില്യൻ GDP-യുള്ള മെക്സിക്കോയിൽ കാലാഹരണപ്പെട്ടതും, ആധുനികവുമായ്‌ കൃഷി-വ്യവസായ രീതികളുണ്ട്‌.

Map: Mexico
യു എസും, കനഡയും, മെക്സിക്കോയും തമ്മിലുള്ള സാമ്പത്തിക കൂട്ടായ്മയാണ്‌ നാഫ്ത (North American Free Trade Agreement or NAFTA). ഈ ഉടമ്പടി നിലവിൽ വരുന്ന്ത്‌ 1994 ജനുവരി ഒന്നിനാണ്‌. ഇതുമൂലം ഈ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം മൂന്ന് മടങ്ങായി വർദ്ധിച്ചിട്ടുണ്ട്‌. അമേരിക്കയുടെ സഹായത്തോടെ സാമ്പത്തിക ശക്തിയാകാൻ 1990-കൾ മുതൽ ശ്രമിക്കുന്ന മെക്സിക്കോയുടെ ആളോഹരി വരുമാനം ഇപ്പോഴും അമേരിക്കയുടേതിനേക്കാൾ മൂന്നിലൊന്ന് മാത്രമാണ്‌. അതുകൊണ്ടുതന്നെ മെക്സിക്കക്കാരുടെ ജോലിതേടിയുള്ള കുടിയേറ്റം അമേരിക്കക്ക്‌ വലിയ തലവേദനയാണ്‌. അമേരിക്കയിൽ ശരിയായ വിസയില്ലാത്ത അര കോടി മെക്സിക്കാരുണ്ടെന്ന് കണക്കാക്കുന്നു. അമേരിക്കയിലെ കറുത്തവർഗക്കാരുടെ ജനസംഖ്യയെ അമേരിക്കയിലെ മെക്സിക്കൻ കുടിയേറ്റ ജനത മറികടന്നിരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ ചിലരൂടെ എതിർപ്പുണ്ടെങ്കിലും നിലവിൽ വിസയില്ലത്തവർക്ക്‌ മാപ്പുനൽകനും സമഗ്ര കുടിയേറ്റനിയയമം (Immigration Law) കൊണ്ടുവരാനും ആണ്‌ ഒബാമ സർക്കാർ ശ്രമിക്കുന്നത്‌. അമേരിക്കയിൽ കൃഷിയിടങ്ങളിലും ചെറുകിട വ്യവസായ സ്ഥാപനങ്ങളിലും കൂലി കുറഞ്ഞ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ മഹാഭൂരിപക്ഷവും മെക്സിക്കൻ കുടിയേറ്റക്കാരാണെന്നുള്ളത്‌ അവരെ തള്ളാനും കൊള്ളാനും വയ്യ എന്ന നിലയിൽ അമേരിക്കയെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്‌.
Photo: Bush Junior and President Fox
ആരോഗ്യ-സുരക്ഷ പദ്ധതി യു എസ്‌ സെനറ്റ്‌ പാസ്സാക്കി (60-39)
കഴിഞ്ഞ ലക്കങ്ങളിലൊന്നിൽ അമേരിക്കയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആരോഗ്യ-സുരക്ഷ പദ്ധതിയെപ്പറ്റി പ്രതിപാദിച്ചിരുന്നുവല്ലോ. കോലാഹലങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട്‌ തിരശില വീണിരിക്കുന്നു. യു എസ്‌ സെനറ്റ്‌ മുപ്പത്തിയൊമ്പതിനെതിരെ അറുപത്‌ വോട്ടുകൾക്ക്‌ നിയമം പാസ്സാക്കി. പ്രസിഡന്റ്‌ ഒപ്പുവെച്ചാൽ അത്‌ നിയമമാകും. ബ്ലു ഡോഗ്‌ ഡെമൊക്രാറ്റുകളെന്നറിയപ്പെടുന്ന (Blue Dog Democrats) സെനറ്റർ ലീബർമാൻ (Sen. Joe Leiberman, 2000 vice presidential candidate) അടക്കമുള്ളവരുടെ ശക്ത്മായ എതിർപ്പുമൂലം സർക്കാർ നേരിട്ടു നടത്തുന്ന സുരക്ഷ പോളിസിക്ക്‌ അംഗികാരം കിട്ടിയില്ല. എന്നാലും ഇടതുപക്ഷം ആഗ്രഹിച്ചതിന്റെ എൺപതു ശതമാനമെങ്കിലും നേടനായ ആശ്വാസത്തിലാണ്‌ ഡെമൊക്രാറ്റുകൾ.
Photo: White House
ഈ നിയമമൂലം നിലവിലുള്ള രോഗത്തിന്റെ കാര്യം പറഞ്ഞ്‌ ആർക്കും ഇൻഷുറൻസ്‌ പരിരക്ഷ്‌ നിഷേധിക്കാനവില്ല. രോഗം വന്ന് ചികിത്സക്കിടയിൽ പരിരക്ഷ നിർത്താനുമാവില്ല. അതുപോലെ ഇൻഷൂറൻസ്‌ കമ്പനിക്ക്‌ തോന്നിയപോലെ പ്രീമിയം വർദ്ധിപ്പിക്കാനുമവില്ല. മറ്റൊരു പ്രധാന നിയമം ജോലി നഷ്ടപ്പെടുകയോ മാറുകയോ ചെയ്താലും പരിരക്ഷ ഇല്ലാതാവില്ല. എല്ലാവർക്കും ആരോഗ്യപരിരക്ഷ എന്ന ലക്ഷ്യം നേടാനയില്ലെങ്കിലും ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ ഒബാമക്കും ഡെമൊക്രാറ്റുകൾക്കും അഭിമാനിക്കാം.

*
ജനുവരി 1, 2010.