Saturday, May 1, 2010

അമേരിക്കൻ വിശേഷങ്ങൾ - 7

എ എം എസ്

അരിസോണയിലെ (Arizona) അനധികൃത കുടിയേറ്റ നിയമം

ഒന്നരകോടിയിലേറെ അനധികൃത കുടിയേറ്റക്കാർ അമേരിക്കയിൽ ഉണ്ടെന്നാണ്‌ കണക്കാക്കുന്നത്. അതിൽ മഹാഭൂരിപക്ഷവും തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും, പ്രത്യേകിച്ച് മെക്സിക്കോയിൽ (Mexico) നിന്നുമാണ്‌. അതിന്റെ ദൂഷ്യഫലങ്ങൾ ഏറെ അനുഭവിക്കുന്ന സംസ്ഥാനങ്ങളാണ്‌ കാലിഫോർണിയ, അരിസോണ, ടെക്സാസ്, ഫ്ലോറിഡ എന്നിവ. അതിൽ 5 ലക്ഷം അരിസോണയിലുണ്ട്. അതിർത്തി സംരക്ഷണം ഫെഡറൽ ഉത്തരവാദിത്തമാണെങ്കിലും അരിസോണ സംസ്ഥാനത്തെ നിയമസമാജികർ അത് സ്വന്തം കൈയിലെടുക്കാൻ തീരുമാനിച്ചതോടെ കുടിയേറ്റ ചർച്ചകൾ അതിന്റെ തീവ്രതയിൽ എത്തിനില്ക്കുകയാണ്‌. ഇക്കഴിഞ്ഞ ഏപ്രിൽ 23ന്‌ വെള്ളിയാഴ്ച്ച ഗവർണർ ബ്രൂവർ (Gov. Jan Brewer) ഒപ്പിട്ടതോടെ നിയമസഭ പാസ്സാക്കിയ അനധികൃത കുടിയേറ്റ നിയമം (Illegal Immigration Law) നിയമമായി. ഒരു സംസ്ഥനത്തിന്‌ അത്തരം നിയമം പാസ്സാക്കാനുള്ള അവകാശമുണ്ടോ എന്നുള്ളത് തർക്കാവിഷയമാണ്‌. അത് ഫെഡറൽ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നുള്ളത് ഉറപ്പായിരിക്കുകയാണ്‌.

ഈ നിയമമനുസരിച്ച് ഒരു സാദാ പോലീസുകാരന്‌ അയാൾക്ക് അനധികൃതനാണെന്ന് തോന്നുന്ന ആരോടും അനധികൃതമല്ലെന്ന് തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം. എപ്പോൾ വേണമെങ്കിലും കേസ്സെടുക്കാം, തടഞ്ഞുവെക്കാം. അങ്ങിനെ ഒരു അവകാശം പൊലീസിനില്ലെന്ന് നിയമത്തിന്റെ പിന്തുണക്കാർ അവകാശപ്പെടുന്നുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിയവർപോലും അവരുടെ നിറത്തിന്റെയും, വംശത്തിന്റെയും അടിസ്ഥാനത്തിൽ (Racial profiling) അവഹേളിക്കപ്പെടുമെന്ന് കരുതുന്നവരാണ്‌ ഏറേയും. പൊതുവെ ഡെമൊക്രാറ്റുകൾ നിയമത്തിനെതിരും, റിപ്പബ്ലികൻ പാർട്ടിക്കാർ അനുകൂലവുമാണ്‌. വരാൻ പോകുന്ന ഇടക്കാല തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ, ജനപിന്തുണ കുറഞ്ഞുവരുന്ന ഒബാമക്ക് വീണുകിട്ടിയ ഒരു കച്ചിതുരുമ്പാണ്‌ ഈ നിയമം. ന്യൂനപക്ഷരാഷ്ട്രീയം ആയുധമാക്കി മെക്സിക്കൻ വംശജരുടെ വോട്ട് മൊത്തമായി ഡെമൊക്രാറ്റുകൾക്ക് വിഴുമെന്ന് അവർ പ്രതീക്ഷിക്കുന്നു. സമഗ്രകുടിയേറ്റനിയമം നടപ്പാക്കാനുള്ള ചർച്ച് വാഷിങ്ങ്ട്ടനിൽ പുരോഗിമിക്കുമ്പോൾ ധൃതിപിടിച്ച് ഇത്തരമൊരു നിയമം നടപ്പാക്കിയത് മണ്ടത്തരമാണെന്ന് കരുതുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാർ ഉണ്ട്. സാമ്പത്തിക ഉച്ചനീചത്വം അതിർത്തിക്കപ്പുറത്ത് ഇത്രയേറെ ഉള്ളപ്പോൾ എങ്ങിനെയാണ്‌ ജനങ്ങളുടെ ഒഴുക്ക് തടയാനാവുക എന്ന് കരുതുന്നവരും ഉണ്ട്. ആഗോള മുതലാളിത്ത സാമ്പത്തികക്രമത്തിൽ തൊഴിലിനും മനുഷ്യർക്കും ഒഴിച്ച് മറ്റെല്ലാത്തിനും രാജ്യാതിർത്തികൾ ബാധകമല്ലെന്ന “അന്തർദേശീയ നിയമം” എത്ര അധാർമികമാണെന്ന് വെളിപ്പെടുത്തുന്നതാണ്‌ കുടിയേറ്റവുമായ ബന്ധപ്പെട്ടു ഉയർന്നുവരുന്ന പ്രശ്നങ്ങൾ.




സുരിനാം (Suriname)

സുരിനാം എന്ന വാക്കിന്റെ അർത്ഥം വളരെ ഒഴുക്കുള്ള നദി (river of many rapids) എന്നാണ്‌. തെക്കെ അമേരിക്കൻ വൻകരയിൽ വടക്ക് അറ്റ്ലാന്റിക് സമുദ്രത്തോട് ചേർന്ന് കിടക്കുന്ന അഞ്ച് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ രാജ്യം ലോകത്തിലെ ചെറിയ രാജ്യങ്ങളിലൊന്നാണ്‌. പ്രകൃതിരമണീയമായ ഈ ഉഷ്ണമേഖലാ പ്രദേശം പുഴകൾകൊണ്ടും മഴക്കാടുകൾകൊണ്ടും സമ്പന്നമാണ്‌. 6000 ചതുരശ്ര മൈൽ സംരക്ഷിതവനപ്രദേശമുള്ള രാജ്യം. 1498 -ൽ ക്രിസ്റ്റഫർ കൊളമ്പസ് കണ്ടെങ്കിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ സ്പെയികാരാണ്‌ ആദ്യമായി അവിടെ കുടിയേറിയത്. പിന്നീട് ഇംഗ്ലീഷുകാരും മറ്റു യൂറോപ്പ്യന്മാരും അവിടെ എത്തി. 1667-ൽ ഡച്ച് കോളനിയായി.

Coppename River
1863 - ൽ അടിമത്തം അവസാനിച്ചശേഷമാണ്‌ ചൈനയിൽ നിന്നും, ഇന്ത്യയിൽനിന്നും, ഇന്ത്യനേഷ്യയിൽനിന്നും, ജാവയിൽനിന്നും തൊഴിലാളികൾ ഇവിടേക്ക് കുടിയേറിപ്പാർത്തുതുടങ്ങിയത്. 37% ഇന്ത്യക്കാരുടെ പിൻതലമുറയുള്ള രാജ്യമാണിത്. ഹിന്ദിഭാഷയുമായി സാമ്യമുള്ള കരീബിയൻ ഹിന്ദുസ്ഥാനി ഭാഷ സംസാരിക്കുന്നവർ (Caribbean Hindustani, a dialect of Hindi). 1975 സ്വാതന്ത്ര്യം നേടിയതിനുശേഷം അഞ്ചുവർഷം സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായിരുന്നു. പിന്നീട് മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളെപ്പൊലെ തന്നെ വിദേശ ഇടപെടലും പട്ടാള അട്ടിമറിയും നടന്നു. 1990-ൽ മുതലാളിത്ത ജനാധിപത്യം സ്വീകരിച്ചു. സമുദ്രോല്പന്നങ്ങൾ, മരവ്യവസായം, ഖനനം, ജലവൈദ്യുതപദ്ധതികൾ എന്നിവകൊണ്ട് സമ്പന്നമാണ്‌ സുരിനാം. കയറ്റുമതികൊണ്ടുള്ള വരുമാനം സുരിനാമിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്‌.

അമേരിക്കയിലെ “ഇടവപ്പാതി”

DownTown, Nashville
കേരളത്തിലെ ഇടവപ്പാതിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു കഴിഞ്ഞാഴ്ച്ച അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും, കാറ്റും, വെള്ളപ്പൊക്കവും. ജോർജിയ, കെന്റക്കി, മിസ്സിസ്സിപ്പി എന്നീ സംസ്ഥാനങ്ങളെ ബാധിച്ചെങ്കിലും ഏറ്റവും കൂടുതൽ ബാധിച്ചത് ടെന്നിസ്സി സംസ്ഥാനത്തെയാണ്‌. മെയ് 1, 2 തിയ്യതികളിലയി 15 ഇഞ്ച് മഴ പെയ്തു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ടെന്നിസ്സിയുടെ തലസ്ഥാനമായ നാഷ്-വില്ലിന്റെ നഗരമദ്ധ്യം (down town) വെള്ളത്തിനടിയിലായി. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഹോട്ടലായ ഓപ്രിലാന്റ് (Opryland) ഹോട്ടലും പരിസരവും വെള്ളം വന്നു നിറഞ്ഞു. മരിച്ച 27 പേരിൽ ഭൂരിഭാഗവും ഈ സംസ്ഥാനത്തായിരുന്നു. അതിൻൽത്തന്നെ 10 പേർ നാഷ്-വിൽ സ്ഥിതി ചെയ്യുന്ന ഡേവിഡ്സൺ കൗണ്ടിയിലായിരുന്നു (County).

Opryland Hotel
ഒരു ബില്യൻ ഡോളറിലധികം നാശനഷടം വിതച്ച ദു:രന്തത്തിന്‌ ഫെഡറൽ ഗവർമെന്റോ, മാദ്ധ്യമങ്ങളോ തുടക്കത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന് പരാതി നിലനില്ക്കുന്നുണ്ട്. കത്രീന കൊടുങ്കാറ്റിനെ തുടർന്ന് ലൂസിയാന സംസ്ഥാനത്തെ ന്യു ഓർളിയൻസിൽ ഉണ്ടായ നാശത്തോളം വരില്ലെങ്കിലും, 1937 -നു ശേഷം ടെന്നിസ്സി കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു ഇത്. എത്ര വികിസിത രാജ്യമായാലും പ്രകൃതിദു:രന്തങ്ങളുണ്ടാകുമ്പോൾ ജനങ്ങളുടെ നിസ്സഹായതയുടെ ഒരു ഉദാഹരണം കൂടിയായി ഇത്. അതുപോലെതന്നെ ഇൻഷൂറൻസ് കമ്പനികളെ മാത്രം സഹായിക്കുന്ന തീപ്പെട്ടികൂടുപോലെയുള്ള ഇവിടുത്തെ വീടുനിർമ്മാണരീതി പുനർവിചിന്തനം ചെയ്യേണ്ട സമയമായി എന്നുകൂടി ഇത് ഓർമ്മപ്പെടുത്തുന്നു.

*

മെയ് 5, 2010.

No comments:

Post a Comment