Monday, March 1, 2010

അമേരിക്കൻ വിശേഷങ്ങൾ - 5

എ എം എസ്


ടൊയോട്ടയുടെ (Toyota) ദു:രന്തം
വളരെ ഉയരത്തിൽ നിന്നും വീഴുമ്പോൾ വീഴ്ച്ചയുടെ ആഘാതം കൂടുമെന്നുള്ളതിന്റ്‌ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ടൊയോട്ട. 2007 - ലാണ്‌ GM (General Motors) - നെ മറികടന്ന് ടൊയോട്ട ഏറ്റവും വലിയ കാർ കമ്പനിയായി മാറുന്നത്‌. ഈ കാർ കമ്പനിയുടെ വളർച്ച അമേരിക്കൻ കാർ കമ്പനികളെ കുറച്ചൊന്നുമല്ല അസൂയാലുക്കളാക്കിയത്‌. കൂടാതെ അമേരിക്കൻ ദേശാഭിമാനികളെ അലോസരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. കാൽനൂറ്റാണ്ടുമുമ്പ്‌ ടൊയോട്ടയുടെ വളർച്ചയുടെ ഒരു ഘട്ടത്തിൽ ഈ ദേശാഭിമാനികൾ ഈ കമ്പനിയെ ഏറെ പ്രാവുകയും (Curse), ചാരിറ്റി പ്രവർത്തങ്ങളിൽ ടൊയോട്ട കാറുകളെ വലിയ ചുറ്റിക (Sledgehammers) കൊണ്ട്‌ അടിച്ച്‌, പിരിക്കുന്ന പണത്തിന്റെ അളവ്‌ കൂട്ടുക പതിവായിരുനു. അതിനെയൊക്കെ അതിജീവിച്ച്‌ വളർന്ന് വലുതായ ഈ കമ്പനിക്ക്‌ ഗ്രഹണം ബാധിച്ചതാണ്‌ അമേരിക്കയിലേയും ലോകത്തിലേയും കഴിഞ്ഞ മാസത്തെ ഏറ്റവും വലിയ വാർത്ത.


ഇതിനകം, ഏറ്റവും പ്രസിദ്ധമായ പ്രിയസ്‌ (Prius) അടക്കം, ഏകദേശം പത്തു ദശലക്ഷം (10 മില്യൻ) വാഹനങ്ങൾ മാർക്കറ്റിൽ നിന്നും പിൻവലിച്ചുകഴിഞ്ഞു. ഹൈബ്രിഡ്‌ ബ്രേക്ക്‌ (Hybrid Braking), ആക്സിലേറേറ്റർ പെഡൽ (Accelerator Pedals), സ്ലിപിംഗ്‌ ഫ്ലോർമാറ്റ്‌ (Slipping Floor Mat) എന്നിവയാണ്‌ കുഴപ്പങ്ങൾക്കെല്ലാം പ്രധാന കാരണക്കാർ (**ഗ്രാഫ്‌ കാണുക). പെട്ടെന്നുണ്ടാകുന്ന വേഗതകൂടുതൽ കൊണ്ട്‌ 34 മരണം ഇതിനകം റിപ്പോർട്ട്‌ ചെയ്തു കഴിഞ്ഞു, ആകെ 200-ലേറെ അപകടങ്ങളും. പരിചയസമ്പന്നരായ എഞ്ചിനിയർമാരെമാത്രം രൂപകൽപ്പനക്കും (Design), ഗുണനിലവാരനിർണ്ണയത്തിനും (Quality control) ഉപയോഗിക്കാറുള്ള കമ്പനി അടുത്തകാലത്തായി അതിൽ ഇളവ്‌ വരുത്തിയത്‌ ഈ ദു:രന്തത്തിനുള്ള മൂലകാരണമായി വിലയിരുത്തപ്പെടുന്നു. കൂടാതെ ഉപഭോക്താക്കളുടെ പരാതികൾ വേണ്ടത്ര ഗൗരവം കൊടുക്കാതിരുന്നതും വിനയായി. കമ്പനിയുടെ ഗ്ലോബൽ ചീഫും, യു എസ്‌ ചീഫും നാടു മുഴുവൻ നടന്ന മാപ്പപേക്ഷിക്കുന്ന ദയനീയമായ കാഴ്ച്ച ഈ കമ്പനിയിടെ സമീപഭാവി എത്ര ഇരുളടഞ്ഞതായിരിക്കുമെന്ന്‌ സൂചന നൽകുന്നു. എന്നാൽ സമീപഭാവി ഇരുളടഞ്ഞതായാലും ഇതിൽ നിന്നെല്ലാം കരകയറാനുള്ള കഴിവ്‌ ടൊയോട്ടക്കുണ്ടെന്ന് കരുതുന്നവരുണ്ട്‌. ഇതിന്റെയെല്ലാം ഗുണം തദ്ദേശീയ കമ്പനികളായ ഫോഡിനും (Ford Motors) - നും ജിയെമ്മിനും ലഭിക്കുമെന്ന് "ദേശാഭിമാനികൾ" ആശ്വസിക്കുന്നു. അതല്ല അതിന്റെ ഫലം ഹോണ്ടയും (Honda), നിസ്സാനും (Nissan) പങ്കുവെക്കുമെന്ന് കരുതുന്നവരുമുണ്ട്‌.

ശീതകാല ഒളിമ്പിക്സ്‌ - 2010 (Winter Olympics -2010)
കായികമത്സരവേദികൾ ദേശാഭിമാനത്തിന്റെ നക്ഷത്രചിഹ്നങ്ങളാണ്‌. അവിടെ സമ്പന്നരില്ല, ദരിദ്രരില്ല. യുദ്ധവും, തൻപ്രമാണിത്തങ്ങളും, മനുഷ്യനിർമ്മിത-പ്രകൃതി ദു:രിതങ്ങളും മറ്റും കുറച്ചുദിവസത്തെങ്കിലും മറക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നു. അത്‌ ഒരിക്കൽക്കൂടി തെളിയിച്ചതായി ഫെബ്രുവരി 18 മുതൽ 28 വരെ കാനഡയിലെ വാൻക്കൂവറിൽ (Vancouver) നടന്ന ശീതകാല ഒളിമ്പിക്സ്‌. 2000-ലേറെ കായികതാരങ്ങളും, 4000 - ലേറെ ഉദ്യോഗസ്ഥരും പങ്കെടുത്ത ഈ കായികമാമാങ്കം 300 കോടിയിലേറെ പേർ ടിവിയിലൂടെ കണ്ടതായി കണക്കാക്കപ്പെടുന്നു. www.vancouver2010.com എന്ന വെബ്‌ സൈറ്റിനുമാത്രം ഏഴുകോടിയിലേറെ ഹിറ്റുകൾ കിട്ടി. അമേരിക്കയിലെ ABC, CBS, NBC എന്നി മാദ്ധ്യമ ഭീമമ്മാരിൽ, കാണുന്നവരുടെ എണ്ണത്തിൽ (Viewers Rating) വൻ ഇടിവ്‌ വന്ന് പാപ്പരായി നിൽകുന്ന NBC യെ രക്ഷിച്ച ഒളിമ്പിക്സ്‌ കൂടിയായി ഈ ഒളിമ്പിക്സ്‌. മെഡൽ നിലയിൽ അമേരിക്കയും, ജർമ്മനിയും, കാനഡയും മുന്നിലായി. അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ കുറ്റമറ്റരീതിയിൽ ഒളിമ്പിക്സ്‌ നടത്തിയ കനേഡിയൻ ജനതക്ക്‌ അഭിമാനിക്കാം. 2014-ലെ ശിതകാല ഒളിമ്പിക്സ്‌ റഷ്യയിലെ സോചിയയിൽ (Sochi) നടക്കും.

പ്രകൃതി ദു:രന്തങ്ങൾ വിട്ടൊഴിയാതെ ലാറ്റിനമേരിക്ക

കഴിഞ്ഞ മാസം ഹെയ്ത്തിയിലെ ഉണ്ടായ ഭൂകമ്പത്തിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്പ്‌ ഇതാ വീണ്ടും മറ്റൊന്ന്. ഹെയ്ത്തിയി റിക്റ്റർ സ്കെയിലിൽ 7.0 ആയിരുന്നുവെങ്കിൽ ചിലിയിലെ മോലെ ( Maule ) പ്രദേശത്ത്‌ ഉണ്ടായത്‌ 8.3 ആയിരുന്നു. തലസ്ഥാനമായ സന്ദിയാഗോ (Santiago) നഗരത്തിൽ 7.0 ആയിരുന്നു. ഹെയ്ത്തിയെപ്പോലെ ദരിദ്രരാജ്യമല്ലാത്തതുകൊണ്ടും, കെട്ടിടനിർമ്മാണത്തിൽ ആധൂനിക നിർമ്മാണ വ്യവസ്ഥകൾ ഉള്ളതുകൊണ്ടും മരണം ഇതുവരെ 1000-ൽ താഴെ ഉണ്ടായുള്ളു. ഭൂകമ്പശസ്ത്രജ്ഞർ കണക്കാക്കിയിട്ടുള്ളത്‌, ഈ ഭുകമ്പം മൂലം ഒരു ദിവസത്തിന്റെ നീളം 1.26 മൈക്രോ സെക്കന്റ്‌ കുറഞ്ഞ്‌ എന്നാണ്‌. കൂടാതെ ഭൂമിയുടെ അച്ചുതണ്ട്‌ മൂന്ന് ഇഞ്ചോളം മാറി എന്നും. ഭൂമികുലുക്കം ഏകദേശം മൂന്ന് മിനിറ്റ്‌ നീണ്ടുനിന്നു. ലക്ഷക്കണക്കിന്‌ വീടുകളും കെട്ടിടങ്ങളും തകർന്നു വീണു. ഭുരിപക്ഷവും കെട്ടിടാ നിർമ്മാണവ്യവസ്ഥകൾ നിയമമാകുന്നതിനുമുമ്പുള്ള കെട്ടിടങ്ങളാണ്‌. 4000 - ലേറെ നാഴിക അതിന്റെ അനുരണനങ്ങൾ ഉണ്ടായി. അമേരിക്കയിലെ ന്യു ഓർളിയൻസ്‌ വരെ അത്‌ നീണ്ടുനിന്നു. 53 രാജ്യങ്ങളിൽ സുനാമി (Tsunami) മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചു. ആദ്യം ചിലിയൻ പ്രസിഡന്റ്‌ മിഷൽ ബാഷലറ്റ്‌ (Michelle Bachelet) കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ അന്തർദ്ദേശീയ സഹായം അവശ്യമില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട്‌ പ്രസ്താവന പിൻവലിക്കേണ്ടിവന്നു. വൈകിയിട്ടായാലും അന്തർദ്ദേശീയ സഹായം ഒഴുകിതുടങ്ങിയെന്നുള്ളത്‌ ആശ്വാസത്തിന്‌ വക നൽകുന്നു.

Earthquake epic center

തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിൽ പടിഞ്ഞാറ്‌ പസിഫിക്‌ സമുദ്രത്തിന്‌ അഭിമുഖമായ ഭൂപടം നോക്കുകയാണെങ്കിൽ കേരളത്തെപ്പോലെ നീണ്ടുനിവർന്നുകിടക്കുകയാണ്‌ ചിലി. 600 കി മി കേരളത്തിന്റെ തീരമെങ്കിൽ ചിലിയു ടെ 6000-ലേറെ വരുമെന്ന് മാത്രം. ഒന്നര കോടിയിലേറെ ജനസംഖ്യയുള്ള ചിലി അമേരിക്കൻ സഹായത്തോടെ ആധൂനിക മുതലാളിത്ത കെട്ടിപ്പടുത്ത്‌ സാമ്പത്തികമായി മുന്നേറാൻ ശ്രമിക്കുന്ന രാജ്യമാണ്‌. അഭ്യന്തരവരുമാനത്തിന്റെ 40% കയറ്റുമതിയിൽ നിന്നാണ്‌. ഖനനം, ചെമ്പ്‌, ഇരുമ്പ്‌, സ്റ്റീൽ, തൂണി എന്നിവ്യാവസായങ്ങൾകൊണ്ടും, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, മത്സ്യസമ്പത്ത്‌, വനസമ്പത്ത്‌ എന്നിവകൊണ്ടും സമ്പന്നമാണീ രാജ്യം.Augusto Pinochet
12000 BC മുതൽ മനുഷ്യവാസം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഈ പ്രദേശം 1540 മുതൽ 1818 വരെ സ്പെയിനിന്റെ കോളനിയായിരുന്നു. 1818 - ൽ സ്പെയ്നിൽ നിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും CIA സഹായത്തോടെ അമേരിക്ക ജനാധിപത്യ അട്ടിമറികൾ നടത്തിയ രാജ്യമാണ്‌ ചിലി. 1973 - ൽ അമേരിക്കൻ സഹായത്തോടെ സോഷ്യലിസ്റ്റ്‌ പ്രസിഡന്റ്‌ സാൽവദോർ അലന്റെയെ (Salvador Allende) പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി ജനറൽ അഗസ്റ്റോ പിനോച്ചേ (Augusto Pinochet) അധികാരത്തിൽ വന്നു. പിന്നീടുള്ള 17 വർഷം ചിലിയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായവും അമേരിക്കയുടെ ജനാധിപത്യ മുഖംമൂടി വെളിപ്പെടുത്തുന്നതുമാണ്‌. 1988 - ൽ ചിലി മുതലാളിത്ത ജനാധിപത്യത്തിലേക്ക്‌ തിരിച്ചുവന്നു.ഓസ്കർ വിവാദം

Photo: Sandra Bullack
82- മത്‌ ഓസ്കർ അവാർഡുകൾ മാർച്ച്‌ 7 - ന്‌ ഞായറാഴ്ച്ച ഹോളിവുഡിലെ കൊഡാക്ക്‌ തിയ്യേറ്ററിൽ വെച്ച്‌ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നൽകും. ഇത്തവണത്തെ പ്രധാന വിവാദം ഹർട്ട്‌ ലോക്കർ (Hurt Locker) എന്ന സിനിമയുടെ നിർമ്മാതാവ്‌ നിക്കൊളസ്‌ ചാർട്ടിയർ (Nicolas Chartier) ഇമെയിലിലൂടെ അക്കാദമി അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതാണ്‌. ഏറ്റവും നല്ല സിനിമക്കുള്ള അവാർഡ്‌ കിട്ടാൻ സാദ്ധ്യതയുള്ള അവതാർ (Avatar) -നെ ഗ്രേഡിങ്ങിൽ പത്താം സ്ഥാനത്തും തന്റെ സിനിമയെ ഒന്നാം സ്ഥാനത്തും വോട്ടു ചെയ്യണമെന്നാണ്‌ അദ്ദേഹത്തിന്റെ ഇമെയിലിലൂടെയുള്ള അപേക്ഷ. വിവാദം കൊഴുക്കുന്നതിനിടെ നിർമ്മാതാവ്‌ മാപ്പുപറഞ്ഞു തടിയൂരി.
Photo: George Clooney

അവതാറിന്റെ സാങ്കേതികതിളക്കം മാറ്റിനിർത്തിയാൽ, The Blind Side, Inglourious Basterds തുടങ്ങിയ നല്ല ചിത്രങ്ങളും, Sandra Bullock, George Clooney തുടങ്ങിയ പ്രമുഖ ഹോളിവുഡ്‌ താരങ്ങളും മത്സരത്തിനുള്ള വർഷമാണിത്‌. "ഗാന്ധി"(1982)ക്കുശേഷം ഇന്ത്യ നിറഞ്ഞുനിന്ന വർഷമായിരുന്നു കഴിഞ്ഞ വർഷം (Slumdog Millionaire). ഹോളിവുഡ്ഡിൽ ഇന്ത്യ നിറയാൻ ഇനി 30 വർഷം കാത്തിരിക്കേണ്ടി വരില്ലെന്നു കരുതാം.

മാർച്ച്‌ 1, 2010.


*