Monday, December 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 26

അമ്പഴയ്ക്കാട്ട് ശങ്കരൻ


ഒടുവിൽ ഒബാമക്കൊരു നല്ല വാർത്ത

കഴിഞ്ഞ ഒരു വർഷമായി ഒബാമയുടെ അംഗീകാര സൂചിക (approval rate) കുറഞ്ഞു കുറഞ്ഞ് വരികയായിരുന്നു. അത് 38% വരെ കുറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അടുത്ത വർഷം തെരഞ്ഞെടുപ്പിൽ ഒബാമ ജയിക്കില്ലെന്ന് യാഥാസ്തികരായ മാധ്യമ പണ്ഡിതർ പ്രവചിച്ചു തുടങ്ങി. അടുത്ത വർഷം തെരഞ്ഞെടുപ്പിനുമുമ്പ് തൊഴിലില്ലായ്മ 7 ശതമാനത്തിൽ താഴെയായാൽ ഒബാമക്ക് വിജയം ഉറപ്പാക്കാൻ കഴിയും. അതിന്റെ സൂചനകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്. നവമ്പറിൽ തൊഴിലില്ലായ്മ 9.2-ൽ നിന്നും 8.6 ശതമാനമായി കുറഞ്ഞു. നവമ്പറിൽ തൊഴിൽ കിട്ടിയവരുടെ എണ്ണത്തിന്റെ (120,000) ഏകദേശം നാലിരട്ടി (487,000) പേർ തൊഴിലന്വേഷണം നിർത്തിയതുകൊണ്ടാണ്‌ തൊഴിലില്ലായ്മ കുറഞ്ഞതെന്നുള്ളത് ഒബാമക്ക് അമിത ആഹ്ലാദത്തിന്‌ വക നല്കുന്നില്ലെന്നത് നേരാണ്‌. എന്നാലും സ്ഥിതിവിവരക്കണക്കിന്റെ കളിയിൽ ഒബാമക്ക് ഒരു കച്ചിതുമ്പ് കിട്ടിയിരിക്കുന്നു.

2008-ലെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന ഉറവിടം വീടുനിർമാണമേഖലയായിരുന്നു. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച്  മാന്ദ്യം തുടങ്ങിയതിനുശേഷം വീടുകളുടെ വില്പനയിൽ നാലു ശതമാനം വർദ്ധന രേഖപ്പെടുത്തിയിരിക്കുന്നു. 2009-ൽ വിലപന 16 ശതമാന കുറവായിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ്‌ ഈ വർദ്ധനയുടെ പ്രാധാന്യം മനസ്സിലാവുക.  ഇക്കാലത്ത് വീട് ഒരു വാസസ്ഥലം മാത്രമല്ല ഒരു നിക്ഷേപ വസ്തു കൂടിയാണ്‌. അതുകൊണ്ട് തന്നെ വീട് നിർമ്മാണ മേഖല സജീവമായാൽ സമ്പദ് വ്യവസ്ഥക്ക് അത് ഉണർവ്വ് നല്കും. സമ്പദ് വ്യവസ്ഥ മാന്ദ്യത്തിൽ നിന്ന് കരകയറുകയും തൊഴിലില്ലായ്മ കുറയുകയും ചെയ്താൽ ഒബാമ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് മാത്രമല്ല, അത് ലോക സമ്പദ് വ്യവസ്ഥയിൽ ചലനങ്ങളുണ്ടാക്കുകയും ചെയ്യും. അത് യുദ്ധവെറി പിടിച്ച റിപ്പബ്ലിക്കൻ പാർട്ടി ജയിക്കുന്നതിൽ നിന്നും വളരെ ഭേദമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഹെർമൻ കെയിനിന്റെ പതനം

ഹെമൻ കെയിൻ
റിപ്പബ്ലിക്കൻ പാർട്ടി ഒരു കറുത്തവർഗ്ഗക്കാർനെ  തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കുമെന്ന് വിശ്വസിക്കുന്ന നിഷ്ക്കളങ്കർ (naive) ഇവിടെ ഉണ്ടായിരുന്നു എന്നുള്ളത് ആശ്ചര്യജനകമാണ്‌. ഹെർമൻ കെയിൻ വിദേശകാര്യത്തിൽ നിപുണനായിരുന്നാലും, വിവാഹേതര ബന്ധങ്ങളെ കുറിച്ചുള്ള അപവാദങ്ങൾ ഇല്ലായിരുന്നെങ്കിലും റിപ്പബ്ലിക്കൻ പാർട്ടി ഒരു കറുത്തവർഗ്ഗക്കാർനെ തങ്ങളുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കമെന്ന് വിശ്വസിക്കുന്നവർ മൂഢസ്വർഗത്തിലാണ്‌. എന്നിട്ടും റിപ്പബ്ലിക്കൻ പ്രാഥമിക മത്സര സംവാദക്കാലത്തെ കുറച്ചുകാലത്തേയ്ക്കെങ്കിലും സർവേകളിൽ കെയിൻ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു എന്നുള്ളത് റിപ്പബ്ലിക്കൻ പ്രസിഡണ്ട് മോഹികളിൽ ഒരാളെപ്പോലും റിപ്പബ്ലിക്കാർക്ക് ഇഷ്ടപ്പെട്ടില്ലെന്നതിന്റെ തെളിവാണ്‌. കെയിനിന്റെ പതനം മുൻ സ്പീക്കറും മുതിർന്ന റിപ്പബ്ലിക്കൻ നേതവുമായ ഗിഗ്രിച്ചിന്‌ അനുകൂലമായി. പ്രസിദ്ധരുടെ വിവാഹേതര ബന്ധങ്ങൾ, ലൈംഗീക അപവാദങ്ങൾ, സ്ത്രീ പീഡങ്ങൾ,  എന്നിവ മാദ്ധ്യമങ്ങൾക്ക് ആഘോഷമാണ്‌. പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫുട്ബാൾ (അമേരിക്കൻ) അസിസ്റ്റന്റ് കോച്ച് ജെറി സാൻഡസ്കിയുടെ ബാലപീഡന കേസ്, സേറക്യൂസ് (syracuse) യൂണിവേഴ്സിറ്റിയിലെ ബാസ്ക്റ്റ് ബാൾ അസിസ്റ്റന്റ് കോച്ച് ബേണീ ഫൈനിന്റെ (Bernie Fine) മറ്റൊരു ബാല പീഡനകേസ്, മൈക്കിൾ ജാക്സൺന്റെ സ്വകാര്യ ഡോക്ടർ കോൺറാഡ് മുറേയുടെ (Conrad Murray) ശിക്ഷ എന്നിവയും കഴിഞ്ഞ മാസം മാദ്ധ്യമങ്ങൾ നന്നായി ആഘോഷിച്ചു.

നിക്കരാഗ്വ (Nicaragua)

മദ്ധ്യ അമേരിക്കൻ മുനമ്പിലെ (isthmus) ഏറ്റവും വലിയ രാജ്യമാണ്‌ നിക്കരാഗ്വ. അതിന്റെ അർത്ഥം ജലത്താൽ ചുറ്റപ്പെട്ടത് (surrounded by water) എന്നാണ്‌. 500 ബി.സി.-യിൽ മെക്സിക്കോയിൽ നിന്നും കുടിയേറിയവരാണ്‌ ഇവിടെ ജനവാസത്തിന്‌ തുടക്കം കുറിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ഈ ഭൂപ്രദേശം സ്പാനിഷ് സാമ്രാജത്വം ഈ പ്രദേശം കീഴടക്കി. 1821-ൽ സ്പെയിനിൽനിന്നും സ്വതന്ത്രമായി. സ്പെയിനിൽനിന്നും സ്വതന്ത്രമായതിനുശേഷം അമേരിക്കൻ സാമ്രജത്വം ഒരിക്കലും നിക്കരാഗ്വയെ അതിന്റെ പാട്ടിന്‌ വിട്ടിട്ടില്ല. ശക്തമായ സോഷ്യലിസ്റ്റ് ധാര ഉള്ളതുകൊണ്ട് സാമ്രാജത്വ വിരുദ്ധ പോരാട്ടങ്ങളുടെ അഭിമാനകർമായ ഒരു ചരിത്രം ഈ രാജ്യത്തിനുണ്ട്.
1909-33 കാലത്തും പിന്നീട് റീഗന്റെ കാലത്തും അമേരിക്ക ഇവിടെ നേരിട്ട് ഇടപെട്ടു. മറ്റു സമയങ്ങളിൽ തങ്ങളുടെ പാവഗവർമെന്റുകളെയും (The Somoza dynasty (1936–79)), പട്ടാളഭരണത്തെയും പിന്തുണച്ചു.

Daniel Ortega
1961-മുതൽ സാൻഡിനിസ്റ്റ് ശകതികൾ കരുത്താർജ്ജിക്കുകയും പിന്നീട് മാറിമാറി ഇടതു വലതു ശക്തികൾ അധികാരത്തിൽ വന്നുകൊണ്ടിരിക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രസിഡന്റ് ഒർട്ടേഗ (Daniel Ortega, Sandinista National Liberation Front) ഇടതു പക്ഷക്കാരനാണ്‌. ഏതുസാഹചര്യത്തിലും ഗർഭഛിദ്രം കുറ്റകരമാണെന്ന നിയമം നിലവിലുള്ള ലോകത്തെ അഞ്ചു രാജ്യങ്ങളിൽ ഒന്നാണ്‌ നിക്കരാഗ്വ. വലതുപക്ഷ ഭരണം നിലവിലുള്ളപ്പോഴാണ്‌ ഈ നിയമം പാസ്സായത്.




San Juan del sur Bay
60 ലക്ഷത്തോളം ജനസംഖ്യയുള്ളതിൽ 97 ശതമാനവും സ്പാനിഷ് ഭാഷ സംസാരിക്കുന്നവരാണ്‌. തെക്കെ അമേരിക്കയിലെ ഏറ്റവും ദരിദ്രരാജ്യമാണ്‌ ഇത്. വിവിധ ചരിത്രഘട്ടങ്ങളിലെ സാമ്രാജത്വ ഇടപെടലുകളും അതിന്റെ ഫലമായിട്ടുണ്ടായ രാഷ്ട്രീയ അസ്ഥിരതയും ആണ്‌ അതിന്റെ കാരണങ്ങളിലൊന്ന്.  60 ശതമാനം കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്‌. കാപ്പിയും പരുത്തിയുമാണ്‌ പ്രധാന കയറ്റുമതി. മത്സ്യബന്ധനം, ഖനനം, വിനോദസഞ്ചാരം, വനസമ്പത്ത് തുടങ്ങിയ സമ്പദ് വ്യവസ്ഥയുടെ മറ്റു പ്രധാന മേഖലകളാണ്‌. തടാകങ്ങളും അഗ്നിപർവതങ്ങളും നിറഞ്ഞ ഈ രാജ്യത്തിന്റെ ചരിത്രം ലോകത്തെമ്പാടുമുള്ള സാമ്രാജത്വവിരുദ്ധമുന്നേറ്റങ്ങൾക്ക് ആവേശം പകരുന്നതാണ്‌.

സംസ്ഥാനങ്ങളിലൂടെ........

ടെക്സസ് (Texas)

ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും ഭൂവിസ്തൃതിയിൽ രണ്ടാം സ്ഥാനത്തും നില്ക്കുന്ന സംസ്ഥാനമാണ്‌ ടെക്സസ്. തദ്ദേശീയ കഡോ (caddo) ഭാഷയിലെ വാക്കായ Tejas എന്ന് വാക്കിൽ നിന്നാണ്‌ ടെക്സസ് എന്ന് പേര്‌ ലഭിക്കുന്നത്. അതിന്റെ അർത്ഥം സുഹൃത്ത് അഥവാ സഖ്യത്തിലുള്ളവർ (allies) എന്നാണ്‌. 1685-ൽ സ്പെയിൻ കോളനിയാക്കുന്നതിന്‌ മുമ്പ്, ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്യുബ്ലോ (Pueblo), മിസിസ്സിപ്പിയൻ, മിസൊ അമേരിക്ക(Mesoamerica) എന്നീ തദ്ദേശീയ സംസ്കാരങ്ങൾ നിലനിന്നിരുന്നു. സ്പെയിൻ കൂടാതെ ഫ്രാൻസ്, മെക്സിക്കൊ തുടങ്ങിയവരും ഇവിടം കോളനിയാക്കിയിട്ടുണ്ട്. 1836-ൽ മെക്സിക്കോയോട് യുദ്ധം ചെയ്തു സ്വതന്ത്രരാഷ്ട്രമായി. 1845 ഡിസംബർ 29-ന്‌ ഇരുപത്തിയെട്ടാമത്തെ സംസ്ഥാനമായി അമേരിക്കൻ യൂണിയനിൽ ചേർന്നു.

Palo Duro Canyon
രണ്ടര കോടി ജനസംഖ്യയുള്ള ടെക്സസിലെ പ്രധാന നഗരങ്ങൾ ഹ്യൂസ്റ്റൊൺ, സെൻ അന്റോണിയോ, ഓസ്റ്റിൻ, ഡാലസ് എന്നിവയാണ്‌. ഇന്ത്യയുമായോ, കനഡയുമായോ താരതമ്യം ചെയ്യാവുന്ന അഭ്യന്തര ഉത്പാദനം ഉള്ള ഒരു സംസ്ഥാനമാണ്‌ ഇത്. ലോകത്തിലെതന്നെ പന്ത്രണ്ടാമത്തെ സമ്പദ് വ്യവസ്ഥ. അതിന്റെ പ്രധാന കാരണം പെട്രോളിയം ഖനനമാണ്‌. കൂടാതെ കൃഷി, ആടു-മാടു വളർത്തൽ, മത്സ്യ ബന്ധനം, ഖനവ്യവസായങ്ങൾ, സേവനമേഖല എന്നിവകൊണ്ട് സമ്പന്നമാണീ സംസ്ഥാനം. അമേരിക്കൻ പ്രസിഡന്റുമാരിൽ ഐസൻഹോവറും (Dwight D. Eisenhower), ജോൺസണും (Lyndon B. Johnson) ഇവിടെ ജനിച്ചവരാണ്‌. രണ്ടു ബുഷുമാരും (George H. W. Bush, George W. Bush) ഇവിടെ ജനിച്ചവരല്ലെങ്കിലും ഇവിടേക്ക് താമസം മാറ്റി പിന്നീട് അമേരിക്കൻ പ്രസിഡണ്ടായവരാണ്‌. റോമൻ കാത്തലിക് വിഭാഗത്തിന്‌ നിർണ്ണായക സ്വാധീനമുള്ള പ്രദേശം കൂടിയാണിത്. യാഥാസ്തിതികർക്ക് സ്വാധീനമുള്ളതുകൊണ്ട് റിപ്പിബ്ലിക്കാർ നിർണ്ണായ വൻ ഭൂരിപക്ഷമുള്ള സംസ്ഥാനമാണ്‌ ടെക്സസ്. ടെക്സസിന്‌ മുകളിൽ ആറ്‌ പതാകകൾ (Six Flags Over Texas) എന്ന പ്രയോഗം സമ്പദ്-സമൃദ്ധി നിറഞ്ഞ ഈ പ്രദേശത്തെ, വിവിധ ചരിത്രഘട്ടങ്ങളിൽ,  കീഴടാക്കി ഭരിച്ചവരുടെ ഓർമ്മ പുതുക്കൽ കൂടിയാണ്‌. സ്പെയിൻ, ഫ്രാൻസ്, മെക്സിക്കോ, റിപ്പബ്ലിക് ഓഫ് ടെക്സസ്, കൺഫെഡറേറ്റ് സ്റ്റേറ്റ് ഒഫ് അമേരിക്ക, യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക എന്നിവയാണ്‌ അവ.

ഡിസംബർ 5, 2011.

*

Saturday, November 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 25

അമ്പഴയ്ക്കാട്ട് ശങ്കരൻ


വാൽസ്റ്റ്ട്രീറ്റ് കയ്യേറ്റ (Occupy Wall Street) സമരത്തിന്റെ പ്രാധാന്യം

1989-ൽ കനഡയിൽ ആരംഭിച്ച അഡ്ബസ്റ്റേർസ് (Adbusters) എന്ന മുതലാളിത്ത വിരുദ്ധ (anti-capitalist), ഉപഭോഗസംസ്ക്കാരത്തിനെതിരായി (anit-consumerism) പ്രവർത്തിക്കുന്ന പ്രകൃതിസ്നേഹികളായ പുരോഗമനവാദി പ്രവർത്തകരാണ്‌ ഇപ്പോൾ ലോകത്തെമ്പാടും സജീവമായ കോർപ്പറേറ്റ് ആർത്തിക്കെതിരായ മുന്നേറ്റം ആരംഭിച്ചത്. സെപ്റ്റംബർ 17 നാണ്‌ വാൾസ്ട്രീറ്റ് കയ്യേറ്റ സമരം ഇവിടെ തുടങ്ങുന്നത്. സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, കോർപ്പറേറ്റ് ആർത്തി, അവയുടെ സർക്കാരിലുള്ള അമിതസ്വ്വധീനം തുടങ്ങി നിരവധി വിഷയങ്ങൾ ഈ സമരക്കാർ ഉയർത്തുന്നുണ്ട്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വളരെ വർദ്ധിച്ചതുകൊണ്ട് “ഞങ്ങളാണ്‌ 99% (we are the 90%)” എന്ന ഇവരുടെ മുദ്രാവാക്യം വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. രണ്ടു വർഷം മുമ്പ് സർക്കാരും അതിന്റെ നിയമങ്ങളുമാണ്‌ എല്ലാ കുഴപ്പങ്ങൾക്കും കാരണം എന്ന് പറഞ്ഞ് സമരം തുടങ്ങിയ ചായസത്ക്കാര മുന്നേറ്റക്കാർക്കുള്ള (Tea Party Movement) മറുപടി കൂടിയാണ്‌ ഈ ഇടതുപക്ഷം മുന്നേറ്റം. സാമ്പത്തിക തകർച്ചയുടേയും, തൊഴിലില്ലായ്മയുടേയും, ഭീമമായ വിദേശകടത്തിന്റേയും സാഹചര്യത്തിൽ പ്രതിരോധത്തിലായിരുന്ന ഒബാമക്ക് ഉണർവ് നല്കുന്നതാണ്‌ പുരോഗമനവാദികളുടെ ഈ മുന്നേറ്റം.

വലതുപക്ഷത്തെ പിന്തുണക്കുന്ന ഫോക്സ് പോലെയുള്ള മാദ്ധ്യമങ്ങളൊഴികെ മറ്റു മാദ്ധ്യമങ്ങൾ ഈ സമരത്തെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാർക്സ്, മാർക്സിസം, സോഷ്യലിസം തുടങ്ങിയ വാക്കുകൾ ഈ സമരത്തിന്റെ ഭാഗമായി കേട്ടു തുടങ്ങിയിരിക്കുന്നു. ഈ വാക്കുകൾ പറയാൻ മടിയുള്ള ചാനലുകൾ അരാജകവാദികൾ (anarchists) എന്നോ തീവ്ര ഇടതുപക്ഷക്കാർ എന്നോ പറയും. ചെറിയ അക്രമസംഭവങ്ങൾ പെരുപ്പിച്ചു കാണിച്ച് മുന്നേറ്റത്തിന്റെ യഥാർത്ഥവിഷയങ്ങളെ മറയ്ക്കുകയോ, മറക്കുകയോ ആണ്‌ ഇവരുടെ ലക്ഷ്യം. നിറം ചെവപ്പായതുകൊണ്ട് കറികളിൽ ചെമന്ന മുളക് അഥവ കൊല്ലൻ മുളക് ഉപയോഗിക്കാത്തവരാണിവർ (“റഷ്യയിൽ മഴ പെയ്യുമ്പോൾ കേരളത്തിൽ കുടപിടിക്കുന്നവർ” എന്നതിന്‌ മറുപടിയായി നാട്ടിൽ പറയുന്ന ശൈലി ഉപയോഗിച്ചുവെന്നേയുള്ളു). മുതലാളിത്തം ചരിത്രത്തിന്റെ അവസാനമാണ്‌ എന്ന് സിദ്ധാന്തത്തിന്‌ മറുപടികൂടിയാണ്‌ അമേരിക്കയിലെ പ്രധാന നഗരങ്ങളിലേക്കും ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ച ഈ സമരം. 2012-ലെ തെരഞ്ഞെടുപ്പിൽ ഒബാമയെ എളുപ്പത്തിൽ തോല്പിക്കാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാർക്ക് ഇരുട്ടടി കിട്ടിയ പോലെയായി ഈ ജനമുന്നേറ്റം. മൈക്കിൽ മോർ (Michael Moore), മാർക്ക് റഫല്ലൊ (Mark Ruffalo), സൂസൻ സറഡൻ (Susan Sarandon), റസ്സൽ സിമ്മൺസ് (Russel Simmons) തുടങ്ങിയ അനവധി ഹോളിവുഡ് താരങ്ങളും, സംഗീതജ്ഞരും ഈ മുന്നേറ്റത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടക്കിടെ പൊട്ടിപുറപ്പെടുന്ന വിവിധ രാജ്യങ്ങളിലെ ഇത്തരം മുന്നേറ്റങ്ങൾ ജനങ്ങളെ ആകർഷിക്കാനും, ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ചക്ക് വിധേയമാക്കാനും കഴിയുമെങ്കിലും, സമഗ്രമായ ഒരു വീക്ഷണത്തിന്റേയും അതിനു യോജിച്ച സംഘടനയുടേയും, നേതൃത്വത്തിന്റേയും അഭാവം വ്യവസ്ഥിതിയിൽ കാതലമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കരുതാൻ വയ്യ.

ഫോക്‌ലന്റ് ദ്വീപുകൾ (Falkland Islands)

തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്‌ 500 കി. മീ. തെക്കുകിഴക്ക് മാറി അറ്റ്ലാന്റിക് സമുദ്രത്തിൽ 800-ഓളം വരുന്ന ദ്വീപുകളുടെ സമൂഹമാണ്‌ ഫൊക്‌ലന്റ്. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യന്മാർ എത്തുന്നതുവരെ മനുഷ്യവാസമില്ലാത്ത പ്രദേശമായിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടിലാണ്‌ വലിയ തോതിൽ കുടിയേറ്റം തുടങ്ങുന്നത്. അർജന്റീനയും ബ്രിട്ടനുമായി അവകാശതർക്കമുള്ള പ്രദേശാമാണിത്. ഇതിന്റെ പേരിൽ 1982-ൽ ഇവർ തമ്മിൽ യുദ്ധമുണ്ടായിട്ടുണ്ട്. രണ്ടര മാസത്തോളം നീണ്ടുനിന്ന് യുദ്ധത്തിനൊടുവിൽ അർജന്റീന കീഴടങ്ങി. വിദേശാകാര്യവും, പ്രതിരോധവും ബ്രിട്ടന്റെ നിയന്ത്രണത്തിലാണെങ്കിലും മറ്റെല്ലാ വകുപ്പുകളിലും തദ്ദേശിയർക്ക് സ്വയം ഭരണാവകാശമുണ്ട്. ബ്രിട്ടന്റെ കീഴിലുള്ള ഒരു പ്രൊവിൻസ് പോലെ രാജ്ഞിയുടെ പ്രതിനിധിയായി ഗവർണ്ണറും ഉണ്ട്. മുവായിരമാണ്‌ ജനസംഖ്യ. അതിൽ 60% ക്രിസ്തുമതവിശ്വാസികളും , 30 % മതമൊന്നും ഇല്ലാത്തവരാണെന്ന പ്രത്യേകതകൂടിയുണ്ട്. 70 ശതമാനവും നഗരവാസികളാണ്‌.

Falkland Island Fox

പ്രധാനമായും ഈ ദ്വീപസമൂഹത്തിന്റെ കിഴക്കും പടിഞ്ഞാറുമായി (West Falkland and East Falkland) വേർതിരിച്ചിരിക്കുന്നു. യൂറോപ്യന്മാർ ഇവിടെ എത്തുമ്പോൾ വാറാ (Warrah) എന്നറിയപ്പെടുന്ന കുറുക്കന്മാരുടെ വിഹാരകേന്ദ്രമായിരുന്നു ഇവിടം. പത്തൊമ്പതാം നൂറ്റാണ്ടോടെ ഇവക്ക് വംശനാശം സംഭവിച്ചു. ദീപുകൾക്ക് ചുറ്റുമുള്ള കടലിൽ 14 തരത്തിലുള്ള സസ്തനികളുണ്ട്. കടലാന, കടല കുതിര, വിവിധ തരത്തിലുള്ള പെൻഗ്വിനുകൾ തുടങ്ങിയവ ഇവിടെ ധാരാളമായിട്ടുണ്ട്. സസ്യ ജന്തു സമ്പത്തുകൊണ്ട് അനുഗൃഹീതമായ ഇവിടം വലിയൊരു വിനോദസഞ്ചാര കേന്ദ്രമാണ്‌. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയും, ആടുവളർത്തലും, മീൻപിടുത്തവും ആണ്‌. മിൻപിടുത്തം പാട്ടത്തിനുകൊടുത്ത് വലിയ വരുമാനം ഉണ്ടാക്കുന്നുണ്ട്. ഖനനം ബുദ്ധിമുട്ടേറിയതാണെങ്കിലും ഈ പ്രദേശം എണ്ണ സമ്പന്നമായതുകൊണ്ടാണ്‌ ബ്രിട്ടനും അർജന്റീനയും ഈ പ്രദേശത്തിനുവേണ്ടി വാശി പിടിക്കുന്നത്. 2016-ഓടെ എണ്ണ ഉത്പാദനം തുടങ്ങാനുകുമെന്ന് ബ്രിട്ടനിലെ എണ്ണ-പ്രകൃതിവാതക കമ്പനിയായ റോക് ഹോപ്പെർ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളിലൂടെ.......

അരിസോണ (Arizona)

മെകിസ്കോയോട് ചേർന്നുകിടക്കുന്ന തെക്കൻ സംസ്ഥാനങ്ങളിലൊന്നാണ്‌ അരിസോണാ. 1912 ഫെബ്രുവരി 14-നാണ്‌ 48-മത് സംസ്ഥനമായി അമേരിക്കൻ യൂണിയനിൽ അംഗമാകുന്നത്.1539-ലാണ്‌ സ്പാനിഷുകാർ ഇവിടെ എത്തുന്നത്. ഇക്കാലത്ത് തദ്ദേശീയരെ (Native Americans ) ക്രിസ്തുമതത്തിലേക്ക് വൻതോതിൽ പരിവർത്തന്മ് ചെയ്തു. ടൂസാൻ (Tucson), ടൂബാക് (Tubac) എന്നീ നഗരങ്ങൾ ഇക്കാലത്ത് ഉയർന്നു വന്നതാണ്‌. 1821 - ൽ മെക്സിക്കോ സ്പെയിനിൽ നിന്നും സ്വതന്ത്രമാകുമ്പോൾ അരിസോണ മെക്സിക്കോയുടെ ഭാഗമായിരുന്നു. 1847 അമേരിക്കൻ-മെക്സിക്കൻ യുദ്ധത്തിൽ ഇന്നത്തെ അരിസോണയടക്കം വടക്കൻ മെക്സിക്കോയുടെ ഭൂരിപക്ഷം ഭാഗങ്ങളും തങ്ങളുടേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് അമേരിക്ക പിടിച്ചെടുത്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് അരിസോണ ജർമ്മനി-ഇറ്റലി-ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നും കൊണ്ടുവന്ന യുദ്ധത്തടവുകാരെ പാർപ്പിച്ചിരുന്ന കൂടാരങ്ങളുടെ (camps) കേന്ദ്രമായിരുന്നു.

Grand Canyon Horse Shoe Bend
കുടിയേറ്റം കൊണ്ട് വലിയ തോതിൽ ജനസംഖ്യാ വർദ്ധനവ് ഉണ്ടായ സംസ്ഥാനമാണ്‌ അരിസോണ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ 3 ലക്ഷം ഉണ്ടയിരുന്ന ജനസംഖ്യ 1970 ആകുമ്പോഴേക്കും 20 ലക്ഷാവും 2011-ൽ 60 ലക്ഷാവും ആയിത്തീർന്നു. അടുത്തകാലത്ത് നിയമസഭ പാസ്സാക്കിയ കുടിയേറ്റനിയമ രാജ്യത്തെ ഏറ്റവും കർക്കശ്ശമായതാണ്‌. ചെമ്പുഖനനം, കാലിവാളർത്തൽ, പരുത്തി (cotton), ചെറുനാരങ്ങ (citrus) തുടങ്ങിയവ സമ്പദ് ഘടനയുടെ നട്ടെല്ലാണ്‌. അതുപോലെ തന്നെ വിനോദസഞ്ചാരവും, മരുഭൂമികൊണ്ട് നിറഞ്ഞ ഈ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സാണ്‌. ലോക പ്രശസ്തമായ ഗ്രാന്റ് കാനിയൻ (Grand Canyon), മൊഗ്യോൺ ഇടുക്ക് (Mogollon Rim), ഉത്ക്ക വീണുണ്ടായ ഗർത്തം (Meteor Crater), സഗ്വാരൊ നാഷണൽ പാർക്കിലെ സുര്യാസ്തമയം, കോളറാഡോ നദിയിലെ കുതിരകുളമ്പ് വളവ് (The Horseshoe Bend of the Colorado River) എന്നിവ വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ്‌. രാഷ്ട്രീയമായി ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കമുണ്ടെങ്കിലും കഴിഞ്ഞകാലങ്ങളിൽ ഡെമോക്രാറ്റുകൾക്കായിരുന്നു സ്വാധീനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒബാമയോട് തോറ്റ ജോൺ മക്കയിൽ അരിസോണയിൽ നിന്നുള്ള സെനറ്ററാണ്‌. ഓൺലൈൻ വിദ്യാഭാസത്തിന്റെ തലതൊട്ടപ്പനായ ഫീനിക്സ് സർവകലാശാലയുടെ കേന്ദ്രം അരിസോണയാണ്‌. തലസ്ഥാനമായ ഫീനിക്സ് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവുമാണ്‌.

നവമ്പർ 5, 2011.

*

Wednesday, October 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 24

അമ്പഴയ്ക്കാട്ട് ശങ്കരൻ

ഒബാമയുടെ തൊഴിൽ പദ്ധതി (Job Plan)

അത്യഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്‌ ലോകവും അമേരിക്കയും കടന്നുപോകുന്നത്. 1930-കളിലെ മാന്ദ്യത്തിനുശേഷം ഏറ്റവും പ്രതിസന്ധിനിറഞ്ഞ കാലഘട്ടം. ഒമ്പതുശതമാനത്തിലേറെയുള്ള തൊഴിലില്ലായ്മ, നിർമ്മാണമേഖലയുടേയും ബാങ്കിങ്ങ് മേഖലയുടേയും തകർച്ച, 14 ട്രില്യൻ ഡോളറിലധികം ഉള്ള ഫെഡറൽ ഗവണ്മെന്റിന്റെ കടം തുടങ്ങി ഒബാമ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്‌. 2009-ൽ അധികാരത്തിലേറിയ ഉടനെ നടപ്പാക്കിയ എണ്ണൂറോളം ബില്യൻ ഡോളറിന്റെ സാമ്പത്തിക ഉത്തേജനപദ്ധതി (economic stimulus plan) കൂടുതൽ ആഴത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരുന്ന  സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്താൻ സഹായിച്ചെങ്കിലും, വളർച്ചക്ക് ആക്കം കൂട്ടാൻ സഹായിച്ചില്ല. 2012-ൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ, തൊഴിലില്ലായ്മ 9%-ത്തിലേറെ നിലനില്ക്കെ ജയിക്കാനുള്ള സാദ്ധ്യത തുലോം കുറവാണെന്ന തിരിച്ചറിഞ്ഞ്, തന്റെ 400 ബില്യൻ ഡോളറിലേറെയുള്ള തൊഴിൽ പദ്ധതിയുമായി സെപ്റ്റമ്പർ 8-ന്‌ ഒബാമ യു എസ് കോൺഗ്രസിനേയും അമേരിക്കൻ ജനതയേയും അഭിസംബോധന ചെയ്തത്.

ഒബാമ യു എസ് കോൺഗ്രസിൽ


ചെറുകിട കച്ചവടക്കാർക്കും സാധാരണക്കാർക്കും നികുതിയിളവുകളും, വ്യവസായ സംരഭകർക്ക് ആനുകൂല്യങ്ങളും ഒബാമയുടെ തൊഴിൽ പദ്ധതിയിലുണ്ട്. അതുപോലെ തന്നെ അദ്ധ്യാപകർ, പൊലീസുകാർ, ഫൈർഫൈറ്റേർസ് തുടങ്ങിയവർക്ക് തൊഴിൽ നഷ്ടപ്പെടാതിരിക്കാനും, പുതിയ തൊഴിലവസരങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്. റോഡുകൾ, പാലങ്ങൾ, പുതിയ വിദ്യാലയങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം, അന്തരീക്ഷത്തെ മലിനീകരിക്കാത്ത ഉർജ്ജസ്രോതസ്സുകൾ, വിവര സാങ്കേതികരംഗത്തെ വികസനം എന്നിവ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഒബാമ കരുതുന്നു. ഉടനെയല്ലെങ്കിലും വരുമാനം കണ്ടെത്തുന്നതിനുവേണ്ടി വൻകിടക്കാരുടെ നികുതിയിളവുകൾ എടുത്തുകളയുകയോ പുതിയ നികുതികൾ ഏർപ്പെടുത്തുകയോ വേണ്ടി വരുമെന്ന ഒബാമയുടെ വാദം റിപ്പബ്ലിക്കാർക്ക് അത്ര രുചിച്ചിട്ടില്ല. ഒരു വക പുതിയ നികുതിയും അനുവദിക്കാൻ കഴിയില്ലെന്ന കടുപിടുത്തത്തിലാണവർ. പ്രതിനിധി സഭയിൽ അവർക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് തൊഴിൽ പദ്ധതി നിയമമാകാൻ ഒബാമക്ക് ഏറെ കടമ്പകൾ കടക്കേണ്ടിവരും.

911 സ്മരണ

911 future memorial

2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിനുശേഷം 10 വർഷം കടന്നുപോയിരിക്കുന്നു. 3000-ലേറെ പേരുടെ മരണത്തിനിടയാക്കിയ ആ ദു:രന്തത്തിൽ നിന്നും അമേരിക്ക പുർണ്ണമായും മുക്തമായി എന്ന് പറയാൻ കഴിയില്ല. ബിൻ ലാദന്റേയും, അല്കയ്ദായുടെ പ്രമുഖ നേതാക്കന്മാരുടെയും കൊലപാതകങ്ങൾ അമേരിക്കൻ മനസ്സിന്‌ ആശ്വാസം പകരുന്നുണ്ട്. പതു വർഷം നീണ്ടുനിന്ന ഇറാക്കിലേയും അഫ്ഘാനിസ്താനിലേയും യുദ്ധങ്ങൾ പരിസമാപ്തിയോടാടുത്തിരിക്കുന്നു. യുദ്ധോപകരണങ്ങളുടെ നിർമ്മാണവും വില്പനയും സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന മേഖലയായിരിക്കെ അമേരിക്കക്ക് യുദ്ധത്തിൽ നിന്നും സാമ്രാജ്യത്വസ്വഭാവങ്ങളിൽ നിന്നും മാറാൻ കഴിയില്ല.  ഇനി അടുത്ത ഊഴം ഇറാനാണ്‌. ഒബാമയാണ്‌ അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കുന്നതെങ്കിൽ അമേരിക്ക ഇറാനുമായി നേരിട്ടുള്ള ഒരു യുദ്ധത്തിൽ പങ്കെടുക്കുമെന്ന് കരുതാൻ കഴിയില്ല. എന്നൽ റിപ്പബ്ലിക്കൻ പാർട്ടിയാണ്‌ ജയിക്കുന്നതെങ്കിൽ ഇറാനുമായി ഒരു യുദ്ധത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനുമാകില്ല. ഒരു ശത്രുവില്ലെങ്കിൽ അമേരിക്കക്ക് എങ്ങിനെ തങ്ങളുടെ അപ്രമാദിത്തം തെളിയിക്കാനാകും!

ബെലീസ്‌  (Belize)

കരീബിയൻ കടലിനിനും, മെക്സിക്കോക്കും, ഗ്വാട്ടിമലക്കും ഇടയിലുള്ള രാജ്യമാണ്‌ ബെലീസ്. ബ്രിട്ടീഷ് ആധിപത്യം ഏറെ കാലം ഉണ്ടായ തെക്കെ അമേരിക്കയിലെ ഏകരാജ്യമായതുകൊണ്ട് ഇംഗ്ലീഷ് ഔദ്യോഗിയകഭാഷയായ തെക്കെ അമേരിക്കയിലെ ഏകരാജ്യം കൂടിയാണീത്. 1500 ബിസി മുതൽ 800 എ ഡി വരെ മായ സംസ്കാരം (Maya civilization) നിലനിന്ന പ്രദേശമാണ്‌. സമ്പന്നമായ ഒരു എഴുത്തുഭാഷ മായ സംസ്കാരത്തിനുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷുകാർ ബെലീസിനെ ആക്രമിച്ചു കീഴടക്കാൻ ശ്രമിച്ചുവെങ്കിലും മായക്കാരുടെ പ്രത്യാക്രമണം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. പത്തൊമ്പതാം നൂറ്റാണ്ടോടെയാണ്‌ ബ്രിട്ടിഷുകാർക്ക് പൂർണ്ണ ആധിപത്യം ലഭിക്കുന്നത്. 1964 ബ്രിട്ടീഷ ഹോണ്ടുറാസ് എന്ന പേരിൽ ബെലിസിന്‌ സ്വയംഭരണാവകാശം ലഭിക്കുന്നത്. 1973-ൽ ബെലീസ് എന്ന പേരിൽ പുനർനാമകരണം ചെയ്തു. 1981 സെപ്റ്റംബർ 21 - ന്‌ പൂർണ്ണാ സ്വാതന്ത്ര്യം ലഭിച്ചു. ഗ്വ്വാട്ടിമാല ഈ പ്രദേശം തങ്ങളുടേതാണെന്ന് കരുതുന്നതുകൊണ്ട് ബെലീസിനെ അംഗീകരിച്ചില്ല. പിന്നീട് 1992-ലാണ്‌ ഗ്വാട്ടിമാല ബെലീസിനെ അംഗീകരിച്ചത്.

Great Blue Hole
മുന്ന് ലക്ഷത്തോളം ജനസംഖയുള്ള ബെലീസ് പാർലിയമെന്ററി സംവിധാനമുള്ള ഒരു കോമൺ വെൽത്ത് രാജ്യമാണ്‌. കൃഷി, കൃഷിയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, കച്ചവടം, വിനോദസഞ്ചാരം എന്നിവയാണ്‌ സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകൾ. 60% വനമേഖലയും, 20% ആൾപ്പാർപ്പുള്ള കൃഷിമേഖലയും ആണ്‌. വലിയ വനസമ്പത്തുള്ളതുകൊണ്ട് അതുമായി ബന്ധപ്പെട്ട വിനോദസഞ്ചാരം വികസിച്ചിട്ടുണ്ട്. മീൻപ്പിടുത്തം (Fishing), ജലാന്തർഭാഗ നീന്തൽ (scuba diving), സ്നോർക്കിളിങ്ങ് (snorkeling) ഉപയോഗിച്ചുള്ള നീന്തൽ, വിവിധ തരം വഞ്ചി തുഴയലുകൾ (rafting, kayaking etc.), പക്ഷിനിരീക്ഷണം, ഹെലികോപ്റ്റർ സഞ്ചാരം എന്നിവ വിനോസഞ്ചാരികളെ ആകർഷിക്കുന്നവയാണ്‌. ബെലീസ് നഗരത്തിനിന്ന് 70 കി മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപിലെ 600 മിറ്റർ വ്യാസവും, 100 മീറ്ററിലേറെ ആഴവും ഉള്ള വൃത്താകൃതിയിലുള്ള വലിയ നീലഗർത്തം (Great Blue Hole) വിനോദസഞ്ചാരികൾക്ക്  കൺകുളിരുന്ന കാഴ്ച്ചയാണ്‌.

സംസ്ഥാനങ്ങളിലൂടെ........

അർക്കൻസൊ (Arkansas)

ഉച്ചാരണത്തിലും വാക്കിന്റെ അക്ഷരങ്ങളിലും പൊരുത്തമില്ലാത്ത ഈ സംസ്ഥാനത്തിന്റെ പേരിന്‌ ഫ്രഞ്ച് ഉച്ചാരണവുമായി സാമ്യമുണ്ട്. പുഴയോരത്തെ ജനങ്ങളുടെ നാട് (land of downriver people), തെക്കൻ കാറ്റിന്റെ ജനങ്ങൾ (people of the south wind) എന്നീ അർത്ഥങ്ങളുള്ള തദ്ദേശീയഭാഷയിലെ akakaze എന്ന് വാക്കിൽ നിന്നാണ്‌ അർക്കൻസൊ എന്ന പദം ഉണ്ടാകുന്നത്. 1542-ലാണ്‌ യൂറോപ്യന്മാർ സ്വർണ്ണമന്വേഷിച്ച് ഇവിടെ എത്തുന്നത്. ഫ്രാൻസിൽ നിന്നും പൈസ കൊടുത്ത് അമേരിക്ക വാങ്ങിയ ഭൂപ്രദേശം കൂടിയാണത്. 1836 ജൂൺ 15-ന്‌ ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനമായി അമേരിക്കൻ യൂണിയനിൽ ചേർന്നു. എണ്ണ സമ്പന്നമായ ടെക്സസ് സംസ്ഥാനത്തെ മെക്സിക്കോയിൽ നിന്നും സ്വതന്ത്രമാക്കി അമേരിക്കൻ യൂണിയനിൽ ചേർക്കുന്നതിൽ അർക്കൻസൊ സംസ്ഥാനം വലിയ പങ്കു വഹിച്ചിട്ടുണ്ട്.

Bill Clinton's Boyhood Home

കിഴക്കനതിർത്തിയുടെ ഭൂരിഭാഗവും മിസ്സിസിപ്പി നദിയായതുകൊണ്ട് നദികൾ, തടാകങ്ങൾ, നിബിഡവനങ്ങൾ, ഫലഭൂയിഷ്ഠമായ മണ്ണ്‌ എന്നിവകൊണ്ട് ഈ സംസ്ഥാനം സമ്പന്നമാണ്‌. വളരെയധികം സംരക്ഷിത വന മേഖലയും, പാർക്കുകളും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരം അടുത്ത കാലത്തായി തഴച്ചു വളർന്നിരിക്കുന്നു.  തീവ്രമായ കാലവസ്ഥാ പ്രദേശമായതിനാൽ ഇടിയും മിന്നലോടും കൂടിയ കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ആലിപ്പഴ വീഴ്ച്ച, മഞ്ഞുവീഴ്ച്ച എന്നിവ വർഷം തോറും സംഭവിക്കുക സാധാരണമാണ്‌. മുപ്പത് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ഇവിടത്തുകാരുടെ പ്രധാന വരുമാന മാർഗം വ്യവസായികാടിസ്ഥാനത്തിലുള്ള കൃഷി, കോഴിവളർത്തൽ, കാലിവളർത്തൽ, സോയബീൻ, തുണിത്തരങ്ങൾ എന്നിവയാണ്‌. കൂടാതെ യന്ത്രനിർമ്മാണം, ഇലക്ട്രോണിക്സ്, ലോഹം, പേപ്പർ തുടങ്ങിയവയുമായുള്ള വ്യവസായങ്ങൾ എന്നിവ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നു. വാൾമാർട്ടടക്കം നിരവധി വൻ കോർപ്പറേഷനുകളുടെ ആസ്ഥാനം കൂടിയാണ്‌ അർക്കൻസൊ. രാജ്യത്ത് തൊഴിലില്ലായ്മ 9 ശതമാനത്തിൽ കുടുതലായിരിക്കെ ഇവിടുത്തെ തൊഴിലില്ലായം 8 ശതമാനം മാത്രമാണ്‌. പൊതുവെ ഡെമൊക്രാറ്റുകളെ പിന്തുണക്കുന്ന സംസ്ഥാനമാണിത്. അമേരിക്കൻ ചരിത്രത്തിൽ ജനകീയാ അംഗീകരാമുള്ള പ്രസിഡണ്ടുമാരിൽ മുമ്പനായ ബിൽ ക്ലിന്റന്റെ ജന്മസംസ്ഥാനമാണ്‌ അർക്കൻസൊ. പ്രസിഡണ്ടാകുന്നതിനുമുൻപ് ഇവിടത്തെ ഗവർണ്ണറുമായിരുന്നു. ചരിത്രപുസ്തകങ്ങളുടെ താളുകളിൽ നിന്നും കടമെടുത്തു പറയുകയാണെങ്കിൽ 4% മാത്രം തൊഴിലില്ലായ്മ ഉണ്ടായിരുന്ന ക്ലിന്റന്റെ  ഭരണകാലം അമേരിക്കയുടെ സുവർണ്ണകാലമായിരുന്നു.

ഒക്ടോബർ 5, 2011.

*

Monday, September 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 23

അമ്പഴയ്ക്കാട്ട് ശങ്കരൻ

റിപ്പബ്ലിക്കൻ പ്രാഥമിക സംവാദങ്ങൾ

അമേരിക്ക ജനാധിപത്യ രാജ്യമാണെങ്കിലും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നവരുടെ എണ്ണം വളരെ കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്‌. വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവും ഇവിടെ സംരക്ഷിക്കപ്പെടുന്നു എന്ന തൊടുന്യായമാണ്‌ പൊതുവെ പറഞ്ഞു കേൾക്കാറുള്ളത്. അരാഷ്ട്രീയവാദമോ, സാമൂഹ്യ പ്രതിബദ്ധതയുടെ കുറവോ, അനഭിജ്ഞതയോ (ignorant) ഒക്കെ ആയിരിക്കാം കാരണങ്ങൾ. സമ്മതിദാന അവകാശം വിനിയോഗിക്കാൻ അർഹതയുവരുടെ 60 ശതമാനത്തിൽ താഴെയാണ്‌ വോട്ടർ പട്ടികയിൽ പേര്‌ ചേർക്കാറുള്ളത്. അതിൽ പകുതിയാണ്‌ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക. അതായത് ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന്. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്ന വർഷത്തിലെ സെനറ്റ്, ജനപ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ അതേ തോതിൽ വോട്ടർമാർ പങ്കെടുക്കാറുണ്ട്. എന്നാൽ എല്ലാ രണ്ടുവർഷവും മൂന്നിലൊന്ന് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സെനറ്റിലേക്കും, എല്ലാ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനപ്രതിനിധിസഭയിലേക്കും നടക്കുമ്പോൾ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വർഷമല്ലെങ്കിൽ പങ്കെടുക്കുന്നവരുടെ എണ്ണം തുലോം കുറവണ്‌. 20 ശതമാനം പങ്കെടുത്തെങ്കിലായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ ആരും അറിയുകേയില്ല. കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ 80 ശതമാനവുമായി കൂട്ടി വായിക്കുമ്പോഴാണ്‌ “മഹത്തായ” അമേരിക്കൻ ജനാധിപത്യത്തിന്റെ ദൗർബല്ല്യം വെളിവാകുക.

August 11 Debate
ഇത്രയും പറഞ്ഞത് 2012-ൽ തെരഞ്ഞെടുപ്പിൽ ഒബാമയെ തോല്പിക്കാൻ കച്ചകെട്ടി ഇറങ്ങിയവരുടെ പ്രാഥമിക സംവാദങ്ങൾ ആരംഭിച്ചതുകൊണ്ടാണ്‌. ഈ വർഷം മേയ് മുതൽ ആരംഭിച്ച സംവാദങ്ങൾക്ക് അടുത്തവർഷം മാർച്ചോടെ പരിസമാപ്തിയാകും. ഇരുപതിലേറെ സംവാദങ്ങളാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്. ഇത്രയേറെ സംവാദങ്ങൾ ആവശ്യമുണ്ടോ എന്ന് കരുതുന്നവരാണേറെയും. പ്രസിഡണ്ട് തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് സംവാദങ്ങളെ പതിവുള്ളു. മാസചൂസറ്റ് ഗവർണ്ണർ മിറ്റ് റാമ്നി, ടെക്സാസ് ഗവർണ്ണർ റിക് പെറി, പീറ്റ്സ കച്ചവടക്കാരനും കറുത്തവർഗ്ഗക്കാരനുമായ ഹെർമൻ കെയിൻ, മുൻ സ്പീക്കർ ന്യു ഗിഗ്രിച്ച്, ജനപ്രതിനിധി അംഗങ്ങളായ റോൺ പോൾ, മിഷേൽ ബാക്മെൻ എന്നിവരാണ്‌ പ്രധാന മത്സരാർത്ഥികൾ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ കഴിഞ്ഞ തവണ  റിപ്പബ്ലിക്കൻ പ്രാഥമിക മത്സരങ്ങളിൽ മക്കയിനോട് തോറ്റ മിറ്റ് റാമ്നി ജയിക്കുമെന്നാണ്‌ കരുതുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്ര യാഥാസ്തികവാദികൾക്ക് (conservatives) അത്ര പിടിച്ചിട്ടില്ല എന്നുള്ളത് മാത്രമാണ്‌ റാമ്നിയെ അലട്ടുന്നത്. സ്വതന്ത്രരേയും പാർട്ടിയിലെ മിതവാദികളേയും ആകർഷിക്കാൻ റാമ്നിക്ക് കഴിയുമെന്നാണ്‌ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ നിഗമനം.

ഡൊമിനിക്കൻ റിപ്പബ്ലിക്‌ (Dominican Republic)

പൊതുവെ ഒരു ദ്വീപ്‌ മുഴുവനായോ, ഒരു ദ്വീപസമൂഹമോ ആണ്‌ രാജ്യമാകാറുള്ളത്‌. എന്നാൽ കരീബിയൻ കടലിലുള്ള ഹിസ്പാനിയോള എന്ന ദ്വീപ്‌ രണ്ട്‌ രാഷ്ട്രങ്ങൾക്ക്‌ അവകാശപ്പെട്ടതാണ്‌. മൂന്നിലൊന്ന്‌ ഭാഗം ഹേയ്തിക്കും ബാക്കി ഭാഗം ഡൊമിനിക്കൻ റിപ്പബ്ലിക്കിനും. ഭൂവിസ്തൃതിയിൽ ക്യുബ കഴിഞ്ഞാൽ ഡൊമിനിക്കൻ റിപ്പബ്ലിക്‌ ആണ്‌ രണ്ടാമത്‌ (4800 ചതുരശ്ര കി.മീ.). 1492-ൽ കൊളമ്പസ്‌ തന്റെ ആദ്യയാത്രയിൽ തന്നെ ഇവിടെ  എത്തിയിട്ടുണ്ട്‌. ഏഴാം നൂറ്റാണ്ടു മുതൽ റ്റേയ്നൊ (Taino) ഭാഷ സംസാരിക്കുന്ന, മുമ്പുണ്ടയിരുന്ന വാസക്കാരെ തുരത്തിയ, റ്റേയ്നൊക്കാർക്കാണ്‌ മുൻതൂക്കം. പദാവലികൊണ്ട്‌ സമ്പന്നമായൊരു ഭാഷയാണ്‌ റ്റേയ്നൊ. ഇംഗ്ലീഷും സ്പാനിഷും ഈ ഭാഷയിൽ നിന്നും നിരവധി പദങ്ങൾ കടം കൊണ്ടിട്ടുണ്ട്‌. canoe, potato, cay/key, barbecue, hurricane എന്നിവ ചില ഉദാഹരണങ്ങളാണ്‌.

Samana Bay
1492 - ലാണ്‌ സ്പാനിഷുകാർ ഇവിടെ എത്തിചേരുന്നത്‌. ഭൂരിഭാഗം തദ്ദേശീയരും രോഗം, ദാരിദ്ര്യം,  നിർബന്ധ തൊഴിൽ, യുദ്ധം, ശാരീരിക പീഡനം തുടങ്ങിയവ കൊണ്ട്‌ നാമവശേഷമായി. ഫ്രഞ്ചുകാരും, അമേരിക്കയും, കുറച്ചുകാലം ഹെയ്തി പോലും ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ കീഴടക്കിയിട്ടുണ്ട്‌. 1844 ഫെബ്രുവരി 27 നാണ്‌ ഹെയ്തിയിൽ നിന്ന്‌ ഈ രാജ്യം സ്വതന്ത്രമാകുന്നത്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാണ്‌ പാനമ കനാലിന്റെ പേരിൽ ഡൊമിനിക്കയിൽ അമേരിക്ക ഇടപെട്ടു തുടങ്ങിയത്‌. പിന്നീട്‌ രാഷ്ട്രീയ അസ്ഥിരതയുടേയും, അഭ്യന്തരയുദ്ധത്തിന്റേയും കാലഘട്ടമായി. കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ മിടുക്കരായ അമേരിക്ക 1916-ൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവന്നു.

1916 US occupation
ഉഷ്ണമേഖലാ പ്രദേശമായ ഇവിടെ ഒരു കോടിയോടുത്ത്‌ ജനസംഖ്യയുണ്ട്‌. എഴുപതു ശതമാനം ജനങ്ങളും സങ്കര വർഗ്ഗക്കാരാണെന്ന പ്രത്യേകതകൂടി ഈ രാജ്യത്തിനുണ്ട്‌. ഔദ്യോഗികഭാഷ സ്പാനിഷും രണ്ടാം ഭാഷ ഇംഗ്ലീഷും ആണ്‌. തദ്ദേശീയരുടേയും, യൂറോപ്പിന്റേയും, ആഫ്രിക്കയുടേയും സാംസ്കാരിക പാരമ്പര്യങ്ങൾ ഇഴുകി ചേർന്നതാണ്‌ ഇവിടുത്തെ സാംസ്കാരിക പാരമ്പര്യം. ഒരു മിനിറ്റിൽ 120 മുതൽ 160 വരെ ബീറ്റുള്ള ധൃതതാളത്തോടെയുള്ള നൃത്തവും സംഗീതവും ഇവിടുത്തുകാരുടെ പ്രത്യേകതയാണ്‌. ബേസ്ബാൾ ആണ്‌ ജനകീയതയുള്ള കായികവിനോദം.  പ്രസിഡൻഷ്യൽ ഭരണക്രമവും, പാർലിയമെന്ററി ഭരണക്രമവും സംയോജിപ്പിക്കുന്ന പ്രാതിനിധ്യ ജനാധിപത്യമാണ്‌ (representative democracy) ഇവിടെയുള്ളത്‌. പഞ്ചസാര, കാപ്പി, പുകയില തുടങ്ങിയവയാണ്‌ പ്രധാന കയറ്റുമതി. അടുത്തകാലത്തായി സേവനമേഖല ശക്തിയാർജ്ജിച്ചിട്ടുണ്ട്‌. 60 ശതമാനം കയറ്റുമതിയും യു എസ്സിലേക്കാണ്‌. വിനോദസഞ്ചാര മേഖല അതീവ പ്രാധാന്യമുള്ള മറ്റൊരു വരുമാന സ്രോതസ്സാണ്‌. ഏഴിലൊന്ന്‌ തൊഴിലും ഈ മേഖലയിലാണുള്ളത്‌. ഇവിടുത്തെ പച്ച നിറഞ്ഞ പർവതനിരകൾ പക്ഷിനിരീക്ഷണത്തിനും, ബൈക്കിങ്ങിനും വളരെ പേര്‌ കേട്ടതാണ്‌.

സംസ്ഥാനങ്ങളിലൂടെ......

യൂഠ (Utah)

യൂഠ എന്ന പേര്‌ ഉണ്ടാകുന്നത് മലമുകളിലെ ജനങ്ങൾ എന്ന് അർത്ഥം വരുന്ന യൂട് വർഗത്തിൽ (Ute tribe) നിന്നാണ്‌. 45-മത് സംസ്ഥാനമായി അമേരിക്കൻ യൂണിയനിൽ 1896 ജനുവരി 4ന്‌ ചേർന്നു. 30 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 80 ശതമനത്തിലധികം ജനങ്ങൾ 2002-ൽ ശീതകാല ഒളിമ്പിക്സ് നടന്ന സോൾട് ലെയ്ക്, സന്റക്വിൻ, ബ്രിഗ്ഹാം, പ്രോവൊ, ഒഗ്ഡൻ എന്നി നഗരങ്ങളിലായി തിങ്ങി പാർക്കുന്നു. മഹാഭുരിപക്ഷം ഭൂവിഭാഗവും മനുഷ്യവാസമില്ലാത്ത പ്രദേശമാണ്‌. യൂറോപ്യന്മാർ വരുന്നത്തിന്‌ മുമ്പ് ആയിരക്കണക്കിന്‌ വർഷത്തെ ചരിത്രമുള്ള പ്രദേശമാണിവിടം. വൈവിധ്യമാർന്ന ഭൂസമ്പത്തുകൊണ്ട് അനുഗൃഹീതമാണീ സ്ഥലം. റോക്കി മലനിരകൾ, നദീതടപ്രദേശങ്ങൾ, പീഠഭൂമി എന്നിവ നിറഞ്ഞ പ്രകൃതി രമണിയമായ ഭൂപ്രദേശം. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഉല്ലാസകേന്ദ്രങ്ങളുണ്ടിവിടെ (recreational parks). പ്രകൃതിസൗന്ദര്യത്തിന്റെ മനോഹാരിത യൂഠയെ മറ്റു അമേരിക്കൻ സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.

Salt Lake City
ഊർജ്ജസ്വലമായ ഒരു സമ്പദ് വ്യവസ്ഥയുള്ള ഒരു സംസ്ഥാനമാണിത്. വിനോദ സഞ്ചാരം, ഖനനം, മൃഗസംരക്ഷണം, ഉപ്പ് ഉത്പാദനം, സർക്കാരുമായി ബന്ധപ്പെട്ടുള്ള സേവനമേഖല എന്നിവയാണ്‌ പ്രധാന തൊഴിൽ ദായ മേഖലകൾ. വ്യവസായ സംരംഭകർക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതിൽ ഈ സംസ്ഥാനം മുൻപന്തിയിലാണ്‌. റിപ്പബ്ലിക്കൻ പാർട്ടിക്കും യാഥാസ്തികർക്കും മേൽ കൈയുള്ള  സംസ്ഥാനമാണിത്. വളരെ യാഥാസ്തികരായ മോർമൻ (Mormon) വിഭാഗക്കാർ ഏറെയുള്ള സംസ്ഥാനം. നിയമവിരുദ്ധമാണെങ്കിലും ബഹുഭാര്യത്വം ഇവർക്കിടയിൽ സാധാരണമാണ്‌. മറ്റു ക്രിസ്തുമത വിശ്വാസികൾ മോർമൻ വിശ്വാസികളെ പ്രതേക ഉപാസനരീതി (cult) ഉള്ളവർ എന്ന് ആരോപിക്കാറുണ്ട്. അടുത്ത വർഷം നടാക്കാൻ പോകുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുള്ള മുൻ യൂഠ ഗവർണർ മിറ്റ് റാമ്നി മോർമനാണ്‌. മതപരമായി സജാതീയത്വം (homogeneous) ഏറ്റവും കൂടുതലുള്ള ഈ സംസ്ഥാനം യാഥാസ്തിതികമായതിൽ ഒരു അത്ഭുതത്തിനും അവകാശമില്ല.

സെപ്റ്റമ്പർ 5, 2011.

*

Friday, August 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 22


അമ്പഴയ്ക്കാട്ട് ശങ്കരൻ

വായ്പാ പരിധിയിൽ (Debt Limit) ഉലഞ്ഞ ഒബാമ


അമേരിക്കൻ സമ്പദ് വ്യവസ്ഥ തൊള്ളയിരത്തി മുപ്പതുകൾക്കു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെന്ന് എല്ലാവർക്കും അറിയാം. ഡെമോക്രാറ്റ്-റിപ്പബ്ലികൻ ക്ലാസിക് ലിബറൽ-യാഥാസ്ഥിതിക പോരാട്ടം കുനിന്മേൽ കുരു എന്നപോലെ സ്ഥിതിഗതികളെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്‌. മുൻപക്തികളിൽ പരിചയപ്പെടുത്തിയ ചായസത്ക്കാര മുന്നേറ്റക്കാർ അവരുടെ തുരുപ്പുചീട്ടുകൾ ഇറക്കി കളിക്കുമ്പോൾ അതിന്‌ കീഴടങ്ങില്ലെന്ന് ഉറച്ച നിലപാടിലാണ്‌ ഡെമൊക്രാറ്റിക് പാർട്ടിയിലെ ഇടതുപക്ഷക്കാർ. 1917 വരെ ഫെഡറൽ സർക്കാരിന്‌ കടം വാങ്ങേണ്ടി വരുമ്പോൾ ഓരോ തവണയും കോൺഗ്രസ് ആവശ്യം അനുസരിച്ച് അംഗീകരിക്കുകയായിരുന്നു പതിവ്. അതിന്റെ ബുദ്ധിമുട്ട് ഓർത്ത് പിന്നീട് വായ്പ്പ വാങ്ങാവുന്ന പരിധി നിശ്ചയിക്കുകയായിരുന്നു. അതിനു ശേഷം പിന്നീട് നൂറു കണക്കിന്‌ തവണ വായ്പ്പാ പരിധി പുനർ നിർണ്ണയിക്കുകയുണ്ടായിട്ടുണ്ട്. ഇപ്പോൾ മാത്രം റിപ്പബ്ലിക്കൻകാർക്ക് എന്താണിത്ര പുകില്‌ എന്നാണ്‌ ഡെമോക്രാറ്റുകൽ ചോദിക്കുന്നത്. മാത്രമല്ല വായ്പ്പപരിധി ഉയർത്തിയില്ലെങ്കിൽ അമേരിക്കയുടെ ലോകത്തിന്റെ മുന്നിൽ വാങ്ങിയ കടം നല്കാൻ കഴിയാത്ത രാഷ്ട്രമായി മുദ്രകുത്തപ്പെടുമെന്ന് അവർ ഭയക്കുന്നു. കൂടാതെ പട്ടാളക്കാർക്കുള്ള ശമ്പളം, സാമൂഹ്യസുരക്ഷാപദ്ധതി (Social Secuirty) ചെക്കുകൾ, ക്ഷേമപദ്ധതികൾ തുടങ്ങിയവ മുടുംങ്ങുമെന്നും അവർ കരുതുന്നു. നിലവിലുള്ള പുജ്യം വളർച്ച വലിയ സാമ്പത്തിക മാന്ദ്യമായി തീരാനു ഇടയുണ്ട്.

Jimmy Carter

എന്നാൽ ഒരു കാരാണാവശാലും രാജ്യത്തെ തെറ്റായ ദിശയി നയിക്കുന്ന, സർക്കാരിന്റെ സ്വാധീനം സർവമേഖലയിലും കൂട്ടുന്ന നയങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി, വിശിഷ്യ ചായസത്ക്കാര മുന്നേറ്റക്കാർ വാദിക്കുന്നു. ഇതിന്റെ ഫലമോ, സർവെ ഫലങ്ങളിൽ, ഒബാമായുടെ അംഗീകാരം 40 ശതമാനത്തിലേക്കും, കോൺഗ്രസ്സിന്റേത് 20 ശതമാനത്തിലേക്കും കൂപ്പുകുത്തുകയും ചെയ്തു. വാഷിങ്ങ്ട്ടണിലെ മാരത്തോൺ ചർച്ചകൾക്കുശേഷം ഇടതുപക്ഷത്തിന്റേയും, ടിപാർട്ടിക്കാരുടേയും എതിർപ്പിനെ മറി കടന്ന് രണ്ടുപാർട്ടിയിലേയും മിതവാദികൾ നിലവിലുള്ള 14.3 ട്രില്യൻ വായ്പ്പാപരിധി 2 ട്രില്യൻ കൂട്ടി 16.3 ട്രില്യനായി അംഗീകരിച്ചു. അതോടൊപ്പം തന്നെ കൂട്ടിയ 2ട്രില്ല്യൻ വിവിധ മേഖലകളിലെ ചെലവുകളിൽ നിന്നും വെട്ടിക്കുറക്കാനും തീരുമാനിച്ചു. പ്രതിസന്ധി തത്ക്കാലത്തേക്ക് തീർന്നെങ്കിലും, ഏതെല്ലാം മേഖലയി വെട്ടി കുറക്കണമെന്നത് ഒരു കീറാമുട്ടി തന്നെയാകും. മാത്രമല്ല, ഈ ബഹളങ്ങളുടെയൊക്കെ ഫലമായി, രാജ്യങ്ങളുടെയും അവയുടെ സംസ്ഥനങ്ങളുടെയും സാമ്പത്തികസ്ഥിതിയുടെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന സൂചികകൾ (credit rating) പ്രസിദ്ധീകരിക്കുന്ന മൂന്ന് പ്രമുഖ സ്വകാര്യ ഏജൻസികളിലൊന്നായ (Standard & Poor's (S&P), Moody's, Fitch Group.) എസ് & പി അമേരിക്കയുടെ സൂചിക എ എ എ - യിൽ നിന്ന് എ എ പ്ലുസ് ആയി കുറക്കുകയും ചെയ്തു. ഇതെല്ലാം സാമ്പത്തിക മാന്ദ്യം രണ്ട്മുന്ന് വർഷത്തേക്കുകൂടി തുടരുമെന്ന ആശങ്ക ഒബാമ ക്യാമ്പിലും ഡെമൊക്രാറ്റിക് പാർട്ടിയിലും വളർത്തിയിട്ടുണ്ട്. റിപ്പബ്ലിക്കൻകാർ ആണെങ്കിൽ ഈ അവസരം അടുത്ത തെരഞ്ഞെടുപ്പിൽ , ജിമ്മി കാർട്ടറെ പോലെ, ഒബാമയെ തോല്പിക്കാൻ ഉതകുമെന്ന് കരുതുന്നു.


പ്യുർട്ടോ റിക്കോ (Puerto Rico)


പ്യുർട്ടോ റിക്കോ അമേരിക്കൻ നിയന്ത്രിതമേഖലയാണ്‌, പക്ഷെ അമേരിക്കയുടെ ഭാഗമല്ലതാനും (unincorporated territory). കൊളമ്പസ് ഇവിടെ എത്തുന്നതിന്‌ വളരെ മുമ്പ് തന്നെ പുരാതനമായ ഒരു ചരിത്രവും സമ്പന്നമായ ഒരു സംസ്കാരവും ഉള്ള ഒരു പ്രദേശമായിരുന്നു ഇത്. പതിനാറാം നൂറ്റാണ്ടിലാണ്‌ സ്പാനിഷ് കോളനിയാകുന്നത് സ്പാനിഷ് ഭരണകാലത്ത് തദ്ദേശീയവാസികളെ അഭൂതപൂർവമായ അടിമത്തത്തിനും ചൂഷണത്തിനും ഇരയാക്കിയിരുന്നു. 1518-19-ൽ പൊട്ടിപുറപ്പെട്ട വസൂരിയിൽ മഹാഭൂരിപക്ഷം തദ്ദേശീയവാസികളും കൊല്ലപ്പെട്ടു. നാവികരുടേയും കച്ചവടക്കാരുടേയും പ്രധാനകേന്ദ്രമായിരുന്നു പ്യുർട്ടൊറിക്കയിലെ സാൻ ഹ്വാൻ (San Juan). സ്പാനിഷ്-ഇംഗ്ലിഷ് ആധിപത്യത്തിലൂടെ കടന്നുപോയ ഇവിടം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ അമേരിക്കൻ സ്വാധീനത്തിന്‌ ഇരയാകുന്നത്. 1947 അമേരിക്ക ഇവിടത്തുകാർക്ക് സ്വന്തമായി ഗവർണ്ണറെ തെരഞ്ഞെടുക്കുന്നതിന്‌ അനുവദം നല്കി. പ്യുർട്ടോറിക്കയോടെ രാഷ്ട്ര തലവൻ (Head of state) ഇപ്പോഴും അമേരിക്കൻ പ്രസിഡണ്ട് തന്നെയാണ്‌.



40 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇവിടത്തെ പ്രധാന വരുമാനമാർഗം ടൂറിസം, കൃഷി, വ്യവസായം എന്നിവയാണ്‌. പഞ്ചസാര ഉത്പാദനം, മൃഗസംരക്ഷണം എന്നിവയും മറ്റു വരുമാന മാർഗ്ഗങ്ങളാണ്‌. അമേരിക്കയുടെ ഭാഗമായതുകൊണ്ട് ജനങ്ങൾ പൊതുവെ സമ്പന്നരാണെന്ന് പറയാം. കൂടാതെ അമേരിക്കയുടെ കുറഞ്ഞ വേതന നിരക്ക് ഇവിടേയും ബാധകമാണ്‌. വർഷം തോറും ജനസംഖ്യയുടെ തുല്യമായിട്ടുള്ള ജനങ്ങൾ ഇവിടെ ടൂറിസ്റ്റുകളായി വരാറുണ്ടെന്നുത് വളരെ ശ്രദ്ധേയമായ ഒരു സ്ഥിതിവിവരക്കണാക്കാണ്‌. അമേരിക്കയുടെ സംരക്ഷണത്തിലാണെങ്കിലും, ഇംഗ്ലീഷ് ഒരു ഔദ്യോഗിക ഭാഷയാണെങ്കുലും, സ്പാനിഷ് ആണ്‌ പ്രാഥമിക ഭാഷ. ക്യൂബയെപ്പോലെ തന്നെ ബേസ് ബാൾ ജ്വരം ഇവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.


സംസ്ഥാനങ്ങളിലൂടെ.....

സൗത് കരോലീന (South Carolina)

അമേരിക്കൻ വിപ്ലവകാലത്ത് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച 13 കോളനികളിൽ ഒന്നാണ്‌ അമേരിക്കയുടെ തെക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന സൗത് കരോലീന. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ ബ്രിട്ടീഷുകാർ ഇവിടം കോളനിയാക്കുന്നത്. 1729-ലാണ്‌ ഔദ്യോഗികമായി നോർത് കരോലീനയിൽ നിന്നും വേർപിരിയുന്നത്. 1973-95 വരെ ഫെഡറലിസ്റ്റുകളും, കോൺഫേഡറേറ്റുകളും തമ്മിലുള്ള പോരിന്റെ കാലഘട്ടമായിരുന്നു. അമേരിക്കൻ അഭ്യന്തര യുദ്ധത്തിനുശേഷം വീണ്ടും യൂണിയന്റെ ഭാഗമായി പുനർനിർമ്മാണത്തിൽ പങ്കുചേരുകയും ചെയ്തു. വർണ്ണ-വർഗ്ഗ പോരാട്ടങ്ങളുടെ സംഭവബഹുലമായ ചരിത്രവും ഈ സംസ്ഥാനത്തിന്‌ അവകാശപ്പെടനുണ്ട്.
Congaree National Park, Hopkins.

40 ലക്ഷത്തോളം ജനസംഖ്യയുള്ള ഇവിടത്തെ പ്രധാന വരുമാനമാർഗം കൃഷിയാണ്‌. കൂടാതെ തുണി, മരം, ആസ്ബറ്റോസ്, സ്റ്റീൽ, ഘനയന്ത്രങ്ങൾ, രാസപദാർത്ഥങ്ങൾ തുടങ്ങിയ വ്യവസായങ്ങൾക്കും പ്രാധാന്യമുണ്ട്. ഈർപ്പമുള്ള ഇടത്തരം ഉഷ്ണമേഖല (humid subtropical climate) കാലാവസ്ഥയാണ്‌ ഇവിടെയുള്ളത്. ഭൂകമ്പങ്ങളും, കൊടുങ്കാറ്റും ഇവിടെ സാധാരണമാണ്‌. ബ്ലു റിഡ്ജ് പർവതനിരയും പത്തോളം വലിയ തടാകങ്ങളും ഈ സംസ്ഥാനത്തിന്റെ ടൂറിസത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. കൊളമ്പിയ (തലസ്ഥാനം), ചാർൾസ്റ്റൺ, റോക്ക് ഹിൽ, മൌണ്ട് പ്ലെസന്റ് എന്നിവ പ്രധാന നഗരങ്ങളാണ്‌. പ്രാഥമിക പ്രസിഡന്റ് (Presidential Primary) തെരഞ്ഞെടുപ്പുകളിൽ പ്രാധാന്യമുള്ള ഒരു സംസ്ഥാനം കൂടിയാണ്‌ സൌത് കരോലീന. അയോവയും (Iowa), ന്യു ഹാംഷെയറും (New Hampshire) കഴിഞ്ഞാൽ അടുത്ത ഊഴം ഈ സംസ്ഥാനത്തിനാണ്‌. അമേരിക്കയുടെ ചരിത്രത്തിലും, വർത്തമാനത്തിലും സ്വാധീനം ചെലുത്തിയ, ചെലുത്തുന്ന സംസ്ഥാനമാണ്‌ പാമെഡോ (Palmetto) എന്നുകൂടി അറിയപ്പെടുന്ന സൗത് കരോലീന.


ആഗസ്റ്റ് 5, 2011.


*

Tuesday, July 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 21

അമ്പഴയ്ക്കാട്ട് ശങ്കരൻ


അഫ്ഗാൻ യുദ്ധത്തിന്റെ ഒടുക്കത്തിന്റെ തുടക്കം



ജൂൺ ഇരുപത്തിരണ്ടിന്‌ രാഷ്ട്രത്തോടായി ഒബാമ ചെയ്ത പ്രസംഗത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സേനയെ പിൻ വലിച്ചുതുടങ്ങുന്നതായി ഒബാമ അറിയിച്ചു. 2009 ജനുവരിയിൽ ഒബാമ അധികാരമേറ്റെടുത്തശേഷം മോശമായികൊണ്ടിരുന്ന അഫ്ഗാനിലെ സ്ഥിതിക്കൊരു മാറ്റം വരുത്തുന്നതിനുവേണ്ടി 2009 ഡിസംബറിൽ 33000 സൈനികരെ കൂടുതലായി അങ്ങോട്ട് അയയ്ക്കാൻ തീരുമാനിക്കുകയുണ്ടായി. അതിൽ 5000 ഉടനെയും, മറ്റൊരു 5000 ഈ വർഷം ഒടുവിലും, ബാക്കി അടുത്തവർഷം സെപ്റ്റംബറിന്‌ മുമ്പും പിൻവലിക്കും. 2014 - ഓടെ സേനയെ പൂർണ്ണമായും പിൻവലിക്കാനാണ്‌ പരിപാടി. പത്തുവർഷത്തോളമായി തുടരുന്ന, വലിയ സാമ്പത്തികബാദ്ധ്യത വരുത്തുന്ന ഈ യുദ്ധം ഉടനെ അവസാനിപ്പിക്കണമെന്ന പക്ഷക്കാരാണ്‌ അമേരിക്കക്കാരിൽ ബഹുഭൂരിപക്ഷവും. വിശേഷിച്ച് സാമ്പത്തിക മാന്ദ്യത്തിന്റെ ഇക്കാലത്ത് യുദ്ധങ്ങൾ താങ്ങാനുള്ള ശക്തി രാഷ്ട്രത്തിന്‌ ഇല്ലെന്ന് കരുതുന്നവരാണേറെയും. കൂടാതെ ബിൻലാദനെ കണ്ടെത്തി കൊന്നതോടെ അമേരിക്കയുടെ പ്രതികാരദാഹത്തിന്‌ അറുതി വരികയും ചെയ്തു. വരുന്ന തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയിലെ തന്നെ ഇടതുപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ഈ നീക്കമെന്ന് വലതുപക്ഷക്കാരും റിപ്പബ്ലിക്കൻ പാർട്ടിയും കരുതുന്നു.

കേസി ആന്റണിയുടെ (Casey Anthony) വിചാരണ
കെയ്‌ലി
1995-ലെ കുപ്രസിദ്ധമായ ഒ ജെ സിംസൺ കൊലപാതക കേസിനെ, അതിന്റെ കുപ്രസിദ്ധിയിൽ, അനുസ്മരിപ്പിക്കുന്ന മറ്റൊരു കേസാണ്‌ കേസി ആന്റണിയുടേത്. 1994-ൽ പ്രമുഖ അമേരിക്കൻ ഫുട്ബാൾ താരമായ ഒ ജെ സിംസൺ തന്റെ മുൻഭാര്യയെ കൊന്നുവെന്ന് ആരോപിപ്പിക്കപ്പെട്ട് 1995 ജനുവരി മുതൽ ഒക്ടോബർ വരെ നീണ്ടുനിന്ന (ഇന്ത്യയിനിന്നും വ്യത്യസ്തമായി അമേരിക്കൻ കേസുകൾ പൊതുവെ വേഗത്തിൽ തീർപ്പുകല്പിക്കപ്പെടുന്നവയാണ്‌. ഇതല്പം നീണ്ടുപോയെന്ന് മാത്രം) വിചാരണ അമേരിക്കൻ ജനതയുടെ മനസ്സിൽ നിന്നും ഇതുവരെ മാഞ്ഞുപോയിട്ടില്ല. മഹാഭുരിപക്ഷം അമേരിക്കക്കാരും സിംസൺ കുറ്റക്കാരെനെന്ന് കരുതിയ കേസ്സിൽ ജൂറി നിരപരാധിയാണെന്ന് വിധിക്കുകയാണുണ്ടായത്. ഫുട്ബാൾതാരമെന്ന പദവി ജൂറിയെ സ്വാധീനിച്ചുവത്രെ.
കേസിയും വക്കീലും



2008 ജൂൺ 16-ന്‌ ആണ്‌ കേസി ആന്റണിയുടെ മകൾ രണ്ടു വയസ്സുള്ള കേയ്‌ലിയെ (Caylee) കാണാതാകുന്നത്. ആ തിരോധാനത്തിന്റെ നിഗൂഢത വെളിപ്പെടുത്തിക്കൊണ്ട് 6 മാസത്തിനു ശേഷം കുട്ടിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ അവരുടെ വീടിന്‌ അധികം അകലെയല്ലാതെ കുറ്റിക്കാട്ടിൽനിന്നും കിട്ടുന്നത്. രണ്ടര വർഷത്തിനുശേഷം ഡി എൻ എ ഒഴിച്ചുള്ള നിരവധി സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ കേസിയെ അറസ്റ്റ് ചെയ്യുകയും വിചാരണ ആരംഭിക്കുകയും ചെയ്തു. വധശിക്ഷ ലഭിക്കാവുന്ന കൊല്ലണമെന്ന് ഉദ്ദേശത്തോടെയുള്ള കൊലപതകം (pre meditated murder) ആണ്‌ പ്രോസിക്യൂഷൻ ആരോപിച്ചിരിക്കുന്നത്. സ്വന്തം കുട്ടിയുടെ തീരോധാനത്തിനുശേഷമുള്ള നാളുകാളിൽ കേസി ഡാൻസും കൂത്തുമായി നടക്കുകയായിരുന്നുവത്രെ!!. പിതാവ് കേസിയെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവെന്നും, കുട്ടി സ്വന്തം സഹോദരന്റെ ആണെന്നും മറ്റുമുള്ള കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. ലോകത്തെവിടെയായാലും മലീമസമായ സാമൂഹ്യ ദു:ഷപ്രവണതകൾ ഒരു പൊലെയാണെന്നാണ്‌ ഇത് കാണിക്കുന്നത്. ഇതെഴുതുമ്പോൾ വിചാരണ തീർന്ന് ജൂറി അവരുടെ ഗാഢമായ പര്യാലോചനകൾക്കുശേഷം (deliberations) കേസി ആന്റണി കുറ്റക്കാരിക്കാരിയാണോ എന്ന് കണ്ടെത്താനുള്ള അവസാനഘട്ടത്തിലാണ്‌. വിധിയെന്താണെന്ന് അമേരിക്കൻ ജനത ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌.
ജമൈക്ക (Jamaica)


വസന്തത്തിന്റെ നാട്‌ എന്നർത്ഥം വരുന്ന സൈമാകാ (Xaymaca) എന്ന്‌ വാക്കിൽനിന്നാണ്‌ ജമൈക്ക എന്ന പേരുണ്ടാകുന്നത്‌. 4000 ബിസിയിൽ തന്നെ ജനവാസമുണ്ടായിരുന്നു. 1494-ലാണ്‌ കൊളമ്പസ്‌ ഇവിടെ എത്തിചേരുന്നത്‌. 1665 വരെ സ്പൈനിന്റെ കീഴിലായിരുന്ന ജമൈക പിന്നീട്‌ ബ്രിട്ടന്റെ കോളനിയായിത്തീർന്നു. അതുവരെ വെള്ളക്കാർക്ക്‌ ഭൂരിപക്ഷമുണ്ടായിരുന്ന അവിടത്തെ അടിമകളായ കറുത്ത വർഗ്ഗക്കാർക്ക്‌ സ്വാതന്ത്ര്യം നല്കി സ്പാനിഷുകാർ ഓടിക്കളയുകയായിരുന്നു. ബ്രിട്ടീഷ്‌ കോളനികാലത്തെ ആദ്യത്തെ 200 വർഷം ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റി അയച്ചിരുന്ന രാജ്യമായിരുന്നു ജമൈക. 1958 മുതൽ 1962 വരെ വെസ്റ്റ്‌ ഇൻഡീസ്‌ ഫെഡറേഷന്റെ ഭാഗമായിരുന്ന ജമൈക 1962-ൽ പൂർണ്ണ സ്വാതന്ത്ര്യം നേടി.
Doctors Cave Beach

ബ്രിട്ടീഷ്‌ രാജ്ഞി തലവനായിട്ടുള്ള പാർലിമെന്ററി ജനാധിപത്യമാണ്‌ ഇവിടെയുള്ളത്‌. ഭരണ നിർവഹണത്തിനായി 3 കൗണ്ടികളെ 14 പാരിഷുകൽ വിഭജിച്ചിരിക്കുന്നു. 30 ലക്ഷം ജനസംഖ്യയുള്ള ഇവിടത്തുകാരുടെ പ്രധാന വരുമാന മാർഗം (60%) സേവന മേഖലയിലൂടെയാണ്‌. ടൂറിസം, പഞ്ചസാര കയറ്റുമതി, ബോക്സൈറ്റ്‌ ഖനനം, നാണ്യവിളകൾ എന്നിവയാണ്‌ പ്രധാന മറ്റു വരുമാൻ മാർഗങ്ങൾ. ജമൈകൻ ഭാഷയും ഇംഗ്ലീഷുമാണ്‌ പ്രധാന ഭാഷകൾ. യു എസ്‌ എ, യു കെ, കനഡ എന്നീ രാജ്യങ്ങളിലേക്ക്‌ കുടിയേറിയവരുടേയും കുടിയേറുന്നവരുടെയും എണ്ണം വളരെ കൂടുതലാണ്‌. വിദ്യാസമ്പന്നരാണ്‌ ഏറിയ പങ്കും ഈ രാജ്യങ്ങളിലേക്ക്‌ കുടിയേറുന്നത്‌. ജമൈക്കൻ സംഗീത പാരമ്പര്യം ലോക പ്രശസ്തമാണ്‌. ബാന്റു വാദ്യത്തിന്റെ കേന്ദ്രമാണിവിടം. പ്രശസ്ത ഹോളിവുഡ്‌ താരം ടോം ക്രൂസ്‌ അഭിനയിച്ച കോക്ക്ടൈൽ എന്ന സിനിമ ജമൈക്കയെ ചിത്രീകരിക്കുന്നതാണ്‌. ധാരാളമായി സുഗന്ധവ്യജ്ഞനങ്ങൾ ഉപയോഗിക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങളുള്ള ഭക്ഷണ പാരമ്പര്യം ഇവിടത്തുകാർക്കുണ്ട്‌. ജമൈക വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഭാഗമാണെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ.

സംസ്ഥാനങ്ങളിലൂടെ......


മേരിലന്റ്‌ (MaryLand)

അമേരിക്കയുടെ ഭരണഘടനയെ അംഗീകരിച്ച ഏഴാമത്തെ സംസ്ഥാനമായിരുന്നു മേരിലന്റ്. 1629 - ൽ ലോഡ് ബാൾട്ടിമോർ എന്നറിയപ്പെട്ടിരുന്ന ജോർജ് കൾവെർട്ട് മേരിലന്റിന്റെ അവകാശത്തിനായി ബ്രീട്ടിഷ് രാജാവിന്‌ അപേക്ഷ നല്കിയിരുന്നു. 1632 ജൂൺ 30-ന്‌ അവകാശം ലഭിച്ചതിന്‌ പ്രത്യുപകാരമായി ചാർൾസ് ഒന്നാമന്റെ രാജ്ഞി ഹെൻറീറ്റ മരിയായുടെ പേര്‌ ഈ പ്രദേശത്തിന്‌ നല്കി. അങ്ങിനെയാണ്‌ മേരിലന്റ് ഉണ്ടാകുന്നത്. ഇക്കാലത്ത് കത്തോലിക്കർ, ബ്രിട്ടീഷ് രാജവംശത്തിന്റെ മതമായ പ്രൊട്ടസ്റ്റന്റ് മതക്കാരുടെ ആക്രമണത്തെ ഭയന്ന്, ഉന്നതസ്ഥാനങ്ങളിൽ കത്തോലിക്കരുണ്ടായിരുന്ന മേരിലന്റിലേക്ക് കുടിയേറിയിട്ടുണ്ട്. അതുപോലെതന്നെ ധാരാളം കുറ്റവാളികളും അക്കാലത്ത് ഇവിടേക്ക് കുടിയേറി പാർത്തിട്ടുണ്ട്. അമേരിക്കയുടെ ഭാഗമായതിനുശേഷം അതിർത്തി സംസ്ഥാനം, സ്വതന്ത്രസംസ്ഥാനം, ചീസപ്പീക് കടൽ സംസ്ഥാനം എന്നീ വിവിധ പേരുകളിൽ വിളിക്കപ്പെടാറുണ്ട്.

Baltimore


അമേരിക്കയിൽ ജൈവശസ്ത്ര ഗവേഷണം വലിയ തോതിൽ നടക്കുന്ന് ഒരു സംസ്ഥാനമാണ്‌ മേരിലന്റ്. 350-ഓളം ഗവേഷണസ്ഥാപനങ്ങൾ ഇവിടെയുണ്ട്. പ്രസിദ്ധമായ ജോൺ ഹോപ്കിൻസ് സർവകലാശാല ഇവിടെയാണ്‌. 50 ലക്ഷത്തോളം ജനസംഖ്യയുള്ള ഇവിടത്തെ ആളുകളിൽ ഭൂരിഭാഗവും തലസ്ഥാനമായ വാഷിങ്ങ്ട്ടൺ ഡിസിക്ക് ചുറ്റുമായോ, ബാൾട്ടിമോർ നഗരത്തിലോ ആണ്‌ വസിക്കുന്നത്. മറ്റുള്ള പ്രദേശങ്ങൾ സമ്പന്നമായ കാടും ആവാസവ്യവസ്തയും ഉള്ള പ്രദേശമാണ്‌. പരിസ്തിതി സൗഹൃദ സംസ്ഥാങ്ങളിലൊന്നുകൂടിയാണിത്. ജെർമൻ, ഐറിഷ്, ഇംഗ്ലിഷ്, ഇറ്റാലിയൻ തുടങ്ങി എല്ലാ യൂറോപ്യന്മരും ഏറിയും കുറഞ്ഞും ഇവിടെയുണ്ട്. ഏറെ ഇന്ത്യക്കാരുള്ള സംസ്ഥാനമാണിത്. ഏറ്റവും തൊഴിൽ നല്കുന്ന സേവനമേഖല കൂടാതെ, കൃഷി, കാർഷികോല്പന്നങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, ഇലക്ട്രോണിക് കമ്പ്യുട്ടർ രാസവസ്തുക്കൾ തുടങ്ങിയവയുടെ നിർമ്മാണം തുടങ്ങി സമ്പന്നമായ ഒരു ഉത്പാദനമേഖൽ ഇവിടെയുണ്ട്. ഇവിടത്തെ ശരാശരി കുടുംബവരുമാനം വർഷത്തിൽ 70,000 ഡോളറാണ്‌. അമേരിക്കയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണിത്. ഡെമൊക്രാറ്റുകൾക്ക് വലിയ തോതിൽ സ്വാധീനമുള്ള സംസ്ഥാനം കൂടിയാണത്. ബാൾട്ടിമോർ, കൊളമ്പിയ, ജർമ്മൻ ടൗൺ, സിൽവർ സ്പ്രിങ്ങ് എന്നിവ പ്രധാന നഗരങ്ങളാണ്‌. അമേരിക്കയുടെ തലസ്ഥാനത്ത് എത്തുന്നവർക്ക് തങ്ങളുടെ സന്ദർശന ലിസ്റ്റിൽ നിന്നും, ധാരാളം മ്യൂസിയങ്ങളും, അമ്യൂസ്മെന്റ് പാർക്കുകളും, ബലൂൺ സവാരിയും മറ്റുമുള്ള മേരിലന്റിനെ ഒഴിവാക്കാനാവില്ല.


ജൂലൈ 5, 2011.


*

Sunday, June 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 20

അമ്പഴയ്ക്കാട്ട് ശങ്കരൻ


റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രാഥമിക സംവാദങ്ങൾ (Prinmary debates)


മെയ് 5-ന്‌ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രാഥമിക സംവാദങ്ങൾ ആരംഭിച്ചതോടെ 2012-ലെ തെരഞ്ഞെടുപ്പിനുള്ള കേളികൊട്ട് ആരംഭിച്ചിരിക്കുകയാണ്‌. 2012 മർച്ച് അഞ്ചോടെ സംവാദങ്ങൾക്ക് പരിസമാപ്തിയാകും. മത്സരംഗത്ത് ഉണ്ടാകുമെന്ന് കരുതിയ മുൻ വൈസ് പ്രസിഡന്റ് സ്ഥാർത്ഥി സേറാ പേലിൻ, മൈക്ക് ഹക്കബി, ഡൊണൾഡ് ട്രമ്പ് എന്നിവർ മത്സരരംഗത്ത് ഉണ്ടവില്ല. മത്സരരംഗത്തുള്ള പ്രധാനികൾ മിറ്റ് റാമ്നി, ടിം പുലന്റി, മിഷേൽ ബാക്മെൻ, റോൺ പോൾ, ഹേമൻ കേയിൻ എന്നിവരാണ്‌. ഒബാമയെ തോല്പിക്കാനുള്ള ശ്രമിക്കുന്നവരോടെ കൂട്ടത്തിലേക്ക് ഇനിയും റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നും കൂടുതൽ പേർ വന്നേക്കാം. എന്നാൽ ഇപ്പോഴത്തെ സർവേകളിൽ മിറ്റ് റാമ്നിയും, മിഷേൽ ബാക്ക്മനുമാണ്‌ മുന്നിട്ട് നില്ക്കുന്നത്. ഇനിയും എറെ മാസങ്ങൾ കടന്നുപോകേണ്ടതുള്ളതുകൊണ്ട് ഇതിൽ മാറ്റങ്ങൾ വരാനുള്ള സാദ്ധ്യത തള്ളികളയാനാവില്ല. ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കവും ഇതിനകം ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണത്തെപോലെ തന്നെ ചെറുപ്പക്കാരെയും, സ്ത്രീകളേയും, ന്യൂനപക്ഷങ്ങളേയും ആകർഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഒബാമയുടെ വിവിധ തലത്തിലുള്ള ഇലക്ഷൻ കമ്മിറ്റികൾ ആരംഭിച്ചു കഴിഞ്ഞു.


Obama-Romney


ഒബാമ ഒറ്റവട്ട പ്രസിഡണ്ടാകുമെന്ന ഉറച്ചവിശ്വാസത്തിലാണ്‌ റിപ്പബ്ലിക്കൻ പാർട്ടിക്കാർ. അവർ ഒബാമയെ താരതമ്യം ചെയ്യുന്നത് രണ്ടാം വട്ടം തെരഞ്ഞെടുക്കപ്പെടാതെ പോയ ജിമ്മി കാർട്ടറുമായിട്ടാണ്‌. ജിമ്മി കാർട്ടർ പ്രസിഡണ്ടായ കാലഘട്ടമല്ല ഇതെന്ന് ഡെമോക്രാറ്റുകൾ സമാധാനിക്കുന്നു. സാമ്പത്തികമാന്ദ്യം തരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഒബാമയുടെ സ്ഥിതി പരിതാപകരമാവും എന്ന് കരുതുന്നവരാണ്‌ ഏറെയും. ബഡ്ജറ്റ് കമ്മി, കേന്ദ്രഗവർണ്മെന്റിന്റെ കടബാദ്ധ്യത, ചെലവുചുരുക്കൽ, നികുതി ഘടന പരിഷ്ക്കരിക്കൽ, നികുതി കൂട്ടി ചെലവിനുള്ള വക കണ്ടെത്തൽ, സാമുഹ്യസുരക്ഷ പദ്ധതികൾ, ഒബാമ പാസാക്കിയ സമഗ്ര ആരോഗ്യ-സുരക്ഷാപദ്ധതി തുടങ്ങി മുന്നു യുദ്ധങ്ങളും, കുടിയേറ്റനിയവവും മറ്റും ഈ തെരഞ്ഞെടുപ്പിൽ ചൂടുള്ള ചർച്ചാവിഷയമാകും. ന്യുനപക്ഷങ്ങളായ കറുത്തവർഗക്കാരുടേയും, തെക്കെ അമേരിക്കയിൽ നിന്നും കുടിയേറിയ ഹിസ്പാനിക്ക് (Hispanic) വർഗ്ഗക്കാരുടെയും അഭൂതപുർവമായ പിന്തുണ ഉള്ളിടത്തോളം കാലം ഒബാമയെ തോല്പിക്കുക റിപ്പബ്ലിക്കൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം ദു:ഷ്ക്കരമാണ്‌.

ഗ്രനെഡ (Graneda)


സുഗന്ധദ്രവ്യങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ഗ്രെനെഡ ലോകത്തിന്റെ ശ്രദ്ധയി വരുന്നത് 1498-ൽ കൊളമ്പസിന്റെ മൂന്നാം നാവികപര്യടനത്തിനുശേഷമാണ്‌. 1649 മുതൽ ഫ്രഞ്ച് കോളനിയായിരുന്നു ഗ്രെനെഡാ 1763-ൽ പാരിസ് ഉടമ്പടി (Treaty of Paris) പ്രകാരം ബ്രിട്ടന്റെ കോളനിയായിത്തീർന്നു. 1950 മുതൽ ലേബർ പാർട്ടിയുടെ ( Grenada United Labour Party) നേതൃത്വത്തിൽ ഉണ്ടായ തൊഴിലാളി-ജനകീയ മുന്നേറ്റത്തിന്റെ ഫലമായി 1974-ൽ സ്വതന്ത്രമായി. ക്യുബയുടെയും, സോവിയറ്റ് യൂണീയന്റെയും സഹായത്തോടെ വിപ്ലവശക്തികളും, അമേരിക്കയുടെ സഹായത്തോടെ പ്രതിവിപ്ലവ ശക്തികളും അധികാരം കൈയ്യടക്കുന്നതിനുവേണ്ടിയുള്ള പോരാട്ടമാണ്‌ ഗ്രനെഡ പിന്നീട് കണ്ടത്. 1983-ൽ ജനാധിപത്യം സ്ഥാപിക്കുകയാണെന്ന വ്യാജേന അമേരിക്ക ഗ്രനെഡായെ ആക്രമിക്കുകയും അവിടെ ഒരു പാവഗവണ്മെന്റിനെ വാഴിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലെ മനുഷ്യാവകാശലംഘനങ്ങളെയും ഭരണകൂടഭികരതകളേയും ചർച്ചചെയ്യാൻ റോമൻ കത്തലിക് ബിഷപ്പായ മർക്ക് ഹെയിൻസിന്റെ (Father Mark Haynes) നേതൃത്വത്തിൽ ഒരു കമ്മീഷനെ (truth and reconciliation commission) നിയമിച്ചു. ഇപ്പോഴും പഴയ ചരിത്രം ഓർക്കുമ്പോൾ അമർഷം നിറയുന്നവരുണ്ടെങ്കിലും സ്ഥിതി പൊതുവെ ശാന്തമാണെന്നുവേണം പറയാൻ. 2007 ലോകക്രിക്കറ്റ് മത്സരത്തിന്‌ മറ്റു കരിബീയൻ രാജ്യങ്ങളെപോലെ ഗ്രെനെഡയും ഒരു വേദിയായിരുന്നു.

344 ചതുരശ്ര കിമി വിസ്തീർണ്ണമുള്ള ഗ്രെനെഡയിൽ ഏകദേശം ഒരു ലക്ഷം ജനസംഖ്യയാണുള്ളത്. അടുത്തകാലത്ത് അത്രയും തന്നെ ജനങ്ങൾ അമേരിക്ക, കനഡാ, ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കുടിയേറിയിട്ടുമുണ്ട്. ടൂറീസം, പ്രത്യേകിച്ച് ഇക്കൊ ടൂറിസം, സുഗന്ധദ്രവ്യങ്ങളുടെ, പ്രത്യേകിച്ച് ജാതിപത്രിയുടെ കയറ്റുമതി, നിർമ്മാണമേഖല തുടങ്ങിയവയാണ്‌ പ്രധാന വരുമാനമാർഗ്ഗങ്ങൾ. ആഫ്രിക്കയിൽ നിന്ന് അടിമകളായി വന്നവരുടെ പിൻ തലമുറക്കാരാണ്‌ ഇവിടെ ഭുരിപക്ഷവും. റോമൻ കാത്തോലിക്ക വിഭാഗത്തിന്‌ ഭുരിപക്ഷമുള്ള പ്രദേശമാണിത്. ഒരു ചെറിയ ശതമാനം ഇന്ത്യയിൽനിന്നും കുടിയേറിയവരും ഇവിടെ ഉണ്ട്. ഇംഗ്ലിഷ് ആണ്‌ ഔദ്യോഗിക ഭാഷയെങ്കിലും ക്രിയോൾ (Grenadian Creole), പട്വ ( French Patois), ഹിന്ദി തുടങ്ങിയ ഭാഷകളുമുണ്ട്. ആഫ്രിക്കൻ-ഫ്രഞ്ച് സാംസ്കാരിക പാരമ്പര്യം നിലനില്ക്കുന്ന ഇവിടെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഭാരതത്തിന്റെ സ്വാധീനവും കാണാം.


സംസ്ഥാനങ്ങളിലൂടെ ....



വെസ്റ്റ് വെർജീനിയ


പൂർണ്ണമായും അപ്പലാച്ചിയൻ പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്നതുകൊണ്ട് വെസ്റ്റ് വെർജീനിയ പർവ്വത സംസ്ഥാനം (The Mountain State) എന്നാണ്‌ അറിയപ്പെടുന്നത്. യൂറോപ്യന്മാരുടെ വരവിനുമുമ്പ് തദ്ദേശീയരായ അമേരിക്കൻ ഇന്ത്യക്കാരുടെ നായാട്ടു കേന്ദ്രമായിരുന്നു ഈ പ്രദേശം. ഭൂപ്രദേശം വെട്ടിതെളിയിക്കുന്നതിനുപകരം കത്തിച്ചു തെളിയിക്കുക ഇവരുടെ സമ്പ്രദായമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയോടെ യൂറോപ്യന്മാർ കുടിയേറി തുടങ്ങി. അമേരിക്കൻ അഭ്യന്തര യുദ്ധകാലത്ത് കോൺഫെഡറേഷന്റെ ഭഗമായിരുന്ന വെർജീനിയയിൽ നിന്ന് പിരിഞ്ഞ് യൂണീയനിൽ ചേർന്ന ഏകസംസ്ഥാനമാണ്‌ വെസ്റ്റ് വെർജീനിയ. 1863 ജൂൺ 20 -ന്‌ യൂണിയനിൽ ചേർന്ന വെസ്റ്റ് വെർജീനിയ പ്രാധാന്യമുള്ള അഭ്യന്തരയുദ്ധ അതിർത്തിസംസ്ഥാനമായിരുന്നു (Civil War border state). എങ്കിലും അധികം നാശനഷ്ടങ്ങൾ ഉണ്ടാകാത്ത സംസ്ഥാനങ്ങളിലൊന്നാണ്‌ ഇത്.


Harpers Ferry: a historic town


ഈർപ്പവും, വേനൽ ചൂടും, കൊടും തണുപ്പുമുള്ള (humid subtropical climate) കാലാവസ്ഥയാണ്‌ ഇവിടെയുള്ളത്. വനസമ്പത്തും ഖനിസമ്പത്തും ഉള്ളതുകൊണ്ട് മരവ്യവസായവും, കല്ക്കരി ഖനനവും, പ്രകൃതിവാതകവും, പെട്രോളിയവും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്‌. കൂടാതെ ടൂറിസത്തിന്റെ ഭാഗമായും അല്ലാതെയും നായാട്ട്, മത്സ്യബന്ധനം, സ്കീയിങ്ങ്, മലകയറ്റം, സൈക്കിളിംഗ്, റാഫ്റ്റിങ്ങ് തുടങ്ങിയ കായിക വിനോദങ്ങൾക്ക് പ്രസിദ്ധമാണിവിടം. പത്ത് ലക്ഷം ജനസംഖ്യയിൽ ഭുരിഭാഗവും ക്രിസ്തുമതവിശ്വാസക്കാരണ്‌. അതിൽ 75% പ്രൊട്ടസ്റ്റന്റ് വിഭാഗവും. തൊഴിലാളി മുന്നേറ്റത്തിന്റെ വലിയ ചരിത്രമുള്ള ഇവിടെ ഡെമോക്രാറ്റുകൾക്ക് വലിയ സ്വാധീനമുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ എല്ലാ കാലത്തും ഡെമോക്രാറ്റുകൾക്കൊപ്പം നിന്ന സംസ്ഥാങ്ങളിലൊന്നാണിത്. ചാർൾസ്റ്റൻ (തലസ്ഥാനം), ഹണ്ടിംഗ്ട്ടൺ, വീലിങ്ങ്, പാർക്സ് ബർഗ്, മോർഗൺ ടൗൺ എന്നിവയാണ്‌ പ്രധാന നഗരങ്ങൾ. പ്രകൃതിദത്തമായ കായികവിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാകാത്ത വിനോദ സഞ്ചാര കേന്ദ്രമാണ്‌ വെസ്റ്റ് വെർജീനിയ.

ജൂൺ 5, 2011.
 
*

Thursday, May 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 19

അമ്പഴയ്ക്കാട്ട് ശങ്കരൻ

ഡൊനാൾഡ് ട്രമ്പും (Donald Trump) ഒബാമയുടെ ജനന വിവാദവും

അമേരിക്കൻ ഭരണഘടനയുടെ രണ്ടാം വകുപ്പ് അനുസരിച്ച് അമേരിക്കയിൽ ജനിച്ചവർക്കെ പ്രസിഡണ്ട് പദത്തിനുവേണ്ടി മത്സരിക്കാൻ സാധിക്കുകയുള്ളു. ഒബാമയുടെ സംബന്ധിച്ച് പ്രചരിക്കുന്ന നിരവധി കഥകളിൽ ഒന്നാണ്‌ അദ്ദേഹത്തിന്റെ ജനനം സംബന്ധിച്ചുള്ള കഥ. ഒബാമ ജനിച്ചത് അദ്ദേഹത്തിന്റെ പിതാവിന്റെ രാജ്യമായ കെനിയയിലാണെന്നും അദ്ദേഹത്തിന്റെ ഹവായൻ ജനന സർട്ടിഫിക്കറ്റ് വ്യാജമാണേന്നും എന്നുള്ള പ്രചരണം പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുമുമ്പ് ഡെമൊക്രാറ്റ് പാർട്ടിയുടെ പ്രാഥമിക (primary) തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയപ്പോൾ തന്നെ തുടങ്ങിയതാണ്‌. അമേരിക്കയിൽ പൗരന്‌ കൊടുക്കനുള്ളതും (short form) സർക്കാരിന്റെ കസ്റ്റഡിയിൽ സൂക്ഷിക്കാനുള്ളതും ആയ (long form) രണ്ട് തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഉണ്ട്. നിയമമനുസരിച്ച് വിശദമായ വിവരങ്ങൾ ഉൾപ്പെടുന്ന ലോങ്ങ് ഫോം പൗരന്‌ കൊടുക്കേണ്ടതില്ല. പ്രഥമിക മത്സര സമയത്തു തന്നെ അത് പ്രസിദ്ധപ്പെടുത്തിയതുമാണ്‌. എന്നാൽ ഇതൊന്നും ഗൂഢാലോചന സിദ്ധാന്തക്കാരെയോ (conspiracy theory) മുപ്പതു ശതമാനത്തോളം വരുന്ന റിപ്പബ്ലിക്കൻ പാർട്ടിയിലെ വലതുപക്ഷ തീവ്രവാദികളേയൊ കഥകൾ മെനയുന്നതിൽനിന്നും പിന്തിരിപ്പിച്ചില്ല. ദോഷം പറയരുതല്ലോ, പ്രാഥമിക മത്സരസമയത്ത് ഹിലരിയുടെ ചില അനുയായിയകൾ പോലും ഈ ഗൂഢാലോചന കഥകൾ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു.


ഇതിനിടയാണ്‌ “ഉണ്ടിരുന്ന നായർക്ക് ഒരു ഉൾവിളി” വന്ന പോലെ തനിക്കും എന്തുകൊണ്ട് അമേരിക്കൻ പ്രസിഡണ്ടായിക്കൂടാ എന്ന തോന്നൽ ട്രമ്പിനുണ്ടായത്. അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിലൂടെ ശതകോടികൾ സമ്പാദിച്ച ടിയാൻ തന്റെ പേര്‌ മദ്ധ്യമങ്ങളിൽ വരുന്നതിനുവേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ്‌. കൂടാതെ എൻ ബി സി ടിവിയിൽ വളരെയധികം വിജയം വരിച്ച അപ്രന്റിസ് (apprentice) എന്ന പരിപാടിയുടെ അവതാരകനുമാണ്‌. പ്രസിഡന്റ് പദത്തിലേക്കുള്ള റിപ്പബ്ലിക്കൻ പ്രാഥമിക മത്സരത്തിൽ വലതുപക്ഷ തീവ്രവാദികളുടെ പിന്തുണ കിട്ടാൻ വേണ്ടി ഒബാമ ജനനവിവാദം ഒരിക്കൽ കൂടി കുത്തിപ്പൊക്കി. കൂടാതെ താൻ പ്രസിഡണ്ടായാൽ ഇറാക്കിലെ എല്ലാ എണ്ണപ്പാടങ്ങളും പിടിച്ചെടുക്കുമെന്നും, വാണിജ്യ യുദ്ധം വന്നാലും ചൈനയുടെ ഉത്പ്പന്നങ്ങൾക്ക് വലിയ തോതിൽ നികുതി ഏർപ്പെടുത്തുമെന്നും മറ്റുമുള്ള മണ്ടത്തരങ്ങൾ വിളമ്പുകയും ചെയ്തു. ജനനവിവാദം മാദ്ധ്യമങ്ങളിൽ കൊടുമ്പിരി കൊണ്ടപ്പോൾ ഗത്യന്തരമില്ലാതെ ഒബാമ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തന്റെ ലോങ്ങ് ഫോം ജനന സർട്ടിഫിക്കറ്റ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതൊന്നും വലതുപക്ഷ തീവ്രവാദികളെ ഗൂഢാലോചനാ കഥകൾ മെനയുന്നതിൽ നിന്നും പിന്തിരിപ്പിക്കില്ലെങ്കിലും, മാദ്ധ്യമങ്ങളിൽനിന്നും തത്ക്കാലികമായി അപ്രത്യക്ഷപ്പെട്ടിരിക്കുകയാണ്‌. ട്രമ്പാണെങ്കിൽ, താൻ പ്രസിഡണ്ടിനെകൊണ്ട് ജനന സർട്ടിഫിക്കറ്റ് പ്രസിദ്ധീകരിപ്പിച്ചു എന്നും അതൊരു ആനക്കാര്യമാണെന്നും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.


ക്ലിപ്പർട്ടൻ ദ്വീപ് (Clipperton Island)

ഒമ്പത് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ജനവാസമില്ലാത്ത വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള ഒരു ദ്വീപാണ്‌ ക്ലിപ്പർട്ടൺ. ശാന്തസമുദ്രത്തിൽ മെക്സിക്കോക്ക് തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഫ്രഞ്ച് പ്രവാസിം മന്ത്രാലയത്തിന്റെ (Minister of Overseas France) നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ ഈ പ്രദേശം. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജോൺ ക്ലിപ്പർട്ടൺ എന്ന കടൽ കൊള്ളക്കാരന്റെ പേരിലാണ്‌ ഈ ദ്വീപ് അറിയപ്പെടുന്നത്. ക്ലിപ്പർട്ടൻ ഒരു കടൽ കൊള്ളക്കാരൻ മാത്രമായിരുന്നില്ല, നാവികശക്തിയല്ലാത്ത രാജ്യങ്ങൾ ക്ലിപ്പർട്ടനെപ്പോലെയുള്ള കടൽ കൊള്ളക്കാരെ ശത്രു രാജ്യത്തിന്റെ കപ്പലുകളെ ആക്രമിക്കാൻ ഉപയോഗിക്കുമായിരുന്ന വ്യക്തി (privateer) കൂടിയായിരുന്നു. ഇക്കൂട്ടർ പതിനാറാം നൂറ്റാണ്ടുമുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ നാവികയുദ്ധങ്ങളുടെ ഭാഗമായിരുന്നു. ബ്രിട്ടൻ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഈ ദ്വീപിന്റെ ഉടമസ്ഥത അവകാശപ്പെട്ടിട്ടുണ്ടെങ്കിലും 1931 ജനുവരിയിൽ പൂർണ്ണമായും ഫ്രഞ്ച് അധീനതയിലായി.


ഇവിടത്തെ സസ്യ-ജന്തുജാലത്തെപ്പറ്റി പരസ്പര വിരുദ്ധങ്ങളായ നിഗമങ്ങളാണ്‌ ഉണ്ടായിട്ടുള്ളത്. ഇവിടം പറയത്തക്ക സസ്യജന്തുജാലങ്ങൾ ഉണ്ടയിരുന്നില്ലെന്നും, അതല്ല കുറ്റിക്കാടുകളും അപൂർവം ജന്തുജാലങ്ങളും ഉണ്ടയിരുന്നെന്നും കരുതന്നവരുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ എലിയും, പന്നിയും അടക്കമുള്ള ജന്തുക്കളും, പുൽമേടും, തെങ്ങും ധാരാളമായി കണ്ടുതുടങ്ങി. കൂടാതെ വിഷാംശമുള്ള, ഭക്ഷ്യയോഗ്യമല്ലാത്ത തിളങ്ങുന്ന ഓറഞ്ചുനിറത്തിലുള്ള ഒരു തരം ഞണ്ടും ഇവിടെ ധാരാളമായി കണ്ടുവരുന്നു. പ്രസിദ്ധ ഹോളിവുണ്ട് നടനായ ടോം ഹാങ്ക്സ് (Tom Hanks) പ്രധാന കഥാപാത്രമായി അഭിനയിച്ച കാസ്റ്റ് എവേ (Cast Away) എന്ന സിനിമയുടെ കഥയെ അനുസ്മരിപ്പിക്കുന്ന ചരിത്രം ക്ലിപ്പർട്ടൻ ദ്വീപിൽ 1962-ൽ ഉണ്ടായിട്ടുണ്ട്. 1962 ഫെബ്രുവരി 6 മുതൽ മാർച്ച് 1 വരെ മുങ്ങിപ്പോയ ഒരു കപ്പലിലെ 9 നാവികർ ഇവിടെ കുടുങ്ങിപ്പോയി. ഇളനിരും, മുട്ടയും തിന്നാണ്‌ അവർ 23 ദിവസം അവർ അവിടെ കഴിഞ്ഞുകൂടയിത്. പിന്നീട് അതിലൂടെ കടന്നുപോയ മീൻപിടുത്തക്കാരാണ്‌ അവരെ രക്ഷിച്ചത്. സ്ക്യുബ ഡൈവിങ്ങ് (recreational scuba diving) അടക്കമുള്ള ജലവിനോദങ്ങളുടെ കേന്ദ്രവും പര്യവേഷണ സംഘങ്ങളുടെ പറുദീസയുമാണിവിടം.


സംസ്ഥാനങ്ങളിലൂടെ.....


വെർജീനിയ (Virginia)


അറ്റ്ലാന്റിക് സമുദ്രതീരത്തോട് ചേർന്ന് കിടക്കുന്ന അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിലൊന്നാണ്‌ വെർജീനിയ. ഈ സംസ്ഥാനത്തെ പുരാതന സ്വയംഭരണ (old dominion) സംസ്ഥാനമെന്നും, പ്രസിഡന്റുമാരുടെ അമ്മ (mother of presidents) എന്നും മറ്റും അറിയപ്പെടുന്നു. ഇതുവരെ 8 അമേരിക്കൻ പ്രസിഡന്റുമാരെ സംഭാവന ചെയ്ത സംസ്ഥാനമാണിത്. 12000 വർഷങ്ങൾക്കുമുമ്പാണ്‌ ഇവിടെ ജനവാസം തുടങ്ങിയതെന്ന് കരുതുന്നു. 5000 വർഷം മുമ്പ് മനുഷ്യർ സ്ഥിരവാസം തുടങ്ങി. 900 എഡിയിൽ കൃഷി ആരംഭിച്ചു. 1607-ലാണ്‌ ബ്രിട്ടൻ ഇവിടം കോളനിയാക്കുന്നത്. അമേരിക്കൻ അഭ്യന്തര യുദ്ധകാലത്ത് വെർജീനിയ കൺഫെഡറേറ്റിന്റെ ഭാഗമായിരുന്നു. 80 ലക്ഷം ജനസംഖ്യയുള്ള ഇവിടത്തെ ജനസംഖ്യയിൽ ജർമൻ, ഐറിഷ്, ഇംഗ്ലീഷ്, ആഫ്രിക്കൻ വംശജരാണുള്ളത്. ഇരുപതാം നൂറ്റാണ്ടിൽ ഇവിടെ കുടിയേറി തുടങ്ങിയ തെക്കെ അമേരിക്കൻ, ഏഷ്യൻ വംശജർ പതിമൂന്ന് ശതമാനത്തോളം വരും.

ശാസ്ത്രം, സാഹിത്യം, ലളിതകല, നാടകം തുടങ്ങിയവയുടെ സമ്പന്ന പാരമ്പ്യരം ചരിത്രപരമായി വെർജീനിയക്കുണ്ട്. വെർജീനിയ മ്യുസിയം ഓഫ് ഫൈൻ ആർട്സ് (Virginia Museum of Fine Arts), സയൻസ് മ്യൂസിയം ഒഫ് വെർജീനിയ (Science Museum of Virginia.), നാഷണൽ എയർ ആന്റ് സ്പേയ്സ് മ്യൂസിയം (National Air and Space Museum), ക്രൈസലർ മ്യൂസിയം ഒഫ് ആർട്സ് (Chrysler Museum of Art) എന്നിവ സന്ദർശകരെ ആകർഷിക്കുന്നവയാണ്‌. അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ങ്ടൺ ഡിസിയുടെ അതിർത്തി സംസ്ഥാനമായതുകൊണ്ട് തൽസ്ഥാനത്തോടാനുബന്ധിച്ച നിർവധി വികസനങ്ങൾ വെർജീനിയായുടെ വളർച്ചയെ സഹായിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ പെന്റഗൺ ഈ സംസ്ഥാനത്തിനുള്ളിലാണ്‌ സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ തൊഴിൽ ദായകരിൽ ഗവന്മെന്റിന്‌ വലിയ സ്ഥാനമുണ്ട്. 40 ലക്ഷത്തോളം സർക്കാർ ജീവനക്കാർ രാജ്യസുരക്ഷയടക്കം നിരവധി സർക്കാർ വകുപ്പുകളിൽ ഇവിടെ ജോലി ചെയ്യുന്നു. കൂടാതെ ബിസിനസ്സ്, കൃഷി, ടൂറിസം എന്നിവ വെർജീനിയായുടെ സമ്പ്ദ്വ്യവസ്ഥയിൽ വലിയ സ്ഥാനം വഹിക്കുന്നു.


അപ്പലാചിയൻ പർവതനിരയുടെ ഭാഗമായ ബ്ലു റിഡ്ജ് പർവതനിരയും, ചെസപീക് ഉൾക്കടലും(Chesapeake Bay ) വെർജീനിയായുടെ കാലാവസ്ഥയിൽ നിർണ്ണായക പങ്കു വഹിക്കുന്നു. സംസ്ഥാനത്തിന്റെ 65% ഭൂമി ഹിക്കറി, ഓക്ക്, ചെസ്റ്റ്നട്, മേപ്പിൾ, റ്റുലിപ് പോപ്ലാർ, ലോറൽ, മിൽക്ക് വീഡ് (hickory, Oaks, chestnut, maple, tulip poplar, mountain laurel, milkweed,) തുടങ്ങിയ മരങ്ങളുള്ള നിബിഡവനങ്ങളാൽ നിറഞ്ഞുനില്ക്കുന്നു. സസ്യസമ്പത്തുപോലെ മൃഗസമ്പത്തുമുണ്ട്. സാഞ്ചാരികളെ ആകർഷിക്കുന്ന വെളുത്ത്ത വാലുള്ള മാൻ ഇവിടത്തെ പ്രത്യേകതയാണ്‌. റിച്ച്മണ്ട്, അലക്സാഡ്രിയ, ബ്രിസ്റ്റൾ, ബ്യൂനവിസ്റ്റ് തുടങ്ങി 40-ഓളം ചെറുതും വലുതുമായ നഗരങ്ങൾ വെർജീനിയായിലുണ്ട്. രാഷ്ട്രീയമായി പൊതുവെ ഗ്രാമപ്രദേശങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിയേയും നഗർങ്ങൾ ഡെമോക്രാറ്റുകളേയും പിന്തുണക്കുന്നു. ഒരു പാർട്ടിക്കും അധികാര കുത്തക ഉണ്ടെന്ന് പറയാൻ കഴിയില്ല. വാഷിങ്ങ്ടൻ ഡിസി സന്ദർശിക്കുന്നവർക്ക് അവരുടെ സന്ദർശന ലിസ്റ്റിൽ നിന്നും വെർജീനയായെ ഒഴിവാക്കാൻ കഴിയുകയില്ല.


മേയ് 5, 2011.

Tuesday, April 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 18

എ എം എസ്‌


ജപ്പാനിലെ ദു:രന്തവും അമേരിക്കൻ പ്രതികരണവും

പ്രകൃതി ദു:രന്തങ്ങൾക്ക് മുമ്പിൽ ദരിദ്രരും സമ്പന്നരും, അത് രാജ്യമായാലും സമൂഹമായാലും വ്യക്തിയായാലും, ഒരു പോലെ നിസ്സഹയരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമ്പന്നരാണെങ്കിൽ പുനരധിവാസ പ്രവർത്തങ്ങളിൽ കൂടുതൽ ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്ന് മാത്രം. ആയിരക്കൺക്കിന്‌ പേർ മരിക്കുകയും ലക്ഷക്കണക്കിന്‌ പേർ വഴിയാധാരമാവുകയും, കോടിക്കണക്കിന്‌ ഡോളറിന്റെ ഭൗതികനഷ്ടവും ഉണ്ടായ ജപ്പാനിലെ ഭൂചലനവും, സുനാമിയും, ന്യൂക്ലിയർ ദു:രന്തവും രാത്രിയും പകലും ഉള്ള ദൃശ്യ മാധ്യമ വാർത്തകളുടെ ഫലമായി ജനങ്ങളെ അനാവശ്യ ഉല്ക്കണ്ഠാകുലരാക്കി. അമേരിക്കയുടെ പടിഞ്ഞാറൻ കടൽത്തീരത്തും, സംസ്ഥാനങ്ങളിലും ന്യുക്ലിയർ വികിരണം അമിത തോതിൽ ഉണ്ടെന്ന് തോന്നിക്കും വിധം വാർത്തകൾ പരന്നു. പക്വതയോടെ കൈകാര്യം ചെയ്യേണ്ടതിനു പകരം മാധ്യമങ്ങൾ അതിനെ അതിനാടകതീയതയോടെ അവതരിപ്പിക്കുകയാണുണ്ടായത്. ജപ്പാനെ പൊതുവേ ബഹുമാനമുള്ള അമേരിക്ക, ജപ്പാൻ മീഡിയ വേണ്ടത്ര വിവരങ്ങൾ അമേരിക്കക്ക് നല്കുന്നില്ലെന്നുവരെ പറഞ്ഞു വെച്ചു.


ഇങ്ങിനെയൊക്കെയാണെങ്കിലും ഭൂചലനവും ന്യൂക്ലിയർ ദു:രന്തവും ഉണ്ടായാൽ അത് നേരിടാൻ രാജ്യം സജ്ജമാണോ എന്ന ജനങ്ങളുടെ ചോദ്യം പ്രസക്തമാണ്‌. ന്യൂ ഓർളിയൻസ്, ടെന്നിസ്സി എന്നിവടങ്ങളിലെ വെള്ളപ്പൊക്കവും, പ്രകൃതി ദു;രന്തമല്ലെങ്കിലും ബിപി എണ്ണക്കിയണർ ദു;രന്തവും മറ്റും ഫെഡറൽ ഗവന്മെന്റ് അതിന്‌ സജ്ജമല്ലെന്ന വാദത്തെ ന്യായീകരിക്കുന്നതാണ്‌. 1979-ൽ ത്രീ മൈൽ ദ്വീപിലെ ന്യൂക്ലിയർ പ്ലാന്റിൽ ഉണ്ടായ അപകടത്തിനുശേഷം ഒരു പുതിയ പ്ലാന്റിന്റെ നിർമ്മാണം പോലും ആരംഭിച്ചിട്ടില്ല. 1973-ൽ ആണ്‌ ടെന്നിസ്സിയിലെ വട്ട്സ് ബറിലിൽ ( Watts Bar) ആണ്‌ അമേരിക്കയിൽ അവസാനമായി ഒരു ന്യൂക്ല്യർ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചത്. അതിന്റെ നിർമ്മാണം 2012-ൽ അവസാനിക്കുമെന്ന് കരുതുന്നു. 2001 സെപ്റ്റമ്പർ 11 -ൽ തീവ്രവാദ ആക്രമാണത്തിനു ശേഷം ഫെഡറൽ ഗവർന്മെന്റിന്റെ ശ്രദ്ധ കൂടുതലും തീവ്രവാദി ആക്രമണങ്ങൾ തടയാനാണ്‌. അതിനിടയിൽ ഇത്തരം പ്രകൃതി ദു:രന്തങ്ങൾക്ക് നേർക്ക് ഗവന്മെന്റിന്‌ ഒരു അലസമനോഭാവം ഉണ്ടെന്ന് തോന്നൽ ജനങ്ങൾ വെച്ചുപുലർത്തുന്നു.. എന്നാൽ ജപ്പാൻ ദു:രന്തത്തിന്റെ പശ്ചാത്തലത്തിൽ, പ്രകൃതി ദു:രന്തങ്ങൾ ഉണ്ടായാൽ അതിനെ ഫലപ്രദമായി നേരിടാൻ രാജ്യത്തെ എങ്ങിനെ സജ്ജമാക്കണമെന്നുള്ള ചർച്ചക്ക് ഇവിടെ പ്രാമുഖ്യം വന്നിരിക്കുകയാണ്‌.

ബെർമ്യൂഡ (Bermuda)


ബെർമ്യൂഡ ട്രയാംഗിൾ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. കപ്പലുകളും വിമാനങ്ങളും ദൂരുഹ സാഹചര്യങ്ങളിൽ കാണാതായതോടെ ബെർമ്യൂഡയുടെ വടക്കുകിഴക്കൻ സമുദ്ര പ്രദേശം വളരെ പ്രസിദ്ധമായി. കൊമ്പോസ് (Compass) വ്യതിയാനം ഏറെ കാണിക്കുന്ന സ്ഥലമാണ്‌ ബെർമ്യൂഡ ട്രയാംഗിൾ. 1505-ലാണ്‌ സ്പാനിഷ് നാവികൻ യുവാൻ ഡെ ബെർമ്യുഡസ് ( Juan de Bermúdez) കണ്ടുപി ടിക്കുന്നത്. 1609 മുതൽ ഇംഗ്ലീഷുകാർ അവിടെ കുടിയേറി പാർത്തുതുടങ്ങി. 1811 -ൽ ഐർലന്റ് ദ്വീപിൽ (Ireland Island} വലിയൊരു നാവികകേന്ദ്രം സ്ഥാപിച്ചതോടെ ബെർമ്യൂഡ വലിയൊരു കപ്പൽ വാണിജ്യ കേന്ദ്രമായിത്തീർന്നു. ഇരുപതാം നൂറ്റാണ്ടിൽ വലിയ തോതിൽ ആധുനിക വികസനമെത്തുകയും അമേരിക്കയുടെയും യൂറോപ്പിന്റേയും സമ്പന്നരുടെ ടൂറിസ്റ്റ് കേന്ദ്രമാവുകയും ചെയ്തു.


70,000-ൽ താഴെ മാത്രം ജനസംഖ്യയുള്ള ബെർമ്യൂഡ, ബ്രിട്ടന്റെ പരമാധികാര (overseas territory of the UK)അതിർത്തിയാണെങ്കിലും, സ്വയം ഭരണാധികാരമുള്ള (Autonomy) പാർലിമെന്ററി വ്യവസ്ഥ നിലനില്ക്കുന്ന രാജ്യമാണ്‌. അമ്പത് ശതമാനത്തിലേറെ ആഫ്രിക്കൻ-കരീബയനും, മുപ്പത് ശതമാനത്തിലേറെ യൂറോപ്പ്യൻ വംശജരും ആണ്‌ ഇവിടെയുള്ളത്. ടൂറിസവും, ബാങ്കിങ്ങ് മേഖലയും തഴച്ചുവളർന്നതിന്റെ ഭാഗമായി ആളോഹരി വരുമാനത്തിൽ (per capita income) ലോകരാജ്യങ്ങളിൽ മുന്നാം സ്ഥാനത്തെത്തി. ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന ഇളം ചെവപ്പ് (Pink) നിറത്തിലുള്ള കടൽത്തിരങ്ങളും, തദ്ദേശിയമായി മാത്രം കാണുന്ന അഞ്ചു തരത്തിലുള്ള വവ്വാലുകളും ഇവിടത്തെ പ്രത്യേകതയാണ്‌. അമേരിക്ക വർഷങ്ങളോളം ഗ്വന്റാനമോയിൽ തടങ്കലിൽ വെച്ച ശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ നാലു നിരപരാധികളെ ഒരു രാജ്യവും സ്വീകരിക്കാൻ തയ്യാറാകാതെ വന്നപ്പോൾ 2009-ൽ അവരെ സ്വീകരിച്ച് മനുഷ്യത്വം കാട്ടിയ രാജ്യം കൂടിയാണ്‌ ബെർമ്യൂഡ.
സംസ്ഥാനങ്ങളിലൂടെ.....

അലബാമ (Alabama)


മരം കൊത്തി പക്ഷികളുടെ (Yellowhammer) സംസ്ഥാനം, ഡിക്സികളുടെ ഹൃദയം (Heart of Dixie) എന്നീ പേരുകളിലാണ്‌ അലബാമ അറിയപ്പെടുന്നത്. ഡിക്സ് (Dix) എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ്‌ അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ഫ്രഞ്ചുകാരെ സൂചിപ്പിക്കുന്ന ഡിക്സീസ് എന്ന പദം ഉണ്ടായത്. അലബാമ എന്ന വാക്കിന്റെ അർത്ഥം (മറ്റു അനവധി ഭാഷ്യങ്ങളുണ്ടെങ്കിലും) സസ്യജാലങ്ങൾ (alba - plants or weed) മുറിച്ചുകളയുക (amo - cut or trim or gather) എന്നാത്രെ. എന്നാൽ അതിന്റെ ശരിയായ വിവർത്തനം കൃഷിനിലം കൃഷിയിറക്കാൻ പാകമാക്കുക (clearing of land for cultivation) അല്ലെങ്കിൽ ഔഷധസസ്യങ്ങൾ ശേഖരിക്കുക (collecting medicinal plants) എന്നാണ്‌. യൂറോപ്പുകാർ കോളനിയക്കുന്നതിന്‌മുമ്പ് ആയിരക്കണക്കിന്‌ വർഷം മനുഷ്യ ചരിത്രമുള്ള പ്രദേശാമാണിവിടം. 1702 ലാണ്‌ ഫ്രഞ്ചുകാർ ആദ്യമായി ഓൾഡ് മൊബൈൽ (Old Mobile) എന്ന സ്ഥലത്തിനടുത്ത് കുടിയേറി പാർക്കുന്നത്. പിന്നിട് ഇംഗ്ലണ്ടിൽനിന്നും സ്പെയിനിൽനിന്നും കുടിയേറ്റമുണ്ടായി. അലബാമ 22-മത് സംസ്ഥാനമായി 1822-ൽ അമേരിക്കൻ യൂണിയനിൽ ചേർന്നു. 1961 ജനുവരി 11-ന്‌ യൂണിയനിൽ നിന്ന് പിരിഞ്ഞ് കോൺഫെഡറേഷനിൽ (Confederate States of America) ചേർന്നു. അഭ്യന്തര യുദ്ധകാലത്ത് അലബാമയുടെ ഒരു ലക്ഷത്തിലേറെ പട്ടാളക്കാർ കോൺഫെഡറേഷനെ സഹായിക്കാൻ ഉണ്ടായിരുന്നു. 1865-ൽ നിയമം മൂലം കറുത്തവർഗ്ഗക്കാരായ അടിമകൾ സ്വതന്ത്രമാക്കപ്പെട്ടു.


വലിപ്പത്തിൽ പതിമുന്നാമത്തെ സംസ്ഥാനമായ അലബാമയിൽ 50 ലക്ഷത്തിൽ താഴെ ജനങ്ങളുണ്ട്‌. ബെർമിംഗ് ഹാം, മോണ്ട്ഗംറി, ഹണ്ട്സ്‌ വിൽ, മൊബൈൽ എന്നിവ പ്രധാന നഗരങ്ങളാണ്‌. പ്രകൃതിരമണീയ പാർക്കുകളും, ചരിത്ര സ്മാരകങ്ങളും ഏറെ ഉണ്ടെങ്കിലും വിനോദസഞ്ചാരികളുടെ, പ്രത്യേകിച്ചും കുട്ടികളുടെ, ആകർഷണമാണ്‌ ഹണ്ട്സ്‌ വില്ലിലെ നാസയുടെ സ്പേസ്‌ & റോക്കറ്റ്‌ സെന്റർ. 70% വെളുത്തവർഗ്ഗക്കാരും, 26% കറുത്ത വർഗ്ഗക്കാരും ഉള്ള അലബാമ 1986 വരെ ഡെമൊക്രാറ്റുകളുടെ കുത്തകയായിരുന്നു. എന്നാലിപ്പോൾ ഗവർണ്ണറും പ്രതിനിധി സഭകളും റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രത്തിലാണ്‌. ബഹിരാകാശ ഗവേഷണം, വിദ്യാഭ്യാസം, ആരോഗ്യം, ബാങ്കിംഗ്‌ തുടങ്ങിയ സേവനമേഖലകളും, വാഹനനിർമ്മാണം, ഖനനം, സ്റ്റീൽ തുടങ്ങിയ ഘനന വ്യവസായങ്ങളും അലബാമയെ സമ്പന്നമാക്കുന്നു.

ഏപ്രിൽ 5, 2011.

*