Monday, September 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 23

എ എം എസ്

റിപ്പബ്ലിക്കൻ പ്രാഥമിക സംവാദങ്ങൾ

അമേരിക്ക ജനാധിപത്യ രാജ്യമാണെങ്കിലും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നവരുടെ എണ്ണം വളരെ കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്‌. വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവും ഇവിടെ സംരക്ഷിക്കപ്പെടുന്നു എന്ന തൊടുന്യായമാണ്‌ പൊതുവെ പറഞ്ഞു കേൾക്കാറുള്ളത്. അരാഷ്ട്രീയവാദമോ, സാമൂഹ്യ പ്രതിബദ്ധതയുടെ കുറവോ, അനഭിജ്ഞതയോ (ignorant) ഒക്കെ ആയിരിക്കാം കാരണങ്ങൾ. സമ്മതിദാന അവകാശം വിനിയോഗിക്കാൻ അർഹതയുവരുടെ 60 ശതമാനത്തിൽ താഴെയാണ്‌ വോട്ടർ പട്ടികയിൽ പേര്‌ ചേർക്കാറുള്ളത്. അതിൽ പകുതിയാണ്‌ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക. അതായത് ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന്. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്ന വർഷത്തിലെ സെനറ്റ്, ജനപ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ അതേ തോതിൽ വോട്ടർമാർ പങ്കെടുക്കാറുണ്ട്. എന്നാൽ എല്ലാ രണ്ടുവർഷവും മൂന്നിലൊന്ന് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സെനറ്റിലേക്കും, എല്ലാ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനപ്രതിനിധിസഭയിലേക്കും നടക്കുമ്പോൾ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വർഷമല്ലെങ്കിൽ പങ്കെടുക്കുന്നവരുടെ എണ്ണം തുലോം കുറവണ്‌. 20 ശതമാനം പങ്കെടുത്തെങ്കിലായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ ആരും അറിയുകേയില്ല. കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ 80 ശതമാനവുമായി കൂട്ടി വായിക്കുമ്പോഴാണ്‌ “മഹത്തായ” അമേരിക്കൻ ജനാധിപത്യത്തിന്റെ ദൗർബല്ല്യം വെളിവാകുക.

August 11 Debate
ഇത്രയും പറഞ്ഞത് 2012-ൽ തെരഞ്ഞെടുപ്പിൽ ഒബാമയെ തോല്പിക്കാൻ കച്ചകെട്ടി ഇറങ്ങിയവരുടെ പ്രാഥമിക സംവാദങ്ങൾ ആരംഭിച്ചതുകൊണ്ടാണ്‌. ഈ വർഷം മേയ് മുതൽ ആരംഭിച്ച സംവാദങ്ങൾക്ക് അടുത്തവർഷം മാർച്ചോടെ പരിസമാപ്തിയാകും. ഇരുപതിലേറെ സംവാദങ്ങളാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്. ഇത്രയേറെ സംവാദങ്ങൾ ആവശ്യമുണ്ടോ എന്ന് കരുതുന്നവരാണേറെയും. പ്രസിഡണ്ട് തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് സംവാദങ്ങളെ പതിവുള്ളു. മാസചൂസറ്റ് ഗവർണ്ണർ മിറ്റ് റാമ്നി, ടെക്സാസ് ഗവർണ്ണർ റിക് പെറി, പീറ്റ്സ കച്ചവടക്കാരനും കറുത്തവർഗ്ഗക്കാരനുമായ ഹെർമൻ കെയിൻ, മുൻ സ്പീക്കർ ന്യു ഗിഗ്രിച്ച്, ജനപ്രതിനിധി അംഗങ്ങളായ റോൺ പോൾ, മിഷേൽ ബാക്മെൻ എന്നിവരാണ്‌ പ്രധാന മത്സരാർത്ഥികൾ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ കഴിഞ്ഞ തവണ  റിപ്പബ്ലിക്കൻ പ്രാഥമിക മത്സരങ്ങളിൽ മക്കയിനോട് തോറ്റ മിറ്റ് റാമ്നി ജയിക്കുമെന്നാണ്‌ കരുതുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്ര യാഥാസ്തികവാദികൾക്ക് (conservatives) അത്ര പിടിച്ചിട്ടില്ല എന്നുള്ളത് മാത്രമാണ്‌ റാമ്നിയെ അലട്ടുന്നത്. സ്വതന്ത്രരേയും പാർട്ടിയിലെ മിതവാദികളേയും ആകർഷിക്കാൻ റാമ്നിക്ക് കഴിയുമെന്നാണ്‌ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ നിഗമനം.

ഡൊമിനിക്കൻ റിപ്പബ്ലിക്‌ (Dominican Republic)

പൊതുവെ ഒരു ദ്വീപ്‌ മുഴുവനായോ, ഒരു ദ്വീപസമൂഹമോ ആണ്‌ രാജ്യമാകാറുള്ളത്‌. എന്നാൽ കരീബിയൻ കടലിലുള്ള ഹിസ്പാനിയോള എന്ന ദ്വീപ്‌ രണ്ട്‌ രാഷ്ട്രങ്ങൾക്ക്‌ അവകാശപ്പെട്ടതാണ്‌. മൂന്നിലൊന്ന്‌ ഭാഗം ഹേയ്തിക്കും ബാക്കി ഭാഗം ഡൊമിനിക്കൻ റിപ്പബ്ലിക്കിനും. ഭൂവിസ്തൃതിയിൽ ക്യുബ കഴിഞ്ഞാൽ ഡൊമിനിക്കൻ റിപ്പബ്ലിക്‌ ആണ്‌ രണ്ടാമത്‌ (4800 ചതുരശ്ര കി.മീ.). 1492-ൽ കൊളമ്പസ്‌ തന്റെ ആദ്യയാത്രയിൽ തന്നെ ഇവിടെ  എത്തിയിട്ടുണ്ട്‌. ഏഴാം നൂറ്റാണ്ടു മുതൽ റ്റേയ്നൊ (Taino) ഭാഷ സംസാരിക്കുന്ന, മുമ്പുണ്ടയിരുന്ന വാസക്കാരെ തുരത്തിയ, റ്റേയ്നൊക്കാർക്കാണ്‌ മുൻതൂക്കം. പദാവലികൊണ്ട്‌ സമ്പന്നമായൊരു ഭാഷയാണ്‌ റ്റേയ്നൊ. ഇംഗ്ലീഷും സ്പാനിഷും ഈ ഭാഷയിൽ നിന്നും നിരവധി പദങ്ങൾ കടം കൊണ്ടിട്ടുണ്ട്‌. canoe, potato, cay/key, barbecue, hurricane എന്നിവ ചില ഉദാഹരണങ്ങളാണ്‌.

Samana Bay
1492 - ലാണ്‌ സ്പാനിഷുകാർ ഇവിടെ എത്തിചേരുന്നത്‌. ഭൂരിഭാഗം തദ്ദേശീയരും രോഗം, ദാരിദ്ര്യം,  നിർബന്ധ തൊഴിൽ, യുദ്ധം, ശാരീരിക പീഡനം തുടങ്ങിയവ കൊണ്ട്‌ നാമവശേഷമായി. ഫ്രഞ്ചുകാരും, അമേരിക്കയും, കുറച്ചുകാലം ഹെയ്തി പോലും ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ കീഴടക്കിയിട്ടുണ്ട്‌. 1844 ഫെബ്രുവരി 27 നാണ്‌ ഹെയ്തിയിൽ നിന്ന്‌ ഈ രാജ്യം സ്വതന്ത്രമാകുന്നത്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാണ്‌ പാനമ കനാലിന്റെ പേരിൽ ഡൊമിനിക്കയിൽ അമേരിക്ക ഇടപെട്ടു തുടങ്ങിയത്‌. പിന്നീട്‌ രാഷ്ട്രീയ അസ്ഥിരതയുടേയും, അഭ്യന്തരയുദ്ധത്തിന്റേയും കാലഘട്ടമായി. കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ മിടുക്കരായ അമേരിക്ക 1916-ൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവന്നു.

1916 US occupation
ഉഷ്ണമേഖലാ പ്രദേശമായ ഇവിടെ ഒരു കോടിയോടുത്ത്‌ ജനസംഖ്യയുണ്ട്‌. എഴുപതു ശതമാനം ജനങ്ങളും സങ്കര വർഗ്ഗക്കാരാണെന്ന പ്രത്യേകതകൂടി ഈ രാജ്യത്തിനുണ്ട്‌. ഔദ്യോഗികഭാഷ സ്പാനിഷും രണ്ടാം ഭാഷ ഇംഗ്ലീഷും ആണ്‌. തദ്ദേശീയരുടേയും, യൂറോപ്പിന്റേയും, ആഫ്രിക്കയുടേയും സാംസ്കാരിക പാരമ്പര്യങ്ങൾ ഇഴുകി ചേർന്നതാണ്‌ ഇവിടുത്തെ സാംസ്കാരിക പാരമ്പര്യം. ഒരു മിനിറ്റിൽ 120 മുതൽ 160 വരെ ബീറ്റുള്ള ധൃതതാളത്തോടെയുള്ള നൃത്തവും സംഗീതവും ഇവിടുത്തുകാരുടെ പ്രത്യേകതയാണ്‌. ബേസ്ബാൾ ആണ്‌ ജനകീയതയുള്ള കായികവിനോദം.  പ്രസിഡൻഷ്യൽ ഭരണക്രമവും, പാർലിയമെന്ററി ഭരണക്രമവും സംയോജിപ്പിക്കുന്ന പ്രാതിനിധ്യ ജനാധിപത്യമാണ്‌ (representative democracy) ഇവിടെയുള്ളത്‌. പഞ്ചസാര, കാപ്പി, പുകയില തുടങ്ങിയവയാണ്‌ പ്രധാന കയറ്റുമതി. അടുത്തകാലത്തായി സേവനമേഖല ശക്തിയാർജ്ജിച്ചിട്ടുണ്ട്‌. 60 ശതമാനം കയറ്റുമതിയും യു എസ്സിലേക്കാണ്‌. വിനോദസഞ്ചാര മേഖല അതീവ പ്രാധാന്യമുള്ള മറ്റൊരു വരുമാന സ്രോതസ്സാണ്‌. ഏഴിലൊന്ന്‌ തൊഴിലും ഈ മേഖലയിലാണുള്ളത്‌. ഇവിടുത്തെ പച്ച നിറഞ്ഞ പർവതനിരകൾ പക്ഷിനിരീക്ഷണത്തിനും, ബൈക്കിങ്ങിനും വളരെ പേര്‌ കേട്ടതാണ്‌.

സംസ്ഥാനങ്ങളിലൂടെ......

യൂഠ (Utah)

യൂഠ എന്ന പേര്‌ ഉണ്ടാകുന്നത് മലമുകളിലെ ജനങ്ങൾ എന്ന് അർത്ഥം വരുന്ന യൂട് വർഗത്തിൽ (Ute tribe) നിന്നാണ്‌. 45-മത് സംസ്ഥാനമായി അമേരിക്കൻ യൂണിയനിൽ 1896 ജനുവരി 4ന്‌ ചേർന്നു. 30 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 80 ശതമനത്തിലധികം ജനങ്ങൾ 2002-ൽ ശീതകാല ഒളിമ്പിക്സ് നടന്ന സോൾട് ലെയ്ക്, സന്റക്വിൻ, ബ്രിഗ്ഹാം, പ്രോവൊ, ഒഗ്ഡൻ എന്നി നഗരങ്ങളിലായി തിങ്ങി പാർക്കുന്നു. മഹാഭുരിപക്ഷം ഭൂവിഭാഗവും മനുഷ്യവാസമില്ലാത്ത പ്രദേശമാണ്‌. യൂറോപ്യന്മാർ വരുന്നത്തിന്‌ മുമ്പ് ആയിരക്കണക്കിന്‌ വർഷത്തെ ചരിത്രമുള്ള പ്രദേശമാണിവിടം. വൈവിധ്യമാർന്ന ഭൂസമ്പത്തുകൊണ്ട് അനുഗൃഹീതമാണീ സ്ഥലം. റോക്കി മലനിരകൾ, നദീതടപ്രദേശങ്ങൾ, പീഠഭൂമി എന്നിവ നിറഞ്ഞ പ്രകൃതി രമണിയമായ ഭൂപ്രദേശം. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഉല്ലാസകേന്ദ്രങ്ങളുണ്ടിവിടെ (recreational parks). പ്രകൃതിസൗന്ദര്യത്തിന്റെ മനോഹാരിത യൂഠയെ മറ്റു അമേരിക്കൻ സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.

Salt Lake City
ഊർജ്ജസ്വലമായ ഒരു സമ്പദ് വ്യവസ്ഥയുള്ള ഒരു സംസ്ഥാനമാണിത്. വിനോദ സഞ്ചാരം, ഖനനം, മൃഗസംരക്ഷണം, ഉപ്പ് ഉത്പാദനം, സർക്കാരുമായി ബന്ധപ്പെട്ടുള്ള സേവനമേഖല എന്നിവയാണ്‌ പ്രധാന തൊഴിൽ ദായ മേഖലകൾ. വ്യവസായ സംരംഭകർക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതിൽ ഈ സംസ്ഥാനം മുൻപന്തിയിലാണ്‌. റിപ്പബ്ലിക്കൻ പാർട്ടിക്കും യാഥാസ്തികർക്കും മേൽ കൈയുള്ള  സംസ്ഥാനമാണിത്. വളരെ യാഥാസ്തികരായ മോർമൻ (Mormon) വിഭാഗക്കാർ ഏറെയുള്ള സംസ്ഥാനം. നിയമവിരുദ്ധമാണെങ്കിലും ബഹുഭാര്യത്വം ഇവർക്കിടയിൽ സാധാരണമാണ്‌. മറ്റു ക്രിസ്തുമത വിശ്വാസികൾ മോർമൻ വിശ്വാസികളെ പ്രതേക ഉപാസനരീതി (cult) ഉള്ളവർ എന്ന് ആരോപിക്കാറുണ്ട്. അടുത്ത വർഷം നടാക്കാൻ പോകുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുള്ള മുൻ യൂഠ ഗവർണർ മിറ്റ് റാമ്നി മോർമനാണ്‌. മതപരമായി സജാതീയത്വം (homogeneous) ഏറ്റവും കൂടുതലുള്ള ഈ സംസ്ഥാനം യാഥാസ്തിതികമായതിൽ ഒരു അത്ഭുതത്തിനും അവകാശമില്ല.

സെപ്റ്റമ്പർ 5, 2011.

*