Tuesday, April 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 18

എ എം എസ്‌


ജപ്പാനിലെ ദു:രന്തവും അമേരിക്കൻ പ്രതികരണവും

പ്രകൃതി ദു:രന്തങ്ങൾക്ക് മുമ്പിൽ ദരിദ്രരും സമ്പന്നരും, അത് രാജ്യമായാലും സമൂഹമായാലും വ്യക്തിയായാലും, ഒരു പോലെ നിസ്സഹയരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമ്പന്നരാണെങ്കിൽ പുനരധിവാസ പ്രവർത്തങ്ങളിൽ കൂടുതൽ ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്ന് മാത്രം. ആയിരക്കൺക്കിന്‌ പേർ മരിക്കുകയും ലക്ഷക്കണക്കിന്‌ പേർ വഴിയാധാരമാവുകയും, കോടിക്കണക്കിന്‌ ഡോളറിന്റെ ഭൗതികനഷ്ടവും ഉണ്ടായ ജപ്പാനിലെ ഭൂചലനവും, സുനാമിയും, ന്യൂക്ലിയർ ദു:രന്തവും രാത്രിയും പകലും ഉള്ള ദൃശ്യ മാധ്യമ വാർത്തകളുടെ ഫലമായി ജനങ്ങളെ അനാവശ്യ ഉല്ക്കണ്ഠാകുലരാക്കി. അമേരിക്കയുടെ പടിഞ്ഞാറൻ കടൽത്തീരത്തും, സംസ്ഥാനങ്ങളിലും ന്യുക്ലിയർ വികിരണം അമിത തോതിൽ ഉണ്ടെന്ന് തോന്നിക്കും വിധം വാർത്തകൾ പരന്നു. പക്വതയോടെ കൈകാര്യം ചെയ്യേണ്ടതിനു പകരം മാധ്യമങ്ങൾ അതിനെ അതിനാടകതീയതയോടെ അവതരിപ്പിക്കുകയാണുണ്ടായത്. ജപ്പാനെ പൊതുവേ ബഹുമാനമുള്ള അമേരിക്ക, ജപ്പാൻ മീഡിയ വേണ്ടത്ര വിവരങ്ങൾ അമേരിക്കക്ക് നല്കുന്നില്ലെന്നുവരെ പറഞ്ഞു വെച്ചു.


ഇങ്ങിനെയൊക്കെയാണെങ്കിലും ഭൂചലനവും ന്യൂക്ലിയർ ദു:രന്തവും ഉണ്ടായാൽ അത് നേരിടാൻ രാജ്യം സജ്ജമാണോ എന്ന ജനങ്ങളുടെ ചോദ്യം പ്രസക്തമാണ്‌. ന്യൂ ഓർളിയൻസ്, ടെന്നിസ്സി എന്നിവടങ്ങളിലെ വെള്ളപ്പൊക്കവും, പ്രകൃതി ദു;രന്തമല്ലെങ്കിലും ബിപി എണ്ണക്കിയണർ ദു;രന്തവും മറ്റും ഫെഡറൽ ഗവന്മെന്റ് അതിന്‌ സജ്ജമല്ലെന്ന വാദത്തെ ന്യായീകരിക്കുന്നതാണ്‌. 1979-ൽ ത്രീ മൈൽ ദ്വീപിലെ ന്യൂക്ലിയർ പ്ലാന്റിൽ ഉണ്ടായ അപകടത്തിനുശേഷം ഒരു പുതിയ പ്ലാന്റിന്റെ നിർമ്മാണം പോലും ആരംഭിച്ചിട്ടില്ല. 1973-ൽ ആണ്‌ ടെന്നിസ്സിയിലെ വട്ട്സ് ബറിലിൽ ( Watts Bar) ആണ്‌ അമേരിക്കയിൽ അവസാനമായി ഒരു ന്യൂക്ല്യർ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചത്. അതിന്റെ നിർമ്മാണം 2012-ൽ അവസാനിക്കുമെന്ന് കരുതുന്നു. 2001 സെപ്റ്റമ്പർ 11 -ൽ തീവ്രവാദ ആക്രമാണത്തിനു ശേഷം ഫെഡറൽ ഗവർന്മെന്റിന്റെ ശ്രദ്ധ കൂടുതലും തീവ്രവാദി ആക്രമണങ്ങൾ തടയാനാണ്‌. അതിനിടയിൽ ഇത്തരം പ്രകൃതി ദു:രന്തങ്ങൾക്ക് നേർക്ക് ഗവന്മെന്റിന്‌ ഒരു അലസമനോഭാവം ഉണ്ടെന്ന് തോന്നൽ ജനങ്ങൾ വെച്ചുപുലർത്തുന്നു.. എന്നാൽ ജപ്പാൻ ദു:രന്തത്തിന്റെ പശ്ചാത്തലത്തിൽ, പ്രകൃതി ദു:രന്തങ്ങൾ ഉണ്ടായാൽ അതിനെ ഫലപ്രദമായി നേരിടാൻ രാജ്യത്തെ എങ്ങിനെ സജ്ജമാക്കണമെന്നുള്ള ചർച്ചക്ക് ഇവിടെ പ്രാമുഖ്യം വന്നിരിക്കുകയാണ്‌.

ബെർമ്യൂഡ (Bermuda)


ബെർമ്യൂഡ ട്രയാംഗിൾ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. കപ്പലുകളും വിമാനങ്ങളും ദൂരുഹ സാഹചര്യങ്ങളിൽ കാണാതായതോടെ ബെർമ്യൂഡയുടെ വടക്കുകിഴക്കൻ സമുദ്ര പ്രദേശം വളരെ പ്രസിദ്ധമായി. കൊമ്പോസ് (Compass) വ്യതിയാനം ഏറെ കാണിക്കുന്ന സ്ഥലമാണ്‌ ബെർമ്യൂഡ ട്രയാംഗിൾ. 1505-ലാണ്‌ സ്പാനിഷ് നാവികൻ യുവാൻ ഡെ ബെർമ്യുഡസ് ( Juan de Bermúdez) കണ്ടുപി ടിക്കുന്നത്. 1609 മുതൽ ഇംഗ്ലീഷുകാർ അവിടെ കുടിയേറി പാർത്തുതുടങ്ങി. 1811 -ൽ ഐർലന്റ് ദ്വീപിൽ (Ireland Island} വലിയൊരു നാവികകേന്ദ്രം സ്ഥാപിച്ചതോടെ ബെർമ്യൂഡ വലിയൊരു കപ്പൽ വാണിജ്യ കേന്ദ്രമായിത്തീർന്നു. ഇരുപതാം നൂറ്റാണ്ടിൽ വലിയ തോതിൽ ആധുനിക വികസനമെത്തുകയും അമേരിക്കയുടെയും യൂറോപ്പിന്റേയും സമ്പന്നരുടെ ടൂറിസ്റ്റ് കേന്ദ്രമാവുകയും ചെയ്തു.


70,000-ൽ താഴെ മാത്രം ജനസംഖ്യയുള്ള ബെർമ്യൂഡ, ബ്രിട്ടന്റെ പരമാധികാര (overseas territory of the UK)അതിർത്തിയാണെങ്കിലും, സ്വയം ഭരണാധികാരമുള്ള (Autonomy) പാർലിമെന്ററി വ്യവസ്ഥ നിലനില്ക്കുന്ന രാജ്യമാണ്‌. അമ്പത് ശതമാനത്തിലേറെ ആഫ്രിക്കൻ-കരീബയനും, മുപ്പത് ശതമാനത്തിലേറെ യൂറോപ്പ്യൻ വംശജരും ആണ്‌ ഇവിടെയുള്ളത്. ടൂറിസവും, ബാങ്കിങ്ങ് മേഖലയും തഴച്ചുവളർന്നതിന്റെ ഭാഗമായി ആളോഹരി വരുമാനത്തിൽ (per capita income) ലോകരാജ്യങ്ങളിൽ മുന്നാം സ്ഥാനത്തെത്തി. ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന ഇളം ചെവപ്പ് (Pink) നിറത്തിലുള്ള കടൽത്തിരങ്ങളും, തദ്ദേശിയമായി മാത്രം കാണുന്ന അഞ്ചു തരത്തിലുള്ള വവ്വാലുകളും ഇവിടത്തെ പ്രത്യേകതയാണ്‌. അമേരിക്ക വർഷങ്ങളോളം ഗ്വന്റാനമോയിൽ തടങ്കലിൽ വെച്ച ശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ നാലു നിരപരാധികളെ ഒരു രാജ്യവും സ്വീകരിക്കാൻ തയ്യാറാകാതെ വന്നപ്പോൾ 2009-ൽ അവരെ സ്വീകരിച്ച് മനുഷ്യത്വം കാട്ടിയ രാജ്യം കൂടിയാണ്‌ ബെർമ്യൂഡ.
സംസ്ഥാനങ്ങളിലൂടെ.....

അലബാമ (Alabama)


മരം കൊത്തി പക്ഷികളുടെ (Yellowhammer) സംസ്ഥാനം, ഡിക്സികളുടെ ഹൃദയം (Heart of Dixie) എന്നീ പേരുകളിലാണ്‌ അലബാമ അറിയപ്പെടുന്നത്. ഡിക്സ് (Dix) എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ്‌ അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ഫ്രഞ്ചുകാരെ സൂചിപ്പിക്കുന്ന ഡിക്സീസ് എന്ന പദം ഉണ്ടായത്. അലബാമ എന്ന വാക്കിന്റെ അർത്ഥം (മറ്റു അനവധി ഭാഷ്യങ്ങളുണ്ടെങ്കിലും) സസ്യജാലങ്ങൾ (alba - plants or weed) മുറിച്ചുകളയുക (amo - cut or trim or gather) എന്നാത്രെ. എന്നാൽ അതിന്റെ ശരിയായ വിവർത്തനം കൃഷിനിലം കൃഷിയിറക്കാൻ പാകമാക്കുക (clearing of land for cultivation) അല്ലെങ്കിൽ ഔഷധസസ്യങ്ങൾ ശേഖരിക്കുക (collecting medicinal plants) എന്നാണ്‌. യൂറോപ്പുകാർ കോളനിയക്കുന്നതിന്‌മുമ്പ് ആയിരക്കണക്കിന്‌ വർഷം മനുഷ്യ ചരിത്രമുള്ള പ്രദേശാമാണിവിടം. 1702 ലാണ്‌ ഫ്രഞ്ചുകാർ ആദ്യമായി ഓൾഡ് മൊബൈൽ (Old Mobile) എന്ന സ്ഥലത്തിനടുത്ത് കുടിയേറി പാർക്കുന്നത്. പിന്നിട് ഇംഗ്ലണ്ടിൽനിന്നും സ്പെയിനിൽനിന്നും കുടിയേറ്റമുണ്ടായി. അലബാമ 22-മത് സംസ്ഥാനമായി 1822-ൽ അമേരിക്കൻ യൂണിയനിൽ ചേർന്നു. 1961 ജനുവരി 11-ന്‌ യൂണിയനിൽ നിന്ന് പിരിഞ്ഞ് കോൺഫെഡറേഷനിൽ (Confederate States of America) ചേർന്നു. അഭ്യന്തര യുദ്ധകാലത്ത് അലബാമയുടെ ഒരു ലക്ഷത്തിലേറെ പട്ടാളക്കാർ കോൺഫെഡറേഷനെ സഹായിക്കാൻ ഉണ്ടായിരുന്നു. 1865-ൽ നിയമം മൂലം കറുത്തവർഗ്ഗക്കാരായ അടിമകൾ സ്വതന്ത്രമാക്കപ്പെട്ടു.


വലിപ്പത്തിൽ പതിമുന്നാമത്തെ സംസ്ഥാനമായ അലബാമയിൽ 50 ലക്ഷത്തിൽ താഴെ ജനങ്ങളുണ്ട്‌. ബെർമിംഗ് ഹാം, മോണ്ട്ഗംറി, ഹണ്ട്സ്‌ വിൽ, മൊബൈൽ എന്നിവ പ്രധാന നഗരങ്ങളാണ്‌. പ്രകൃതിരമണീയ പാർക്കുകളും, ചരിത്ര സ്മാരകങ്ങളും ഏറെ ഉണ്ടെങ്കിലും വിനോദസഞ്ചാരികളുടെ, പ്രത്യേകിച്ചും കുട്ടികളുടെ, ആകർഷണമാണ്‌ ഹണ്ട്സ്‌ വില്ലിലെ നാസയുടെ സ്പേസ്‌ & റോക്കറ്റ്‌ സെന്റർ. 70% വെളുത്തവർഗ്ഗക്കാരും, 26% കറുത്ത വർഗ്ഗക്കാരും ഉള്ള അലബാമ 1986 വരെ ഡെമൊക്രാറ്റുകളുടെ കുത്തകയായിരുന്നു. എന്നാലിപ്പോൾ ഗവർണ്ണറും പ്രതിനിധി സഭകളും റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രത്തിലാണ്‌. ബഹിരാകാശ ഗവേഷണം, വിദ്യാഭ്യാസം, ആരോഗ്യം, ബാങ്കിംഗ്‌ തുടങ്ങിയ സേവനമേഖലകളും, വാഹനനിർമ്മാണം, ഖനനം, സ്റ്റീൽ തുടങ്ങിയ ഘനന വ്യവസായങ്ങളും അലബാമയെ സമ്പന്നമാക്കുന്നു.

ഏപ്രിൽ 5, 2011.

*