Monday, July 5, 2010

അമേരിക്കൻ വിശേഷങ്ങൾ - 9

അമ്പഴയ്ക്കാട്ട് ശങ്കരൻ

ജുലൈ 4: അമേരിക്കൻ ഐക്യനാടിന്റെ സ്വാതന്ത്ര്യദിനം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും കോളനിവാഴ്ച്ചക്കും എതിരായി യുദ്ധം ചെയ്ത് സ്വാതന്ത്ര്യം നേടിയ ആദ്യത്തെ രാജ്യമാണ്‌ അമേരിക്ക. അമേരിക്കയിലെ പതിമൂന്ന് കോളനികൾ ചേർന്ന് പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആരംഭിച്ച, അമേരിക്കൻ വിപ്ലവം (American Revolution) എന്നറിയപ്പെടുന്ന, ജനകീയ മുന്നേറ്റമാണ്‌ 1776 ജൂലൈ നാലിലെ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ (Declaration of Independence) കലാശിച്ചത്. 1788-ൽ ഭരണഘടന നിലവിൽ വന്നു. അമേരിക്കൻ വിപ്ലവം എന്ന് പറയുമെങ്കിലും അതൊരു അഭ്യന്തര യുദ്ധമായിരുന്നു. പതിമൂന്ന് കോളനികളിലേയും ജനങ്ങൾ പൊതു അഭിപ്രായമുള്ളവരായിരുന്നില്ല. ദേശാഭിമാനികൾ, വിധേയർ, കൂടാതെ നിസംഗർ (Patriots, Loyalists and Neutrals), ഇതിൽ ആദ്യത്തെ രണ്ടു കൂട്ടർ ശക്തമായി പോരാടി. ഫ്രാൻസും, സ്പെയിനും ദേശാഭിമാനികളുടെ സഹായത്തിനെത്തി. ഇപ്പോൾ പൊതുവെ വിസ്മരിക്കപ്പെട്ടതും ചർച്ച ചെയ്യാൻ മടിക്കുന്നതും ആയ ഒരു വർഗസ്വഭാവം ഈ സ്വാതന്ത്രസമരത്തിന്‌ ഉണ്ടായിരുന്നതായി ചരിത്രകാർന്മാർ , പ്രത്യേകിച്ച് ഫ്രാങ്ക്ലിൻ ജെയിംസൺ ( J. Franklin Jameson) നിരീക്ഷിച്ചിട്ടുണ്ട്. കർഷകർ, ചെറുകിടകച്ചവടക്കാർ, കൈത്തൊഴിലാളികൾ എന്നിവരായിരുന്നു ദേശാഭിമാനികളിൽ മഹാഭൂരിപക്ഷവും. അതോടൊപ്പം അടിമകളായിരുന്ന് കറുത്തവർഗ്ഗക്കാരിൽ ഒരു വിഭാഗം സ്വാതന്ത്രത്തിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞ് അതിന്‌ പരോക്ഷ പിന്തുണ നല്കിയിരുന്നു. അതുപോലെതന്നെ സ്ത്രീകളുടെ പങ്ക് നിർണ്ണായകമായിരുന്നു. അക്കാലത്ത് സ്ത്രീകൽ യുദ്ധത്തിൽ പങ്കെടുക്കക പതിവില്ലെങ്കിലും, പുരുഷവേഷം കെട്ടി സ്ത്രിക്കൾ യുദ്ധത്തിൽ പങ്കെടുത്തിരുന്നു.

Jul 4 Fireworks
ബ്രിട്ടീഷ സാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം അതിനെതിരെ പോരാടിയ രാജ്യം തന്നെ സാമ്രാജത്വത്തിന്റെ തലതൊട്ടപ്പനായി എങ്കിലും ചരിത്രത്തിൽ അമേരിക്കൻ സ്വാതന്ത്രസമരത്തിന്‌ സവിശേഷസ്ഥാനമുണ്ട്. കോളേജ് വിദ്യാഭ്യാസമുള്ളവർക്കടക്കം ഇവിടത്തെ പലർക്കും ഈ ചരിത്രബോധം ഇല്ലെന്ന് ഒരു സർവെയിൽ കണ്ടെത്തിയത് അടുത്തകാലത്ത് വിവിധ ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലും സ്വാതന്ത്രദിനം ഇവിടെ എല്ലാ വർഷവും മറ്റെന്തിനേക്കാളുപരിയായി ജനങ്ങൾ ആഘോഷിക്കും. ജൂലൈ 4 ദേശീയ ദിനമാണിവിടെ (national day). രാജ്യത്തിന്റെ ഓരോ മുക്കും മൂലയും വെടിക്കെട്ട്, വിവിധ തരത്തിലുള്ള പരേഡുകൾ, രാഷ്ടീയസമ്മേളനങ്ങൾ, കുടുംബസമ്മേളനങ്ങൾ, ബേസ്ബാൾ കളികൾ, സംഗീതനിശ തുടങ്ങി വിവിധ ആഘോഷങ്ങൾ കൊണ്ട് ശബ്ദമുഖരിതമായിരിക്കും. ഭൂരിഭഗം ഓഫിസ്സുകൾക്കും നീണ്ട വാരാന്ത്യ (Long Weekend Holiday) അവുധിയായിരുന്നു.

പരാഗ്വെ

ബ്രസീലിനും അർജന്റീനയ്ക്കും ബൊളിവിയയ്ക്കും ഇടയിൽ കിടക്കുന്ന സമുദ്രാതിർത്തിയില്ലാത്ത രാജ്യമാണ്‌ പരാഗ്വെ. ഹൃദയരൂപമുള്ള രാജ്യമാണ്‌ ഉറുഗ്വെ എങ്കിൽ, തെക്കെ അമേരിക്കയുടെ ഹൃദയമായിട്ടാണ്‌ പരാഗ്വെ അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം യൂറോപ്പിൽനിന്നുള്ള കുടിയേറ്റം തുടങ്ങുകയും 1937 ആഗസ്റ്റിൽ സഞ്ചാരിയായ ഹ്വാൻ സൽസർ എസ്പിനോസ (Juan de Salazar y Espinosa (1508-1560)) ഇന്നത്തെ തലസ്ഥാനമായ അസൂൺസിയോണിൽ (Asunción) ആദ്യത്തെ അധിവസിതപ്രദേശം (Settlement) സ്ഥാപിക്കുകയും ചെയ്തു. 1811 മേയ് 15-നാണ്‌ പരാഗ്വെ സ്പെയിനിൽ നിന്നും സ്വാതന്ത്രമാകുന്നത്. 1865 മുതൽ അഞ്ചുവർഷം നീണ്ടുനിന്ന മൂവർസഖ്യത്തിനെതിരായി ( War of the Triple Alliance of Brazil, Argentina, Uruguay) രക്തരൂഷിതമായ യുദ്ധത്തിൽ പരാഗ്വെ ദയനീയമായി പരാജയപ്പെട്ടു. മൊത്തം പുരുഷജനസഖ്യയുടെ മുന്നിലൊന്ന് മരണമടഞ്ഞു. എന്നാൽ പിന്നീട് 1930-ൽ ബൊളിവിയയുമായുണ്ടായ യുദ്ധത്തിൽ പരാഗ്വെ വിജയിച്ചു. ഈ യുദ്ധങ്ങളുടെ ഭാഗമായ കുറെ ഭൂപ്രദേശം പരാഗ്വെക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കുറാച്ചുകാലം അഭ്യന്തരയുദ്ധംകൊണ്ട് അസ്ഥിരമായ രാഷ്ട്രീയ കാലവസ്ഥ നിലനിന്നതിനുശേഷം 1954-ൽ യാഥാസ്തിതിക പാർട്ടിയായ കൊളറാഡോ പാർട്ടി (Colorado Party) അധികരത്തിലെത്തി. അതിന്റെ നേതാവ് അല്ഫ്രേഡോ സ്ട്രോയിസ്സ്നെറിന്റെ (Alfredo Stroessner ) എകാധിപത്യമായിരുന്നു അടുത്ത മുന്നു പതിറ്റാണ്ട് പരാഗ്വെ കണ്ടത്. 1989 ഫെബ്രുവരിയിൽ പട്ടാളഭരണം വന്നു. 1992-ൽ ഭരണഘടന നിലവിൽ വരികയും ജനാധിപത്യം പുന:സ്ഥാപിക്കുകയും ചെയ്തു.

2009-ലെ കണക്കനുസരിച്ച് ഇവിടത്തെ ജനസംഖ്യ 63 ലക്ഷമാണ്‌. ഗ്വരാനി Guaraní, സ്പാനിഷ് എന്നിവയാണ്‌ പ്രധാന ഭാഷകൾ. കൃഷിയാണ്‌ പ്രധാന ആശ്രയം. സൊയാ ബീൻ ഉത്പാദിപ്പിക്കുന്നതിൽ ഈ രാജ്യത്തിന്‌ ആറാം സ്ഥാനമാണുള്ളത്. ഇറക്കുമതി ചെയ്ത സാധനങ്ങൾ തന്നെ കയറ്റുമതിചെയ്യുന്ന വിചിത്ര സാമ്പത്തിക വ്യവസ്ഥിതിയുള്ള അപൂർവം രാജ്യങ്ങളിലൊന്നാണ്‌ പരാഗ്വെ. അതുപോലെ തന്നെ ചെറുകിട സംരംഭകരും, തെരുവുകച്ചവടക്കാരും ഏറെയുള്ള രാജ്യം.

അമേരിക്കയും ഫുട്ബാളും (അഥവാ സോക്കറും)

അമേരിക്കൻ ഫുട്ബാൾ നമ്മുടെ ഫുട്ബാളല്ലെന്ന് ഏവർക്കുമറിയും. ലോകത്തിൾ ഫുട്ബാളിന്‌ പ്രാധാന്യമില്ലാത്ത രാജ്യങ്ങളിലൊന്നാണ്‌ അമേരിക്ക. ബ്രിട്ടനിൽ കളിക്കുന്ന റഗ്ബിക്ക് (Rugby) സമാനമായ കളിയാണ്‌ ഇവിടുത്തെ ഫുട്ബാൾ. പണ്ട് റഗ്ബിക്ക്‌ പറഞ്ഞിരുന്ന പേര്‌ റഗ്ബി ഫുട്ബാൾ എന്നായിരുന്നു. സംശയം ഒഴിവാക്കാനായി ഫുട്ബാളിന്‌ സോക്കർ എന്ന് ബ്രിട്ടനിൽ പറഞ്ഞു തുടങ്ങി. പിന്നീട് റഗ്ബി ഫുട്ബാൾ വെറും റഗ്ബിയായി മാറിയപ്പോൾ അതിന്റെ ഉപയോഗം കുറഞ്ഞു. തങ്ങളുടെ ഫുട്ബാളുമായി തെറ്റിദ്ധരിക്കാതിരിക്കാൻ അമേരിക്ക ആ പദം എറ്റെടുക്കുകയും കൂടുതലായി ഉപയോഗിക്കാനും തുടങ്ങി. വലിയ കുറ്റിയിൽ തല തിരിച്ചു നിർത്തിയ ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കുന്നതിനൊഴികെ കാല്‌ അധികം ഉപയോഗിക്കാത്ത കളിയാണ്‌ അമേരിക്കൻ ഫുട്ബാൾ. ശരീരബലവും, പന്ത് കൈയിലെടുത്ത് എതിരാളിയെ വെട്ടിച്ച് ഓടനുള്ള കഴിവും, കുറ്റമറ്റ രിതിയിൽ പന്ത് എറിയാനുമുള്ള കഴിവും ആണ്‌ കളിയിൽ പരമപ്രധാനം.

ഇവിടെ ഫുട്ബാളും (അമേരിക്കൻ), ബാസ്കറ്റ്ബാളും, ബേസ്ബാളും, ടെന്നിസ്സും കഴിഞ്ഞിട്ടെ സോക്കറിന്‌ സ്ഥാനമുള്ളൂ. ആ സ്ഥാനം ഉണ്ടായതുതന്നെ 1991 ഡിസംബറിൽ അമേരിക്കയുടെ വനിതാ ടീം വേൾഡ് കപ്പ് നേടിയതിനു ശേഷമാണ്‌. അതിനുശേഷമാണത്രെ സോക്കർ മോം (Soccer Mom) അഥവ സോക്കാർ അമ്മമാർ എന്നപദം കളിയാക്കിയും അല്ലാതെയും പ്രചാരത്തിലായത്! ഇത്രയും പറഞ്ഞത്, ലോകത്തെ സകലമാനരാജ്യങ്ങളും ഫുട്ബാൾ ലഹരിയിൽ ആറാടുമ്പോൾ ഇവിടെ മാത്രം അത്ര ആവേശമൊന്നും കാണുന്നില്ലെന്ന് പറയാൻ വേണ്ടി മാത്രമാണ്‌. അടുത്ത കാലത്ത് യൂറോപ്പിൽ നിന്നും ലാറ്റിനമേരിക്കയിൽനിന്നും, ഏഷ്യയിൽനിന്നും കുടിയേറിയവരാണ്‌ സോക്കറിന്റെ മഹാഭൂരിപക്ഷം ആരാധകർ. അമേരിക്കൻ ഫുട്ബാളിന്റെ ആരാധകർ, പ്രത്യേകിച്ചും പുരുഷ ഗർവുള്ളവർ (Macho Men) സോക്കറിനെ സ്ത്രീകളുടെ കളിയായി ഇകഴ്ത്തുന്നത് സർവസാധാരണമാണ്‌. Major League Soccer (MLS) - ന്റെ ഭാഗമായി നടക്കുന്ന ദേശീയ മത്സരങ്ങൾ സോക്കറിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ലോസ് എഞ്ചലസ് ഗാലക്സി, വാഷിങ്ങ്ടൺ ഡി സി യുണൈറ്റഡ്, ന്യു ഇംഗ്ലന്റ് റെവലൂഷൻ, ഷിക്കാഗോ ഫയർ എന്നിവ പ്രമുഖ ടിമുകളാണ്‌.
ജൂലൈ 5, 2010.

*