Tuesday, December 1, 2009

അമേരിക്കൻ വിശേഷങ്ങൾ - 2

എ എം എസ്


പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം

ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ പ്രസിഡന്റിന്റേയോ സന്ദർശനം സാധാരണ ഗതിയിൽ അമേരിക്കൻ മാധ്യമങ്ങൾ വലിയ പ്രാധാന്യം കൊടുക്കാറുണ്ടായിരുന്നില്ല. വളർന്നു വരുന്ന ഒരു സാമ്പത്തികശക്തി എന്ന നിലയിൽ ഇന്ത്യയെ ശ്രദ്ധിക്കാൻ തുടങ്ങിയത്‌ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌. എന്നാലും ചൈനയുടേയോ, ജപ്പാന്റെയോ, റഷ്യയുടേയോ, മറ്റു അമേരിക്കൻ തത്പര്യമുള്ള ചില ചെറു രാജ്യങ്ങളുടേയോ പ്രാധാന്യം ഇന്ത്യൻ നേതാക്കന്മാർക്ക്‌ മാധ്യമങ്ങളിൽ കിട്ടാറില്ല. ഇത്തവണത്തെ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. അതിനു പ്രധാന കാരണം ഒബാമയുടെ വൈറ്റ്‌ ഹൗസിൽ നടന്ന ആദ്യത്തെ അത്താഴ വിരുന്നിൽ മൻമോഹൻ സിംഗ്‌ അതിഥിയായിരുന്നു എന്നതാണ്‌. അമേരിക്കൻ തെരഞ്ഞെടുപ്പുകാലത്ത്‌ നമ്മുടെ പ്രധാനമന്ത്രി അപ്പോഴത്തെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മക്കയിനെ കാണുകയും ഒബാമയെ കാണാതിരിക്കുകയും ചെയ്തതിന്റെ നീരസം ജയിച്ച ശേഷം മൻമോഹനെ ഫോൺ വിളി വൈകിച്ചതിൽ കാണിച്ചത്‌ ഓർക്കുന്നുണ്ടാകുമല്ലോ. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കറുത്തവർഗക്കാരാനയ ഒബാമ ജയിക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്ന് മൻമോഹനെ ആരോ ഉപദേശിച്ചുവത്രെ! അതെല്ലാം മറന്ന് പ്രൗഢഗംഭീരമായ ഒരു അത്താഴ വിരുന്നാണ്‌ ഒബാമ അദ്ദേഹത്തിന്‌ നൽകിയത്‌. ഇവിടുത്തെ മാദ്ധ്യമങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനും വിരുന്നിനും പതിവിൽ കവിഞ്ഞ പ്രാധാന്യം നൽകുകയുണ്ടായി.

ഫോട്ടോ: ഒബാമയും മൻമോഹൻസിങ്ങും

വൻശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ചൈനക്ക്‌ എതിരായി ഒരു ശക്തി എന്ന രീതിയിലാണ്‌ ഇന്ത്യയെ അമേരിക്ക കാണുന്നത്‌. ഇന്ത്യയുടെ ചങ്ങാത്തത്തിനുവേണ്ടി നീണ്ടകാല സുഹൃത്ത്‌ രാജ്യമായ പാക്കിസ്ഥാനെ അവർ ബലികൊടുത്തു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയെ തന്ത്രപരമായ്‌ ഒരു ജൂനിയർ പങ്കാളിയാക്കുകയും ഇന്ത്യയുടെ വലിയ കമ്പോളത്തെ തങ്ങൾക്ക്‌ അനുകൂലമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്‌ അമേരിക്കൻ ഭരണാധികാരികളുടെ ലക്ഷ്യം. ഇതൊന്നും അറിയാത്ത ആളാണ്‌ മൻമോഹൻസിംഗും ഇപ്പോഴത്തെ ഭരണാധികാരികളും എന്ന് വിശ്വസിക്കുക പ്രയാസം. രണ്ടം ലോകമഹായുദ്ധത്തിന്‌ ശേഷം അമേരിക്കൻ തണലിൽ ജപ്പാനും ജർമ്മനിയും വളർന്നുവന്നത്‌ നമ്മുടെ പ്രധാനമന്ത്രി സ്വപ്നം കാണുന്നുണ്ടാകണം. ആ സ്വപ്നത്തിന്റെ സാക്ഷത്കരിക്കുന്നതിന്റെ ഭാഗമയി നരംസിംഹ റാവു മന്ത്രി സഭയിൽ അദ്ദേഹം തന്നെ ധനകാര്യമന്ത്രിയായിരുന്ന സമയത്ത്‌ ആരംഭിച്ച സാമ്പത്തിക നയത്തിന്റെ ചുവടു പിടിച്ച നടപ്പാക്കിയ സരംഭങ്ങളെ സമ്പുഷ്ടിപ്പെടുത്തുന്നതിനുള്ള നിരവധി നിർദ്ദേശങ്ങളും കരാറുകളും ഇത്തവണയും മൻമോഹൻസിംഗ്‌-ഒബാമ ചർച്ചയിൽ ഉരിത്തിരിഞ്ഞുവന്നിട്ടുണ്ട്‌. അതിൽ പ്രധാനമായവ വിവിധ മേഘലകളിലെ ധനനിക്ഷേപം, രാജ്യസുരക്ഷ, സംയുക്ത സൈനീക പരിശിലനം, തീവ്രവാദം, ആണവകരാർ, ആഗോളതാപനം, ഊർജം, കൃഷി എന്നിവയാണ്‌.

ക്യുബ വെനുസൂല കൊളമ്പിയ

ഭൂപടം: ക്യുബ

കഴിഞ്ഞ ലക്കത്തിൽ മദ്ധ്യ അമേരിക്കയിലെ ഹോണ്ടുറാസിലെ പട്ടാള അട്ടിമറിയെക്കുറിച്ചു പ്രതിപാദിച്ചിരുന്നുവല്ലോ. ഈ ലക്കത്തിൽ, അമേരിക്കയിലെ കോർപ്പറേറ്റ്‌ മാദ്ധ്യമങ്ങൾ പാലസ്തീൻ-ഇസ്രയൽ, ഇറാക്ക്‌-അഫ്ഗാനിസ്ഥാൻ കഴിഞ്ഞൽ ഏറ്റവും കൂടുതൽ ശ്രദ്ധയോടെ വീക്ഷിക്കുന്ന രാജ്യങ്ങളായ മദ്ധ്യ്യ അമേരിക്കയിലെ ക്യുബയെയും തെക്കെ അമേരിക്കയിലെ വെനിസൂലയെയും കൊളമ്പിയയെയും കുറിച്ചാണ്‌ എഴുതുന്നത്‌. ഒരു കോടിയലധികം ജനസംഖയുള്ള, സോഷ്യലിസ്റ്റ്‌ ഭരണക്രമം നിലനിൽക്കുന്ന ക്യുബ പതിറ്റാണ്ടുകളായി അമേരിക്കൻ ഭരണകൂടത്തിന്റെ കണ്ണിലെ കരടാണ്‌. ജനധിപത്യമെന്നാൽ മുതലാളിത്ത-ജനധിപത്യമാണെന്ന് വിശ്വസിക്കുന്ന അമേരിക്കൻ ഭരണകൂടം ഒരു കാലത്തും ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സർക്കാരുകളെ തുറന്ന മനസോടെ അംഗീകരിച്ചിട്ടില്ല. ബുഷിന്റെ ഭരണകാലത്ത്‌ വെനിസുലയിലെ ഇപ്പോഴത്തെ പ്രസിഡന്റ്‌ ഷാവേസിനെ അട്ടിമറിയിലുടെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും അത്‌ വിജയം കണ്ടില്ല. കൊളമ്പിയ ഭരണകൂടം മാത്രമാണ്‌ ഇപ്പോഴും അമേരിക്കയുടെ പാവ സർക്കാരായി പ്രവർത്തിക്കുന്നത്‌.

ഭൂപടം: വെനുസൂല

ക്യൂബയോടുള്ള അമേരിക്കൻ ഭരണകർത്താക്കളുടെ വിരോധത്തിന്‌ ഫിഡൽ കാസ്റ്റ്രോയുടെ നേതൃത്തിൽ നടന്ന സോഷ്യലിസ്റ്റ്‌ വിപ്ലവത്തോളം പ്രായമുണ്ട്‌. ചില സമീപനങ്ങളിൽ ഡെമോക്രറ്റുകൾ ഭരിക്കുമ്പോഴും, റിപ്പപ്ലിക്കൻ ഭരിക്കുമ്പോഴും ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അതിശക്തമായ ഫ്ലോറിഡ ലോബി ഉള്ളിടത്തോളം (ഫ്ലോറിഡസംസ്ഥാനത്താണ്‌ ഏറ്റവും കുടുതൽ ക്യുബൻ കുടിയേറ്റക്കാർ ഉള്ളത്‌) ക്യുബയുമായി നയതന്ത്രബന്ധം ഉണ്ടാകുമെന്ന്‌ കരുതുക വയ്യ. സൗദി അറേബിയ അടക്കം മദ്ധ്യ്യേഷയിലെ എകാധിപത്യഭരണകൂടങ്ങളുമയും, ചൈനയുമായും, വിയറ്റ്നാമുമായും നയതന്ത്രബന്ധം ആകാമെങ്കിൽ ക്യുബയുമായി എന്തുകൊണ്ട്‌ നയതന്ത്രബന്ധം ആയിക്കൂടാ എന്നു ചിന്തിക്കുന്നവരാണ്‌ അമേരിക്കക്കാരിൽ ഏറിയപങ്കും. സോവിയറ്റ്‌ യൂണിയന്റെ പതനത്തിനുശേഷവും, കാസ്റ്റ്രോയുടെ വിരമിക്കലിനുശേഷവും തകരാത്ത ക്യുബയുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതാണ്‌ ഉത്തമമെന്ന്‌ കരുതുന്ന അനവധി വ്യവസായ ലോബികളും അമേരിക്കയിലുണ്ട്‌. എന്തായാലും ഒബാമക്ക്‌ രണ്ടാം തവണ ജയിക്കാൻ കഴിഞ്ഞാൽ, രണ്ടാം ഘട്ടത്തിന്റെ അവസാനം ക്യുബൻ ബന്ധത്തിൽ കാര്യമായ മാറ്റം ഉണ്ടകുമെന്ന് കരുതുന്നവരുണ്ട്‌.
ഭൂപടം: കൊളമ്പിയ

അമേരിക്കയിലെ മഹാഭുരിപക്ഷം ജനങ്ങളും മുതലാളിത്ത-ജനാധിപത്യം കൊണ്ടാണ്‌ തങ്ങൾക്ക്‌ ഈ അഭിവൃദ്ധിയെല്ലാം ഉണ്ടായതെന്ന് വിശ്വസിക്കുന്നവരാണ്‌. തങ്ങളുടെ കഴിവുകൊണ്ടും, നിലനിൽക്കുന്ന് നിയമസംഹിതകൊണ്ടും, മുതലാളിത്ത വ്യവസ്ഥിതികൊണ്ടും, ദൈവത്തിന്റെ പ്രത്യേകപരിഗണനകൊണ്ടും മറ്റുമാണ്‌ ഈ അഭിവൃദ്ധി എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവർ. അവർ കാണാതെ പോകുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നതാണ്‌ അമേരിക്കൻ സാമ്രാജ്യത്ത്വത്തിന്റെ പൊതുസ്വഭാവവും അത്‌ അവർക്ക്‌ നേടികൊടുക്കുന്ന സമ്പത്തിന്റെ അളവും. സോഷ്യലിസം എന്ന വാക്ക്‌ അവർക്ക്‌ ആളുകളെ ഇകഴ്ത്തി കാട്ടാനുള്ളതാണ്‌. ഒബാമയെ ചെറുതാക്കാൻ ഇടക്കെങ്കിലും റിപ്പബ്ലികൻ പാർട്ടിയിലെ ചിലർ സോഷ്യലിസ്റ്റ്‌ എന്ന് പദം ഉപയോഗിക്കും. അമേരിക്കക്കാർക്കെല്ലാം സമത്വവും, സ്വാതത്ര്യവും, സാമുഹ്യനിതിയും വേണമെന്ന് വാദിക്കുന്ന ഒബാമ പൊലും താനൊരു സോഷ്യലിസ്റ്റ്‌ ആണെന്ന് ധൈര്യപൂർവ്വം പറയുകയില്ല (ഇതു മൂന്നും നേടാൻ സോഷ്യലിസം ആവശ്യമില്ല, ശരിയായ മുതലാളിത്തം നടപ്പാക്കിയാൽ മതി എന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കൾ ഉണ്ടെന്ന് അറിയാതെയല്ല ഇതു പറയുന്നത്‌). പറഞ്ഞാൽ അദ്ദേഹം അടുത്ത്‌ തെരഞ്ഞെടുപ്പിൽ ജയിക്കില്ലന്നതോ പോകട്ടെ ഇമ്പീച്ച്‌ ചെയ്യപ്പെടുമെന്ന് ഉറപ്പാണ്‌. ഒരു കമ്മ്യുണിസ്റ്റിനെ ഞാൻ കണ്ടു സംസാരിച്ചു എന്ന് അത്ഭുതപുർവ്വം പറയുന്നവർ ഇവിടെയുണ്ട്‌. അമേരിക്കൻ ഭരണകൂടവും, ഇവിടുത്തെ ഭുരിപക്ഷം ജനങ്ങളും പൊതുവെ വികസിത മുതലാളിത്ത രാജ്യങ്ങൾ അംഗീകരിക്കുന്ന ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട വെനിസൂലൻ പ്രസിഡന്റ്‌ ഹ്യുഗോ ഷാവേസിനെ എന്തുകൊണ്ട്‌ ഇഷ്ടപ്പെടുന്നില്ല എന്ന്‌ ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. ഞാനൊരു സോഷ്യലിസ്റ്റ്‌ ആണെന്നും, കമ്മ്യുണിസ്റ്റ്‌ ആയ കാസ്റ്റ്രോയിൽ താനൊരു കുറ്റവും കാണുന്നില്ലെന്നും ധൈരപൂർവ്വം പറയുന്ന ഷാവേസിനെ അമേരിക്കക്കാർ എങ്ങിനെ ഇഷ്ടപ്പെടാനാണ്‌. അമേരിക്കയുടെ ജനാധിപത്യ കാർഡ്‌ ക്യുബയുടെയും ചൈനയുടേയും നേരെ വേവുമെങ്കിലും, ഷാവെസ്സിന്റെ നേരെ വേവാത്തതിൽ അവർ തന്നെ ആശങ്കകുലരാണ്‌. ലോകത്ത്‌ സമാനസ്വഭാവമുള്ള കുതിരകയറൽ നടക്കുന്നതിന്‌ ഉത്തമമായ മറ്റൊരു ഉദാഹരണം ഗ്രേറ്റ്‌ ബ്രിട്ടനും സിംബാവെയുമാണ്‌. ലോകർക്കിടയിൽ അമേരിക്കയുടെ പ്രതിച്ഛായ ഉയർത്താൻ ശ്രമിക്കുന്ന ഒബാമ മറ്റു രാജ്യങ്ങളുടെ രാഷ്ട്രിയ-സാമ്പത്തിക വ്യവസ്ഥിതിയിൽ ഇടപെടില്ലെന്ന് അദ്ദേഹത്തിന്റെ ചൈന സന്ദർശനവേളയിൽ ഉറപ്പു നൽകിയത്‌ സ്വാഗതാർഹമായ കാര്യമാണ്‌.

ഫോട്ടോ: ഫാർക്ക്‌ നേതാവ്‌ അൽഫോൻസൊ കാനോ (Alfonso Cano)


നാലരകോടി ജനങ്ങൾ വസിക്കുന്ന കൊളമ്പിയ കഴിഞ്ഞ 38 വർഷമായി അഭ്യന്തര കലാപം നടക്കുന്ന രജ്യമാണ്‌. വടക്കെ അമേരിക്കയിലെ ജനങ്ങൾ പൊതുവെ വിശ്വസിക്കുന്നത്‌, അല്ലെങ്കിൽ വിശ്വസിപ്പിച്ചിരിക്കൂന്നത്‌, ഈ രാജ്യത്തിലെ പ്രധാനപ്രശ്നം മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണെന്നതാണ്‌. എന്നാൽ വർഗ്ഗസമരത്തിന്റെ അടിസ്ഥാനസ്വഭാവം അടിയൊഴുക്കുകളും അവിടെ കാണാം. ഈ സമരത്തിന്റെ ഇടതുപക്ഷത്ത്‌ കൊളമ്പിയൻ വിപ്ലവ സായുധ സേനയും (The Revolutionary Armed Forces of Colombia (FARC)) ദേശീയവിമോചന പ്രസ്ഥാനവും (The National Liberation Army (ELN)) ആണുള്ളത്‌. വലതുപക്ഷത്ത്‌ കൊളമ്പിയൻ പ്രതിരോധ സേനയും (The United Self-Defense Forces of Colombia(AUC)) നിലവിലുള്ള ഭരണകൂടവും ആണുള്ളത്‌. ക്രൂരവും ജനാധിപത്യവിരുദ്ധവുമായ അടിച്ചമർത്തലാണ്‌ സർക്കാരിന്റെ നേതൃത്ത്വത്തിൽ ഇക്കാലമത്രയും നടന്നിട്ടുള്ളതും ഇപ്പോൾ അവിടെ നടക്കുന്നതും. ക്യൂബയും വെനിസൂലയും ലാറ്റിനമേരിക്കയിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും FARC -നെ പിന്തുണക്കുമ്പോൾ, അമേരിക്കയും കൊളമ്പിയായിലെ ഭൂസ്വാമിമാരും വൻ വ്യവസായികളും പിന്തുണക്കുന്നത്‌ AUC -യെയും നിലവിലുള്ള സർക്കാരിനെയും ആണ്‌. FARC - നെ അമേരിക്ക തീവ്രവാദികളായി പ്രഖ്യാപിച്ചിട്ടുണ്ട്‌. മറ്റു രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് പറയുന്ന ഒബാമ 7 പുതിയ സൈനീകതാവളങ്ങൾ പ്രഖാപിച്ചത്‌ അദ്ദേഹത്തിന്റെ തന്നെ പ്രഖ്യാപിത നയങ്ങൾക്ക്‌ വിരുദ്ധമാണ്‌. ജയിക്കാൻ കഴിയാത്ത യുദ്ധമാണെന്ന് മനസിലായതുകൊണ്ടോ, ഒരു തന്ത്രമെന്ന രീതിയിലോ സർക്കാരും സമാന്തര സേനയും സമാധാന സംഭാഷണങ്ങൾക്കും, വെടിനിർത്തൽ കരാറിനും ശ്രമിക്കുന്നുണ്ട്‌. കഴിഞ്ഞ ഏപ്രിൽ മാസം 17-19 - ൽ ട്രിനിഡാഡ്‌ & ടുബാഗോയിൽ (Trinidad and Tobago) നടന്ന അമേരിക്കൻ ഉപഭൂഖണ്ഡ ഉച്ചകോടിയിൽ (Summit of the Americas 2009) ഒബാമ പങ്കെടുക്കുകയും കൊളമ്പിയയടക്കം എല്ലാ രാഷ്ട്രീയ വിഷയങ്ങളും, സാമ്പത്തിക വിഷയങ്ങളും ഷാവേസടക്കമുള്ള നേതാക്കളുമായി ചർച്ച ചെയ്യുകയും ചെയതത്‌ അമേരിക്കയുടെ ലാറ്റിനമേരിക്കൻ നയങ്ങളിൽ വരുന്ന ദിശാമാറ്റത്തിന്റെ സൂചനയാണ്‌.

ഫോട്ടോ: കൊളമ്പിയൻ പ്രസിഡണ്ട്‌ അൽവാരോ യൂരിബ്‌(Álvaro Uribe)

കാലിഫോർണിയായിലെ വിദ്യാർത്ഥി-തൊഴിലളി സമരം

സാധാരണക്കാർക്ക്‌ താങ്ങാൻ കഴിയാത്ത ഫീസ്‌ വർദ്ധനവിനെതിരായ സ്വാഭാവിക പ്രതികരണമായിരുന്നു കാലിഫോർണ്ണിയാ സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും നവമ്പർ 18-ന്‌ ആരംഭിച്ച വിദ്യാർത്ഥി സമരം. അവരോടൊപ്പം വിവിധ ആവശ്യങ്ങളുന്നയിച്ച്‌ അവിടത്തെ തൊഴിലാളികളും പങ്കുചേർന്നതോടെ സമരം ശക്തിയാർജിച്ചു. രണ്ടുഘട്ടങ്ങളിലായി ആദ്യം ഒമ്പതു ശതമാനവും പിന്നീട്‌ ഒറ്റയടിക്ക്‌ മുപ്പതു ശതമാനവും ഫീസ്‌ വർദ്ധിപ്പിച്ചു. വർദ്ധിപ്പിച്ച ഫീസ്‌ പിൻവലിക്കുക, സർവ്വകലാശാല വാർഷിക പദ്ധതി സുതാര്യമാക്കുക, പ്രവേശനത്തിൽ പ്രാതിനിധ്യം ഇല്ലാത്ത വിഭാഗങ്ങൾക്ക്‌ പ്രാതിനിധ്യം നൽകുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ പരാജയകാരണങ്ങൾ കണ്ടുപിടിച്ച്‌ പരിഹാരം നിർദ്ദേശിക്കുക എന്നിവയാണ്‌ വിദ്യാർത്ഥികളുടെ പ്രധാന മുദ്രവാക്യങ്ങൾ.

ഫോട്ടോ: വിദ്യാർത്ഥിസമരം

യാതൊരു കരാറുമില്ലാതെ എപ്പോഴും പിരിച്ചു വിടാവുന്ന നിലയിൽ നിരവ്ധി തൊഴിലാളികൾ ഈ യൂണിവേഴ്സിറ്റികളിൽ ജോലി ചെയ്യുന്നുണ്ട്‌. അതിനെതിരെയാണ്‌ പ്രധാനമായും തൊഴിലാളികളുടെ സമരം. പിരിച്ചുവിടൽ ഉടനെ നിർത്തലാക്കുക, യൂണിയനെ പൊളിക്കുന്ന വിനാശകരമായ നടപടികൾ ഇല്ലാതാക്കുക എന്നിവയാണ്‌ തൊഴിലാളികളുടെ ആവശ്യങ്ങൾ.

അനുഗ്രഹനന്ദിദിനം (Thanksgiving day)

അമേരിക്കയിൽ ക്രിസ്തുമത വിശ്വാസികളാണ്‌ മഹാഭുരിപക്ഷമെങ്കിലും ക്രിസ്തുമസ്സിനേക്കാൾ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ദിനമാണിത്‌. കേരളിയർക്ക്‌ ഓണം പോലെ മതനിരപേക്ഷമായ ഒരാഘോഷം. അമേരിക്കയിൽ ഇതു നവമ്പറിലെ നാലാമത്തെ വ്യാഴാഴ്ച്ചയും, കനഡയിൽ ഇത്‌ ഒക്ടോബറിലെ രണ്ടാമത്തെ തിങ്കളാഴ്ച്ചയുമാണ്‌ ആഘോഷിക്കുക. ഇതനുസരിച്ച്‌ അമേരിക്കയിൽ നവമ്പർ 26-ന്‌ വ്യാഴാഴ്ച്ചയായിരുന്നു അനുഗ്രഹനന്ദിദിനം. അമേരിക്കയിൽ ആദ്യമായി ഈ ദിനം ആരംഭിച്ചത്‌ 1621 -ൽ പ്ലിമത്ത്‌ പ്ലാന്റേഷനിൽ ആണെന്നും, അതല്ല 1619-ൽ ബെർക്കലി പ്ലാന്റേഷനിലാണെന്നും പറയപ്പെടുന്നുണ്ട്‌. ഈ ദിനം ആദ്യമായി ആരംഭിച്ചത്‌ കൊയ്ത്തുത്സവമായിട്ടാണെന്നത്‌ പൊതുവെ അംഗീകരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ മതപീഡനം ഭയന്ന് യൂറോപ്പിൽ നിന്നെത്തിയ "തീർത്ഥാടകർ" എന്ന അറിയപ്പെടുന്ന കൂടിയേറ്റക്കാരെ അമേരിക്കനിന്ത്യക്കാർ സ്നേഹപൂർവ്വം സ്വീകരിച്ച്‌ സംരക്ഷിച്ചതിന്റെ ഓർമ കൂടിയായി ഈ ദിനം അറിയപ്പെടുന്നു. പിന്നീട്‌ ശക്തിയാർജ്ജിച്ച "തീർത്ഥാടകർ" കോടിക്കണക്കിന്‌ "ചുവന്ന ഇന്ത്യക്കാരെ" കൊന്നടുക്കിയത്‌ മറ്റൊരു കഥ.

ഇവിടെ ഭൂരിപക്ഷം ഓഫീസകളും വെള്ളിയാഴ്ച്ചടക്കം നാലു ദിവസം തുടർച്ചയായ അവുധിയായിരുന്നു. കറുത്ത വെള്ളിയാഴ്ച്ച (Black Friday) എന്ന അറിയപ്പെടുന്ന അനുഗ്രഹനന്ദി ദിനത്തിന്റെ പിറ്റെ ദിവസം ഷോപ്പിങ്ങിന്‌ പറ്റിയ ദിവസമാണ്‌. 90 ശതമാനം വരെ വിലക്കുറവുണ്ടാകും, പക്ഷെ അർദ്ധരാത്രിമുതൽ കൊടും തണുപ്പിൽ സൂപ്പർ മാർക്കറ്റുകൾക്ക്‌ മുന്നിൽ ക്യു നിൽക്കണമെന്നുമാത്രം. കൂടാതെ ഇപ്പോൾ പുതിയതായി ഇന്റർനെറ്റ്‌ ഉപഭോക്താക്കൾക്ക്‌ കറുത്ത തിങ്കളാഴ്ച്ചയുമുണ്ട്‌ (Black Monday).അനുഗ്രഹദിനത്തിൽ ആരംഭിക്കുന്ന ഒഴിവുകാലം (Holiday Season) പുതുവത്സരദിനത്തിലാണ്‌ അവസാനിക്കുക.

ഡിസമ്പർ 1, 2009.

*

Sunday, November 1, 2009

അമേരിക്കൻ വിശേഷങ്ങൾ - 1

എ എം എസ്

അമേരിക്ക എന്ന് കേൾക്കുമ്പോൾ പൊതുവെ മലയാളികളുടെ മനസ്സിൽ വരുന്നത്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്സ്‌ ഓഫ്‌ അമേരിക്ക അഥവാ അമേരിക്കൻ ഐക്യനാടുകൾ എന്ന രാജ്യമാണ്‌. പക്ഷെ ഈ ഉത്തര-ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിൽ വസിക്കുന്നവർ തങ്ങളെ അമേരിക്കക്കാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ്‌. അതുകൊണ്ടു തന്നെ അമേരിക്കൻ വിശേഷങ്ങൾ എന്ന ഈ പംക്തി ചെറുതും വലുതുമായി അമ്പതിലേറെ രാജ്യങ്ങളുള്ള ഈ രണ്ടു ഭൂഖണ്ഡങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, ചരിത്ര, വർത്തമാന വിഷയങ്ങൾ അധികരിച്ച്‌ എഴുതുന്ന ഒന്നാണ്‌. ഈ ഉപാഖ്യാനത്തിൽ ഐക്യനാടുകളിലെ ആരോഗ്യ-സുരക്ഷാ പദ്ധതി, ഹോണ്ടുറാസിൽ നടന്ന ഭരണ അട്ടിമറി, 2016 ലെ ഒളിമ്പിക്സ്‌ എന്നിവയാണ്‌ പ്രതിപാദ്യവിഷയങ്ങൾ.

ആരോഗ്യ-സുരക്ഷാ പദ്ധതി

ഒരു രാഷ്ട്രം സമ്പന്നമായതുകൊണ്ട്‌ മാത്രം അതിനുതക്കവണ്ണം അവരുടെ ആരോഗ്യം ഉത്തമമായിക്കൊള്ളണമെന്നില്ല. അതുപോലെ തന്നെ വികസ്വരമോ അവികിസിതമോ ആയ രാജ്യമായതുകൊണ്ട്‌ അവരുടെ ആരോഗ്യം അത്ര മോശമായിക്കൊള്ളണമെന്നും ഇല്ല. ആദ്യത്തേതിന്‌ ഉദാഹരണം അമേരിക്കയാണെങ്കിൽ രണ്ടാമത്തേതിന്‌ ഉദാഹരണം ഒരു രാജ്യമെന്ന നിലയിൽ ക്യുബയും ഒരു രാജ്യത്തിലെ സംസ്ഥാനമെന്ന നിലയിൽ കേരളവുമാണ്‌. പൊതു ആരോഗ്യസ്ഥിതിയാണ്‌ ഇവിടെ പരാമർശിക്കുന്നത്‌. ചില മേഖലകളിൽ വിദഗ്ധ ചികിൽസരംഗത്ത്‌ അമേരിക്കക്കുള്ള മുൻകൈ മറക്കുന്നില്ല. എന്നാൽ അടുത്തകാലത്തായി വികസ്വര രാജ്യങ്ങളിലേക്ക്‌ വിദഗ്ധ ചികിൽസ തേടിയെത്തുന്നവരുടെ യഥാർത്ഥ സ്ഥിതിവരകണക്ക്‌ പരിശോധിച്ചാൽ അതുപോലും വെല്ലുവിളിക്കപ്പെട്ടേക്കാം.

Photo: US Capitol Building

ഒബാമയെ പ്രസിഡണ്ട്‌ പദവിയിലേക്കെത്തിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആരോഗ്യരംഗം ചൂടേറിയ്‌ ചർച്ചാവിഷയാമയിരുന്നു. ഒബാമ, ഒരു ഗവണ്‍മന്റ്‌ ഏജൻസിയോടുകൂടിയ (National Health insurance exchange)എല്ലാവർക്കും ആരോഗ്യപരിരക്ഷ (Universal health care) എന്ന നിലപാടിലും മക്കയിൻ (റിപ്പബ്ലികൻ സ്ഥാനാർത്ഥി) സർക്കാർ സഹായമില്ലാത്ത തുറന്ന കമ്പോള മത്സരം (Open-market competition) എന്ന നിലപാടിലും ആയിരുന്നു. മനുഷ്യപ്പറ്റോടുകൂടിയ ഒരു ആരോഗ്യ പദ്ധതി അംഗീകരിച്ചെടുക്കാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്ത്‌ തിയോഡോർ റുസ്സവെൽറ്റും, അറുപതുകളിൽ ലിൻഡൻ ബി ജോൺസണും, പിന്നിട്‌ ബിൽ ക്ലിന്റനും ഒക്കെ ശ്രമിച്ചിടൂം നടക്കാത്തിടത്താണ്‌ നമ്മുടെ ഒബാമയുടെ ശ്രമം. ഏറ്റവും സമ്പന്നവും ദേശിയ വരുമനത്തിന്റെ 16 ശതമാനവും ആരോഗ്യത്തിനായി ഉപയോഗിക്കുന്ന ഒരു രാജ്യത്ത്‌ 5 കോടിയോളം (ആകെ ജനസംഖ്യടെ 15 ശതമാനം) വരുന്ന ജനങ്ങൾ ആരോഗ്യ പരിരക്ഷ ഇല്ലാത്തവരാണെന്നത്‌ അമ്പരപ്പിക്കുന്ന വസ്തുതയാണ്‌. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതലും, വികസിത മുതാളിത്ത രാജ്യങ്ങളുടെ ഇരട്ടിയും പണം ചെലവാക്കുന്ന ഒരു രാജ്യം ലോകാരോഗ്യസംഘടനയുടെ പൊതു ഗുണനിലവാരത്തിന്റെ കണക്കിൽ സ്ലോവേനിയ എന്ന രാജ്യത്തിനും പിന്നിലായി 37-അം സ്ഥാനത്താണ്‌.

യു എസ്‌ കോൺഗ്രസ്സിന്റെ വിവിധ വിവിധ കമ്മിറ്റികളിലും പിന്നിട്‌ സെനറ്റിലും പൊതുസഭയിലും അംഗീകരിച്ച്‌ അരോഗ്യ-സുരക്ഷ ബില്ല് പ്രസിഡന്റിന്റെ മേശപുറത്ത്‌ എത്തുമോ എന്ന് അമേരിക്കൻ ജനത ആകംക്ഷയോടെ ഒറ്റുനോക്കുകയാണ്‌. എന്തായാലും ഈ വർഷാവസാനമോ, അടുത്ത വർഷം ആദ്യമോ രണ്ടിലൊന്ന് അറിയാൻ കഴിയും.

ഹോണ്ടുറാസ്‌


ഭരണഘടന എഴുതുന്നവർക്കും അത്‌ പാസ്സാക്കിയെടുക്കന്നവർക്കും പറ്റുന്ന ചെറിയ പാകപ്പിഴകൾ ഒരു രാജ്യത്ത്‌ എവിടെകൊണ്ടെത്തിക്കുമെന്ന് ഉദാഹരണമാൺ` ഹോണ്ടുറസ്‌ എന്ന രാജ്യം. മദ്ധ്യ അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ ഒരു കോടിയിൽ താഴെ ജനസംഖയുള്ള ഒരു ചെറിയ രാജ്യം. ലറ്റിനമേരിക്കയിലെ ചില രാജ്യങ്ങളെ പിൻതുടർന്ന് ഇടതുപക്ഷക്കാരനായ ഇപ്പോഴത്തെ പ്രസിഡണ്ട്‌ സെലയ (Jose Manuel ZELAYA Rosales) തിരഞ്ഞെടുക്കപ്പെടുന്നത്‌ 2005 നവമ്പറിലാണ്‌. 2006 ജനുവരിയിൽ അദ്ദേഹം അധികാരമേറ്റു. 2008 നവമ്പറിൽ 2009 നവമ്പറിൽ നടക്കാനിരിക്കുന്ന് പ്രസിഡണ്ട്‌, പാർലിമന്റ്‌, പ്രാദേശിക തിരഞ്ഞെടുപ്പുകൾക്കുള്ള ബാലറ്റുപേപ്പർ കുടാതെ പുതുക്കിയ ഭരണഘടന തയ്യാറാക്കുന്നതിനുവേണ്ടി ഒരു ഭരണഘടന സഭ വിളിച്ചുചേർക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോ എന്നറിയാനുള്ള ഒരു ബാലറ്റുകൂടി ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. 2010 ജനുവരിയോടെ പ്രസിഡന്റിന്റെ കാലവുധി തീരുകയും അതിനുശേഷം സെലയക്ക്‌ ഭരണഘടനയനുസരിച്ച്‌ മത്സരിക്കുവാൻ കഴിയുകയുമില്ല. 2009 മാർച്ച്‌ 24-ന്‌ സെലയ ജനങ്ങളുടെ പിൻതുണ അളക്കുന്നതിനുവേണ്ടി 2009 ജൂൺ 28-ന്‌ ഒരു ജനഹിത പരിശോധന നടത്താൻ നിശ്ചയിച്ചു.

Photo: Jose Manuel ZELAYA Rosales

ഇനി ഭരണഘടനക്കുള്ളിലെ മണ്ടത്തരം നോക്കാം. സാധരണ ഗതിയിൽ മുന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരണാഘടനാ വകുപ്പുകൾ ഭേദഗതി ചെയ്യാം. പക്ഷെ ഒരിക്കലും മാറ്റാൻ കഴിയാത്ത ചിലവകുപ്പുകൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അവയിൽ പ്രധാനമായത്‌ ഗവണ്‍മന്റിന്റെ സ്വഭാവവും പ്രസിഡണ്ടിന്റെ കാലാവധിയുമാണ്‌. ഇതനുസരിച്ച്‌ ലോകവസാനം വരെ ഈ വകുപ്പ്‌ നിലനിൽക്കും. മാറുന്ന കാലത്തിനൊത്ത്‌ ജനങ്ങളുടെ ഹിതം പരിശോധിക്കാൻ പോലും അനുവദിക്കാത്ത ചില വകുപ്പുകൾ ഭരണഘടനയിൽ കേറിപറ്റിയത്‌ എങ്ങിനെയെന്ന് എല്ലാം കഴിഞ്ഞ ശേഷം ആലോചിച്ചിട്ട്‌ കാര്യമില്ലല്ലോ.

സെലയായുടെ നീക്കം പാർലിമന്റിന്റെ പ്രസിഡണ്ടായ റോബർട്ടോ മൈക്കലേറ്റി (Roberto Micheletti) ഭരണഘടനവിരുദ്ധവും ക്രിമിനൽ സ്വഭാവമുള്ളതാണെന്നും പ്രഖ്യപിച്ചു. പ്രതിപക്ഷവും പട്ടാളവും പിൻതുണച്ചതോടെ അട്ടിമറി പൂർണ്ണമായി. ഭരണഘടനയോടുള്ള സ്നേഹവും കൂറുമാണോ അതോ ഇടതുപക്ഷത്തോടുള്ള അസിഹിഷ്ണുതയാണോ വലതുപക്ഷത്തിന്റെ നിലപാടിനുള്ള കാരണമെന്നറിയാൻ അധികമൊന്നും ചിന്തിക്കേണ്ട കാര്യമില്ല. പക്ഷെ അമേരിക്കൻ മുൻ പ്രസിഡണ്ട്‌ ജിമ്മി കാർട്ടർക്ക്‌ ശേഷം അമേരിക്കക്ക്‌ പുറത്ത്‌ മനുഷ്യരുണ്ട്‌ എന്ന് കരുതുന്ന ഇപ്പോഴത്തെ പ്രസിഡണ്ട്‌ ഒബാമ അഭ്യന്തര എതിർപ്പ്‌ ഉണ്ടായിട്ടും പട്ടാള അട്ടിമറി ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ജനവിരുദ്ധവും ആണെന്ന് പ്രഖ്യാപിച്ചു. ബ്രസീൽ എമ്പസ്സിയിൽ അഭയം തേടിയ സെലയായുടെ ഭാവി കാത്തിരുന്നു കാണാം

ഒളിമ്പിക്സ്‌
Photo: Lulu and Obama at white house


അങ്ങിനെ 2016-ലെ ഒളിമ്പിക്സ്‌ ബ്രസീലിന്‌ സ്വന്തം. എല്ലാ സാന്മാർഗിക അധ:പതനത്തിനും പഴിക്കാവുന്ന (Blame it on Rio) റിയോവിൽ (Rio de Janeiro). ഷിക്കാഗോക്ക്‌ വേണ്ടി യു എസ്‌ പ്രസിഡണ്ട്‌ ഒബാമയും ഭാര്യയും കോപ്പൻഹേഗിൽ പോയതാണ്‌. പുറത്തുള്ളവരുടെ മനസ്സറിയൻ മനുഷ്യ ചാരന്മാരുടെ കുറവുള്ള അമേരിക്ക ഇതിനുവേണ്ടി പ്രസിഡണ്ടിനെ അയയ്ക്കേണ്ടിയിരുന്നില്ലെന്ന് കരുതുന്നവരുണ്ട്‌. ഭാര്യ പോയാലും മതിയായിരുന്നു. ആദ്യവട്ടത്തിൽ തന്നെ പുറത്തായത്‌ മുക്കത്ത്‌ വിരൽ വെച്ചും കരഞ്ഞും ഷിക്കാഗോക്കാർ ആചരിച്ചും. ഉള്ളിൽ ചിരിച്ചവരെല്ലം അമേരിക്കയിലെ തീവ്രവലതുപക്ഷക്കാരാണ്‌. തെക്കെ അമേരിക്കൻ വൻകരയിൽ ഇതുവരെ ഒളിമ്പ്ക്സ്‌ നടക്കാത്തതും വളർന്നു വരുന്ന സമ്പത്തിക ശക്തി ആയതിനാലും ആണ്‌ ബ്രസീലിന്‌ നറുക്കുവീണതെന്ന് കരുതുന്നവരാണ്‌ ഏറെയും. എന്തായാലും മാഡ്രിഡ്‌, ടോക്കിയോ, ഷിക്കാഗോ എന്നി നഗരങ്ങളെ പുറംതള്ളി 2016-ലെ ഒളിമ്പിക്സ്‌ നേടിയ ബ്രസീലിയൻ പ്രസിഡണ്ട്‌ ലുലക്കും (Luiz Inácio Lula da Silva) അവിടത്തെ ജനങ്ങൾക്കും അഭിമാനിക്കാം.നവമ്പർ 1, 2009

Wednesday, October 28, 2009

മുതലാളിത്തം - ഒരു പ്രണയകഥ

എ എം എസ്‌ജനപക്ഷത്തുനിന്നുകൊണ്ട്‌ ഗൗരവമേറിയ വിഷയങ്ങളും ആക്ഷേപഹാസ്യവും കൂട്ടികലർത്തി സിനിമയെടുക്കുകയും അവ സാമ്പത്തികമായി വൻവിജയമാക്കിത്തീർക്കുകയും ചെയ്യുന്നതിൽ കഴിവ്‌ തെളിയിച്ച ആളാണ്‌ മൈക്കിൾ മോർ (Michael Moore ). തന്റെ സ്വന്തം നാടായ മിഷിഗൻ (Michigan) സംസ്ഥാനത്തെ ഫ്ലിന്റിൽ ജനറൽ മോട്ടോർസ്‌ (General Motors)എന്ന കാർക്കമ്പനി അവിടത്തെ ഫാക്ടറി പുട്ടി മുപ്പതിനായരത്തിൽപരം തൊഴിലാളികളെ അനാഥമാക്കിയ കഥ പറയുന്ന റോജറും (General Motors CEO Roger Smith's ) ഞാനും (Roger and Me (1989)) എന്ന ആദ്യ സംരംഭത്തിന്‌ ഇരുപതു വർഷത്തിന്‌ ശേഷം വെറുക്കപ്പെട്ട അമേരിക്കൻ മുതലാളിത്ത വ്യവസ്ഥിതിയും അത്‌ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന വൻ ദുരന്തങ്ങളും ചിത്രീകരിക്കുകയാണ്‌ മുതലളിത്തം: ഒരു പ്രണയകഥ (Capitalism: A Love Story) എന്ന് ഈ ചിത്രത്തിൽ. അമേരിക്കയിൽ 2001 സെപ്റ്റെംബർ 11 ന്‌ ഉണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്നത്തെ പ്രസിഡന്റ്‌ ബുഷിന്റെ ലോകമെമ്പാടുമുള്ള തിവ്രവാദികൾക്കെതിരായ യുദ്ധത്തിന്റെ ഉള്ളറകളിലേക്ക്‌ വെളിച്ചം വീശുന്ന "ഉഷ്ണമാപിനി സെപ്റ്റമ്പർ 11" (Fahrenheit 9/11(2004)), അമേരിക്കൻ ആരോഗ്യ രംഗത്തെ വിലയിരുത്തുന്ന "രോഗി" (Sicko (2007)) എന്നിവയാണ്‌ മൂറിന്റെ മറ്റു ചിത്രങ്ങൾ.


ഇവിടെ കഥാചിത്രങ്ങൾപോലും ഒന്നര മണിക്കുറിൽ ഒതുക്കുന്ന ഇക്കാലത്ത്‌ ഒരു ഡോക്യുമന്ററി രണ്ട്‌ മണിക്കൂർ നീണ്ടതായാൽ ഉണ്ടാകാവുന്ന വിരസത ഒട്ടും അനുഭവപ്പെടാത്ത ചിത്രമാണിത്‌. അതിനുകാരണം മൂറിന്റെ അതിലാളിതമായ ശൈലിയും ചടുലമായി (montage) നീങ്ങുന്ന ദൃശ്യങ്ങളാണ്‌ (Images). അതിലൊന്ന് വർത്തമാനകലത്തെ സാമ്പത്തിക ദു:രന്തങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു മുതലാളിത്തത്തെയും സ്വതന്ത്രകമ്പോളത്തെയും പാടിപുകഴ്ത്തുന്ന അമ്പതോളം വരുന്ന പഴയ ദൃശ്യങ്ങൾ. വസ്തുനിഷ്ഠവും ആഴമേറിയതും ആയ പഠനത്തിന്റെ അഭാവം മൂറിൽ ആരോപിക്കുന്നവരുണ്ട്‌. പക്ഷെ തനിക്കുപറയാനുള്ളത്‌ യുക്തിഭദ്രമായി, ലളിതമായി, നർമ്മം കലർത്തി സംഗ്രഹിക്കാനുള്ള അപാരമായ കഴിവ്‌ ആ വിമർശനങ്ങളെയെല്ലാം നിഷ്‌പ്രഭമാക്കുന്നു.

മൂറിന്റെ മറ്റു സിനിമകളിലേതു പോലെ അദ്ദേഹം തന്നെയാണ്‌ പ്രധാന കഥാപാത്രവും, വിവരണ-അന്വേഷണ കർത്താവും, സംവിധായകനും. അത്ഭുതം കൂറുന്ന കണ്ണൂകളും, സന്തതസഹചാരികളായ ബേസ്ബാൾ തൊപ്പിയും ടിഷർട്ടും, നാടകിയമായ അഭിമുഖങ്ങളും എല്ലാ അൽപം കുടുതലല്ലേ എന്നു തോന്നാമെങ്കിലും കലർപ്പില്ലാത്ത കരളലിയിക്കുന്ന സംഭവങ്ങൾ ഇതിൽ വിവരക്കുന്നുണ്ട്‌. വയസ്സായ ദമ്പതികളുടെ കൃഷിയിടം ജപ്തി ചെയ്യുന്നത്‌, മരിച്ചുപോയ ഭർത്തവിന്റെ പേരിൽ അയാളുടെ കമ്പനി 5 മില്യൻ ഡോളറിന്റെ ഇൻഷൂറൻസ്‌ ലാഭമെടുക്കുന്നത്‌, ഒരു മുന്നറിയിപ്പിമില്ലാതെ പൂട്ടിയിട്ട ഫാക്റ്ററിയ്ക്കുള്ളിൽ തൊഴിലാകൾ കുത്തിയിരുപ്പ്‌ നടത്തുന്നത്‌, സർക്കാരിന്റെ പിച്ചകാശിൽ (Food Stamps) ജിവിക്കേണ്ടി വരുന്ന എയർലൈൻ പെയിലറ്റുമരുടെ കഥ എന്നിവ ഉദാഹരണങ്ങളാണ്‌

മുതലാളിത്തവും ജനാധിപത്യവും ഒരിക്കലും ചേർന്നുപോകില്ലെന്ന് തെളിയിക്കുവാൻ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു ജയിലിൽ ഓഹരിയുള്ള ഒരു ജഡ്ജി വളരെ ചെറിയ കുറ്റങ്ങൾ ചെയ്ത കൗമാരക്കാരെ നീണ്ടകാലം അവിടേക്ക്‌ അയക്കുന്നത്‌ വിവരിക്കുന്നുണ്ട്‌. കത്തോലിക്ക സഭയുടെ ചില മെത്രാന്മാർ ബൈബിൾ ഉദ്ധരിച്ചുകൊണ്ട്‌ മൂറിന്റെ വാദഗതിയോട്‌ യോജിക്കുകയും മുതലാളിത്തം അധാർമികവും ദരിദ്രരോട്‌ നീതികാട്ടാത്തതും ആണെന്ന് പറയുന്നുമുണ്ട്‌.

ചിത്രത്തിന്റെ രണ്ടാം പകുതി കുറെകൂടി മനസ്സിനെ മരവിപ്പിക്കുന്നതും ഹൃദയത്തിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നതുമാണ്‌. അമേരിക്കൻ കോൺഗ്രസ്സിലെ, വർത്തമാനാവസ്ഥയിൽ ദു:ഖമുള്ള, ചില മെമ്പർമാരുമായിട്ടുള്ള അഭിമുഖസംഭാഷണങ്ങളാണ്‌ അതിലൊന്ന്. വാൾസ്ട്രീറ്റിലെ വൻതോക്കുകളും, വാഷിങ്ങ്‌റ്റൻ ഡിസിയിലെ ഉപചാപക്കാരും, രാഷ്ട്രിയക്കാരും ചേർന്ന്‌ അമേരികൻ സമ്പദ്‌ വ്യവസ്ഥയെ രക്ഷിക്കാനെന്നപേരിൽ എങ്ങിനെയാണ്‌ അമേരിക്കൻ ജനതയുടെ 700 ബില്യൻ ഡോളർ അപഹരിച്ചെതെന്ന് അവർ പരിതപിക്കുന്നുണ്ട്‌. സമീപകാലത്തെ ഏറ്റവും വലിയ സമ്പത്തിക അട്ടിമറിയായിരുന്നു അതെന്നവർ വിശ്വസിക്കുകയും ചെയ്യുന്നു.

മൂർ തന്റെ വിമർശനശരങ്ങൾ റിപ്പബ്ലിക്കൻ-ഡെമൊക്രാറ്റിക്‌ പാർട്ടികൾക്കെതിരെയും തൊടുക്കുന്നുണ്ടെങ്കിലും ഒബാമെയെ വെറുതെ വിടുകയാണ്‌ ചെയ്യുന്നത്‌. ഒബാമയ്ക്കെതിരെ ഇറങ്ങാനുള്ള സമയമായിട്ടില്ലെന്ന് അദ്ദേഹം കരുതുന്നുണ്ടാവണം. ഈ സിനിമയിൽ പ്രേക്ഷരെ, പ്രത്യേകിച്ചും പുരോഗമന വാദികളെ, ആകർഷിച്ച രണ്ടു കാര്യങ്ങൾ കൂടി പ്രതിപാദിക്കാതെ ഇരിക്കുന്നത്‌ ശരിയായിരിക്കില്ലെന്ന് തോന്നുന്നു. 1933 മുതൽ 1945 വരെ പ്രസിഡന്റ്‌ ആയിരുന്ന റൂസ്‌വെൽറ്റ്‌ (Franklin D. Roosevelt) മരിക്കുന്നതിന്‌ തൊട്ടുമുമ്പുള്ള റേഡിയോ പ്രസംഗത്തിൽ അമേരിക്കൻ ജനതയുടെ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശവും അത്‌ സാദ്ധ്യമാക്കുന്നതിനുവേണ്ടി ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ്‌ ഒന്നാമത്തേത്‌. പക്ഷെ പിന്നീട്‌ ആരുടയൊക്കെയോ സമ്മർദ്ദത്താൽ അത്‌ റേഡിയോ പ്രക്ഷേപണത്തിൽ ഉൾപ്പെടുത്തിയില്ല. അത്‌ കണ്ടെത്തി സിനിമയിൽ പുന:പ്രക്ഷേപണം ചെയ്യുന്നുണ്ട്‌ മൂർ. രണ്ടാമത്തേത്‌ അമേരിക്കൻ ഐക്യനാടിന്റെ ഭരണഘടനയുടെ യഥാർത്ഥ കോപ്പി ആദ്യവസാനം പരിശോധിച്ചിട്ടും മുതലാളിത്തമായിരിക്കും ഗവൺമന്റിന്റെ സ്വഭാവം എന്നത്‌ അതിൽ കണ്ടെത്താൻ മൂറിന്‌ കഴിഞ്ഞില്ലെന്നതുമാണ്‌.
സാർവ്വദേശീയഗാനത്തിന്റെ പശ്ചാത്തലത്തിൽ ന്യുയോർക്കിലെ ബാങ്കുകൾക്കു ചുറ്റും ഇവിടെ കുറ്റം നടന്ന സ്ഥലം എന്ന് സൂചിപ്പിക്കുന്ന മഞ്ഞ പ്ലാസ്റ്റിക്‌ റിബൺ (crime scene tape) ചുറ്റിക്കൊണ്ട്‌ നാടകീയമായി സിനിമ അവസാനിക്കുന്നു. മുതലാളിത്തത്തിനെതിരായി അതിന്റെ തന്നെ പണം ഉപയോഗിച്ച്‌, രീതികൾ സ്വാംശീകരിച്ച്‌ സിനിമകളെടുക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്നത്‌ സത്യസന്ധമല്ലെന്ന് കരുതുന്നവരുണ്ട്‌. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്ന മാർക്സിയൻ വചനം ഇവിടെ ഓർക്കാവുന്നതാണ്‌ എന്തായാലും സ്ഥിരം മസാലകൾക്കും വാണിജ്യവത്കരണത്തിനും അടിമപ്പെട്ടു പോയ കഥാചിത്രങ്ങൾക്കിടയിൽ ഒരു ആശ്വാസമാണീ സിനിമ.


*

Capitalism: A Love Story:

A Paramount Vantage, Overture Films presentation in association with the Weinstein Co.
Production company: Dog Eat Dog Films
Sales: Paramount Vantage
Director-screenwriter: Michael Moore
Producers: Michael Moore, Anne Moore
Co-producers: Rod Birleson, John Hardesty