Wednesday, November 25, 2020

 

ലേഖനം

ഒഴിയാ ബാധയും യാഥാസ്ഥിതിക പൂജയും

അമ്പഴയ്ക്കാട്ട് ശങ്കരൻ

ഒരിക്കൽ അബദ്ധം പറ്റിയാൽ അത് ക്ഷമിക്കാവുന്നതും ആവർത്തിക്കുമ്പോൾ അത് ശിക്ഷാർഹവും ആകും. ഭാഗ്യവശാൽ അമേരിക്കൻ ജനതക്ക് രണ്ടാം വട്ടവും അബദ്ധം പിണഞ്ഞില്ല. 2000-ലേയും 2016-ലേയും പരാജയങ്ങൾക്ക് ഡെമോക്രാറ്റുകൾ മധുരമായി പ്രതികാരം തീർക്കുകയും ചെയ്തു. അങ്ങിനെ ജെറാൾഡ് ഫോഡിന്റേയും ജിമ്മി കാർട്ടറിന്റെയും ജോർജ്ജ് ബുഷ് സീനിയറിന്റേയും കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ടാം വട്ടം തെരഞ്ഞെടുക്കപ്പെടാത്ത അമേരിക്കൻ പ്രസിഡണ്ടുമാരുടെ ഗ്രൂപ്പിലേക്ക് ട്രംപ് കൂടി ആനയിക്കപ്പെട്ടു. വരും നാളുകളിൽ ട്രംപ് വെറുതെയിരിക്കുമെന്ന് കരുതുക വയ്യ. ട്രംപിന്റെ പ്രതികാരനാളുകൾ വരാനിരിക്കുന്നതേയുള്ളു. ബൈഡന്റെ സത്യപ്രതിജ്ഞാ ദിനമായ ജനുവരി 20 വരെയും പിന്നീടും യാഥാസ്തിക റിപ്പിബ്ലിക്കന്മാരുടെ പിന്തുണയോടെ ട്രമ്പിന്റെ കളികൾ പൂർവാധിക ശക്തിയോടെ തുടരുമെന്ന കാര്യത്തിൽ സംശയിക്കേണ്ട ഒരു സാഹചര്യവും നമ്മുടെ മുന്നിലില്ല.

ശക്തി ക്ഷയിക്കാത്ത യാഥാസ്ഥിതിക പക്ഷം

2000-ന്‌ മുമ്പ് അമേരിക്കയിലെ വോട്ടിങ്ങ് ശതമാനം എല്ലായ്പ്പോഴും 50 ശതമാനത്തിൽ താഴെയായിരുന്നു. അത് തന്നെ പ്രസിഡണ്ട് തെരഞ്ഞെടുപ്പുള്ള വർഷങ്ങളിൽ മാത്രം. മറ്റ് ഇടക്കാല തെരഞ്ഞെടുപ്പുകളിലും തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലും സ്ഥിതി തുലോം മോശമായിരുന്നു. 2000-ലെ ഗോർ-ബുഷ് പോരാട്ടത്തിനു ശേഷം ക്രമേണയായി അമേരിക്കയിൽ വോട്ടിങ്ങ് ശതമാനം കൂടിക്കൂടി വന്നു. വോട്ടാവകാശമുള്ളവരുടെ എണ്ണം എടുത്താൽ അത് ഏകദേശം 25 കോടിയോളം വരും. ഇത്തവണ 15 കോടിയോളം പേർ വോട്ട് ചെയ്തു. അറുപത് ശതമാനത്തോടടുത്തെത്തിയ വോട്ട് രേഖപ്പെടുത്തൽ സർവകാല റെക്കോഡാണ്‌. അതിൽ പകുതിക്ക് തൊട്ട് താഴെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ചു എന്നുള്ളത് ശ്രദ്ധേയമാണ്‌. വിവിധ സർവേകൾ പ്രവചിച്ചതുപോലെ യാഥാസ്ഥിതികർക്ക് കോട്ടം സംഭവിച്ചില്ലെന്ന് മാത്രമല്ല ജനപ്രതിനിധി സഭയിലും സംസ്ഥാന നിയമസഭകളിലും ഗവർണർ തെരഞ്ഞെടുപ്പിലും നേരിയതാണെങ്കിലും അവർ നേട്ടമുണ്ടാക്കുകയും ചെയ്തു. ട്രംപ് തോറ്റതല്ലാതെ റിപ്പബ്ലികൻ പാർട്ടിക്ക് ഒരു ക്ഷീണവും തട്ടിയിട്ടില്ലെന്നത് അവരുടെ ബൈഡൻ-ഹാരിസ് പ്രതികാര നടപടികൾക്ക് ആക്കം കൂട്ടുമെന്നുതിന്‌ ഇപ്പോൾ തന്നെ അവരുടെ പ്രസ്താവനകൾ വായിച്ചാൽ മനസ്സിലാകും. 2008-ൽ ഒബാമ ജയിച്ച ഉടനെ യാഥാസ്ഥിതിക കോക്കസ് (സമ്മർദ്ദ ഗ്രൂപ്പ്) കൂടിചേർന്ന് രണ്ടാം വട്ടം ഒബാമയെ ജയിപ്പിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് പ്രതിജ്ഞയെടുത്ത കൂട്ടർ ഉണ്ടായിരുന്നു എന്നത് മറന്നുകൂടാ. ഇപ്പോഴാണെങ്കിൽ മുറിവേറ്റ ട്രംപ് കൂടി കൂടെയുണ്ടെന്നുള്ളത് ഡെമോക്രാറ്റുകളുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്‌.

നൂറ്റൊന്ന് ആവർത്തിക്കുന്ന നുണകളുടെ ഗീബത്സൻ തന്ത്രം

സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുകയും, മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരേയും ഒന്നാകെ ആക്ഷേപിക്കുകയും ചെയ്യുക എന്ന ശീലം രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ ട്രംപ് തുടങ്ങിയതാണ്‌. എല്ലാ മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും വിശുദ്ധരാണെന്ന് ഒരു വിവക്ഷയും ആർക്കുമില്ല. എന്നാലും തെരഞ്ഞെടുത്ത മാദ്ധ്യമ പ്രവർത്തകരെ തേജോവധം ചെയ്യുന്ന അമേരിക്കൻ പ്രസിഡന്റിനെ കഴിഞ്ഞ നാല്‌ വർഷത്തിനിടയിൽ പല തവണ ലോകം കണ്ടു. ഒബാമ അമേരിക്കൻ പൗരനല്ല എന്ന നുണപ്രചരണം ആരംഭിച്ച ട്രംപ് ഒരിക്കൽ പോലും അത് പിൻവലിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. തന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തവരുടെ എണ്ണത്തിന്റെ അസത്യ കണക്കുകൾ അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു. അസത്യമോ, അർദ്ധസത്യമോ, വഴിതെറ്റിക്കുന്നതോ ആയ ഇരുപതിനായയിരത്തില്പരം പ്രസ്താവനകൾ പ്രസിഡണ്ടയിരിക്കെ അദ്ദേഹം ഇറക്കിയെന്ന് കാര്യങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുന്ന വിശ്വാസ്യതയുള്ള ഏജൻസികൾ കണ്ടെത്തി. അടുത്ത കാലത്ത് ട്രംപിന്റെ ട്വീറ്റുകൾക്ക് ട്വിറ്റർ അടിക്കുറിപ്പും മുന്നറിയിപ്പും കൊടുത്തു തുടങ്ങി. ട്രംപ് പറയുന്ന കാര്യങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന 30 ശതമാനത്തോളം ജനങ്ങൾ അമേരിക്കയിൽ ഉണ്ടെന്നുള്ളത് കാര്യത്തിന്റെ ഗൗരവസ്വഭാവം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും ട്രംപിന്‌ വോട്ട് ചെയ്ത ജനവിഭാഗത്തെ അവഗണിച്ചുകൊണ്ടോ, അവമതിച്ചുകൊണ്ടോ ഡെമോക്രാറ്റുകൾക്ക് മുന്നേറാൻ കഴിയില്ലെന്നുള്ളത് യാഥാർത്ഥ്യമാണ്‌

വോട്ടവകാശാത്തിനെതിരായ നീക്കങ്ങൾ

അമേരിക്കൻ മുതലാളിത്ത ജനാധിപത്യ ചരിത്രം ആദ്യ കാലങ്ങളിൽ തന്നെ ഏറെ മുന്നേറിയിരുന്നുവെങ്കിലും ദരിദ്ര-ന്യൂനപക്ഷ- സ്ത്രീ വിഭാഗങ്ങൾക്ക് അവരുടെ വോട്ടാവകാശങ്ങൾ സാർത്ഥകമാകുന്നത് ഏറെ വൈകിയാണ്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിൽ ആരംഭിച്ച നിരവധി പോരാട്ടങ്ങൾക്ക് ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാണ്‌ (പത്തൊമ്പതാം ഭരണഘടനാ ഭേദഗതി, 1919) സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നത്. പിന്നിട് ഒരു വർഷം കൂടി കാത്തിരിക്കേണ്ടിവന്നു സംസ്ഥാനങ്ങൾ അത് അംഗീകരിക്കാൻ. 1965-ൽ പാസ്സായ വോട്ടാവകാശ നിയമം അമേരിക്കയിലെ കറുത്ത വംശജർക്ക് സംസ്ഥാന നിലവാരത്തിൽ വോട്ടറായി രജിസ്റ്റർ ചെയ്യുന്നതിനും വോട്ട് ചെയ്യുന്നതിനും വിപുലമായ കളമൊരുക്കി. കറുത്ത വംശജർ വോട്ട് ചെയ്യുന്നതിന്‌ എതിരെ ഉണ്ടായിരുന്ന അനവധി സാമുഹ്യ സാഹചര്യങ്ങൾ അതോടെ കുറെയൊക്കെ ഒഴിവായി. അമേരിക്കയിലെ ഉതപതിഷ്ണുക്കളും പുരോഗമനവാദികളും നീണ്ട സമരങ്ങളിലൂടെ നേടിയെടുത്ത വോട്ടവകാശം യാഥാസ്ഥിതികരെ ഒട്ടൊന്നുമല്ല അക്കാലത്ത് പ്രകോപിപ്പിച്ചിട്ടുള്ളത്. അന്നത്തെ മുന്നേറ്റങ്ങളിൽ ജോൺ എഫ് കെന്നഡിയും മാർട്ടിൻ ലൂഥർ കിങ്ങും രക്തസാക്ഷികളായി. മാർട്ടിൻ ലുഥർ കിങ്ങിന്റെ സമര നേതൃത്വവും ഡെമോക്രറ്റുകളായ കെന്നഡിയുടേയും ലിൻഡൻ ബി ജോൺസൺന്റെ പിന്തുണയും കറുത്തവർഗക്കാർ ഇന്നു അഭിമാനത്തോടെ സ്മരിക്കുന്നുണ്ട്. അതുകൊണ്ടാണ്‌ കറുത്ത വർഗ്ഗക്കാരിൽ 90 ശതമാനവും ഡെമോക്രാറ്റുകളെ പിന്തുണക്കുന്നത്. അടിമത്തം നിർത്തലാക്കിയത് റിപ്പബ്ലിക്കൻ പ്രസിഡണ്ടായ എബ്രഹാം ലിങ്കണായിരുന്നു എന്നുള്ളതും അദ്ദേഹവും രക്തസാക്ഷിയായി എന്നുള്ളതും ചരിത്രത്തിന്റെ വിധി വൈപരിത്യമാണ്‌.

ഇത്രയും പറഞ്ഞത് എല്ലാ കാലത്തും യാഥാസ്ഥിതികർ ദരിദ്രരും പാർശ്വവത്ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളും വോട്ട് ചെയ്യുന്നതിന്‌ തടസം നിന്നിരുന്നു എന്ന് പറയാനാണ്‌. ഇന്നത്ത് റിപ്പബ്ലിക്കൻ നേതാക്കളും ട്രംപും അതിൽ നിന്ന് ഒട്ടും ഭിന്നമല്ല. വർഷങ്ങളായി അവർ നേരത്തെ പറഞ്ഞ വിഭാഗങ്ങൾ വോട്ട് ചെയ്യാതിരിക്കാൻ അവരാൽ കഴിയുന്ന കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്നു. പോസ്റ്റൻ വോട്ടിനെ എതിർക്കാൻ തുടങ്ങിയതാണ്‌ അങ്ങിനെയാണ്‌. ഇലക്ഷൻ പ്രചരണഘട്ടത്തിൽ തന്നെ ട്രംപ്, രജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാർക്കും ബാലറ്റ് അയച്ചു കൊടുക്കുന്ന സംസ്ഥാങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ കാലിഫോർണിയായും, കോളറാഡോയും ന്യു ജേഴ്സിയും അടക്കം പാത്തോളം സംസ്ഥാനങ്ങൾ എല്ലാവർക്കും ബാലറ്റ് അയക്കുക എന്ന നിലപാടെടുത്തു. ഈ കോവിഡ് കാലത്ത് ഭയമില്ലാതെ വോട്ട് ചെയ്യാൻ ജനങ്ങൾക്ക് കിട്ടിയ ഈ അവസരത്തിനെ സ്വാഗതം ചെയ്യുന്നതിനു പകരം എതിർത്ത നിലപാടെടുത്ത ട്രംപും കൂട്ടരും അവരുടെ തനിനിറം വെളിവാക്കി.

സോഷ്യലിസമെന്ന “ഭൂതം”

അമേരിക്കയിൽ അധികാര ശ്രേണിയിൽ മുൻപന്തിയിൽ സെനറ്റ് തന്നെയാണ്‌ നിലകൊള്ളുന്നത്. ഇതുവരെ പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് 100-ൽ 50 റിപ്പബ്ലിക്കൻ പക്ഷത്തും രണ്ട് സ്വതന്ത്രരടക്കം 48 പേർ ഡെമോക്രാറ്റ് പക്ഷത്തും ആണ്‌. രണ്ടെണ്ണം ജോർജ്ജിയ സംസ്ഥാനത്ത് നിന്ന് ജനുവരിയിലെ റൺ ഓഫ് അഥവാ 50 ശതമാനം വോട്ട് കിട്ടാനുള്ള തെരഞ്ഞെടുപ്പിൽ നിശ്ചയിക്കപ്പെടും. 30 ലക്ഷത്തോളം പേർ വോട്ട് ചെയ്ത ജോർജിയായിൽ പതിനായിരത്തോളം വോട്ട് മാത്രമാണ്‌ ബൈഡന്‌ ഭൂരിപക്ഷം. അതും രണ്ടും ഡെമോക്രാറ്റുകൾ കിട്ടിയാൽ അമേരിക്കയിൽ സോഷ്യലിസം വരുമെന്നായിരിക്കും റിപ്പബ്ലിക്കന്മാരുടെ പ്രചരണം. തലക്ക് വെളിവുള്ളവർക്ക് ചിരിവരുന്ന ഈ അസംബന്ധം ഒബാമ മത്സരിച്ച 2008 മുതൽ യാഥാസ്ഥിതികർ തുടങ്ങിയതാണ്‌. സോഷ്യലിസം എന്തെന്ന് മുതലാളിത്തം പറഞ്ഞ അറിവെ ഭൂരിപക്ഷം അമേരിക്കൻ ജനതക്കുമുള്ളു. എല്ലാ സ്വകാര്യ സ്വത്തുക്കളും ഗവർന്മെന്റ് പിടിച്ചെടുക്കുമെന്നാണ്‌ പലരും ധരിച്ച് വെച്ചിരിക്കുന്നത്. “സോഷ്യലിസപ്പേടി”വളരെ ഫലപ്രദമായി ഫ്ലോറിഡ സംസ്ഥാനത്ത് പ്രയോഗിക്കാൻ കഴിഞ്ഞതുകൊണ്ട് എളുപ്പത്തിൽ അവിടെ ജയിക്കാൻ ട്രംപിന്‌ സാധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ജനാധിപത്യ-സോഷ്യലിസ്റ്റായ ബേണി സാൻഡേർസിന്റെ സ്വാധീനം വിപുലമായതുകൊണ്ട് ഇത്തരം ജാടകൾ വിലപ്പോയതുമില്ല.

2024-ൽ റിപ്പബ്ലിക്കൻ പാർട്ടിയെ രക്ഷിക്കാൻ ട്രംപ് തന്നെ മത്സരിക്കുമെന്നുള്ള വിലയിരുത്തൽ കടുത്ത ട്രംപ് വാദികൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. “സർവെ മങ്കി”കളെ ആകെ ഞെട്ടിച്ച് കൊണ്ട് ബൈഡന്‌ തൊട്ട് താഴെ ട്രമ്പിന്‌ വോട്ടുകൾ ലഭിച്ചതുകൊണ്ടായിരിക്കണം ഇത്തരം അഭ്യൂഹങ്ങൾ ശക്തമാകുന്നത്. വരും നാളുകളിൽ സോഷ്യലിസത്തിന്റ് ഭൂതവും, മുസ്ലിം പേടിയും, കുടിയേറ്റ ഭീതിയും, മതവും വർണ്ണവും സമാസമം പകർന്ന് വിദ്വേഷത്തിന്റെ ഇന്ദുപ്പ് ചേർത്ത് ഗുളിക രൂപത്തിൽ വിതരണം ചെയ്യുമെന്ന് പ്രതിക്ഷിക്കാം. ഇതൊന്നും ട്രംപ് ഇനി അധികാരത്തിൽ വരുന്നതിന്‌ സഹായിക്കുമെന്ന് കരുതുക വയ്യ.

തെരഞ്ഞെടുപ്പ് നിയമത്തിനും ഫലത്തിനുമെതിരയ നിയമ നടപടികൾ

ഈ തെരഞ്ഞെടുപ്പിൽ രാഷ്ടീയ വിദ്യാർത്ഥികളിൽ കൗതുകമുണർത്തുന്ന നിരവധി വിഷയങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അതിലൊന്ന് പോസ്റ്റൽ വോട്ടിങ്ങിൽ ഡെമോക്രാറ്റുകളുടെ മുന്നൊരുക്കവും മുന്നേറ്റവും, നേരിട്ടെത്തിയുള്ള വോട്ടിൽ റിപ്പബ്ലിക്കന്മാരുടെ ആധിപത്യവുമാണ്‌. സാർവിത്രിക പോസ്റ്റൽ വോട്ടിംഗ് നിയമവിരുദ്ധമാണ്‌ എന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മതിയായ തെളിവികളില്ലാതെ പോസ്റ്റൽ വോട്ടിങ്ങ് കള്ള വോട്ടിങ്ങിന്‌ കളമൊരുക്കുമെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. പെൻസിൽവാനിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ദിവസത്തിന്‌ ശേഷം വരുന്ന ബാലറ്റുകൾ അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. എന്നാൽ അത് കോടതി അംഗീകരിക്കാതെ 3 ദിവസം വരെ ബാലറ്റുകൾ സ്വീകരിക്കാമെന്ന് ഉത്തരവിട്ടു.

രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് കൗതുകമുണർത്താവുന്ന മറ്റൊരു വിഷയം വ്യക്തിഗത-രാഷ്ട്രീയ മുല്യങ്ങൾക്ക് വില കല്പിക്കാത്ത ഒരു വ്യക്തി വലിയ പാരമ്പര്യങ്ങൾ അവകാശപ്പെടുന്ന ഒരു രാഷ്ട്രത്തിന്റെ പകുതിയോളം വരുന്ന ഒരു ജനതയെ എങ്ങിനെ കൈയ്യിലെടുത്തു എന്നുള്ളതാണ്‌. അധികാരം നഷ്ടപ്പെടുന്നതോടെ പാർട്ടിയിൽ നിന്നും ഓരോരുത്തരായി ട്രംപിനെ കൈവിടുമെന്ന് പ്രതീക്ഷിച്ചവരുടെ കണക്കുകൂട്ടലകൾ തെറ്റിയത് മാത്രമല്ല, തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം താൻ ജയിച്ചുവെന്ന് ഉറച്ച് പ്രസ്താവിച്ചതും ഇലക്ഷനിൽ കൃത്രിമം നടന്നുവെന്ന തെളിവൊന്നുമില്ലാത്ത പ്രസ്താവനകൾക്കുമെതിരായി അപൂർവം ചിലരടക്കം ആരും തന്നെ ഒരു ചെറുവിരൽ പോലും ഉയർത്തിയില്ല എന്നുള്ളതും അതിശയിപ്പിക്കുന്ന വിഷയങ്ങളാണ്‌. ഒരു രാഷ്ട്രത്തിന്റെ ഉണങ്ങി വരുന്ന മുറിവുകൾ ഉണർത്തിയെടുത്ത ആഘോഷിച്ചതിന്റെ ആഘാതം ദീർഘകാലം നിലനില്ക്കുമെന്ന് നിസ്സംശയം പറയാം

നിയമകുരുക്കിൽപ്പെടുത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്‌ ട്രംപും മഹാഭുരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് രക്ഷപ്പെട്ട മിഷിഗൻ അടക്കം നാലു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കേസുകൾ ഫയൽ ചെയ്തു കഴിഞ്ഞു. സുപ്രീം കോടതി വരെ എത്തിയാൽ തെരഞ്ഞെടുപ്പിന്‌ തൊട്ട് മുൻപ് ധൃതിപിടിച്ച് സെനറ്റിനെകൊണ്ട് അംഗീകരിപ്പിച്ച് ജസ്റ്റിസ് ആക്കിയ ഏമി കോണി ബാരറ്റിലാണ്‌ ട്രംപിന്റെ പ്രതീക്ഷ മുഴുവനും. ബുഷ് നാമ നിർദ്ദേശം ചെയ്ത ജസ്റ്റിസ് ജോൺ റോബർട്ടസ്, ട്രംപിന്റെ താളത്തിനൊത്ത് തുള്ളുന്ന വ്യക്തിയല്ലെന്ന് ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞതാണ്‌. ജനാധിപത്യ രാജ്യങ്ങളിൽ അധികാരം ഉറപ്പിക്കാൻ ആദ്യം ചെയ്യേണ്ടത് കോടതികളെ തന്റെ പക്ഷത്ത് ഉറപ്പിക്കുക എന്നുള്ളതാണെന്ന് ട്രംപിന്‌ നല്ലവണ്ണം അറിയാം.

അധികാര കൈമാറ്റത്തിന്‌ തടസം സൃഷ്ടിക്കുന്ന നിലപാടുകൾ

തെരഞ്ഞെടുപ്പ് ഫലം വന്നാൽ അധികാര കൈമാറ്റം എങ്ങിനെചെയ്യണമെന്ന് നിയതമായ നിയമങ്ങളൊന്നും അമേരിക്കയിൽ ഇല്ല. ഇത്രയും കാലം പിന്തുടർന്ന് വന്ന കീഴ്വഴക്കങ്ങളാണ്‌ എല്ലാത്തിനും ആധാരം. നിലവിലുള്ള പ്രസിഡണ്ട് നിയുക്ത പ്രസിഡണ്ടിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന പതിവുണ്ട്. കേസുകൾ കോടതികളിൽ ഇരിക്കുന്നതുകൊണ്ട് അതുടനെയെങ്ങും സംഭവിക്കുമെന്ന് കരുതുക വയ്യ. ട്രംപാണെങ്കിൽ ഒരു ഒഴിയാബാധയായി തുടരുമെന്ന് ബൈഡന്‌ നല്ല നിശ്ചയമുണ്ട്. അതുകൊണ്ടാണ്‌ തെരഞ്ഞെടുപ്പിന്‌ മുൻപ്, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോ എന്ന് ചോദ്യത്തിന്‌ വ്യക്തമായ മറുപടിയായതിരുന്ന ട്രംപിന്‌ മറുപടിയായി, പട്ടാളം അകമ്പടിയോടെ ട്രപിൻ വൈറ്റ് ഹൗസ് വിടേണ്ടി വരുമെന്ന് ബൈഡൻ പറഞ്ഞത്.

തെരഞ്ഞെടുപ്പിന്‌ ശേഷം എതിർ പാർട്ടി അധികാരത്തിൽ വരുന്ന സമയത്ത് അധികാര കൈമാറ്റത്തിനു മുമ്പ് അധികാര ശ്രേണിയിൽ താഴെക്കിടയിലുള്ളവർ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കുക പതിവാണ്‌. ഫോൺ ലൈനുകൾ തകരാറിലാക്കുക, ഫർണിച്ചറുകൾ നശിപ്പിക്കുക തുടങ്ങിയ ചില്ലറ വികൃതികൾ സാധാരണമാണ്‌. എന്നാൽ ഇത്തവണ പ്രസിഡണ്ട് തന്നെ അതിന്‌ നേതൃത്വം നല്കുമെന്ന് പ്രതീക്ഷിക്കാം. “ട്രംപിന്റെ പ്രതികാരം” ഏതു തലം വരെ എത്തുമെന്ന് മാത്രമെ ചിന്തിക്കേണ്ടതുള്ളു.

*

(ജനയുഗം പത്രത്തിൽ പ്രസിദ്ധീകരിച്ചത്)

Monday, September 21, 2020

 

ലേഖനം

ട്രമ്പ് ഭരണത്തിന്റെ ബാക്കിപത്രം

അമ്പഴയ്ക്കാട്ട് ശങ്കരൻ

ഈ വരുന്ന നവമ്പർ 3-ന്‌ അമേരിക്കയിലെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണല്ലോ. രണ്ട് വർഷം മുമ്പെ തന്നെ, ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ജനങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും, മാദ്ധ്യമങ്ങൾ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. വേനലവധി കഴിഞ്ഞ് ശരത്കാലം (autumn) ആഗതമായിരിക്കുന്നു. ജനങ്ങൾ കുറച്ചെങ്കിലും തെരഞ്ഞെടുപ്പിന്റെ വാർത്തകൾ കേൾക്കാനും വിലയിരുത്താനും ശ്രമിച്ച് തുടങ്ങിയെന്നാണ്‌ കരുതേണ്ടത്. ആഴ്ച്ചകളെ ഉള്ളൂ എന്നതും, നേരത്തെയുള്ള വോട്ടിങ്ങു തുടങ്ങാൻ അധികം സമയമില്ലെന്നതും, പ്രസിഡൻഷ്യൽ വാദപ്രതിവാദത്തിന്റ് (debate) തിയ്യതി നിശ്ചയിക്കപ്പെട്ടതും വോട്ടർമാരുടെ രാഷ്ട്രീയ താത്പര്യങ്ങളെ ഉണർത്തിയിട്ടുണ്ട്. 2016-ലെ തെരഞ്ഞെടുപ്പിൽ, അപൂർവം ചിലർ അപകടം മണത്തറിഞ്ഞിരുന്നുവെങ്കിലും, ഹിലരി തോല്ക്കുമെന്ന് കരുതിയിരുന്ന ഒരാളല്ല ഞാൻ. അതുകൊണ്ട് ആര്‌ ജയിക്കുമെന്ന്, പൊതുവെയുള്ള സർവേകൾ ബൈഡന്‌ മുൻതൂക്കം നല്കുന്നുണ്ടെങ്കിലും, പറയാൻ കഴിയില്ല. എന്നാൽ ട്രമ്പിന്റെ തോൽവി ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടതുകൊണ്ട്, അതെന്തുകൊണ്ടെന്ന് പറയാനുള്ള ഒരു ശ്രമമാണ്‌ ഇവിടെ നടത്തുന്നത്.

സമ്പദ്-വ്യവസ്ഥിതിയിലെ പക്ഷപാതിത്വം

അമേരിക്കൻ പ്രസിഡണ്ടിന്‌ അമേരിക്കൻ സമ്പദ് വ്യവസ്ഥിതിയിലും, ഭൂരിപക്ഷം വരുന്ന സാധാരണ പൗരന്റെ നിത്യജീവിതത്തിലും ഉള്ള സ്വാധീനം തുലോം ചെറുതാണെന്ന് കരുതുന്നവരുണ്ട്. അതിനുള്ള കാരണം 65 ശതമാനത്തോളം സമ്പദ് വ്യവസ്ഥ സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്‌ എന്നതാണ്‌. യു എസ് കോൺഗ്രസിന്റെ നിയന്ത്രണവും പ്രസിഡണ്ടും മാറി മാറി വന്നാലും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ വലിയ തോതിലുള്ള മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. ഇന്നത്തെ ദു:രന്തപൂർണ്ണമായ ആഗോള സാഹചര്യത്തിൽ പോലും ഓഹരി വിപണിയിലെ കൊയ്ത്തുകൾ മാത്രം പരിഗണിച്ചാൽ മതി എത്രമാത്രം പക്ഷപാതപരമാണ്‌ സമ്പദ് വ്യവസ്ഥ് എന്ന് മനസ്സിലാക്കാൻ. അമേരിക്കയിലെ ഏകദേശം 52 ശതമാനം കുടുംബങ്ങൾക്കാണ്‌ വിപണിയിൽ ഓഹരിയുള്ളത്. അതിൽ തന്നെ 90 ശതമാനവും 10 ശതാമാനം കുടുംബങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ട്രമ്പ് അധികാരത്തിലേറിയ ഉടനെ തന്നെ ചെയ്തത് സമ്പന്നർക്ക് നികുതി ഇളവ് നല്കുക എന്നതായിരുന്നു. അങ്ങിനെ ചെയ്താലത് സാധാരണക്കാരിലേക്ക് തൊഴിലായി ആഴ്ന്ന് ഇറങ്ങുമത്രെ (Trickle-down economics).

ഒരു ഘട്ടത്തിൽ അത് ശരിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കണക്കുകളിൽ തൊഴിലന്വേഷകരുടെ എണ്ണം ക്രമാതീതമായ കുറഞ്ഞിരുന്നു. തൊഴിൽ സ്ഥിതിവവര കാണക്കുകൾ, 2016-ലെ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടതിൽ, തെറ്റാണെന്നും തൊഴിലില്ലായ്മ 20 മുതൽ 40 ശതമാനം വരെ ആകാമെന്ന് ട്രമ്പ് പറഞ്ഞിരുന്നു എന്നുള്ളത് മറ്റൊരു രസകരമായ കാര്യം. ഒബാമ ഭരണ കൂടത്തിന്റെ കാലത്ത് ക്രമാമായി ഉണ്ടായ വളർച്ചയും ട്രമ്പിന്റെ നികുതിയിളവ് സംരഭകരിൽ ഉണ്ടാക്കിയ ഒരു ഊർജ്ജം ഓഹരി വിപണിയിൽ പ്രതിഫലിച്ചു എന്നുള്ളത് ശരിയാണ്‌. എന്നാലത് രണ്ടും മുന്നും തൊഴിലിടങ്ങളിൽ ജോലിചെയ്ത് നടുവൊടിഞ്ഞ സാധാരണക്കാരുടെ ജീവിത നിലവാരത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കിയില്ല. കൂടാതെ തൊഴിലന്വേഷണം മടുത്ത് അന്വേഷണം തന്നെ ഉപേക്ഷിച്ചവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച വരുന്ന കാഴ്ച്ചയാണ്‌ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഭാഗമായ ആഗോള സമ്പദ് വ്യവസ്ഥിതിയിലെ മാന്ദ്യം സഹാനുഭൂതിയോടെ നേരിടാൻ, ബേണി സാൻഡേഴ്സിന്റെ ഭാഷയിൽ പറഞ്ഞാൽ, രോഗനിദാന നുണയനായ (pathological liar) ട്രമ്പിന്‌ കഴിയുമെന്ന് കരുതുക വയ്യ.

നിലപാടുകളില്ലാത്ത രാഷ്ട്രീയം

ജനപ്രിയ രാഷ്ട്രീയമാണ്‌ (populism) ട്രമ്പിന്റേതെന്ന് മാദ്ധ്യമങ്ങൾ പൊതുവെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നിയതമായ ഒരു രാഷ്ട്രീയ നിലപാട് ട്രമ്പിനില്ല. വലതുപക്ഷ ജനപ്രിയ രാഷ്ട്രീയം തന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഫലപ്രദമായി ഉപയോഗിക്കുവാൻ അദ്ദേഹത്തിന്‌ കഴിഞ്ഞതുകൊണ്ടാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് രക്ഷപ്പെട്ടത്. ഹിലരിയുടെ “പ്രമാണിവർഗ (elite)” ഭൂതകാലവും ഒരു കാരണമായി. എല്ലാ രാഷ്ട്രിയ നേതാക്കൾക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിന്‌ താൻ പണം നല്കാറുണ്ടെന്നും, തന്റെ ഭൂമി-വസ്തു ഇടപാട് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഈ നിഷ്പക്ഷ നിലപാട് സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിമാനപുർവം റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേക്കേറുന്നതിനുമുമ്പ് പറയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൽ പറയുന്നതിൽ ട്രമ്പിന്‌ ഒരു വൈമുഖ്യവുമില്ല. റിപ്പബ്ലിക് പാർട്ടിയുടെ തന്നെ പ്രഖ്യാപിത നിലപാടുകളായ ആഗോള വാണിജ്യം, നാറ്റോവുമായുള്ള (NATO) ബന്ധം, റഷ്യയോടുള്ള വിരോധം തുടങ്ങിയ നിലപാടുകൾ നിരവധി അവസരങ്ങളിൽ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുണ്ട്. ഒരേ സമയം സൈനികരെ പുകുഴ്ത്തുന്നതിനും നിന്ദിക്കുന്നതിനും ഒരു മടിയുമില്ല. ഡെമോക്രാറ്റുകളോടുള്ള വിരോധംകൊണ്ട് മാത്രം ഇതെല്ലാം സഹിക്കുകയാണ്‌ പല റിപ്പബ്ലിക്കൻ നേതാക്കന്മാരും. ട്രമ്പിന്റെ കാബിനറ്റിലും വൈറ്റ് ഹൗസിലും പ്രവർത്തിച്ച പ്രമുഖർ മുതൽ സാധാരണ ഉദ്യോഗസ്ഥർ വരെ ഉള്ളവരുടെ പിന്നീടുള്ള അഭിപ്രായം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും.

നിയമവാഴ്ച്ചയും പൊലീസും പട്ടാളവും

പൊലീസിനേയും, പട്ടാളത്തേയും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുക എന്നത് പൊതുവെ അമേരിക്കൻ രാഷട്രീയ നേതൃത്വത്തിന്റേയും വിശിഷ്യാ ട്രമ്പിന്റേയും പൊതു സ്വഭാവമാണ്‌. സൈനികനെ ബഹുമാനിക്കുക, സൈന്യത്തെ നിയന്ത്രിക്കുക, യുദ്ധത്തെ വെറുക്കുക എന്ന ജനാധിപത്യബോധത്തിന്റെ കാതൽ ട്രമ്പിന്റെ നിഘണ്ടുവിൽ ഇല്ലെന്ന് എല്ലാവർക്കും അറിയാം. 2016-ലെ തെരഞ്ഞെടുപ്പിൽ ട്രമ്പിന്റെ “ട്രമ്പ് കാർഡ്” കുടിയേറ്റവും മതിലും ആയിരുന്നുവെങ്കിൽ ഇത്തവണ നിയമവാഴ്ച്ചയും പൊലീസും ആണ്‌. ചരിത്രപരമായ കാരണങ്ങളാലും വ്യവസ്ഥാപിത ഭരണകൂട ഉപകരണങ്ങളുടെ പക്ഷപാതിത്തത്താലും മർദ്ദനമനുഭവിക്കുന്ന കറുത്ത-ദരിദ്ര വർഗ്ഗക്കാരുടെ അനുഭവങ്ങളോടും സമരങ്ങളോടും ട്രമ്പിന്‌ പുച്ഛമത്രെ! 99 ശതമാനം സമാധാന പ്രതിഷേധ സമരങ്ങളെ, ഒരു ശതമാന ആക്രമസമരത്തിന്റെ അളവുകോലുകൊണ്ട് അളക്കും. ഫാസിസ്റ്റ്-വശീയ പ്രകടനങ്ങളേയും, നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളേയും ഒരേ ത്രാസ്സിൽ തൂക്കിക്കൊണ്ട് ഇരുവശത്തും നല്ലവരുണ്ടെന്ന് പ്രഖ്യാപിക്കും. “ബ്ലാക്ക് ലൈഫ് മാറ്റർ”-നെ “ബ്ലു ലൈഫ് മാറ്റർ” കൊണ്ട് പ്രതിരോധിക്കും. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, അസത്യ-അർദ്ധസത്യങ്ങൾ പ്രചരിപ്പിച്ച്, ജനങ്ങളെ വിഭജിച്ച് അധികാരം നിലനിർത്തുന്നതിന്‌ ഏതറ്റംവരെ പോകുവാൻ മടിയില്ലാത്ത നേതാവാണ്‌ ട്രമ്പെന്ന് ഈ നാലുവർഷത്തെ ഭരണംകൊണ്ട് തെളിഞ്ഞിരിക്കുന്നു.

അധാർമികതയുടെ അപ്പോസ്തലൻ

സമ്പത്തും ധനവും ആണ്‌ ട്രമ്പിന്റെ ദേവനും ദേവിയും. മറ്റൊന്നും ട്രമ്പിന്റെ മുൻപിൽ ഒന്നുമല്ല. ഫെഡറൽ ജഡ്ജിയായ മൂത്തസഹോദരി മേരിയൻ (Maryanne Trump Barry) അടുത്ത കാലത്ത് തനെ സഹോദരനെക്കുറിച്ച് അനവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അതിലൊന്ന് തന്റെ എസ് എ ടി (SAT) പരീക്ഷ മറ്റൊരാളെകൊണ്ട് ട്രമ്പ് എഴുതിച്ചു എന്നതാണ്‌. മറ്റൊന്ന് ട്രമ്പ് തത്വദീക്ഷ തീണ്ടിയിട്ടില്ലാത്തവനും, ചതിയനും, നുണയനും ആണെന്നുള്ളതാണ്‌. ധനാഢ്യനും കർക്കശക്കാരനുമായ ട്രമ്പിന്റെ പിതാവ് പ്രായപൂർത്തിയായ തന്റെ മകന്‌ ഒരു മില്യൻ ഡോളർ ബിസിനസ്സ് തുടങ്ങുന്നതിനായി നല്കിയത്രെ. അവിടന്നങ്ങോട്ട് സ്വാധീനിച്ചും ഭയപ്പെടുത്തിയും, വെട്ടിയും പിടിച്ചും തന്റെ 3 ബില്യൻ (ഇരുപതിനായിരത്തിൽപരം കോടി) ഡോളർ സാമ്രജ്യം പടുത്തുയർത്തി. വംശീയ പക്ഷപാതിത്തമുള്ള ഭൂമി-കെട്ടിടയിടപാടുകൾ നടത്തിയതടക്കം നിരവധി കേസ്സുകൾ അദ്ദേഹത്തിനെതിരായി ഉണ്ടായി. പല സംരംഭങ്ങളും പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. നിയമത്തിന്റെ പഴുതുകൾ സമർത്ഥമായി ഉപയോഗിക്കപ്പെട്ടു. അമേരിക്കൻ സർക്കാരിന്റെ തന്നെ പൊതു-വ്യക്തി താല്പര്യ വൈരുദ്ധ്യ (conflict of interest ) നിയമങ്ങൾ അവഗണിക്കപ്പെട്ടു.

അമേരിക്കയിലെ പ്രസിദ്ധ പത്രമായ ന്യൂയോർക്ക് ടൈംസിന്റെ കോളം എഴുത്തുകാരനും പൊതുവെ യാഥാസ്തികനുമായ ഡേവിഡ് ബ്രൂക്സ് (David Brooks) എഴുതിയ ലേഖനങ്ങളിൽ ട്രമ്പ് എന്ന വ്യക്തിയുടെ അധാർമിക സ്വഭാവവും, ഇന്നത്തെ വൈറ്റ് ഹൗസിന്റെ വൈചിത്ര്യങ്ങളേയും കുറിച്ച് തുറന്നെഴുതുന്നുണ്ട്. കഴിഞ്ഞ നാല്‌ വർഷമായി ട്രമ്പിനെ നിരീക്ഷിക്കുകയും, അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ റെക്കോഡ് ചെയ്യുകയു ചെയ്ത “വാട്ടർ ഗേറ്റ് (Water Gate)” പ്രസിദ്ധൻ ബോബ് വുഡ് വാഡ് ഈ ആഴ്ച പ്രസിദ്ധീകരിഹ്ച റേജ് എന്ന (Rage by Bob Woodward) പുസ്തകത്തിൽ എന്തുകൊണ്ട് ട്രമ്പിനെ ഒരു വട്ടം കൂടി തെരഞ്ഞെടുത്തുകൂടാ എന്ന് വിശദമായി സമർത്ഥിക്കുന്നുണ്ട്.

കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ

ഇന്നത്തെ ലോകസാഹചര്യത്തിൽ രാജ്യാതിർത്തികൾ വേണമെന്ന വാദത്തിന്‌ കുറച്ചെങ്കിലും പ്രസക്തിയുണ്ട്. അത് ലഘിച്ചാൽ മനുഷ്യ ജീവിതം അസ്ഥിരമാകുമെന്ന ഭയം ന്യായീകരിക്കാവുന്നതാണ്‌. മറുവാദമെന്ന രീതിയിൽ ചരക്ക് നീക്കങ്ങൾക്ക് രാജ്യാതിർത്തി നിയന്ത്രണങ്ങൾ പാടില്ലെന്ന് നിഷ്ക്കർഷിക്കുന്ന ലോകകമ്പോളം മനുഷ്യർക്കെന്തിന്‌ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന മറുചോദ്യവുമുണ്ട്. എന്തായാലും രാഷ്ട്രാതിർത്തികൾ ഇല്ലാത്ത ഒരു കാലം വിദൂരഭാവിയിലെങ്കിലും സാക്ഷത്ക്കരിക്കുമെന്ന് പ്രതിക്ഷിക്കാം.

എന്നാൽ കുടിയേറ്റക്കാരെ മനുഷ്യരായെങ്കിലും കാണാൻ എത് രാഷ്ട്ര സമൂഹത്തിനും കഴിയണം. അവർ കുറ്റവാളികളും, സ്ത്രീകളെ ആക്രമിക്കുന്നവരും, തൊഴിൽ മോഷ്ടിക്കുന്നവരും ആണെന്നുള്ള ട്രമ്പിന്റെ നിഗമനങ്ങൾ ആധൂനിക സമൂഹത്തിന്‌ യോജിച്ചതല്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട പ്രദേശങ്ങളിലേക്ക് എല്ലാ കാലത്തും തൊഴിലും നല്ല ജീവിത സാഹചര്യങ്ങളും തേടി മനുഷ്യരുടെ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. അമേരിക്കയും, യൂറോപ്പും ഗൾഫ് മേഖലയും, എന്തിന്‌ പറയുന്നു നമ്മുടെ കൊച്ച് കേരളവും അതിന്‌ മികച്ച ഉദാഹരണങ്ങളാണ്‌. മെക്സിക്കോയിൽനിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കൂലിവേലക്കാർ തൊട്ട് ശാസ്ത്രജ്ഞന്മാർ വരെയുള്ള കുടിയേറ്റക്കാർ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് ട്രമ്പിനറിയില്ലെങ്കിലും ബുദ്ധിയുള്ള റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്കും, വിവരസാങ്കേതിക രംഗമടക്കമുള്ള ബിസിനസ്സ് സമൂഹങ്ങൾക്കുമറിയാം. അമേരിക്കയിലെ പട്ടണ പ്രാന്ത പ്രദേശങ്ങളിലും (suburban) ഗ്രാമങ്ങളിലും ജീവിക്കുന്ന, വെളുത്ത തൊഴിലാളി വർഗ്ഗത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടാൻ കഴിയുമേ എന്ന് ദുഷ്ടലാക്കാണ്‌ ട്രമ്പിന്റെ കുടിയേറ്റ വിരുദ്ധനിലപാടുകളിൽ കാണാൻ കഴിയുക.

സാമൂഹ്യവിഷയങ്ങളും സുപ്രീംകോടതിയും

ഒമ്പത് ജഡ്ജിമാർ കൂടിചേർന്ന അമേരിക്കൻ സുപ്രീം കോടതിയിലെ ലിബറൽ പക്ഷപാതിത്തമുള്ളതും, സ്ത്രീ വിഷയങ്ങളിൽ ഉറച്ചതും സ്തീപക്ഷ നിലപാടുകളും ഉള്ള ജസ്റ്റിസ് റൂത് ബേഡർ ഗിൻസ്ബർഗിന്റെ (Ruth Bader Ginsburg) നിര്യാണം തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതൽ കലുഷമാക്കുമെന്ന് ഉറപ്പാണ്‌. ഒബാമയുടെ കാലത്ത് തെരഞ്ഞെടുപ്പിന്‌ ഒരു വർഷം ഉള്ളപ്പോൾ ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞെ ജഡ്ജിമാരെ നിയമിക്കാൻ പാടുള്ളൂ എന്ന് നിഷ്ക്കർഷിച്ച റിപ്പബ്ലിക്ക് നേതാക്കൾ തെരഞ്ഞെടുപ്പിന്‌ ആഴ്ച്ചകൾ മാത്രമുള്ളപ്പോൾ പുതിയൊരാളെ നിയമിക്കാനുള്ള തത്രപ്പാടിലാണ്‌. സ്ത്രീയുടെ വിവേചനാധികാരമായ ഗർഭഛിദ്രം (pro-choice), വിവേകപൂർണ്ണമായ ആയുധനിയന്ത്രണം (gun control) തുടങ്ങി ഗർഭാധാന പ്രതിരോധനം (contraception) വരെയുള്ള നിരവധി സാമൂഹ്യവിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിൽ യു എസ് സുപ്രീ കോടതിയിലെ ജസ്റ്റിസ്സുമാരുടെ രാഷ്ട്രീയ പക്ഷപാതിത്തം നിർണ്ണായകമാണ്‌. 2000-ത്തിലെ തെരഞ്ഞെടുപ്പിൽ ഗോർ-ബുഷ് മത്സരത്തിന്റെ അവസാനം സുപ്രീം കോടതി ഇടപ്പെട്ട് തീർപ്പ് കല്പിച്ചതുപോലെ ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി ഇടപടേണ്ടി വന്നാൽ അതിന്റെ സമ്മിശ്രണം (combination) വിധിയേയും ഫലത്തേയും പ്രതീക്ഷിക്കാൻ കഴിയാത്ത വിധം സ്വാധീനിക്കും.

മഹാമാരി കാലത്തെ ഭരണകൂടം

ഭരണകൂടവും സർക്കാരും ഒന്നാണെന്ന് ചിലർ ധരിക്കാറുണ്ടെങ്കിലും അത് ശരിയല്ല. വ്യവസ്ഥിതിയെ നിലനിർത്തുന്നതാണ്‌ ഭരണകൂടം. സർക്കാർ അതിന്റെ ഭാഗമാണെങ്കിലും, സൈന്യം, പോലിസ്, നീതിന്യായ വ്യവസ്ഥ, നീതിനിർവഹണ വിഭാഗം, നിയമനിർമ്മാണ സഭകൾ, ഭരണനിർവ്വഹണവിഭാഗങ്ങൾ തുടങ്ങിയവയും ഭരണകൂടത്തിന്റെ ഭാഗമാണ്‌. സർക്കാരുകൾ മാറി മാറി വരും. സർക്കാരിന്‌ ഭരണകൂടത്തിലുള്ള സ്വാധീനം പലപ്പോഴും നിർണ്ണായകമാകണമെന്നില്ല. ഭരണകൂടത്തിന്റെ മാറ്റം സംഭവിക്കുന്നത് ദീർഘകാലത്തെ സമരങ്ങളിലൂടേയും ചിലപ്പോൾ രക്തരഹിത-രകതരൂഷിത വിപ്ലവങ്ങളിലൂടെയും ആയിരിക്കും. ഇത്രയും പറഞ്ഞത് സമ്പത്തിലും, ശാസ്ത്ര-സാങ്കേതിക വിദ്യയിലും, വിവരസാങ്കേതിക വിദ്യയിലും പുരോഗതി കൈവരിച്ച അമേരിക്കയും, ചില യൂറോപ്യൻ രാജ്യങ്ങളും എങ്ങിനെ കോവിഡിനെ പ്രതിരോധിക്കുന്നതിൽ പിറകിലായി എന്ന് അന്വേഷിക്കുന്നതിനാണ്‌.

വ്യക്തിസ്വാതന്ത്ര്യം അമേരിക്കയിൽ ശക്തമാണെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. അത് കുറച്ചൊക്കെ ശരിയാണുതാനും. പക്ഷെ വ്യക്തിസ്വാതന്ത്ര്യം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ രാഷ്ട്രീയ-ജനാധിപത്യ സ്വാതന്ത്ര്യം മാത്രം പോരാ, സാമ്പത്തിക-സാമുഹിക സ്വാതന്ത്ര്യവും വേണം. ജനങ്ങൾക്ക് വിദ്യാഭ്യാസവും, തൊഴിലും, ആരോഗ്യവും, പാർപ്പിടവും വേണം. ധനാർത്തിയുടെ കമ്പോള മത്സരം കൊണ്ട് ഇതെല്ലാം ആർജ്ജിക്കാനാവില്ല. ഇതെല്ലാം ആർജ്ജിക്കുന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ ലക്ഷ്യവുമല്ല. അതുകൊണ്ടാണ്‌ കോവിഡിന്റെ ആഘാതത്തിൽ അറുപത് കഴിഞ്ഞവർ മരിക്കുമ്പോൾ അത് സോഷ്യൽ സെക്യൂരിറ്റി ചെക്കുകളുടെ എണ്ണം കുറക്കുമല്ലോ എന്ന ചിന്ത വരുന്നത്. “ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല (it is what it is)” എന്ന് ട്രമ്പിന്‌ പറയാൻ തോന്നുന്നത്. രണ്ട് ലക്ഷം പേരുടെ ജീവൻ കോവിഡ് കവർന്നിട്ടും തിരക്ക് (urgency) തോന്നാത്തത്. ഇലക്ഷന്‌ മുമ്പ് മരുന്ന് ഉണ്ടാവും എന്ന് സംശയലേശമന്യേ നുണ പറയുന്നത്.

ഈ വർഷത്തിന്റെ ആദ്യമാസങ്ങളിൽ തന്നെ കോവിഡ് മൂലം ഉണ്ടാകാവുന്ന ദു:രന്തങ്ങളുടെ ആഴം ഉത്തരവാദപ്പെട്ടവർ ട്രമ്പിനെ ധരിപ്പിച്ചിരുന്നു. എന്നിട്ടും സംസ്ഥാനങ്ങളേയും, പ്രാദേശിക ഭരണകർത്താക്കളേയും എകോപിപ്പിച്ച് ഒരു നയം രൂപപ്പെടുത്തുന്നതിനോ, അവരെ സജ്ജമാക്കുന്നതിനോ നേതൃത്വപരമായ ഒരു നടപടിയും ട്രമ്പ് കൈകൊണ്ടില്ല. ശാസ്ത്രീയ വീക്ഷണത്തിന്റെ അഭാവം സിഡിസിയിലെ (Centers for Disease Control and Prevention) ശസ്ത്രജ്ഞന്മാരുമയി ഉടക്കുന്നതുവരെ കാര്യങ്ങളെ ട്രമ്പ് കൊണ്ടുചെന്നെത്തിച്ചു. ഡോക്ടർന്മാരുടെ നിർദ്ദേശങ്ങളെ, സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഒറ്റ കാരണത്താൽ അവഗണിച്ചു. ഒരു ഭരണ കർത്താവെന്ന നിലയിൽ ട്രമ്പിന്റെ സമ്പൂർണ്ണ പരാജയം കോവിഡിന്റെ കാര്യത്തിലെങ്കിലും അമേരിക്കൻ ജനത അനുഭവിച്ചറിഞ്ഞു. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്‌.

“ട്രമ്പ് പുരാണം” പൂർണ്ണമാക്കാൻ ഒരു ലേഖനമോ, ഒരു പുസ്തകം തന്നെയോ മതിയാകുമെന്ന് തോന്നുന്നില്ല. പരിസ്ഥിതി സംരക്ഷണം മുതൽ ആഗോളതാപനം വരെയുള്ള വിഷയങ്ങളിൽ ട്രമ്പിന്റെ നിലപാടുകൾ ശാസ്ത്ര വിരുദ്ധമാണ്‌. റിപ്പബ്ലിക്കൻ പാർട്ടിയിലെ വ്യക്തികളെയടക്കം അപമാനിക്കുന്നതിൽ ട്രമ്പിന്‌ ഒരു കൂസ്സലുമില്ല. സുജനമര്യാദ ലവലേശം തൊട്ടുതീണ്ടിയിട്ടില്ല. സ്ത്രീ വിരുദ്ധ നിലപടുകളും അവരോടുള്ള പെരുമാറ്റവും കുപ്രസിദ്ധമാണ്‌. ഇങ്ങിനെയുള്ള ഒരാൾ പ്രസിഡണ്ടയി തുടരാൻ അനുവദിക്കണമോ എന്നുള്ളത് അമേരിക്കൻ ജനതയുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി ഈ തെരഞ്ഞെടുപ്പിൽ വന്നിരിക്കുന്നു. ഈ മഹാമാരി കാലത്തെങ്കിലും ഭൂരിപക്ഷം ജനങ്ങൾക്കും സംഗതിയുടെ ഗൗരവം ബോദ്ധ്യപ്പെടുമെന്ന് പ്രത്യാശിക്കാം.

*

(ജനയുഗം പത്രത്തിൽ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്)

Saturday, May 30, 2020


നവരസങ്ങളുടെ പ്രകൃതിയനുഭവം

അമ്പഴക്കാട്ട് ശങ്കരൻ

നവരസങ്ങൾ എന്തെന്ന് അറിഞ്ഞുകൂടാത്ത മലയാളികൾ വിരളമാവും. ക്ലാസ്സിക് കലകളായ കഥകളി, കൂടിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥക് തുടങ്ങിയ നൃത്ത-നാട്യ രൂപങ്ങളിലെ അനിവാര്യ ഘടകമാണത്. നിത്യജീവിതത്തിൽ മനുഷ്യമുഖത്തിലൂറുന്ന ഭാവങ്ങൾ അതിലൊന്നാവാതെ തരമില്ല. പ്രപഞ്ചത്തിന്റേയും പ്രകൃതിയുടേയും നിഗൂഢവും, പ്രവചിക്കാനാവത്തുതുമായ പ്രതിഭാസങ്ങൾ നവരസത്തനിമയുടെ കണ്ണടയിലൂടെ വീക്ഷിച്ചാൽ എങ്ങിനെയിരിക്കും എന്ന ഒരു അന്വേഷണമാണ്‌ ഇവിടെ നടത്തുന്നത്.

ശൃംഗാരം

അനുരാഗവും രതിയുമാണ്‌ ശൃംഗാരത്തിന്റെ സ്ഥായിഭാവം. കടലും, കരയും, നദിയും, തീരവും പ്രകൃതിയിൽ പ്രണയത്തിന്റ്  മൂർത്തിമത്‌ഭാവങ്ങളാണ്‌. പർവതശൃംഗങ്ങളിൽനിന്നും കളകളം ശബ്ദം വിതറി കാറ്റിനോട് കുസൃതി ചൊല്ലി പ്രഭാത സൂര്യകിരണങ്ങളേറ്റ് ഒഴുകുന്ന നദിയുടെ ശോഭ ഒന്ന് വേറെ തന്നെയാണ്‌. കാന്തിയൂറുന്ന നദിയുടെ അഴക് സ്വപ്നത്തിലെന്ന പോലെ നിർന്നിമേഷം കടൽ നോക്കി നില്ക്കുന്നു. നദിയുടെ  ദീപ്തിയേറും മുഖം, മാധുര്യം നുണയും വാക്കുകൾ സധൈര്യം പ്രാഗല്ഭ്യത്തോടെ കടൽ ആസ്വദിക്കുകയാണ്‌. നദിയുടെ ഔദാര്യം കടലിനെ കൂടുതൽ ആവേശഭരിതമാക്കുന്നു. മലയിടുക്കും, പാറക്കെട്ടുകളും താണ്ടി ഗർത്തങ്ങളിൽ ആഞ്ഞ്പതിച്ച് വെള്ളചാട്ടങ്ങളിൽ മഴവിൽ വിരിച്ച് അതങ്ങിനെ ഒഴുകുകയാണ്‌. പ്രണയാതുരത്തോടെ കടൽ, സംഗമത്തിനു വേണ്ടി ക്ഷമയോടെ കാത്ത് നിൽക്കുന്നു. മദാനുരാഗഹർഷവായ്പോടെ വിഭ്രമം വരും വിധ ഉള്ള ലീലാവിലാസങ്ങൾ ഔന്നത്യം നേടുന്നു. ഒടുവിൽ ഭാവ ഹാവ ഹേലങ്ങളോടേ നദി കടലിൽ ലയിച്ച് കായലിന്റെ ശാന്തത കൈവരിക്കുന്നു.

കരുണം

കടുത്ത വേനൽ ചൂടിൽ വരണ്ട് വിണ്ട് ഭൂമി ശോകത്തിലമർന്നിരിക്കുന്നു. വിണ്ട്കീറിയ പാദങ്ങളും പുണ്ണ്‌ പിടിച്ച വിരലുകളുമായി കർഷകൻ കൈകൾ കൊണ്ട് കൺ മറച്ച് ആകാശത്തിലേക്ക് ദയനീയമായി നോക്കി. വാനിൽ ഒറ്റ മേഘങ്ങളുമില്ല. കാരുണ്യം വറ്റിയ പ്രപഞ്ചത്തിന്റെ ശക്തിയെ പഴിക്കാൻ ശക്തിയില്ലാതെ എല്ലുന്തിയ കുഞ്ഞുങ്ങളെ ഓർത്ത് അവൻ കണ്ണീരൊഴുക്കി. വേനൽ വറുതിയിൽ കാലിയായ പത്താഴം എലികളും ക്ഷുദ്രജീവികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രതീക്ഷയസ്തമിച്ച് ഗദ്ഗദത്തോടെ തന്റെ നിഴൽ നോക്കി അയാൾ നടക്കാൻ തുടങ്ങി. ഉരൂണ്ടുകൂടിയ കറുത്ത മേഘങ്ങളെ അയാൾ കണ്ടില്ല. കാറ്റ് കൊണ്ട് വന്ന കനിവിന്റെ ആരവത്തിനെ ശ്രദ്ധിക്കാൻ അയാൾക്ക് തോന്നിയില്ല. തിരക്കിട്ട് വന്ന ഇടിയും മിന്നലും അയാളുടെ നെടുവിർപ്പുകളെ ഉലച്ചു. ഒരു കുടം തുള്ളിയായി കാരുണ്യവർഷം കണ്ണീരായി ഭൂമിയിൽ പതിച്ചു.

വീരം

പാറ കൂട്ടങ്ങളും വനങ്ങളും വന്യ മൃഗങ്ങളും നിറഞ്ഞ പർവതങ്ങൾ ഉത്സാഹതിമിർപ്പോടെ തലയുയർത്തി നിന്നു. പരാക്രമിയായി കൊടുങ്കാറ്റിനെ പ്രഭാവത്തോടെ തടഞ്ഞ് നിർത്തി. തീഷ്ണ നോട്ടത്തോടെ ഗർവ് നിറഞ്ഞ ഉഗ്രജീവികളെ മെരുക്കിയെടുത്തു. പീഡിതജീവികളെ വിനയപൂർവം സംരക്ഷിച്ചു. കരളുറപ്പിന്റെ പര്യായമായ ഗിരിശൃംഗങ്ങളിൽ കൊടിയടയാളമായ ചന്ദ്രക്കലയുടെ അർദ്ധപ്രകാശം താഴ്വാരങ്ങളെ വിനയാന്വിതമാക്കി. കർണ്ണന്റെ കൂസലില്ലായ്മയും, അർജുനന്റെ പ്രതാപവും, ഭീമന്റെ ശക്തിയും, ദു;ര്യോധനന്റെ ഗർവ്വും മലയിടുക്കുകളെ പ്രകമ്പനം കൊള്ളിച്ചു. മേഘങ്ങൾ മാലാഖമാരായി കുലപർവതങ്ങൾക്ക് ചുറ്റും നൃത്തം ചിവിട്ടി.

രൗദ്രം

ഏഴു കടലുകളും ഏഴു രൗദ്രഭീമന്മാരാണ്‌. വായുവിനോടൊപ്പം ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ജീവനായി വർത്തിക്കുന്ന ജലത്തിന്റെ കലവറ. സ്നേഹിച്ചാൽ അവൻ പ്രിയതമക്ക് സൗഗന്ധികം സമ്മാനിക്കും. ക്രോധാവേശത്തിൽ ദു:ശ്ശാസനന്റെ മാറിടം പിളർക്കും. ഉദയാസ്തമനത്തിന്റെ ചാരുത മഴവില്ലായി ആകാശത്തിൽ പരക്കും. ആർത്തട്ടഹസിക്കുന്ന ദുര്യോധനനായി തിരമാലകൾകൊണ്ട് പർവതങ്ങൾ സൃഷ്ടിച്ച് ഗർവ്വും അമർഷവും അമ്മാനമാടും. സായന്തനങ്ങളിൽ ജലകന്യകകളെ സ്നേഹവായ്പോടെ തലോടും. യാമങ്ങളിൽ ചുഴികൾ തീർത്ത് പാതാളത്തിലേക്ക് ചുഴറ്റിയെറിയും. ചില നേരങ്ങളിൽ ശാന്തമായുറങ്ങും. മറ്റു സമയങ്ങളിൽ ഇടിമുഴക്കമായി ഉഗ്രതപൂണ്ട് കൂസ്സലില്ലാതെ ഉയർന്നുപൊങ്ങുന്ന തിരമാലകൾ തീർക്കും.  രൗദ്രം കാരുണ്യത്തിന്റെ വിപരീതമല്ല പര്യായമാണെന്ന് പ്രപഞ്ചമറിയും.

ഹാസ്യം

വാനരിൽ നിന്നും നരനിലേക്ക് ഏറെ ദൂരമില്ല. പക്ഷെ വാനരർ മനുഷ്യ വംശത്തിന്‌ ഹാസ്യത്തിന്റെ സ്ഥായിഭാവമായ ഹാസം സമ്മാനിച്ചതിന്‌ വലിയ തെളിവുകളും പങ്കുമുണ്ട്. പഴം എറിഞ്ഞ് കൊടുക്കുന്ന കുട്ടികൾക്ക് പഴം തിന്ന് തൊലി തിരിച്ചെറിഞ്ഞ്
അവ ചിരിക്കുടുക്കകൾക്കളിൽ സ്മിതം ഉണർത്തുന്നു. മരച്ചില്ലക്കളിൽ തൂങ്ങിനിന്ന് ഉഞ്ഞാലാടി, ഒരു കൊമ്പിൽനിന്ന് മറ്റൊന്നിലേക്ക് ചാടി, കാട്ടിയത് തിരിച്ച് കാട്ടി, ഒളിച്ച് കളിച്ച് ഹസിതത്തിന്റെ തിരമാല തീർക്കുന്നു. ആലസ്യ-നിദ്രാ ഭാവങ്ങൾ അഭിനയിച്ച് കുട്ടികളിൽ അസൂയ ജനിപ്പിക്കുന്നു. അപഹസിത ചേഷ്ടകൾ കാട്ടി നാനതരം ജനങ്ങളെ അതിഹസിതവാനത്തിലേക്ക് ഉയർത്തി ഹാസ്യസമ്രാട്ടായി പരിലസിക്കുന്നു.

ഭയാനകം

കഞ്ഞി കർക്കിടകം. താളും ചേമ്പും കാട്ടുകിഴങ്ങുകളും മാത്രം കറിവെക്കൻ കിട്ടുന്ന കാലം. മുത്തശ്ശി കഥകളിൽ മാത്രമെ ഇന്നുള്ളവർക്ക് 99-ലെ (കൊല്ലവർഷം 1099 കർക്കിടകമാസം) ഭയാനക വെള്ളപ്പൊക്കത്തെ കുറിച്ച് കേട്ടറിവുള്ളു. കേട്ടറിവുകൾ കഥ കേൾക്കുമ്പോലെ രസിച്ചിരിക്കാം.  93-ലെ (കൊല്ലവർഷം 1193 കർക്കിടകമാസം) വെള്ളപ്പൊക്കം ഇന്നത്തെ തലമുറ അനുഭവിച്ച് അറിഞ്ഞതാണ്‌. ഭയാനകത്തിന്റെ സ്ഥായിഭാവം ആത്മഭയമാണ്‌. നട്ടപ്പാതിരക്ക് എന്തോ ശങ്ക മനസ്സിൽ തോന്നി എമർജൻസി ലാറ്റെടുത്ത് അയാൾ കിടപ്പുമുറിയിൽ ജനൽതുറന്ന് പുറത്തേക്ക് നോക്കി. മുറ്റത്തും തൊടിയിലും ജലമുയരുന്നു. ഭാര്യവിളിച്ച് കാണിച്ചപ്പോൾ അവൾ “അയ്യോ നമ്മുടെ പശു എന്നലറി. വതിൽ തുറന്ന് നോക്കിയപ്പോൾ മുറ്റമാകെ വെള്ളം. അയലക്കാർ അഴിച്ച് വിട്ട കാലികൾക്കൊപ്പം അവളും  ദൈന്യതയോടെ റോഡിലും പറമ്പിലും അലയുന്നു. ഒഴുക്കിന്റെ ആവേഗം കൂടിക്കൂടി വരുന്നു. പ്രായമായ അച്ഛനേയും ഭാര്യയേയും കുട്ടികളേയും പുരപ്പുറത്ത് അയാൾ കയറ്റിയിരുത്തി. ഭാര്യയുടെ അലറികരച്ചിൽ നിയന്ത്രിക്കാൻ അയാൾ പാടുപെട്ടു. സ്വന്തം ഹൃദയമിടിപ്പ് കുടിക്കൂടി വരുന്നത് അയാൾ കേട്ടു. കുട്ടികളുടെ ചപലത അയാളുടെ ഹൃദയമറിഞ്ഞു. ഇരുട്ടിൽ തെങ്ങിൽ തലകളും കുത്തിയൊലിക്കുന്ന ജലവും മാത്രം. ഭക്ഷണത്തിന്‌ കരിക്കിൻ വെള്ളവും നാളികേരവും മാത്രം. നാലാം നാൾ അച്ഛന്റെ തണുത്തു മരവിച്ച ജഡവുമായി അയാൾ മുറ്റത്തിറങ്ങി. അതുവരെ കരയാതിരുന്ന അയാൾ അലറിക്കരഞ്ഞു. കേരളത്തിലെ ഭൂരിഭാഗം കുടുംബത്തിനും ഇതുപോലൊരു ഭയാനക അനുഭവം പറയനുണ്ടാകും. വിശ്വപ്രകൃതി വിശ്വരൂപം കാട്ടിയ അനുഭവം.

ബീഭത്സം

ലോക ചരിത്രത്തിൽ മഹാവ്യാധികളുടെ ചരിത്രവും അതിനെ തുടർന്നുണ്ടായ മരണവും എടുത്താൽ ഏറ്റവും ബീഭത്സമായത് സ്പാനിഷ് ഫ്ലു എന്നറിയപ്പെടുന്ന 1918-20 കാലത്ത് പകർച്ചപ്പനിയാണ്‌. 5 കോടിയോളം വരുന്ന ജനത അതിന്റെ ഫലമായി മരണപ്പെട്ടുവെന്നാണ്‌ കണക്കാക്കുന്നത്. വസൂരിയും (smallpox), പൊങ്ങൻ പനിയും (chickenpx), എയ്ഡ്സും (HIV Positive) ഒമ്ന്നു അത്രത്തോളം വരികയില്ല. ഭീതിജനകവും ജുഗുപ്സാവഹവുമായ മഹാവ്യാധികളാണിവയെല്ലാം. വിശ്വാസികൾക്ക് കോപത്തോടെ ദൈവമെറിയുന്ന വിഷ വിത്തുക്കളാണവ. ഈ കോറോണ കാലത്ത് ഭീതിജനകമായ ഭൂതകാലത്തേക്ക് ഒന്ന് കണ്ണോടിച്ചിവെന്ന് മാത്രം. കോവിഡ്-19 ഏറെ പിടിച്ചുലക്കിയ നഗരമാണ്‌ ന്യുയോർക്ക്. സംസ്ക്കരിക്കാനാവതെ വലിയ ട്രക്കുകളിൽ കൂട്ടിയിട്ട ശവക്കുമ്പാരങ്ങൾ വേദനാജനകവും കരളലിയിക്കുന്നതുമാണ്‌. ജനങ്ങളിൽ അപസ്മാരം, ഉദ്വേഗം, മോഹം, മരണം എന്നീ ബീഭത്സഭാവങ്ങൾ ഉണ്ടാക്കുന്ന ഈ മഹാവ്യാധികൾ ഒരിക്കലും ഈ ഭൂമുഖത്ത് ഉണ്ടാവതിരിക്കാൻ ആഗ്രഹിക്കുക മാത്രമെ നിവർത്തിയുള്ളു.

അത്ഭുതം

പ്രകൃതിദത്തമായ മഹാത്ഭുതങ്ങൾ എല്ലാവർക്കും രോമാഞ്ചജനകമാണ്‌. ഹിമാലയവും, ഗ്രാന്റ് കാനിയനും, നയാഗ്ര-വിക്ടോറിയ വെള്ളച്ചാട്ടങ്ങളും, കടൽത്തീരങ്ങളുമെല്ലാം ഉന്മാദമുണ്ടാക്കുന്ന കാഴ്ച്ചകളാണ്‌. തിരമാലകളുടെ ആവേഗം, മഹാഗർത്തങ്ങൾ ഉണ്ടാക്കുന്ന സംഭ്രമം, ചക്രവാളം ഉണ്ടാക്കുന്ന പ്രഹർഷം, ഗിരിശൃംഗങ്ങൾ ഉണ്ടാക്കുന്ന ചപലത മുതലായവ അത്ഭുതത്തിന്റെ സഞ്ചാരിഭാവങ്ങളാണ്‌. അത്ഭുതം ചിലപ്പോൾ ജഡവാസ്ഥ സമ്മാനിക്കുന്നത് നമുക്കെല്ലാം അനുഭവമുള്ളതാണ്‌. പ്രകൃതിയിലെ അത്ഭുതക്കാഴ്ച്ചകൾ കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും വിസ്മയവും ദിവ്യദർശനത്തിന്റെ അനുഭൂതിയും പ്രാപ്യമാക്കുന്നു.

ശാന്തം

അഷ്ടരസങ്ങളാണത്രെ പണ്ട് ഉണ്ടായിരുന്നത്. ശാന്തം പിന്നീട് കൂട്ടിചേർക്കപ്പെട്ടതത്രെ! എല്ലാ ഇന്ദ്രിയങ്ങളേയും അടക്കം ചെയ്യാൻ കഴിയുമ്പോഴാണ്‌ ശാന്തത കൈവരുന്നത്. ലോകാവസാനത്തിൽ ശിശുവായി മഹാവിഷ്ണു വിശാലമയ ജലപരപ്പിൽ  ആലിലയിൽ ശാന്തമായി കൈവിരലുകൾ കുടിച്ച് കിടക്കുന്ന അതിമനോഹരമായ ഒരു സങ്കല്പചിത്രമുണ്ട്. തത്ത്വജ്ഞാനമാണ്‌ ശാന്തത്തിന്റെ സ്ഥായിഭാവം. നിർവ്വേദം അഥവ വിരക്തിയാണതിന്റെ സഞ്ചാരി ഭാവം. പർവതനിരകളും, കാടുകളും, ഗുഹകളും ഏകാഗ്രതക്ക് ഉതുകുന്ന മോക്ഷദായക പ്രദേശങ്ങളാണ്‌.   മഹാഭാരത യുദ്ധത്തിനുശേഷം ധർമ്മപുത്രരുടെ മഹാപ്രസ്ഥാനം ശാന്തി തേടിയുള്ളതാണ്‌. ശാന്തി തേടിയുള്ള മനുഷ്യകുലത്തിന്റെ യാത്രകൾ പലപ്പോഴും അവനിൽ അന്തർലീനമായ ദയയേയും, ഭക്തിയേയും, സ്തുതിയേയും ഉദ്ദീപിപ്പിക്കുന്നു. രാഗദ്വേഷങ്ങളില്ലാത്ത ‘ശാന്ത’-ത്തെ ഉൾപ്പെടുത്തി രസങ്ങൾ ‘നവമായിത്തിർത്തവർക്ക് പ്രണാമം.

നവരസചിന്തകൾ ഇവിടെ അവസാനിപ്പിക്കുകയാണ്‌. പ്രപഞ്ചവും ഭൂമിപ്രകൃതിയും മനുഷ്യകുലത്തിനായി നവരസഭാവങ്ങൾ അനുസ്യൂതം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയിലേക്ക് എപ്പോഴും കണ്ണും നട്ടിരിക്കുക, ഓരോ ചലങ്ങളും സൂക്ഷമതയോടെ പഠിക്കുക,  അതിനെ സ്നേഹിക്കുക, അതിനെ വേദനിപ്പിക്കാതിരിക്കാൻ കഴിയുവാന്നത്ര ശ്രമിക്കുക, അതിന്റെ ആന്തരിക ശക്തിയെ പ്രണമിക്കുക വഴി സ്വയം മനുഷ്യനായി തീരുക എന്നിവയാകട്ടെ ഈ വ്യാധി കലത്തിനുശേഷവും നമ്മുടെയെല്ലാം  ലക്ഷ്യവും പരിശ്രമവും.

വാൽക്കഷ്ണം

കോവിഡാനന്തരകലം. നവജാതശിശുവുമായി അമ്മ ഡോക്ടറൂടെ മുറിയിലെത്തി. എല്ലാ പരിശോധനയും കഴിഞ്ഞ് ഡോക്ടർ പറഞ്ഞു. ഒരു ഇഞ്ചക്ഷനും കൂടി എടുക്കാനുണ്ട്, കോവിഡിന്റെ. കുഞ്ഞ് അലറി കരയുമെന്നറിയാം. എന്നാലും ആ അമ്മയുടെ മുഖത്ത് ശാന്തത തെളിഞ്ഞു. മുറിയിൽനിന്നും പുറത്തേക്ക് പോകുന്ന ഡോക്ടർക്ക് അമ്മ നന്ദി പറഞ്ഞു. കുട്ടി ജീവിതത്തിൽ നേരിടാനിരിക്കുന്ന നവരസങ്ങളുടെ പ്രകൃതിയനുഭവത്തെക്കുറിച്ച് ആ അമ്മ ഓർത്തതേയില്ല.

*****