Sunday, December 5, 2010

അമേരിക്കൻ വിശേഷങ്ങൾ - 14

എ എം എസ്‌

വിക്കിലീക്സും ഇരട്ടത്താപ്പും

Julian Assange


അടുത്തക്കാലത്ത് ലോകമാദ്ധ്യമങ്ങളിൽ ഏറ്റവും കുടുതൽ വാർത്താപ്രാധാന്യം ലഭിച്ച വിഷയമാണ്‌ വിക്കിലീക്സിന്റെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള നയന്ത്ര ദൂതുകളുടെ (diplomatic cables) വെളിപ്പെടുത്തൽ. അതിന്റെ വിശദാംശങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്‌. എന്നാൽ പശ്ചാത്യരാജ്യങ്ങൾ, വിശേഷിച്ച് അമേരിക്ക എടുത്ത നിലപാടിന്റെ ഇരട്ടത്താപ്പ് കാണാതെ വയ്യ. കഴിഞ്ഞ മാസം വരെ വിക്കിലീക്സ് പോലെയുള്ള ഇന്റർനെറ്റ് മാധ്യമങ്ങൾ മനുഷ്യാവകാശലംഘനങ്ങളെ തുറന്നുകാട്ടുന്ന രാജ്യസ്നേഹികളായിരുന്നു. പശ്ചാത്യഭരണകൂടങ്ങൾക്ക്. ചൈന, റഷ്യ, ഇറാൻ, വടക്കൻ കൊറിയ, സിംബാവെ, ക്യുബ, വെനിസുല, ചില മധ്യപുർവേഷ്യൻ രാജ്യങ്ങൾ എന്നിവയെക്കുറിച്ചു വന്ന വാർത്തകൾ ഇവർക്ക് ഇന്റർനെറ്റ് യുഗത്തിലെ ആധൂനിക വിവരസാങ്കേതികവിദ്യയുടെ, മനുഷ്യാവകാശത്തിന്റെ മധുരക്കനികളയിരുന്നു. ഒരു മാസം മുമ്പ് വരെ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ഹിലരിയടക്കം പലരും ഇത്തരം മാദ്ധ്യമങ്ങളെ പാടിപുകഴ്ത്തിയതുമാണ്‌. ഇപ്പോൾ അത് തങ്ങളുടെ നേരെ തന്നെ തിരിഞ്ഞുകുത്തിയപ്പോൾ ജൂലിയൻ അസ്സാജ് (Julian Assange) അടക്കമുള്ളവർ രാജ്യദ്രോഹികളായി മാറി. മറ്റെല്ലാമാദ്ധ്യമങ്ങളേയും പോലെ ഇന്റർനെറ്റും ഇന്ന് സ്വാധീനവും പക്വതയുമുള്ള ഒരു മാദ്ധ്യമമാണ്‌. അതുകൊണ്ട് അതിനെ തകർക്കാൻ നോക്കാതെ, തങ്ങളുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ, അതിനെ നേരാംവണ്ണം പ്രതിരോധിക്കുകയാണ്‌ വേണ്ടത്.

നികുതിവിഷയത്തിൽ ഒബാമ കീഴടങ്ങുന്നു

നവംബറിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയം ഒബാമയേയും ഡെമോക്രാറ്റുകളേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്‌. വൈമനസ്യത്തോടെയാണെങ്കിലും, ജൂനിയർ ബുഷിന്റെ ആദ്യനാളുകളിൽ അംഗീകരിച്ച നികുതിയിളവുകൾ, പ്രത്യേകിച്ചും സമ്പന്നരുടെ നികുതിയിളവുകൾ നിലനിർത്തണമെന്ന റിപ്പബ്ലിക്കൻ ശാഠ്യത്തിന്‌ ഒബാമ വഴങ്ങിയിരിക്കുന്നു. ഇടതുപക്ഷ ചായ്‌`വുള്ള ഡെമോക്രാറ്റുകളെ അത്‌ രോഷാകുലരാക്കുകയും ചെയ്തിരിക്കുന്നു. ഇടത്‌ എന്ന്‌ പറയുമ്പോൾ, ഇന്ത്യയിലേയോ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേയോ, ഇടതുപാർട്ടികളുമായോ, എന്തിന്‌ യുറോപ്യൻ ഇടതുപക്ഷ പാർട്ടികളുമായോ പോലും താരത്മ്യം ചെയ്യാൻ കഴിയുകയില്ല. നിലവിലുള്ള മുതലാളിത്തവ്യവസ്ഥിതിയിൽ (Capitalism) നിന്നുകൊണ്ടുതന്നെ എല്ലാ അമേരിക്കർക്കാക്കും നീതിപൂർവമായ ഒരു വ്യവസ്ഥ ഉണ്ടാക്കാൻ കഴിയുമെന്ന്‌ വിശ്വസിക്കുന്ന നവ ലിബറൽ ആശയക്കാരണിവർ. അഞ്ചു ശതമാനത്തിൽ കുറവ്‌ മാത്രം സ്വാധീനമുള്ള സോഷ്യലിസ്റ്റുകാരേയും കമ്മ്യൂണിസ്റ്റുകാരേയും, വലതുപക്ഷവും മാദ്ധ്യമങ്ങളും ഇടതുതീവ്രവാദികളെന്നും, അരാജകവാദികളെന്നും മറ്റുമാണ്‌ വിളിക്കുക. കാലിഫോർണിയായിലും, കണക്റ്റികട്ടിലും, വെർമോണ്ടിലുമാണ്‌ ഈ “ഇടതു തീവ്രവാദികൾക്ക്‌” സ്വാധീനമുള്ളത്‌. വെർമോണ്ടിൽ നിന്നും ജയിച്ച ബേണി സാൻഡേഴ്സ് ({Bernie Sanders}) ആണ്‌ യു എസ് സെനറ്റിലുള്ള ഒരേയൊരു സോഷ്യലിസ്റ്റ് സെനറ്റർ.

Bernie Sanders
നികുതിവിഷയത്തിൽ രണ്ട് മുഖ്യധാര വിശ്വാസങ്ങളാണ്‌ ഇവിടെയുള്ളത്. ഇടത്തരക്കാർക്കും, തൊഴിലാളീകൾക്കും, ദരിദ്രക്കർക്കും നികുതിയിളവുകൾ നല്കുക. കിട്ടുന്ന പണം അപ്പപ്പോൾ തന്നെ ചിലവിടുമെന്നുള്ളതുകൊണ്ട് അത് നിലവിലുള്ള സാമ്പത്തികമാന്ദ്യത്തെ മറികടക്കുനതിന്‌ സഹായിക്കും. അതുപോലെത്തന്നെ വമ്പൻ പണക്കാരെ നികുതിയളവിൽനിന്നും ഒഴിവാക്കുകയോ, വർദ്ധിപ്പിക്കുകയോ ചെയ്യുക. അത് ഫെഡറൽ ഗവന്മെന്റിന്റെ നിലവിലുള്ള ധനകമ്മി നികത്തുന്നതിന്‌ സഹായിക്കും. ഡെമോക്രാറ്റുകൾ പൊതുവെ ഈ നയത്തെ അനുകൂലിക്കുന്നവരാണ്‌. എന്നാൽ പണക്കാരുടെ നികുതികൂട്ടിയാൽ അവർ ഒരിക്കലും പുതിയ സംരംഭങ്ങളിൽ നിക്ഷേപം നടത്തില്ലെന്ന പക്ഷക്കാരാണ്‌ റിപ്പബ്ലിക്കുകൾ. അതുകൊണ്ടുതന്നെ നിലവിലുള്ള 9.8 ശതമാനം തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെങ്കിൽ പണക്കാരുടെ നികുതി കുറക്കണം. ധാരാളം പണം നീക്കിയിരുപ്പുണ്ടായിട്ടും കഴിഞ്ഞരണ്ടു വർഷമായി പുതിയതായി ഒന്നിലും പണമിറക്കാത്തത് (investment) റിപ്പബ്ലിക്ക് പാർട്ടിയെ എന്നും സഹായിക്കുന്ന ജനസഖയുടെ 5% മാത്രം വരുന്ന ഈ വിഭാഗത്തിന്റെ സമർദ്ദ തന്ത്രമാണ്‌. ഈ കാര്യം രണ്ടു പാർട്ടികളും മാധ്യമങ്ങളും, നിലവിലുള്ള മുതലാളിത്തവ്യവസ്ഥിറ്റിയെ തള്ളിപ്പറയാൻ ഇഷ്ടപ്പെടാത്തതുകൊണ്ട്, മറച്ചുപിടിക്കുകയും ചെയ്യുന്നു. ഈ കീഴടങ്ങലിലൂടെ ഒബാമയാണ്‌, അധികാരത്തിലേറിയതിനുശേഷം ആദ്യമായി, നേട്ടം കൊയ്തിരിക്കുന്നത്. രണ്ട്പാർട്ടികളിലേയും ഭൂരിപക്ഷവും ഇതിനെ അനുകൂലിക്കുന്നു എന്നാണ്‌ അതിലാദ്യത്തേത്. 2012 - ഓടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അത് റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ ഉപയോഗിച്ച് ഒരു വട്ടം കൂടി പ്രസിഡണ്ടവുകയും ചെയ്യാം.

കോസ്റ്റ റിക്ക (Costa Rica)


വടക്കൻ ശാന്തസമുദ്രത്തിനും കരീബിയൻ കടലിനുമിടയിൽ പാനമക്കും നിക്വരാഗ്വെക്കും ഇടയിലായി കിടക്കുന്ന രാജ്യമാണ്‌ കോസ്റ്റ റിക്ക. സമ്പന്നമായ തീർദേശം എന്നർത്ഥമുള്ള ഈ രാജ്യത്തിന്‌ നിരവധി വിശേഷണങ്ങളുണ്ട്. ലോകത്തെ പഴയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, പട്ടാളമില്ലാത്ത് രാജ്യം (1949-ൽ ഭരണഘടന ഭേദഗതിയിലൂടെ സൈന്യമില്ലാതായി), ലാറ്റിനമേരിക്കയിൽ മനുഷ്യവികസന സൂചികയിൽ (Human Development Index) ഒന്നാമത്, പരിസ്തിതി വികസന സൂചികയിൽ ( Environmental Performance Index) ലോകത്ത് മൂന്നാമത്, 2021-ഓടെ കാർബൺ വാതക ബഹിർമനത്തിൽ സമതുലിതാവസ്ഥ (Carbon neutrality) നിയമപരമായി കൊണ്ടുവരുന്ന രാജ്യം തുടങ്ങിയ വിശേഷണങ്ങൾ ഈ രാജ്യത്തിന്‌ സ്വന്തമാണ്‌.

പ്രഥമവനിതാ പ്രസിഡന്റ് ലോറ ചിഹ്സില

പതിനാറാം നൂറ്റാണ്ടിലെ ആദ്യപകുതിയിലാണ്‌ സ്പാനിഷുകാർ ഇവിടേക്ക് കുടിയേറ്റം തുടങ്ങുന്നത്. അതേ നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്പാനിഷ് കോളനിയായി. മെക്സിക്കൻ സ്വാതന്ത്രസമര യുദ്ധത്തിൽ (Mexican War of Independence (1810-1821)) സ്പെയ്നികാർ തോറ്റതോടെ നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സ്വതന്ത്രമായ കൂട്ടത്തിൽ കോസ്റ്റ റിക്കയും സ്വതന്ത്രമായി (1821 സെപ്റ്റംബർ 21). 40 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഈ രാജ്യത്തിന്റെ പ്രധാൻ വരുമാനം ടുറിസവും, കാപ്പി, പഴവർഗ്ഗങ്ങൾ, മാംസം, പഞ്ചസാര, മത്സ്യസമ്പത്ത്, ഇലക്ട്രോണിക്സ് എന്നിവയാണ്‌. ശക്തമായ ഭരണഘടനയുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കാണ്‌ കോസ്റ്റ റിക്ക. 94 ശതമാനം സാക്ഷരതയുള്ള ഈ രാജ്യത്തിലെ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം 79 വയസാണ്‌. പ്രധാന മതം ക്രിസ്തുമതമാണെങ്കിലും, വിവിധരാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിന്റെ ഭാഗമായി, ബുദ്ധ, ഹിന്ദു, ജൂത, ബഹായി മതങ്ങളുടെ സജീവ സാന്നിദ്ധ്യം ഇവിടെയുണ്ട്. ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ഇവിടം സസ്യ-മൃഗ-പക്ഷി സമ്പത്തുകൊണ്ട് സമ്പന്നമാണ്‌. എന്തുകൊണ്ടും കേരളത്തെ ഓർമിപ്പിക്കുന്ന രാജ്യമാണ്‌ കോസ്റ്റ റിക്ക.

ചെറുകിട കർഷകവിപണികൾ (Farmer's Market)

ചെറുകിട കർഷകവിപണികൾ ലോകത്തെല്ലായിടത്തും തെരുവോരവില്പനകേന്ദ്രങ്ങളായും മറ്റു രൂപത്തിലും എല്ലാകാലത്തും നിലനിന്നിരുന്നു. അമേരിക്കയും അതിൽ നിന്നും വ്യത്യസ്തമല്ല. എന്നാൽ 1970-കളിലാണ്‌ വൻകിട കോർപ്പറേറ്റ് ഭക്ഷ്യ ഉത്പാദന-വിതരണ ശൃംഖലക്ക് ബദലായി ചെറുകിട കർഷക വിപണികൾ അമേരിക്കയിൽ സജീവമാകുന്നത്. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള ഈ സംരഭത്തിന്‌ അഭൂതപൂർവമായ പ്രോത്സാഹനമാണ്‌ ഉപഭോക്താക്കാളിൽനിന്നും ലഭിച്ചതും ലഭിച്ചുകൊണ്ടിരിക്കുന്നതും. ഇന്ന് ഏകദേശം 5000-ത്തോളം ഇത്തരം കർഷകവിപണികൾ അമേരിക്കയിലുണ്ട്. പ്രാദേശികമായി കർഷകർ ജൈവകൃഷിയിലൂടേയും അല്ലാതെയും ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും, പഴവർഗങ്ങളും കൂടാതെ പൂക്കൾ, തേൻ, കാപ്പി, മാംസം തുടങ്ങിയവയും ഇവർ ഉപഭോക്താക്കൾക്ക് നേരിട്ട് നല്കുന്നു. പഴക്കമില്ലാത്ത, വാടാത്ത (fresh) ഈ ഉത്പന്നങ്ങൾക്ക് പൊതുമാർക്കറ്റിലേക്കാൾ വിലയും കുറവാണ്‌.

*
ഡിസംബർ 5, 2010.

Friday, November 5, 2010

അമേരിക്കൻ വിശേഷങ്ങൾ - 13

എ എം എസ്‌

ഇടക്കാല തെരഞ്ഞെടുപ്പിൽ ഒബാമക്ക്‌ തിരിച്ചടി

കഴിഞ്ഞ ലക്കത്തിൽ ഇവിടെ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ പ്രതിപാദിച്ചിരുന്നുവല്ലോ. ഡെമോക്രാറ്റുകൾക്ക്‌ ജനപ്രതിനിധിസഭയും സെനറ്റും നഷ്ടപ്പ്പെടുമെന്ന്‌ സർവെ ഫലങ്ങൾ സൂചിപ്പിച്ചിരിന്നിവെങ്കിലും സെനറ്റിൽ സീറ്റുകൾ കുറഞ്ഞുവെങ്കിലും ഭുരിപക്ഷം നിലനിർത്തി. കനത്ത പരാജയത്തിന്റെ സുചനയറിഞ്ഞ്‌ ഒബാമ തന്നെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ചുക്കാൻ പിടിച്ചത്‌ സെനറ്റിലെ ഭൂരിപക്ഷനേതവ്‌ സെനറ്റർ ഹാരി റീഡ്‌ (Harry Reid) അടക്കം നേരിയ ഭൂരിപക്ഷത്തിന്‌ ജയിക്കുന്നതിന്‌ കാരണമായി. ജനപ്രതിനിധി സഭയിൽ യാഥാസ്ഥിതികരായ ബ്ലു ഡോഗ്‌ ഡെമൊക്രാറ്റ്സ്‌ എന്നറിയപ്പെടുന്നവരാണ്‌ മഹാഭൂരിപക്ഷവും തോറ്റത്‌. 2012 -ലെ തെരഞ്ഞെടുപ്പിൽ ഒബാമയെ തോല്പിക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ചില റിപ്പബ്ലിക്കൻ നേതാക്കൾ ഇതിനകം പ്രഖ്യാപിച്ച്‌ കഴിഞ്ഞിട്ടുണ്ട്‌.
Harry Reid
പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഒബാമക്ക്‌ വോട്ട്‌ ചെയ്ത 15 മില്യൻ ആളുകൾ ഇത്തവണ തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്തില്ല. റിപ്പബ്ലിക്കൻ പാർട്ടിക്ക്‌ കിട്ടിയ ഭൂരിപക്ഷമാണെങ്കിൽ 5 മില്ല്യൻ വോട്ടും. അതുകൊണ്ട്‌ തന്നെ 2012-ലെ തെരഞ്ഞെടുപ്പിൽ പ്രതീക്ഷക്ക്‌ വകയുണ്ടെന്ന്‌ ഡെമോക്രാറ്റുകൾ കരുതുന്നു. എന്നാൽ മഹാഭൂരിപക്ഷം ഗവർണർമാരും റിപ്പബ്ലിക്കൻ ആയതുകൊണ്ട്‌ ജനപ്രതിനിധി സഭയിലേക്കുള്ള മണ്ഡലങ്ങൾ പുനർനിർണ്ണയം ചെയ്യുന്നതിൽ തങ്ങൾക്ക്‌ അനുകൂലമായി ഇടപെടാൻ കഴിയുമെന്ന്‌ റിപ്പബ്ലിക്കൻസ്‌ വിശ്വസിക്കുന്നു. കൂടാതെ ചായസത്ക്കാരമുന്നേറ്റപാർട്ടിയുടെ (Tea Pary Movement) വളർച്ചയും സഹായിക്കുമെന്ന്‌ അവർ കരുതുന്നു. എന്നാൽ കൂടുതൽ വലത്തോട്ട്‌ നീങ്ങുന്നത്‌ റിപ്പബ്ലിക്കൻ പാർട്ടിക്ക്‌ ദോഷം ചെയ്യുമെന്ന്‌ കരുതുന്നവരും ഉണ്ട്‌. തൊഴിലില്ലായ്മ കുറച്ച്‌ സാമ്പത്തിക മാന്ദ്യത്തിൽനിന്നും രക്ഷപ്പെടാൻ കഴിഞ്ഞാൽ ഒബാമ വീണ്ടും ജയിക്കുമെന്നും, ഇല്ലെങ്കിൽ ഒബാമയുടെ സ്ഥിതി പരിതാപകരമാവുമെന്നും രാഷ്ട്രിയം വിശകലനം ചെയ്യുന്നവർ വിലയിരുത്തുന്നു.


ഖനിയപകടത്തിന്റെ പാഠങ്ങൾ

(Photo: ചിലിയൻ പ്രസിഡന്റ് സെബാസ്റ്റിയൻ പിനേറാ (വലത്ത്), (Sebastian Pinera) അവസാനമായി രക്ഷിക്കപ്പെ ഖനിതൊഴിലാളിയെ അഭിനന്ദിക്കുന്നു.)
ചിലിയിലെ സ്വർണ്ണ-ചെമ്പ് ഖനിയിലെ 33 ഖനിതൊഴിലാളികൾ 69 ദിവസം ഭൂമിക്കടിയിൽ 600 മീറ്ററിലധികം താഴ്ച്ചയിൽ കുടുങ്ങി ജീവിച്ചതും, ഒക്ടോബർ 13, 14 ദിവസങ്ങളിൽ ചിലിയൻ സർക്കാരും ജനങ്ങളും അവരെ രക്ഷപ്പെടുത്തുന്നതിൽ കാണിച്ച വൈദഗ്ധ്യവും ആധൂനികകാലത്തെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തങ്ങളിൽ ഒന്നാണ്‌. ഖനിയപകടങ്ങൽ പതിവായികൊണ്ടിരിക്കുന്ന അമേരിക്കൻ ഐക്യനാടുകൾക്ക് ഈ ചിലിയൻ പാഠം പഠിക്കാവുന്നതാണ്‌. നിരവധി ഖനിയപകടങ്ങൽ ഇവിടെ നടന്നിട്ടുണ്ടെങ്കിലും 13 പേരുടെ വീതം മരണത്തിനിടയാക്കിയ അലബാമയിലേയും (സെപ്റ്റമ്പർ 23,2001) പടിഞ്ഞാറെ വെർജീനിയായിലേയും (ജനുവരി 2, 2006) സാഹചര്യങ്ങളിൽ പ്രത്യേകിച്ചും. പ്രശ്നം മനസിലാക്കി കൃത്യം നിശ്ചയിക്കുക, നടപ്പാക്കേണ്ടവരെ തെരഞ്ഞെടുക്കുന്നതിൽ വൈഭവം കാണിക്കുക, വിദഗദ്ധരെ ശേഖരിച്ച് ഏകീകരിക്കുക, പതിവ് രീതികളിൽനിന്നും വ്യതിചലിച്ച് പുതുവഴികൾ കണ്ടെത്തുക, അലങ്കോലപ്പെടാതെ കാര്യങ്ങൾ ക്രമപ്പെടുത്തുക, ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ട സംഘത്തെ നിർണ്ണയിക്കുക, ആദ്യഘട്ടങ്ങളിലെ വിജയം പിന്നീടുള്ള ശ്രദ്ധയെ കുറക്കാതിരിക്കുക, വിശദാംശങ്ങളിൽ അനുധാവനതയോടെയുള്ള ഇടപെടുക എന്നിവയിൽ ചിലിയൻ ഗവർന്മെന്റും വിദഗ്ദ്ധരും കാണിച്ച അപാര കഴിവ് അഭിനന്ദനാർഹമാണ്‌. മാത്രമല്ല സാങ്കേതിക വിദ്യയിലും അതിന്റെ നിർവ്വഹണത്തിലും മുന്നാം ലോക രാജ്യങ്ങൾ ആരുടെയും പിന്നിലല്ല എന്ന് ഇത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

ഗ്രീൻലൻഡ്‌ (Greenland)

എൺപത്‌ ശതമാനം മഞ്ഞുമൂടിയ ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്‌ ഗ്രീൻലൻഡ്‌. അതിന്റെ പ്രാദേശികനാമം കലാളിത്‌ നുനാറ്റ്‌ (Kalaallit Nunaat
) എന്നാണ്‌. 2500 ബി സി മുതൽ എസ്കിമൊകളുടെ (Paleo-Eskimo) സംസ്കാരകേന്ദ്രമായിട്ടാണ്‌ ഇവിടം അറിയപ്പെടുന്നത്‌. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉടലെടുത്ത വിവിധ സംസ്കാരികധാരകളെ ഒന്നാം സ്വാതന്ത്ര്യം (Independence I, 2400 BC - 1300 BC), ഡോർസെറ്റ്‌ ( Dorset culture, 1300 BC - 700 BC) രണ്ടാം സ്വാതന്ത്ര്യം (Independence II, 800 BC - 100 BC). എന്നറിയപ്പെടുന്നു. റഷ്യയിൽനിന്നും, കനഡയിൽനിന്നും കുടിയേറിയവരുടെ സാംസ്കാരികധാരകളാണിവ. ഒന്നാം നൂറ്റാണ്ടോടെ ആധൂനിക ഡോർസെറ്റ്‌ (Late Dorset culture) സാംസ്കാരം ഉടലെടുത്തു. സൈബീരിയൻ, ചൈനീസ്‌, കൊറിയൻ, ജാപ്പനീസ്‌ കുടിയേറ്റക്കാരുടെ സംഭാവനയായിരുന്നു അത്‌. പത്താം നൂറ്റാണ്ടോടെ സ്കാൻഡിനേവിയൻ അഥവാ വൈക്കിഗ്സ്‌ (Vikings) പര്യവേഷണസംഘം ഗ്രീൻലൻഡിൽ എത്തി. തുടർന്ന്‌ പതിനെട്ടാം നൂറ്റാണ്ടോടെ ഡാനിഷ്‌ കോളനിയായി മാറി.


അമ്പതിനായിരത്തിലധികം ജനസഖ്യയുള്ള ഇവിടുത്തെ പ്രധാന വരുമാനം സമുദ്രവിഭവങ്ങളുടെ കയറ്റുമതിയും, ഡച്ചു സർക്കാർ നല്കുന്ന 650 മില്യൻ ഡോളർ സബ്സിഡിയുമാണ്‌. കൂടാതെ ടൂറിസം, പ്രത്യേകിച്ച്‌ കപ്പൽ വിനോദയാത്ര (cruise) മറ്റൊരു വരുമാനമാർഗ്ഗമാണ്‌. എണ്ണ ഖനന സ്രോതസുകൊണ്ട്‌ സമ്പന്നമാണ്‌ ഈ പ്രദേശം എന്ന്‌ പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്‌. ബഹുരാഷ്ട്രകമ്പനികൾ കണ്ണുവെച്ചിട്ടുള്ള മറ്റൊരു സാദ്ധ്യത ജലവൈദ്യുത പദ്ധതികൾക്കാണ്‌. ഡച്ച്‌ രാജാധികാരത്തിനുകീഴെ പാർലിമെന്ററി ജനാധിപത്യവ്യവസ്ഥയാണ്‌ നിലവിലുള്ളത്‌. 1979 - ൽ ഡച്ചുകാർ കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചതോടെ വിദേശകാര്യം, അഭ്യന്തരസുരക്ഷതിത്വം, ധനകാര്യം എന്നിവയിലൊഴിച്ച്‌ മറ്റെല്ലാം തദ്ദേശീയരുടെ നിയന്ത്രണത്തിലായി. ശാസ്ത്ര-പര്യവേഷകസംഘങ്ങളുടേയും വിനോദസഞ്ചാരികളുടേയും പറുദീസയാണ്‌ ഗ്രീൻലൻഡ്‌.

വീണ്ടും മഞ്ഞുകാലം


 Fall color change
കാലം കടന്നുപോകുന്നതിന്റെ അറിവ്‌ മനസ്സിനെ മഥിക്കുന്ന കാലമാണ്‌ ഒക്ടോബർ അവസാനത്തോടെ ആരംഭിച്ച്‌ മാർച്ചോടെ അവസാനിക്കുന്ന മഞ്ഞുകാലം. അമേരിക്കയിൽ എവിടെ താമസിക്കുന്ന്‌ എന്ന്‌ അനുസരിച്ച്‌ മഞ്ഞുകാല മാസങ്ങളിൽ ചില വ്യതിയാനങ്ങൾ കണ്ടേക്കാം. മധ്യവയ്സർക്കും വൃദ്ധർക്കും മരണത്തോട്‌ അടുക്കുന്നു എന്ന തോന്നൽ വർദ്ധിക്കുന്ന കാലം. മനസ്സിന്റെ വിഹ്വലതകളെ കുറക്കുന്നതിനാണെന്ന്‌ തോന്നുന്നു ഒഴിവുകാലം (Holiday Season) ഇക്കാലത്ത്‌ തന്നെ നിശ്ചയിക്കപ്പെട്ടത്. അനുഗ്രഹ നന്ദി ദിനം (Thanksgiving day, Nov 25), ജൂതന്മാരുടെ ആഘോഷമായ ഹോനക്ക (Hanukkah Dec, 1-9), ക്രിസ്തുമസ്, നവവത്സര ദിനം എന്നിവയുടെ ആഘോഷങ്ങൾകൊണ്ട് സമ്പന്നമായ ഇക്കാലം റീട്ടെയിൽ കച്ചവടക്കാരുടെ കൊയ്ത്തുകാലമാണ്‌. ദീപാവലിക്ക് ആരംഭിച്ച് ഹോളിക്ക് അവസാനിക്കുന്ന വടക്കെ ഇന്ത്യയിലെ മഞ്ഞുകാലം ഇതിന്‌ സമാനമാണ്‌. എല്ലാവർക്കും ഒഴിവുകാല ആശംസകൾ നേരുന്നു.

നവമ്പർ 5, 2010.

*

Tuesday, October 5, 2010

അമേരിക്കൻ വിശേഷങ്ങൾ - 12

എ എം എസ്‌


സെപ്റ്റംബർ 11 അഥവാ 911

Twin Towers, New York
3000 - ത്തിലധിക പേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബർ 11-ലെ തീവ്രവാദി ആക്രമണത്തിന്റെ ഒമ്പതാം വാർഷികം പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നുപോയി. ന്യൂയോർക്കിൽ നിലം പരിശ്ശായ സ്ഥലത്തിനടുത്ത് (Ground Zero)) നിർമ്മിക്കാൻ പോകുന്ന മുസ്ലിം കേന്ദ്രത്തിന്റെ പേരിൽ ഫ്ലോറിഡായിലെ ഒരു പാതിരി പ്രഖാപിച്ച ഖുറാൻ കത്തിക്കൽ ഉണ്ടായില്ല. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനീക തലവൻ ഡേവീസ് പട്രേയസും (David Petraeus), സി ഐ യും അടക്കം ഒബാമ ഭരണകൂടത്തിലെ ഉന്നതർ ഇടപെട്ടുവെന്നാണ്‌ റിപ്പോർട്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ നടത്തിയ പേൾ ഹാർബർ ആക്രമണത്തിനു ശേഷം (Attack on Pearl Harbor) അമേരിക്കൻ പൊതു മനസിനേറ്റ ഏറ്റവും വലിയ ആഘാതമണ്‌ 911. ഇറാക്ക് യുദ്ധത്തിന്‌ തുടക്കത്തിൽ തന്നെ എതിർപ്പുകൾ ഉയർന്നെങ്കിലും, മഹാഭുരിപക്ഷം അമേരിക്കക്കാരും അഫ്ഗാൻ യുദ്ധത്തെ പിന്തുണച്ചവരായിരുന്നു. യുദ്ധത്തിനുള്ള പിന്തുണ കുറഞ്ഞ് കുറഞ്ഞ് ഇപ്പോൾ അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കണമെന്ന് അഭിപ്രായത്തിൽ എത്തി നില്ക്കുകയാണ്‌. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന കുറെയേറെ തീവ്രവാദികൾ കൊല്ലപ്പെടുകയും, മറ്റുള്ളവർ പാക്കിസ്താനടക്കം മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുകയും ചെയ്തതോടെ യുദ്ധം അവസാനിപ്പിക്കുകയാണ്‌ നല്ലതെന്ന് കരുതുന്നവരാണേറെയും.

ഇടക്കാലതെരഞ്ഞെടുപ്പ്

Christine O'Donnell

കേരളം ഇപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചൂടിലാണല്ലോ. ഇവിടെയുള്ളവർ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ചൂടിലാണെന്ന് മാത്രം. മുതലാളിത്തമായിരിക്കും സർക്കാരിന്റെ സ്വഭാവമെന്ന് ഭരണഘടനയിൽ ഒരിടത്തും പ്രഖ്യാപിക്കുന്നില്ലെങ്കിലും അമേരിക്കൻ ഐക്യനാട്ടിലെ രണ്ട് പ്രധാന രാഷ്ട്രിയ പാർട്ടികളൂം അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവയാണ്‌. ആ രണ്ടു പാർട്ടികളുടെ മേല്ക്കോയ്മ നിലനിർത്തുന്നതിൽ നിലവിലുള്ള തെരഞ്ഞെടുപ്പ് രീതിക്കും, ഭരണഘടനാസ്ഥാപനങ്ങൾക്കും വലിയ പങ്കുണ്ട്. മൂന്നാമത് ഒരു പാർട്ടിക്കോ, മുന്നണിക്കോ നിലവിലുള്ള സാഹചര്യത്തിൽ വേരോട്ടമുണ്ടാകുക ദു:ഷ്ക്കരമാണ്‌. 50 സംസ്ഥാനങ്ങളിനിന്നും ഈരണ്ട് വീതമുള്ള നൂറ്‌ സെനറ്റമാരിൽ 36 സീറ്റിലേക്കാണ്‌ ഈ നവമ്പർ രണ്ടാം തിയതി തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. കൂടാതെ 37 സ്റ്റേറ്റുകളിൽ ഗവർണർമാരെയും, ഹൗസ് പ്രതിനിധി സഭയിലെ എല്ലാ അംഗങ്ങളെയും (435) ഈ വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാർ തെരഞ്ഞെടുക്കും.

Chris Coons and Barak Obama

സെനറ്റ് തെരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്ന മത്സരമാണ്‌ ഡെലവെയർ (Delaware) സെനറ്റ് സീറ്റിനുവേണ്ടിയുള്ള മത്സരം. റിപ്പബ്ലിക്കൻ അധികാരകേന്ദ്രത്തിന്റെ വ്യക്താവും ഗവർണറുമായിരുന്ന മൈക്കിൾ കാസിലിനെതിരെ (Michael Castle) അട്ടിമറി വിജയം നേടി ശ്രദ്ധേയയായ, പരിണമ സിദ്ധാത്തിൽ വിശ്വസിക്കാത്ത, ചായസത്കാരമുന്നേറ്റത്തിന്റെ വ്യ്ക്താവായ, പ്രേതസേവയിൽ (Witchcraft) വിശ്വസിക്കുന്നു എന്ന് ആരോപിക്കപെട്ട ക്രിസ്തീൻ ഒഡോണലും (Christine O'Donnell), മാർക്സിസ്റ്റ് എന്ന് ആരോപിക്കപ്പെട്ട ക്രിസ് കൂൺസൂം (Chris Coons) തമ്മിലാണ്‌ മത്സരം. ഇപ്പോഴത്തെ വൈസ് പ്രസിഡണ്ട് ജോ ബൈഡന്റെ സീറ്റായിരുന്നു അത്. സമ്പദ് വ്യവസ്ഥയുടെ തകർച്ചയും, തൊഴിലില്ലായ്മയും, ഒബാമ മിശിഹാ അല്ലെന്ന തിരിച്ചറിവും, തീവ്രവലതുപക്ഷമാദ്ധ്യമങ്ങളുടെ പ്രചരണതന്ത്രവും, ചായസത്ക്കാരമുന്നേറ്റക്കരുടെ (Tea Pary Movement) സ്വാധീനവും ഡെമോക്രാറ്റിക് പാർട്ടിക്കും, ഒബാമയ്ക്കും ഒരു വാട്ടർലൂ ആകുമെന്നാണ്‌ എല്ലാ സർവെ ഫലങ്ങളും സൂചിപ്പിക്കുന്നത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഹൗസും സെനറ്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈലൊതുങ്ങുമെന്നർത്ഥം. അതോടെ അടുത്തരണ്ട് വർഷത്തിലേക്കെങ്കിലും ഒബാമ ഒരു പാവ പ്രസിഡണ്ടായി തുടരുകയോ, റിപ്പബ്ലിക്കൻ പാർട്ടിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടി വരുകയോ ചെയ്യും.

ബഹാമസ്


സ്വർണ്ണവും, സുഗന്ധദ്രവ്യങ്ങളും, നിധിയും തേടി ഇന്ത്യയിലേക്ക് പുറപ്പെട്ട് അമേരിക്കയിലെത്തിയ കൊളമ്പസ്സിന്റെ ( Christopher Columbus) ചരിത്രം പ്രസിദ്ധമാണല്ലോ. 1492 ഒക്ടോബർ 12 - ന്‌ ആണ്‌ കൊളമ്പസ് ബഹാമസ് ദ്വീപസമൂഹത്തിലെ ഗ്വാനഹാനി അഥവ സാൻ സാൽവഡോർ (Guanahani or San Salvador) എന്ന് സ്ഥലത്ത് എത്തുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ബ്രിട്ടീഷുകാർ കുടിയേറ്റം തുടങ്ങുകയും 1783 - ഓടെ അവരുടെ കോളനിയാകുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ ഇവിടം കടൽ കൊള്ളക്കാരുടെ പറുദീസയായിരുന്നു. 1973 - ലാണ്‌ ബഹാമസ് സ്വതന്ത്രമാകുന്നത്. അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയുടെ തെക്കുകിഴക്കും, ക്യൂബയുടെ വടക്കുകിഴക്കുമായി സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹം അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഒഴുകുന്ന മയക്കുമരുന്നിന്റെ ഇടത്താവളമായി മാറിയതിന്‌ കാരണം അതിന്റെ ഭൂമിശാസ്ത്രപരമായ നില്പ് തന്നെയാണ്‌.



3 ലകഷ്ം മാത്രം ജനസംഖ്യയുള്ള ബഹാമാസ് കരീബിയൻ മേഖലയിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ്‌. പാർലിമെന്ററി ജനാധിപത്യ വ്യവസ്ഥയുള്ള ബഹാമസ്സിൽ പ്രധനമായും രണ്ട് രാഷ്ട്രീയപ്പാർട്ടിയാണുള്ളത്. സ്വതന്ത്ര ദേശിയ മുന്നേറ്റപാർട്ടിയും പുരോഗമന ലിബറൽ പാർട്ടിയും. യഥാക്രമം മദ്ധ്യവലതുപക്ഷസ്വഭാവവും, മദ്ധ്യ-ഇടതുപക്ഷസ്വഭാവവും ആണ്‌ ഇവയ്ക്കുള്ളത്. വിനോദസഞ്ചാരവും, ബാങ്കിങ്ങുമണ്‌ പ്രധാന വരുമാനമാർഗം. ടൂറിസത്തിൽനിന്നുള്ള വരുമാനം കെട്ടിടനിർമ്മാണമേഖലയടക്കം എല്ലാ വ്യവസായ, വാണിജ്യ, നിർമ്മാണ മേഖലകളെയും പുരോഗതിയിലേക്ക് നയിക്കുന്നു. ധാതുക്കൾ, ഉപ്പ്, മാംസം, പഴവർഗ്ഗങ്ങൾ, മദ്യം വിശേഷിച്ച് റം, രാസവസ്തുക്കൾ എന്നിവയാണ്‌ പ്രധാന കയറ്റുമതി. വലിയ യന്ത്രങ്ങളും, വാഹനങ്ങളും, പെട്രോളിയം ഉത്പന്നങ്ങളും ആണ്‌ പ്രധാന ഇറക്കുമതി. യു എസ് എ, ജർമ്മനി, ജപ്പാൻ, തെക്കൻ കൊറിയ, വെനസൂല, പോളണ്ട് തുടങ്ങിയ രാജ്യങ്ങളാണ്‌ പ്രധാന വ്യാപാരപങ്കാളികൾ.

ടിവിയിലെ ഹാസ്യപരമ്പരകൾ (TV situation Comedy (SitCom))


Seinfeld
ലോകത്തെല്ലായിടത്തും ഹാസ്യപരമ്പരകൾ ടെലിവിഷൻ പ്രേക്ഷകരുടേ ഇഷ്ടപ്പെട്ട വിനോദവും, പരസ്യക്കാരുടെയും കമ്പനികളുടെയും വലിയ വരുമാനവുമാണ്‌. പൊതുവെ അരമണിക്കൂർ നിണ്ടുനില്ക്കുന്ന ഈ പരിപാടികൾ സംഘർഷഭരിതമായ ജീവിതത്തിന്റെ മാനസിക പിരിമുറുക്കങ്ങൾ അയക്കുന്ന ഔഷധമായി പൊതുജനങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന കാഴ്ച്ച എവിടേയും കാണാം. അമേരിക്കയും അതിൽനിന്നും വ്യത്യസ്തമല്ല. 1940-കളിലാണ്‌ ടിവിയിൽ സിറ്റ്കോമുകൾ പ്രചാരത്തിലാകുന്നത്. ആദ്യകാലഘട്ടത്തിൽ ചിരിയുടെ ട്രാക് (laugh-track)കൂട്ടിചേർക്കുന്ന പതിവുണ്ടായിരുന്നില്ല.

എക്കാലത്തേയും ഹിറ്റുകളായ ഐ ലൗ ലൂസി (I love Lucy), ആന്റിഗ്രിഫിത് ഷോ (The Andy Griffith Show), ബ്രാഡി ബഞ്ച് (The Brady Bunch ), ബ്രിട്ടിഷ് കോമഡിയായ യെസ് മിനിസ്റ്റർ (Yes Minister) തുടങ്ങിയവ പഴയതലമുറക്കാർ ഒരിക്കലും മറക്കുകയില്ല.


The Big Bang Theory

എഴുപതുകളിൽ പ്രസിദ്ധി നേടിയവയവാണ്‌ മാഷും (Mash) ത്രീസ് കമ്പനിയും (Three's Company). അതിൽ “മാഷ്” ചിരിയുടെ ട്രാക്ക് ഉപയോഗിക്കാതെ നിർമ്മിച്ച് വിജയം കണ്ടതാണ്‌. എമ്പതുകളിലും തൊണ്ണൂറുകളിലും കോടികൾ കൊയ്ത പർമ്പരകളാണ്‌ മാരീഡ് വിത്ത് ചിൽഡ്രൻ (Married with Children), ചിയേർസ് (Cheers), സൈൻഫെൽഡ് (Seinfeld), എവരിബഡി ലൗ റെയ്മണ്ട് (Everybody loves Raymond), കോസ്ബി ഷോ (The Cosby Show), സിംസൺസ് തുടങ്ങിയവ. അതിൽ സിംസൺസ് വളരെ ശ്രദ്ധ ആകർഷിച്ച കാർട്ടൂൺ പരമ്പരയാണ്‌. ഇവയെല്ലാം ഇപ്പോഴും പുന:പ്രക്ഷേപണം ചെയ്ത് കോടികൾ സമ്പദിക്കുന്നുമുണ്ട്. രണ്ടായിരത്തിനുശേഷം ചിരിയുടെ ട്രാക്ക് ഉപയോഗിക്കാതെ വിജയം കണ്ടവയാണ്‌ ഓഫീസും (The Office) എക്കാലത്തെയും ഏറ്റവും പണം കൊയ്ത സിറ്റ്കോമായ സൈഫെൽഡിന്റെ സഹ എഴുത്തുംകാരനായ ലാരി ഡേവിഡിന്റെ (Larry David) കർബ് യുവർ എന്തുസിയാസവും (Curb Your Enthusiasm). ഇപ്പോൾ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന ടു ആന്റ് ഹാഫ് മെൻ (Two and Half Men), ബിഗ് ബാങ്ങ് തിയറി (The Big Bang Theory) എന്നിവ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ഏറ്റവും പുതിയ സിറ്റ്കോമുകളാണ്‌. മുൻകാലങ്ങളിൽ ഇന്ത്യൻ വംശജർക്ക് സിറ്റ്കോമുകളിൽ വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാൽ 2000 - ത്തിനുശേഷം മറ്റു മേഖലകളിലെന്നപോലെ ഹാസ്യപരംബരകളിലും ശ്രദ്ധേയമായ് ഇന്ത്യൻ സാന്നിദ്ധ്യമുണ്ട്. ഓഫീസ്, ബിഗ് ബാങ്ങ് തിയറി, റൂൾസ് ഓഫ് എൻഗേജ്മെന്റ് എന്നിവയിൽ ഇന്ത്യൻ വംശജരുടെ പ്രാധാന്യമുള്ള കഥാപത്രങ്ങളുണ്ട്. ഇന്റർനെറ്റിന്റെ അതിപ്രസരത്തിനും, കമ്പനികൾ തമ്മിലുള്ള കടുത്ത് മത്സരത്തിനും ഇടയിൽ സാമുഹിക, രാഷ്ട്രിയ, വ്യക്തിഗത വിഷയങ്ങൾ ചിരിയുടെ മേമ്പൊടി ചേർത്ത് പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ വിജയിക്കുന്ന ടിവി കമ്പനികൾ മറ്റു പരിപാടികളുടെ നഷ്ടം നികത്താൻ സിറ്റ്കോമുകളെ ഉപയോഗിക്കുന്ന കാഴ്ച്ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്.

ഒക്ടോബർ 5, 2010.

*

Sunday, September 5, 2010

അമേരിക്കൻ വിശേഷങ്ങൾ - 11

ന്യൂയോർക്കിലെ മുസ്ലിം കമ്മ്യൂണിറ്റി കേന്ദ്രവും മതസ്വാതന്ത്ര്യവും
സോഷ്യലിസ്റ്റാശയങ്ങളുടെ ഉദയത്തിന്‌ മുമ്പ് തന്നെ മുതലാളിത്തം മത, ഫ്യൂഡൽ ആശയങ്ങളെ വരുതിയിൽ നിർത്തുന്നതിനും, തകർക്കുന്നതിനും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷെ പിന്നിട്‌ അതിനെ തങ്ങളോടൊപ്പം നിർത്തി രാഷ്ട്രീയലാഭം കൊയ്യുന്നതാണ്‌ ഏറെ പ്രയോജകരം എന്ന് തിരിച്ചറിഞ്ഞു. അതിന്റെ ആവർത്തനമാണ്‌ ഇന്ന് അമേരിക്കയിൽ ഏറെ ചർച്ച വിഷയമായ, അഥവാ വലതുപക്ഷമാദ്ധ്യമങ്ങൾ ചർച്ചാ വിഷയമാക്കിയ, ന്യൂയോർക്കിലെ നിലംപരിശായ (Ground Zero) സ്ഥലത്തിന്‌ തൊട്ടടുത്ത് നിർമ്മാണം ആരംഭിക്കാൻ പോകുന്ന മുസ്ലിം കമ്മ്യൂണിറ്റി കേന്ദ്രവും അതിനോടനുബന്ധിച്ച പള്ളിയും. നൂറുകണക്കിന്‌ മുസ്ലിം പള്ളികൾ ന്യൂയോർക്കിൽ ഉണ്ട്. അതിലൊന്ന് നിലംപരിശായ സ്ഥലത്തിന്‌ അധികം അകലെയല്ലാതെയുമാണ്‌. പിന്നെ ഇതിനെന്ത് പ്രത്യേകത. സെപ്റ്റംബർ 11-ന്റെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് അനാദരവ് കാട്ടുന്നു എന്നാണ്‌ ഒരു വാദം. ചുരുക്കി പറഞ്ഞാൽ തീവ്രവാദികൾ മാത്രമല്ല മുസ്ലിം മതം ആകെ തന്നെ ആക്രമണത്തിൽ ഉത്തരവാദികളാണ്‌ എന്നർത്ഥം. അമേരിക്കയിലെ വോട്ടർമാരിൽ 25% ഒബാമ ഒരു മുസ്ലിം ആണെന്ന് കരുതുന്നവരാണെന്ന സർവ്വെ ഫലവും ഇതുംകൂടി കൂട്ടിവായിക്കുമ്പോഴാണ്‌ സംഗതികളുടെ ഗൗരവം മനസ്സിലാകുക. ഒബാമ മുസ്ലിം ആയാൽ എന്താ എന്ന് ആരും ചോദിക്കുന്ന കേട്ടില്ല. അദ്ദേഹം ക്രിസ്ത്യാനിയാണെന്ന് പറഞ്ഞുബോദ്ധ്യപ്പെടുത്തുവാനാണ്‌ ഏവർക്കും തിടുക്കും.


റിപ്പബ്ലിക്കൻ പാർട്ടിയും, വലതുപക്ഷ റേഡിയോ അവതാരകരും, ഫോക്സ് അടക്കമുള്ള മാദ്ധ്യമങ്ങളും, നവമ്പറിൽ നടക്കാൻ പോകുന്ന ഇടക്കാല തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട്, ഇതു തന്നെ അവസരം എന്ന മട്ടിൽ മതസ്പർദ്ധ വളർത്തുവാനുള്ള ശ്രമത്തിലാണ്‌. ഇപ്പോൾത്തന്നെ ഇരുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധപ്രകടങ്ങളും, മുസ്ലിം കേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളും സമാധാനന്തരീക്ഷത്തെ കലുഷിതമാക്കിയിട്ടുണ്ട്. കൂടാതെ ഫ്ലോറിഡായിലെ (FLorida state) ടെറി ജോൺസ് (Terry Jones) തീവ്രപക്ഷ ക്രിസ്ത്യൻ പാതിരി വേൾഡ് ട്രേഡ് സെന്റർ ആക്രമണദിനമായ സെപ്റ്റ്മ്പർ 11 ന്‌ ഖുറാൻ കത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്‌. “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌” എന്ന് മാർക്സ് വചനം അന്വർത്ഥമാക്കുന്ന വിധത്തിലാണ്‌ ഇവിടുത്തെ സംഭവവികാസങ്ങൾ.

ഇറാക്കിലെ അമേരിക്കൻ അധിനിവേശത്തിന്റെ ഒന്നാം ഘട്ടത്തിന്റെ അന്ത്യം

അങ്ങിനെ ഒബാമ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റി. ഇക്കഴിഞ്ഞ ആഗസ്റ്റ് 27-ന്‌ അമേരിക്കയുടെ ഇറാഖ് യുദ്ധം ഔദ്യോകികമായി അവസാനിച്ചു. അതിനർത്ഥം അമേരിക്കൻ പട്ടാളം മുഴുവൻ ഇറാഖ് വിട്ടുവെന്നല്ല, ഇറാക്കിനെ സഹയിക്കാൻ വേണ്ട പട്ടാളക്കാർ ഇനിയും അവിടെ ഉണ്ടാകും. അത് ഏകദേശം 50000 ആയിരിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ട്. പൂർണ്ണപിന്മാറ്റം ഇറാക്കിലെ എണ്ണ സ്രോതസ്സ് പൂർണ്ണമായും തീർന്നതിനുശേഷം ആകുമെന്ന് മാത്രം! ഇനി അഫ്ഗാനിസ്താനിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയുമെന്നും, ഇറക്കിലെ ചെലവഴിച്ചുകൊണ്ടിരുന്ന പണം തകർന്ന സാമ്പത്തികരംഗത്ത് തിരിച്ചുകൊണ്ടുവരുന്നതിൻ` ഉപയോഗിക്കാൻ കഴിയുമെന്നും രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിൽ ഒബാമ പറഞ്ഞു. സർവേകളിൽ ജനപിന്തുണ കുറയുമ്പോഴും, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ കാണിക്കുന്ന വ്യഗ്രത വരുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‌ വിനയാകുമെന്ന് കരുതുന്നവരാണ്‌ അമേരിക്കയിൽ ഭുരിപക്ഷവും.
പാനമ (Panama)


വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കെ അറ്റത്ത് കിടക്കുന്ന രാജ്യമാണ്‌ പാനമ. സാമുദ്രികവാണിജ്യത്തിൽ (Maritime trade) വളരെ പ്രാധാന്യമുള്ള, അന്തർദേശീയ വാണിജ്യത്തിന്റെ 5% കടന്നുപോകുന്ന പാനമ കനാലിനെ (Panama Canal) കുറിച്ച് കേൾക്കാത്ത വിദ്യാസമ്പന്നർ വിരളമായിരിക്കും. ആമസോൺ കഴിഞ്ഞൽ ഏറ്റവും ഉഷ്ണമേഖലാവനങ്ങൾ അഥവാ മഴക്കാടുകൽ ഉള്ള പ്രദേശമാണ്‌ ഇവിടം. വടക്ക്-പടിഞ്ഞാറ്‌ കോസ്റ്ററിക്കയും (Costa Rica), തെക്ക്-കിഴക്ക് കൊളമ്പിയായും (Colombia), വടക്ക് കരീബിയൻ കടലും, തെക്ക് ശാന്തസമുദ്രവും ആണ്‌ അതിർത്തികൾ. പാനമ എന്ന വാക്കിന്റെ അർത്ഥം മത്സ്യങ്ങളുടേയും, മരങ്ങളുടേയും, പൂമ്പാറ്റകളുടേയും കൂമ്പാരം എന്നത്രെ.(abundance of fish, trees and butterflies). 1502 - ലാണ്‌ കൊളമ്പസ് (Christopher Columbus) ഇവിടെ എത്തുന്നത്. പിന്നീട് സ്പാനിഷ് കോളനിയായി.1821-ൽ സ്പെയിനിൽ നിന്നും സ്വാതന്ത്രം നേടിയ പാനമ ഗ്രാൻ കൊളമ്പിയായുടെ (Gran Colombia) ഭാഗമയും പിന്നിട് കൊളമ്പിയായുടെ ഭാഗമായും നിലനിന്നു. 1903-ലാണ്‌ അമേരിക്കയുടെ സഹായത്തോടെ ഒരു സ്വതന്ത്ര രാഷ്ട്രമായിത്തീരുന്നത് ( ഫലത്തിൽ ഒരു അമേരിക്കൻ കോളനിയായി).


1903 മുതൽ 1968 വരെ പനാമയിൽ ഭരണഘടനാദത്തമായ ജനാധിപത്യമായിരുന്നെങ്കിലും (constitutional democracy) വ്യവസായപ്രുമുഖരും സമ്പന്നരുമാണ്‌ അതിനെ നിയന്ത്രിച്ചിരുന്നത്. 1950-കൾ ആയപ്പോഴെക്കും പട്ടാളത്തിന്റെ ഇടപെടലുകൾ വർദ്ധിച്ചുവന്നു. 1967-ൽ നടന്ന തെരഞ്ഞെടുപ്പിൽ അരിയാസ് മാഡ്രിഡ് (Arias Madrid) തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും 1968 ഒക്ടോബർ 1-ന്‌ അധികാരമേറ്റ ഗവന്മെന്റിനെ, തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതിന്റെ അടിസ്ഥാനത്തിൽ, 11 ദിവസങ്ങൾക്കുശേഷം പട്ടാളം അട്ടിമറിക്കുകയും ചെയ്തു. പട്ടാളം നടപ്പക്കിയ ചില നടപടികൾ സാധാരണ ജനങ്ങൾക്ക് ആശ്വാസം നല്കിയതായതുകൊണ്ട് പൊതുജനങ്ങളുടെ പിന്തുണ പട്ടാളത്തിന്‌ ലഭിച്ചു. തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട അമേരിക്ക പിന്നീട് ജനാധിപത്യത്തിന്റെ പേര്‌ പറഞ്ഞ് ഉപരോധമായും, പിന്നിട് 1989 ഡിസമ്പറിൽ ഒന്നാം ബുഷിന്റെ കാലത്ത് യുദ്ധമായും പനാമയെ ശിക്ഷിക്കുകയാണുണ്ടായത്. രണ്ടാഴ്ച്ച നീണ്ടുനിന്ന യുദ്ധത്തിൽ 4000 സിവിലിയർമാർ അടക്കം ഒട്ടേറെ പേർ കൊല്ലപ്പെട്ടു. യുദ്ധത്തിന്‌ മുമ്പ് മെയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ഗള്ളിർമോ എൻഡാറയെ (Guillermo Endara) പ്രസിഡണ്ടായി അവരോധിച്ചു. ബഹുകക്ഷി പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് സമ്പ്രദായമാണ്‌ ഇപ്പോൾ നിലവിലുള്ളത്.

പാനമ കനാൽ (Panama Canal)

ഫ്രാൻസ് ആണ്‌ ആദ്യമായി കനാൽ നിർമ്മാണത്തിന്‌ താത്പര്യം കാണിച്ചതെങ്കിലും 1904-ൽ അമേരിക്കയാണ്‌ 77 കി.മി. നീളമുള്ള കനാലിന്റെ പണിയാരംഭിക്കുന്നത്. 1914-ൽ നിർമ്മാണം പൂർത്തിയായി. പാനമയുടെ പ്രധാന സാമ്പത്തികസ്രോതസ്സും ഇതുതന്നെ. 1977-ലാണ്‌ അമേരിക്കയിൽനിന്നും ഇതിന്റെ നിയന്ത്രണം പനാമക്ക് ലഭിക്കുന്നത്. 20 ബില്യൻ ഡോളർ മാത്രം ജിഡിപി ഉള്ള രാജ്യം 5 ബില്യൻ ഡോളർ, 2007-ൽ ആരംഭിച്ച് 2014-ൽ അവസാനിക്കുന്ന, കനാലിന്റെ വികസന ബൃഹദ് പദ്ധതിക്ക് നീക്കിവെച്ചത് അതിന്റെ സാമ്പത്തികപ്രാധാന്യം വെളിവാക്കുന്നു. ബാങ്കിങ്ങ്, ഇൻഷൂറൻസ്, ടൂറിസം എന്നിവയാണ്‌ 30 ലക്ഷത്തിലേറേ ജനസംഖ്യയുള്ള പനാമയുടെ മറ്റു വരുമാനമാർഗങ്ങൾ.

ഓണാഘോഷം


മലയാള തനിമയുടെ അടയാളങ്ങളാണല്ലോ ഓണവും, വിഷുവും, കഥകളിയും, കൂടിയാട്ടവും, മോഹിനിയാട്ടവും, കൈകൊട്ടികളിയും, തെയ്യവും തിറയുമെല്ലാം. അതിൽ ഓണത്തിന്റെ സവിശേഷപ്രാധാന്യം പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല. നേരത്തെ പറഞ്ഞ എല്ലാ അടയാളങ്ങൾകൊണ്ട് സമ്പന്നമായിരിക്കും എവിടത്തേയും ഓണാഘോഷം. അമേരിക്കയും അതിൽ നിന്നും വ്യത്യസ്തമല്ല. ഇവിടെ രണ്ട് ലക്ഷത്തിലേറെ മലയാളികൾ ഉണ്ടെന്നാണ്‌ ഏകദേശകണക്ക്. പത്ത് മലയാളി കൂടുംബങ്ങളെങ്കിലും ഉണ്ടെങ്കിൽ അവിടെ ഒരു പൊതു ഓണാഘോഷം ഉണ്ടായിരിക്കും. മിക്കവാറും ശനി ഞായർ ദിവസങ്ങളിൽ ആയിരിക്കും ഓണാഘോഷം. ഇത്തവണ ഓണം നേരത്തെ വന്നതുകൊണ്ട് ആഗസ്റ്റ് 20-മുതൽ തന്നെ ആഘോഷം തുടങ്ങി. അതിനുള്ള പ്രവർത്തങ്ങൾ മാസങ്ങൾക്കുമുമ്പെ ആരംഭിക്കും. ഇവിടെ പൊതുവേദിയിൽ മുണ്ടുടുത്ത മലയാളിയെ കാണണമെങ്കിൽ ഓണാഘോഷത്തിന്‌ തന്നെ പോകണം. കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന്റെ അനിവാര്യഘടകങ്ങളാണിവിടെയും. പ്രവാസിമലയാളിയുടെ മനസ്സിലെ ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങൾക്ക് ആശ്വാസമേകി ഒരോണംകൂടി കടന്നുപോയി.

സെപ്റ്റംബർ 5, 2010.

*

Thursday, August 5, 2010

അമേരിക്കൻ വിശേഷങ്ങൾ - 10

എണ്ണക്കിണറിലെ ചോർച്ചയും പരിസ്ഥിതി ആഘാതവും

എ എം എസ്

ഗൾഫ് ഓഫ് മെക്സിക്കോയിലെ ബി പി യുടെ എണ്ണക്കിണറിൽ തീപ്പിടിത്തവും, സ്ഫോടനവും ഉണ്ടായത് ഏപ്രിൽ 20-ന്‌ ആണ്‌. പതിനൊന്ന് പേരുടെ ദാരുണ മരണത്തിനും, കോടിക്കണക്കിന്‌ ഡോളർ നാശനഷ്ടവും അതുണ്ടാക്കി. ജൂലൈ പന്ത്രണ്ടോടെ ചോർച്ച അടച്ചെങ്കിലും ഇതുമൂലം ഉണ്ടായ പരിസ്ഥിതി ആഘാതം കണക്കാക്കിനിരിക്കുന്നതേയുള്ളു. സമുദ്രവിഭവങ്ങൾക്ക് കുഴപ്പമില്ലെന്നും, അതിപ്പോൾ കണക്കാക്കാൻ കഴിയില്ലെന്നും ഉള്ള രണ്ട് വിരുദ്ധ വാദങ്ങളുമയി അതിന്റെ വിദഗ്ധർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഓഷിയാന (Oceana) എന്ന പരിസ്ഥിതി പ്രവർത്തകർ ഒരു മില്ല്യൻ ഡോളർ ചിലവ് വരുന്ന, സമുദ്രത്തിനടിത്തട്ടിലെ പരിസ്ഥിതി ആഘാതം പഠിക്കുന്നതിന്‌വേണ്ടി ഒരു ശാസ്ത്രസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചോർച്ച അടക്കാൻ കഴിഞ്ഞതും, വൈകിയാണെങ്കിലും പ്രശ്നത്തിൽ സജീവമായി ഇടപെട്ട് ബിപിയെകൊണ്ട് 20 ബില്യൻ ഡോളറിന്റെ ഒരു നഷ്ടപരിഹാരഫണ്ട് സ്വരൂപിപ്പിച്ചതും നിരവധി മറ്റു പ്രശ്നങ്ങൾ കൊണ്ട് നട്ടം തിരിയുന്ന ഒബാമക്ക് കുറച്ചെങ്കിലും ആശ്വാസം നല്കിയിട്ടുണ്ട്.

ഹെയ്തി ഭൂകമ്പത്തിനുശേഷം

Wyclef Jean
ജനുവരിയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ദു:രിതങ്ങളിൽനിന്നും ഇനിയും അവിടുത്തെ ജനത മോചനം നേടിയിട്ടില്ല. കോടിക്കണക്കിന്‌ ഡോളർ രാജ്യങ്ങളും, കോർപ്പറേഷനുകളും, വ്യക്തികളും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ പത്തു ശതമാനം പോലും അവിടെ ചെലവഴിച്ചിട്ടില്ലെന്ന വസ്തുത നിലനില്ക്കുകയാണ്‌. അതിനിടെയാണ്‌ പൊതുതെരഞ്ഞെടുപ്പ് വരുന്നത്. 2010 ഫെബ്രുവരിയിലാണ്‌ തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. ഭൂകമ്പം മുലം മാറ്റിവെച്ചു. നവമ്പർ 28 - ന്‌ ആണ്‌ തെരഞ്ഞെടുപ്പ്. 10 സെനറ്റർമാരേയും, 99 പാർലിമെന്റ് അംഗങ്ങളേയും, പ്രസിഡന്റിനേയും അന്ന് തെരഞ്ഞെടുക്കും. പ്രസിദ്ധ ഗാനരചിയിതാവും, പോപ്പ് ഗായകനുമായ വൈക്ലെഫ് ജീൻ (Wyclef Jean) പ്രസിഡണ്ട് മോഹവുമായി ഇപ്പോൾ തന്നെ രംഗത്തുണ്ട്. ഒമ്പതുവയസ്സിൽ അമേരിക്കയിൽ കുടിയേറിയ ജീൻ അമേരിക്കൻ കോർപ്പറേറ്റ് താല്പര്യങ്ങളുടെ സ്ഥാനാർത്ഥിയാണെന്ന് ഇപ്പോൾ തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. യുദ്ധംകൊണ്ട് രാജ്യങ്ങളെയും, ജനങ്ങളെയും, വിഭവങ്ങളെയും കീഴടക്കാൻ കഴിയില്ലെന്ന തിരിച്ചറിവ്, സാമ്രജത്വവും, കോർപ്പറേറ്റ് മുതലാളിത്തവും എങ്ങിനെ മറികടക്കുന്നു എന്നതിന്‌ മറ്റൊരു ഉദാഹരണം ആകാൻ പോകുകയാണ്‌ ഹെയ്ത്തിയിലെ തെരഞ്ഞെടുപ്പ്.

ഇക്വഡോർ

ശന്തസമുദ്രത്തിനും, പെറുവിനും, കൊളമ്പിയയ്ക്കും ഇടയിലായി കിടക്കുന്ന രാജ്യമാണ്‌ ഇക്വഡോർ. മൂന്ന് ലക്ഷം ചതുരശ്ര കി. മി. വിസ്തൃതിയും, ഒന്നര കോടി ജനസഖ്യയും ഉള്ള ഈ രാജ്യത്തിന്‌ സമ്പന്നമായ ഒരു ചരിത്രമാണ്‌ ഉള്ളത്. 3500 BC മുതൽ വാൽദിവിയ, മച്ചലില്ല, ക്വിറ്റസ്, കനാരി (Valdivia Culture, Machalilla Culture, the Quitus and the Cañari) തുടങ്ങി വിവിധ സംസ്കാരങ്ങൾ സാക്ഷ്യം വഹിച്ച ഇവിടം വാസ്തുവിദ്യ, മൺപാത്രനിർമ്മാണം എന്നിവയിൽ പ്രസിദ്ധമായിരുന്നു. 1463-ൽ ഇങ്ക സാമ്രാജ്യത്തിന്റെ (Inca Empire) ഭാഗമാകും മുമ്പുള്ള ചരിത്രം ഡച്സേല (Duchicela) രാജവംശത്തിന്റേതാണ്‌. 1563-ൽ ഡച് കോളനിയാകുകയും, അവരുടെ ഭരണത്തിൽ കീഴിൽ ലക്ഷക്കണക്കിന്‌ തദ്ദേശീയരെ കൊന്നൊടുക്കുകയും ചെയ്തു. 1820 ഒക്ടോബർ 9-ന്‌ ഗ്വയാക്വിൽ ( Guayaquil) എന്ന നഗരവും, 1822 മേയ് 24-ന്‌ മറ്റുള്ള പ്രദേശങ്ങളും സ്വാതന്ത്ര്യം നേടി.

José Eloy Alfaro Delgado
1895-ൽ എലോയുടെ (José Eloy Alfaro Delgado) ഉണ്ടായ മിതവാദികളുടെ (Liberal) മുന്നേറ്റം മതത്തിന്റേയും യാഥാസ്തിതികരുടെയും (Conservatives) സ്വാധീനം ഗണ്യമായി കുറച്ചു. 1925 വരെ മിതവാദികളുടെ സുവർണ്ണകാലമായിരുന്നു. മുപ്പതുകളും നാല്പതുകളും അഭ്യന്തരപ്രശ്നങ്ങൾകൊണ്ടും, പെറുവുമായുള്ള യുദ്ധം (1941) കൊണ്ടും കലുഷിതമായ ഇക്വഡോറിൽ യാഥാസ്തിതികർ അധികാരത്തിലേക്ക് വന്നു. 5 തവണ പ്രസിഡന്റായ ഹുസെ ഇബാറാ(José María Velasco Ibarra) അവരുടെ നേതാവായിരുന്നു. 1972 മുതൽ 79 വരെ പട്ടാളം ഭരണം ഏറ്റെടുത്തു. 1979 പുതിയ ഭരണഘടനയുണ്ടാവുകയും ജനാധിപത്യം തിരിച്ചുവരികയും ചെയ്തു. പലതവണ ഭരണഘടന തിരുത്തുകയും മറ്റുകയും ചെയ്ത ചരിത്രമാണ്‌ ഇക്വഡോറിനുള്ളത്. 1995-ൽ പെറുവുമയി ഉണ്ടായ യുദ്ധം ഒഴിച്ചാൽ ഇക്വഡോറിന്റെ വർത്തമാനചരിത്രം പൊതുവെ സമാധാനപരമാണെന്ന് കാണാം.

ജിഡിപിയിൽ അറുപത്തിയാറാം സ്ഥാനമുള്ള ഈ രാജ്യത്തിന്റെ പ്രധാന കയറ്റുമതി പെട്രോളിയം ഉത്പന്നങ്ങളാണ്‌. സമുദ്രോല്പന്നങ്ങൾ, നാണ്യവിളകളായ കൊക്കൊ, കാപ്പി എന്നിവയാണ്‌ മറ്റു കയറ്റുമതി ഇനങ്ങൾ. വ്യവസായ ഉല്പന്നങ്ങൾ, ഉപഭോക്തൃഉല്പന്നങ്ങൾ എന്നിവയാണ്‌ എന്നിവയാണ്‌ പ്രധാന ഇറക്കുമതി. ഇക്വഡോറിന്‌ കയറ്റുമതി-ഇടക്കുമതി ബന്ധമുള്ള പ്രധാന രാജ്യങ്ങളാണ്‌ യു എസ് എ, റഷ്യ, ചൈന, ബ്രസീൽ, വെനിസൂല, കൊളമ്പിയ, ചിലി, പെറു എന്നിവയാണ്‌.

വേനൽക്കാലവുധിയും ഹോളിവുഡും

വേനലക്കാലവുധി തുടങ്ങിയതനുസരിച്ച് ആഗസ്റ്റ് ആദ്യവരത്തിലോ, മദ്ധ്യത്തിലോ, സെപ്റ്റംബർ ആദ്യവാരത്തിലോ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ തുറക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇവിടെ ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്‌ കണക്കിലും, ശസ്ത്രത്തിലും ശരാശരി അമേരിക്കൻ വിദ്യാർത്ഥികളുടെ പിന്നോക്കാവസ്ഥ. ഇരുപത്തിയഞ്ചാം സ്ഥാനമാണത്രെ ഇവിടുത്തെ വിദ്യാർത്ഥികൾക്കുള്ളത്. ശാസ്ത്രത്തിലും സാങ്കേതിവിദ്യയിലും നൂതനാശയങ്ങളുടെ (Innovations) കുത്തക ഇപ്പോഴും അമേരിക്കക്ക് തന്നെയാണെങ്കിലും അതിന്‌ ഭാവിയിൽ ഇടിവ് ഉണ്ടാകുമെന്ന ഭയത്തിന്റെ അടിസ്ഥാനം ഈ കണക്കുകളാണ്‌.

Grown Ups
ടിവിയുടേയും, ഇന്റർനെറ്റിന്റെയും തള്ളിക്കയറ്റം മൂലം ലോകത്തിലെ സിനിമവ്യവസായം പ്രതിസന്ധിയിലായിട്ട് കാലമേറെയായി. എന്നാൽ ഹോളിവുഡ് പുതിയ പരീക്ഷണങ്ങൾകൊണ്ടും, സാങ്കേതികമേന്മകൊണ്ടും, പുതിയ വിപണികൾ കണ്ടെത്തിയും ഇത്രയും കാലം പിടിച്ചുനിന്നു. എന്നാൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി അതിനെ വീണ്ടും കുഴപ്പത്തിലാക്കി. പുതിയ ചിത്രങ്ങളിൽ മഹാഭൂരിപക്ഷവും പരാജയപ്പെടുന്ന കാഴ്ച്ചയാണ്‌ കഴിഞ്ഞ രണ്ടുവർഷമായി കാണുന്നത്. അവതാറും (Avatar), കുട്ടികൾക്കുള്ള ചില 3D ചിത്രങ്ങളുമാണ്‌ അടുത്ത കാലത്ത് വൻവിജയങ്ങൾ നേടിയത്. ഇവിടെ കഴിഞ്ഞ രണ്ടുമാസമായി വേനൽക്കാലാവുധിയായിട്ടും പുതിയതായി ഇറങ്ങുന്ന ചിത്രങ്ങൾ നിർമ്മാതാക്കൾ പ്രതീക്ഷിച്ച വിജയം നേടിയില്ല.
The Kids are all right
അടുത്ത കാലത്ത് വലിയ പരിക്കേല്ക്കാതെ രക്ഷപ്പെട്ട ചിത്രങ്ങളാണ്‌ ആഡം സൻഡലറിന്റെ (Adam Sandler) ഗ്രോൺ അപ്സ് (Grown Ups), ടൈറ്റാനിക്കിലൂടെ പ്രസിദ്ധനായ ലിയൊനാഡോ ഡികാപ്രിയോവിന്റെ (Leonardo DiCaprio) ഇൻസെപ്ഷൻ (Inception), ടോം ക്രൂസും കാമിറിൺ ഡിയാസും (Tom Cruise and Cameron Diaz) അഭിനയിച്ച നൈറ്റ് ആന്റ് ഡേ (Knight and Day), ആൻജലീന ജോലിയുടെ (Angelina Jolie) സോൾട് (Salt) എന്നിവ. എഴുപതുകളിൽ ഒന്നിച്ച് പഠിച്ച കൂട്ടുകർ ഒത്തുചേരുമ്പോൾ പഴയ തലമുറയും ഇപ്പോഴത്തെ കുട്ടികളും തമ്മിലുള്ള അന്തരം നർമം കലത്തി ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ്‌ ഗ്രോൺ അപ്സ്. മനുഷ്യമനസ്സിനെ മൂന്നിലേറേ തലങ്ങളിൽ വെട്ടിപ്പിടിക്കുന്നതിനുള്ള സാങ്കേതികവിദ്യ വിഷയമാക്കി നിർമ്മിച്ച ഇൻസെപ്ഷൻ പുതുമയുള്ള വിഷയമാണ്‌. റഷ്യൻ ചാരന്റെ കഥ പറയുന്ന സോൾട്ട്, രഹസ്യാന്വേഷകന്റെ കഥ പറയുന്ന നൈറ്റ് ആന്റ് ഡേ എന്നിവ പതിവുചിത്രങ്ങളാണ്‌. എന്നാൽ ശ്രദ്ധേയമായ മറ്റൊരു ചിത്രമാണ്‌, സ്വവർഗ്ഗദമ്പതികളുടെ ജിവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ഗൗരവത്തോടെയും, എന്നാൽ അല്പം നർമം കലർത്തിയും, പ്രതിപാദിക്കുന്ന ദ കിഡ്സ് ആർ ആൾ റൈറ്റ് (The Kids are all right) എന്ന സിനിമ. ആനെറ്റെ ബെനിങ്ങ് (Annette Bening), ജൂലിയാന മോർ (Julianne Moore), മാർക് റഫലോ (Mark Ruffalo) എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ.

*

(ആഗസ്റ്റ് 5, 2010)

Monday, July 5, 2010

അമേരിക്കൻ വിശേഷങ്ങൾ - 9

എ എം എസ്

ജുലൈ 4: അമേരിക്കൻ ഐക്യനാടിന്റെ സ്വാതന്ത്ര്യദിനം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും കോളനിവാഴ്ച്ചക്കും എതിരായി യുദ്ധം ചെയ്ത് സ്വാതന്ത്ര്യം നേടിയ ആദ്യത്തെ രാജ്യമാണ്‌ അമേരിക്ക. അമേരിക്കയിലെ പതിമൂന്ന് കോളനികൾ ചേർന്ന് പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആരംഭിച്ച, അമേരിക്കൻ വിപ്ലവം (American Revolution) എന്നറിയപ്പെടുന്ന, ജനകീയ മുന്നേറ്റമാണ്‌ 1776 ജൂലൈ നാലിലെ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ (Declaration of Independence) കലാശിച്ചത്. 1788-ൽ ഭരണഘടന നിലവിൽ വന്നു. അമേരിക്കൻ വിപ്ലവം എന്ന് പറയുമെങ്കിലും അതൊരു അഭ്യന്തര യുദ്ധമായിരുന്നു. പതിമൂന്ന് കോളനികളിലേയും ജനങ്ങൾ പൊതു അഭിപ്രായമുള്ളവരായിരുന്നില്ല. ദേശാഭിമാനികൾ, വിധേയർ, കൂടാതെ നിസംഗർ (Patriots, Loyalists and Neutrals), ഇതിൽ ആദ്യത്തെ രണ്ടു കൂട്ടർ ശക്തമായി പോരാടി. ഫ്രാൻസും, സ്പെയിനും ദേശാഭിമാനികളുടെ സഹായത്തിനെത്തി. ഇപ്പോൾ പൊതുവെ വിസ്മരിക്കപ്പെട്ടതും ചർച്ച ചെയ്യാൻ മടിക്കുന്നതും ആയ ഒരു വർഗസ്വഭാവം ഈ സ്വാതന്ത്രസമരത്തിന്‌ ഉണ്ടായിരുന്നതായി ചരിത്രകാർന്മാർ , പ്രത്യേകിച്ച് ഫ്രാങ്ക്ലിൻ ജെയിംസൺ ( J. Franklin Jameson) നിരീക്ഷിച്ചിട്ടുണ്ട്. കർഷകർ, ചെറുകിടകച്ചവടക്കാർ, കൈത്തൊഴിലാളികൾ എന്നിവരായിരുന്നു ദേശാഭിമാനികളിൽ മഹാഭൂരിപക്ഷവും. അതോടൊപ്പം അടിമകളായിരുന്ന് കറുത്തവർഗ്ഗക്കാരിൽ ഒരു വിഭാഗം സ്വാതന്ത്രത്തിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞ് അതിന്‌ പരോക്ഷ പിന്തുണ നല്കിയിരുന്നു. അതുപോലെതന്നെ സ്ത്രീകളുടെ പങ്ക് നിർണ്ണായകമായിരുന്നു. അക്കാലത്ത് സ്ത്രീകൽ യുദ്ധത്തിൽ പങ്കെടുക്കക പതിവില്ലെങ്കിലും, പുരുഷവേഷം കെട്ടി സ്ത്രിക്കൾ യുദ്ധത്തിൽ പങ്കെടുത്തിരുന്നു.

Jul 4 Fireworks
ബ്രിട്ടീഷ സാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം അതിനെതിരെ പോരാടിയ രാജ്യം തന്നെ സാമ്രാജത്വത്തിന്റെ തലതൊട്ടപ്പനായി എങ്കിലും ചരിത്രത്തിൽ അമേരിക്കൻ സ്വാതന്ത്രസമരത്തിന്‌ സവിശേഷസ്ഥാനമുണ്ട്. കോളേജ് വിദ്യാഭ്യാസമുള്ളവർക്കടക്കം ഇവിടത്തെ പലർക്കും ഈ ചരിത്രബോധം ഇല്ലെന്ന് ഒരു സർവെയിൽ കണ്ടെത്തിയത് അടുത്തകാലത്ത് വിവിധ ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലും സ്വാതന്ത്രദിനം ഇവിടെ എല്ലാ വർഷവും മറ്റെന്തിനേക്കാളുപരിയായി ജനങ്ങൾ ആഘോഷിക്കും. ജൂലൈ 4 ദേശീയ ദിനമാണിവിടെ (national day). രാജ്യത്തിന്റെ ഓരോ മുക്കും മൂലയും വെടിക്കെട്ട്, വിവിധ തരത്തിലുള്ള പരേഡുകൾ, രാഷ്ടീയസമ്മേളനങ്ങൾ, കുടുംബസമ്മേളനങ്ങൾ, ബേസ്ബാൾ കളികൾ, സംഗീതനിശ തുടങ്ങി വിവിധ ആഘോഷങ്ങൾ കൊണ്ട് ശബ്ദമുഖരിതമായിരിക്കും. ഭൂരിഭഗം ഓഫിസ്സുകൾക്കും നീണ്ട വാരാന്ത്യ (Long Weekend Holiday) അവുധിയായിരുന്നു.

പരാഗ്വെ

ബ്രസീലിനും അർജന്റീനയ്ക്കും ബൊളിവിയയ്ക്കും ഇടയിൽ കിടക്കുന്ന സമുദ്രാതിർത്തിയില്ലാത്ത രാജ്യമാണ്‌ പരാഗ്വെ. ഹൃദയരൂപമുള്ള രാജ്യമാണ്‌ ഉറുഗ്വെ എങ്കിൽ, തെക്കെ അമേരിക്കയുടെ ഹൃദയമായിട്ടാണ്‌ പരാഗ്വെ അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം യൂറോപ്പിൽനിന്നുള്ള കുടിയേറ്റം തുടങ്ങുകയും 1937 ആഗസ്റ്റിൽ സഞ്ചാരിയായ ഹ്വാൻ സൽസർ എസ്പിനോസ (Juan de Salazar y Espinosa (1508-1560)) ഇന്നത്തെ തലസ്ഥാനമായ അസൂൺസിയോണിൽ (Asunción) ആദ്യത്തെ അധിവസിതപ്രദേശം (Settlement) സ്ഥാപിക്കുകയും ചെയ്തു. 1811 മേയ് 15-നാണ്‌ പരാഗ്വെ സ്പെയിനിൽ നിന്നും സ്വാതന്ത്രമാകുന്നത്. 1865 മുതൽ അഞ്ചുവർഷം നീണ്ടുനിന്ന മൂവർസഖ്യത്തിനെതിരായി ( War of the Triple Alliance of Brazil, Argentina, Uruguay) രക്തരൂഷിതമായ യുദ്ധത്തിൽ പരാഗ്വെ ദയനീയമായി പരാജയപ്പെട്ടു. മൊത്തം പുരുഷജനസഖ്യയുടെ മുന്നിലൊന്ന് മരണമടഞ്ഞു. എന്നാൽ പിന്നീട് 1930-ൽ ബൊളിവിയയുമായുണ്ടായ യുദ്ധത്തിൽ പരാഗ്വെ വിജയിച്ചു. ഈ യുദ്ധങ്ങളുടെ ഭാഗമായ കുറെ ഭൂപ്രദേശം പരാഗ്വെക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കുറാച്ചുകാലം അഭ്യന്തരയുദ്ധംകൊണ്ട് അസ്ഥിരമായ രാഷ്ട്രീയ കാലവസ്ഥ നിലനിന്നതിനുശേഷം 1954-ൽ യാഥാസ്തിതിക പാർട്ടിയായ കൊളറാഡോ പാർട്ടി (Colorado Party) അധികരത്തിലെത്തി. അതിന്റെ നേതാവ് അല്ഫ്രേഡോ സ്ട്രോയിസ്സ്നെറിന്റെ (Alfredo Stroessner ) എകാധിപത്യമായിരുന്നു അടുത്ത മുന്നു പതിറ്റാണ്ട് പരാഗ്വെ കണ്ടത്. 1989 ഫെബ്രുവരിയിൽ പട്ടാളഭരണം വന്നു. 1992-ൽ ഭരണഘടന നിലവിൽ വരികയും ജനാധിപത്യം പുന:സ്ഥാപിക്കുകയും ചെയ്തു.

2009-ലെ കണക്കനുസരിച്ച് ഇവിടത്തെ ജനസംഖ്യ 63 ലക്ഷമാണ്‌. ഗ്വരാനി Guaraní, സ്പാനിഷ് എന്നിവയാണ്‌ പ്രധാന ഭാഷകൾ. കൃഷിയാണ്‌ പ്രധാന ആശ്രയം. സൊയാ ബീൻ ഉത്പാദിപ്പിക്കുന്നതിൽ ഈ രാജ്യത്തിന്‌ ആറാം സ്ഥാനമാണുള്ളത്. ഇറക്കുമതി ചെയ്ത സാധനങ്ങൾ തന്നെ കയറ്റുമതിചെയ്യുന്ന വിചിത്ര സാമ്പത്തിക വ്യവസ്ഥിതിയുള്ള അപൂർവം രാജ്യങ്ങളിലൊന്നാണ്‌ പരാഗ്വെ. അതുപോലെ തന്നെ ചെറുകിട സംരംഭകരും, തെരുവുകച്ചവടക്കാരും ഏറെയുള്ള രാജ്യം.

അമേരിക്കയും ഫുട്ബാളും (അഥവാ സോക്കറും)

അമേരിക്കൻ ഫുട്ബാൾ നമ്മുടെ ഫുട്ബാളല്ലെന്ന് ഏവർക്കുമറിയും. ലോകത്തിൾ ഫുട്ബാളിന്‌ പ്രാധാന്യമില്ലാത്ത രാജ്യങ്ങളിലൊന്നാണ്‌ അമേരിക്ക. ബ്രിട്ടനിൽ കളിക്കുന്ന റഗ്ബിക്ക് (Rugby) സമാനമായ കളിയാണ്‌ ഇവിടുത്തെ ഫുട്ബാൾ. പണ്ട് റഗ്ബിക്ക്‌ പറഞ്ഞിരുന്ന പേര്‌ റഗ്ബി ഫുട്ബാൾ എന്നായിരുന്നു. സംശയം ഒഴിവാക്കാനായി ഫുട്ബാളിന്‌ സോക്കർ എന്ന് ബ്രിട്ടനിൽ പറഞ്ഞു തുടങ്ങി. പിന്നീട് റഗ്ബി ഫുട്ബാൾ വെറും റഗ്ബിയായി മാറിയപ്പോൾ അതിന്റെ ഉപയോഗം കുറഞ്ഞു. തങ്ങളുടെ ഫുട്ബാളുമായി തെറ്റിദ്ധരിക്കാതിരിക്കാൻ അമേരിക്ക ആ പദം എറ്റെടുക്കുകയും കൂടുതലായി ഉപയോഗിക്കാനും തുടങ്ങി. വലിയ കുറ്റിയിൽ തല തിരിച്ചു നിർത്തിയ ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കുന്നതിനൊഴികെ കാല്‌ അധികം ഉപയോഗിക്കാത്ത കളിയാണ്‌ അമേരിക്കൻ ഫുട്ബാൾ. ശരീരബലവും, പന്ത് കൈയിലെടുത്ത് എതിരാളിയെ വെട്ടിച്ച് ഓടനുള്ള കഴിവും, കുറ്റമറ്റ രിതിയിൽ പന്ത് എറിയാനുമുള്ള കഴിവും ആണ്‌ കളിയിൽ പരമപ്രധാനം.

ഇവിടെ ഫുട്ബാളും (അമേരിക്കൻ), ബാസ്കറ്റ്ബാളും, ബേസ്ബാളും, ടെന്നിസ്സും കഴിഞ്ഞിട്ടെ സോക്കറിന്‌ സ്ഥാനമുള്ളൂ. ആ സ്ഥാനം ഉണ്ടായതുതന്നെ 1991 ഡിസംബറിൽ അമേരിക്കയുടെ വനിതാ ടീം വേൾഡ് കപ്പ് നേടിയതിനു ശേഷമാണ്‌. അതിനുശേഷമാണത്രെ സോക്കർ മോം (Soccer Mom) അഥവ സോക്കാർ അമ്മമാർ എന്നപദം കളിയാക്കിയും അല്ലാതെയും പ്രചാരത്തിലായത്! ഇത്രയും പറഞ്ഞത്, ലോകത്തെ സകലമാനരാജ്യങ്ങളും ഫുട്ബാൾ ലഹരിയിൽ ആറാടുമ്പോൾ ഇവിടെ മാത്രം അത്ര ആവേശമൊന്നും കാണുന്നില്ലെന്ന് പറയാൻ വേണ്ടി മാത്രമാണ്‌. അടുത്ത കാലത്ത് യൂറോപ്പിൽ നിന്നും ലാറ്റിനമേരിക്കയിൽനിന്നും, ഏഷ്യയിൽനിന്നും കുടിയേറിയവരാണ്‌ സോക്കറിന്റെ മഹാഭൂരിപക്ഷം ആരാധകർ. അമേരിക്കൻ ഫുട്ബാളിന്റെ ആരാധകർ, പ്രത്യേകിച്ചും പുരുഷ ഗർവുള്ളവർ (Macho Men) സോക്കറിനെ സ്ത്രീകളുടെ കളിയായി ഇകഴ്ത്തുന്നത് സർവസാധാരണമാണ്‌. Major League Soccer (MLS) - ന്റെ ഭാഗമായി നടക്കുന്ന ദേശീയ മത്സരങ്ങൾ സോക്കറിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ലോസ് എഞ്ചലസ് ഗാലക്സി, വാഷിങ്ങ്ടൺ ഡി സി യുണൈറ്റഡ്, ന്യു ഇംഗ്ലന്റ് റെവലൂഷൻ, ഷിക്കാഗോ ഫയർ എന്നിവ പ്രമുഖ ടിമുകളാണ്‌.
ജൂലൈ 5, 2010.

*

Tuesday, June 1, 2010

അമേരിക്കൻ വിശേഷങ്ങൾ - 8

എ എം എസ്

ഒബാമയുടെ “കത്രീന”

Photo: Alabama beach after oil spill
ഒബാമയുടെ “കത്രീന” എന്നു പറയുമ്പോൾ ക്ലിന്റന്റെ “മോണിക്ക”യുമായ യാതൊരു താരതമ്യത്തിന്‌ ഇടമില്ലെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഇവിടുത്തെ പ്രതിപാദ്യവിഷയം ബിപിയുടെ (British Petrolium) എണ്ണകിണറിലുണ്ടായ ദു:രന്തമാണ്‌. 2005 ആഗസ്റ്റിൽ കത്രീന കൊടുങ്കാറ്റ് അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രതേകിച്ച് ന്യു ഓർളിയൻസ് നഗരത്തിൽ വിതച്ച ദു:രന്തത്തെ തുടർന്ന് അന്നത്തെ ബുഷ ഭരണകൂടത്തിന്‌ നേരിടേണ്ടിവന്ന വിമർശനങ്ങളും, അത് പിന്നീട് റിപ്പബ്ലികൻ പാർട്ടിയുടെ വിവിധ തലത്തിലുള്ള തെരഞ്ഞെടുപ്പു വിജയങ്ങളെ ബാധിച്ചതും ഓർക്കുന്നുണ്ടാവുമല്ലോ. അതിന്റെ ചരിത്രപരമായ ആവർത്തനമായി ബിപി ദു;രന്തത്തെ കാണാവുന്നതാണ്‌. ഇത്തവണത്തെ പ്രതി ഒബാമ ഭരണകൂടമാണെന്ന് മാത്രം. ആരു ഭരിച്ചാലും ഫെഡറൽ ഗവന്മെന്റിന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ വലിയ വ്യത്യാസമുണ്ടാകില്ലെന്ന് ജനങ്ങളെ വിണ്ടും ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞമാസമുണ്ടായ സംഭവവികാസങ്ങൾ.

ഉറുഗ്വായ്

ഹൃദയരൂപമുള്ള രാജ്യം എന്നറിയപ്പെടുന്ന ഉറുഗ്വായ് ഫുട്ബാൾ പ്രേമികൾക്ക് അപരചിതമാകാൻ ഇടയില്ല. ലോകഫുട്ബാൾ ചരിത്രത്തിന്റെ ആദ്യനാളുകളിൽ ബ്രസീലിനാടൊപ്പമോ അതിന്റെ മുകളിലോ ആയിരുന്നു ഈ രാജ്യത്തിന്റെ സ്ഥാനം. അർജന്റീനക്കും ബ്രസീലിനും ഇടയിലായി തെക്കെ അറ്റ്ലാന്റിക് സമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഈ രാജ്യം പ്രകൃതി ഭംഗിയാൽ അനുഗൃഹീതമാണ്‌. സമുദ്രത്തോട് ചേർന്നുകിടക്കുന്ന മോണ്ടെവിഡിയോ (Montevideo) നഗരമാണ്‌ തൽസ്ഥാനം. 40 ലക്ഷത്തോളം ജനസംഖ്യയുള്ളതിൽ മുന്നിലൊന്ന് (14 ലക്ഷം) ഈ നഗരത്തിലാണ്‌ വസിക്കുന്നത്. വിവിധ വർഗ്ഗ-വംശങ്ങൾ (race-ethnic) ഉണ്ടെങ്കിലും തദ്ദേശിയരായ അമേരിക്കക്കാരും (Native Amercans), യൂറോപ്പിൽനിന്നും (പ്രത്യേകിച്ച് ഇറ്റലിയിൽനിന്നും സ്പെയിനിൽനിന്നും) കുടിയേറിയവരുമാണ്‌ പ്രധാന ജനവിഭാഗം. സ്പാനിഷ് ആണ്‌ ഔദ്യോഗികഭാഷയെങ്കിലും, ഇംഗ്ലീഷും, ഫ്രഞ്ചും തദ്ദേശിയഭാഷകളും പ്രധാന ഭാഷകളാണ്‌. ഉന്നത സാക്ഷരതയുള്ള (98%) ഇവിടത്തെ ജനങ്ങളിൽ 77% ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്‌.

Photo: Independent square, Montevideo, Uruguay
രണ്ടു നൂറ്റാണ്ടോളം സ്പെയിനിന്റെയും, പോർചുഗല്ലിന്റേയും തർക്കങ്ങൾക്കിടയിൽ കിടന്നിരുന്ന ഈ രാജ്യം 1925 ആഗസ്റ്റ് 25-ന്‌ സ്വതന്ത്രമാകുകയും, 1830 ജൂലൈ 18-ന്‌ പുതിയ ഭരണഘടന അംഗീകരിക്കുകയും ചെയ്തു. അഞ്ചു വർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്ന പ്രസിഡൻഷ്യൽ ഭരണരിതിയാണ്‌ ഇവിടെയുള്ളത്. ദേശീയ വീരപുരുഷൻ (Natioanl Hero) അഥവാ രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്ന ഹൂസെ ആർടിഗാസ് (José Artigas), ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡണ്ട് ഫ്രക്ടൂസോ റിവേര (Fructuoso Rivera) എന്നിവർ ദേശിയ സ്വാതന്ത്രസമര നേതാക്കളാണ്‌.







Photo: José Artigas
ഇവിടത്തെ പ്രധാന വരുമാന വിഭവങ്ങൾ കൃഷി, മൃഗസംരക്ഷണം, സേവനമേഖല, ടൂറിസം എന്നിവയാണ്‌. ലാറ്റിനമേരിക്കയിലെ രാജ്യങ്ങളിൽ ഏറ്റവും കുറവ് സാമുഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ ഉള്ള രാജ്യങ്ങളിലൊന്നാണ്‌ ഉറുഗ്വായ്. പരിസ്ഥിതി സ്ഥിരതാ സൂചികയിൽ (Environmental Sustainability Index) ഈ രാജ്യത്തിന്‌ ആറാം സ്ഥാനമുണ്ട്.












വേനലവധി

Photo: Disney World
വേനൽ നേരത്തെ വരുന്ന അമേരിക്കയിൽ തെക്കൻ സംസ്ഥാനങ്ങളിൽ രണ്ടര മാസം നീണ്ടുനില്ക്കുന്ന വേനലവുധി മേയ് അവസാത്തോടെ ആരംഭിച്ചു. വടക്കൻ സംസ്ഥാനങ്ങളിൽ അത് ജൂൺ പകുതിയോടെ ആരംഭിക്കും. ഇവിടത്തെ കുട്ടികൾക്കുവേണ്ടി വിവിധ വേനലക്കാല ക്യാമ്പുകളും, വെക്കേഷൻ യാത്രകളും സംഘടിപ്പിക്കുന്നവരുടെ കൊയ്ത്തുകാലമാണിത്. ഡിസ്നി ലാന്റും, ഡിസ്നിവേൾഡും അടക്കമുള്ള എല്ലാ പാർക്കുകളും കുട്ടികളെകൊണ്ട് നിറഞ്ഞിരിക്കും. ഇന്ത്യക്കാർ നാട്ടിലേക്ക് തിരിക്കുന്ന സമയം. എല്ലാ വിമാനകമ്പനികളും യാത്രക്കാരെ ചൂഷണം ചെയ്യുന്ന സമയവും ഇതുതന്നെ.

*

ജൂൺ 1, 2010.

Saturday, May 1, 2010

അമേരിക്കൻ വിശേഷങ്ങൾ - 7

എ എം എസ്

അരിസോണയിലെ (Arizona) അനധികൃത കുടിയേറ്റ നിയമം

ഒന്നരകോടിയിലേറെ അനധികൃത കുടിയേറ്റക്കാർ അമേരിക്കയിൽ ഉണ്ടെന്നാണ്‌ കണക്കാക്കുന്നത്. അതിൽ മഹാഭൂരിപക്ഷവും തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും, പ്രത്യേകിച്ച് മെക്സിക്കോയിൽ (Mexico) നിന്നുമാണ്‌. അതിന്റെ ദൂഷ്യഫലങ്ങൾ ഏറെ അനുഭവിക്കുന്ന സംസ്ഥാനങ്ങളാണ്‌ കാലിഫോർണിയ, അരിസോണ, ടെക്സാസ്, ഫ്ലോറിഡ എന്നിവ. അതിൽ 5 ലക്ഷം അരിസോണയിലുണ്ട്. അതിർത്തി സംരക്ഷണം ഫെഡറൽ ഉത്തരവാദിത്തമാണെങ്കിലും അരിസോണ സംസ്ഥാനത്തെ നിയമസമാജികർ അത് സ്വന്തം കൈയിലെടുക്കാൻ തീരുമാനിച്ചതോടെ കുടിയേറ്റ ചർച്ചകൾ അതിന്റെ തീവ്രതയിൽ എത്തിനില്ക്കുകയാണ്‌. ഇക്കഴിഞ്ഞ ഏപ്രിൽ 23ന്‌ വെള്ളിയാഴ്ച്ച ഗവർണർ ബ്രൂവർ (Gov. Jan Brewer) ഒപ്പിട്ടതോടെ നിയമസഭ പാസ്സാക്കിയ അനധികൃത കുടിയേറ്റ നിയമം (Illegal Immigration Law) നിയമമായി. ഒരു സംസ്ഥനത്തിന്‌ അത്തരം നിയമം പാസ്സാക്കാനുള്ള അവകാശമുണ്ടോ എന്നുള്ളത് തർക്കാവിഷയമാണ്‌. അത് ഫെഡറൽ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നുള്ളത് ഉറപ്പായിരിക്കുകയാണ്‌.

ഈ നിയമമനുസരിച്ച് ഒരു സാദാ പോലീസുകാരന്‌ അയാൾക്ക് അനധികൃതനാണെന്ന് തോന്നുന്ന ആരോടും അനധികൃതമല്ലെന്ന് തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം. എപ്പോൾ വേണമെങ്കിലും കേസ്സെടുക്കാം, തടഞ്ഞുവെക്കാം. അങ്ങിനെ ഒരു അവകാശം പൊലീസിനില്ലെന്ന് നിയമത്തിന്റെ പിന്തുണക്കാർ അവകാശപ്പെടുന്നുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിയവർപോലും അവരുടെ നിറത്തിന്റെയും, വംശത്തിന്റെയും അടിസ്ഥാനത്തിൽ (Racial profiling) അവഹേളിക്കപ്പെടുമെന്ന് കരുതുന്നവരാണ്‌ ഏറേയും. പൊതുവെ ഡെമൊക്രാറ്റുകൾ നിയമത്തിനെതിരും, റിപ്പബ്ലികൻ പാർട്ടിക്കാർ അനുകൂലവുമാണ്‌. വരാൻ പോകുന്ന ഇടക്കാല തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ, ജനപിന്തുണ കുറഞ്ഞുവരുന്ന ഒബാമക്ക് വീണുകിട്ടിയ ഒരു കച്ചിതുരുമ്പാണ്‌ ഈ നിയമം. ന്യൂനപക്ഷരാഷ്ട്രീയം ആയുധമാക്കി മെക്സിക്കൻ വംശജരുടെ വോട്ട് മൊത്തമായി ഡെമൊക്രാറ്റുകൾക്ക് വിഴുമെന്ന് അവർ പ്രതീക്ഷിക്കുന്നു. സമഗ്രകുടിയേറ്റനിയമം നടപ്പാക്കാനുള്ള ചർച്ച് വാഷിങ്ങ്ട്ടനിൽ പുരോഗിമിക്കുമ്പോൾ ധൃതിപിടിച്ച് ഇത്തരമൊരു നിയമം നടപ്പാക്കിയത് മണ്ടത്തരമാണെന്ന് കരുതുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാർ ഉണ്ട്. സാമ്പത്തിക ഉച്ചനീചത്വം അതിർത്തിക്കപ്പുറത്ത് ഇത്രയേറെ ഉള്ളപ്പോൾ എങ്ങിനെയാണ്‌ ജനങ്ങളുടെ ഒഴുക്ക് തടയാനാവുക എന്ന് കരുതുന്നവരും ഉണ്ട്. ആഗോള മുതലാളിത്ത സാമ്പത്തികക്രമത്തിൽ തൊഴിലിനും മനുഷ്യർക്കും ഒഴിച്ച് മറ്റെല്ലാത്തിനും രാജ്യാതിർത്തികൾ ബാധകമല്ലെന്ന “അന്തർദേശീയ നിയമം” എത്ര അധാർമികമാണെന്ന് വെളിപ്പെടുത്തുന്നതാണ്‌ കുടിയേറ്റവുമായ ബന്ധപ്പെട്ടു ഉയർന്നുവരുന്ന പ്രശ്നങ്ങൾ.




സുരിനാം (Suriname)

സുരിനാം എന്ന വാക്കിന്റെ അർത്ഥം വളരെ ഒഴുക്കുള്ള നദി (river of many rapids) എന്നാണ്‌. തെക്കെ അമേരിക്കൻ വൻകരയിൽ വടക്ക് അറ്റ്ലാന്റിക് സമുദ്രത്തോട് ചേർന്ന് കിടക്കുന്ന അഞ്ച് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ രാജ്യം ലോകത്തിലെ ചെറിയ രാജ്യങ്ങളിലൊന്നാണ്‌. പ്രകൃതിരമണീയമായ ഈ ഉഷ്ണമേഖലാ പ്രദേശം പുഴകൾകൊണ്ടും മഴക്കാടുകൾകൊണ്ടും സമ്പന്നമാണ്‌. 6000 ചതുരശ്ര മൈൽ സംരക്ഷിതവനപ്രദേശമുള്ള രാജ്യം. 1498 -ൽ ക്രിസ്റ്റഫർ കൊളമ്പസ് കണ്ടെങ്കിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ സ്പെയികാരാണ്‌ ആദ്യമായി അവിടെ കുടിയേറിയത്. പിന്നീട് ഇംഗ്ലീഷുകാരും മറ്റു യൂറോപ്പ്യന്മാരും അവിടെ എത്തി. 1667-ൽ ഡച്ച് കോളനിയായി.

Coppename River
1863 - ൽ അടിമത്തം അവസാനിച്ചശേഷമാണ്‌ ചൈനയിൽ നിന്നും, ഇന്ത്യയിൽനിന്നും, ഇന്ത്യനേഷ്യയിൽനിന്നും, ജാവയിൽനിന്നും തൊഴിലാളികൾ ഇവിടേക്ക് കുടിയേറിപ്പാർത്തുതുടങ്ങിയത്. 37% ഇന്ത്യക്കാരുടെ പിൻതലമുറയുള്ള രാജ്യമാണിത്. ഹിന്ദിഭാഷയുമായി സാമ്യമുള്ള കരീബിയൻ ഹിന്ദുസ്ഥാനി ഭാഷ സംസാരിക്കുന്നവർ (Caribbean Hindustani, a dialect of Hindi). 1975 സ്വാതന്ത്ര്യം നേടിയതിനുശേഷം അഞ്ചുവർഷം സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായിരുന്നു. പിന്നീട് മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളെപ്പൊലെ തന്നെ വിദേശ ഇടപെടലും പട്ടാള അട്ടിമറിയും നടന്നു. 1990-ൽ മുതലാളിത്ത ജനാധിപത്യം സ്വീകരിച്ചു. സമുദ്രോല്പന്നങ്ങൾ, മരവ്യവസായം, ഖനനം, ജലവൈദ്യുതപദ്ധതികൾ എന്നിവകൊണ്ട് സമ്പന്നമാണ്‌ സുരിനാം. കയറ്റുമതികൊണ്ടുള്ള വരുമാനം സുരിനാമിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്‌.

അമേരിക്കയിലെ “ഇടവപ്പാതി”

DownTown, Nashville
കേരളത്തിലെ ഇടവപ്പാതിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു കഴിഞ്ഞാഴ്ച്ച അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും, കാറ്റും, വെള്ളപ്പൊക്കവും. ജോർജിയ, കെന്റക്കി, മിസ്സിസ്സിപ്പി എന്നീ സംസ്ഥാനങ്ങളെ ബാധിച്ചെങ്കിലും ഏറ്റവും കൂടുതൽ ബാധിച്ചത് ടെന്നിസ്സി സംസ്ഥാനത്തെയാണ്‌. മെയ് 1, 2 തിയ്യതികളിലയി 15 ഇഞ്ച് മഴ പെയ്തു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ടെന്നിസ്സിയുടെ തലസ്ഥാനമായ നാഷ്-വില്ലിന്റെ നഗരമദ്ധ്യം (down town) വെള്ളത്തിനടിയിലായി. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഹോട്ടലായ ഓപ്രിലാന്റ് (Opryland) ഹോട്ടലും പരിസരവും വെള്ളം വന്നു നിറഞ്ഞു. മരിച്ച 27 പേരിൽ ഭൂരിഭാഗവും ഈ സംസ്ഥാനത്തായിരുന്നു. അതിൻൽത്തന്നെ 10 പേർ നാഷ്-വിൽ സ്ഥിതി ചെയ്യുന്ന ഡേവിഡ്സൺ കൗണ്ടിയിലായിരുന്നു (County).

Opryland Hotel
ഒരു ബില്യൻ ഡോളറിലധികം നാശനഷടം വിതച്ച ദു:രന്തത്തിന്‌ ഫെഡറൽ ഗവർമെന്റോ, മാദ്ധ്യമങ്ങളോ തുടക്കത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന് പരാതി നിലനില്ക്കുന്നുണ്ട്. കത്രീന കൊടുങ്കാറ്റിനെ തുടർന്ന് ലൂസിയാന സംസ്ഥാനത്തെ ന്യു ഓർളിയൻസിൽ ഉണ്ടായ നാശത്തോളം വരില്ലെങ്കിലും, 1937 -നു ശേഷം ടെന്നിസ്സി കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു ഇത്. എത്ര വികിസിത രാജ്യമായാലും പ്രകൃതിദു:രന്തങ്ങളുണ്ടാകുമ്പോൾ ജനങ്ങളുടെ നിസ്സഹായതയുടെ ഒരു ഉദാഹരണം കൂടിയായി ഇത്. അതുപോലെതന്നെ ഇൻഷൂറൻസ് കമ്പനികളെ മാത്രം സഹായിക്കുന്ന തീപ്പെട്ടികൂടുപോലെയുള്ള ഇവിടുത്തെ വീടുനിർമ്മാണരീതി പുനർവിചിന്തനം ചെയ്യേണ്ട സമയമായി എന്നുകൂടി ഇത് ഓർമ്മപ്പെടുത്തുന്നു.

*

മെയ് 5, 2010.

Thursday, April 1, 2010

അമേരിക്കൻ വിശേഷങ്ങൾ - 6

എ എം എസ്

ആരോഗ്യസുരക്ഷ പദ്ധതി നിയമമായി

ഒരു വർഷത്തിലേറെയായി അമേരിക്കൻ ജനത ആകാംക്ഷയോടെ ഒറ്റു നോക്കിയ ആരോഗ്യസുരക്ഷ പദ്ധതി 2010 മാർച്ച് 23-ന്‌ പ്രസിഡന്റ് ഒബാമ ഒപ്പിട്ടതോടെ നിയമമായി. പൊതുവെ സമവായത്തിലൂടെ നിയമങ്ങൾ പാസ്സാക്കാറുള്ള രീതി ഈ നിയമത്തിന്റെ കാര്യത്തിൽ ഉണ്ടായില്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെയും, യാഥാസ്ഥിതികരുടേയും (Conservative) കടുത്ത എതിർപ്പാണ്‌ ഈ നിയമത്തിനുനേരെ ഉണ്ടായത്. അവർ നിയമനടപടിക്ക് തയ്യാറയിരിക്കുകുയാണെങ്കിലും കോൺഗ്രസ്സിന്റെ അവകാശങ്ങൾക്കുനേരെ സുപ്രീംകോടതി കൈകടത്താൻ സാദ്ധ്യത കുറവാണെന്ന് കരുതുന്നവരാണേറെയും. അതിന്റെ ഗുണ-ദോഷവശങ്ങൾ കണ്ടറിയാനിരിക്കുന്നതേയുള്ളൂ. എങ്കിലും ദോഷത്തെക്കാളേറെ ഗുണം അതിനുണ്ടെന്ന് വിശ്വസിക്കുന്നവരാണ്‌ ഭൂരിപക്ഷം അമേരിക്കക്കാരും.

ചായ സത്ക്കാര മുന്നേറ്റം (Tea Party Movement)
പ്രസിഡന്റ് ഒബാമ അപൂർവം ചില വിഷയങ്ങളിൽ ഇടതുപക്ഷ-പുരോഗമന നിലപാടുകൾ എടുക്കാറുണ്ടെങ്കിലും, നിലവിലുള്ള മുതലാളിത്ത ജനാധിപത്യ വ്യവസ്ഥിതി അതേപടി നിലനിർത്തണമെന്ന് അഭിപ്രായക്കാരനാണ്‌. അമേരിക്കയിൽ പാവങ്ങളോടും, മദ്ധ്യവർഗ്ഗത്തിനോടും ചായ്‌വ്വ് പുലർത്തുന്ന, സമൂഹികവിഷയങ്ങളിൽ വിശാലമന:സ്കനും (Liberal), സാമ്പത്തികവിഷയങ്ങളിൽ മുതലാളിത്ത ഉദാരമതിയും ആണെന്ന്‌ വേണമെങ്കിൽ പറയാം. പക്ഷെ യാഥാസ്ഥിതികരും റിപ്പബ്ലിക്കൻ പാർട്ടിയും ഒബാമയെ ഒരു സോഷ്യലിസ്റ്റും, പുരോഗമനവാദിയും ആയിട്ടാണ്‌ കണക്കാക്കുന്നതും പ്രചരിപ്പിക്കുന്നതും. മത്സരിക്കുന്ന സമയത്തും, പ്രസിഡന്റായതിന്‌ ശേഷവും ഒബാക്കെതിരായി വളർന്നു വന്ന ഒരു മുന്നേറ്റമാണ്‌ “ടി പാർട്ടി മൂവമെന്റ്”. റിപ്പബ്ലിക്കൻ പാർട്ടിയെ സക്രിയമാക്കുന്നതിനും, ഒബാമക്കെതിരെ ദയനീയമായി പരാജയപ്പെട്ടതിന്റെ ജാള്ള്യത മറക്കുന്നതിനും ഈ മൂവ്മെന്റ് സഹായിച്ചിട്ടുണ്ട്. കുറഞ്ഞു വരുന്ന ഒബാമയുടെ പ്രസിദ്ധിക്കുള്ള ഒരു കാരണം ഇവരുടെ മുന്നേറ്റമാണ്‌. 2010 -ൽ നടക്കൻ പോകുന്ന അമേരിക്കൻ കോൺഗ്രസ്സിലേക്കുള്ള പ്രതിനിധികൾ, ഗവർണർമാർ എന്നിവരുടെ തെരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകളെ ദയനീയമായി പരാജയപ്പെടുത്താൻ കഴിയുമെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. റൂപ്പർട്ട് മർഡോക്കിന്റെ (Rupert Murdoch) ഫോക്സടക്കമുള്ള (Fox Network) വലതുപക്ഷമാദ്ധ്യമങ്ങൾ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

Map: ബൊളിവിയ
സമുദ്രാതിർത്തിയില്ലാത്ത, ബ്രസീൽ, അർജന്റീന, ചിലി, പെറു, പരാഗ്വെ തുടങ്ങിയ രാജ്യങ്ങളാൽ ചുറ്റിക്കിടക്കുന്ന രാജ്യമാണിത്. പതിനാറാം നൂറ്റാണ്ടിൽ സ്പെയിനിന്റെ കോളനിയാകുന്നത്തിനുമുമ്പ് ബൊളിവിയ ഇങ്ക സാമ്രാജ്യത്തിന്റെ (Inca Empire) ഭാഗമായിരുന്നു. സ്പാനിഷ് ഭരണകാലത്ത് ഈ പ്രദേശം മുകളിലെ പെറു അല്ലെങ്കിൽ കാരക്കസ് (Upper Peru or Charcas) എന്നാണ്‌ അറിയപ്പെട്ടിരുന്നത്. 1809-ൽ സ്വാതന്ത്ര്യം നേടിയ ബൊളിവിയ 16 വർഷം നീണ്ട അഭ്യന്തര യുദ്ധത്തിനുശേഷം 1825 ആഗസ്റ്റ് 6-ന്‌ റിപ്പബ്ലിക്കായി. കോളനി വഴച്ചക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നലകിയ വിപ്ലവകാരി സൈമണ ബൊളിവറിന്റെ (Simon Bolivar, July 24, 1783 - December 17, 1830) ബഹുമാനാർത്ഥമാണ്‌ രാജ്യത്തിന്‌ ആ പേരു നലികയത്. ഇന്നത്തെ വെനിസൂല, കൊളമ്പിയ, പെറു, ബൊളിവിയ, ഇക്വഡോർ എന്നീ രാജ്യങ്ങൾ ചേർന്ന ഗ്രാൻ കൊളമ്പിയായുടെ (Gran Columia) 1819 മുതൽ 1830 വരെ പ്രസിഡന്റായിരുന്നു ബൊളിവർ. ഈ രാജ്യങ്ങളിലും, ലോകത്തിലെ കോളനിവിരുദ്ധ-സ്വാതന്ത്രസമര പ്രസ്ഥാനങ്ങൾക്കും അദ്ദേഹം ആരാധ്യപുരുഷനാണ്‌.

ബൊളിവീറിയൻ ചരിത്രം

തെക്കെ അമേരിക്കയിലെ ദേശാഭിമാനിയും, വിപ്ലവകാരിയും, ധീരനായ യോദ്ധാവും, സ്വാതന്ത്ര്യസമരസേനാനിയും ആയിട്ടാണ്‌ ബൊളിവർ അറിയപ്പെടുന്നത്. വിമോചകൻ (El Liberator) എന്നും തെക്കെ അമേരിക്കയിലെ ജോർജ് വാഷിങ്ങ്ട്ടൻ (George Washington of South America) എന്നും അദ്ദേഹം അറിയപ്പെടുന്നു. 1783 ജൂലൈ 24 ന്‌ വെനിസൂലയിലെ കാരക്കസ്സിൽ ജനിച്ച അദ്ദേഹത്തിന്‌ ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ടുവെങ്കിലും അവരുടെ പാരമ്പര്യസ്വത്ത് അനുഗ്രഹമായി. വളരെ ചെറുപ്പത്തിലെ യൂറോപ്പാകെ സഞ്ചരിക്കാൻ കഴിഞ്ഞു. തിരിച്ചുവന്ന് ദേശാഭിമാനികളോടൊപ്പം (patriots) ചേരുകയും, 1810-ൽ കാരക്കസ് പിടിച്ചെടുത്ത് സ്വാതന്ത്രം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീടങ്ങോട്ടുള്ള തെക്കെ അമേരിക്കയുടെ ചരിത്രം ബൊളിവീറിയൻ ചരിത്രമായി മാറി. അദ്ദേഹത്തിന്റെ അവസാനകാലത്ത് പ്രതിവിപ്ലവ ശക്തികളെ തടയുന്നതിനുവേണ്ടി എടുത്ത ചില നടപടികൾ അദ്ദേഹത്തിനുതന്നെ വിനയാകുകയും അത് ഗ്രാൻ കൊളമ്പിയായുടെ തകർച്ചയിൽ അവസാനിക്കുകയും ചെയ്തു. ക്ഷയരോഗിയായി തീർന്ന ബൊളിവർ 1830 ഡിസംബർ 17-ന്‌ അന്തരിച്ചു.

സമകാലീന ബൊളിവീയ

ഒരു കോടിയിൽ താഴെ ജനസംഖ്യയുള്ള ബൊളിവിയ തെക്കെ അമേരിക്കയിലെ അവികിസിതവും ദരിദ്രവുമായ രാജ്യമാണ്‌. 45 ബില്യൻ യു എസ് ഡോളറിന്റെ ജിഡിപിയുള്ള ഇവിടുത്തെ പ്രധാന കൃഷി സൊയാബിൻ, കാപ്പി, കൊക്കോ, നെല്ല്, കോൺ, പരുത്തി തുടങ്ങിയവയും വ്യവസായം ഖനനം, പുകയില, തുണി, പെട്രോളിയം മുതലായവയുമാണ്‌. വിവിധ ആശയങ്ങൾക്ക് തുല്ല്യമായി വേരോട്ടമുള്ള ഒരു രാജ്യമാണിത്. ഇടതു-വലതു ആശയങ്ങളുടെ ശക്തമായ സാന്നിദ്ധ്യം ഇവിടെ കാണാം. അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കിട്ടുന്ന ആൾ പ്രസിഡന്റാകും. അമ്പത്

ശതമാനത്തിലേറെ വോട്ടുകിട്ടിയില്ലെങ്കിൽ പ്രതിനിധിസഭയായ കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഇപ്പോഴെത്തെ പ്രസിഡന്റ് സോഷ്യലിസ്റ്റുകാരനായ ഈവോ മൊറാലെസ് (Evo Morales) 2009 - ൽ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയ ചെറിപുഷ്പം വിടരുന്ന ഉത്സവം (National Cherry Blossom Festival)

വസന്തത്തെ വരവേല്ക്കുന്ന അമേരിക്കയിലെ ഉത്സവമാണിത്. മറ്റു സംസ്ഥാനങ്ങളിലും ഉണ്ടെങ്കിലും, തലസ്ഥാനനഗരിയായ വാഷിങ്ങ്ടൺ DC (Distirct Columbia) - യിൽ മാർച്ച് 27 മുതൽ ഏപ്രിൽ 11 വരെ മുന്നാഴ്ച്ചയോളം നീണ്ടുനില്ക്കുന്ന ആഘോഷമാണ്‌ ഇതിൽ പ്രധാനം. ഇലകൊഴിഞ്ഞ് വരണ്ട, വിരസമായ മഞ്ഞുകാലത്തോട് വിടപറഞ്ഞ് വസന്തത്തെ സ്വീകരിക്കുകയുന്നതോടൊപ്പം , 1912-ൽ അമേരിക്ക-ജപ്പാൻ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി ജപ്പാൻ നല്കിയ മനോഹരമായി പുഷ്പിക്കുന്ന ഈ വൃക്ഷത്തിന്റെ ഓർമ്മ പുതുക്കുന്ന വാരം കൂടിയാണിത്.

ജാപ്പനീസ് ഭാഷയിൽ സകൂറ (Sakura) എന്നറിയപ്പെടുന്ന ഈ വൃക്ഷം ചൈന, കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും വളരുന്ന സ്വദേശി വൃക്ഷമാണ്‌. 1912 മാർച്ച് 27-നാണ്‌ ആദ്യമായി ഈ ഉത്സവം ആഘോഷിച്ചു തുടങ്ങിയത്.






അന്നത്തെ അമേരിക്കൻ പ്രഥമവനിത ഹെലൻ ടാഫ്റ്റ് (Helen Taft) ആണ്‌ ആദ്യമായി ഈവൃക്ഷം നടുന്നത്. പിന്നീടങ്ങോട്ട് അമേരിക്കൻ ജനതയുടെ പ്രിയവൃക്ഷമായി മാറി അത്. വിവിധ വർണ്ണങ്ങളിൽ പുഷ്പിച്ചു നില്ക്കുന്ന ഈ മരം കാണാൻ വരുന്ന വിദേശീയരും തദ്ദേശീയരും ആയ സന്ദർശകരെക്കൊണ്ട് മൂന്നാഴച്ചക്കാലം തലസ്ഥാനനഗരി നിറഞ്ഞിരിക്കും. ഘോഷയാത്ര, പ്രത്യേക ജാപ്പനീസ് ആഘോഷങ്ങൾ, വർണ്ണാഭമായ വെടിക്കെട്ട് തുടങ്ങിയവ ഈ ആഴ്ചകളിലെ പ്രധാന പരിപാടികളാണ്‌.

*
ഏപ്രിൽ 1, 2010