Thursday, April 1, 2010

അമേരിക്കൻ വിശേഷങ്ങൾ - 6

അമ്പഴയ്ക്കാട്ട് ശങ്കരൻ

ആരോഗ്യസുരക്ഷ പദ്ധതി നിയമമായി

ഒരു വർഷത്തിലേറെയായി അമേരിക്കൻ ജനത ആകാംക്ഷയോടെ ഒറ്റു നോക്കിയ ആരോഗ്യസുരക്ഷ പദ്ധതി 2010 മാർച്ച് 23-ന്‌ പ്രസിഡന്റ് ഒബാമ ഒപ്പിട്ടതോടെ നിയമമായി. പൊതുവെ സമവായത്തിലൂടെ നിയമങ്ങൾ പാസ്സാക്കാറുള്ള രീതി ഈ നിയമത്തിന്റെ കാര്യത്തിൽ ഉണ്ടായില്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെയും, യാഥാസ്ഥിതികരുടേയും (Conservative) കടുത്ത എതിർപ്പാണ്‌ ഈ നിയമത്തിനുനേരെ ഉണ്ടായത്. അവർ നിയമനടപടിക്ക് തയ്യാറയിരിക്കുകുയാണെങ്കിലും കോൺഗ്രസ്സിന്റെ അവകാശങ്ങൾക്കുനേരെ സുപ്രീംകോടതി കൈകടത്താൻ സാദ്ധ്യത കുറവാണെന്ന് കരുതുന്നവരാണേറെയും. അതിന്റെ ഗുണ-ദോഷവശങ്ങൾ കണ്ടറിയാനിരിക്കുന്നതേയുള്ളൂ. എങ്കിലും ദോഷത്തെക്കാളേറെ ഗുണം അതിനുണ്ടെന്ന് വിശ്വസിക്കുന്നവരാണ്‌ ഭൂരിപക്ഷം അമേരിക്കക്കാരും.

ചായ സത്ക്കാര മുന്നേറ്റം (Tea Party Movement)
പ്രസിഡന്റ് ഒബാമ അപൂർവം ചില വിഷയങ്ങളിൽ ഇടതുപക്ഷ-പുരോഗമന നിലപാടുകൾ എടുക്കാറുണ്ടെങ്കിലും, നിലവിലുള്ള മുതലാളിത്ത ജനാധിപത്യ വ്യവസ്ഥിതി അതേപടി നിലനിർത്തണമെന്ന് അഭിപ്രായക്കാരനാണ്‌. അമേരിക്കയിൽ പാവങ്ങളോടും, മദ്ധ്യവർഗ്ഗത്തിനോടും ചായ്‌വ്വ് പുലർത്തുന്ന, സമൂഹികവിഷയങ്ങളിൽ വിശാലമന:സ്കനും (Liberal), സാമ്പത്തികവിഷയങ്ങളിൽ മുതലാളിത്ത ഉദാരമതിയും ആണെന്ന്‌ വേണമെങ്കിൽ പറയാം. പക്ഷെ യാഥാസ്ഥിതികരും റിപ്പബ്ലിക്കൻ പാർട്ടിയും ഒബാമയെ ഒരു സോഷ്യലിസ്റ്റും, പുരോഗമനവാദിയും ആയിട്ടാണ്‌ കണക്കാക്കുന്നതും പ്രചരിപ്പിക്കുന്നതും. മത്സരിക്കുന്ന സമയത്തും, പ്രസിഡന്റായതിന്‌ ശേഷവും ഒബാക്കെതിരായി വളർന്നു വന്ന ഒരു മുന്നേറ്റമാണ്‌ “ടി പാർട്ടി മൂവമെന്റ്”. റിപ്പബ്ലിക്കൻ പാർട്ടിയെ സക്രിയമാക്കുന്നതിനും, ഒബാമക്കെതിരെ ദയനീയമായി പരാജയപ്പെട്ടതിന്റെ ജാള്ള്യത മറക്കുന്നതിനും ഈ മൂവ്മെന്റ് സഹായിച്ചിട്ടുണ്ട്. കുറഞ്ഞു വരുന്ന ഒബാമയുടെ പ്രസിദ്ധിക്കുള്ള ഒരു കാരണം ഇവരുടെ മുന്നേറ്റമാണ്‌. 2010 -ൽ നടക്കൻ പോകുന്ന അമേരിക്കൻ കോൺഗ്രസ്സിലേക്കുള്ള പ്രതിനിധികൾ, ഗവർണർമാർ എന്നിവരുടെ തെരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകളെ ദയനീയമായി പരാജയപ്പെടുത്താൻ കഴിയുമെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. റൂപ്പർട്ട് മർഡോക്കിന്റെ (Rupert Murdoch) ഫോക്സടക്കമുള്ള (Fox Network) വലതുപക്ഷമാദ്ധ്യമങ്ങൾ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

Map: ബൊളിവിയ
സമുദ്രാതിർത്തിയില്ലാത്ത, ബ്രസീൽ, അർജന്റീന, ചിലി, പെറു, പരാഗ്വെ തുടങ്ങിയ രാജ്യങ്ങളാൽ ചുറ്റിക്കിടക്കുന്ന രാജ്യമാണിത്. പതിനാറാം നൂറ്റാണ്ടിൽ സ്പെയിനിന്റെ കോളനിയാകുന്നത്തിനുമുമ്പ് ബൊളിവിയ ഇങ്ക സാമ്രാജ്യത്തിന്റെ (Inca Empire) ഭാഗമായിരുന്നു. സ്പാനിഷ് ഭരണകാലത്ത് ഈ പ്രദേശം മുകളിലെ പെറു അല്ലെങ്കിൽ കാരക്കസ് (Upper Peru or Charcas) എന്നാണ്‌ അറിയപ്പെട്ടിരുന്നത്. 1809-ൽ സ്വാതന്ത്ര്യം നേടിയ ബൊളിവിയ 16 വർഷം നീണ്ട അഭ്യന്തര യുദ്ധത്തിനുശേഷം 1825 ആഗസ്റ്റ് 6-ന്‌ റിപ്പബ്ലിക്കായി. കോളനി വഴച്ചക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നലകിയ വിപ്ലവകാരി സൈമണ ബൊളിവറിന്റെ (Simon Bolivar, July 24, 1783 - December 17, 1830) ബഹുമാനാർത്ഥമാണ്‌ രാജ്യത്തിന്‌ ആ പേരു നലികയത്. ഇന്നത്തെ വെനിസൂല, കൊളമ്പിയ, പെറു, ബൊളിവിയ, ഇക്വഡോർ എന്നീ രാജ്യങ്ങൾ ചേർന്ന ഗ്രാൻ കൊളമ്പിയായുടെ (Gran Columia) 1819 മുതൽ 1830 വരെ പ്രസിഡന്റായിരുന്നു ബൊളിവർ. ഈ രാജ്യങ്ങളിലും, ലോകത്തിലെ കോളനിവിരുദ്ധ-സ്വാതന്ത്രസമര പ്രസ്ഥാനങ്ങൾക്കും അദ്ദേഹം ആരാധ്യപുരുഷനാണ്‌.

ബൊളിവീറിയൻ ചരിത്രം

തെക്കെ അമേരിക്കയിലെ ദേശാഭിമാനിയും, വിപ്ലവകാരിയും, ധീരനായ യോദ്ധാവും, സ്വാതന്ത്ര്യസമരസേനാനിയും ആയിട്ടാണ്‌ ബൊളിവർ അറിയപ്പെടുന്നത്. വിമോചകൻ (El Liberator) എന്നും തെക്കെ അമേരിക്കയിലെ ജോർജ് വാഷിങ്ങ്ട്ടൻ (George Washington of South America) എന്നും അദ്ദേഹം അറിയപ്പെടുന്നു. 1783 ജൂലൈ 24 ന്‌ വെനിസൂലയിലെ കാരക്കസ്സിൽ ജനിച്ച അദ്ദേഹത്തിന്‌ ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ടുവെങ്കിലും അവരുടെ പാരമ്പര്യസ്വത്ത് അനുഗ്രഹമായി. വളരെ ചെറുപ്പത്തിലെ യൂറോപ്പാകെ സഞ്ചരിക്കാൻ കഴിഞ്ഞു. തിരിച്ചുവന്ന് ദേശാഭിമാനികളോടൊപ്പം (patriots) ചേരുകയും, 1810-ൽ കാരക്കസ് പിടിച്ചെടുത്ത് സ്വാതന്ത്രം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീടങ്ങോട്ടുള്ള തെക്കെ അമേരിക്കയുടെ ചരിത്രം ബൊളിവീറിയൻ ചരിത്രമായി മാറി. അദ്ദേഹത്തിന്റെ അവസാനകാലത്ത് പ്രതിവിപ്ലവ ശക്തികളെ തടയുന്നതിനുവേണ്ടി എടുത്ത ചില നടപടികൾ അദ്ദേഹത്തിനുതന്നെ വിനയാകുകയും അത് ഗ്രാൻ കൊളമ്പിയായുടെ തകർച്ചയിൽ അവസാനിക്കുകയും ചെയ്തു. ക്ഷയരോഗിയായി തീർന്ന ബൊളിവർ 1830 ഡിസംബർ 17-ന്‌ അന്തരിച്ചു.

സമകാലീന ബൊളിവീയ

ഒരു കോടിയിൽ താഴെ ജനസംഖ്യയുള്ള ബൊളിവിയ തെക്കെ അമേരിക്കയിലെ അവികിസിതവും ദരിദ്രവുമായ രാജ്യമാണ്‌. 45 ബില്യൻ യു എസ് ഡോളറിന്റെ ജിഡിപിയുള്ള ഇവിടുത്തെ പ്രധാന കൃഷി സൊയാബിൻ, കാപ്പി, കൊക്കോ, നെല്ല്, കോൺ, പരുത്തി തുടങ്ങിയവയും വ്യവസായം ഖനനം, പുകയില, തുണി, പെട്രോളിയം മുതലായവയുമാണ്‌. വിവിധ ആശയങ്ങൾക്ക് തുല്ല്യമായി വേരോട്ടമുള്ള ഒരു രാജ്യമാണിത്. ഇടതു-വലതു ആശയങ്ങളുടെ ശക്തമായ സാന്നിദ്ധ്യം ഇവിടെ കാണാം. അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കിട്ടുന്ന ആൾ പ്രസിഡന്റാകും. അമ്പത്

ശതമാനത്തിലേറെ വോട്ടുകിട്ടിയില്ലെങ്കിൽ പ്രതിനിധിസഭയായ കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഇപ്പോഴെത്തെ പ്രസിഡന്റ് സോഷ്യലിസ്റ്റുകാരനായ ഈവോ മൊറാലെസ് (Evo Morales) 2009 - ൽ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയ ചെറിപുഷ്പം വിടരുന്ന ഉത്സവം (National Cherry Blossom Festival)

വസന്തത്തെ വരവേല്ക്കുന്ന അമേരിക്കയിലെ ഉത്സവമാണിത്. മറ്റു സംസ്ഥാനങ്ങളിലും ഉണ്ടെങ്കിലും, തലസ്ഥാനനഗരിയായ വാഷിങ്ങ്ടൺ DC (Distirct Columbia) - യിൽ മാർച്ച് 27 മുതൽ ഏപ്രിൽ 11 വരെ മുന്നാഴ്ച്ചയോളം നീണ്ടുനില്ക്കുന്ന ആഘോഷമാണ്‌ ഇതിൽ പ്രധാനം. ഇലകൊഴിഞ്ഞ് വരണ്ട, വിരസമായ മഞ്ഞുകാലത്തോട് വിടപറഞ്ഞ് വസന്തത്തെ സ്വീകരിക്കുകയുന്നതോടൊപ്പം , 1912-ൽ അമേരിക്ക-ജപ്പാൻ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി ജപ്പാൻ നല്കിയ മനോഹരമായി പുഷ്പിക്കുന്ന ഈ വൃക്ഷത്തിന്റെ ഓർമ്മ പുതുക്കുന്ന വാരം കൂടിയാണിത്.

ജാപ്പനീസ് ഭാഷയിൽ സകൂറ (Sakura) എന്നറിയപ്പെടുന്ന ഈ വൃക്ഷം ചൈന, കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും വളരുന്ന സ്വദേശി വൃക്ഷമാണ്‌. 1912 മാർച്ച് 27-നാണ്‌ ആദ്യമായി ഈ ഉത്സവം ആഘോഷിച്ചു തുടങ്ങിയത്.






അന്നത്തെ അമേരിക്കൻ പ്രഥമവനിത ഹെലൻ ടാഫ്റ്റ് (Helen Taft) ആണ്‌ ആദ്യമായി ഈവൃക്ഷം നടുന്നത്. പിന്നീടങ്ങോട്ട് അമേരിക്കൻ ജനതയുടെ പ്രിയവൃക്ഷമായി മാറി അത്. വിവിധ വർണ്ണങ്ങളിൽ പുഷ്പിച്ചു നില്ക്കുന്ന ഈ മരം കാണാൻ വരുന്ന വിദേശീയരും തദ്ദേശീയരും ആയ സന്ദർശകരെക്കൊണ്ട് മൂന്നാഴച്ചക്കാലം തലസ്ഥാനനഗരി നിറഞ്ഞിരിക്കും. ഘോഷയാത്ര, പ്രത്യേക ജാപ്പനീസ് ആഘോഷങ്ങൾ, വർണ്ണാഭമായ വെടിക്കെട്ട് തുടങ്ങിയവ ഈ ആഴ്ചകളിലെ പ്രധാന പരിപാടികളാണ്‌.

*
ഏപ്രിൽ 1, 2010

No comments:

Post a Comment