Tuesday, July 6, 2021

 

ഹൃദയപക്ഷ ചിന്തകൾ - 3

സ്ത്രീ സ്ത്രീപക്ഷം സമൂഹം

അമ്പഴയ്ക്കാട്ട് ശങ്കരൻ

വിസ്മയയുടെ കൊലപാതകം എന്ന് സംശയിക്കപ്പെടുന്ന മരണം (വ്യക്തിപരമായ അതൊരു കൊലപാതകം ആണെന്ന് കരുതുന്ന ആളാണ്‌ ഞാൻ, പക്ഷെ നിലവിലുള്ള ഉള്ള നിയമവ്യവസ്ഥിതി അത് സ്ഥിരീകരിക്കുന്നതിനുമുമ്പായി പറയുന്നില്ലെന്ന് മാത്രം) കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണല്ലോ. നമ്മുടെ നാട്ടിലെ പുരോഗമന സമൂഹം കരുതിയിരുന്നതുപോലെ സാമുഹികമായി കേരളം അത്രയൊന്നും പുരോഗതി പ്രാപിച്ചിട്ടില്ല എന്ന് ശബരിമല അനുഭവം നമ്മളെ പഠിപ്പിച്ചു. വ്യവസ്ഥാപിത, നവ മാദ്ധ്യമങ്ങളിൽ അതിന്റെ ചർച്ച ഉപരിവിപ്ലവമായും അല്ലാതെയും നടക്കുന്നുണ്ട്. ചർച്ചകൾ നല്ല കാര്യം തന്നെയാണ്‌. അനീതിക്കെതിരായ ഏത് പ്രവർത്തനവും ശ്ലാഘിക്ക്യപ്പെടേണ്ടതുമാണ്‌. ചർച്ച ചെയ്യാൻ മടിക്കുകയോ, ഭയപ്പെടുകയോ, ബോധപൂർവം മറയ്ക്കുകയൊ ചെയ്യുന്ന ചില പ്രവണതകൾ കാണുന്നുമുണ്ട്. സാമൂഹ്യ യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടച്ച്, വളരെ സങ്കിർണ്ണമായ ഒരു വിഷയത്തെ സമഗ്രമായി അപഗ്രഥിക്കുന്നതിനും ശരിയായ നിലപാടുകൾ സ്വീകരിച്ച് ദിർഘകലാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും പകരം അപ്രധാനമായ ഒന്നോ രണ്ട് വിഷയങ്ങളൂന്നിയുള്ള ചർച്ചകളാണ്‌ ഏറിയകൂറും പല കോണുകളിൽനിന്നും കാണുന്നത് എന്ന് പറയാതെ വയ്യ. ഇരുട്ടി വെളുക്കന്നതിനുമുൻപ് ഒന്നും പരിഹരിക്കാനും കഴിയില്ലെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്‌.

ചർച്ചകളുടെ ഒരു പൊതുസ്വഭവം

നമ്മുടെ ഭരണഘടനയും നിലവിലുള്ള നിയമങ്ങളും പര്യാപ്തമാണെന്നും സ്ത്രീകൾ ധൈര്യത്തോടെ അധികാരികളെ സമീപിക്കാൻ തായ്യാറായാൽ മതിയെന്ന് ഒരു അഭിപ്രായവും, അതല്ല, നിയമം മാത്രം പോരാ സർക്കാരുകളുടേയും രാഷ്ട്രിയ പാർട്ടികളുടേയും പൊതുസാമൂഹത്തിന്റെയാകെയും ശക്തമായ ഇടപെടലുകൾ വേണമെന്ന് മറ്റൊരു അഭിപ്രായവും ഗൗരവമായ ചർച്ചകളിൽ പങ്കെടുക്കുന്നവരിൽനിന്നും കേൾക്കുന്നുണ്ട്. കേരളത്തിന്റെ പശ്ചാത്തലത്തിൽ ആദ്യത്തെ അഭിപ്രായത്തിൽ ഭാഗികമായി ശരിയുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥനങ്ങളിലേയും അവസ്ഥ ഒരു പക്ഷെ അതാകാൻ സാദ്ധ്യതയുമില്ല. എന്നിരുന്നാലും രണ്ടാമത്തെ അഭിപ്രായത്തോടാണ്‌ ഞാൽ കൂടുതൽ യോജിക്കുന്നത്. അതിനുള്ള കാരണം പതിറ്റാണ്ടുകളായി നവോത്ഥാന-ഉത്പതിഷ്ണു-പുരോഗമന-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കുറൂള്ള ഒരു മണ്ണിൽ ശബരിമല പോലെയുള്ള വിഷയങ്ങളിൽ ജനതയുടെ ഭൂരിപക്ഷമല്ലെങ്കിലും വലിയ ഒരു വിഭാഗം എടുത്ത നിലപാട് അതിശയകരമാണ്‌ എന്നുള്ളതാണ്‌.

വിദ്യഭ്യാസവും സാമൂഹ്യബോധവും

ഇന്ത്യയിൽ നിലവിലുള്ള വിദ്യഭ്യാസം ഒരു പൗരനെ സംബന്ധിച്ചടത്തോളം പൂർണ്ണാർത്ഥത്തിൽ ജനാധിപത്യ-പൗര-സാമുഹ്യ-രാഷ്ട്രീയ അവബോധങ്ങൾ നല്കുന്നതാണെന്ന് കരുതാൻ വയ്യ. നാം ഇന്ന് നല്കുന്ന വിദ്യഭ്യാസ കരിക്കുലത്തിൽ മാറ്റം വരുത്തണമെന്ന അഭിപ്രായം ശക്തമാണ്‌. ഭരണഘടന, പൗരനറിയേണ്ട പ്രാഥിമക നിയമങ്ങളും അവകാശങ്ങളും കടമകളും, സ്ത്രീക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും ഉള്ള പ്രത്യേക നിയമങ്ങളും അവകാശങ്ങളും, തൊഴിൽനിയമങ്ങൾ തുടങ്ങി എന്തെല്ലാം കരിക്കുലത്തിൽ നിർബന്ധമാക്കണോ അതെല്ലാം എല്ലാ വിഭാഗം ജനങ്ങളുമായി ചർച്ച ചെയ്ത് നടപ്പാക്കണം. ലിംഗഭേദ (gender) വിഷയങ്ങൾ, സ്ത്രീ-പുരുഷ ബന്ധങ്ങളുമായിയുള്ള വിഷയങ്ങൾ, വ്യക്തി സ്വകാര്യത സ്ംബന്ധിച്ച അവബോധം നല്കുന്ന വിഷയങ്ങൾ തുടങ്ങിയവ കരിക്കുലത്തിന്റെ ഭാഗമാക്കണം. പ്രൈമറി തലം തൊട്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള വിദ്യഭാസസ്ഥാപനങ്ങൾ നിർത്തലാക്കുന്നതിന്‌ സമയബന്ധിത പരിപാടി ആവിഷ്ക്കരിക്കണം. ചില നിർദ്ദേശങ്ങൾ നല്കിയെന്നേയുള്ളു. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടേയും, വിദ്യഭ്യാസ വിചക്ഷണന്മാരുടേയും, പൊതുജനങ്ങളുടേയും അഭിപ്രായം സ്വരൂപിച്ച് ജനാധിപത്യ ചർച്ചയിലുടെ ഉരിതിരിഞ്ഞുവരുന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് മുന്നോട്ട് പോകണമെന്നാണ്‌ പറയനുള്ളത്.

സ്ത്രി പുരുഷ ബന്ധങ്ങളുടെ സങ്കീർണ്ണത

സ്ത്രീ-പുരുഷ ബന്ധം വളരെ സങ്കീർണ്ണമാണെന്ന് എല്ലാവർക്കും അറിയാം. ലൈഗീകത, സ്നേഹം, വെറുപ്പ്, വിധേയത്വം, കളങ്കം, മതം, പാപം, ആചാരങ്ങൾ തുടങ്ങി ഒരുപാട് വിഷയങ്ങൾ ആ സങ്കീർണ്ണതക്ക് ആഴം കൂട്ടുന്ന ഘടകങ്ങളാണ്‌. ഉപദേശിക്കൽ, ഗുണദോഷിക്കൽ, ഉത്ബോധിപ്പിക്കൽ തുടങ്ങിയ കൗൺസിലിങ്ങ് രീതികൾ കൊണ്ട് പരിഹരിക്കാവുന്നവയാണ്‌ പൊതുവെ ഇവയെല്ലാം. എന്നാൽ സ്ത്രീ-പുരുഷ ബന്ധത്തിലെ തുല്യത ഉറപ്പാക്കുന്നതിന്‌ നിലവിലുള്ള നിയമങ്ങൾ നടപ്പാകുന്നെണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ സർക്കാരിനും, നിയമ-നീതിന്യായ പാലകർക്കും, പൊതുസമൂഹത്തിനും ഉള്ള പങ്ക് ചെറുതല്ല.

സ്ത്രീ-പുരുഷ ബന്ധങ്ങളിൽ ചെറിയ അസ്വാരസ്യങ്ങളൂം വഴക്കുകളും സർവ സാധാരണമാണ്‌. ഇത്തരം അപസ്വരങ്ങൾ എങ്ങിനെ പരിഹരിക്കുമെന്നിടത്താണ്‌ ചില അതിർവരമ്പുകൾ അവശ്യമായി വരുന്നത്. വാക്കാലുള്ള അധിക്ഷേപം, ശാരീരിക ആക്രമണം, ലൈംഗീക ആക്രമണം തുടങ്ങി നിരവധി തരത്തിലുള്ള പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നുണ്ട്. അപൂർവം പുരുഷന്മാരും. വാക്കാലുള്ള അധിക്ഷേപത്തിനെതിരെ സ്ത്രീയുടെ വാക്കുകൾ മുഖവിലക്കെടുക്കുന്ന രീതിയിൽ നിയമം നിർമ്മിക്കുകയോ, നിയമങ്ങൾ ഉണ്ടെങ്കിൽ അത് നടപ്പാക്കുകയൊ ചെയ്യണം. ശാരീരിക ആക്രമണവും, ലൈഗീക ആക്രമണവും, സ്ത്രീയോ കുടുംബാംഗങ്ങളോ വേണ്ടെന്ന് ആവശ്യപ്പെട്ടാൽ പോലും, നടന്നു എന്ന് തെളിവുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നുള്ളത് നിയമം മൂലം ഉറപ്പാക്കണം. തെളിവുകൾ ലഭിക്കാനുള്ള വിഷമങ്ങൾ പുരുഷ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥിതിയിൽ സർവസാധാരാണമാണെന്ന് അറിയാതെയല്ല ഇത് പറയുന്നത്. എന്നാൽ വിദ്യഭ്യാസവും, സാമൂഹ്യബോധവും, നിയമബോധവും സ്ത്രീകളെ അതിന്‌ പ്രാപ്തരാക്കുമെന്നാണ്‌ ഞാൻ കരുതുന്നത്.

കുടുംബ ബന്ധങ്ങളിലെ ആണധികാരം

ചരിത്രപരമായ കാരണങ്ങളാൽ ലോകത്തിൽ എല്ലായിടത്തും ആണധികാരം ഒരു യാഥാർഥ്യമാണ്‌. അതിനെ മറികടക്കാനുള്ള ശ്രമങ്ങൾക്ക് ഒരു സമരചരിത്രമുണ്ട്. സ്ത്രീ വിമോചന പ്രസ്ഥാങ്ങൾ നടത്തിയ സമരങ്ങൾ, ഇടതുപക്ഷ-പുരോഗമന-ഉല്പതിഷ്ണു പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങൾ, വ്യക്തിഗത പോരാട്ടങ്ങൾ എന്നിവ് പൊതുയിടങ്ങളിലുള്ള ആൺ-പെൺ വിവേചനങ്ങളെ കുറച്ച് കൊണ്ടുവരുന്നതിന്‌ സഹായിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് അപ്രാപ്യമായ കുടുംബത്തിനുള്ളിലെ സ്ത്രീവിരുദ്ധ ചിന്തകൾ, നിലപാടുകൾ, അവസ്ഥകൾ പലപ്പോഴും ഭീകരമാകുന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയുണ്ട്. പഴയ കൂട്ടുകുടുംബവ്യവസ്ഥിതിയെ മഹത്വവത്ക്കരിക്കുന്നവർ ഇപ്പോഴും സമൂഹത്തിലുണ്ട്. സ്ത്രീയെ മെരുക്കി വിധേയപ്പെടുത്തുന്ന ഇടങ്ങളാണ്‌ കൂട്ടുകുടുംബങ്ങൾ. അതിൽ മെരുങ്ങിയ സ്ത്രീകൾ പിന്നീട് മെരുക്കലിന്റെ ഭാഗമായി തീരുന്നത് അതിശയകരമായ യാഥാർത്ഥ്യമാണ്‌. അണുകുടുംബങ്ങൾ വിവാഹമോചനം വർദ്ധിപ്പിക്കുന്നു എന്ന വിചിത്രവാദവും കേൾക്കാറുണ്ട്.

വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള ഒരു കരാറാണ്‌. അത് സ്ത്രീ-പുരുഷ, സ്ത്രീ-സ്ത്രീ, പുരുഷ-പുരുഷ, മറ്റു നിർവചിക്കപ്പെട്ട വിവിധ ജീവശാസ്ത്ര വിഭാഗങ്ങൾ തമ്മിലാകാം. അതിൽ കുടുംബവും മത-ജാതി സ്ഥാപനങ്ങളും ഗവർന്മെന്റും എന്തിന്‌ ഇടപെടുന്നു എന്ന് കരുതുന്നവരുണ്ട്. വിവാഹമോചനം വിധേയത്തിൽനിന്നുള്ള വിടുതിയും വിമോചനത്തിന്റെ ഒരു ഉപകരണവുമാണ്‌. അത്, സ്ത്രീ ഒരു പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗമെന്ന നിലക്ക്, അവരുടെ അവകാശമായി അംഗീകരിക്കയും നിയമനിർമ്മാണം നടത്തുകയും വേണം. അവർക്ക് ജനിക്കുന്ന കുട്ടികൾ എങ്ങിനെ വളരും എന്നുള്ളത് ഒരു നല്ല ചോദ്യമാണ്‌. പന്ത്രണ്ട് വയസ്സുവരെ, അച്ഛന്‌ കുട്ടിയെ സന്ദർശിക്കാനുള്ള അവകാശത്തോടെ, അമ്മയോടൊപ്പവും, അതിനുശേഷം, കുട്ടിയെ കൗൺസിലിങ്ങിന്‌ വിധേയമാക്കി കുട്ടിക്കിഷ്ടമുള്ള രക്ഷകർത്താവിനോടൊപ്പം വിടുകയും ചെയ്യാം (ഇത് പൊതുവെ പരിഗണിക്കാവുന്ന ഒരു നിർദ്ദേശം മാത്രമാണ്‌, ഇതിന്‌ സമാനമായ മറ്റു നിർദ്ദേശങ്ങളും ഉണ്ടാകുമെന്നറിയാം.). ഇതൊന്നും അത്ര ലളിത വിഷയങ്ങളല്ലെന്ന് വാദിക്കുന്നവരുണ്ടാകുമെന്ന് ഉറപ്പുണ്ട്. എന്നാൽ ആധൂനിക സമൂഹത്തിൽ, കുടുംബങ്ങളിൽ, സ്ത്രീപദവി പുരുഷനോടൊപ്പം ഉയരുന്നതോടെ ഇത്തരം വിഷയങ്ങൾ അപ്രധാനമാകുമെന്നാണ്‌ കരുതേണ്ടത്.

വിശ്വാസം മതം ആചാരം

മഹാഭൂരിപക്ഷം സന്ദർഭങ്ങളിലും വിശ്വാസം മതം ആചാരം എന്നിവ മനുഷ്യകുലത്തെ പിന്നോടിക്കാനേ ഉപകരിച്ചിട്ടുള്ളു. സതിക്കനുകൂലമായ പ്രകടങ്ങൾ നടന്ന നാടും, ബലാൽസംഗം ചെയ്തവനെ വിവാഹം കഴിക്കാൻ നിർദ്ദേശിക്കുന്നവരുടെ നാടുമാണിതെന്നോർക്കണം! “ബോയ്സ് വിൽ ബി ബോയ്സ്”, “റെഡി ടു വെയ്റ്റ്” എന്ന മുറവിളികൾ കൂട്ടിയവരുടെ നാടും!! ആയിരക്കണക്കിന്‌ വർഷം മുമ്പെഴുതിയ ഗ്രന്ഥങ്ങൾ, ചരിത്ര-സാഹിത്യ കൃതികളായി പരിഗണിക്കുന്നതിനുപകരം, ശാശ്വത സത്യങ്ങളും ചിന്തിക്കാതെ പിന്തുടരേണ്ടതാണെന്നും കരുതുന്നവരുടെ ലോകവും!!! ദേവാലയങ്ങളും, ആചാരങ്ങളും, ജാതി-മതസ്ഥാപനങ്ങളും മനുഷ്യസമൂഹത്തിന്‌ മുന്നോട്ട് പോകുന്നതിനും അവരുടെ മാനസികോല്ലാസത്തിനും ഉള്ള ഒരിടമെന്ന നിലയിൽ ഉയർത്തികൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രപഞ്ചത്തിന്റെ രഹസ്യവും, നിർവചിക്കാൻ കഴിയാത്ത ചില പ്രതിഭാസങ്ങളും, പ്രകൃതിയുടേയും ജീവജാലങ്ങളുടേയും മാസ്മരികതയും, ജനനം മരണം തുടങ്ങിയ അവസ്ഥകളും നിലനില്ക്കുന്നിടത്തോളം കാലം ഇത്തരം സ്ഥാപനങ്ങൾ അനിവാര്യമായിരിക്കാം. പക്ഷെ അത് മാറ്റത്തിന്‌ വിധേയമക്കാൻ കഴിയാത്തതാണെന്ന അതിന്റെ പ്രയോക്താക്കളുടെ അഹന്ത ഭരണഘടനക്കനുസൃതമായി നിയമം മൂലം അടിച്ചൊതുക്കണമെന്ന് പറയാതെ വയ്യ.

വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്‌ സ്ത്രീയേ “കെട്ടിച്ചയക്കുക” എന്നുള്ളത്. താലിയെന്ന കുരുക്കുമുറുക്കി സ്ത്രിയെ കന്നുകാലികളെ പോലെ അടുക്കളയാകുന്ന “തൊഴുത്തിൽ” കൊണ്ട് കെട്ടുകയാണ്‌ ആചാരം. ഈ ആചാരം വേണമോ വേണ്ടയോ എന്ന് പുരോഗമനസമൂഹം ഒന്നാകെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചില മാതാപിതാക്കൾക്ക് പെണ്മക്കൾ ഒരു “ഭാരവും” ഓഴിവാക്കപ്പെടേണ്ട “വസ്തു”വുമാണ്‌. ഭ്രൂണാവസ്ഥവയിൽ തന്നെ പേൺകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന സംഭവങ്ങൾ സ്ത്രീധനമെന്ന ഭയപ്പെടുത്തുന്ന ബോധചിന്തയുടെ ബഹിർസ്ഫുരണമാണ്‌. വിവാഹം ഒരു പുതിയ കുടുംബത്തിന്റെ ജനനമാണ്‌. അത് വിവാഹം കഴിക്കുന്നവരുടെ മാതാപിതാക്കളുടെ കുടുംബമല്ല. രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിചേരലിനെ നിയന്ത്രിക്കാനോ അവരുടെ അനുവാദമില്ലാതെ വിഷയങ്ങളിൽ ഇടപെടാനോ കുടുംബാങ്ങൾക്കോ സമൂഹത്തിനോ യാതൊരു അവകാശവുമില്ല.

പങ്കാളിത്തവും വിവാഹപുർവ ലൈംഗീകതയും

ഇനി പറയാൻ പോകുന്ന വിഷയങ്ങൾ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളാണെന്നറിയാം. പെൺകുട്ടികളെ രണ്ടാം കിട വ്യക്തികളായി വളർത്തുന്ന കുടുംബങ്ങൾ കേരളത്തിൽ ഇപ്പോഴും കാണാൻ കഴിയും. അവരുടെ സ്വാതന്ത്ര്യങ്ങൾ നിയന്ത്രിക്കുന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന പങ്ക് സങ്കടകരമാണ്‌. മീശ എന്ന നോവലിൽ “പെൺകുട്ടികൾ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തിൽ പോകുന്നത്?” എന്നി ചോദ്യമടക്കം തുടർന്നുള്ള വിവരണം “ആൺകുട്ടികൾ എന്തിനാണ്‌ മുണ്ട് മടക്കിക്കുത്തി നെഞ്ച് വിരിച്ച്, മേല്മുണ്ട് തോളത്തിട്ട് അമ്പലത്തിൽ പോകുന്നത്?” എന്നാക്കി അതിനനുസൃതമായി വിവരിച്ചിരുന്നെങ്കിൽ എസ്. ഹരീഷിന്റെ നോവൽ മാതൃഭൂമി തുടരുകയും അദ്ദേഹവും കുടുംബവും വീട്ടിൽ മന:സുഖത്തോടെ കിടന്നുറങ്ങാൻ കഴിയുകയും ചെയ്യുമായിരുന്നു. പെൺകുട്ടികൾ ആൺകുട്ടികളെപ്പോലെ ലൈംഗീക താത്പര്യം പ്രകടിപ്പിച്ചാൽ എന്താണ്‌ കുഴപ്പം എന്ന് ഒരു ടിവി ചർച്ചയിലും ചോദിച്ചതായി കണ്ടില്ല. സ്ത്രീയൂടെ ലൈംഗീക അഭിലാഷങ്ങൾ, അഭിനിവേശങ്ങൾ എന്നിവ വേശ്യയുടേതും, പുരുഷന്റേത് അഭിമാനത്തിന്റേയും ആയി മാറുന്ന സാമൂഹ്യബോധം മാറ്റുന്നതിന്‌ സ്ത്രീ-പുരുഷ പങ്കാളിത്തവും (dating) വിവാഹപൂർവ ലൈഗീകതയും സഹായകരമാകും. മാത്രമല്ല അത്തരം യാഥാസ്ഥിതിക മനോഭാവാങ്ങൾ കൊണ്ടു നടക്കുന്ന ചില പുരുഷകേസരികളുടെ കന്യകാസങ്കല്പ ആഭിജാത്യങ്ങൾ കുഴിച്ചുമൂടപ്പെടുകയും ചെയ്യും.

പശ്ചാത്യലോകത്ത് പതിറ്റാണ്ടുകളക്ക് മുൻപ് നടന്ന സ്ത്രീ വിമോചനസമരങ്ങളുടെ ഒരു തലം ലൈംഗീക സ്വാതന്ത്ര്യത്തിന്റെ ഉറച്ച പ്രഖ്യാപനങ്ങളും അത് നടപ്പിൽ വരുത്തുന്നതും ആയിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ അതിന്‌ പാകമായോ എന്ന് പറയാൻ കഴിയില്ലെങ്കിലും കേരളം അതിന്‌ പാകമായി എന്നാണ്‌ കരുതേണ്ടത്. അഥവാ അത്തരം മുന്നേറ്റങ്ങൾക്ക് സ്ത്രീ പ്രസ്ഥാനങ്ങൾ മുൻകൈ എടുക്കേണ്ട സമയമായിരിക്കുന്നു. അങ്ങിനെ ചെയ്യുന്നതിലൂടെ ലൈംഗീകത പ്രത്യുല്പാദനത്തിന്‌ മാത്രമല്ല ആസ്വദിക്കാനും കൂടിയുള്ളതാണ്‌ എന്ന സത്യം എല്ലാവരേയും ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞേക്കും. വളരെ പരിമിതമായ തോതിൽ ഇപ്പോൾ കേരളത്തിൽ നിലവിലുണ്ടെങ്കിലും, വിവാഹത്തിനുമുമ്പ് ഒരു കാലയളവ് ഒരുമിച്ച് ജീവിക്കുന്ന പശ്ചാത്യ രീതി കേരളത്തിൽ അവലംബിക്കാവുന്നതാണ്‌. ഒരുമിച്ച് ജീവിച്ചിട്ട് പരസ്പരം മനസ്സിലാക്കി തുടർന്നങ്ങോട്ട് ഒരുമിച്ച് ജീവിക്കണമമോ വേണ്ടയോ എന്ന് തീരുമാനിക്കാനും വിവാഹമോചനത്തിന്റെ നൂലാമാലകൾ ഒഴിവാക്കാനും കഴിയും. മാത്രമല്ല ഇത്തരം നിലപാടുകൾ സ്ത്രീ പുരുഷബന്ധങ്ങളെ കാലക്രമത്തിൽ കൂടുതൽ ആസ്വാദ്യവും സുദൃഢവുമാക്കും.

‘സ്ത്രീധനവും’ സ്ത്രീക്ക് അവകാശപ്പെട്ട ‘സ്വത്തും’

സ്ത്രീധനം, വിവാഹസമ്മാനം, സ്ത്രീയുടെ സ്വത്തവകാശം എന്നിവ ഒന്നാണെന്ന തരത്തിൽ ചർച്ചകൾ പലപ്പോഴും ഉണ്ടാകാറുണ്ട്. സ്ത്രീധനത്തിന്റെ നിർവചനത്തിൽ ഒരെണ്ണം കണ്ടത് “വധുവിന്റെ ഉപയോഗത്തിനായി വരന്ന് ശ്വശുരൻ നല്കുന്ന ധനം” എന്നാണ്‌. അത് വധുവിന്‌ നല്കിയാൽ പോരെ എന്ന ചോദ്യത്തിന്‌ സാംഗത്യമില്ല. ആചാരങ്ങൾക്ക് അർത്ഥമില്ലല്ലോ. വിവാഹത്തിന്റെ ഭാഗമായി വധുവിന്റെ വീട്ടുകാർ വരനോ വരന്റെ മാതാപിതാക്കൾക്കോ വീട്ടുകാർക്കോ കോടുക്കുന്ന എന്തും സ്ത്രീധനമാണ്‌. അത് ഒരു സാമൂഹ്യ ദു:രാചാരമാണ്‌. വിവാഹസമ്മാനം വരനോ വധുവിനോ മറ്റുള്ളവർ കൊടുക്കുന്ന സമ്മാനമാണ്‌. വധുവിന്റെ കുടുംബം വിവാഹത്തിന്റെ ഭാഗമായി വരന്റെ നേരിട്ടുള്ള കുടുംബത്തിന്‌ എന്ത് നല്കിയാലും അത് സ്ത്രീധനം തന്നെയാണ്‌. അത് ഇന്ത്യയിൽ നിയമപരമായി നിരോധിച്ചതാണ്‌.


സ്ത്രീക്ക് അവകാശപ്പെട്ട സ്വത്ത് എങ്ങിനെ കൈകാര്യം ചെയ്യണമെന്നുള്ളത് ഒരു സങ്കീർണ്ണ പ്രശ്നമാണ്‌. കുടുംബ സ്വത്താണെങ്കിൽ തുല്യമായി പങ്ക് വെക്കണമെന്ന് നിയമമുണ്ട്. മാതാപിതാക്കളുടെ സ്വയാർജിത സ്വത്തുകൾ അവർക്ക് ഇഷ്ടം പോലെ

വിഭജിച്ച് കൊടുക്കാം. ആണധികാര കുടുംബക്രമത്തിൽ തന്റെ ആണ്മക്കളെ ഒന്നാമതായി കാണുന്ന നിരവധി അച്ഛനമ്മമാർ ഇപ്പോഴുമുണ്ട്. വിവാഹ സമയത്ത് തന്നെ തന്റെ വിഹിതം കിട്ടിയില്ലെങ്കിൽ അത് പിന്നീട് കിട്ടുന്നതിന്‌ വൈഷമ്യങ്ങൾ നേരിടെണ്ടി വരുമെന്ന് ഭയപ്പെടുന്ന സ്ത്രീകളും, അവരുടെ ശശ്വരന്റെ കുടുംബാംഗങ്ങളും ധാരാളമുണ്ട്. ഇതെല്ലാം സ്ത്രീക്ക് അവകാശപ്പെട്ട സ്വത്തിന്റെ കൈകാര്യം ചെയ്യൽ കൂടുതൽ വൈഷമ്യം നേരിടും. ഇത്തരം സന്ദർഭങ്ങളിൽ, സ്ത്രീകളുടെ പേരിൽ ബങ്ക് ഡെപ്പോസിറ്റ്, വീട് ഭൂമി എന്നിവ രെജിസ്റ്റർ ചെയ്യൽ, പേരക്കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് കൈമാറൽ തുടങ്ങി സ്ത്രീകളേയും അവരുടെ കുട്ടികളേയും സുരക്ഷിതമാക്കുന്ന നടപടികൾ എടുക്കാവുന്നതാണ്‌. ആവശ്യപ്പെട്ടാൽ ഉപദേശങ്ങൾ നല്കാമെന്നല്ലാതെ മറ്റുള്ളവർക്ക് ഇത്തരം ക്രയവിക്രയങ്ങളിൽ ഇടപെടുന്നതിൽ പരിമിതിയുമുണ്ട്. സാമൂഹ്യ-പൗര ബോധത്തിൽ മാറ്റം വരാതെ ഇത്തരം വിഷയങ്ങൾക്ക് പൂർണ്ണമായും പരിഹാരമൂണ്ടാകില്ലെന്നാണ്‌ കരുതേണ്ടത്.

നീതിന്യായ-ഭരണ നിർവ്വഹണം

സ്ത്രീ ശാക്തീകരണം, സ്ത്രീ സുരക്ഷ, ബോധവത്ക്കരണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ പങ്ക് നിർണ്ണായകമാണ്‌. പുരോഗമന വീക്ഷണമുള്ള ഗവന്മെന്റിന്റെ സാന്നിദ്ധ്യം ഇതിനെല്ലാം അനിവാര്യമാണ്‌. മാർഗഭ്രംശങ്ങളുണ്ടെങ്കിലും നമ്മൂടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും പൊതുവെ പറഞ്ഞാൽ പക്വവും ആശ്രയിക്കാവുന്നതുമാണ്‌. എന്നാൽ ഭരണ നിർവ്വഹണ വിഭാഗവും പോലിസും ഇപ്പോഴും ഒരു ആധൂനിക ജനാധിപത്യ വ്യവസ്ഥിതിക്ക് അനുയോജ്യമാണെന്ന് പറയുക വയ്യ. പുരോഗമന-ഉത്പതിഷ്ണൂ വിഭാഗങ്ങളുടെ ശക്തമായ ഇടപെടൽ സ്ത്രീ ശാക്തീകരണത്തിന്റെ അടിസ്ഥാന ഉപകരണമാണ്‌. ദീർഘവീക്ഷണമുള്ള ഒരു ഗവർന്മെന്റ് വരുന്ന ഒരു തലമുറയെ ലക്ഷ്യമാക്കി നിശ്ചയിക്കപ്പെട്ട കാലയളവിൽ കാര്യപരിപാടി ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.

*

Friday, April 16, 2021

 

ലേഖനം

ഹൃദയപക്ഷ ചിന്തകൾ - 2

അമ്പഴയ്ക്കാട്ട് ശങ്കരൻ

എന്തുകൊണ്ട് തുടർഭരണം?

കേരളത്തിൽ ഏപ്രിൽ 6 ന്‌ നടക്കാൻ പോകുന്ന അസബ്ലി തെരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയം “തുടർഭരണം” ഉണ്ടാകുമോ എന്നുള്ളതാണ്‌. ഏകദേശം മൂന്നര കോടി ജനങ്ങളുള്ള കേരളത്തിൽ രണ്ടര കോടിയിലധികം വോട്ടർമാരുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും തമ്മിലാണ്‌ പ്രധാന പോരാട്ടം. ദേശീയ ജനധിപത്യ ഐക്യം അതിന്റെ സാന്നിദ്ധ്യം കുറച്ചുകാലമായി അറിയിക്കുന്നുമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡണ്ട് എന്ത് അവകാശവാദങ്ങൾ ഉന്നയിച്ചാലും ദേശീയ ജനാധിപത്യം ഐക്യം അധികാരത്തിൽ വരുമെന്ന് കരുതുന്നവരുണ്ടെങ്കിൽ അവർ മൂഢസ്വർഗത്തിലാണെന്ന് പറയാതെ വയ്യ. ആദ്യമായി ഇടതുപക്ഷത്തിന്റെ തുടർഭരണം കേരളത്തിൽ ഉണ്ടാകുമെന്നാണ്‌ ദൃശ്യ-അച്ചടി-സമൂഹ മാദ്ധ്യമങ്ങൾ അവരുടെ ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിൽ പറയുന്നത്. അത് വിശസിക്കാതിരിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. കൂടാതെ, പഠിച്ച പതിനെട്ട് അടവുകളും രാഷ്ട്രിയ സത്യസന്ധതയില്ലാതെ പ്രതിപക്ഷം പയറ്റിയിട്ടും, തദ്ദേശാ സ്വയഭരണ തെരഞ്ഞെടുപ്പിൽ അവർക്ക് ഭൂരിപക്ഷം ഭരണസമിതികളിലും മേൽകൈ നേടാനായില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നു തന്നെയാണ്‌. എത്രം സീറ്റിന്റെ, വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ തുടർഭരണം ഉണ്ടാകുക എന്നുള്ളതേ ആലോചിക്കേണ്ടതുള്ളു. അവസാനവാക്ക് വോട്ടർമാരുടെ കൈകളിലാണെന്ന കാര്യം മറന്നുകൊണ്ടല്ല ഇങ്ങിനെ പറയുന്നത്. ജനങ്ങൾക്ക് മാറി ചിന്തിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല എന്നുള്ള യുക്തിയാണ്‌ പ്രവചനത്തിന്റെ ആധാരം.

പിതൃശൂന്യവാർത്തകളും (ഈ വാക്ക് കണ്ടുപിടിച്ചത് സ്വരാജല്ലെങ്കിലും, സ്വരാജിനും അതിന്‌ ഏറെ പ്രചാരം നല്കിയ മാദ്ധ്യമങ്ങളോടും കടപ്പാട്) , അസത്യങ്ങളൂം, അർദ്ധസത്യങ്ങളും, വളരെ കുറച്ച് സത്യങ്ങളും കൂട്ടികുഴച്ച് കുഴമ്പുരൂപത്തിലാക്കി ജനങ്ങൾക്ക് സേവിക്കാൻ നല്കുന്നവരുടെ കാപട്യം തുറന്ന് കാട്ടുവാനുള്ള ഒരു എളിയ ശ്രമമാണ്‌ ഈ ലേഖനം. കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ ഇടതുപകഷത്തിന്റെ പുരോഗമന കാഴ്ച്ചപ്പാടും, വലതുപക്ഷത്തിന്റെ മുതലാളിത്ത കാഴച്ചപ്പാടും മാറ്റുരക്കുനതിനുപകരം കുളം കലക്കി മീൻ പിടിക്കാനുള്ള വിഫല ശ്രമത്തിലാണ്‌ പ്രതിപക്ഷം ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളിൽ ധനത്തിനും സമ്പത്തിനും ആർത്തി വളർത്തി ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയുമെന്നും അത് പിന്നിട് സ്വമേധയാ രാജ്യത്തിന്റെ വികസനത്തിലും ജനങ്ങളുടെ നിലവാരത്തിലും പുരോഗതിയിലും കലാശിക്കുമെന്നും ഉള്ള മുതലാളിത്ത കഴ്ച്ചപ്പാടിനെ, യൂറോപ്പിലേയും അമേരിക്കൻ ഐക്യനാടുകളിലേയും വലതുപക്ഷ സാമ്പത്തിക വിദഗ്ദ്ധർ പ്രചരിപ്പിക്കുന്നതുപോലെ, എന്തുകൊണ്ട് ഇവിടുത്ത പ്രതിപക്ഷം ഏറ്റുടുക്കുന്നില്ല (ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ചില വ്യക്താക്കൾ അങ്ങിനെ ചില ശ്രമങ്ങൾ നടത്തുന്നത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്) എന്നുള്ളത് ഒരു പ്രഹേളികയാണ്‌.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പാഠം

കഴിഞ്ഞ പഞ്ചായത്തിൽ തെരഞ്ഞെടുപ്പിൽ വലതുപക്ഷവും മതപക്ഷവും പ്രചരിപ്പിക്കൻ ശ്രമിച്ച ആരോപണങ്ങൾ ഭൂരിപക്ഷം ജനങ്ങളും തള്ളിക്കളയുകയാണ്‌ ഉണ്ടായത്. സ്വർണ്ണ കള്ളക്കടത്ത്, സ്പീക്കറെ ഒരു വിവാദത്തിലേക്ക് വലിച്ചിഴച്ചത്, മന്ത്രി ജലീലുമായി ബന്ധപ്പെട്ട ഖുറാൻ-ഈന്തപ്പഴ-സ്വർണ്ണ-ഈഡി വിവാദങ്ങൾ, ശിവശങ്കറിനേയും സ്വപ്നയേയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചത്, കെ-ഫോൺ (Kerala Fiber Optic Network (K-FON) - ബെവ്ക്യു (Beverage Queue) - സ്പ്രിംഗളർ അഴിമതി ആരോപണങ്ങൾ എന്നിവ പ്രതിപക്ഷം ആയുധമാക്കുകയും മദ്ധ്യമങ്ങൾ ഉത്സവമാക്കുകയും ചെയ്തിട്ടും ആർത്തിയുടെ വ്യവസ്ഥിതിയിൽ മുങ്ങിക്കുളിക്കുകയും അതിനെ തങ്ങളുടെ തത്വശാസ്ത്രമാക്കുകയും ചെയ്തിട്ടുള്ള പ്രതിപക്ഷത്തെ വലിയൊരു വിഭാഗം ജനങ്ങൾ വിശ്വസിച്ചില്ല. 2016-ലെ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അഴിമതി ഇല്ലാതാക്കുമെന്ന നടപ്പാക്കിയ വാഗ്ദാനവും, അപവാദങ്ങളുണ്ടെങ്കിലും, ഉദ്യോഗസ്ഥ തലത്തിലെ അഴിമതി കുറച്ചതും ഇടതുപക്ഷത്തിന്‌ തുണയായി. അഴിമതിയുടെ കാര്യത്തിൽ തുല്യത ഇല്ലാത്ത രണ്ട് മുന്നണികൾ തുല്യമാണെന്ന് വരുത്താനുള്ള പാഴ്ശ്രമങ്ങൾ വിഫലമായി. ഇടതുമുന്നണിയെ നന്നാക്കാനു ഇടതുപക്ഷ വിമതരുടേയും സ്വതന്ത്ര വിദൂഷകരുടേയും അദ്ധ്വാനങ്ങൾ, കവി ശ്രീ ചൂള്ളിക്കാട് പറഞ്ഞതുപോലെയായി (“ഇവർ എത്ര ശ്രമിച്ചിട്ടും മാർക്സിസ്റ്റ് പാർട്ടി ഒട്ടും നന്നായതുമില്ല“). പതിറ്റാണ്ടുകളായി സംഘടന തെരഞ്ഞെടുപ്പ് നടത്താത്തവരുടെ പിണറായി ഏകാധിപതിയാണെന്ന വായ്ത്താരിയും, ”മുണ്ടുടുത്ത മോദി“യെന്ന വാദവും കക്ഷിരാഷ്ട്രിയമില്ലാത്ത ജനവിഭാഗങ്ങളിൽ ജുഗുപ്സ ഉളവാക്കി. എന്റെ ഉപദേശം കോൺഗ്രസിന്‌ ആവശ്യമില്ലെങ്കിലും ഇത് പറയാതെ വയ്യ. നിങ്ങൾക്ക് ഒരു നല്ല പ്രതിപക്ഷമെങ്കിലും ആകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ രാഷ്ട്രീയ സത്യസന്ധത പുലർത്തണം, വർഗീയതയില്ലാത്ത മുതലാളിത്ത തത്വശാസ്ത്രം പിന്തുടരണം, നിശ്ചയിക്കപ്പെട്ട ഇടവേളകളിൽ ബൂത്ത് കമ്മിറ്റിമുതൽ അഖിലേന്ത്യ പ്രവർത്തക സമിതി വരെ തെരഞ്ഞെടുപ്പ് നടത്തണം, തെരഞ്ഞെടുപ്പുകൾക്ക് മുൻപ് വികസിത മുതലാളിത്ത രാജ്യങ്ങളിൽ ഉള്ളതു പോലെ ”പ്രൈമറികൾ“ അഥവാ സംഘടനാതലത്തിൽ പ്രാഥമിക മത്സരങ്ങൾ നടത്തണം, നെഹ്രൂ-ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം പൂർണ്ണമായും തുടച്ചുനീക്കണം, മുതലാളിത്തത്തിൽ സർവ സാധാരണമായ നിശ്ചിത കമ്മീഷനുകൾ നിയമവിധേയമാക്കുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നല്കണം (ഇതൊന്നും ഇടതുപക്ഷത്തിന്റെ ലക്ഷ്യമോ, പുരോഗമനവാദികളുടെ ആഗ്രഹമോ അല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുതലാളിത്ത ജനാധിപത്യ വ്യവസ്ഥിതിയിലെ നിയമങ്ങളെങ്കിലും അനുസരിക്കണമെന്ന് വലതുപക്ഷത്തോട് ആവശ്യപ്പെടുകയാണ്‌ ചെയ്യുന്നത്). ഇത് വായിക്കുമ്പോൾ ആരോടാണിതൊക്കെ പറയുന്നത് എന്ന അത്ഭുതം കൂറുന്നുവർ ഉണ്ടാകുമെന്ന് എനിക്കറിയാം. അതിനുള്ള മറുപടി നന്നാവുമെങ്കിൽ നന്നാവട്ടെ എന്ന് മാത്രമാണ്‌.

ആരോപണങ്ങളിലെ കഴമ്പ്

നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉന്നയിച്ച വിഷയങ്ങൾ ആവർത്തിക്കുന്നതിന്റെ തീവ്രത അല്പം കുറഞ്ഞിട്ടുണ്ട്. മാദ്ധ്യമങ്ങൾ അവരുടെ ജാള്യത മറക്കാൻ കഴിയാതെ ഇളിഭ്യരായി ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ശബരിമല, ആഴക്കടൽ മത്സ്യ ബന്ധന വിവാദം, അദാനിയുമായി വൈദ്യുതി കച്ചവടം എന്ന ആരോപണം, പൗരത്വ ഭേദഗതി നിയമം, പി എസ് സി നിയമനങ്ങളുമായി ഉയർന്നുവന്ന വിഷയങ്ങൾ, ബന്ധുനിയമനങ്ങൾ എന്നിവയടക്കം നിരവധി കാര്യങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നുണ്ട്. എല്ലാത്തിനും മറുപടികൾ പറയേണ്ട ഉത്തരവാദിത്തം ഇടതുമുന്നണിക്കുണ്ട്. അതിനെല്ലാം ഫലപ്രദമായി ഇടതുപക്ഷ മുന്നണി ഉത്തരം പറയുന്നുണ്ടെന്നാണ്‌ കരുതേണ്ടത്. മാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ ഉള്ളതുകൊണ്ടും, ഇലക്ഷൻ കഴിഞ്ഞാൽ മാത്രമെ ജനത്തിന്റെ മനസ്സിലെന്തെന്ന് പൂർണ്ണമായി അറിയാൻ കഴിയുകയുള്ളു എന്നതുകൊണ്ടും, ഇതെല്ലാം പലതലങ്ങളിൽ വിശദമായി പ്രതിപാദിച്ചതുകൊണ്ടും, വിസ്താരഭയത്താൽ മേൽ പറഞ്ഞ വിഷയങ്ങളിലേക്ക് കടക്കുന്നില്ല.

പ്രകടനപത്രികയുടെ പ്രാധാന്യം

ഇടതുപക്ഷ മുന്നണിയെ മറ്റു മുന്നണികളിൽ വ്യത്യസ്തമാക്കുന്നത് ഓരോ ഇടതുപക്ഷ ഭരണത്തിലും വ്യത്യസ്തവും നവീനമായ പദ്ധതികൾ ആവഷ്ക്കരിച്ച് നടപ്പാക്കുകയോ നടപ്പാക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട് എന്നുള്ളതാണ്‌. 1957 മുതലുള്ള കമ്മ്യൂണിസ്റ്റ്- ഇടതുപക്ഷ-ജനാധിപത്യ ഭരണങ്ങൾ അതിനുള്ള ഉദാഹരണങ്ങളാണ്‌. ഭൂപരിഷ്ക്കരണം, വിദ്യഭ്യാസ ബില്ല്, അധികാരവികേന്ദ്രീകരണം, സാക്ഷരത യജ്ഞം, ജനകീയാസൂത്രണം, കുടുംബശ്രീ എന്നിവ അത് സാക്ഷ്യപ്പേടുത്തുന്നു. അതിന്റെ നയങ്ങൾക്ക് വർഗപരമായ ഒരു കാഴചപ്പാടുണ്ട്. അത് സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവർക്ക് മുൻഗണന നല്കുന്നു. നേരത്തെ പറഞ്ഞ പദ്ധതികൾ അതിന്റെ പൊതു കാഴ്ചപ്പാടുകൾക്ക് എല്ലായ്പ്പോഴും യോജിച്ചതായിരിക്കും.

മേൽപറഞ്ഞ കാഴച്ചപ്പാടാണ്‌ അതിന്റെ പ്രകടനപത്രികയിൽ പ്രതിഫലിക്കുക. 2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ച പ്രകടനപത്രിയുടെ പ്രധാന ലക്ഷ്യം മതനിരപേക്ഷ കഴ്ച്ചപ്പാടോടെ അഴിമതിയില്ലാത്ത വികസന കേരളമായിരുന്നു. അത് മുന്നോട്ട് വെച്ച 500 ഇനങ്ങളിൽ 480 നടപ്പാക്കി A+ ഗ്രേഡ് നേടി. പ്രകടനപത്രിക നടപ്പാക്കാനുള്ളതാണെന്ന് എല്ലാക്കാലത്തും ഇടതുപക്ഷമുന്നണിയും സിപിയെമ്മും തെളിയിച്ചിട്ടുണ്ട്. ബിജെപ്പിയുടെ മുൻ പ്രസിഡണ്ട് ശ്രീധരൻപ്പിള്ള “പ്രകടന പത്രിക നടപ്പാക്കാനാണോ?“ എന്ന് അത്ഭുതം കൂറിയതും ഈ നാട്ടിലാണെന്ന് ഓർക്കണം!!

ഇത്തവണത്തെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള പ്രധാന ലക്ഷ്യം ”നവകേരള നിർമ്മിതി“യാണ്‌. ലോകോത്തര നിലവാരത്തിലേക്ക് കേരളം വളരേണ്ടതുണ്ട്. 50 വിഭാഗങ്ങളിലായി 900 ഇനങ്ങൾ നടപ്പാക്കുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം എന്ന് ഞൻ കരുതുന്നത് ”ജ്ഞാന സമൂഹം സുസ്ഥിരവികസനം“ എന്ന സങ്കല്പമാണ്‌. വളർച്ച, സാമൂഹ്യനീതി, തുല്യത എന്നിവ പരിണിത ഫലമായിരിക്കും. കേരളത്തിലെ ജനസാന്ദ്രതയും പ്രകൃതി സമ്പത്തും കണക്കിലാക്കിയാൽ, വൻകിട പ്രകൃതി മലിനീകരണ വ്യവസായ ശാലകൾക്കല്ല, വിവരസാങ്കേതിക വിദ്യയിൽ അടിസ്ഥാനമാക്കിയയ് സമ്പദ് വ്യവസ്ഥക്കാണ്‌ പ്രാമുഖ്യം നൽകേണ്ടത്. പ്രകൃതിയെ നശിപ്പിക്കാത്ത ശസ്ത്രീയ കൃഷി, സേവന മേഖലകൾ, ടൂറിസം എന്നിവ അതിന്റെ സാദ്ധ്യതകളാണ്‌. 40 ലക്ഷം തൊഴിലവസരങ്ങൾ, അതിൽ 20 ലക്ഷം അഭ്യസ്തവിദ്യർക്കാണ്‌, സൃഷ്ടിക്കുമെന്നുള്ള വാഗ്ദാനം കേരളത്തിന്റെ മുഖഛായ തന്നെ മാറ്റും. ഓഖിയും (Cyclone Ockhi), നിപ്പയും (Nipah virus) രണ്ട് വെള്ളപ്പൊക്കവും കോവിഡും ഉണ്ടായിട്ടും വികസന പ്രവർത്തനങ്ങൾ മുടങ്ങാതെ പോയത് ഇടതുമുന്നണിയുടെ നിശ്ചയധാർഡ്ഢ്യവും ബഹുജനങ്ങളുടെ കൂട്ടായ്മയുമാണ്‌.

പ്രവാസി പുനരധിവാസം:

അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, സ്റ്റാർട്ടപ്പ് സംരഭത്തിനുള്ള വായ്പകൾ, വിപണന ശൃംഖല, യോജിപ്പിച്ച ഏകോപിത തൊഴിൽ പദ്ധതി തുടങ്ങിയവ പ്രവാസികൾക്ക് സഹായമാകും. കൂടാതെ പ്രവാസി കമ്പനികളും സഹകരണ സംഘങ്ങളും ശക്തിപ്പെടുത്തുമെന്ന് പറയുന്നുണ്ട്. നേഴ്സ്-മാർക്കുള്ള പ്രത്യേക പരിശീലനം അവർക്ക് ലഭിക്കാവുന്ന വിദേശ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും. പ്രവാസി ചിട്ടി അവർക്ക് വേണ്ടിയുള്ള പ്രോവിഡണ്ട് സ്കീമും ഗുണകരമാണ്‌. ലോക കേരള സഭ, ഇപ്പോൾ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് നികത്തി ശക്തിപ്പെടുത്തുമെന്ന് പറയുന്നുമുണ്ട്.

കഴിഞ്ഞ മാനിഫെസ്റ്റോയിലെ പ്രവാസി-മറുനാടൻ മലയാളി ക്ഷേമം, പ്രവാസികളുടെ ഡാറ്റ ബാങ്ക്, വിവിധ പ്രവാസി സംഘടനകളുടെ ഗ്ലോബ് മീറ്റ്, പ്രവാസികൾക്ക് തൊഴിലുമയി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള സഹായങ്ങൾ, NORKA യുമായി ബന്ധപ്പെട്ട സഹായങ്ങൾ, അവർക്കുള്ള വായ്പാ പരിഗണന ഇങ്ങിനെ നിരവധി കാര്യങ്ങൾ കഴിഞ്ഞ പ്രകടനപത്രികയിൽ ഉണ്ടാവുകയും അത് നടപ്പക്കുകയും ചെയ്തിട്ടുണ്ട്. പൈതൃക ടൂറിസം പദ്ധതി, ടൂറിസത്തിന്‌ വേണ്ടിയുള്ള പശ്ചാത്തല സൗകര്യങ്ങൾ, മലബാറിലെ ടൂറിസത്തിനുവേണ്ട പ്രത്യേക മുൻഗണന, കോവിഡനന്തരം പ്രത്യേകം പദ്ധതികൾ എന്നിവ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

എല്ലാ തെരഞ്ഞെടുപ്പ് കാലത്തും പ്രകടനപത്രിക ചർച്ച വിഷയമാവാറുണ്ടെങ്കിലും ഇത്തവണ അതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിൽ ഇടതുമുന്നണി അഭൂതപുർവമായ പങ്ക് വഹിച്ചു. ജനജീവിതത്തെ ബാധിക്കുന്ന പെട്രോളിന്റെയും പാചകവാതത്തിന്റേയും വില ജനങ്ങൾക്ക് അസഹ്യമാം വിധം കുതിച്ചുകയറിയത് ദേശീയ ജനാധിപത്യ മുന്നണിയുടെ വിദേശ സഹ മന്ത്രി മുരളിധരൻ അടക്കമുള്ള നേതാക്കളെ അപഹാസ്യരാക്കി. ന്യായീകരണങ്ങൾ ട്രോളുകളുടെ പ്രവാഹത്തിന്‌ ഇടയാക്കി. ഭാവിയിൽ എല്ലാ പ്രകടനപത്രികകളും ജനങ്ങളുടെ പരിശോധനക്ക് വിധേയമാകുമെന്ന് പ്രത്യാശിക്കാം.

എന്താണ്‌ വികസനം?

വികസനത്തെക്കുറിച്ച് ഇടതുപക്ഷത്തിന്റേയും വലതുപക്ഷത്തിന്റേയും കാഴ്ച്ചപ്പാടുകൾക്ക് അജഗജാന്തരമുണ്ട്. നിലനില്ക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയിൽ അതിന്റെ ഭരണഘടനക്കും നിയമങ്ങൾക്കും വിധേയമായി രാജ്യത്തിൽ പൊതുവായും സംസ്ഥാനങ്ങളിൽ വിശേഷിച്ചും ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്നാണ്‌ ഇടതുപക്ഷം ചിന്തിക്കുന്നത്. ഇതുമായി, വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആത്യന്തിക ലക്ഷ്യങ്ങളായ രാജ്യാതിർത്തികൾക്കുള്ളിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന സോഷ്യലിസ്റ്റ് സമൂഹവും (“എല്ലാവർക്കും അവരുടെ കഴിവിനനുസരിച്ച്”), പിന്നീട് ഉന്നതമായ മാനുഷ്യിക മൂല്യങ്ങളും ഏറ്റവും ഉയർന്ന ബോധനിലവാരവും ഉള്ള, ലോകനിലവാരത്തിൽ മാത്രം സാർത്ഥകമാകുന്ന കമ്മ്യൂണിസ്റ്റ് ലോകവും (“എല്ലാവർക്കും അവരുടെ ആവശ്യത്തിനനുസരിച്ച്”) താരതമ്യം ചെയ്യരുത്.

വലതുപക്ഷം ഉത്പാദനത്തിൽ ഊന്നൽ കൊടുക്കുമ്പോൾ, ഇടതുപക്ഷം ഉത്പാദനത്തിലും അതിന്റെ വിതരണത്തിലും ഊന്നൽ നല്കുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നില്ക്കുന്നവരുടെ ഇടയിലേക്ക് വികസനം എത്തുന്നതിൽ ഇടതുപക്ഷത്തിന്‌ നിശ്ചയദാർഢ്യമുണ്ട്. ഈ കാഴച്ചപ്പാടിന്റെ അടിസ്ഥാനങ്ങളിലാണ്‌ ഇടതുപക്ഷവും വിശിഷ്യ കമ്മ്യൂണിസ്റ്റ് പാർട്ടികളും അതത് കാലത്തെ അതിന്റെ നയങ്ങൽ നടപ്പാക്കുന്നത്. ഇത് മനസ്സിലാക്കാതെ വിഷയങ്ങൾ അടർത്തിയെടുത്ത്, സാഹചര്യങ്ങൾ വിലയിരുത്താതെ എന്തും വിളിച്ചു പറയുന്നവരുടെ ഒരു കൂട്ടമായി പലപ്പോഴും വലതുപക്ഷവും മതപക്ഷവും മാറുന്നത് ചിലപ്പോൾ നാം കാണാറുണ്ട്. അതിന്റെ ചില ഉദാഹരണങ്ങൾ, ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ഇകഴ്ത്തുന്നതിനുവേണ്ടി പറഞ്ഞു പരത്തുന്ന ചില പ്രസ്താവനകൾ, താഴെ കൊടുക്കുന്നു. വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമല്ല ഇതിലുള്ളത്. അതുപോലെ തന്നെ എല്ലാത്തിനും ഇത്തരമൊരു ചെറു ലേഖനത്തിൽ മറുപടി പറയുക അസാദ്ധ്യവുമാണ്‌. പൊതുവെ പ്രചരിക്കുന്ന പ്രധാനമെന്ന് തോന്നിയ ചില സംശയങ്ങൾക്കാണ്‌ ഇവിടെ ഉത്തരം നൽകാൻ ശ്രമിക്കുന്നത്

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്തു

ഇന്ത്യൻ സാതന്ത്ര്യ സമരത്തിൽ വിവിധ രാഷ്ട്രിയ പാർട്ടികൾ, മതസംഘടനകൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, ഗ്രൂപ്പുകൾ, പ്രമുഖ, വ്യക്തികൾ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായിട്ടുണ്ട്. സ്വാതന്ത്ര്യത്തെക്കൂറിച്ചുള്ള അവരുടെ കാഴ്ച്ചപ്പാടുകൾ വ്യത്യസ്തങ്ങളാണ്‌. അന്നത്തെ കോൺഗ്രസ് അതിന്‌ നേതൃത്വം നല്കി എന്നുള്ളത് ശരിയാണ്‌. ലോകത്തിൽ ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റുകൾ രാജ്യങ്ങളെ തങ്ങളുടെ വരുതിയിൽ നിർത്താനുള്ള യുദ്ധം നടക്കുന്ന കാലത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഒരു സമരത്തെ പിന്തുണക്കേണ്ട ഒരു ബാദ്ധ്യതയും കമ്മ്യൂണിസ്റ്റുകൾക്കില്ല.

സ്വാതന്ത്ര്യം കരിദിനമായി ആചരിച്ചു

ഈ പ്രസ്താവന അസത്യവും അർത്ഥശൂന്യവുമാണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടിയവരാണ്‌ കമ്മ്യൂണിസ്റ്റുകൾ. സ്വാതന്ത്ര്യം എന്താണെന്നതിനെക്കുറിച്ച് കമ്മ്യൂണിസ്റ്റുകൾക്ക് മറ്റു ബൂർഷ്വ പാർട്ടികളിൽ നിന്നും വ്യത്യസ്തമായ ഒരു വീക്ഷണമുണ്ട്. അത് രാഷ്ടീയ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, സാമൂഹ്യസ്വാതന്ത്ര്യം എന്നീ മൂന്ന് പ്രധാന സ്വാതന്ത്ര്യങ്ങളാണ്‌. ഇതു മൂന്നും കൈവരിക്കുന്നതോടുകൂടി വ്യക്തിസ്വാതന്ത്ര്യം സമ്പൂർണ്ണമാകും 1947-ൽ ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമെ ലഭിച്ചിട്ടുള്ളു എന്ന് കമ്യൂണീസ്റ്റുകൾ പറഞ്ഞിട്ടുണ്ട്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മറ്റു രണ്ടും സ്വാതന്ത്ര്യങ്ങളും ജനങ്ങൾക്ക് അനുഭവവേദ്യമാണെന്ന് ആർക്ക് പറയാൻ കഴിയും?

ട്രാക്ടർ, കമ്പ്യൂട്ടർ, സ്വാശ്രയ കോളേജുകൾ, വിദേശ വായ്പ്പകൾ

വികസനത്തിന്റേയും പുരോഗതിയുടേയും കാര്യത്തിൽ ഇടതുപക്ഷത്തിന്റേയും വലതുപക്ഷത്തിന്റേയും വീക്ഷണങ്ങൾ വ്യത്യസ്തമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. മതപക്ഷം ഇക്കാരത്തിൽ വലതുപക്ഷത്തോടൊപ്പമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇടതുപക്ഷം ഒരു വികസന പദ്ധതി നടപ്പാക്കുമ്പോൾ മുൻഗണന കൊടുക്കുന്നത് തൊഴിലാളികളും ദരിദ്രരും പാർശ്വവത്ക്കരിക്കപ്പെട്ടവരും ആയ ജനസാമാന്യത്തിനാണ്‌. വലതുപക്ഷത്തിനാണെങ്കിൽ വികസനത്തിന്റെ ഫലമായി ബുദ്ധിമുട്ടനുഭവിക്കുന്നവർ പാർശ്വഫലങ്ങൾ (collateral damage) മാത്രമാണ്‌. ആ വിഭാഗങ്ങളോട് ദയയോ, സഹാനുഭൂതിയോ, ദീനാനുകമ്പയോ ഒന്നുമില്ല. ഇടതുപക്ഷം അതത് കാലങ്ങളിലെ ഈ വിഷയങ്ങളിൽ ഇടപെട്ട് അവശത അനുഭവിക്കുന്നവർക്ക് ആശ്വാസം നല്കുന്ന നടപടികൾ എടുക്കുവാനാണ്‌ ശ്രമിച്ചിട്ടുള്ളത്. അതിൽ പലപ്പോഴും വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല വലതുപക്ഷവും മതപക്ഷവും ഇത്തരം പ്രചരണങ്ങൾക്ക് മാദ്ധ്യമങ്ങളുടെ സഹായത്തോടെ പ്രചുരപ്രചാരം നല്കിയത് ഇടതുപക്ഷത്തെ സമൂഹ്യമദ്ധ്യത്തിൽ പിന്നോടിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇന്ന്, ദൃശ്യ-സാമൂഹ്യ മാദ്ധ്യമങ്ങൾ വിർൽത്തുമ്പിൽ ആയതോടുകൂടി അത്തരം പ്രചരണങ്ങൾക്ക് നിമിഷങ്ങളുടെ ആയുസ്സ് പോലും ഇല്ലാതെയായി.

തുടർഭരണം എന്തുകൊണ്ട് അനിവാര്യമെന്ന് സമർത്ഥിക്കാനുള്ള ഒരു എളിയ ശ്രമമാണ്‌ ഇവിടെ നടത്തിയത്. അത് വിജയിച്ചുവോ എന്ന് തീരുമാനിക്കുന്നത് വായനക്കാരും വോട്ടർമാരും ആണ്‌. അത് അവർക്ക് വിട്ടുകൊടുക്കാം. ഇടതുപക്ഷവും വലതുപക്ഷവും മതപക്ഷവും രാജ്യ-സംസ്ഥാന പുരോഗതിയെക്കുറിച്ച് വ്യതസ്ത് കാഴച്ചപ്പാടുള്ളവരാണ്‌. അത് ചർച്ച ചെയ്യുന്നതിനുപകരം, മതവും ജാതിയും വർണ്ണവും ഭാഷയും ദേശവും ചർച്ച ചെയ്ത്, ജനങ്ങളുടെ വൈകാരിക ചോദനകളെ ഉണർത്തി, മനുഷ്യനെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കാലം ഇല്ലാതെയാകുമെന്ന് പ്രത്യാശിക്കാം.

വാൽക്കഷണം:

“ഉറപ്പാണെങ്കിൽ പിന്നെ തെരഞ്ഞെടുപ്പ് എന്തിന്‌, കയറിയങ്ങ് ഭരിച്ചാൽ പേരെ?” എന്നൊരു ലേഖനം വീക്ഷണത്തിൽ കണ്ടു. “എൽ ഡി എഫ് ഉറപ്പാണ്‌” എന്ന് തലവാചകത്തിന്റെ അർത്ഥം പോലും ആ ചങ്ങാതിക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. തുടർഭരണം വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കുന്നത് വോട്ടർമാരാണെന്ന് ആർക്കാണിറിഞ്ഞുകൂടാത്തത്? പറഞ്ഞകാര്യങ്ങൾ നടപ്പാക്കുമെന്ന ഉറപ്പാണ്‌ എൽ ഡി എഫ്.

*

Saturday, January 9, 2021

 

സ്ഥിരപംക്തി

ഹൃദയപക്ഷചിന്തകൾ - 1

അമ്പഴയ്ക്കാട്ട് ശങ്കരൻ

എല്ലാവർക്കും നവവത്സരാശംസകൾ!! 2009 മുതൽ 2012 വരെ അമേരിക്കൻ വിശേഷങ്ങൾ എന്നൊരു കോളം മലയാളം.കോമിൽ (malayaalam.com) എഴുതിയിരുന്നു. തെക്കും വടക്കും ഉള്ള അമേരിക്കൻ വൻകരകളിൽ സംഭവിക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിഷയങ്ങളെ അധികരിച്ചും, വിവിധപ്രദേശങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടും ഉള്ള ഒരു സ്ഥിരപംക്തി ആയിരുന്നു അത്. വിവരസാങ്കേതികവിദ്യയുടെ ഈ വിസ്ഫോടനകാലത്ത് അത്തരം ലേഖനങ്ങളുടെ പ്രസക്തി കുറഞ്ഞുവരുന്നു എന്ന തോന്നലുകൊണ്ടാണ്‌ അത് നിർത്തിയത്. വിവരങ്ങൾ അറിയാൻ അനവധി വഴികൾ ഇന്നുള്ളതുകൊണ്ട്, വിവരങ്ങളുടെ പകർപ്പുകളല്ല, അത് പുരോഗമനാത്മകമായി വീക്ഷിക്കുകയും വിശദികരിക്കുകയുമണ്‌ വേണ്ടത് എന്ന് തോന്നലിൽനിന്നാണ്‌ ഹൃദയപക്ഷചിന്തകളുടെ ഉദയം. ഒരു പ്രവാസിയുടെ ലോകവീക്ഷണം ഇതിലുണ്ടായിരിക്കും. കേരളവും ഭാരതവും ലോകവും പ്രപഞ്ചവും ഇതിൽ വിഷയീഭവിക്കും. പട്ടിണിയും പാസ്പോർട്ടുമില്ലാത്ത ഒരു ലോകത്തിന്റെ മോഹചിത്രം ഇതിൽ കടന്നുവന്നുവെന്നിരിക്കും. ശസ്ത്രവും സമത്വവും സമീകരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും. നിങ്ങളുടെ അഭിപ്രായങ്ങൾ വിമർശനങ്ങൾ നല്ല ഭാഷയിൽ എഴുതി അറിയിക്കുമെന്ന് കരുതട്ടെ.

കോവിഡ് നല്കിയ പാഠം

മനുഷ്യകുലം ഒന്നാണെന്ന് ഓർമിപ്പിക്കാൻ പ്രകൃതി അവതരിപ്പിച്ചതാണ്‌ കോവിഡ് എന്നു തോന്നുന്നു. നിങ്ങൾ ഐക്യത്തോടെ നേരിട്ടാൽ എന്നെ തോല്പിക്കാം എന്ന സന്ദേശം അത് അർത്ഥശങ്കക്കിടമില്ലാത്തവിധം അവതരിപ്പിച്ചു. അത്യാവാശ്യവും ആവശ്യവും അനാവശ്യവും അത് വേർതിരിച്ചു തന്നു. ജാതിയും മതവും വർണ്ണവെറിയും ഭാഷാവിഭാഗീതയും രാജ്യാതിർത്തികളും മാനവികത്വത്തിനെതിരാണെന്ന് കുറച്ചുപേർക്കെങ്കിലും മനസ്സിലാക്കിക്കൊടുത്തു. സുഗതകുമാരിയും എസ് പി ബാലസുബ്രമണ്യവും യുവനേതാവ് പി ബിജുവുമടക്കം ലക്ഷക്കണക്കിന്‌ ആളുകളുടെ ജീവൻ അത് അപഹരിച്ചുകൊണ്ടുപോയി. ചില ഘട്ടങ്ങളിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്ന അറിവ് അവനെ എളിമയുള്ളവനാക്കുമെന്ന് കരുതാം. 2020 മനുഷ്യകുലത്തിന്‌ നല്കിയ പാഠങ്ങൾ വരും കാലങ്ങളിൽ ഉപയുക്തമാകുമെന്ന് പ്രതീക്ഷിക്കാം.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്

കേരളത്തിൽ നടന്ന തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പും അതിന്റെ ഫലവും ജനാധിപത്യകേരളത്തിന്‌ അഭിമാനകരമണ്‌. എല്ലാക്കാലത്തും കേരളത്തിൽ തെരഞ്ഞെടുപ്പിലുണ്ടാകാറുള്ള ഉയർന്ന വോട്ടിങ്ങ് ശതമാനം കോവിഡായിട്ടും കുറവില്ലാതെ ഉണ്ടായി. യു ഡി എഫ്-നേക്കാൾ കനത്ത പ്രഹരം ഏറ്റത് ഒരു വിഭാഗം മാദ്ധ്യമങ്ങൾക്കാണ്‌. യു ഡി എഫും മാദ്ധ്യമങ്ങളും ഒരു പുനർവിചിന്തനത്തിന്‌ തയ്യാറായാൽ അവർക്ക് നല്ലത്. അവരുടെ വർഗ്ഗസ്വഭാവമനുസരിച്ച് വലിയ പ്രതീക്ഷ അസ്ഥാനത്താകുമെന്ന് പറയേണ്ടിവരും. വർഗ്ഗീയത കേരളത്തിൽ വാഴില്ലെന്ന് വലതുപക്ഷത്തേയും ബിജെപി മുന്നണിയേയും വീണ്ടും ഒർമിപ്പിച്ച കേരള ജനതയോട് നന്ദി പറയാം. ജതി-മത-വർഗീയ അടിയൊഴുക്കുളെ ശാസ്ത്രീയ-പുരോഗമന ആശയങ്ങളുടെ പിൻബലത്തിലും ദീർഘകാല വീക്ഷണത്തിലൂന്നിയും കേരളത്തിലെ ഇടതുപക്ഷം നേരിടുമെന്ന് പ്രത്യാശിക്കാം.

എല്ലാക്കാലത്തും തൊഴിലാളികൾക്കും, കർഷകർക്കും, യുവാക്കൾക്കും, സ്ത്രീകൾക്കും, പർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും പ്രാതിനിധ്യം നല്കാൻ ഇടതുപക്ഷം ശ്രമിക്കാറുണ്ട്. ഇത്തവണയും അത് ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. തിരുവനന്തപുരത്തെ പുതിയ മേയർ ആര്യ അടക്കം എത്രയൊ യുവജനങ്ങൾ നേതൃനിരയിലെക്ക് എത്തിയത് ഇടതുപക്ഷത്തിന്റെ രാഷ്ട്രിയനിലപാടുകളെ ഊട്ടിയുറപ്പിക്കുന്നതാണ്‌. വിജയിച്ചുവന്ന എല്ലാ അംഗങ്ങൾക്കും സാരഥികൾക്കും കക്ഷിരാഷ്ട്രീയ പക്ഷപാതമന്യെ അഭിവാദനങ്ങൾ അർപ്പിക്കുന്നു. രാഷ്ട്രീയം ജനജീവിതത്തിന്റെ അഭിവാജ്യഘടകമാണെന്നും, അരാഷ്ട്രീയവാദം നിരുത്സാഹപ്പെടുത്തേണ്ടതും വർജ്ജിക്കേണ്ടതും ആണെന്നും, 20X20 പോലെയുള്ള പ്രതിഭാസങ്ങൾക്ക് ഇയാംമ്പാറ്റകളുടെ ആയുസെ ഉള്ളുവെന്ന് പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതലത്തിൽ നിന്നുകൊണ്ട് കാലം ബോദ്ധ്യപ്പെടുത്തുമെന്ന് ഉറപ്പാണ്‌.

കർഷകസമരം

ഭാരതത്തിൽ ആഴ്ച്ചകളോളമായി കർഷകസമരം നടക്കുകയാണല്ലൊ. പാർലിമെന്റിനെ നോക്കുക്കുത്തിയാക്കി പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങൾക്കെതിരെയാണ്‌ പ്രധാനമായും കർഷകർ സമരം ചെയ്യുന്നത്. നിയമത്തെ എതിർത്തും ന്യായീകരിച്ചുമുള്ള അഭിപ്രായങ്ങൾ ഇതിനകം പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. സമരത്തിന്റെ വിജയപരാജയങ്ങൾ എന്താകുമെന്ന് പറയുക എളുപ്പമല്ല. പാർലിമെന്റിൽ ബിജെപിക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് അവർ നിയമം പിൻവലിക്കുമെന്ന് ഇത്തരുണത്തിൽ കരുതാൻ വയ്യ. നിയമം പിൻവലിക്കപ്പെട്ടാൽ വർഗ്ഗീയ-കോർപ്പറേറ്റ് ഭരണത്തിന്‌ അത് അന്ത്യം കുറിക്കുമെന്ന് ബിജെപിക്ക് നല്ലവണ്ണം അറിയാം.

ഭാരതം ഫ്യൂഡലിസത്തിനുമുകളിൽ കെട്ടിപ്പൊക്കിയ മുതലാളിത്തഭരണകൂടമുള്ള ഒരു രാജ്യമാണ്‌. പാശ്ചാത്യനാടുകളിലെപ്പോലെ ഭുപ്രഭുത്വത്തിന്റെ നടുവൊടിക്കാൻപോലും തയ്യാറാകാത്ത മുതലാളിത്തരാജ്യം. ഭൂപരിഷ്കരണം കോൺഗ്രസിന്റെ മുദ്രാവാക്യമായിരുന്നു. അരനൂറ്റാണോളം അധികാരത്തിലുണ്ടയിരുന്ന കോൺഗ്രസിന്‌ തങ്ങൾ ഭരിച്ച സംസ്ഥാനങ്ങളിൽ അത് നടപ്പാക്കണമെന്ന വിചാരം ഒരിക്കലും ഉണ്ടായിട്ടില്ല. പിന്നെയെങ്ങിനെയാണ്‌ ഹിന്ദുരാഷ്ട്ര പ്രഘോഷകർക്ക് അത് ഉണ്ടാകുക. കേരളത്തിലിരുന്നുകൊണ്ട്, ഇതാ വടക്കെ ഇന്ത്യയിൽ കർഷകവിപ്ലവം ഉണ്ടാകാൻ പോകുന്നു എന്ന തരത്തിലു മദ്ധ്യമങ്ങളുടെ അമിത ആവേശങ്ങൾ കണ്ട് ആരും കോരിത്തരിക്കേണ്ടതില്ല. കേരളം തന്നെ ഇന്ന് നേടിയ പുരോഗതി പതിറ്റാണ്ടുകളുടെ സമരങ്ങളുടെ ഫലമാണ്‌. ഇത്തരം സമരങ്ങൾക്ക് ഒരു ഫലവുമില്ലെന്ന വിവക്ഷ എനിക്കില്ല. പക്ഷെ കാര്യങ്ങളെ പക്വതയോടെ വിലയിരുത്താനും നേരിടാനും കഴിഞ്ഞില്ലെങ്കിൽ നിരാശയാകും ഫലം. ആവേശം തീർത്ത മാദ്ധ്യമങ്ങൾ തന്നെ മറുകണ്ടം ചാടും. വിനു-വേണു-ഷാനിയാദികൾ ഇടതുപക്ഷത്തിന്റെ കുറുവുകൾ കണ്ടെത്താൻ സൂക്ഷ്മദർശിനികളുമായി പുറപ്പെടും.

ഡെമോക്രാറ്റുകളുടെ വിജയത്തിൽ എന്തുകൊണ്ട് ആഹ്ളാദിക്കണം?

അമേരിക്കൻ ഐക്യനാട്ടിലെ ജനങ്ങളേയും നിയുക്ത പ്രസിഡണ്ട് ജോ ബൈഡനെ അനുമോദിച്ചുകൊണ്ട് ഞാനെഴുതിയപ്പോൾ ലോകപോലീസിന്റെ നേതാവിനെ എന്തിനിത്ര വാഴ്ത്തുന്നു എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ എന്റെ ചില സുഹൃത്തുക്കൾ പ്രകടിപ്പിച്ചിരുന്നു. അമേരിക്കൻ സാമ്രാജത്വത്തിന്റെ ദുഃഷ്ചെയ്തികൾ അറിയാതയോ അതിനെ സാധൂകരിക്കാനോ അല്ല ഞാനത് ചെയ്തത്. ലോകത്തിലുള്ള എല്ലാ സാധാരണ മനുഷ്യരുടേയും ജീവിതപ്രശ്നങ്ങൾ ഒന്നാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് പറയാൻ കഴിയും. 30 ലക്ഷത്തോളം ഇന്ത്യൻ വംശജർ അമേരിക്കയിലുണ്ട്. അവരിൽ ഏറെ പേരും തൊഴിൽ തേടി വന്നവരാണ്‌. മറ്റു രാജ്യങ്ങളിൽനിന്നും വിവിധ കാലങ്ങളിൽ കുടിയേറിയവരാണ്‌, അമേരിക്കൻ ഇന്ത്യൻ (Native Americans) സമൂഹമൊഴിച്ച്, ഇവിടെയുള്ള എല്ലാവരും. മനുഷ്യനെ വർണ്ണത്തിന്റേയും സമ്പത്തിന്റേയും അടിസ്ഥാനത്തിൽ വേർതിരിച്ച് കാണുന്ന ഒരു പ്രസിഡണ്ടായിരുന്നു ട്രമ്പ്. മനുഷ്യനിൽ ഏറ്റവും എളുപ്പത്തിൽ ഉദ്ദീപിപ്പിക്കാവുന്ന ദുഃഷ്ടചിന്തകളെ ജ്വലിപ്പിക്കുന്നതാണ്‌ ട്രമ്പിന്റെ രാജ്യതന്ത്രം. അടിയന്തരാവസ്ഥ കാലത്തും അതിനുശേഷം രണ്ട് വർഷവും കോൺഗ്രസിനെ തോല്പിക്കാൻ കിട്ടാവുന്ന എല്ലവരുമായും സഹകരിച്ചതും, ഇപ്പോൾ വർഗ്ഗീയതയെ തോല്പിക്കാൻ മതനിരപേക്ഷ കക്ഷികളുമായി ഒത്തു ചേരുന്നതും ഇടതുപക്ഷ-പുരോഗമന മനസ്സുകൾക്ക് മനസ്സിലാകുമെങ്കിൽ അമേരിക്കൻ ജനങ്ങളോടുള്ള ഈ അഭിനന്ദനവും മനസ്സിലാകേണ്ടതാണ്‌.
മുതലാളിത്തം ഒരു വ്യവസ്ഥിതിയാണ്‌. അതിനുമുമ്പുള്ള വ്യവസ്ഥിതികളേക്കാൾ പുരോഗിമിച്ച ഒരു വ്യവസ്ഥിതി. മുതലാളിത്ത വ്യവസ്ഥിതിയോടെ മാറ്റത്തിന്റെ ചരിത്രം അവസാനിക്കുന്നില്ല. വ്യക്തിപരവും വൈകാരികപരവുമായി വിഷയങ്ങളെ സമീപിച്ചാൽ നാം എങ്ങും എത്താൻ പോകുന്നില്ല. ലോകത്തിലെ എല്ലാ മനുഷ്യരുടേയും നന്മക്ക് രാഷ്ട്രീയവും ശാസ്ത്രവും പ്രയോജനപ്പെടണമെങ്കിൽ ഒരു ശാസ്ത്രീയ-സമത്വ വ്യവസ്ഥിതി അനിവാര്യമാണ്‌.
*
വാൽക്കഷ്ണം: കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളിൽ ചർച്ചക്ക് പോകുന്ന ഇടതുപക്ഷ പ്രതിനിധികളോടൊരു നിർദ്ദേശം. ചർച്ച തുടങ്ങുന്നതിനുമുമ്പ് തഴെ പറയുന്ന കാര്യം പറയുകയോ അതെഴുതിയ ഒരു പ്ലക്കാർഡ് കാണിക്കുകയോ ചെയ്യുക.

“ഇന്ത്യ ഒരു മുതലാളിത്ത രാജ്യമാണ്‌. അതിന്റെ ചട്ടക്കൂടിൽനിന്ന് കഴിയാവുന്ന കാര്യങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്. എന്തിനും ഏതിനും ഞങ്ങളുടെ മേൽ കുതിര കയറിയിട്ട് ഒരു കാര്യവുമില്ല.“

**