സ്ഥിരപംക്തി
ഹൃദയപക്ഷചിന്തകൾ - 1
അമ്പഴയ്ക്കാട്ട് ശങ്കരൻ
എല്ലാവർക്കും നവവത്സരാശംസകൾ!! 2009 മുതൽ 2012 വരെ അമേരിക്കൻ വിശേഷങ്ങൾ എന്നൊരു കോളം മലയാളം.കോമിൽ (malayaalam.com) എഴുതിയിരുന്നു. തെക്കും വടക്കും ഉള്ള അമേരിക്കൻ വൻകരകളിൽ സംഭവിക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിഷയങ്ങളെ അധികരിച്ചും, വിവിധപ്രദേശങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടും ഉള്ള ഒരു സ്ഥിരപംക്തി ആയിരുന്നു അത്. വിവരസാങ്കേതികവിദ്യയുടെ ഈ വിസ്ഫോടനകാലത്ത് അത്തരം ലേഖനങ്ങളുടെ പ്രസക്തി കുറഞ്ഞുവരുന്നു എന്ന തോന്നലുകൊണ്ടാണ് അത് നിർത്തിയത്. വിവരങ്ങൾ അറിയാൻ അനവധി വഴികൾ ഇന്നുള്ളതുകൊണ്ട്, വിവരങ്ങളുടെ പകർപ്പുകളല്ല, അത് പുരോഗമനാത്മകമായി വീക്ഷിക്കുകയും വിശദികരിക്കുകയുമണ് വേണ്ടത് എന്ന് തോന്നലിൽനിന്നാണ് ഹൃദയപക്ഷചിന്തകളുടെ ഉദയം. ഒരു പ്രവാസിയുടെ ലോകവീക്ഷണം ഇതിലുണ്ടായിരിക്കും. കേരളവും ഭാരതവും ലോകവും പ്രപഞ്ചവും ഇതിൽ വിഷയീഭവിക്കും. പട്ടിണിയും പാസ്പോർട്ടുമില്ലാത്ത ഒരു ലോകത്തിന്റെ മോഹചിത്രം ഇതിൽ കടന്നുവന്നുവെന്നിരിക്കും. ശസ്ത്രവും സമത്വവും സമീകരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും. നിങ്ങളുടെ അഭിപ്രായങ്ങൾ വിമർശനങ്ങൾ നല്ല ഭാഷയിൽ എഴുതി അറിയിക്കുമെന്ന് കരുതട്ടെ.
കോവിഡ് നല്കിയ പാഠം
മനുഷ്യകുലം ഒന്നാണെന്ന് ഓർമിപ്പിക്കാൻ പ്രകൃതി അവതരിപ്പിച്ചതാണ് കോവിഡ് എന്നു തോന്നുന്നു. നിങ്ങൾ ഐക്യത്തോടെ നേരിട്ടാൽ എന്നെ തോല്പിക്കാം എന്ന സന്ദേശം അത് അർത്ഥശങ്കക്കിടമില്ലാത്തവിധം അവതരിപ്പിച്ചു. അത്യാവാശ്യവും ആവശ്യവും അനാവശ്യവും അത് വേർതിരിച്ചു തന്നു. ജാതിയും മതവും വർണ്ണവെറിയും ഭാഷാവിഭാഗീതയും രാജ്യാതിർത്തികളും മാനവികത്വത്തിനെതിരാണെന്ന് കുറച്ചുപേർക്കെങ്കിലും മനസ്സിലാക്കിക്കൊടുത്തു. സുഗതകുമാരിയും എസ് പി ബാലസുബ്രമണ്യവും യുവനേതാവ് പി ബിജുവുമടക്കം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അത് അപഹരിച്ചുകൊണ്ടുപോയി. ചില ഘട്ടങ്ങളിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്ന അറിവ് അവനെ എളിമയുള്ളവനാക്കുമെന്ന് കരുതാം. 2020 മനുഷ്യകുലത്തിന് നല്കിയ പാഠങ്ങൾ വരും കാലങ്ങളിൽ ഉപയുക്തമാകുമെന്ന് പ്രതീക്ഷിക്കാം.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്
കേരളത്തിൽ നടന്ന തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പും അതിന്റെ ഫലവും ജനാധിപത്യകേരളത്തിന് അഭിമാനകരമണ്. എല്ലാക്കാലത്തും കേരളത്തിൽ തെരഞ്ഞെടുപ്പിലുണ്ടാകാറുള്ള ഉയർന്ന വോട്ടിങ്ങ് ശതമാനം കോവിഡായിട്ടും കുറവില്ലാതെ ഉണ്ടായി. യു ഡി എഫ്-നേക്കാൾ കനത്ത പ്രഹരം ഏറ്റത് ഒരു വിഭാഗം മാദ്ധ്യമങ്ങൾക്കാണ്. യു ഡി എഫും മാദ്ധ്യമങ്ങളും ഒരു പുനർവിചിന്തനത്തിന് തയ്യാറായാൽ അവർക്ക് നല്ലത്. അവരുടെ വർഗ്ഗസ്വഭാവമനുസരിച്ച് വലിയ പ്രതീക്ഷ അസ്ഥാനത്താകുമെന്ന് പറയേണ്ടിവരും. വർഗ്ഗീയത കേരളത്തിൽ വാഴില്ലെന്ന് വലതുപക്ഷത്തേയും ബിജെപി മുന്നണിയേയും വീണ്ടും ഒർമിപ്പിച്ച കേരള ജനതയോട് നന്ദി പറയാം. ജതി-മത-വർഗീയ അടിയൊഴുക്കുളെ ശാസ്ത്രീയ-പുരോഗമന ആശയങ്ങളുടെ പിൻബലത്തിലും ദീർഘകാല വീക്ഷണത്തിലൂന്നിയും കേരളത്തിലെ ഇടതുപക്ഷം നേരിടുമെന്ന് പ്രത്യാശിക്കാം.
എല്ലാക്കാലത്തും തൊഴിലാളികൾക്കും, കർഷകർക്കും, യുവാക്കൾക്കും, സ്ത്രീകൾക്കും, പർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും പ്രാതിനിധ്യം നല്കാൻ ഇടതുപക്ഷം ശ്രമിക്കാറുണ്ട്. ഇത്തവണയും അത് ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. തിരുവനന്തപുരത്തെ പുതിയ മേയർ ആര്യ അടക്കം എത്രയൊ യുവജനങ്ങൾ നേതൃനിരയിലെക്ക് എത്തിയത് ഇടതുപക്ഷത്തിന്റെ രാഷ്ട്രിയനിലപാടുകളെ ഊട്ടിയുറപ്പിക്കുന്നതാണ്. വിജയിച്ചുവന്ന എല്ലാ അംഗങ്ങൾക്കും സാരഥികൾക്കും കക്ഷിരാഷ്ട്രീയ പക്ഷപാതമന്യെ അഭിവാദനങ്ങൾ അർപ്പിക്കുന്നു. രാഷ്ട്രീയം ജനജീവിതത്തിന്റെ അഭിവാജ്യഘടകമാണെന്നും, അരാഷ്ട്രീയവാദം നിരുത്സാഹപ്പെടുത്തേണ്ടതും വർജ്ജിക്കേണ്ടതും ആണെന്നും, 20X20 പോലെയുള്ള പ്രതിഭാസങ്ങൾക്ക് ഇയാംമ്പാറ്റകളുടെ ആയുസെ ഉള്ളുവെന്ന് പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതലത്തിൽ നിന്നുകൊണ്ട് കാലം ബോദ്ധ്യപ്പെടുത്തുമെന്ന് ഉറപ്പാണ്.
കർഷകസമരം
ഭാരതത്തിൽ ആഴ്ച്ചകളോളമായി കർഷകസമരം നടക്കുകയാണല്ലൊ. പാർലിമെന്റിനെ നോക്കുക്കുത്തിയാക്കി പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങൾക്കെതിരെയാണ് പ്രധാനമായും കർഷകർ സമരം ചെയ്യുന്നത്. നിയമത്തെ എതിർത്തും ന്യായീകരിച്ചുമുള്ള അഭിപ്രായങ്ങൾ ഇതിനകം പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. സമരത്തിന്റെ വിജയപരാജയങ്ങൾ എന്താകുമെന്ന് പറയുക എളുപ്പമല്ല. പാർലിമെന്റിൽ ബിജെപിക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് അവർ നിയമം പിൻവലിക്കുമെന്ന് ഇത്തരുണത്തിൽ കരുതാൻ വയ്യ. നിയമം പിൻവലിക്കപ്പെട്ടാൽ വർഗ്ഗീയ-കോർപ്പറേറ്റ് ഭരണത്തിന് അത് അന്ത്യം കുറിക്കുമെന്ന് ബിജെപിക്ക് നല്ലവണ്ണം അറിയാം.
ഭാരതം ഫ്യൂഡലിസത്തിനുമുകളിൽ കെട്ടിപ്പൊക്കിയ മുതലാളിത്തഭരണകൂടമുള്ള ഒരു രാജ്യമാണ്. പാശ്ചാത്യനാടുകളിലെപ്പോലെ ഭുപ്രഭുത്വത്തിന്റെ നടുവൊടിക്കാൻപോലും തയ്യാറാകാത്ത മുതലാളിത്തരാജ്യം. ഭൂപരിഷ്കരണം കോൺഗ്രസിന്റെ മുദ്രാവാക്യമായിരുന്നു. അരനൂറ്റാണോളം അധികാരത്തിലുണ്ടയിരുന്ന കോൺഗ്രസിന് തങ്ങൾ ഭരിച്ച സംസ്ഥാനങ്ങളിൽ അത് നടപ്പാക്കണമെന്ന വിചാരം ഒരിക്കലും ഉണ്ടായിട്ടില്ല. പിന്നെയെങ്ങിനെയാണ് ഹിന്ദുരാഷ്ട്ര പ്രഘോഷകർക്ക് അത് ഉണ്ടാകുക. കേരളത്തിലിരുന്നുകൊണ്ട്, ഇതാ വടക്കെ ഇന്ത്യയിൽ കർഷകവിപ്ലവം ഉണ്ടാകാൻ പോകുന്നു എന്ന തരത്തിലു മദ്ധ്യമങ്ങളുടെ അമിത ആവേശങ്ങൾ കണ്ട് ആരും കോരിത്തരിക്കേണ്ടതില്ല. കേരളം തന്നെ ഇന്ന് നേടിയ പുരോഗതി പതിറ്റാണ്ടുകളുടെ സമരങ്ങളുടെ ഫലമാണ്. ഇത്തരം സമരങ്ങൾക്ക് ഒരു ഫലവുമില്ലെന്ന വിവക്ഷ എനിക്കില്ല. പക്ഷെ കാര്യങ്ങളെ പക്വതയോടെ വിലയിരുത്താനും നേരിടാനും കഴിഞ്ഞില്ലെങ്കിൽ നിരാശയാകും ഫലം. ആവേശം തീർത്ത മാദ്ധ്യമങ്ങൾ തന്നെ മറുകണ്ടം ചാടും. വിനു-വേണു-ഷാനിയാദികൾ ഇടതുപക്ഷത്തിന്റെ കുറുവുകൾ കണ്ടെത്താൻ സൂക്ഷ്മദർശിനികളുമായി പുറപ്പെടും.
ഡെമോക്രാറ്റുകളുടെ വിജയത്തിൽ എന്തുകൊണ്ട് ആഹ്ളാദിക്കണം?
അമേരിക്കൻ ഐക്യനാട്ടിലെ ജനങ്ങളേയും നിയുക്ത പ്രസിഡണ്ട് ജോ ബൈഡനെ അനുമോദിച്ചുകൊണ്ട് ഞാനെഴുതിയപ്പോൾ ലോകപോലീസിന്റെ നേതാവിനെ എന്തിനിത്ര വാഴ്ത്തുന്നു എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ എന്റെ ചില സുഹൃത്തുക്കൾ പ്രകടിപ്പിച്ചിരുന്നു. അമേരിക്കൻ സാമ്രാജത്വത്തിന്റെ ദുഃഷ്ചെയ്തികൾ അറിയാതയോ അതിനെ സാധൂകരിക്കാനോ അല്ല ഞാനത് ചെയ്തത്. ലോകത്തിലുള്ള എല്ലാ സാധാരണ മനുഷ്യരുടേയും ജീവിതപ്രശ്നങ്ങൾ ഒന്നാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് പറയാൻ കഴിയും. 30 ലക്ഷത്തോളം ഇന്ത്യൻ വംശജർ അമേരിക്കയിലുണ്ട്. അവരിൽ ഏറെ പേരും തൊഴിൽ തേടി വന്നവരാണ്. മറ്റു രാജ്യങ്ങളിൽനിന്നും വിവിധ കാലങ്ങളിൽ കുടിയേറിയവരാണ്, അമേരിക്കൻ ഇന്ത്യൻ (Native Americans) സമൂഹമൊഴിച്ച്, ഇവിടെയുള്ള എല്ലാവരും. മനുഷ്യനെ വർണ്ണത്തിന്റേയും സമ്പത്തിന്റേയും അടിസ്ഥാനത്തിൽ വേർതിരിച്ച് കാണുന്ന ഒരു പ്രസിഡണ്ടായിരുന്നു ട്രമ്പ്. മനുഷ്യനിൽ ഏറ്റവും എളുപ്പത്തിൽ ഉദ്ദീപിപ്പിക്കാവുന്ന ദുഃഷ്ടചിന്തകളെ ജ്വലിപ്പിക്കുന്നതാണ് ട്രമ്പിന്റെ രാജ്യതന്ത്രം. അടിയന്തരാവസ്ഥ കാലത്തും അതിനുശേഷം രണ്ട് വർഷവും കോൺഗ്രസിനെ തോല്പിക്കാൻ കിട്ടാവുന്ന എല്ലവരുമായും സഹകരിച്ചതും, ഇപ്പോൾ വർഗ്ഗീയതയെ തോല്പിക്കാൻ മതനിരപേക്ഷ കക്ഷികളുമായി ഒത്തു ചേരുന്നതും ഇടതുപക്ഷ-പുരോഗമന മനസ്സുകൾക്ക് മനസ്സിലാകുമെങ്കിൽ അമേരിക്കൻ ജനങ്ങളോടുള്ള ഈ അഭിനന്ദനവും മനസ്സിലാകേണ്ടതാണ്.
മുതലാളിത്തം ഒരു വ്യവസ്ഥിതിയാണ്. അതിനുമുമ്പുള്ള വ്യവസ്ഥിതികളേക്കാൾ പുരോഗിമിച്ച ഒരു വ്യവസ്ഥിതി. മുതലാളിത്ത വ്യവസ്ഥിതിയോടെ മാറ്റത്തിന്റെ ചരിത്രം അവസാനിക്കുന്നില്ല. വ്യക്തിപരവും വൈകാരികപരവുമായി വിഷയങ്ങളെ സമീപിച്ചാൽ നാം എങ്ങും എത്താൻ പോകുന്നില്ല. ലോകത്തിലെ എല്ലാ മനുഷ്യരുടേയും നന്മക്ക് രാഷ്ട്രീയവും ശാസ്ത്രവും പ്രയോജനപ്പെടണമെങ്കിൽ ഒരു ശാസ്ത്രീയ-സമത്വ വ്യവസ്ഥിതി അനിവാര്യമാണ്.
*
വാൽക്കഷ്ണം: കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളിൽ ചർച്ചക്ക് പോകുന്ന ഇടതുപക്ഷ പ്രതിനിധികളോടൊരു നിർദ്ദേശം. ചർച്ച തുടങ്ങുന്നതിനുമുമ്പ് തഴെ പറയുന്ന കാര്യം പറയുകയോ അതെഴുതിയ ഒരു പ്ലക്കാർഡ് കാണിക്കുകയോ ചെയ്യുക.
“ഇന്ത്യ ഒരു മുതലാളിത്ത രാജ്യമാണ്. അതിന്റെ ചട്ടക്കൂടിൽനിന്ന് കഴിയാവുന്ന കാര്യങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്. എന്തിനും ഏതിനും ഞങ്ങളുടെ മേൽ കുതിര കയറിയിട്ട് ഒരു കാര്യവുമില്ല.“
**
No comments:
Post a Comment