Sunday, June 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 20

അമ്പഴയ്ക്കാട്ട് ശങ്കരൻ


റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രാഥമിക സംവാദങ്ങൾ (Prinmary debates)


മെയ് 5-ന്‌ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രാഥമിക സംവാദങ്ങൾ ആരംഭിച്ചതോടെ 2012-ലെ തെരഞ്ഞെടുപ്പിനുള്ള കേളികൊട്ട് ആരംഭിച്ചിരിക്കുകയാണ്‌. 2012 മർച്ച് അഞ്ചോടെ സംവാദങ്ങൾക്ക് പരിസമാപ്തിയാകും. മത്സരംഗത്ത് ഉണ്ടാകുമെന്ന് കരുതിയ മുൻ വൈസ് പ്രസിഡന്റ് സ്ഥാർത്ഥി സേറാ പേലിൻ, മൈക്ക് ഹക്കബി, ഡൊണൾഡ് ട്രമ്പ് എന്നിവർ മത്സരരംഗത്ത് ഉണ്ടവില്ല. മത്സരരംഗത്തുള്ള പ്രധാനികൾ മിറ്റ് റാമ്നി, ടിം പുലന്റി, മിഷേൽ ബാക്മെൻ, റോൺ പോൾ, ഹേമൻ കേയിൻ എന്നിവരാണ്‌. ഒബാമയെ തോല്പിക്കാനുള്ള ശ്രമിക്കുന്നവരോടെ കൂട്ടത്തിലേക്ക് ഇനിയും റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നും കൂടുതൽ പേർ വന്നേക്കാം. എന്നാൽ ഇപ്പോഴത്തെ സർവേകളിൽ മിറ്റ് റാമ്നിയും, മിഷേൽ ബാക്ക്മനുമാണ്‌ മുന്നിട്ട് നില്ക്കുന്നത്. ഇനിയും എറെ മാസങ്ങൾ കടന്നുപോകേണ്ടതുള്ളതുകൊണ്ട് ഇതിൽ മാറ്റങ്ങൾ വരാനുള്ള സാദ്ധ്യത തള്ളികളയാനാവില്ല. ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കവും ഇതിനകം ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണത്തെപോലെ തന്നെ ചെറുപ്പക്കാരെയും, സ്ത്രീകളേയും, ന്യൂനപക്ഷങ്ങളേയും ആകർഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഒബാമയുടെ വിവിധ തലത്തിലുള്ള ഇലക്ഷൻ കമ്മിറ്റികൾ ആരംഭിച്ചു കഴിഞ്ഞു.


Obama-Romney


ഒബാമ ഒറ്റവട്ട പ്രസിഡണ്ടാകുമെന്ന ഉറച്ചവിശ്വാസത്തിലാണ്‌ റിപ്പബ്ലിക്കൻ പാർട്ടിക്കാർ. അവർ ഒബാമയെ താരതമ്യം ചെയ്യുന്നത് രണ്ടാം വട്ടം തെരഞ്ഞെടുക്കപ്പെടാതെ പോയ ജിമ്മി കാർട്ടറുമായിട്ടാണ്‌. ജിമ്മി കാർട്ടർ പ്രസിഡണ്ടായ കാലഘട്ടമല്ല ഇതെന്ന് ഡെമോക്രാറ്റുകൾ സമാധാനിക്കുന്നു. സാമ്പത്തികമാന്ദ്യം തരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഒബാമയുടെ സ്ഥിതി പരിതാപകരമാവും എന്ന് കരുതുന്നവരാണ്‌ ഏറെയും. ബഡ്ജറ്റ് കമ്മി, കേന്ദ്രഗവർണ്മെന്റിന്റെ കടബാദ്ധ്യത, ചെലവുചുരുക്കൽ, നികുതി ഘടന പരിഷ്ക്കരിക്കൽ, നികുതി കൂട്ടി ചെലവിനുള്ള വക കണ്ടെത്തൽ, സാമുഹ്യസുരക്ഷ പദ്ധതികൾ, ഒബാമ പാസാക്കിയ സമഗ്ര ആരോഗ്യ-സുരക്ഷാപദ്ധതി തുടങ്ങി മുന്നു യുദ്ധങ്ങളും, കുടിയേറ്റനിയവവും മറ്റും ഈ തെരഞ്ഞെടുപ്പിൽ ചൂടുള്ള ചർച്ചാവിഷയമാകും. ന്യുനപക്ഷങ്ങളായ കറുത്തവർഗക്കാരുടേയും, തെക്കെ അമേരിക്കയിൽ നിന്നും കുടിയേറിയ ഹിസ്പാനിക്ക് (Hispanic) വർഗ്ഗക്കാരുടെയും അഭൂതപുർവമായ പിന്തുണ ഉള്ളിടത്തോളം കാലം ഒബാമയെ തോല്പിക്കുക റിപ്പബ്ലിക്കൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം ദു:ഷ്ക്കരമാണ്‌.

ഗ്രനെഡ (Graneda)


സുഗന്ധദ്രവ്യങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ഗ്രെനെഡ ലോകത്തിന്റെ ശ്രദ്ധയി വരുന്നത് 1498-ൽ കൊളമ്പസിന്റെ മൂന്നാം നാവികപര്യടനത്തിനുശേഷമാണ്‌. 1649 മുതൽ ഫ്രഞ്ച് കോളനിയായിരുന്നു ഗ്രെനെഡാ 1763-ൽ പാരിസ് ഉടമ്പടി (Treaty of Paris) പ്രകാരം ബ്രിട്ടന്റെ കോളനിയായിത്തീർന്നു. 1950 മുതൽ ലേബർ പാർട്ടിയുടെ ( Grenada United Labour Party) നേതൃത്വത്തിൽ ഉണ്ടായ തൊഴിലാളി-ജനകീയ മുന്നേറ്റത്തിന്റെ ഫലമായി 1974-ൽ സ്വതന്ത്രമായി. ക്യുബയുടെയും, സോവിയറ്റ് യൂണീയന്റെയും സഹായത്തോടെ വിപ്ലവശക്തികളും, അമേരിക്കയുടെ സഹായത്തോടെ പ്രതിവിപ്ലവ ശക്തികളും അധികാരം കൈയ്യടക്കുന്നതിനുവേണ്ടിയുള്ള പോരാട്ടമാണ്‌ ഗ്രനെഡ പിന്നീട് കണ്ടത്. 1983-ൽ ജനാധിപത്യം സ്ഥാപിക്കുകയാണെന്ന വ്യാജേന അമേരിക്ക ഗ്രനെഡായെ ആക്രമിക്കുകയും അവിടെ ഒരു പാവഗവണ്മെന്റിനെ വാഴിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലെ മനുഷ്യാവകാശലംഘനങ്ങളെയും ഭരണകൂടഭികരതകളേയും ചർച്ചചെയ്യാൻ റോമൻ കത്തലിക് ബിഷപ്പായ മർക്ക് ഹെയിൻസിന്റെ (Father Mark Haynes) നേതൃത്വത്തിൽ ഒരു കമ്മീഷനെ (truth and reconciliation commission) നിയമിച്ചു. ഇപ്പോഴും പഴയ ചരിത്രം ഓർക്കുമ്പോൾ അമർഷം നിറയുന്നവരുണ്ടെങ്കിലും സ്ഥിതി പൊതുവെ ശാന്തമാണെന്നുവേണം പറയാൻ. 2007 ലോകക്രിക്കറ്റ് മത്സരത്തിന്‌ മറ്റു കരിബീയൻ രാജ്യങ്ങളെപോലെ ഗ്രെനെഡയും ഒരു വേദിയായിരുന്നു.

344 ചതുരശ്ര കിമി വിസ്തീർണ്ണമുള്ള ഗ്രെനെഡയിൽ ഏകദേശം ഒരു ലക്ഷം ജനസംഖ്യയാണുള്ളത്. അടുത്തകാലത്ത് അത്രയും തന്നെ ജനങ്ങൾ അമേരിക്ക, കനഡാ, ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കുടിയേറിയിട്ടുമുണ്ട്. ടൂറീസം, പ്രത്യേകിച്ച് ഇക്കൊ ടൂറിസം, സുഗന്ധദ്രവ്യങ്ങളുടെ, പ്രത്യേകിച്ച് ജാതിപത്രിയുടെ കയറ്റുമതി, നിർമ്മാണമേഖല തുടങ്ങിയവയാണ്‌ പ്രധാന വരുമാനമാർഗ്ഗങ്ങൾ. ആഫ്രിക്കയിൽ നിന്ന് അടിമകളായി വന്നവരുടെ പിൻ തലമുറക്കാരാണ്‌ ഇവിടെ ഭുരിപക്ഷവും. റോമൻ കാത്തോലിക്ക വിഭാഗത്തിന്‌ ഭുരിപക്ഷമുള്ള പ്രദേശമാണിത്. ഒരു ചെറിയ ശതമാനം ഇന്ത്യയിൽനിന്നും കുടിയേറിയവരും ഇവിടെ ഉണ്ട്. ഇംഗ്ലിഷ് ആണ്‌ ഔദ്യോഗിക ഭാഷയെങ്കിലും ക്രിയോൾ (Grenadian Creole), പട്വ ( French Patois), ഹിന്ദി തുടങ്ങിയ ഭാഷകളുമുണ്ട്. ആഫ്രിക്കൻ-ഫ്രഞ്ച് സാംസ്കാരിക പാരമ്പര്യം നിലനില്ക്കുന്ന ഇവിടെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഭാരതത്തിന്റെ സ്വാധീനവും കാണാം.


സംസ്ഥാനങ്ങളിലൂടെ ....



വെസ്റ്റ് വെർജീനിയ


പൂർണ്ണമായും അപ്പലാച്ചിയൻ പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്നതുകൊണ്ട് വെസ്റ്റ് വെർജീനിയ പർവ്വത സംസ്ഥാനം (The Mountain State) എന്നാണ്‌ അറിയപ്പെടുന്നത്. യൂറോപ്യന്മാരുടെ വരവിനുമുമ്പ് തദ്ദേശീയരായ അമേരിക്കൻ ഇന്ത്യക്കാരുടെ നായാട്ടു കേന്ദ്രമായിരുന്നു ഈ പ്രദേശം. ഭൂപ്രദേശം വെട്ടിതെളിയിക്കുന്നതിനുപകരം കത്തിച്ചു തെളിയിക്കുക ഇവരുടെ സമ്പ്രദായമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയോടെ യൂറോപ്യന്മാർ കുടിയേറി തുടങ്ങി. അമേരിക്കൻ അഭ്യന്തര യുദ്ധകാലത്ത് കോൺഫെഡറേഷന്റെ ഭഗമായിരുന്ന വെർജീനിയയിൽ നിന്ന് പിരിഞ്ഞ് യൂണീയനിൽ ചേർന്ന ഏകസംസ്ഥാനമാണ്‌ വെസ്റ്റ് വെർജീനിയ. 1863 ജൂൺ 20 -ന്‌ യൂണിയനിൽ ചേർന്ന വെസ്റ്റ് വെർജീനിയ പ്രാധാന്യമുള്ള അഭ്യന്തരയുദ്ധ അതിർത്തിസംസ്ഥാനമായിരുന്നു (Civil War border state). എങ്കിലും അധികം നാശനഷ്ടങ്ങൾ ഉണ്ടാകാത്ത സംസ്ഥാനങ്ങളിലൊന്നാണ്‌ ഇത്.


Harpers Ferry: a historic town


ഈർപ്പവും, വേനൽ ചൂടും, കൊടും തണുപ്പുമുള്ള (humid subtropical climate) കാലാവസ്ഥയാണ്‌ ഇവിടെയുള്ളത്. വനസമ്പത്തും ഖനിസമ്പത്തും ഉള്ളതുകൊണ്ട് മരവ്യവസായവും, കല്ക്കരി ഖനനവും, പ്രകൃതിവാതകവും, പെട്രോളിയവും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്‌. കൂടാതെ ടൂറിസത്തിന്റെ ഭാഗമായും അല്ലാതെയും നായാട്ട്, മത്സ്യബന്ധനം, സ്കീയിങ്ങ്, മലകയറ്റം, സൈക്കിളിംഗ്, റാഫ്റ്റിങ്ങ് തുടങ്ങിയ കായിക വിനോദങ്ങൾക്ക് പ്രസിദ്ധമാണിവിടം. പത്ത് ലക്ഷം ജനസംഖ്യയിൽ ഭുരിഭാഗവും ക്രിസ്തുമതവിശ്വാസക്കാരണ്‌. അതിൽ 75% പ്രൊട്ടസ്റ്റന്റ് വിഭാഗവും. തൊഴിലാളി മുന്നേറ്റത്തിന്റെ വലിയ ചരിത്രമുള്ള ഇവിടെ ഡെമോക്രാറ്റുകൾക്ക് വലിയ സ്വാധീനമുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ എല്ലാ കാലത്തും ഡെമോക്രാറ്റുകൾക്കൊപ്പം നിന്ന സംസ്ഥാങ്ങളിലൊന്നാണിത്. ചാർൾസ്റ്റൻ (തലസ്ഥാനം), ഹണ്ടിംഗ്ട്ടൺ, വീലിങ്ങ്, പാർക്സ് ബർഗ്, മോർഗൺ ടൗൺ എന്നിവയാണ്‌ പ്രധാന നഗരങ്ങൾ. പ്രകൃതിദത്തമായ കായികവിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാകാത്ത വിനോദ സഞ്ചാര കേന്ദ്രമാണ്‌ വെസ്റ്റ് വെർജീനിയ.

ജൂൺ 5, 2011.
 
*