Thursday, August 5, 2010

അമേരിക്കൻ വിശേഷങ്ങൾ - 10

എണ്ണക്കിണറിലെ ചോർച്ചയും പരിസ്ഥിതി ആഘാതവും

എ എം എസ്

ഗൾഫ് ഓഫ് മെക്സിക്കോയിലെ ബി പി യുടെ എണ്ണക്കിണറിൽ തീപ്പിടിത്തവും, സ്ഫോടനവും ഉണ്ടായത് ഏപ്രിൽ 20-ന്‌ ആണ്‌. പതിനൊന്ന് പേരുടെ ദാരുണ മരണത്തിനും, കോടിക്കണക്കിന്‌ ഡോളർ നാശനഷ്ടവും അതുണ്ടാക്കി. ജൂലൈ പന്ത്രണ്ടോടെ ചോർച്ച അടച്ചെങ്കിലും ഇതുമൂലം ഉണ്ടായ പരിസ്ഥിതി ആഘാതം കണക്കാക്കിനിരിക്കുന്നതേയുള്ളു. സമുദ്രവിഭവങ്ങൾക്ക് കുഴപ്പമില്ലെന്നും, അതിപ്പോൾ കണക്കാക്കാൻ കഴിയില്ലെന്നും ഉള്ള രണ്ട് വിരുദ്ധ വാദങ്ങളുമയി അതിന്റെ വിദഗ്ധർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഓഷിയാന (Oceana) എന്ന പരിസ്ഥിതി പ്രവർത്തകർ ഒരു മില്ല്യൻ ഡോളർ ചിലവ് വരുന്ന, സമുദ്രത്തിനടിത്തട്ടിലെ പരിസ്ഥിതി ആഘാതം പഠിക്കുന്നതിന്‌വേണ്ടി ഒരു ശാസ്ത്രസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചോർച്ച അടക്കാൻ കഴിഞ്ഞതും, വൈകിയാണെങ്കിലും പ്രശ്നത്തിൽ സജീവമായി ഇടപെട്ട് ബിപിയെകൊണ്ട് 20 ബില്യൻ ഡോളറിന്റെ ഒരു നഷ്ടപരിഹാരഫണ്ട് സ്വരൂപിപ്പിച്ചതും നിരവധി മറ്റു പ്രശ്നങ്ങൾ കൊണ്ട് നട്ടം തിരിയുന്ന ഒബാമക്ക് കുറച്ചെങ്കിലും ആശ്വാസം നല്കിയിട്ടുണ്ട്.

ഹെയ്തി ഭൂകമ്പത്തിനുശേഷം

Wyclef Jean
ജനുവരിയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ദു:രിതങ്ങളിൽനിന്നും ഇനിയും അവിടുത്തെ ജനത മോചനം നേടിയിട്ടില്ല. കോടിക്കണക്കിന്‌ ഡോളർ രാജ്യങ്ങളും, കോർപ്പറേഷനുകളും, വ്യക്തികളും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ പത്തു ശതമാനം പോലും അവിടെ ചെലവഴിച്ചിട്ടില്ലെന്ന വസ്തുത നിലനില്ക്കുകയാണ്‌. അതിനിടെയാണ്‌ പൊതുതെരഞ്ഞെടുപ്പ് വരുന്നത്. 2010 ഫെബ്രുവരിയിലാണ്‌ തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. ഭൂകമ്പം മുലം മാറ്റിവെച്ചു. നവമ്പർ 28 - ന്‌ ആണ്‌ തെരഞ്ഞെടുപ്പ്. 10 സെനറ്റർമാരേയും, 99 പാർലിമെന്റ് അംഗങ്ങളേയും, പ്രസിഡന്റിനേയും അന്ന് തെരഞ്ഞെടുക്കും. പ്രസിദ്ധ ഗാനരചിയിതാവും, പോപ്പ് ഗായകനുമായ വൈക്ലെഫ് ജീൻ (Wyclef Jean) പ്രസിഡണ്ട് മോഹവുമായി ഇപ്പോൾ തന്നെ രംഗത്തുണ്ട്. ഒമ്പതുവയസ്സിൽ അമേരിക്കയിൽ കുടിയേറിയ ജീൻ അമേരിക്കൻ കോർപ്പറേറ്റ് താല്പര്യങ്ങളുടെ സ്ഥാനാർത്ഥിയാണെന്ന് ഇപ്പോൾ തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. യുദ്ധംകൊണ്ട് രാജ്യങ്ങളെയും, ജനങ്ങളെയും, വിഭവങ്ങളെയും കീഴടക്കാൻ കഴിയില്ലെന്ന തിരിച്ചറിവ്, സാമ്രജത്വവും, കോർപ്പറേറ്റ് മുതലാളിത്തവും എങ്ങിനെ മറികടക്കുന്നു എന്നതിന്‌ മറ്റൊരു ഉദാഹരണം ആകാൻ പോകുകയാണ്‌ ഹെയ്ത്തിയിലെ തെരഞ്ഞെടുപ്പ്.

ഇക്വഡോർ

ശന്തസമുദ്രത്തിനും, പെറുവിനും, കൊളമ്പിയയ്ക്കും ഇടയിലായി കിടക്കുന്ന രാജ്യമാണ്‌ ഇക്വഡോർ. മൂന്ന് ലക്ഷം ചതുരശ്ര കി. മി. വിസ്തൃതിയും, ഒന്നര കോടി ജനസഖ്യയും ഉള്ള ഈ രാജ്യത്തിന്‌ സമ്പന്നമായ ഒരു ചരിത്രമാണ്‌ ഉള്ളത്. 3500 BC മുതൽ വാൽദിവിയ, മച്ചലില്ല, ക്വിറ്റസ്, കനാരി (Valdivia Culture, Machalilla Culture, the Quitus and the Cañari) തുടങ്ങി വിവിധ സംസ്കാരങ്ങൾ സാക്ഷ്യം വഹിച്ച ഇവിടം വാസ്തുവിദ്യ, മൺപാത്രനിർമ്മാണം എന്നിവയിൽ പ്രസിദ്ധമായിരുന്നു. 1463-ൽ ഇങ്ക സാമ്രാജ്യത്തിന്റെ (Inca Empire) ഭാഗമാകും മുമ്പുള്ള ചരിത്രം ഡച്സേല (Duchicela) രാജവംശത്തിന്റേതാണ്‌. 1563-ൽ ഡച് കോളനിയാകുകയും, അവരുടെ ഭരണത്തിൽ കീഴിൽ ലക്ഷക്കണക്കിന്‌ തദ്ദേശീയരെ കൊന്നൊടുക്കുകയും ചെയ്തു. 1820 ഒക്ടോബർ 9-ന്‌ ഗ്വയാക്വിൽ ( Guayaquil) എന്ന നഗരവും, 1822 മേയ് 24-ന്‌ മറ്റുള്ള പ്രദേശങ്ങളും സ്വാതന്ത്ര്യം നേടി.

José Eloy Alfaro Delgado
1895-ൽ എലോയുടെ (José Eloy Alfaro Delgado) ഉണ്ടായ മിതവാദികളുടെ (Liberal) മുന്നേറ്റം മതത്തിന്റേയും യാഥാസ്തിതികരുടെയും (Conservatives) സ്വാധീനം ഗണ്യമായി കുറച്ചു. 1925 വരെ മിതവാദികളുടെ സുവർണ്ണകാലമായിരുന്നു. മുപ്പതുകളും നാല്പതുകളും അഭ്യന്തരപ്രശ്നങ്ങൾകൊണ്ടും, പെറുവുമായുള്ള യുദ്ധം (1941) കൊണ്ടും കലുഷിതമായ ഇക്വഡോറിൽ യാഥാസ്തിതികർ അധികാരത്തിലേക്ക് വന്നു. 5 തവണ പ്രസിഡന്റായ ഹുസെ ഇബാറാ(José María Velasco Ibarra) അവരുടെ നേതാവായിരുന്നു. 1972 മുതൽ 79 വരെ പട്ടാളം ഭരണം ഏറ്റെടുത്തു. 1979 പുതിയ ഭരണഘടനയുണ്ടാവുകയും ജനാധിപത്യം തിരിച്ചുവരികയും ചെയ്തു. പലതവണ ഭരണഘടന തിരുത്തുകയും മറ്റുകയും ചെയ്ത ചരിത്രമാണ്‌ ഇക്വഡോറിനുള്ളത്. 1995-ൽ പെറുവുമയി ഉണ്ടായ യുദ്ധം ഒഴിച്ചാൽ ഇക്വഡോറിന്റെ വർത്തമാനചരിത്രം പൊതുവെ സമാധാനപരമാണെന്ന് കാണാം.

ജിഡിപിയിൽ അറുപത്തിയാറാം സ്ഥാനമുള്ള ഈ രാജ്യത്തിന്റെ പ്രധാന കയറ്റുമതി പെട്രോളിയം ഉത്പന്നങ്ങളാണ്‌. സമുദ്രോല്പന്നങ്ങൾ, നാണ്യവിളകളായ കൊക്കൊ, കാപ്പി എന്നിവയാണ്‌ മറ്റു കയറ്റുമതി ഇനങ്ങൾ. വ്യവസായ ഉല്പന്നങ്ങൾ, ഉപഭോക്തൃഉല്പന്നങ്ങൾ എന്നിവയാണ്‌ എന്നിവയാണ്‌ പ്രധാന ഇറക്കുമതി. ഇക്വഡോറിന്‌ കയറ്റുമതി-ഇടക്കുമതി ബന്ധമുള്ള പ്രധാന രാജ്യങ്ങളാണ്‌ യു എസ് എ, റഷ്യ, ചൈന, ബ്രസീൽ, വെനിസൂല, കൊളമ്പിയ, ചിലി, പെറു എന്നിവയാണ്‌.

വേനൽക്കാലവുധിയും ഹോളിവുഡും

വേനലക്കാലവുധി തുടങ്ങിയതനുസരിച്ച് ആഗസ്റ്റ് ആദ്യവരത്തിലോ, മദ്ധ്യത്തിലോ, സെപ്റ്റംബർ ആദ്യവാരത്തിലോ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ തുറക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇവിടെ ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്‌ കണക്കിലും, ശസ്ത്രത്തിലും ശരാശരി അമേരിക്കൻ വിദ്യാർത്ഥികളുടെ പിന്നോക്കാവസ്ഥ. ഇരുപത്തിയഞ്ചാം സ്ഥാനമാണത്രെ ഇവിടുത്തെ വിദ്യാർത്ഥികൾക്കുള്ളത്. ശാസ്ത്രത്തിലും സാങ്കേതിവിദ്യയിലും നൂതനാശയങ്ങളുടെ (Innovations) കുത്തക ഇപ്പോഴും അമേരിക്കക്ക് തന്നെയാണെങ്കിലും അതിന്‌ ഭാവിയിൽ ഇടിവ് ഉണ്ടാകുമെന്ന ഭയത്തിന്റെ അടിസ്ഥാനം ഈ കണക്കുകളാണ്‌.

Grown Ups
ടിവിയുടേയും, ഇന്റർനെറ്റിന്റെയും തള്ളിക്കയറ്റം മൂലം ലോകത്തിലെ സിനിമവ്യവസായം പ്രതിസന്ധിയിലായിട്ട് കാലമേറെയായി. എന്നാൽ ഹോളിവുഡ് പുതിയ പരീക്ഷണങ്ങൾകൊണ്ടും, സാങ്കേതികമേന്മകൊണ്ടും, പുതിയ വിപണികൾ കണ്ടെത്തിയും ഇത്രയും കാലം പിടിച്ചുനിന്നു. എന്നാൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി അതിനെ വീണ്ടും കുഴപ്പത്തിലാക്കി. പുതിയ ചിത്രങ്ങളിൽ മഹാഭൂരിപക്ഷവും പരാജയപ്പെടുന്ന കാഴ്ച്ചയാണ്‌ കഴിഞ്ഞ രണ്ടുവർഷമായി കാണുന്നത്. അവതാറും (Avatar), കുട്ടികൾക്കുള്ള ചില 3D ചിത്രങ്ങളുമാണ്‌ അടുത്ത കാലത്ത് വൻവിജയങ്ങൾ നേടിയത്. ഇവിടെ കഴിഞ്ഞ രണ്ടുമാസമായി വേനൽക്കാലാവുധിയായിട്ടും പുതിയതായി ഇറങ്ങുന്ന ചിത്രങ്ങൾ നിർമ്മാതാക്കൾ പ്രതീക്ഷിച്ച വിജയം നേടിയില്ല.
The Kids are all right
അടുത്ത കാലത്ത് വലിയ പരിക്കേല്ക്കാതെ രക്ഷപ്പെട്ട ചിത്രങ്ങളാണ്‌ ആഡം സൻഡലറിന്റെ (Adam Sandler) ഗ്രോൺ അപ്സ് (Grown Ups), ടൈറ്റാനിക്കിലൂടെ പ്രസിദ്ധനായ ലിയൊനാഡോ ഡികാപ്രിയോവിന്റെ (Leonardo DiCaprio) ഇൻസെപ്ഷൻ (Inception), ടോം ക്രൂസും കാമിറിൺ ഡിയാസും (Tom Cruise and Cameron Diaz) അഭിനയിച്ച നൈറ്റ് ആന്റ് ഡേ (Knight and Day), ആൻജലീന ജോലിയുടെ (Angelina Jolie) സോൾട് (Salt) എന്നിവ. എഴുപതുകളിൽ ഒന്നിച്ച് പഠിച്ച കൂട്ടുകർ ഒത്തുചേരുമ്പോൾ പഴയ തലമുറയും ഇപ്പോഴത്തെ കുട്ടികളും തമ്മിലുള്ള അന്തരം നർമം കലത്തി ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ്‌ ഗ്രോൺ അപ്സ്. മനുഷ്യമനസ്സിനെ മൂന്നിലേറേ തലങ്ങളിൽ വെട്ടിപ്പിടിക്കുന്നതിനുള്ള സാങ്കേതികവിദ്യ വിഷയമാക്കി നിർമ്മിച്ച ഇൻസെപ്ഷൻ പുതുമയുള്ള വിഷയമാണ്‌. റഷ്യൻ ചാരന്റെ കഥ പറയുന്ന സോൾട്ട്, രഹസ്യാന്വേഷകന്റെ കഥ പറയുന്ന നൈറ്റ് ആന്റ് ഡേ എന്നിവ പതിവുചിത്രങ്ങളാണ്‌. എന്നാൽ ശ്രദ്ധേയമായ മറ്റൊരു ചിത്രമാണ്‌, സ്വവർഗ്ഗദമ്പതികളുടെ ജിവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ഗൗരവത്തോടെയും, എന്നാൽ അല്പം നർമം കലർത്തിയും, പ്രതിപാദിക്കുന്ന ദ കിഡ്സ് ആർ ആൾ റൈറ്റ് (The Kids are all right) എന്ന സിനിമ. ആനെറ്റെ ബെനിങ്ങ് (Annette Bening), ജൂലിയാന മോർ (Julianne Moore), മാർക് റഫലോ (Mark Ruffalo) എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ.

*

(ആഗസ്റ്റ് 5, 2010)