അമ്പഴയ്ക്കാട്ട് ശങ്കരൻ
ഒബാമയുടെ സമഗ്രാരോഗ്യ പദ്ധതി സുപ്രീം കോടതിയിൽ
US Supreme Court
അധികാരത്തിൽ കേറിയ ഉടനെ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സമഗ്രാരോഗ്യ പദ്ധതി നിയമമാക്കുന്നതിന് ഒബാക്ക് കഴിഞ്ഞു. സാമ്പത്തിക മന്ദ്യത്തിനിടയിൽ അത് ബുദ്ധി പൂർവമായിരുന്നോ എന്ന് ചിന്തിച്ച നിക്ഷപക്ഷമതികൾ ഉണ്ടായിരുന്നു. അതിലെ ചില വകുപ്പുകൾ, പ്രത്യേകിച്ചും ഇൻഷൂറൻസ് നിർബന്ധമായും വാങ്ങിയിരിക്കണം എന്നത്, ഭരണഘടന വിരുദ്ധമാണെന്ന് റിപ്പബ്ലിക്കൻകാർ ആരോപിച്ചു. 2008-ൽ ഹിലരി ക്ലിന്റനുമയിട്ടുള്ള പ്രാഥമിക സംവാദത്തിൽ ഒബാമ നിർബന്ധ ഇൻഷൂറൻസിന് എതിരായിരുന്നു. അതുപ്പൊലെ തന്നെ, തൊണ്ണൂറികളിൽ ബിൽ ക്ലിന്റൻ ഭരിക്കുന്ന സമയത്ത് ഭൂരിഭാഗം റിപ്പബ്ലിക്കൻകാരും നിർബന്ധ ഇൻഷൂറൻസിന് അനുകൂലമായ നിലപാട് എടുത്തിരുന്നു. രണ്ട് പേരും അവരുടേ നിലപാടുകൾ മാറ്റി. റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത് നടപ്പാക്കാനാകില്ലെന്ന് ശഠിച്ചു. ഒടുവിൽ സംസ്ഥാനങ്ങളിലെ ഫെഡറൽ കോടതികളിലും പിന്നീട് സുപ്രിം കോടതിയിലും അത് ചെന്നെത്തി. കഴിഞ്ഞ മാർച്ച് 26, 27, 28 തിയതികളിലായി സുപ്രിം കോടതി ഗവർന്മെന്റിന്റേയും, നിയമത്തെ എതിർക്കുന്നവരുടെയും വാദം കേട്ടു. 9 ജഡ്ജിമാരിൽ 5 പേർ റിപ്പാബ്ലിക്കൻ പ്രസിഡണ്ടുമാർ നിയമിച്ചതും, 4 പേർ ഡെമോക്രാറ്റ് പ്രസിഡണ്ടുമാർ നിയമിച്ചതുമാണ്. ജൂൺ മാസത്തോട് കോടതി അവസാനവിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നവമ്പറിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് അതിനെ നിർണ്ണായകമായി സ്വാധീനിക്കുന്നതായിരിക്കും വിധി എന്ന കാര്യത്തിൽ തർക്കമില്ല.
കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനയായി മാർച്ച്
ആഗോള താപനത്തെ കുറിച്ച് കാലാവസ്ഥ നിരീക്ഷകരും, ശാസ്ത്രജ്ഞന്മാരും മുന്നോട്ട് വെക്കുന്ന നിഗമനങ്ങൾ ശരിവെക്കുന്ന വിധത്തിലായിരുന്നു അമേരിക്കയിലെ മാർച്ച് മാസം. ദേശീയ കാലാവസ്ഥ വിവര കേന്ദ്രം (National Climatic Data Center (NCDC)) മാർച്ച് മാസിലെ ദൈനംദിന കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയ വിവർങ്ങൾ അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ കാലങ്ങളിൽ മാർച്ച് മാസത്തിൽ ഒന്നോ രണ്ടോ ദിവസമാണ് ശരാശരി റെക്കോഡ് ഉഷ്ണം രേഖപ്പെടുത്താറുള്ളതെങ്കിൽ ഈ വർഷം പതിനഞ്ചിലേറെ ദിവസം റെക്കോഡ് താപം രേഖപ്പെടുത്തി. മിഷിഗൻ, ടെന്നിസി, മിനസോട്ട, ജോർജിയ തുടങ്ങിയ തെക്കു-വടക്കു സംസ്ഥാനങ്ങളിൽ ജനങ്ങൾക്കിടയിൽ വലിയ സംസാരവിഷയമായി തീരൂകയും ചെയ്തു. 1895 മുതലാണ് ശാസ്ത്രീയമായി കാലാവസ്ഥ കണക്കുകൾ ശേഖരിച്ചു തുടങ്ങിയതും അതിന്റെ രേഖകളുള്ളതും. ഈ വർഷം മാർച്ച് മാസത്തിലെ പോലെ തന്നെ ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തിൽ (quarter) റെക്കോഡ് ചൂട് തന്നെയാണ് രേഖപ്പെടുത്തിയത്. രാജ്യത്താകെ ശരാശാരിക്കുമുകളിലുള്ള ഉഷ്ണം, വൻതോതിലുള്ള മഞ്ഞുരുകൽ, മഞ്ഞുവീഴ്ച്ച, പൂമ്പൊടിയുടെ (pollen) അളവിലുള്ള വലിയ വർദ്ധന, വലിയ തോതിലുള്ള ആലിപ്പഴം (hailstone) വീഴ്ച്ച തുടങ്ങി നിരവധി വിശദീകരിക്കാൻ കഴിയാത്ത കാലാവസ്ഥ വ്യതിയാനവുമായാണ് മാർച്ച് മാസം കടന്നുപോയത്.
സെയ്ന്റ് ബാർതെലമി (Saint Barthelemy)
1493 - ലാണ് കൊളമ്പസ് ബാർതെലമിയിൽ എത്തുന്നത്. തന്റെ സഹോദരനായ ബാർതൊലമേയോയുടെ (Bartolomeo) സ്മരണാർത്ഥമാണ് ദ്വീപിന് ഈ പേര് നല്കിയത്. ബി.സി 1800 മുതൽ തന്നെ സിബണെ (ciboney) എന്നറിയപ്പെടുന്ന തദ്ദേശീയവാസികൾ അവിടെ ഉണ്ടായിരുന്നു. 100 എഡി-മുതൽ അരവാക്കൻ ഇന്ത്യൻ തദ്ദേശീയരും, 800 എഡി-യിൽ ഇന്നത്തെ കരീബിയിൽ വംശജരുടെ മുൻ തലമുറക്കാരും ആയിരുന്നു പ്രധാന നിവാസികൾ. 1648-മുതലാണ് ഫ്രഞ്ചുകാർ കുടിയേറി തുടങ്ങിയത്. 1758 കുറച്ചുകാലം ബ്രിട്ടീഷുകാർ കോളനിയാക്കിവെച്ചു. പിന്നീട് 1784-ൽ സ്വീഡന് വിറ്റു. 1847 വരെ ഇവിടെ അടിമത്തം നിലനിന്നിരുന്നു. 1946 മാർച്ച് 19-ന് എല്ലാ ദ്വീപുനിവാസികൾക്കും ഫ്രഞ്ച് പൗരത്വം നല്കപ്പെട്ടു. ഫ്രാൻസിന്റെ ഭാഗമായിരുന്ന ദ്വീപിന് 2007 ജൂലൈ 15-ന് സ്വാതന്ത്ര്യം നല്കി. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടും, ടെറിട്ടോറിയൽ, എക്സിക്യൂട്ടിവ് കൗൺസിലുകളും ആണ് ഇപ്പോൾ ഭരണം നടത്തുന്നത്. 2012 ജനുവരി ഒന്ന് മുതൽ യൂറോപ്യൻ യൂണിയന്റെ ഭാഗമാണ്.
Ghost Crab
പോർട്ടറിക്കോക്ക് കിഴക്കും വെർജിൻ ദ്വീപുകൾക്ക് അടുത്തുമായി സെന്റ് മാർട്ടിൻ, ആഗ്വില (Saint Martin and Anguilla) തെക്കുകിഴക്കുമായാണ് ബാർതെലമി സ്ഥിതിചെയുന്നത്. ഡിസംബർ മുതൽ ഏപ്രിൽ വരെ മഞ്ഞുകാലവും, മേയ് മുതൽ നവമ്പർ വരെ മഴയോടെയുള്ള വേനൽ കാലവുമാണിവിടെ. തദ്ദേശീയമായ നൂറു കണക്കിന് സസ്യങ്ങൾ ഇവിടെ ഉണ്ടെങ്കിലും ഇവിടുത്തെ എല്ലാ ജന്തുജാലങ്ങളും വിവിധ ഘട്ടങ്ങളിൽ മനുഷ്യർ മറ്റിടങ്ങളിൽനിന്നും കൊണ്ടുവന്നതാണെന്ന പ്രത്യേകതയുമുണ്ട്. ഇരുപതിലേറേ പൊതു കടൽതീരങ്ങളുള്ള (public beaches) ഈ ദ്വീപ് ധനാഢ്യരുടേയും, പ്രസിദ്ധരുടേയും വിഹാരകേന്ദ്രമാണ്. 7000 മാത്രം ജനസംഖ്യയുള്ള ഇവിടേക്ക് വർഷത്തിൽ രണ്ട് ലക്ഷം വിനോദസഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. അതുകൊണ്ടുതന്നെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് വിനോദസഞ്ചാരമാണ്. കൂടാതെ കരകൗശലവസ്തുക്കളുടെ (handicrafts) നിർമ്മാണം തദ്ദേശിയരുടെ ഒരു വരുമാനമാർഗ്ഗമാണ്. പേരുകേട്ട ഭക്ഷണ ശാലകളും, രുചിയുള്ള ഭക്ഷണവും, കരീബിയൻ സംഗീതവും ഈ ദ്വീപിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നു. അമേരിക്കൻ ഫുട്ബാളിന്റെ മറ്റൊരു പതിപ്പായ റഗ്ബി (Rugby) ഇവിടുത്തെ പ്രധാന കായിക വിനോദമാണ്. മഞ്ഞുകാലത്ത് ക്രിസ്തുമസ്, നവവത്സര ദിനങ്ങളിൽ സെയ്ന്റ് ബാർതെലമി സന്ദർശകരെക്കൊണ്ട് നിറഞ്ഞിരിക്കും.
സംസ്ഥാനങ്ങളിലൂടെ.........
ന്യൂ ഹാംഷെയർ (New Hampshire)
അമേരിക്കയിലെ വടക്ക്-കിഴക്കൻ മേഖലിയിലെ വളരെ ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് ന്യു ഹാംഷെയർ. ധാരാളം ഗ്രനെറ്റ് ക്വാറികൾ ഉള്ളത് കൊണ്ട് ഗ്രാനെറ്റ് സംസ്ഥാനം (The Granite State) എന്നാണിതിന്റെ ചെല്ലപേര് (nick name). പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിലാണ് ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഇവിടെ എത്തുന്നത്. അതേ നൂറ്റാണ്ടിന്റെ പകുതിയോടെ അവർ ഈ പ്രദേശത്ത് വാസമുറപ്പിക്കുകയും 1676 -ൽ ബ്രിട്ടൻ കോളനിയാക്കുകയും ചെയ്തു. ബ്രിട്ടനിൽനിന്ന് വേർപിരിഞ്ഞ ആദ്യത്തെ സംസ്ഥാനമാണിത്. 1776 ജനുവരിയിൽ വേർപിരിഞ്ഞ് 6 മാസത്തിനുശേഷം 13 കോളനികൾ ചേർന്ന് അമേരിക്കൻ യൂണിയൻ രൂപീകരിച്ചു. പ്രസിഡന്റ് തെരെഞ്ഞുടുപ്പുകളിൽ പാർട്ടികൾക്കുള്ളിലെ പ്രാഥമിക മത്സരങ്ങളിൽ ന്യൂ ഹാംഷെയറിന് സവിശേഷ സ്ഥാനമുണ്ട്. അയോവ കോക്കസ് (iowa caucus) കഴിഞ്ഞാൽ രണ്ടാമതായി ന്യൂ ഹാംഷെയർ പ്രാഥമിക (primary) തെരഞ്ഞെടുപ്പാണ് നടക്കുക. അമേരിക്കയുടെ പതിനാലാമത് പ്രസിഡന്റ് ഫ്രാങ്ക്ലിൻ പിയേർസ് (Franklin Pierce) ന്യൂ ഹാംഷെയർകാരനാണ്.
Franklin Pierce
13 ലക്ഷം ജനസംഖ്യയുള്ള ന്യൂ ഹംഷെയറിലെ മഹാഭൂരിപക്ഷവും (94%) വെളുത്ത വർഗ്ഗക്കാരായ ഫ്രെഞ്ച്-ഐറിഷ്-ഇംഗ്ലിഷ് വംശജരാണ്. ജനസംഖയുടെ മുന്നിലൊന്ന് ഭാഗം ക്രിസ്തുമത വിശ്വ്വാസികളും, അതിൽ തന്നെ പകുതി വീതം കാത്തലിക്, പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരുമാണ്. കൃഷി, മൃഗസംരക്ഷണം, യന്ത്രനിർമ്മാണം, ടൂറിസം എന്നിവയാണ് പ്രധാന സാമ്പത്തിക സ്രോതസ്സുകൾ. ശരാശരി കുടുംബ വാർഷിക വരുമാനം 50,000 ഡോളർ ആണ്. തൊഴിലില്ലായ്മ വളരെ കുറവാണ്. സമ്പന്നതയിൽ ഏഴാമത്തെ സ്ഥാനമാണ് ഈ സംസ്ഥാനത്തിനുള്ളത്. വരുമനനികുതിയോ (income tax) വില്പനനികുതിയോ (sales tax) ഇല്ലാത്ത സംസ്ഥാനമാണിത്`. ലാഭവീതം (dividends), പലിശയിൽനിന്നുള്ള വരുമാനം എന്നിവക്ക് 5% നികുതിയുണ്ട്. പക്ഷെ, രാജ്യത്തെ ഏറ്റവും കൂടുതൽ വസ്തു നികുതി (property taxes) ഉള്ള സംസ്ഥാനമാണിത്. ഈർപ്പമുള്ള കടുത്ത വേനൽ കാലവും (humid summers) നനഞ്ഞ തീവ്രമായ മഞ്ഞുകാലവും (wet winters) ഈ സംസ്ഥാനത്തിന്റെ പ്രത്യേകതയാണ്. രാഷ്ട്രിയമായി, 1988 -വരെ പൊതുവെ റിപ്പബ്ലിക്കൻ പാർട്ടിയെ പിൻതുണക്കുന്ന സ്വഭാവമായിരുന്നു ന്യൂ ഹാംഷെയറിന് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ചാഞ്ചാടുന്ന സംസ്ഥാനങ്ങളുടെ (swing states) പട്ടികയിലാണ് ഈ സംസ്ഥാനത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥന തലസ്ഥാനം കോൺകോഡും (Concord) വലിയ നഗരം മഞ്ചസ്റ്ററും (Manchester) ആണ്.
ഏപ്രിൽ 5, 2012.
*