Thursday, January 5, 2012

അമേരിക്കൻ വിശേഷങ്ങൾ - 27

എ എം എസ്‌

അയോവ (Iowa) നല്കുന്ന സൂചന

റിപ്പബ്ലിക്കനായാലും ഡെമൊക്രാറ്റ് ആയാലും, മൊത്തം പ്രതിനിധികളുടെ ഒരു ശതമാനം മാത്രമെ പ്രാഥമിക തെരഞ്ഞെടുപ്പിൽ ഉള്ളുവെങ്കിലും, അയോവ സംസ്ഥാനത്തിന്‌ ആദ്യത്തെ പ്രാഥമിക തെരഞ്ഞെടുപ്പ് എന്ന നിലയിൽ വലിയ പ്രാധാന്യമുണ്ട്. 1972 മുതലാണ്‌ ആദ്യത്തെ പ്രാഥമിക് തെരഞ്ഞെടുപ്പ് എന്ന നിലയിൽ പ്രാധാന്യം കൈവരുന്നത്. മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു നില്ക്കും. 1,744 ബൂത്തുകളിൽ നിന്നായി 99 കൗണ്ടികളിലേക്കുള്ള സമ്മേളന പ്രതിനിധികളെ ജനുവരി 3-ന്‌ തെരഞ്ഞെടുക്കും. അവരാണ്‌ പിന്നീട് കോൺഗ്രസ് പ്രതിനിധി മണ്ഡല പ്രതിനിധികളേയും പിന്നീട് പ്രസിഡണ്ട് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള അയോവയുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ഡെമൊക്രാറ്റ് പാർട്ടിയിൽ ഒബാമക്ക് എതിരില്ലാത്തതുകൊണ്ട് അവിടെ പ്രഥമിക തെരഞ്ഞെടുപ്പിന്‌ പ്രാധാന്യമില്ല.

Ron Paul

അയോവയിൽ ജനുവരി മൂന്നിന്‌ നടന്ന പ്രാഥമിക തെരഞ്ഞെറ്റുപ്പിൽ മിറ്റ് റമ്നിയും, റിക്ക് സാന്റോറവും 25% വോട്ട് നേടി ഒപ്പത്തിനൊപ്പം നിന്നു. വിദേശനയങ്ങളിൽ ഇടതുസ്വഭാവും, അഭ്യന്തര സാമ്പത്തിക നയങ്ങളിൽ വലതുസ്വഭാവവും കാണിക്കുന്ന, ഫെഡെറൽ സംവിധാനത്തിൽ കേന്ദ്ര സർക്കാരിന്റെ സ്വാധീനം പരമാവധി കുറച്ച് മുതലാളിത്ത വിപണിക്ക് കീഴടങ്ങണമെന്ന് വാദിക്കുന്ന, ലിബർട്ടേറിയൻ നയങ്ങളിൽ വിശ്വസിക്കുന്ന റോൺ പോൾ ആണ്‌ മൂന്നാമത് (21%). സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്നില്ലെങ്കിലും പ്രതിനിധികളുടെ എണ്ണത്തിൽ നിർണ്ണായക സ്വാധീനം ഉണ്ടാകുമെന്നാണ്‌ പോൾ കരുതുന്നത്. എഴുപത്തിയാറുകാരനാണെങ്കിലും ചെറുപ്പക്കാരുടെ ഇടയിൽ വലിയ സ്വാധീനം പോളിനുണ്ട്. മധ്യ-വലതുപക്ഷക്കാരനായ റാമ്നിയും, യാഥാസ്ഥിതികനായ സാന്റോറവും ആയിരിക്കും പ്രധാന എതിരാളികൾ. 2008-ലെ ഒബാമയും, ഹിലരിയും തമ്മിലുള്ള മത്സരം പോലെ ഇത്തവണ റിപ്പബ്ലിക്കൻ റാമ്നി-സാന്റോറം പ്രാഥമിക മത്സരം നീണ്ടു പോകുമെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്.

അരൂബ (Aruba)

കരീബിയൻ കടലിന്റെ തെക്ക് വെനിസൂലക്ക് വടക്കും കൊളമ്പിയക്ക് കിഴക്കുമായിട്ടാണ്‌ അരൂബ സ്ഥിതിചെയ്യുന്നത്. നെതെർലന്റിന്റെ ഭാഗമാണീ പ്രദേശം. യൂറോപ്യന്മാർ അരൂബയെക്കുറിച്ച് അറിയുന്നത് 1499-ൽ ഇവിടെ എത്തിയ അമേരിഗോ വെസ്പൂചി (Amerigo Vespucci) യിലൂടെയാണ്‌.
പതിനാറാം നൂറ്റാണ്ടിലും, പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യകാലത്തും സ്പെയിനിന്റെ കോളനിയായിരുന്നു അരൂബ. 1636 മുതൽ ഡച്ചുകാരുടെ കീഴിലായി. 1947 ആഗസ്റ്റിൽ അരൂബക്ക് ഡച്ചുകാരിൽനിന്നും സ്വയംഭരണാവകാശം ലഭിച്ചു. രാജ്യത്തെ സംസ്ഥാനങ്ങളായോ, ജില്ലകളായോ ഔദ്യോഗികമായിർ തിരിച്ചിട്ടില്ലെന്നത് അരൂബയുടെ പ്രത്യേകതയാണ്‌. കനേഷുമാരിക്കുവേണ്ടി (Census) വിവിധ പ്രദേശങ്ങളായി തിരിച്ചിട്ടുണ്ടെന്നു മാത്രം.

Aloe

ഒരു ലക്ഷത്തിനുമുകളിൽ മാത്രം ജനസംഖ്യയുള്ള അരുബ കരീബിയൻ മേഖലയിലെ ഏറ്റവും സമ്പന്നമായ പ്രദേശമാണ്‌. 21,000 ഡോളറാണ്‌ ആളോഹരി വരുമാനം. പെട്രോളിയം. സ്വർണ്ണം, ഫോസ്ഫേറ്റ് എന്നിവയുടെ ഖനനം, അലൊ (aloe) ഇനത്തിൽപ്പെട്ട അഞ്ഞൂറിലധികം ചെടികളുടെ കയറ്റുമതി, ടൂറിസം എന്നിവയാണ്‌ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. യു എസ്, വെനിസൂല, നെതെർലന്റ്സ് എന്നിവയാണ്‌ പ്രധാന വ്യാപാര പങ്കാളികൾ. സമശീതോഷ്ണമേഖലയായതിനാൽ വിനോദസഞ്ചാരികളെ വളരെയധിക ആകർഷിക്കാൻ അരൂബക്ക് കഴിയുന്നു. വെളുത്ത മണൽ നിറഞ്ഞ കടലോരങ്ങൾ മറ്റൊരു ആകർഷണമാണ്‌. മഴ വളരെ കുറവും, പരന്നതും നദികളില്ലാത്തതുമായ ഇവിടം വർഷത്തിലെ ഭുരിഭാഗം സമയത്തും വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കും.

സംസ്ഥാനങ്ങളിലൂടെ..........

ന്യു മെക്സിക്കോ (New Mexico)

ഒമ്പത് പർവ്വതനിര സംസ്ഥാനങ്ങളിലൊന്നാണ്‌ (Mountain States ) അമേരിക്കയുടെ തെക്കു-പടിഞ്ഞാറ്‌ സ്ഥിതി ചെയ്യുന്ന ന്യൂ മെക്സിക്കോ. ഭൂപ്രകൃതിയിലും, സംസ്കാരത്തിലും വൈവിധ്യം നിറഞ്ഞ സംസ്ഥാനമാണിത്. അലാസ്ക കഴിഞ്ഞാൽ തദ്ദേശീയർ (Native Americans) ഉള്ള പ്രദേശം. അതുപോലെതാന്നെ സ്പാനിഷ് അധീനതയുടെ ഭാഗമായി കിട്ടിയ സംസ്കാരവും ലാറ്റിനമേർക്കൻ സംസ്കാരവും ഇഴചേർന്നുകിടക്കുന്നു. ഹിസ്പാനിക് (Hispanic) അഥവാ ലാറ്റിനൊ അമേരിക്കൻ ധാരാളം ഉള്ള സ്ഥലം. പാലിയൊ ഇന്ത്യൻ (Paleo-Indians) എന്നറിയപ്പെടുന്ന തദ്ദേശീയരാണ്‌ പതിനാറാം നൂറ്റാണ്ടുവരെ പ്രധാനമായും ഇവിടെ ഉണ്ടായിരുന്നത്. പതിനാറാം നൂറ്റാണ്ടോടെ യൂറോപ്യന്മാർ എത്തിതുടങ്ങി. മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിലും, അമേരിക്കൻ യുദ്ധത്തിലും ഈ പ്രദേശം വലിയ പങ്ക് വഹിച്ചു. 1912 ജനുവരി 6-ന്‌ അമേരിക്കൻ കോൺഗ്രസ് നാല്പത്തിയേഴാമത്തെ സംസ്ഥാനമായി യൂണിയനിൽ ചേർത്തു.

Shiprock

രണ്ടു മില്യൻ ജനസംഖയുള്ള ഇവിടുത്തെ പ്രധാന സാമ്പത്തിക സ്രോതസ് പെട്രൊളിയം ഖനനവും, ടൂറിസവും പിന്നെ കേന്ദ്ര ഗവർന്മെന്റിന്റെ സഹായവുമാണ്‌. 30% പേർ സ്പാനിഷ് സംസാരിക്കുന്നവരായതുകൊണ്ട് ഇംഗ്ലിഷും സ്പാനിഷും ഔദ്യോഗിക ഭാഷയാണ്‌. ന്യൂക്ലിയർ ആയുധ നിർമ്മാണ ശാലകളിലൊന്നായ ലോസ് ആലമോസ് (Los Alamos National Laboratory) ഇവിടെയാണ്‌. അതു​‍ാലെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങൾ ഇവിടെയുണ്ട്. ചാക്കോ, റിയോ ഗ്രാന്റെ മലയിടുക്കുകൾ, ഓർഗൻ പരവതനിര, വിവിഹ്ദ ദേശീയ സ്മാരകങ്ങൾ, കപ്പലാകൃതിയിലുള്ള പാറ (Shiprock) എന്നിവ അതിൽ ചിലതാണ്‌. വലിയ തോതിൽ സസ്യസമ്പത്തും മൃഗസമ്പത്തും ഉള്ള സംസ്ഥാനം കൂടിയാണിത്. പൊതുവെ പ്രോട്ടസ്റ്റന്റ് വിഭാഗക്കാർക്ക് ഭുരിപക്ഷമുള്ള അമേരിക്കയിൽ കാത്തലിക് സ്വാധീനമുള്ള സംസ്ഥാനം. മാറി മാറി റിപ്പബ്ലിക്കനും ഡെമൊക്രാറ്റും അധികാരത്തിൽ വരുന്ന (swing state) ആണ്‌ ന്യൂ മെക്സിക്കോ.

ജനുവരി 5, 2012.

No comments:

Post a Comment