Monday, December 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 26

അമ്പഴയ്ക്കാട്ട് ശങ്കരൻ


ഒടുവിൽ ഒബാമക്കൊരു നല്ല വാർത്ത

കഴിഞ്ഞ ഒരു വർഷമായി ഒബാമയുടെ അംഗീകാര സൂചിക (approval rate) കുറഞ്ഞു കുറഞ്ഞ് വരികയായിരുന്നു. അത് 38% വരെ കുറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അടുത്ത വർഷം തെരഞ്ഞെടുപ്പിൽ ഒബാമ ജയിക്കില്ലെന്ന് യാഥാസ്തികരായ മാധ്യമ പണ്ഡിതർ പ്രവചിച്ചു തുടങ്ങി. അടുത്ത വർഷം തെരഞ്ഞെടുപ്പിനുമുമ്പ് തൊഴിലില്ലായ്മ 7 ശതമാനത്തിൽ താഴെയായാൽ ഒബാമക്ക് വിജയം ഉറപ്പാക്കാൻ കഴിയും. അതിന്റെ സൂചനകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്. നവമ്പറിൽ തൊഴിലില്ലായ്മ 9.2-ൽ നിന്നും 8.6 ശതമാനമായി കുറഞ്ഞു. നവമ്പറിൽ തൊഴിൽ കിട്ടിയവരുടെ എണ്ണത്തിന്റെ (120,000) ഏകദേശം നാലിരട്ടി (487,000) പേർ തൊഴിലന്വേഷണം നിർത്തിയതുകൊണ്ടാണ്‌ തൊഴിലില്ലായ്മ കുറഞ്ഞതെന്നുള്ളത് ഒബാമക്ക് അമിത ആഹ്ലാദത്തിന്‌ വക നല്കുന്നില്ലെന്നത് നേരാണ്‌. എന്നാലും സ്ഥിതിവിവരക്കണക്കിന്റെ കളിയിൽ ഒബാമക്ക് ഒരു കച്ചിതുമ്പ് കിട്ടിയിരിക്കുന്നു.

2008-ലെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന ഉറവിടം വീടുനിർമാണമേഖലയായിരുന്നു. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച്  മാന്ദ്യം തുടങ്ങിയതിനുശേഷം വീടുകളുടെ വില്പനയിൽ നാലു ശതമാനം വർദ്ധന രേഖപ്പെടുത്തിയിരിക്കുന്നു. 2009-ൽ വിലപന 16 ശതമാന കുറവായിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ്‌ ഈ വർദ്ധനയുടെ പ്രാധാന്യം മനസ്സിലാവുക.  ഇക്കാലത്ത് വീട് ഒരു വാസസ്ഥലം മാത്രമല്ല ഒരു നിക്ഷേപ വസ്തു കൂടിയാണ്‌. അതുകൊണ്ട് തന്നെ വീട് നിർമ്മാണ മേഖല സജീവമായാൽ സമ്പദ് വ്യവസ്ഥക്ക് അത് ഉണർവ്വ് നല്കും. സമ്പദ് വ്യവസ്ഥ മാന്ദ്യത്തിൽ നിന്ന് കരകയറുകയും തൊഴിലില്ലായ്മ കുറയുകയും ചെയ്താൽ ഒബാമ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് മാത്രമല്ല, അത് ലോക സമ്പദ് വ്യവസ്ഥയിൽ ചലനങ്ങളുണ്ടാക്കുകയും ചെയ്യും. അത് യുദ്ധവെറി പിടിച്ച റിപ്പബ്ലിക്കൻ പാർട്ടി ജയിക്കുന്നതിൽ നിന്നും വളരെ ഭേദമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഹെർമൻ കെയിനിന്റെ പതനം

ഹെമൻ കെയിൻ
റിപ്പബ്ലിക്കൻ പാർട്ടി ഒരു കറുത്തവർഗ്ഗക്കാർനെ  തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കുമെന്ന് വിശ്വസിക്കുന്ന നിഷ്ക്കളങ്കർ (naive) ഇവിടെ ഉണ്ടായിരുന്നു എന്നുള്ളത് ആശ്ചര്യജനകമാണ്‌. ഹെർമൻ കെയിൻ വിദേശകാര്യത്തിൽ നിപുണനായിരുന്നാലും, വിവാഹേതര ബന്ധങ്ങളെ കുറിച്ചുള്ള അപവാദങ്ങൾ ഇല്ലായിരുന്നെങ്കിലും റിപ്പബ്ലിക്കൻ പാർട്ടി ഒരു കറുത്തവർഗ്ഗക്കാർനെ തങ്ങളുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കമെന്ന് വിശ്വസിക്കുന്നവർ മൂഢസ്വർഗത്തിലാണ്‌. എന്നിട്ടും റിപ്പബ്ലിക്കൻ പ്രാഥമിക മത്സര സംവാദക്കാലത്തെ കുറച്ചുകാലത്തേയ്ക്കെങ്കിലും സർവേകളിൽ കെയിൻ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു എന്നുള്ളത് റിപ്പബ്ലിക്കൻ പ്രസിഡണ്ട് മോഹികളിൽ ഒരാളെപ്പോലും റിപ്പബ്ലിക്കാർക്ക് ഇഷ്ടപ്പെട്ടില്ലെന്നതിന്റെ തെളിവാണ്‌. കെയിനിന്റെ പതനം മുൻ സ്പീക്കറും മുതിർന്ന റിപ്പബ്ലിക്കൻ നേതവുമായ ഗിഗ്രിച്ചിന്‌ അനുകൂലമായി. പ്രസിദ്ധരുടെ വിവാഹേതര ബന്ധങ്ങൾ, ലൈംഗീക അപവാദങ്ങൾ, സ്ത്രീ പീഡങ്ങൾ,  എന്നിവ മാദ്ധ്യമങ്ങൾക്ക് ആഘോഷമാണ്‌. പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫുട്ബാൾ (അമേരിക്കൻ) അസിസ്റ്റന്റ് കോച്ച് ജെറി സാൻഡസ്കിയുടെ ബാലപീഡന കേസ്, സേറക്യൂസ് (syracuse) യൂണിവേഴ്സിറ്റിയിലെ ബാസ്ക്റ്റ് ബാൾ അസിസ്റ്റന്റ് കോച്ച് ബേണീ ഫൈനിന്റെ (Bernie Fine) മറ്റൊരു ബാല പീഡനകേസ്, മൈക്കിൾ ജാക്സൺന്റെ സ്വകാര്യ ഡോക്ടർ കോൺറാഡ് മുറേയുടെ (Conrad Murray) ശിക്ഷ എന്നിവയും കഴിഞ്ഞ മാസം മാദ്ധ്യമങ്ങൾ നന്നായി ആഘോഷിച്ചു.

നിക്കരാഗ്വ (Nicaragua)

മദ്ധ്യ അമേരിക്കൻ മുനമ്പിലെ (isthmus) ഏറ്റവും വലിയ രാജ്യമാണ്‌ നിക്കരാഗ്വ. അതിന്റെ അർത്ഥം ജലത്താൽ ചുറ്റപ്പെട്ടത് (surrounded by water) എന്നാണ്‌. 500 ബി.സി.-യിൽ മെക്സിക്കോയിൽ നിന്നും കുടിയേറിയവരാണ്‌ ഇവിടെ ജനവാസത്തിന്‌ തുടക്കം കുറിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ഈ ഭൂപ്രദേശം സ്പാനിഷ് സാമ്രാജത്വം ഈ പ്രദേശം കീഴടക്കി. 1821-ൽ സ്പെയിനിൽനിന്നും സ്വതന്ത്രമായി. സ്പെയിനിൽനിന്നും സ്വതന്ത്രമായതിനുശേഷം അമേരിക്കൻ സാമ്രജത്വം ഒരിക്കലും നിക്കരാഗ്വയെ അതിന്റെ പാട്ടിന്‌ വിട്ടിട്ടില്ല. ശക്തമായ സോഷ്യലിസ്റ്റ് ധാര ഉള്ളതുകൊണ്ട് സാമ്രാജത്വ വിരുദ്ധ പോരാട്ടങ്ങളുടെ അഭിമാനകർമായ ഒരു ചരിത്രം ഈ രാജ്യത്തിനുണ്ട്.
1909-33 കാലത്തും പിന്നീട് റീഗന്റെ കാലത്തും അമേരിക്ക ഇവിടെ നേരിട്ട് ഇടപെട്ടു. മറ്റു സമയങ്ങളിൽ തങ്ങളുടെ പാവഗവർമെന്റുകളെയും (The Somoza dynasty (1936–79)), പട്ടാളഭരണത്തെയും പിന്തുണച്ചു.

Daniel Ortega
1961-മുതൽ സാൻഡിനിസ്റ്റ് ശകതികൾ കരുത്താർജ്ജിക്കുകയും പിന്നീട് മാറിമാറി ഇടതു വലതു ശക്തികൾ അധികാരത്തിൽ വന്നുകൊണ്ടിരിക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രസിഡന്റ് ഒർട്ടേഗ (Daniel Ortega, Sandinista National Liberation Front) ഇടതു പക്ഷക്കാരനാണ്‌. ഏതുസാഹചര്യത്തിലും ഗർഭഛിദ്രം കുറ്റകരമാണെന്ന നിയമം നിലവിലുള്ള ലോകത്തെ അഞ്ചു രാജ്യങ്ങളിൽ ഒന്നാണ്‌ നിക്കരാഗ്വ. വലതുപക്ഷ ഭരണം നിലവിലുള്ളപ്പോഴാണ്‌ ഈ നിയമം പാസ്സായത്.




San Juan del sur Bay
60 ലക്ഷത്തോളം ജനസംഖ്യയുള്ളതിൽ 97 ശതമാനവും സ്പാനിഷ് ഭാഷ സംസാരിക്കുന്നവരാണ്‌. തെക്കെ അമേരിക്കയിലെ ഏറ്റവും ദരിദ്രരാജ്യമാണ്‌ ഇത്. വിവിധ ചരിത്രഘട്ടങ്ങളിലെ സാമ്രാജത്വ ഇടപെടലുകളും അതിന്റെ ഫലമായിട്ടുണ്ടായ രാഷ്ട്രീയ അസ്ഥിരതയും ആണ്‌ അതിന്റെ കാരണങ്ങളിലൊന്ന്.  60 ശതമാനം കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്‌. കാപ്പിയും പരുത്തിയുമാണ്‌ പ്രധാന കയറ്റുമതി. മത്സ്യബന്ധനം, ഖനനം, വിനോദസഞ്ചാരം, വനസമ്പത്ത് തുടങ്ങിയ സമ്പദ് വ്യവസ്ഥയുടെ മറ്റു പ്രധാന മേഖലകളാണ്‌. തടാകങ്ങളും അഗ്നിപർവതങ്ങളും നിറഞ്ഞ ഈ രാജ്യത്തിന്റെ ചരിത്രം ലോകത്തെമ്പാടുമുള്ള സാമ്രാജത്വവിരുദ്ധമുന്നേറ്റങ്ങൾക്ക് ആവേശം പകരുന്നതാണ്‌.

സംസ്ഥാനങ്ങളിലൂടെ........

ടെക്സസ് (Texas)

ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും ഭൂവിസ്തൃതിയിൽ രണ്ടാം സ്ഥാനത്തും നില്ക്കുന്ന സംസ്ഥാനമാണ്‌ ടെക്സസ്. തദ്ദേശീയ കഡോ (caddo) ഭാഷയിലെ വാക്കായ Tejas എന്ന് വാക്കിൽ നിന്നാണ്‌ ടെക്സസ് എന്ന് പേര്‌ ലഭിക്കുന്നത്. അതിന്റെ അർത്ഥം സുഹൃത്ത് അഥവാ സഖ്യത്തിലുള്ളവർ (allies) എന്നാണ്‌. 1685-ൽ സ്പെയിൻ കോളനിയാക്കുന്നതിന്‌ മുമ്പ്, ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്യുബ്ലോ (Pueblo), മിസിസ്സിപ്പിയൻ, മിസൊ അമേരിക്ക(Mesoamerica) എന്നീ തദ്ദേശീയ സംസ്കാരങ്ങൾ നിലനിന്നിരുന്നു. സ്പെയിൻ കൂടാതെ ഫ്രാൻസ്, മെക്സിക്കൊ തുടങ്ങിയവരും ഇവിടം കോളനിയാക്കിയിട്ടുണ്ട്. 1836-ൽ മെക്സിക്കോയോട് യുദ്ധം ചെയ്തു സ്വതന്ത്രരാഷ്ട്രമായി. 1845 ഡിസംബർ 29-ന്‌ ഇരുപത്തിയെട്ടാമത്തെ സംസ്ഥാനമായി അമേരിക്കൻ യൂണിയനിൽ ചേർന്നു.

Palo Duro Canyon
രണ്ടര കോടി ജനസംഖ്യയുള്ള ടെക്സസിലെ പ്രധാന നഗരങ്ങൾ ഹ്യൂസ്റ്റൊൺ, സെൻ അന്റോണിയോ, ഓസ്റ്റിൻ, ഡാലസ് എന്നിവയാണ്‌. ഇന്ത്യയുമായോ, കനഡയുമായോ താരതമ്യം ചെയ്യാവുന്ന അഭ്യന്തര ഉത്പാദനം ഉള്ള ഒരു സംസ്ഥാനമാണ്‌ ഇത്. ലോകത്തിലെതന്നെ പന്ത്രണ്ടാമത്തെ സമ്പദ് വ്യവസ്ഥ. അതിന്റെ പ്രധാന കാരണം പെട്രോളിയം ഖനനമാണ്‌. കൂടാതെ കൃഷി, ആടു-മാടു വളർത്തൽ, മത്സ്യ ബന്ധനം, ഖനവ്യവസായങ്ങൾ, സേവനമേഖല എന്നിവകൊണ്ട് സമ്പന്നമാണീ സംസ്ഥാനം. അമേരിക്കൻ പ്രസിഡന്റുമാരിൽ ഐസൻഹോവറും (Dwight D. Eisenhower), ജോൺസണും (Lyndon B. Johnson) ഇവിടെ ജനിച്ചവരാണ്‌. രണ്ടു ബുഷുമാരും (George H. W. Bush, George W. Bush) ഇവിടെ ജനിച്ചവരല്ലെങ്കിലും ഇവിടേക്ക് താമസം മാറ്റി പിന്നീട് അമേരിക്കൻ പ്രസിഡണ്ടായവരാണ്‌. റോമൻ കാത്തലിക് വിഭാഗത്തിന്‌ നിർണ്ണായക സ്വാധീനമുള്ള പ്രദേശം കൂടിയാണിത്. യാഥാസ്തിതികർക്ക് സ്വാധീനമുള്ളതുകൊണ്ട് റിപ്പിബ്ലിക്കാർ നിർണ്ണായ വൻ ഭൂരിപക്ഷമുള്ള സംസ്ഥാനമാണ്‌ ടെക്സസ്. ടെക്സസിന്‌ മുകളിൽ ആറ്‌ പതാകകൾ (Six Flags Over Texas) എന്ന പ്രയോഗം സമ്പദ്-സമൃദ്ധി നിറഞ്ഞ ഈ പ്രദേശത്തെ, വിവിധ ചരിത്രഘട്ടങ്ങളിൽ,  കീഴടാക്കി ഭരിച്ചവരുടെ ഓർമ്മ പുതുക്കൽ കൂടിയാണ്‌. സ്പെയിൻ, ഫ്രാൻസ്, മെക്സിക്കോ, റിപ്പബ്ലിക് ഓഫ് ടെക്സസ്, കൺഫെഡറേറ്റ് സ്റ്റേറ്റ് ഒഫ് അമേരിക്ക, യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക എന്നിവയാണ്‌ അവ.

ഡിസംബർ 5, 2011.

*

No comments:

Post a Comment