Saturday, November 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 25

എ എം എസ്


വാൽസ്റ്റ്ട്രീറ്റ് കയ്യേറ്റ (Occupy Wall Street) സമരത്തിന്റെ പ്രാധാന്യം

1989-ൽ കനഡയിൽ ആരംഭിച്ച അഡ്ബസ്റ്റേർസ് (Adbusters) എന്ന മുതലാളിത്ത വിരുദ്ധ (anti-capitalist), ഉപഭോഗസംസ്ക്കാരത്തിനെതിരായി (anit-consumerism) പ്രവർത്തിക്കുന്ന പ്രകൃതിസ്നേഹികളായ പുരോഗമനവാദി പ്രവർത്തകരാണ്‌ ഇപ്പോൾ ലോകത്തെമ്പാടും സജീവമായ കോർപ്പറേറ്റ് ആർത്തിക്കെതിരായ മുന്നേറ്റം ആരംഭിച്ചത്. സെപ്റ്റംബർ 17 നാണ്‌ വാൾസ്ട്രീറ്റ് കയ്യേറ്റ സമരം ഇവിടെ തുടങ്ങുന്നത്. സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, കോർപ്പറേറ്റ് ആർത്തി, അവയുടെ സർക്കാരിലുള്ള അമിതസ്വ്വധീനം തുടങ്ങി നിരവധി വിഷയങ്ങൾ ഈ സമരക്കാർ ഉയർത്തുന്നുണ്ട്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വളരെ വർദ്ധിച്ചതുകൊണ്ട് “ഞങ്ങളാണ്‌ 99% (we are the 90%)” എന്ന ഇവരുടെ മുദ്രാവാക്യം വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. രണ്ടു വർഷം മുമ്പ് സർക്കാരും അതിന്റെ നിയമങ്ങളുമാണ്‌ എല്ലാ കുഴപ്പങ്ങൾക്കും കാരണം എന്ന് പറഞ്ഞ് സമരം തുടങ്ങിയ ചായസത്ക്കാര മുന്നേറ്റക്കാർക്കുള്ള (Tea Party Movement) മറുപടി കൂടിയാണ്‌ ഈ ഇടതുപക്ഷം മുന്നേറ്റം. സാമ്പത്തിക തകർച്ചയുടേയും, തൊഴിലില്ലായ്മയുടേയും, ഭീമമായ വിദേശകടത്തിന്റേയും സാഹചര്യത്തിൽ പ്രതിരോധത്തിലായിരുന്ന ഒബാമക്ക് ഉണർവ് നല്കുന്നതാണ്‌ പുരോഗമനവാദികളുടെ ഈ മുന്നേറ്റം.

വലതുപക്ഷത്തെ പിന്തുണക്കുന്ന ഫോക്സ് പോലെയുള്ള മാദ്ധ്യമങ്ങളൊഴികെ മറ്റു മാദ്ധ്യമങ്ങൾ ഈ സമരത്തെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാർക്സ്, മാർക്സിസം, സോഷ്യലിസം തുടങ്ങിയ വാക്കുകൾ ഈ സമരത്തിന്റെ ഭാഗമായി കേട്ടു തുടങ്ങിയിരിക്കുന്നു. ഈ വാക്കുകൾ പറയാൻ മടിയുള്ള ചാനലുകൾ അരാജകവാദികൾ (anarchists) എന്നോ തീവ്ര ഇടതുപക്ഷക്കാർ എന്നോ പറയും. ചെറിയ അക്രമസംഭവങ്ങൾ പെരുപ്പിച്ചു കാണിച്ച് മുന്നേറ്റത്തിന്റെ യഥാർത്ഥവിഷയങ്ങളെ മറയ്ക്കുകയോ, മറക്കുകയോ ആണ്‌ ഇവരുടെ ലക്ഷ്യം. നിറം ചെവപ്പായതുകൊണ്ട് കറികളിൽ ചെമന്ന മുളക് അഥവ കൊല്ലൻ മുളക് ഉപയോഗിക്കാത്തവരാണിവർ (“റഷ്യയിൽ മഴ പെയ്യുമ്പോൾ കേരളത്തിൽ കുടപിടിക്കുന്നവർ” എന്നതിന്‌ മറുപടിയായി നാട്ടിൽ പറയുന്ന ശൈലി ഉപയോഗിച്ചുവെന്നേയുള്ളു). മുതലാളിത്തം ചരിത്രത്തിന്റെ അവസാനമാണ്‌ എന്ന് സിദ്ധാന്തത്തിന്‌ മറുപടികൂടിയാണ്‌ അമേരിക്കയിലെ പ്രധാന നഗരങ്ങളിലേക്കും ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ച ഈ സമരം. 2012-ലെ തെരഞ്ഞെടുപ്പിൽ ഒബാമയെ എളുപ്പത്തിൽ തോല്പിക്കാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാർക്ക് ഇരുട്ടടി കിട്ടിയ പോലെയായി ഈ ജനമുന്നേറ്റം. മൈക്കിൽ മോർ (Michael Moore), മാർക്ക് റഫല്ലൊ (Mark Ruffalo), സൂസൻ സറഡൻ (Susan Sarandon), റസ്സൽ സിമ്മൺസ് (Russel Simmons) തുടങ്ങിയ അനവധി ഹോളിവുഡ് താരങ്ങളും, സംഗീതജ്ഞരും ഈ മുന്നേറ്റത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടക്കിടെ പൊട്ടിപുറപ്പെടുന്ന വിവിധ രാജ്യങ്ങളിലെ ഇത്തരം മുന്നേറ്റങ്ങൾ ജനങ്ങളെ ആകർഷിക്കാനും, ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ചക്ക് വിധേയമാക്കാനും കഴിയുമെങ്കിലും, സമഗ്രമായ ഒരു വീക്ഷണത്തിന്റേയും അതിനു യോജിച്ച സംഘടനയുടേയും, നേതൃത്വത്തിന്റേയും അഭാവം വ്യവസ്ഥിതിയിൽ കാതലമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കരുതാൻ വയ്യ.

ഫോക്‌ലന്റ് ദ്വീപുകൾ (Falkland Islands)

തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്‌ 500 കി. മീ. തെക്കുകിഴക്ക് മാറി അറ്റ്ലാന്റിക് സമുദ്രത്തിൽ 800-ഓളം വരുന്ന ദ്വീപുകളുടെ സമൂഹമാണ്‌ ഫൊക്‌ലന്റ്. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യന്മാർ എത്തുന്നതുവരെ മനുഷ്യവാസമില്ലാത്ത പ്രദേശമായിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടിലാണ്‌ വലിയ തോതിൽ കുടിയേറ്റം തുടങ്ങുന്നത്. അർജന്റീനയും ബ്രിട്ടനുമായി അവകാശതർക്കമുള്ള പ്രദേശാമാണിത്. ഇതിന്റെ പേരിൽ 1982-ൽ ഇവർ തമ്മിൽ യുദ്ധമുണ്ടായിട്ടുണ്ട്. രണ്ടര മാസത്തോളം നീണ്ടുനിന്ന് യുദ്ധത്തിനൊടുവിൽ അർജന്റീന കീഴടങ്ങി. വിദേശാകാര്യവും, പ്രതിരോധവും ബ്രിട്ടന്റെ നിയന്ത്രണത്തിലാണെങ്കിലും മറ്റെല്ലാ വകുപ്പുകളിലും തദ്ദേശിയർക്ക് സ്വയം ഭരണാവകാശമുണ്ട്. ബ്രിട്ടന്റെ കീഴിലുള്ള ഒരു പ്രൊവിൻസ് പോലെ രാജ്ഞിയുടെ പ്രതിനിധിയായി ഗവർണ്ണറും ഉണ്ട്. മുവായിരമാണ്‌ ജനസംഖ്യ. അതിൽ 60% ക്രിസ്തുമതവിശ്വാസികളും , 30 % മതമൊന്നും ഇല്ലാത്തവരാണെന്ന പ്രത്യേകതകൂടിയുണ്ട്. 70 ശതമാനവും നഗരവാസികളാണ്‌.

Falkland Island Fox

പ്രധാനമായും ഈ ദ്വീപസമൂഹത്തിന്റെ കിഴക്കും പടിഞ്ഞാറുമായി (West Falkland and East Falkland) വേർതിരിച്ചിരിക്കുന്നു. യൂറോപ്യന്മാർ ഇവിടെ എത്തുമ്പോൾ വാറാ (Warrah) എന്നറിയപ്പെടുന്ന കുറുക്കന്മാരുടെ വിഹാരകേന്ദ്രമായിരുന്നു ഇവിടം. പത്തൊമ്പതാം നൂറ്റാണ്ടോടെ ഇവക്ക് വംശനാശം സംഭവിച്ചു. ദീപുകൾക്ക് ചുറ്റുമുള്ള കടലിൽ 14 തരത്തിലുള്ള സസ്തനികളുണ്ട്. കടലാന, കടല കുതിര, വിവിധ തരത്തിലുള്ള പെൻഗ്വിനുകൾ തുടങ്ങിയവ ഇവിടെ ധാരാളമായിട്ടുണ്ട്. സസ്യ ജന്തു സമ്പത്തുകൊണ്ട് അനുഗൃഹീതമായ ഇവിടം വലിയൊരു വിനോദസഞ്ചാര കേന്ദ്രമാണ്‌. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയും, ആടുവളർത്തലും, മീൻപിടുത്തവും ആണ്‌. മിൻപിടുത്തം പാട്ടത്തിനുകൊടുത്ത് വലിയ വരുമാനം ഉണ്ടാക്കുന്നുണ്ട്. ഖനനം ബുദ്ധിമുട്ടേറിയതാണെങ്കിലും ഈ പ്രദേശം എണ്ണ സമ്പന്നമായതുകൊണ്ടാണ്‌ ബ്രിട്ടനും അർജന്റീനയും ഈ പ്രദേശത്തിനുവേണ്ടി വാശി പിടിക്കുന്നത്. 2016-ഓടെ എണ്ണ ഉത്പാദനം തുടങ്ങാനുകുമെന്ന് ബ്രിട്ടനിലെ എണ്ണ-പ്രകൃതിവാതക കമ്പനിയായ റോക് ഹോപ്പെർ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളിലൂടെ.......

അരിസോണ (Arizona)

മെകിസ്കോയോട് ചേർന്നുകിടക്കുന്ന തെക്കൻ സംസ്ഥാനങ്ങളിലൊന്നാണ്‌ അരിസോണാ. 1912 ഫെബ്രുവരി 14-നാണ്‌ 48-മത് സംസ്ഥനമായി അമേരിക്കൻ യൂണിയനിൽ അംഗമാകുന്നത്.1539-ലാണ്‌ സ്പാനിഷുകാർ ഇവിടെ എത്തുന്നത്. ഇക്കാലത്ത് തദ്ദേശീയരെ (Native Americans ) ക്രിസ്തുമതത്തിലേക്ക് വൻതോതിൽ പരിവർത്തന്മ് ചെയ്തു. ടൂസാൻ (Tucson), ടൂബാക് (Tubac) എന്നീ നഗരങ്ങൾ ഇക്കാലത്ത് ഉയർന്നു വന്നതാണ്‌. 1821 - ൽ മെക്സിക്കോ സ്പെയിനിൽ നിന്നും സ്വതന്ത്രമാകുമ്പോൾ അരിസോണ മെക്സിക്കോയുടെ ഭാഗമായിരുന്നു. 1847 അമേരിക്കൻ-മെക്സിക്കൻ യുദ്ധത്തിൽ ഇന്നത്തെ അരിസോണയടക്കം വടക്കൻ മെക്സിക്കോയുടെ ഭൂരിപക്ഷം ഭാഗങ്ങളും തങ്ങളുടേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് അമേരിക്ക പിടിച്ചെടുത്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് അരിസോണ ജർമ്മനി-ഇറ്റലി-ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നും കൊണ്ടുവന്ന യുദ്ധത്തടവുകാരെ പാർപ്പിച്ചിരുന്ന കൂടാരങ്ങളുടെ (camps) കേന്ദ്രമായിരുന്നു.

Grand Canyon Horse Shoe Bend
കുടിയേറ്റം കൊണ്ട് വലിയ തോതിൽ ജനസംഖ്യാ വർദ്ധനവ് ഉണ്ടായ സംസ്ഥാനമാണ്‌ അരിസോണ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ 3 ലക്ഷം ഉണ്ടയിരുന്ന ജനസംഖ്യ 1970 ആകുമ്പോഴേക്കും 20 ലക്ഷാവും 2011-ൽ 60 ലക്ഷാവും ആയിത്തീർന്നു. അടുത്തകാലത്ത് നിയമസഭ പാസ്സാക്കിയ കുടിയേറ്റനിയമ രാജ്യത്തെ ഏറ്റവും കർക്കശ്ശമായതാണ്‌. ചെമ്പുഖനനം, കാലിവാളർത്തൽ, പരുത്തി (cotton), ചെറുനാരങ്ങ (citrus) തുടങ്ങിയവ സമ്പദ് ഘടനയുടെ നട്ടെല്ലാണ്‌. അതുപോലെ തന്നെ വിനോദസഞ്ചാരവും, മരുഭൂമികൊണ്ട് നിറഞ്ഞ ഈ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സാണ്‌. ലോക പ്രശസ്തമായ ഗ്രാന്റ് കാനിയൻ (Grand Canyon), മൊഗ്യോൺ ഇടുക്ക് (Mogollon Rim), ഉത്ക്ക വീണുണ്ടായ ഗർത്തം (Meteor Crater), സഗ്വാരൊ നാഷണൽ പാർക്കിലെ സുര്യാസ്തമയം, കോളറാഡോ നദിയിലെ കുതിരകുളമ്പ് വളവ് (The Horseshoe Bend of the Colorado River) എന്നിവ വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ്‌. രാഷ്ട്രീയമായി ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കമുണ്ടെങ്കിലും കഴിഞ്ഞകാലങ്ങളിൽ ഡെമോക്രാറ്റുകൾക്കായിരുന്നു സ്വാധീനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒബാമയോട് തോറ്റ ജോൺ മക്കയിൽ അരിസോണയിൽ നിന്നുള്ള സെനറ്ററാണ്‌. ഓൺലൈൻ വിദ്യാഭാസത്തിന്റെ തലതൊട്ടപ്പനായ ഫീനിക്സ് സർവകലാശാലയുടെ കേന്ദ്രം അരിസോണയാണ്‌. തലസ്ഥാനമായ ഫീനിക്സ് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവുമാണ്‌.

നവമ്പർ 5, 2011.

*

No comments:

Post a Comment