Monday, September 21, 2020

 

ലേഖനം

ട്രമ്പ് ഭരണത്തിന്റെ ബാക്കിപത്രം

അമ്പഴയ്ക്കാട്ട് ശങ്കരൻ

ഈ വരുന്ന നവമ്പർ 3-ന്‌ അമേരിക്കയിലെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണല്ലോ. രണ്ട് വർഷം മുമ്പെ തന്നെ, ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ജനങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും, മാദ്ധ്യമങ്ങൾ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. വേനലവധി കഴിഞ്ഞ് ശരത്കാലം (autumn) ആഗതമായിരിക്കുന്നു. ജനങ്ങൾ കുറച്ചെങ്കിലും തെരഞ്ഞെടുപ്പിന്റെ വാർത്തകൾ കേൾക്കാനും വിലയിരുത്താനും ശ്രമിച്ച് തുടങ്ങിയെന്നാണ്‌ കരുതേണ്ടത്. ആഴ്ച്ചകളെ ഉള്ളൂ എന്നതും, നേരത്തെയുള്ള വോട്ടിങ്ങു തുടങ്ങാൻ അധികം സമയമില്ലെന്നതും, പ്രസിഡൻഷ്യൽ വാദപ്രതിവാദത്തിന്റ് (debate) തിയ്യതി നിശ്ചയിക്കപ്പെട്ടതും വോട്ടർമാരുടെ രാഷ്ട്രീയ താത്പര്യങ്ങളെ ഉണർത്തിയിട്ടുണ്ട്. 2016-ലെ തെരഞ്ഞെടുപ്പിൽ, അപൂർവം ചിലർ അപകടം മണത്തറിഞ്ഞിരുന്നുവെങ്കിലും, ഹിലരി തോല്ക്കുമെന്ന് കരുതിയിരുന്ന ഒരാളല്ല ഞാൻ. അതുകൊണ്ട് ആര്‌ ജയിക്കുമെന്ന്, പൊതുവെയുള്ള സർവേകൾ ബൈഡന്‌ മുൻതൂക്കം നല്കുന്നുണ്ടെങ്കിലും, പറയാൻ കഴിയില്ല. എന്നാൽ ട്രമ്പിന്റെ തോൽവി ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടതുകൊണ്ട്, അതെന്തുകൊണ്ടെന്ന് പറയാനുള്ള ഒരു ശ്രമമാണ്‌ ഇവിടെ നടത്തുന്നത്.

സമ്പദ്-വ്യവസ്ഥിതിയിലെ പക്ഷപാതിത്വം

അമേരിക്കൻ പ്രസിഡണ്ടിന്‌ അമേരിക്കൻ സമ്പദ് വ്യവസ്ഥിതിയിലും, ഭൂരിപക്ഷം വരുന്ന സാധാരണ പൗരന്റെ നിത്യജീവിതത്തിലും ഉള്ള സ്വാധീനം തുലോം ചെറുതാണെന്ന് കരുതുന്നവരുണ്ട്. അതിനുള്ള കാരണം 65 ശതമാനത്തോളം സമ്പദ് വ്യവസ്ഥ സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്‌ എന്നതാണ്‌. യു എസ് കോൺഗ്രസിന്റെ നിയന്ത്രണവും പ്രസിഡണ്ടും മാറി മാറി വന്നാലും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ വലിയ തോതിലുള്ള മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. ഇന്നത്തെ ദു:രന്തപൂർണ്ണമായ ആഗോള സാഹചര്യത്തിൽ പോലും ഓഹരി വിപണിയിലെ കൊയ്ത്തുകൾ മാത്രം പരിഗണിച്ചാൽ മതി എത്രമാത്രം പക്ഷപാതപരമാണ്‌ സമ്പദ് വ്യവസ്ഥ് എന്ന് മനസ്സിലാക്കാൻ. അമേരിക്കയിലെ ഏകദേശം 52 ശതമാനം കുടുംബങ്ങൾക്കാണ്‌ വിപണിയിൽ ഓഹരിയുള്ളത്. അതിൽ തന്നെ 90 ശതമാനവും 10 ശതാമാനം കുടുംബങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ട്രമ്പ് അധികാരത്തിലേറിയ ഉടനെ തന്നെ ചെയ്തത് സമ്പന്നർക്ക് നികുതി ഇളവ് നല്കുക എന്നതായിരുന്നു. അങ്ങിനെ ചെയ്താലത് സാധാരണക്കാരിലേക്ക് തൊഴിലായി ആഴ്ന്ന് ഇറങ്ങുമത്രെ (Trickle-down economics).

ഒരു ഘട്ടത്തിൽ അത് ശരിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കണക്കുകളിൽ തൊഴിലന്വേഷകരുടെ എണ്ണം ക്രമാതീതമായ കുറഞ്ഞിരുന്നു. തൊഴിൽ സ്ഥിതിവവര കാണക്കുകൾ, 2016-ലെ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടതിൽ, തെറ്റാണെന്നും തൊഴിലില്ലായ്മ 20 മുതൽ 40 ശതമാനം വരെ ആകാമെന്ന് ട്രമ്പ് പറഞ്ഞിരുന്നു എന്നുള്ളത് മറ്റൊരു രസകരമായ കാര്യം. ഒബാമ ഭരണ കൂടത്തിന്റെ കാലത്ത് ക്രമാമായി ഉണ്ടായ വളർച്ചയും ട്രമ്പിന്റെ നികുതിയിളവ് സംരഭകരിൽ ഉണ്ടാക്കിയ ഒരു ഊർജ്ജം ഓഹരി വിപണിയിൽ പ്രതിഫലിച്ചു എന്നുള്ളത് ശരിയാണ്‌. എന്നാലത് രണ്ടും മുന്നും തൊഴിലിടങ്ങളിൽ ജോലിചെയ്ത് നടുവൊടിഞ്ഞ സാധാരണക്കാരുടെ ജീവിത നിലവാരത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കിയില്ല. കൂടാതെ തൊഴിലന്വേഷണം മടുത്ത് അന്വേഷണം തന്നെ ഉപേക്ഷിച്ചവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച വരുന്ന കാഴ്ച്ചയാണ്‌ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഭാഗമായ ആഗോള സമ്പദ് വ്യവസ്ഥിതിയിലെ മാന്ദ്യം സഹാനുഭൂതിയോടെ നേരിടാൻ, ബേണി സാൻഡേഴ്സിന്റെ ഭാഷയിൽ പറഞ്ഞാൽ, രോഗനിദാന നുണയനായ (pathological liar) ട്രമ്പിന്‌ കഴിയുമെന്ന് കരുതുക വയ്യ.

നിലപാടുകളില്ലാത്ത രാഷ്ട്രീയം

ജനപ്രിയ രാഷ്ട്രീയമാണ്‌ (populism) ട്രമ്പിന്റേതെന്ന് മാദ്ധ്യമങ്ങൾ പൊതുവെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നിയതമായ ഒരു രാഷ്ട്രീയ നിലപാട് ട്രമ്പിനില്ല. വലതുപക്ഷ ജനപ്രിയ രാഷ്ട്രീയം തന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഫലപ്രദമായി ഉപയോഗിക്കുവാൻ അദ്ദേഹത്തിന്‌ കഴിഞ്ഞതുകൊണ്ടാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് രക്ഷപ്പെട്ടത്. ഹിലരിയുടെ “പ്രമാണിവർഗ (elite)” ഭൂതകാലവും ഒരു കാരണമായി. എല്ലാ രാഷ്ട്രിയ നേതാക്കൾക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിന്‌ താൻ പണം നല്കാറുണ്ടെന്നും, തന്റെ ഭൂമി-വസ്തു ഇടപാട് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഈ നിഷ്പക്ഷ നിലപാട് സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിമാനപുർവം റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേക്കേറുന്നതിനുമുമ്പ് പറയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൽ പറയുന്നതിൽ ട്രമ്പിന്‌ ഒരു വൈമുഖ്യവുമില്ല. റിപ്പബ്ലിക് പാർട്ടിയുടെ തന്നെ പ്രഖ്യാപിത നിലപാടുകളായ ആഗോള വാണിജ്യം, നാറ്റോവുമായുള്ള (NATO) ബന്ധം, റഷ്യയോടുള്ള വിരോധം തുടങ്ങിയ നിലപാടുകൾ നിരവധി അവസരങ്ങളിൽ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുണ്ട്. ഒരേ സമയം സൈനികരെ പുകുഴ്ത്തുന്നതിനും നിന്ദിക്കുന്നതിനും ഒരു മടിയുമില്ല. ഡെമോക്രാറ്റുകളോടുള്ള വിരോധംകൊണ്ട് മാത്രം ഇതെല്ലാം സഹിക്കുകയാണ്‌ പല റിപ്പബ്ലിക്കൻ നേതാക്കന്മാരും. ട്രമ്പിന്റെ കാബിനറ്റിലും വൈറ്റ് ഹൗസിലും പ്രവർത്തിച്ച പ്രമുഖർ മുതൽ സാധാരണ ഉദ്യോഗസ്ഥർ വരെ ഉള്ളവരുടെ പിന്നീടുള്ള അഭിപ്രായം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും.

നിയമവാഴ്ച്ചയും പൊലീസും പട്ടാളവും

പൊലീസിനേയും, പട്ടാളത്തേയും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുക എന്നത് പൊതുവെ അമേരിക്കൻ രാഷട്രീയ നേതൃത്വത്തിന്റേയും വിശിഷ്യാ ട്രമ്പിന്റേയും പൊതു സ്വഭാവമാണ്‌. സൈനികനെ ബഹുമാനിക്കുക, സൈന്യത്തെ നിയന്ത്രിക്കുക, യുദ്ധത്തെ വെറുക്കുക എന്ന ജനാധിപത്യബോധത്തിന്റെ കാതൽ ട്രമ്പിന്റെ നിഘണ്ടുവിൽ ഇല്ലെന്ന് എല്ലാവർക്കും അറിയാം. 2016-ലെ തെരഞ്ഞെടുപ്പിൽ ട്രമ്പിന്റെ “ട്രമ്പ് കാർഡ്” കുടിയേറ്റവും മതിലും ആയിരുന്നുവെങ്കിൽ ഇത്തവണ നിയമവാഴ്ച്ചയും പൊലീസും ആണ്‌. ചരിത്രപരമായ കാരണങ്ങളാലും വ്യവസ്ഥാപിത ഭരണകൂട ഉപകരണങ്ങളുടെ പക്ഷപാതിത്തത്താലും മർദ്ദനമനുഭവിക്കുന്ന കറുത്ത-ദരിദ്ര വർഗ്ഗക്കാരുടെ അനുഭവങ്ങളോടും സമരങ്ങളോടും ട്രമ്പിന്‌ പുച്ഛമത്രെ! 99 ശതമാനം സമാധാന പ്രതിഷേധ സമരങ്ങളെ, ഒരു ശതമാന ആക്രമസമരത്തിന്റെ അളവുകോലുകൊണ്ട് അളക്കും. ഫാസിസ്റ്റ്-വശീയ പ്രകടനങ്ങളേയും, നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളേയും ഒരേ ത്രാസ്സിൽ തൂക്കിക്കൊണ്ട് ഇരുവശത്തും നല്ലവരുണ്ടെന്ന് പ്രഖ്യാപിക്കും. “ബ്ലാക്ക് ലൈഫ് മാറ്റർ”-നെ “ബ്ലു ലൈഫ് മാറ്റർ” കൊണ്ട് പ്രതിരോധിക്കും. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, അസത്യ-അർദ്ധസത്യങ്ങൾ പ്രചരിപ്പിച്ച്, ജനങ്ങളെ വിഭജിച്ച് അധികാരം നിലനിർത്തുന്നതിന്‌ ഏതറ്റംവരെ പോകുവാൻ മടിയില്ലാത്ത നേതാവാണ്‌ ട്രമ്പെന്ന് ഈ നാലുവർഷത്തെ ഭരണംകൊണ്ട് തെളിഞ്ഞിരിക്കുന്നു.

അധാർമികതയുടെ അപ്പോസ്തലൻ

സമ്പത്തും ധനവും ആണ്‌ ട്രമ്പിന്റെ ദേവനും ദേവിയും. മറ്റൊന്നും ട്രമ്പിന്റെ മുൻപിൽ ഒന്നുമല്ല. ഫെഡറൽ ജഡ്ജിയായ മൂത്തസഹോദരി മേരിയൻ (Maryanne Trump Barry) അടുത്ത കാലത്ത് തനെ സഹോദരനെക്കുറിച്ച് അനവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അതിലൊന്ന് തന്റെ എസ് എ ടി (SAT) പരീക്ഷ മറ്റൊരാളെകൊണ്ട് ട്രമ്പ് എഴുതിച്ചു എന്നതാണ്‌. മറ്റൊന്ന് ട്രമ്പ് തത്വദീക്ഷ തീണ്ടിയിട്ടില്ലാത്തവനും, ചതിയനും, നുണയനും ആണെന്നുള്ളതാണ്‌. ധനാഢ്യനും കർക്കശക്കാരനുമായ ട്രമ്പിന്റെ പിതാവ് പ്രായപൂർത്തിയായ തന്റെ മകന്‌ ഒരു മില്യൻ ഡോളർ ബിസിനസ്സ് തുടങ്ങുന്നതിനായി നല്കിയത്രെ. അവിടന്നങ്ങോട്ട് സ്വാധീനിച്ചും ഭയപ്പെടുത്തിയും, വെട്ടിയും പിടിച്ചും തന്റെ 3 ബില്യൻ (ഇരുപതിനായിരത്തിൽപരം കോടി) ഡോളർ സാമ്രജ്യം പടുത്തുയർത്തി. വംശീയ പക്ഷപാതിത്തമുള്ള ഭൂമി-കെട്ടിടയിടപാടുകൾ നടത്തിയതടക്കം നിരവധി കേസ്സുകൾ അദ്ദേഹത്തിനെതിരായി ഉണ്ടായി. പല സംരംഭങ്ങളും പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. നിയമത്തിന്റെ പഴുതുകൾ സമർത്ഥമായി ഉപയോഗിക്കപ്പെട്ടു. അമേരിക്കൻ സർക്കാരിന്റെ തന്നെ പൊതു-വ്യക്തി താല്പര്യ വൈരുദ്ധ്യ (conflict of interest ) നിയമങ്ങൾ അവഗണിക്കപ്പെട്ടു.

അമേരിക്കയിലെ പ്രസിദ്ധ പത്രമായ ന്യൂയോർക്ക് ടൈംസിന്റെ കോളം എഴുത്തുകാരനും പൊതുവെ യാഥാസ്തികനുമായ ഡേവിഡ് ബ്രൂക്സ് (David Brooks) എഴുതിയ ലേഖനങ്ങളിൽ ട്രമ്പ് എന്ന വ്യക്തിയുടെ അധാർമിക സ്വഭാവവും, ഇന്നത്തെ വൈറ്റ് ഹൗസിന്റെ വൈചിത്ര്യങ്ങളേയും കുറിച്ച് തുറന്നെഴുതുന്നുണ്ട്. കഴിഞ്ഞ നാല്‌ വർഷമായി ട്രമ്പിനെ നിരീക്ഷിക്കുകയും, അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ റെക്കോഡ് ചെയ്യുകയു ചെയ്ത “വാട്ടർ ഗേറ്റ് (Water Gate)” പ്രസിദ്ധൻ ബോബ് വുഡ് വാഡ് ഈ ആഴ്ച പ്രസിദ്ധീകരിഹ്ച റേജ് എന്ന (Rage by Bob Woodward) പുസ്തകത്തിൽ എന്തുകൊണ്ട് ട്രമ്പിനെ ഒരു വട്ടം കൂടി തെരഞ്ഞെടുത്തുകൂടാ എന്ന് വിശദമായി സമർത്ഥിക്കുന്നുണ്ട്.

കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ

ഇന്നത്തെ ലോകസാഹചര്യത്തിൽ രാജ്യാതിർത്തികൾ വേണമെന്ന വാദത്തിന്‌ കുറച്ചെങ്കിലും പ്രസക്തിയുണ്ട്. അത് ലഘിച്ചാൽ മനുഷ്യ ജീവിതം അസ്ഥിരമാകുമെന്ന ഭയം ന്യായീകരിക്കാവുന്നതാണ്‌. മറുവാദമെന്ന രീതിയിൽ ചരക്ക് നീക്കങ്ങൾക്ക് രാജ്യാതിർത്തി നിയന്ത്രണങ്ങൾ പാടില്ലെന്ന് നിഷ്ക്കർഷിക്കുന്ന ലോകകമ്പോളം മനുഷ്യർക്കെന്തിന്‌ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന മറുചോദ്യവുമുണ്ട്. എന്തായാലും രാഷ്ട്രാതിർത്തികൾ ഇല്ലാത്ത ഒരു കാലം വിദൂരഭാവിയിലെങ്കിലും സാക്ഷത്ക്കരിക്കുമെന്ന് പ്രതിക്ഷിക്കാം.

എന്നാൽ കുടിയേറ്റക്കാരെ മനുഷ്യരായെങ്കിലും കാണാൻ എത് രാഷ്ട്ര സമൂഹത്തിനും കഴിയണം. അവർ കുറ്റവാളികളും, സ്ത്രീകളെ ആക്രമിക്കുന്നവരും, തൊഴിൽ മോഷ്ടിക്കുന്നവരും ആണെന്നുള്ള ട്രമ്പിന്റെ നിഗമനങ്ങൾ ആധൂനിക സമൂഹത്തിന്‌ യോജിച്ചതല്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട പ്രദേശങ്ങളിലേക്ക് എല്ലാ കാലത്തും തൊഴിലും നല്ല ജീവിത സാഹചര്യങ്ങളും തേടി മനുഷ്യരുടെ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. അമേരിക്കയും, യൂറോപ്പും ഗൾഫ് മേഖലയും, എന്തിന്‌ പറയുന്നു നമ്മുടെ കൊച്ച് കേരളവും അതിന്‌ മികച്ച ഉദാഹരണങ്ങളാണ്‌. മെക്സിക്കോയിൽനിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കൂലിവേലക്കാർ തൊട്ട് ശാസ്ത്രജ്ഞന്മാർ വരെയുള്ള കുടിയേറ്റക്കാർ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് ട്രമ്പിനറിയില്ലെങ്കിലും ബുദ്ധിയുള്ള റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്കും, വിവരസാങ്കേതിക രംഗമടക്കമുള്ള ബിസിനസ്സ് സമൂഹങ്ങൾക്കുമറിയാം. അമേരിക്കയിലെ പട്ടണ പ്രാന്ത പ്രദേശങ്ങളിലും (suburban) ഗ്രാമങ്ങളിലും ജീവിക്കുന്ന, വെളുത്ത തൊഴിലാളി വർഗ്ഗത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടാൻ കഴിയുമേ എന്ന് ദുഷ്ടലാക്കാണ്‌ ട്രമ്പിന്റെ കുടിയേറ്റ വിരുദ്ധനിലപാടുകളിൽ കാണാൻ കഴിയുക.

സാമൂഹ്യവിഷയങ്ങളും സുപ്രീംകോടതിയും

ഒമ്പത് ജഡ്ജിമാർ കൂടിചേർന്ന അമേരിക്കൻ സുപ്രീം കോടതിയിലെ ലിബറൽ പക്ഷപാതിത്തമുള്ളതും, സ്ത്രീ വിഷയങ്ങളിൽ ഉറച്ചതും സ്തീപക്ഷ നിലപാടുകളും ഉള്ള ജസ്റ്റിസ് റൂത് ബേഡർ ഗിൻസ്ബർഗിന്റെ (Ruth Bader Ginsburg) നിര്യാണം തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതൽ കലുഷമാക്കുമെന്ന് ഉറപ്പാണ്‌. ഒബാമയുടെ കാലത്ത് തെരഞ്ഞെടുപ്പിന്‌ ഒരു വർഷം ഉള്ളപ്പോൾ ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞെ ജഡ്ജിമാരെ നിയമിക്കാൻ പാടുള്ളൂ എന്ന് നിഷ്ക്കർഷിച്ച റിപ്പബ്ലിക്ക് നേതാക്കൾ തെരഞ്ഞെടുപ്പിന്‌ ആഴ്ച്ചകൾ മാത്രമുള്ളപ്പോൾ പുതിയൊരാളെ നിയമിക്കാനുള്ള തത്രപ്പാടിലാണ്‌. സ്ത്രീയുടെ വിവേചനാധികാരമായ ഗർഭഛിദ്രം (pro-choice), വിവേകപൂർണ്ണമായ ആയുധനിയന്ത്രണം (gun control) തുടങ്ങി ഗർഭാധാന പ്രതിരോധനം (contraception) വരെയുള്ള നിരവധി സാമൂഹ്യവിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിൽ യു എസ് സുപ്രീ കോടതിയിലെ ജസ്റ്റിസ്സുമാരുടെ രാഷ്ട്രീയ പക്ഷപാതിത്തം നിർണ്ണായകമാണ്‌. 2000-ത്തിലെ തെരഞ്ഞെടുപ്പിൽ ഗോർ-ബുഷ് മത്സരത്തിന്റെ അവസാനം സുപ്രീം കോടതി ഇടപ്പെട്ട് തീർപ്പ് കല്പിച്ചതുപോലെ ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി ഇടപടേണ്ടി വന്നാൽ അതിന്റെ സമ്മിശ്രണം (combination) വിധിയേയും ഫലത്തേയും പ്രതീക്ഷിക്കാൻ കഴിയാത്ത വിധം സ്വാധീനിക്കും.

മഹാമാരി കാലത്തെ ഭരണകൂടം

ഭരണകൂടവും സർക്കാരും ഒന്നാണെന്ന് ചിലർ ധരിക്കാറുണ്ടെങ്കിലും അത് ശരിയല്ല. വ്യവസ്ഥിതിയെ നിലനിർത്തുന്നതാണ്‌ ഭരണകൂടം. സർക്കാർ അതിന്റെ ഭാഗമാണെങ്കിലും, സൈന്യം, പോലിസ്, നീതിന്യായ വ്യവസ്ഥ, നീതിനിർവഹണ വിഭാഗം, നിയമനിർമ്മാണ സഭകൾ, ഭരണനിർവ്വഹണവിഭാഗങ്ങൾ തുടങ്ങിയവയും ഭരണകൂടത്തിന്റെ ഭാഗമാണ്‌. സർക്കാരുകൾ മാറി മാറി വരും. സർക്കാരിന്‌ ഭരണകൂടത്തിലുള്ള സ്വാധീനം പലപ്പോഴും നിർണ്ണായകമാകണമെന്നില്ല. ഭരണകൂടത്തിന്റെ മാറ്റം സംഭവിക്കുന്നത് ദീർഘകാലത്തെ സമരങ്ങളിലൂടേയും ചിലപ്പോൾ രക്തരഹിത-രകതരൂഷിത വിപ്ലവങ്ങളിലൂടെയും ആയിരിക്കും. ഇത്രയും പറഞ്ഞത് സമ്പത്തിലും, ശാസ്ത്ര-സാങ്കേതിക വിദ്യയിലും, വിവരസാങ്കേതിക വിദ്യയിലും പുരോഗതി കൈവരിച്ച അമേരിക്കയും, ചില യൂറോപ്യൻ രാജ്യങ്ങളും എങ്ങിനെ കോവിഡിനെ പ്രതിരോധിക്കുന്നതിൽ പിറകിലായി എന്ന് അന്വേഷിക്കുന്നതിനാണ്‌.

വ്യക്തിസ്വാതന്ത്ര്യം അമേരിക്കയിൽ ശക്തമാണെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. അത് കുറച്ചൊക്കെ ശരിയാണുതാനും. പക്ഷെ വ്യക്തിസ്വാതന്ത്ര്യം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ രാഷ്ട്രീയ-ജനാധിപത്യ സ്വാതന്ത്ര്യം മാത്രം പോരാ, സാമ്പത്തിക-സാമുഹിക സ്വാതന്ത്ര്യവും വേണം. ജനങ്ങൾക്ക് വിദ്യാഭ്യാസവും, തൊഴിലും, ആരോഗ്യവും, പാർപ്പിടവും വേണം. ധനാർത്തിയുടെ കമ്പോള മത്സരം കൊണ്ട് ഇതെല്ലാം ആർജ്ജിക്കാനാവില്ല. ഇതെല്ലാം ആർജ്ജിക്കുന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ ലക്ഷ്യവുമല്ല. അതുകൊണ്ടാണ്‌ കോവിഡിന്റെ ആഘാതത്തിൽ അറുപത് കഴിഞ്ഞവർ മരിക്കുമ്പോൾ അത് സോഷ്യൽ സെക്യൂരിറ്റി ചെക്കുകളുടെ എണ്ണം കുറക്കുമല്ലോ എന്ന ചിന്ത വരുന്നത്. “ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല (it is what it is)” എന്ന് ട്രമ്പിന്‌ പറയാൻ തോന്നുന്നത്. രണ്ട് ലക്ഷം പേരുടെ ജീവൻ കോവിഡ് കവർന്നിട്ടും തിരക്ക് (urgency) തോന്നാത്തത്. ഇലക്ഷന്‌ മുമ്പ് മരുന്ന് ഉണ്ടാവും എന്ന് സംശയലേശമന്യേ നുണ പറയുന്നത്.

ഈ വർഷത്തിന്റെ ആദ്യമാസങ്ങളിൽ തന്നെ കോവിഡ് മൂലം ഉണ്ടാകാവുന്ന ദു:രന്തങ്ങളുടെ ആഴം ഉത്തരവാദപ്പെട്ടവർ ട്രമ്പിനെ ധരിപ്പിച്ചിരുന്നു. എന്നിട്ടും സംസ്ഥാനങ്ങളേയും, പ്രാദേശിക ഭരണകർത്താക്കളേയും എകോപിപ്പിച്ച് ഒരു നയം രൂപപ്പെടുത്തുന്നതിനോ, അവരെ സജ്ജമാക്കുന്നതിനോ നേതൃത്വപരമായ ഒരു നടപടിയും ട്രമ്പ് കൈകൊണ്ടില്ല. ശാസ്ത്രീയ വീക്ഷണത്തിന്റെ അഭാവം സിഡിസിയിലെ (Centers for Disease Control and Prevention) ശസ്ത്രജ്ഞന്മാരുമയി ഉടക്കുന്നതുവരെ കാര്യങ്ങളെ ട്രമ്പ് കൊണ്ടുചെന്നെത്തിച്ചു. ഡോക്ടർന്മാരുടെ നിർദ്ദേശങ്ങളെ, സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഒറ്റ കാരണത്താൽ അവഗണിച്ചു. ഒരു ഭരണ കർത്താവെന്ന നിലയിൽ ട്രമ്പിന്റെ സമ്പൂർണ്ണ പരാജയം കോവിഡിന്റെ കാര്യത്തിലെങ്കിലും അമേരിക്കൻ ജനത അനുഭവിച്ചറിഞ്ഞു. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്‌.

“ട്രമ്പ് പുരാണം” പൂർണ്ണമാക്കാൻ ഒരു ലേഖനമോ, ഒരു പുസ്തകം തന്നെയോ മതിയാകുമെന്ന് തോന്നുന്നില്ല. പരിസ്ഥിതി സംരക്ഷണം മുതൽ ആഗോളതാപനം വരെയുള്ള വിഷയങ്ങളിൽ ട്രമ്പിന്റെ നിലപാടുകൾ ശാസ്ത്ര വിരുദ്ധമാണ്‌. റിപ്പബ്ലിക്കൻ പാർട്ടിയിലെ വ്യക്തികളെയടക്കം അപമാനിക്കുന്നതിൽ ട്രമ്പിന്‌ ഒരു കൂസ്സലുമില്ല. സുജനമര്യാദ ലവലേശം തൊട്ടുതീണ്ടിയിട്ടില്ല. സ്ത്രീ വിരുദ്ധ നിലപടുകളും അവരോടുള്ള പെരുമാറ്റവും കുപ്രസിദ്ധമാണ്‌. ഇങ്ങിനെയുള്ള ഒരാൾ പ്രസിഡണ്ടയി തുടരാൻ അനുവദിക്കണമോ എന്നുള്ളത് അമേരിക്കൻ ജനതയുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി ഈ തെരഞ്ഞെടുപ്പിൽ വന്നിരിക്കുന്നു. ഈ മഹാമാരി കാലത്തെങ്കിലും ഭൂരിപക്ഷം ജനങ്ങൾക്കും സംഗതിയുടെ ഗൗരവം ബോദ്ധ്യപ്പെടുമെന്ന് പ്രത്യാശിക്കാം.

*

(ജനയുഗം പത്രത്തിൽ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്)