എ എം എസ്
ഇടക്കാല തെരഞ്ഞെടുപ്പിൽ ഒബാമക്ക് തിരിച്ചടി
കഴിഞ്ഞ ലക്കത്തിൽ ഇവിടെ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതിപാദിച്ചിരുന്നുവല്ലോ. ഡെമോക്രാറ്റുകൾക്ക് ജനപ്രതിനിധിസഭയും സെനറ്റും നഷ്ടപ്പ്പെടുമെന്ന് സർവെ ഫലങ്ങൾ സൂചിപ്പിച്ചിരിന്നിവെങ്കിലും സെനറ്റിൽ സീറ്റുകൾ കുറഞ്ഞുവെങ്കിലും ഭുരിപക്ഷം നിലനിർത്തി. കനത്ത പരാജയത്തിന്റെ സുചനയറിഞ്ഞ് ഒബാമ തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാൻ പിടിച്ചത് സെനറ്റിലെ ഭൂരിപക്ഷനേതവ് സെനറ്റർ ഹാരി റീഡ് (Harry Reid) അടക്കം നേരിയ ഭൂരിപക്ഷത്തിന് ജയിക്കുന്നതിന് കാരണമായി. ജനപ്രതിനിധി സഭയിൽ യാഥാസ്ഥിതികരായ ബ്ലു ഡോഗ് ഡെമൊക്രാറ്റ്സ് എന്നറിയപ്പെടുന്നവരാണ് മഹാഭൂരിപക്ഷവും തോറ്റത്. 2012 -ലെ തെരഞ്ഞെടുപ്പിൽ ഒബാമയെ തോല്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചില റിപ്പബ്ലിക്കൻ നേതാക്കൾ ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.
Harry Reid
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒബാമക്ക് വോട്ട് ചെയ്ത 15 മില്യൻ ആളുകൾ ഇത്തവണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല. റിപ്പബ്ലിക്കൻ പാർട്ടിക്ക് കിട്ടിയ ഭൂരിപക്ഷമാണെങ്കിൽ 5 മില്ല്യൻ വോട്ടും. അതുകൊണ്ട് തന്നെ 2012-ലെ തെരഞ്ഞെടുപ്പിൽ പ്രതീക്ഷക്ക് വകയുണ്ടെന്ന് ഡെമോക്രാറ്റുകൾ കരുതുന്നു. എന്നാൽ മഹാഭൂരിപക്ഷം ഗവർണർമാരും റിപ്പബ്ലിക്കൻ ആയതുകൊണ്ട് ജനപ്രതിനിധി സഭയിലേക്കുള്ള മണ്ഡലങ്ങൾ പുനർനിർണ്ണയം ചെയ്യുന്നതിൽ തങ്ങൾക്ക് അനുകൂലമായി ഇടപെടാൻ കഴിയുമെന്ന് റിപ്പബ്ലിക്കൻസ് വിശ്വസിക്കുന്നു. കൂടാതെ ചായസത്ക്കാരമുന്നേറ്റപാർട്ടിയുടെ (Tea Pary Movement) വളർച്ചയും സഹായിക്കുമെന്ന് അവർ കരുതുന്നു. എന്നാൽ കൂടുതൽ വലത്തോട്ട് നീങ്ങുന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് കരുതുന്നവരും ഉണ്ട്. തൊഴിലില്ലായ്മ കുറച്ച് സാമ്പത്തിക മാന്ദ്യത്തിൽനിന്നും രക്ഷപ്പെടാൻ കഴിഞ്ഞാൽ ഒബാമ വീണ്ടും ജയിക്കുമെന്നും, ഇല്ലെങ്കിൽ ഒബാമയുടെ സ്ഥിതി പരിതാപകരമാവുമെന്നും രാഷ്ട്രിയം വിശകലനം ചെയ്യുന്നവർ വിലയിരുത്തുന്നു.
ഖനിയപകടത്തിന്റെ പാഠങ്ങൾ
(Photo: ചിലിയൻ പ്രസിഡന്റ് സെബാസ്റ്റിയൻ പിനേറാ (വലത്ത്), (Sebastian Pinera) അവസാനമായി രക്ഷിക്കപ്പെ ഖനിതൊഴിലാളിയെ അഭിനന്ദിക്കുന്നു.)
ചിലിയിലെ സ്വർണ്ണ-ചെമ്പ് ഖനിയിലെ 33 ഖനിതൊഴിലാളികൾ 69 ദിവസം ഭൂമിക്കടിയിൽ 600 മീറ്ററിലധികം താഴ്ച്ചയിൽ കുടുങ്ങി ജീവിച്ചതും, ഒക്ടോബർ 13, 14 ദിവസങ്ങളിൽ ചിലിയൻ സർക്കാരും ജനങ്ങളും അവരെ രക്ഷപ്പെടുത്തുന്നതിൽ കാണിച്ച വൈദഗ്ധ്യവും ആധൂനികകാലത്തെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തങ്ങളിൽ ഒന്നാണ്. ഖനിയപകടങ്ങൽ പതിവായികൊണ്ടിരിക്കുന്ന അമേരിക്കൻ ഐക്യനാടുകൾക്ക് ഈ ചിലിയൻ പാഠം പഠിക്കാവുന്നതാണ്. നിരവധി ഖനിയപകടങ്ങൽ ഇവിടെ നടന്നിട്ടുണ്ടെങ്കിലും 13 പേരുടെ വീതം മരണത്തിനിടയാക്കിയ അലബാമയിലേയും (സെപ്റ്റമ്പർ 23,2001) പടിഞ്ഞാറെ വെർജീനിയായിലേയും (ജനുവരി 2, 2006) സാഹചര്യങ്ങളിൽ പ്രത്യേകിച്ചും. പ്രശ്നം മനസിലാക്കി കൃത്യം നിശ്ചയിക്കുക, നടപ്പാക്കേണ്ടവരെ തെരഞ്ഞെടുക്കുന്നതിൽ വൈഭവം കാണിക്കുക, വിദഗദ്ധരെ ശേഖരിച്ച് ഏകീകരിക്കുക, പതിവ് രീതികളിൽനിന്നും വ്യതിചലിച്ച് പുതുവഴികൾ കണ്ടെത്തുക, അലങ്കോലപ്പെടാതെ കാര്യങ്ങൾ ക്രമപ്പെടുത്തുക, ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ട സംഘത്തെ നിർണ്ണയിക്കുക, ആദ്യഘട്ടങ്ങളിലെ വിജയം പിന്നീടുള്ള ശ്രദ്ധയെ കുറക്കാതിരിക്കുക, വിശദാംശങ്ങളിൽ അനുധാവനതയോടെയുള്ള ഇടപെടുക എന്നിവയിൽ ചിലിയൻ ഗവർന്മെന്റും വിദഗ്ദ്ധരും കാണിച്ച അപാര കഴിവ് അഭിനന്ദനാർഹമാണ്. മാത്രമല്ല സാങ്കേതിക വിദ്യയിലും അതിന്റെ നിർവ്വഹണത്തിലും മുന്നാം ലോക രാജ്യങ്ങൾ ആരുടെയും പിന്നിലല്ല എന്ന് ഇത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
ഗ്രീൻലൻഡ് (Greenland)
എൺപത് ശതമാനം മഞ്ഞുമൂടിയ ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലൻഡ്. അതിന്റെ പ്രാദേശികനാമം കലാളിത് നുനാറ്റ് (Kalaallit Nunaat
) എന്നാണ്. 2500 ബി സി മുതൽ എസ്കിമൊകളുടെ (Paleo-Eskimo) സംസ്കാരകേന്ദ്രമായിട്ടാണ് ഇവിടം അറിയപ്പെടുന്നത്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉടലെടുത്ത വിവിധ സംസ്കാരികധാരകളെ ഒന്നാം സ്വാതന്ത്ര്യം (Independence I, 2400 BC - 1300 BC), ഡോർസെറ്റ് ( Dorset culture, 1300 BC - 700 BC) രണ്ടാം സ്വാതന്ത്ര്യം (Independence II, 800 BC - 100 BC). എന്നറിയപ്പെടുന്നു. റഷ്യയിൽനിന്നും, കനഡയിൽനിന്നും കുടിയേറിയവരുടെ സാംസ്കാരികധാരകളാണിവ. ഒന്നാം നൂറ്റാണ്ടോടെ ആധൂനിക ഡോർസെറ്റ് (Late Dorset culture) സാംസ്കാരം ഉടലെടുത്തു. സൈബീരിയൻ, ചൈനീസ്, കൊറിയൻ, ജാപ്പനീസ് കുടിയേറ്റക്കാരുടെ സംഭാവനയായിരുന്നു അത്. പത്താം നൂറ്റാണ്ടോടെ സ്കാൻഡിനേവിയൻ അഥവാ വൈക്കിഗ്സ് (Vikings) പര്യവേഷണസംഘം ഗ്രീൻലൻഡിൽ എത്തി. തുടർന്ന് പതിനെട്ടാം നൂറ്റാണ്ടോടെ ഡാനിഷ് കോളനിയായി മാറി.
അമ്പതിനായിരത്തിലധികം ജനസഖ്യയുള്ള ഇവിടുത്തെ പ്രധാന വരുമാനം സമുദ്രവിഭവങ്ങളുടെ കയറ്റുമതിയും, ഡച്ചു സർക്കാർ നല്കുന്ന 650 മില്യൻ ഡോളർ സബ്സിഡിയുമാണ്. കൂടാതെ ടൂറിസം, പ്രത്യേകിച്ച് കപ്പൽ വിനോദയാത്ര (cruise) മറ്റൊരു വരുമാനമാർഗ്ഗമാണ്. എണ്ണ ഖനന സ്രോതസുകൊണ്ട് സമ്പന്നമാണ് ഈ പ്രദേശം എന്ന് പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ബഹുരാഷ്ട്രകമ്പനികൾ കണ്ണുവെച്ചിട്ടുള്ള മറ്റൊരു സാദ്ധ്യത ജലവൈദ്യുത പദ്ധതികൾക്കാണ്. ഡച്ച് രാജാധികാരത്തിനുകീഴെ പാർലിമെന്ററി ജനാധിപത്യവ്യവസ്ഥയാണ് നിലവിലുള്ളത്. 1979 - ൽ ഡച്ചുകാർ കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചതോടെ വിദേശകാര്യം, അഭ്യന്തരസുരക്ഷതിത്വം, ധനകാര്യം എന്നിവയിലൊഴിച്ച് മറ്റെല്ലാം തദ്ദേശീയരുടെ നിയന്ത്രണത്തിലായി. ശാസ്ത്ര-പര്യവേഷകസംഘങ്ങളുടേയും വിനോദസഞ്ചാരികളുടേയും പറുദീസയാണ് ഗ്രീൻലൻഡ്.
വീണ്ടും മഞ്ഞുകാലം
Fall color change
കാലം കടന്നുപോകുന്നതിന്റെ അറിവ് മനസ്സിനെ മഥിക്കുന്ന കാലമാണ് ഒക്ടോബർ അവസാനത്തോടെ ആരംഭിച്ച് മാർച്ചോടെ അവസാനിക്കുന്ന മഞ്ഞുകാലം. അമേരിക്കയിൽ എവിടെ താമസിക്കുന്ന് എന്ന് അനുസരിച്ച് മഞ്ഞുകാല മാസങ്ങളിൽ ചില വ്യതിയാനങ്ങൾ കണ്ടേക്കാം. മധ്യവയ്സർക്കും വൃദ്ധർക്കും മരണത്തോട് അടുക്കുന്നു എന്ന തോന്നൽ വർദ്ധിക്കുന്ന കാലം. മനസ്സിന്റെ വിഹ്വലതകളെ കുറക്കുന്നതിനാണെന്ന് തോന്നുന്നു ഒഴിവുകാലം (Holiday Season) ഇക്കാലത്ത് തന്നെ നിശ്ചയിക്കപ്പെട്ടത്. അനുഗ്രഹ നന്ദി ദിനം (Thanksgiving day, Nov 25), ജൂതന്മാരുടെ ആഘോഷമായ ഹോനക്ക (Hanukkah Dec, 1-9), ക്രിസ്തുമസ്, നവവത്സര ദിനം എന്നിവയുടെ ആഘോഷങ്ങൾകൊണ്ട് സമ്പന്നമായ ഇക്കാലം റീട്ടെയിൽ കച്ചവടക്കാരുടെ കൊയ്ത്തുകാലമാണ്. ദീപാവലിക്ക് ആരംഭിച്ച് ഹോളിക്ക് അവസാനിക്കുന്ന വടക്കെ ഇന്ത്യയിലെ മഞ്ഞുകാലം ഇതിന് സമാനമാണ്. എല്ലാവർക്കും ഒഴിവുകാല ആശംസകൾ നേരുന്നു.
നവമ്പർ 5, 2010.
*