Tuesday, October 5, 2010

അമേരിക്കൻ വിശേഷങ്ങൾ - 12

അമ്പഴയ്ക്കാട്ട് ശങ്കരൻ


സെപ്റ്റംബർ 11 അഥവാ 911

Twin Towers, New York
3000 - ത്തിലധിക പേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബർ 11-ലെ തീവ്രവാദി ആക്രമണത്തിന്റെ ഒമ്പതാം വാർഷികം പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നുപോയി. ന്യൂയോർക്കിൽ നിലം പരിശ്ശായ സ്ഥലത്തിനടുത്ത് (Ground Zero)) നിർമ്മിക്കാൻ പോകുന്ന മുസ്ലിം കേന്ദ്രത്തിന്റെ പേരിൽ ഫ്ലോറിഡായിലെ ഒരു പാതിരി പ്രഖാപിച്ച ഖുറാൻ കത്തിക്കൽ ഉണ്ടായില്ല. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനീക തലവൻ ഡേവീസ് പട്രേയസും (David Petraeus), സി ഐ യും അടക്കം ഒബാമ ഭരണകൂടത്തിലെ ഉന്നതർ ഇടപെട്ടുവെന്നാണ്‌ റിപ്പോർട്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ നടത്തിയ പേൾ ഹാർബർ ആക്രമണത്തിനു ശേഷം (Attack on Pearl Harbor) അമേരിക്കൻ പൊതു മനസിനേറ്റ ഏറ്റവും വലിയ ആഘാതമണ്‌ 911. ഇറാക്ക് യുദ്ധത്തിന്‌ തുടക്കത്തിൽ തന്നെ എതിർപ്പുകൾ ഉയർന്നെങ്കിലും, മഹാഭുരിപക്ഷം അമേരിക്കക്കാരും അഫ്ഗാൻ യുദ്ധത്തെ പിന്തുണച്ചവരായിരുന്നു. യുദ്ധത്തിനുള്ള പിന്തുണ കുറഞ്ഞ് കുറഞ്ഞ് ഇപ്പോൾ അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കണമെന്ന് അഭിപ്രായത്തിൽ എത്തി നില്ക്കുകയാണ്‌. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന കുറെയേറെ തീവ്രവാദികൾ കൊല്ലപ്പെടുകയും, മറ്റുള്ളവർ പാക്കിസ്താനടക്കം മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുകയും ചെയ്തതോടെ യുദ്ധം അവസാനിപ്പിക്കുകയാണ്‌ നല്ലതെന്ന് കരുതുന്നവരാണേറെയും.

ഇടക്കാലതെരഞ്ഞെടുപ്പ്

Christine O'Donnell

കേരളം ഇപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചൂടിലാണല്ലോ. ഇവിടെയുള്ളവർ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ചൂടിലാണെന്ന് മാത്രം. മുതലാളിത്തമായിരിക്കും സർക്കാരിന്റെ സ്വഭാവമെന്ന് ഭരണഘടനയിൽ ഒരിടത്തും പ്രഖ്യാപിക്കുന്നില്ലെങ്കിലും അമേരിക്കൻ ഐക്യനാട്ടിലെ രണ്ട് പ്രധാന രാഷ്ട്രിയ പാർട്ടികളൂം അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവയാണ്‌. ആ രണ്ടു പാർട്ടികളുടെ മേല്ക്കോയ്മ നിലനിർത്തുന്നതിൽ നിലവിലുള്ള തെരഞ്ഞെടുപ്പ് രീതിക്കും, ഭരണഘടനാസ്ഥാപനങ്ങൾക്കും വലിയ പങ്കുണ്ട്. മൂന്നാമത് ഒരു പാർട്ടിക്കോ, മുന്നണിക്കോ നിലവിലുള്ള സാഹചര്യത്തിൽ വേരോട്ടമുണ്ടാകുക ദു:ഷ്ക്കരമാണ്‌. 50 സംസ്ഥാനങ്ങളിനിന്നും ഈരണ്ട് വീതമുള്ള നൂറ്‌ സെനറ്റമാരിൽ 36 സീറ്റിലേക്കാണ്‌ ഈ നവമ്പർ രണ്ടാം തിയതി തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. കൂടാതെ 37 സ്റ്റേറ്റുകളിൽ ഗവർണർമാരെയും, ഹൗസ് പ്രതിനിധി സഭയിലെ എല്ലാ അംഗങ്ങളെയും (435) ഈ വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാർ തെരഞ്ഞെടുക്കും.

Chris Coons and Barak Obama

സെനറ്റ് തെരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്ന മത്സരമാണ്‌ ഡെലവെയർ (Delaware) സെനറ്റ് സീറ്റിനുവേണ്ടിയുള്ള മത്സരം. റിപ്പബ്ലിക്കൻ അധികാരകേന്ദ്രത്തിന്റെ വ്യക്താവും ഗവർണറുമായിരുന്ന മൈക്കിൾ കാസിലിനെതിരെ (Michael Castle) അട്ടിമറി വിജയം നേടി ശ്രദ്ധേയയായ, പരിണമ സിദ്ധാത്തിൽ വിശ്വസിക്കാത്ത, ചായസത്കാരമുന്നേറ്റത്തിന്റെ വ്യ്ക്താവായ, പ്രേതസേവയിൽ (Witchcraft) വിശ്വസിക്കുന്നു എന്ന് ആരോപിക്കപെട്ട ക്രിസ്തീൻ ഒഡോണലും (Christine O'Donnell), മാർക്സിസ്റ്റ് എന്ന് ആരോപിക്കപ്പെട്ട ക്രിസ് കൂൺസൂം (Chris Coons) തമ്മിലാണ്‌ മത്സരം. ഇപ്പോഴത്തെ വൈസ് പ്രസിഡണ്ട് ജോ ബൈഡന്റെ സീറ്റായിരുന്നു അത്. സമ്പദ് വ്യവസ്ഥയുടെ തകർച്ചയും, തൊഴിലില്ലായ്മയും, ഒബാമ മിശിഹാ അല്ലെന്ന തിരിച്ചറിവും, തീവ്രവലതുപക്ഷമാദ്ധ്യമങ്ങളുടെ പ്രചരണതന്ത്രവും, ചായസത്ക്കാരമുന്നേറ്റക്കരുടെ (Tea Pary Movement) സ്വാധീനവും ഡെമോക്രാറ്റിക് പാർട്ടിക്കും, ഒബാമയ്ക്കും ഒരു വാട്ടർലൂ ആകുമെന്നാണ്‌ എല്ലാ സർവെ ഫലങ്ങളും സൂചിപ്പിക്കുന്നത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഹൗസും സെനറ്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈലൊതുങ്ങുമെന്നർത്ഥം. അതോടെ അടുത്തരണ്ട് വർഷത്തിലേക്കെങ്കിലും ഒബാമ ഒരു പാവ പ്രസിഡണ്ടായി തുടരുകയോ, റിപ്പബ്ലിക്കൻ പാർട്ടിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടി വരുകയോ ചെയ്യും.

ബഹാമസ്


സ്വർണ്ണവും, സുഗന്ധദ്രവ്യങ്ങളും, നിധിയും തേടി ഇന്ത്യയിലേക്ക് പുറപ്പെട്ട് അമേരിക്കയിലെത്തിയ കൊളമ്പസ്സിന്റെ ( Christopher Columbus) ചരിത്രം പ്രസിദ്ധമാണല്ലോ. 1492 ഒക്ടോബർ 12 - ന്‌ ആണ്‌ കൊളമ്പസ് ബഹാമസ് ദ്വീപസമൂഹത്തിലെ ഗ്വാനഹാനി അഥവ സാൻ സാൽവഡോർ (Guanahani or San Salvador) എന്ന് സ്ഥലത്ത് എത്തുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ബ്രിട്ടീഷുകാർ കുടിയേറ്റം തുടങ്ങുകയും 1783 - ഓടെ അവരുടെ കോളനിയാകുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ ഇവിടം കടൽ കൊള്ളക്കാരുടെ പറുദീസയായിരുന്നു. 1973 - ലാണ്‌ ബഹാമസ് സ്വതന്ത്രമാകുന്നത്. അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയുടെ തെക്കുകിഴക്കും, ക്യൂബയുടെ വടക്കുകിഴക്കുമായി സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹം അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഒഴുകുന്ന മയക്കുമരുന്നിന്റെ ഇടത്താവളമായി മാറിയതിന്‌ കാരണം അതിന്റെ ഭൂമിശാസ്ത്രപരമായ നില്പ് തന്നെയാണ്‌.



3 ലകഷ്ം മാത്രം ജനസംഖ്യയുള്ള ബഹാമാസ് കരീബിയൻ മേഖലയിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ്‌. പാർലിമെന്ററി ജനാധിപത്യ വ്യവസ്ഥയുള്ള ബഹാമസ്സിൽ പ്രധനമായും രണ്ട് രാഷ്ട്രീയപ്പാർട്ടിയാണുള്ളത്. സ്വതന്ത്ര ദേശിയ മുന്നേറ്റപാർട്ടിയും പുരോഗമന ലിബറൽ പാർട്ടിയും. യഥാക്രമം മദ്ധ്യവലതുപക്ഷസ്വഭാവവും, മദ്ധ്യ-ഇടതുപക്ഷസ്വഭാവവും ആണ്‌ ഇവയ്ക്കുള്ളത്. വിനോദസഞ്ചാരവും, ബാങ്കിങ്ങുമണ്‌ പ്രധാന വരുമാനമാർഗം. ടൂറിസത്തിൽനിന്നുള്ള വരുമാനം കെട്ടിടനിർമ്മാണമേഖലയടക്കം എല്ലാ വ്യവസായ, വാണിജ്യ, നിർമ്മാണ മേഖലകളെയും പുരോഗതിയിലേക്ക് നയിക്കുന്നു. ധാതുക്കൾ, ഉപ്പ്, മാംസം, പഴവർഗ്ഗങ്ങൾ, മദ്യം വിശേഷിച്ച് റം, രാസവസ്തുക്കൾ എന്നിവയാണ്‌ പ്രധാന കയറ്റുമതി. വലിയ യന്ത്രങ്ങളും, വാഹനങ്ങളും, പെട്രോളിയം ഉത്പന്നങ്ങളും ആണ്‌ പ്രധാന ഇറക്കുമതി. യു എസ് എ, ജർമ്മനി, ജപ്പാൻ, തെക്കൻ കൊറിയ, വെനസൂല, പോളണ്ട് തുടങ്ങിയ രാജ്യങ്ങളാണ്‌ പ്രധാന വ്യാപാരപങ്കാളികൾ.

ടിവിയിലെ ഹാസ്യപരമ്പരകൾ (TV situation Comedy (SitCom))


Seinfeld
ലോകത്തെല്ലായിടത്തും ഹാസ്യപരമ്പരകൾ ടെലിവിഷൻ പ്രേക്ഷകരുടേ ഇഷ്ടപ്പെട്ട വിനോദവും, പരസ്യക്കാരുടെയും കമ്പനികളുടെയും വലിയ വരുമാനവുമാണ്‌. പൊതുവെ അരമണിക്കൂർ നിണ്ടുനില്ക്കുന്ന ഈ പരിപാടികൾ സംഘർഷഭരിതമായ ജീവിതത്തിന്റെ മാനസിക പിരിമുറുക്കങ്ങൾ അയക്കുന്ന ഔഷധമായി പൊതുജനങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന കാഴ്ച്ച എവിടേയും കാണാം. അമേരിക്കയും അതിൽനിന്നും വ്യത്യസ്തമല്ല. 1940-കളിലാണ്‌ ടിവിയിൽ സിറ്റ്കോമുകൾ പ്രചാരത്തിലാകുന്നത്. ആദ്യകാലഘട്ടത്തിൽ ചിരിയുടെ ട്രാക് (laugh-track)കൂട്ടിചേർക്കുന്ന പതിവുണ്ടായിരുന്നില്ല.

എക്കാലത്തേയും ഹിറ്റുകളായ ഐ ലൗ ലൂസി (I love Lucy), ആന്റിഗ്രിഫിത് ഷോ (The Andy Griffith Show), ബ്രാഡി ബഞ്ച് (The Brady Bunch ), ബ്രിട്ടിഷ് കോമഡിയായ യെസ് മിനിസ്റ്റർ (Yes Minister) തുടങ്ങിയവ പഴയതലമുറക്കാർ ഒരിക്കലും മറക്കുകയില്ല.


The Big Bang Theory

എഴുപതുകളിൽ പ്രസിദ്ധി നേടിയവയവാണ്‌ മാഷും (Mash) ത്രീസ് കമ്പനിയും (Three's Company). അതിൽ “മാഷ്” ചിരിയുടെ ട്രാക്ക് ഉപയോഗിക്കാതെ നിർമ്മിച്ച് വിജയം കണ്ടതാണ്‌. എമ്പതുകളിലും തൊണ്ണൂറുകളിലും കോടികൾ കൊയ്ത പർമ്പരകളാണ്‌ മാരീഡ് വിത്ത് ചിൽഡ്രൻ (Married with Children), ചിയേർസ് (Cheers), സൈൻഫെൽഡ് (Seinfeld), എവരിബഡി ലൗ റെയ്മണ്ട് (Everybody loves Raymond), കോസ്ബി ഷോ (The Cosby Show), സിംസൺസ് തുടങ്ങിയവ. അതിൽ സിംസൺസ് വളരെ ശ്രദ്ധ ആകർഷിച്ച കാർട്ടൂൺ പരമ്പരയാണ്‌. ഇവയെല്ലാം ഇപ്പോഴും പുന:പ്രക്ഷേപണം ചെയ്ത് കോടികൾ സമ്പദിക്കുന്നുമുണ്ട്. രണ്ടായിരത്തിനുശേഷം ചിരിയുടെ ട്രാക്ക് ഉപയോഗിക്കാതെ വിജയം കണ്ടവയാണ്‌ ഓഫീസും (The Office) എക്കാലത്തെയും ഏറ്റവും പണം കൊയ്ത സിറ്റ്കോമായ സൈഫെൽഡിന്റെ സഹ എഴുത്തുംകാരനായ ലാരി ഡേവിഡിന്റെ (Larry David) കർബ് യുവർ എന്തുസിയാസവും (Curb Your Enthusiasm). ഇപ്പോൾ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന ടു ആന്റ് ഹാഫ് മെൻ (Two and Half Men), ബിഗ് ബാങ്ങ് തിയറി (The Big Bang Theory) എന്നിവ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ഏറ്റവും പുതിയ സിറ്റ്കോമുകളാണ്‌. മുൻകാലങ്ങളിൽ ഇന്ത്യൻ വംശജർക്ക് സിറ്റ്കോമുകളിൽ വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാൽ 2000 - ത്തിനുശേഷം മറ്റു മേഖലകളിലെന്നപോലെ ഹാസ്യപരംബരകളിലും ശ്രദ്ധേയമായ് ഇന്ത്യൻ സാന്നിദ്ധ്യമുണ്ട്. ഓഫീസ്, ബിഗ് ബാങ്ങ് തിയറി, റൂൾസ് ഓഫ് എൻഗേജ്മെന്റ് എന്നിവയിൽ ഇന്ത്യൻ വംശജരുടെ പ്രാധാന്യമുള്ള കഥാപത്രങ്ങളുണ്ട്. ഇന്റർനെറ്റിന്റെ അതിപ്രസരത്തിനും, കമ്പനികൾ തമ്മിലുള്ള കടുത്ത് മത്സരത്തിനും ഇടയിൽ സാമുഹിക, രാഷ്ട്രിയ, വ്യക്തിഗത വിഷയങ്ങൾ ചിരിയുടെ മേമ്പൊടി ചേർത്ത് പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ വിജയിക്കുന്ന ടിവി കമ്പനികൾ മറ്റു പരിപാടികളുടെ നഷ്ടം നികത്താൻ സിറ്റ്കോമുകളെ ഉപയോഗിക്കുന്ന കാഴ്ച്ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്.

ഒക്ടോബർ 5, 2010.

*

No comments:

Post a Comment