Sunday, December 5, 2010

അമേരിക്കൻ വിശേഷങ്ങൾ - 14

അമ്പഴയ്ക്കാട്ട് ശങ്കരൻ

വിക്കിലീക്സും ഇരട്ടത്താപ്പും

Julian Assange


അടുത്തക്കാലത്ത് ലോകമാദ്ധ്യമങ്ങളിൽ ഏറ്റവും കുടുതൽ വാർത്താപ്രാധാന്യം ലഭിച്ച വിഷയമാണ്‌ വിക്കിലീക്സിന്റെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള നയന്ത്ര ദൂതുകളുടെ (diplomatic cables) വെളിപ്പെടുത്തൽ. അതിന്റെ വിശദാംശങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്‌. എന്നാൽ പശ്ചാത്യരാജ്യങ്ങൾ, വിശേഷിച്ച് അമേരിക്ക എടുത്ത നിലപാടിന്റെ ഇരട്ടത്താപ്പ് കാണാതെ വയ്യ. കഴിഞ്ഞ മാസം വരെ വിക്കിലീക്സ് പോലെയുള്ള ഇന്റർനെറ്റ് മാധ്യമങ്ങൾ മനുഷ്യാവകാശലംഘനങ്ങളെ തുറന്നുകാട്ടുന്ന രാജ്യസ്നേഹികളായിരുന്നു. പശ്ചാത്യഭരണകൂടങ്ങൾക്ക്. ചൈന, റഷ്യ, ഇറാൻ, വടക്കൻ കൊറിയ, സിംബാവെ, ക്യുബ, വെനിസുല, ചില മധ്യപുർവേഷ്യൻ രാജ്യങ്ങൾ എന്നിവയെക്കുറിച്ചു വന്ന വാർത്തകൾ ഇവർക്ക് ഇന്റർനെറ്റ് യുഗത്തിലെ ആധൂനിക വിവരസാങ്കേതികവിദ്യയുടെ, മനുഷ്യാവകാശത്തിന്റെ മധുരക്കനികളയിരുന്നു. ഒരു മാസം മുമ്പ് വരെ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ഹിലരിയടക്കം പലരും ഇത്തരം മാദ്ധ്യമങ്ങളെ പാടിപുകഴ്ത്തിയതുമാണ്‌. ഇപ്പോൾ അത് തങ്ങളുടെ നേരെ തന്നെ തിരിഞ്ഞുകുത്തിയപ്പോൾ ജൂലിയൻ അസ്സാജ് (Julian Assange) അടക്കമുള്ളവർ രാജ്യദ്രോഹികളായി മാറി. മറ്റെല്ലാമാദ്ധ്യമങ്ങളേയും പോലെ ഇന്റർനെറ്റും ഇന്ന് സ്വാധീനവും പക്വതയുമുള്ള ഒരു മാദ്ധ്യമമാണ്‌. അതുകൊണ്ട് അതിനെ തകർക്കാൻ നോക്കാതെ, തങ്ങളുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ, അതിനെ നേരാംവണ്ണം പ്രതിരോധിക്കുകയാണ്‌ വേണ്ടത്.

നികുതിവിഷയത്തിൽ ഒബാമ കീഴടങ്ങുന്നു

നവംബറിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയം ഒബാമയേയും ഡെമോക്രാറ്റുകളേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്‌. വൈമനസ്യത്തോടെയാണെങ്കിലും, ജൂനിയർ ബുഷിന്റെ ആദ്യനാളുകളിൽ അംഗീകരിച്ച നികുതിയിളവുകൾ, പ്രത്യേകിച്ചും സമ്പന്നരുടെ നികുതിയിളവുകൾ നിലനിർത്തണമെന്ന റിപ്പബ്ലിക്കൻ ശാഠ്യത്തിന്‌ ഒബാമ വഴങ്ങിയിരിക്കുന്നു. ഇടതുപക്ഷ ചായ്‌`വുള്ള ഡെമോക്രാറ്റുകളെ അത്‌ രോഷാകുലരാക്കുകയും ചെയ്തിരിക്കുന്നു. ഇടത്‌ എന്ന്‌ പറയുമ്പോൾ, ഇന്ത്യയിലേയോ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേയോ, ഇടതുപാർട്ടികളുമായോ, എന്തിന്‌ യുറോപ്യൻ ഇടതുപക്ഷ പാർട്ടികളുമായോ പോലും താരത്മ്യം ചെയ്യാൻ കഴിയുകയില്ല. നിലവിലുള്ള മുതലാളിത്തവ്യവസ്ഥിതിയിൽ (Capitalism) നിന്നുകൊണ്ടുതന്നെ എല്ലാ അമേരിക്കർക്കാക്കും നീതിപൂർവമായ ഒരു വ്യവസ്ഥ ഉണ്ടാക്കാൻ കഴിയുമെന്ന്‌ വിശ്വസിക്കുന്ന നവ ലിബറൽ ആശയക്കാരണിവർ. അഞ്ചു ശതമാനത്തിൽ കുറവ്‌ മാത്രം സ്വാധീനമുള്ള സോഷ്യലിസ്റ്റുകാരേയും കമ്മ്യൂണിസ്റ്റുകാരേയും, വലതുപക്ഷവും മാദ്ധ്യമങ്ങളും ഇടതുതീവ്രവാദികളെന്നും, അരാജകവാദികളെന്നും മറ്റുമാണ്‌ വിളിക്കുക. കാലിഫോർണിയായിലും, കണക്റ്റികട്ടിലും, വെർമോണ്ടിലുമാണ്‌ ഈ “ഇടതു തീവ്രവാദികൾക്ക്‌” സ്വാധീനമുള്ളത്‌. വെർമോണ്ടിൽ നിന്നും ജയിച്ച ബേണി സാൻഡേഴ്സ് ({Bernie Sanders}) ആണ്‌ യു എസ് സെനറ്റിലുള്ള ഒരേയൊരു സോഷ്യലിസ്റ്റ് സെനറ്റർ.

Bernie Sanders
നികുതിവിഷയത്തിൽ രണ്ട് മുഖ്യധാര വിശ്വാസങ്ങളാണ്‌ ഇവിടെയുള്ളത്. ഇടത്തരക്കാർക്കും, തൊഴിലാളീകൾക്കും, ദരിദ്രക്കർക്കും നികുതിയിളവുകൾ നല്കുക. കിട്ടുന്ന പണം അപ്പപ്പോൾ തന്നെ ചിലവിടുമെന്നുള്ളതുകൊണ്ട് അത് നിലവിലുള്ള സാമ്പത്തികമാന്ദ്യത്തെ മറികടക്കുനതിന്‌ സഹായിക്കും. അതുപോലെത്തന്നെ വമ്പൻ പണക്കാരെ നികുതിയളവിൽനിന്നും ഒഴിവാക്കുകയോ, വർദ്ധിപ്പിക്കുകയോ ചെയ്യുക. അത് ഫെഡറൽ ഗവന്മെന്റിന്റെ നിലവിലുള്ള ധനകമ്മി നികത്തുന്നതിന്‌ സഹായിക്കും. ഡെമോക്രാറ്റുകൾ പൊതുവെ ഈ നയത്തെ അനുകൂലിക്കുന്നവരാണ്‌. എന്നാൽ പണക്കാരുടെ നികുതികൂട്ടിയാൽ അവർ ഒരിക്കലും പുതിയ സംരംഭങ്ങളിൽ നിക്ഷേപം നടത്തില്ലെന്ന പക്ഷക്കാരാണ്‌ റിപ്പബ്ലിക്കുകൾ. അതുകൊണ്ടുതന്നെ നിലവിലുള്ള 9.8 ശതമാനം തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെങ്കിൽ പണക്കാരുടെ നികുതി കുറക്കണം. ധാരാളം പണം നീക്കിയിരുപ്പുണ്ടായിട്ടും കഴിഞ്ഞരണ്ടു വർഷമായി പുതിയതായി ഒന്നിലും പണമിറക്കാത്തത് (investment) റിപ്പബ്ലിക്ക് പാർട്ടിയെ എന്നും സഹായിക്കുന്ന ജനസഖയുടെ 5% മാത്രം വരുന്ന ഈ വിഭാഗത്തിന്റെ സമർദ്ദ തന്ത്രമാണ്‌. ഈ കാര്യം രണ്ടു പാർട്ടികളും മാധ്യമങ്ങളും, നിലവിലുള്ള മുതലാളിത്തവ്യവസ്ഥിറ്റിയെ തള്ളിപ്പറയാൻ ഇഷ്ടപ്പെടാത്തതുകൊണ്ട്, മറച്ചുപിടിക്കുകയും ചെയ്യുന്നു. ഈ കീഴടങ്ങലിലൂടെ ഒബാമയാണ്‌, അധികാരത്തിലേറിയതിനുശേഷം ആദ്യമായി, നേട്ടം കൊയ്തിരിക്കുന്നത്. രണ്ട്പാർട്ടികളിലേയും ഭൂരിപക്ഷവും ഇതിനെ അനുകൂലിക്കുന്നു എന്നാണ്‌ അതിലാദ്യത്തേത്. 2012 - ഓടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അത് റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ ഉപയോഗിച്ച് ഒരു വട്ടം കൂടി പ്രസിഡണ്ടവുകയും ചെയ്യാം.

കോസ്റ്റ റിക്ക (Costa Rica)


വടക്കൻ ശാന്തസമുദ്രത്തിനും കരീബിയൻ കടലിനുമിടയിൽ പാനമക്കും നിക്വരാഗ്വെക്കും ഇടയിലായി കിടക്കുന്ന രാജ്യമാണ്‌ കോസ്റ്റ റിക്ക. സമ്പന്നമായ തീർദേശം എന്നർത്ഥമുള്ള ഈ രാജ്യത്തിന്‌ നിരവധി വിശേഷണങ്ങളുണ്ട്. ലോകത്തെ പഴയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, പട്ടാളമില്ലാത്ത് രാജ്യം (1949-ൽ ഭരണഘടന ഭേദഗതിയിലൂടെ സൈന്യമില്ലാതായി), ലാറ്റിനമേരിക്കയിൽ മനുഷ്യവികസന സൂചികയിൽ (Human Development Index) ഒന്നാമത്, പരിസ്തിതി വികസന സൂചികയിൽ ( Environmental Performance Index) ലോകത്ത് മൂന്നാമത്, 2021-ഓടെ കാർബൺ വാതക ബഹിർമനത്തിൽ സമതുലിതാവസ്ഥ (Carbon neutrality) നിയമപരമായി കൊണ്ടുവരുന്ന രാജ്യം തുടങ്ങിയ വിശേഷണങ്ങൾ ഈ രാജ്യത്തിന്‌ സ്വന്തമാണ്‌.

പ്രഥമവനിതാ പ്രസിഡന്റ് ലോറ ചിഹ്സില

പതിനാറാം നൂറ്റാണ്ടിലെ ആദ്യപകുതിയിലാണ്‌ സ്പാനിഷുകാർ ഇവിടേക്ക് കുടിയേറ്റം തുടങ്ങുന്നത്. അതേ നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്പാനിഷ് കോളനിയായി. മെക്സിക്കൻ സ്വാതന്ത്രസമര യുദ്ധത്തിൽ (Mexican War of Independence (1810-1821)) സ്പെയ്നികാർ തോറ്റതോടെ നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സ്വതന്ത്രമായ കൂട്ടത്തിൽ കോസ്റ്റ റിക്കയും സ്വതന്ത്രമായി (1821 സെപ്റ്റംബർ 21). 40 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഈ രാജ്യത്തിന്റെ പ്രധാൻ വരുമാനം ടുറിസവും, കാപ്പി, പഴവർഗ്ഗങ്ങൾ, മാംസം, പഞ്ചസാര, മത്സ്യസമ്പത്ത്, ഇലക്ട്രോണിക്സ് എന്നിവയാണ്‌. ശക്തമായ ഭരണഘടനയുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കാണ്‌ കോസ്റ്റ റിക്ക. 94 ശതമാനം സാക്ഷരതയുള്ള ഈ രാജ്യത്തിലെ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം 79 വയസാണ്‌. പ്രധാന മതം ക്രിസ്തുമതമാണെങ്കിലും, വിവിധരാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിന്റെ ഭാഗമായി, ബുദ്ധ, ഹിന്ദു, ജൂത, ബഹായി മതങ്ങളുടെ സജീവ സാന്നിദ്ധ്യം ഇവിടെയുണ്ട്. ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ഇവിടം സസ്യ-മൃഗ-പക്ഷി സമ്പത്തുകൊണ്ട് സമ്പന്നമാണ്‌. എന്തുകൊണ്ടും കേരളത്തെ ഓർമിപ്പിക്കുന്ന രാജ്യമാണ്‌ കോസ്റ്റ റിക്ക.

ചെറുകിട കർഷകവിപണികൾ (Farmer's Market)

ചെറുകിട കർഷകവിപണികൾ ലോകത്തെല്ലായിടത്തും തെരുവോരവില്പനകേന്ദ്രങ്ങളായും മറ്റു രൂപത്തിലും എല്ലാകാലത്തും നിലനിന്നിരുന്നു. അമേരിക്കയും അതിൽ നിന്നും വ്യത്യസ്തമല്ല. എന്നാൽ 1970-കളിലാണ്‌ വൻകിട കോർപ്പറേറ്റ് ഭക്ഷ്യ ഉത്പാദന-വിതരണ ശൃംഖലക്ക് ബദലായി ചെറുകിട കർഷക വിപണികൾ അമേരിക്കയിൽ സജീവമാകുന്നത്. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള ഈ സംരഭത്തിന്‌ അഭൂതപൂർവമായ പ്രോത്സാഹനമാണ്‌ ഉപഭോക്താക്കാളിൽനിന്നും ലഭിച്ചതും ലഭിച്ചുകൊണ്ടിരിക്കുന്നതും. ഇന്ന് ഏകദേശം 5000-ത്തോളം ഇത്തരം കർഷകവിപണികൾ അമേരിക്കയിലുണ്ട്. പ്രാദേശികമായി കർഷകർ ജൈവകൃഷിയിലൂടേയും അല്ലാതെയും ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും, പഴവർഗങ്ങളും കൂടാതെ പൂക്കൾ, തേൻ, കാപ്പി, മാംസം തുടങ്ങിയവയും ഇവർ ഉപഭോക്താക്കൾക്ക് നേരിട്ട് നല്കുന്നു. പഴക്കമില്ലാത്ത, വാടാത്ത (fresh) ഈ ഉത്പന്നങ്ങൾക്ക് പൊതുമാർക്കറ്റിലേക്കാൾ വിലയും കുറവാണ്‌.

*
ഡിസംബർ 5, 2010.

No comments:

Post a Comment