Saturday, May 30, 2020


നവരസങ്ങളുടെ പ്രകൃതിയനുഭവം

അമ്പഴക്കാട്ട് ശങ്കരൻ

നവരസങ്ങൾ എന്തെന്ന് അറിഞ്ഞുകൂടാത്ത മലയാളികൾ വിരളമാവും. ക്ലാസ്സിക് കലകളായ കഥകളി, കൂടിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥക് തുടങ്ങിയ നൃത്ത-നാട്യ രൂപങ്ങളിലെ അനിവാര്യ ഘടകമാണത്. നിത്യജീവിതത്തിൽ മനുഷ്യമുഖത്തിലൂറുന്ന ഭാവങ്ങൾ അതിലൊന്നാവാതെ തരമില്ല. പ്രപഞ്ചത്തിന്റേയും പ്രകൃതിയുടേയും നിഗൂഢവും, പ്രവചിക്കാനാവത്തുതുമായ പ്രതിഭാസങ്ങൾ നവരസത്തനിമയുടെ കണ്ണടയിലൂടെ വീക്ഷിച്ചാൽ എങ്ങിനെയിരിക്കും എന്ന ഒരു അന്വേഷണമാണ്‌ ഇവിടെ നടത്തുന്നത്.

ശൃംഗാരം

അനുരാഗവും രതിയുമാണ്‌ ശൃംഗാരത്തിന്റെ സ്ഥായിഭാവം. കടലും, കരയും, നദിയും, തീരവും പ്രകൃതിയിൽ പ്രണയത്തിന്റ്  മൂർത്തിമത്‌ഭാവങ്ങളാണ്‌. പർവതശൃംഗങ്ങളിൽനിന്നും കളകളം ശബ്ദം വിതറി കാറ്റിനോട് കുസൃതി ചൊല്ലി പ്രഭാത സൂര്യകിരണങ്ങളേറ്റ് ഒഴുകുന്ന നദിയുടെ ശോഭ ഒന്ന് വേറെ തന്നെയാണ്‌. കാന്തിയൂറുന്ന നദിയുടെ അഴക് സ്വപ്നത്തിലെന്ന പോലെ നിർന്നിമേഷം കടൽ നോക്കി നില്ക്കുന്നു. നദിയുടെ  ദീപ്തിയേറും മുഖം, മാധുര്യം നുണയും വാക്കുകൾ സധൈര്യം പ്രാഗല്ഭ്യത്തോടെ കടൽ ആസ്വദിക്കുകയാണ്‌. നദിയുടെ ഔദാര്യം കടലിനെ കൂടുതൽ ആവേശഭരിതമാക്കുന്നു. മലയിടുക്കും, പാറക്കെട്ടുകളും താണ്ടി ഗർത്തങ്ങളിൽ ആഞ്ഞ്പതിച്ച് വെള്ളചാട്ടങ്ങളിൽ മഴവിൽ വിരിച്ച് അതങ്ങിനെ ഒഴുകുകയാണ്‌. പ്രണയാതുരത്തോടെ കടൽ, സംഗമത്തിനു വേണ്ടി ക്ഷമയോടെ കാത്ത് നിൽക്കുന്നു. മദാനുരാഗഹർഷവായ്പോടെ വിഭ്രമം വരും വിധ ഉള്ള ലീലാവിലാസങ്ങൾ ഔന്നത്യം നേടുന്നു. ഒടുവിൽ ഭാവ ഹാവ ഹേലങ്ങളോടേ നദി കടലിൽ ലയിച്ച് കായലിന്റെ ശാന്തത കൈവരിക്കുന്നു.

കരുണം

കടുത്ത വേനൽ ചൂടിൽ വരണ്ട് വിണ്ട് ഭൂമി ശോകത്തിലമർന്നിരിക്കുന്നു. വിണ്ട്കീറിയ പാദങ്ങളും പുണ്ണ്‌ പിടിച്ച വിരലുകളുമായി കർഷകൻ കൈകൾ കൊണ്ട് കൺ മറച്ച് ആകാശത്തിലേക്ക് ദയനീയമായി നോക്കി. വാനിൽ ഒറ്റ മേഘങ്ങളുമില്ല. കാരുണ്യം വറ്റിയ പ്രപഞ്ചത്തിന്റെ ശക്തിയെ പഴിക്കാൻ ശക്തിയില്ലാതെ എല്ലുന്തിയ കുഞ്ഞുങ്ങളെ ഓർത്ത് അവൻ കണ്ണീരൊഴുക്കി. വേനൽ വറുതിയിൽ കാലിയായ പത്താഴം എലികളും ക്ഷുദ്രജീവികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രതീക്ഷയസ്തമിച്ച് ഗദ്ഗദത്തോടെ തന്റെ നിഴൽ നോക്കി അയാൾ നടക്കാൻ തുടങ്ങി. ഉരൂണ്ടുകൂടിയ കറുത്ത മേഘങ്ങളെ അയാൾ കണ്ടില്ല. കാറ്റ് കൊണ്ട് വന്ന കനിവിന്റെ ആരവത്തിനെ ശ്രദ്ധിക്കാൻ അയാൾക്ക് തോന്നിയില്ല. തിരക്കിട്ട് വന്ന ഇടിയും മിന്നലും അയാളുടെ നെടുവിർപ്പുകളെ ഉലച്ചു. ഒരു കുടം തുള്ളിയായി കാരുണ്യവർഷം കണ്ണീരായി ഭൂമിയിൽ പതിച്ചു.

വീരം

പാറ കൂട്ടങ്ങളും വനങ്ങളും വന്യ മൃഗങ്ങളും നിറഞ്ഞ പർവതങ്ങൾ ഉത്സാഹതിമിർപ്പോടെ തലയുയർത്തി നിന്നു. പരാക്രമിയായി കൊടുങ്കാറ്റിനെ പ്രഭാവത്തോടെ തടഞ്ഞ് നിർത്തി. തീഷ്ണ നോട്ടത്തോടെ ഗർവ് നിറഞ്ഞ ഉഗ്രജീവികളെ മെരുക്കിയെടുത്തു. പീഡിതജീവികളെ വിനയപൂർവം സംരക്ഷിച്ചു. കരളുറപ്പിന്റെ പര്യായമായ ഗിരിശൃംഗങ്ങളിൽ കൊടിയടയാളമായ ചന്ദ്രക്കലയുടെ അർദ്ധപ്രകാശം താഴ്വാരങ്ങളെ വിനയാന്വിതമാക്കി. കർണ്ണന്റെ കൂസലില്ലായ്മയും, അർജുനന്റെ പ്രതാപവും, ഭീമന്റെ ശക്തിയും, ദു;ര്യോധനന്റെ ഗർവ്വും മലയിടുക്കുകളെ പ്രകമ്പനം കൊള്ളിച്ചു. മേഘങ്ങൾ മാലാഖമാരായി കുലപർവതങ്ങൾക്ക് ചുറ്റും നൃത്തം ചിവിട്ടി.

രൗദ്രം

ഏഴു കടലുകളും ഏഴു രൗദ്രഭീമന്മാരാണ്‌. വായുവിനോടൊപ്പം ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ജീവനായി വർത്തിക്കുന്ന ജലത്തിന്റെ കലവറ. സ്നേഹിച്ചാൽ അവൻ പ്രിയതമക്ക് സൗഗന്ധികം സമ്മാനിക്കും. ക്രോധാവേശത്തിൽ ദു:ശ്ശാസനന്റെ മാറിടം പിളർക്കും. ഉദയാസ്തമനത്തിന്റെ ചാരുത മഴവില്ലായി ആകാശത്തിൽ പരക്കും. ആർത്തട്ടഹസിക്കുന്ന ദുര്യോധനനായി തിരമാലകൾകൊണ്ട് പർവതങ്ങൾ സൃഷ്ടിച്ച് ഗർവ്വും അമർഷവും അമ്മാനമാടും. സായന്തനങ്ങളിൽ ജലകന്യകകളെ സ്നേഹവായ്പോടെ തലോടും. യാമങ്ങളിൽ ചുഴികൾ തീർത്ത് പാതാളത്തിലേക്ക് ചുഴറ്റിയെറിയും. ചില നേരങ്ങളിൽ ശാന്തമായുറങ്ങും. മറ്റു സമയങ്ങളിൽ ഇടിമുഴക്കമായി ഉഗ്രതപൂണ്ട് കൂസ്സലില്ലാതെ ഉയർന്നുപൊങ്ങുന്ന തിരമാലകൾ തീർക്കും.  രൗദ്രം കാരുണ്യത്തിന്റെ വിപരീതമല്ല പര്യായമാണെന്ന് പ്രപഞ്ചമറിയും.

ഹാസ്യം

വാനരിൽ നിന്നും നരനിലേക്ക് ഏറെ ദൂരമില്ല. പക്ഷെ വാനരർ മനുഷ്യ വംശത്തിന്‌ ഹാസ്യത്തിന്റെ സ്ഥായിഭാവമായ ഹാസം സമ്മാനിച്ചതിന്‌ വലിയ തെളിവുകളും പങ്കുമുണ്ട്. പഴം എറിഞ്ഞ് കൊടുക്കുന്ന കുട്ടികൾക്ക് പഴം തിന്ന് തൊലി തിരിച്ചെറിഞ്ഞ്
അവ ചിരിക്കുടുക്കകൾക്കളിൽ സ്മിതം ഉണർത്തുന്നു. മരച്ചില്ലക്കളിൽ തൂങ്ങിനിന്ന് ഉഞ്ഞാലാടി, ഒരു കൊമ്പിൽനിന്ന് മറ്റൊന്നിലേക്ക് ചാടി, കാട്ടിയത് തിരിച്ച് കാട്ടി, ഒളിച്ച് കളിച്ച് ഹസിതത്തിന്റെ തിരമാല തീർക്കുന്നു. ആലസ്യ-നിദ്രാ ഭാവങ്ങൾ അഭിനയിച്ച് കുട്ടികളിൽ അസൂയ ജനിപ്പിക്കുന്നു. അപഹസിത ചേഷ്ടകൾ കാട്ടി നാനതരം ജനങ്ങളെ അതിഹസിതവാനത്തിലേക്ക് ഉയർത്തി ഹാസ്യസമ്രാട്ടായി പരിലസിക്കുന്നു.

ഭയാനകം

കഞ്ഞി കർക്കിടകം. താളും ചേമ്പും കാട്ടുകിഴങ്ങുകളും മാത്രം കറിവെക്കൻ കിട്ടുന്ന കാലം. മുത്തശ്ശി കഥകളിൽ മാത്രമെ ഇന്നുള്ളവർക്ക് 99-ലെ (കൊല്ലവർഷം 1099 കർക്കിടകമാസം) ഭയാനക വെള്ളപ്പൊക്കത്തെ കുറിച്ച് കേട്ടറിവുള്ളു. കേട്ടറിവുകൾ കഥ കേൾക്കുമ്പോലെ രസിച്ചിരിക്കാം.  93-ലെ (കൊല്ലവർഷം 1193 കർക്കിടകമാസം) വെള്ളപ്പൊക്കം ഇന്നത്തെ തലമുറ അനുഭവിച്ച് അറിഞ്ഞതാണ്‌. ഭയാനകത്തിന്റെ സ്ഥായിഭാവം ആത്മഭയമാണ്‌. നട്ടപ്പാതിരക്ക് എന്തോ ശങ്ക മനസ്സിൽ തോന്നി എമർജൻസി ലാറ്റെടുത്ത് അയാൾ കിടപ്പുമുറിയിൽ ജനൽതുറന്ന് പുറത്തേക്ക് നോക്കി. മുറ്റത്തും തൊടിയിലും ജലമുയരുന്നു. ഭാര്യവിളിച്ച് കാണിച്ചപ്പോൾ അവൾ “അയ്യോ നമ്മുടെ പശു എന്നലറി. വതിൽ തുറന്ന് നോക്കിയപ്പോൾ മുറ്റമാകെ വെള്ളം. അയലക്കാർ അഴിച്ച് വിട്ട കാലികൾക്കൊപ്പം അവളും  ദൈന്യതയോടെ റോഡിലും പറമ്പിലും അലയുന്നു. ഒഴുക്കിന്റെ ആവേഗം കൂടിക്കൂടി വരുന്നു. പ്രായമായ അച്ഛനേയും ഭാര്യയേയും കുട്ടികളേയും പുരപ്പുറത്ത് അയാൾ കയറ്റിയിരുത്തി. ഭാര്യയുടെ അലറികരച്ചിൽ നിയന്ത്രിക്കാൻ അയാൾ പാടുപെട്ടു. സ്വന്തം ഹൃദയമിടിപ്പ് കുടിക്കൂടി വരുന്നത് അയാൾ കേട്ടു. കുട്ടികളുടെ ചപലത അയാളുടെ ഹൃദയമറിഞ്ഞു. ഇരുട്ടിൽ തെങ്ങിൽ തലകളും കുത്തിയൊലിക്കുന്ന ജലവും മാത്രം. ഭക്ഷണത്തിന്‌ കരിക്കിൻ വെള്ളവും നാളികേരവും മാത്രം. നാലാം നാൾ അച്ഛന്റെ തണുത്തു മരവിച്ച ജഡവുമായി അയാൾ മുറ്റത്തിറങ്ങി. അതുവരെ കരയാതിരുന്ന അയാൾ അലറിക്കരഞ്ഞു. കേരളത്തിലെ ഭൂരിഭാഗം കുടുംബത്തിനും ഇതുപോലൊരു ഭയാനക അനുഭവം പറയനുണ്ടാകും. വിശ്വപ്രകൃതി വിശ്വരൂപം കാട്ടിയ അനുഭവം.

ബീഭത്സം

ലോക ചരിത്രത്തിൽ മഹാവ്യാധികളുടെ ചരിത്രവും അതിനെ തുടർന്നുണ്ടായ മരണവും എടുത്താൽ ഏറ്റവും ബീഭത്സമായത് സ്പാനിഷ് ഫ്ലു എന്നറിയപ്പെടുന്ന 1918-20 കാലത്ത് പകർച്ചപ്പനിയാണ്‌. 5 കോടിയോളം വരുന്ന ജനത അതിന്റെ ഫലമായി മരണപ്പെട്ടുവെന്നാണ്‌ കണക്കാക്കുന്നത്. വസൂരിയും (smallpox), പൊങ്ങൻ പനിയും (chickenpx), എയ്ഡ്സും (HIV Positive) ഒമ്ന്നു അത്രത്തോളം വരികയില്ല. ഭീതിജനകവും ജുഗുപ്സാവഹവുമായ മഹാവ്യാധികളാണിവയെല്ലാം. വിശ്വാസികൾക്ക് കോപത്തോടെ ദൈവമെറിയുന്ന വിഷ വിത്തുക്കളാണവ. ഈ കോറോണ കാലത്ത് ഭീതിജനകമായ ഭൂതകാലത്തേക്ക് ഒന്ന് കണ്ണോടിച്ചിവെന്ന് മാത്രം. കോവിഡ്-19 ഏറെ പിടിച്ചുലക്കിയ നഗരമാണ്‌ ന്യുയോർക്ക്. സംസ്ക്കരിക്കാനാവതെ വലിയ ട്രക്കുകളിൽ കൂട്ടിയിട്ട ശവക്കുമ്പാരങ്ങൾ വേദനാജനകവും കരളലിയിക്കുന്നതുമാണ്‌. ജനങ്ങളിൽ അപസ്മാരം, ഉദ്വേഗം, മോഹം, മരണം എന്നീ ബീഭത്സഭാവങ്ങൾ ഉണ്ടാക്കുന്ന ഈ മഹാവ്യാധികൾ ഒരിക്കലും ഈ ഭൂമുഖത്ത് ഉണ്ടാവതിരിക്കാൻ ആഗ്രഹിക്കുക മാത്രമെ നിവർത്തിയുള്ളു.

അത്ഭുതം

പ്രകൃതിദത്തമായ മഹാത്ഭുതങ്ങൾ എല്ലാവർക്കും രോമാഞ്ചജനകമാണ്‌. ഹിമാലയവും, ഗ്രാന്റ് കാനിയനും, നയാഗ്ര-വിക്ടോറിയ വെള്ളച്ചാട്ടങ്ങളും, കടൽത്തീരങ്ങളുമെല്ലാം ഉന്മാദമുണ്ടാക്കുന്ന കാഴ്ച്ചകളാണ്‌. തിരമാലകളുടെ ആവേഗം, മഹാഗർത്തങ്ങൾ ഉണ്ടാക്കുന്ന സംഭ്രമം, ചക്രവാളം ഉണ്ടാക്കുന്ന പ്രഹർഷം, ഗിരിശൃംഗങ്ങൾ ഉണ്ടാക്കുന്ന ചപലത മുതലായവ അത്ഭുതത്തിന്റെ സഞ്ചാരിഭാവങ്ങളാണ്‌. അത്ഭുതം ചിലപ്പോൾ ജഡവാസ്ഥ സമ്മാനിക്കുന്നത് നമുക്കെല്ലാം അനുഭവമുള്ളതാണ്‌. പ്രകൃതിയിലെ അത്ഭുതക്കാഴ്ച്ചകൾ കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും വിസ്മയവും ദിവ്യദർശനത്തിന്റെ അനുഭൂതിയും പ്രാപ്യമാക്കുന്നു.

ശാന്തം

അഷ്ടരസങ്ങളാണത്രെ പണ്ട് ഉണ്ടായിരുന്നത്. ശാന്തം പിന്നീട് കൂട്ടിചേർക്കപ്പെട്ടതത്രെ! എല്ലാ ഇന്ദ്രിയങ്ങളേയും അടക്കം ചെയ്യാൻ കഴിയുമ്പോഴാണ്‌ ശാന്തത കൈവരുന്നത്. ലോകാവസാനത്തിൽ ശിശുവായി മഹാവിഷ്ണു വിശാലമയ ജലപരപ്പിൽ  ആലിലയിൽ ശാന്തമായി കൈവിരലുകൾ കുടിച്ച് കിടക്കുന്ന അതിമനോഹരമായ ഒരു സങ്കല്പചിത്രമുണ്ട്. തത്ത്വജ്ഞാനമാണ്‌ ശാന്തത്തിന്റെ സ്ഥായിഭാവം. നിർവ്വേദം അഥവ വിരക്തിയാണതിന്റെ സഞ്ചാരി ഭാവം. പർവതനിരകളും, കാടുകളും, ഗുഹകളും ഏകാഗ്രതക്ക് ഉതുകുന്ന മോക്ഷദായക പ്രദേശങ്ങളാണ്‌.   മഹാഭാരത യുദ്ധത്തിനുശേഷം ധർമ്മപുത്രരുടെ മഹാപ്രസ്ഥാനം ശാന്തി തേടിയുള്ളതാണ്‌. ശാന്തി തേടിയുള്ള മനുഷ്യകുലത്തിന്റെ യാത്രകൾ പലപ്പോഴും അവനിൽ അന്തർലീനമായ ദയയേയും, ഭക്തിയേയും, സ്തുതിയേയും ഉദ്ദീപിപ്പിക്കുന്നു. രാഗദ്വേഷങ്ങളില്ലാത്ത ‘ശാന്ത’-ത്തെ ഉൾപ്പെടുത്തി രസങ്ങൾ ‘നവമായിത്തിർത്തവർക്ക് പ്രണാമം.

നവരസചിന്തകൾ ഇവിടെ അവസാനിപ്പിക്കുകയാണ്‌. പ്രപഞ്ചവും ഭൂമിപ്രകൃതിയും മനുഷ്യകുലത്തിനായി നവരസഭാവങ്ങൾ അനുസ്യൂതം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയിലേക്ക് എപ്പോഴും കണ്ണും നട്ടിരിക്കുക, ഓരോ ചലങ്ങളും സൂക്ഷമതയോടെ പഠിക്കുക,  അതിനെ സ്നേഹിക്കുക, അതിനെ വേദനിപ്പിക്കാതിരിക്കാൻ കഴിയുവാന്നത്ര ശ്രമിക്കുക, അതിന്റെ ആന്തരിക ശക്തിയെ പ്രണമിക്കുക വഴി സ്വയം മനുഷ്യനായി തീരുക എന്നിവയാകട്ടെ ഈ വ്യാധി കലത്തിനുശേഷവും നമ്മുടെയെല്ലാം  ലക്ഷ്യവും പരിശ്രമവും.

വാൽക്കഷ്ണം

കോവിഡാനന്തരകലം. നവജാതശിശുവുമായി അമ്മ ഡോക്ടറൂടെ മുറിയിലെത്തി. എല്ലാ പരിശോധനയും കഴിഞ്ഞ് ഡോക്ടർ പറഞ്ഞു. ഒരു ഇഞ്ചക്ഷനും കൂടി എടുക്കാനുണ്ട്, കോവിഡിന്റെ. കുഞ്ഞ് അലറി കരയുമെന്നറിയാം. എന്നാലും ആ അമ്മയുടെ മുഖത്ത് ശാന്തത തെളിഞ്ഞു. മുറിയിൽനിന്നും പുറത്തേക്ക് പോകുന്ന ഡോക്ടർക്ക് അമ്മ നന്ദി പറഞ്ഞു. കുട്ടി ജീവിതത്തിൽ നേരിടാനിരിക്കുന്ന നവരസങ്ങളുടെ പ്രകൃതിയനുഭവത്തെക്കുറിച്ച് ആ അമ്മ ഓർത്തതേയില്ല.

*****

No comments:

Post a Comment