Wednesday, November 9, 2016

ഗോറിന്റെ ശാപവും ബേണിയുടെ ഭൂതവും

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എല്ലായ്പോഴും ലോകശ്രദ്ധ പിടിച്ചു പറ്റാറുള്ളതാണ്‌. വലിയ സാമ്പതതിക ശക്തി, സൈനീക ശക്തി, അമേരിക്കൻ മാധ്യമങ്ങളുടെ ലോക വ്യാപ്തി തുടങ്ങി വിവിധ കാരണങ്ങൾ അതിനുണ്ട്. എന്നാൽ ഇത്തവണത്തെ പ്രത്യേകത മുൻ രാഷ്ട്രീയ പരിചയമില്ലാത്ത, പട്ടാളക്കാരനല്ലാത്ത ഒരു ബിസിനസ്സുകാരൻ എല്ലാ മുൻവിധികളും തകർത്ത് അമേരിക്കൻ പ്രസിഡണ്ടായിത്തീർന്നു എന്നുള്ളതാണ്‌.

പൊതുവെ അമേരിക്കൻ ജനതയുടെ ഭൂരിപക്ഷവും, വികസിത രാജ്യങ്ങളിലെ ഭരണവർഗങ്ങളും,  മാധ്യമങ്ങളേയും അവയുടെ സർവേകളേയും വിശ്വസിച്ച് ഹിലരി വിജയിക്കുമെന്നാണ്‌ വിചാരിച്ചത്. എന്തുകൊണ്ടാണ്‌ ഇവർക്കെല്ലാം ട്രമ്പും റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗവും, ഇടതുപക്ഷ സഹയാത്രികനും ഡൊക്യുമെന്ററി നിർമ്മാതാവുമായ  മൈക്കിൽ മോറടക്കം പല ഇടതു-പുരോഗമനവാദികളും തുടർച്ചയായി മുന്നറിയിപ്പ് നല്കിയ അടിയൊഴുക്കുകൾ കാണാൻ കഴിയാതിരുന്നത്. അവിടെയാണ്‌ ആധൂനിക ലിബറലിസത്തിന്റെ പുറം മോടികളും ജാടകളും ചർച്ചയാക്കേണ്ടത്. വോട്ട് കിട്ടുന്നതിനു വേണ്ടി പുരോഗമനവാദികളാണെന്ന് നടിക്കുകയും കാര്യം വരുമ്പോൾ കോർപ്പറേറ്റ് താല്പര്യങ്ങളുടെ കൂടെ കിടക്കുകയും ചെയ്യുന്നത്, വോട്ടർമാർ പകൽ വെളിച്ചം പോലെ കാണുന്നുണ്ടെന്ന് ഈ കൂട്ടർ അറിയുന്നില്ല.

സമാനമായ തെരഞ്ഞെടുപ്പ് ഫലങ്ങൾ നാം ഇന്ത്യയിൽ കണ്ടതാണ്‌. ഒരു ഉളുപ്പുമില്ലാതെ തീവ്ര ഹിന്ദുത്വത്തിന്റെ ശക്തി മോഡി നമുക്ക് കാണിച്ചു തന്നതാണ്‌. ഒരു താരതമ്യം എന്ന് നിലയിൽ ട്രമ്പ് മോഡിയും, ഹിലരി സോണിയയും ആണെന്ന് പറയാം. ഡൊമൊക്രാറ്റുകളുടെ പ്രാഥമിക തെരഞ്ഞുടുപ്പ് മത്സര വേളയിൽ ബേണി സാൻഡേഴ്സ് ഹിലരിയുടെ, ഭൂരിപക്ഷം ഡെമോക്രാറ്റുകളുടെ ഈ കാപട്യം വിളിച്ച് പറഞ്ഞതാണ്‌. സംഘശക്തികൊണ്ടും, പണം കൊണ്ടും അതിനെ മറികടക്കാൻ അന്നവർക്ക് കഴിഞ്ഞു. സോഷ്യലിസത്തിന്റെ ആ “ഭൂതം” പൊതു തെരഞ്ഞെടുപ്പിൽ വിനയാകുമെന്ന് അറിയാനുള്ള അകകണ്ണ്‌ ഹിലരിക്കോ മാധ്യമങ്ങൾക്കോ ഇല്ലാതെ പോയി. ഈമെയിലിന്റെ കാര്യത്തിൽ ബേണി ഹിലരിക്ക് മാപ്പ് കൊടുത്തെങ്കിലും കോർപ്പറേറ്റ് കൂട്ടികൊടുപ്പിന്റെ കാര്യത്തിൽ ബേണി ഹിലരിക്ക് മാപ്പു കൊടുത്തതേയില്ല. അങ്ങിനെ ഹിലരിക്ക്  മൂടിവെക്കലുകളുടെ ആദ്യത്തെ വടു വീണു.

എന്തെങ്കിലും സൈദ്ധാന്തിക പിൻബലമോ, സമഗ്രമായ ഒരു നയമൊ ഇല്ലാത്ത് ഒരു വ്യക്തിയാണ്‌ ട്രമ്പ്. ജയിക്കുക മാത്രമാണ്‌ ലക്ഷ്യം. അതിനുവേണ്ടി ഏതറ്റം വരെയും പോകും. റിപ്പബ്ലിക്കൻ പ്രാഥമിക തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്‌. വ്യക്തിപരമായ അധിക്ഷേപം, റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭുരിപക്ഷത്തെ കൂടെ നിർത്തുന്നതിനു വേണ്ടി മെക്സിക്കൻ-മുസ്ലീംവിഭാഗങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കൽ, എല്ലാ രാഷ്ട്രീയക്കാരും കഴിവ് കെട്ടവരെന്ന പ്രഖ്യാപനം എന്നിവ അതിൽ ചിലതാണ്‌. പക്ഷെ ഈ തന്ത്രം പൊതു തെരഞ്ഞടുപ്പിൽ ചിലവാകുമെന്ന് ഹിലരിയുടെ ഉപദേശകരോ, മധ്യമങ്ങളൊ, റിപ്പബ്ലിക്കൻ പാർട്ടി തന്നെയോ കരുതിയിരിക്കില്ല.

തന്റെ ബിസ്സിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കന്നതിന്‌ ഭരണവർഗത്തെ പ്രീണിപ്പിക്കുക ട്രമ്പിന്റെ തന്ത്രമായിരുന്നു. ആ തന്ത്രത്തിന്റെ മറ്റൊരു മുഖമാണ്‌ വോട്ടർമാരെ പ്രീണിപ്പുക്കുന്നതിൽ നാം കണ്ടത്. അവരുടെ വ്യവസ്ഥിതിയോടുള്ള പ്രതിഷേധത്തെ,  നിസ്സഹായതയെ, രണ്ടു പാർട്ടികളിലേയും പ്രമാണിവർഗ്ഗത്തോടുള്ള ശത്രുതയെ എല്ലാം തെരഞ്ഞെടുപ്പ് കാലത്ത് ജ്വലിപ്പിച്ച് നിർത്തുന്നതിൽ ട്രമ്പ് കാണിച്ച് അപാര വൈദഗ്ദ്യം, കൂടുതൽ ദുർബുദ്ധി (crooked) ഹിലരിയല്ല, ട്രമ്പാണ്‌ എന്ന് തെളിയിച്ചിരിക്കുന്നു. ഇമെയിൽ കേസിൽ ഹിലരിയെ ജയിലിൽ അടക്കണമെന്ന (lock her up) റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെയും ആഗ്രഹം ഊതികത്തിക്കുന്നതിൽ വിജയിച്ച് ട്രമ്പ്, ഹിലരിയുടെ സത്യസന്ധതയില്ലായ്മയുടെ രണ്ടാമത്തെ വടു വീഴ്ത്തി.
തങ്ങളുടെ രാഷ്ട്രം മറ്റേതൊരു രാജ്യത്തേക്കാൾ വിശിഷ്ടമാണ്‌ (exceptional) എന്നാണ്‌ മഹാഭുരിപക്ഷം അമേരിക്കക്കാരും കരുതുന്നത്. ഇന്ത്യയും, ശ്രീങ്കയും, പാക്കിസ്താനും, ബംഗ്ലാദേശും അടക്കം ലോകത്തെ നിരവധി രാജ്യങ്ങളിൽ വനിതാ ഭരണാധികാരികൾ ഉണ്ടായിട്ടും നമുക്കൊന്ന് ഉണ്ടായില്ലല്ലൊ എന്ന് വിലപിക്കുന്ന ഉദാരചിത്തരായ (liberal) ആളുകൾക്ക് ഏറ്റ ഒരു വലിയ പ്രഹരമായിപ്പോയി തെരഞ്ഞെടുപ്പു ഫലം. മാത്രമല്ല ഇത്രയേറെ സ്ത്രീകളെ അവമതിച്ച ഒരാൾ അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അതിനെ മറികടക്കുന്നതിൽ, ഹിലരിയുടേതല്ലാത്ത് കുറ്റത്തിന്‌ മൂന്നാമത്തെ വട് തീർക്കുന്നതിൽ,  ട്രമ്പ് ഉപയോഗിച്ച അത്ഭുതപ്പെടുത്തുന്ന പ്രാവിണ്യം ചർച്ച് ചെയ്യാതെ പോയാൽ ഈ തെരഞ്ഞെടുപ്പ് വിശകലനം പൂർണ്ണമാകില്ല.

ബിൽ ക്ലിന്റന്റെ ജീവതത്തിലെ എല്ലാ ദാമ്പത്യേതര ബന്ധങ്ങളും ഹിലരിക്കെതിരായി ട്രമ്പ് അണിനിരത്തി. ബില്ലിനെ സംരക്ഷിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയതടക്കം ഹിലരിയുടെ ചെയ്തികളെ ട്രമ്പ് ഒരിക്കൽ കൂടി ജനങ്ങളെ ഓർമിപ്പിച്ചു. ഹിലരിയുടെ പ്രധാന സഹായിയും സന്തത സഹചാരിയും ആയ ഉമ അബദീൻ (Huma Abedin) -ന്റെ  മുൻഭർത്താവിന്റെ (Anthony Weiner) ലീലാവിലാസങ്ങൾ കൂടി തന്നെ പിന്തുണക്കന്നവർക്ക് എറിഞ്ഞു കൊടുത്താൽ തന്റെ സ്ത്രീവിരുദ്ധ ചെയ്തികൾ അതിൽ മുങ്ങിപ്പോകുമെന്ന് ട്രമ്പ് മുൻ കൂട്ടി കണ്ടു. അതു ഹിലരിയുടെ പ്രസിഡണ്ട് സ്വപ്നങ്ങളീൽ മൂന്നാമത്തെ വടുവീഴ്ത്തി. ബിൽ ക്ലിന്റന്റെ ഭരണത്തിന്റെ അവസാന നാളുകളിൽ വൈറ്റ് ഹൗസ് ഒരു മോഹനഗേഹമാക്കിയത് (brothel) അൽ ഗോറിന്റെ പരാജത്തിന്‌ ഒരു കാരണമായിരുന്നു. ഗോറിന്റെ ശാപം വ്യക്തിപരമായി വലിയ തെറ്റൊന്നും ചെയ്യാത്ത ഹിലരിയുടെ തീരാശാപമായി തീർന്നെന്ന് കരുതേണ്ടിയിരിക്കുന്നു.

ഇത്രയേറും സമ്പത്തും വികസനവും ഉണ്ടെങ്കിലും അമേരിക്കൻ ജനതയുടെ ഭൂരിഭാഗവും രാഷ്ട്രീയ വിദ്യഭ്യാസമുള്ളവരാണെന്ന് കരുതാൻ കഴിയില്ല. വലിയ തോതിലുള്ള ജീവിതനിലവാരം അവരെ അതിനു വിമുഖരാക്കുകയും ചെയ്യുന്നു. സമ്പദ് വ്യവസ്ഥിതിയിൽ സർക്കാരിന്റെ പങ്കു തുലോം ചെറുതുമാണ്‌. ആരു വന്നാലും കാര്യങ്ങളിൽ വലിയ മാറ്റം പ്രതീക്ഷിക്കാത്ത ഒരു വലിയ വിഭാഗം വോട്ടു ചെയ്യാറുമില്ല. ഒബാമക്ക് കിട്ടിയ വോട്ടുകളിൽ പലതും ഹിലരിക്ക് കിട്ടാതിരുന്നത് പരാജയത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയായി തീർന്നു. അങ്ങിനെ ക്ലിന്റൻ യുഗം അവസാനിക്കുകയാണോ, അതോ ചെൽസിയിലൂടെ പുനരവതരിക്കുമോ? കാത്തിരുന്ന് കാണാം.

*

No comments:

Post a Comment