Wednesday, October 28, 2009

മുതലാളിത്തം - ഒരു പ്രണയകഥ

അമ്പഴയ്ക്കാട്ട് ശങ്കരൻ



ജനപക്ഷത്തുനിന്നുകൊണ്ട്‌ ഗൗരവമേറിയ വിഷയങ്ങളും ആക്ഷേപഹാസ്യവും കൂട്ടികലർത്തി സിനിമയെടുക്കുകയും അവ സാമ്പത്തികമായി വൻവിജയമാക്കിത്തീർക്കുകയും ചെയ്യുന്നതിൽ കഴിവ്‌ തെളിയിച്ച ആളാണ്‌ മൈക്കിൾ മോർ (Michael Moore ). തന്റെ സ്വന്തം നാടായ മിഷിഗൻ (Michigan) സംസ്ഥാനത്തെ ഫ്ലിന്റിൽ ജനറൽ മോട്ടോർസ്‌ (General Motors)എന്ന കാർക്കമ്പനി അവിടത്തെ ഫാക്ടറി പുട്ടി മുപ്പതിനായരത്തിൽപരം തൊഴിലാളികളെ അനാഥമാക്കിയ കഥ പറയുന്ന റോജറും (General Motors CEO Roger Smith's ) ഞാനും (Roger and Me (1989)) എന്ന ആദ്യ സംരംഭത്തിന്‌ ഇരുപതു വർഷത്തിന്‌ ശേഷം വെറുക്കപ്പെട്ട അമേരിക്കൻ മുതലാളിത്ത വ്യവസ്ഥിതിയും അത്‌ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന വൻ ദുരന്തങ്ങളും ചിത്രീകരിക്കുകയാണ്‌ മുതലളിത്തം: ഒരു പ്രണയകഥ (Capitalism: A Love Story) എന്ന് ഈ ചിത്രത്തിൽ. അമേരിക്കയിൽ 2001 സെപ്റ്റെംബർ 11 ന്‌ ഉണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്നത്തെ പ്രസിഡന്റ്‌ ബുഷിന്റെ ലോകമെമ്പാടുമുള്ള തിവ്രവാദികൾക്കെതിരായ യുദ്ധത്തിന്റെ ഉള്ളറകളിലേക്ക്‌ വെളിച്ചം വീശുന്ന "ഉഷ്ണമാപിനി സെപ്റ്റമ്പർ 11" (Fahrenheit 9/11(2004)), അമേരിക്കൻ ആരോഗ്യ രംഗത്തെ വിലയിരുത്തുന്ന "രോഗി" (Sicko (2007)) എന്നിവയാണ്‌ മൂറിന്റെ മറ്റു ചിത്രങ്ങൾ.


ഇവിടെ കഥാചിത്രങ്ങൾപോലും ഒന്നര മണിക്കുറിൽ ഒതുക്കുന്ന ഇക്കാലത്ത്‌ ഒരു ഡോക്യുമന്ററി രണ്ട്‌ മണിക്കൂർ നീണ്ടതായാൽ ഉണ്ടാകാവുന്ന വിരസത ഒട്ടും അനുഭവപ്പെടാത്ത ചിത്രമാണിത്‌. അതിനുകാരണം മൂറിന്റെ അതിലാളിതമായ ശൈലിയും ചടുലമായി (montage) നീങ്ങുന്ന ദൃശ്യങ്ങളാണ്‌ (Images). അതിലൊന്ന് വർത്തമാനകലത്തെ സാമ്പത്തിക ദു:രന്തങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു മുതലാളിത്തത്തെയും സ്വതന്ത്രകമ്പോളത്തെയും പാടിപുകഴ്ത്തുന്ന അമ്പതോളം വരുന്ന പഴയ ദൃശ്യങ്ങൾ. വസ്തുനിഷ്ഠവും ആഴമേറിയതും ആയ പഠനത്തിന്റെ അഭാവം മൂറിൽ ആരോപിക്കുന്നവരുണ്ട്‌. പക്ഷെ തനിക്കുപറയാനുള്ളത്‌ യുക്തിഭദ്രമായി, ലളിതമായി, നർമ്മം കലർത്തി സംഗ്രഹിക്കാനുള്ള അപാരമായ കഴിവ്‌ ആ വിമർശനങ്ങളെയെല്ലാം നിഷ്‌പ്രഭമാക്കുന്നു.

മൂറിന്റെ മറ്റു സിനിമകളിലേതു പോലെ അദ്ദേഹം തന്നെയാണ്‌ പ്രധാന കഥാപാത്രവും, വിവരണ-അന്വേഷണ കർത്താവും, സംവിധായകനും. അത്ഭുതം കൂറുന്ന കണ്ണൂകളും, സന്തതസഹചാരികളായ ബേസ്ബാൾ തൊപ്പിയും ടിഷർട്ടും, നാടകിയമായ അഭിമുഖങ്ങളും എല്ലാ അൽപം കുടുതലല്ലേ എന്നു തോന്നാമെങ്കിലും കലർപ്പില്ലാത്ത കരളലിയിക്കുന്ന സംഭവങ്ങൾ ഇതിൽ വിവരക്കുന്നുണ്ട്‌. വയസ്സായ ദമ്പതികളുടെ കൃഷിയിടം ജപ്തി ചെയ്യുന്നത്‌, മരിച്ചുപോയ ഭർത്തവിന്റെ പേരിൽ അയാളുടെ കമ്പനി 5 മില്യൻ ഡോളറിന്റെ ഇൻഷൂറൻസ്‌ ലാഭമെടുക്കുന്നത്‌, ഒരു മുന്നറിയിപ്പിമില്ലാതെ പൂട്ടിയിട്ട ഫാക്റ്ററിയ്ക്കുള്ളിൽ തൊഴിലാകൾ കുത്തിയിരുപ്പ്‌ നടത്തുന്നത്‌, സർക്കാരിന്റെ പിച്ചകാശിൽ (Food Stamps) ജിവിക്കേണ്ടി വരുന്ന എയർലൈൻ പെയിലറ്റുമരുടെ കഥ എന്നിവ ഉദാഹരണങ്ങളാണ്‌

മുതലാളിത്തവും ജനാധിപത്യവും ഒരിക്കലും ചേർന്നുപോകില്ലെന്ന് തെളിയിക്കുവാൻ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു ജയിലിൽ ഓഹരിയുള്ള ഒരു ജഡ്ജി വളരെ ചെറിയ കുറ്റങ്ങൾ ചെയ്ത കൗമാരക്കാരെ നീണ്ടകാലം അവിടേക്ക്‌ അയക്കുന്നത്‌ വിവരിക്കുന്നുണ്ട്‌. കത്തോലിക്ക സഭയുടെ ചില മെത്രാന്മാർ ബൈബിൾ ഉദ്ധരിച്ചുകൊണ്ട്‌ മൂറിന്റെ വാദഗതിയോട്‌ യോജിക്കുകയും മുതലാളിത്തം അധാർമികവും ദരിദ്രരോട്‌ നീതികാട്ടാത്തതും ആണെന്ന് പറയുന്നുമുണ്ട്‌.

ചിത്രത്തിന്റെ രണ്ടാം പകുതി കുറെകൂടി മനസ്സിനെ മരവിപ്പിക്കുന്നതും ഹൃദയത്തിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നതുമാണ്‌. അമേരിക്കൻ കോൺഗ്രസ്സിലെ, വർത്തമാനാവസ്ഥയിൽ ദു:ഖമുള്ള, ചില മെമ്പർമാരുമായിട്ടുള്ള അഭിമുഖസംഭാഷണങ്ങളാണ്‌ അതിലൊന്ന്. വാൾസ്ട്രീറ്റിലെ വൻതോക്കുകളും, വാഷിങ്ങ്‌റ്റൻ ഡിസിയിലെ ഉപചാപക്കാരും, രാഷ്ട്രിയക്കാരും ചേർന്ന്‌ അമേരികൻ സമ്പദ്‌ വ്യവസ്ഥയെ രക്ഷിക്കാനെന്നപേരിൽ എങ്ങിനെയാണ്‌ അമേരിക്കൻ ജനതയുടെ 700 ബില്യൻ ഡോളർ അപഹരിച്ചെതെന്ന് അവർ പരിതപിക്കുന്നുണ്ട്‌. സമീപകാലത്തെ ഏറ്റവും വലിയ സമ്പത്തിക അട്ടിമറിയായിരുന്നു അതെന്നവർ വിശ്വസിക്കുകയും ചെയ്യുന്നു.

മൂർ തന്റെ വിമർശനശരങ്ങൾ റിപ്പബ്ലിക്കൻ-ഡെമൊക്രാറ്റിക്‌ പാർട്ടികൾക്കെതിരെയും തൊടുക്കുന്നുണ്ടെങ്കിലും ഒബാമെയെ വെറുതെ വിടുകയാണ്‌ ചെയ്യുന്നത്‌. ഒബാമയ്ക്കെതിരെ ഇറങ്ങാനുള്ള സമയമായിട്ടില്ലെന്ന് അദ്ദേഹം കരുതുന്നുണ്ടാവണം. ഈ സിനിമയിൽ പ്രേക്ഷരെ, പ്രത്യേകിച്ചും പുരോഗമന വാദികളെ, ആകർഷിച്ച രണ്ടു കാര്യങ്ങൾ കൂടി പ്രതിപാദിക്കാതെ ഇരിക്കുന്നത്‌ ശരിയായിരിക്കില്ലെന്ന് തോന്നുന്നു. 1933 മുതൽ 1945 വരെ പ്രസിഡന്റ്‌ ആയിരുന്ന റൂസ്‌വെൽറ്റ്‌ (Franklin D. Roosevelt) മരിക്കുന്നതിന്‌ തൊട്ടുമുമ്പുള്ള റേഡിയോ പ്രസംഗത്തിൽ അമേരിക്കൻ ജനതയുടെ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശവും അത്‌ സാദ്ധ്യമാക്കുന്നതിനുവേണ്ടി ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ്‌ ഒന്നാമത്തേത്‌. പക്ഷെ പിന്നീട്‌ ആരുടയൊക്കെയോ സമ്മർദ്ദത്താൽ അത്‌ റേഡിയോ പ്രക്ഷേപണത്തിൽ ഉൾപ്പെടുത്തിയില്ല. അത്‌ കണ്ടെത്തി സിനിമയിൽ പുന:പ്രക്ഷേപണം ചെയ്യുന്നുണ്ട്‌ മൂർ. രണ്ടാമത്തേത്‌ അമേരിക്കൻ ഐക്യനാടിന്റെ ഭരണഘടനയുടെ യഥാർത്ഥ കോപ്പി ആദ്യവസാനം പരിശോധിച്ചിട്ടും മുതലാളിത്തമായിരിക്കും ഗവൺമന്റിന്റെ സ്വഭാവം എന്നത്‌ അതിൽ കണ്ടെത്താൻ മൂറിന്‌ കഴിഞ്ഞില്ലെന്നതുമാണ്‌.
സാർവ്വദേശീയഗാനത്തിന്റെ പശ്ചാത്തലത്തിൽ ന്യുയോർക്കിലെ ബാങ്കുകൾക്കു ചുറ്റും ഇവിടെ കുറ്റം നടന്ന സ്ഥലം എന്ന് സൂചിപ്പിക്കുന്ന മഞ്ഞ പ്ലാസ്റ്റിക്‌ റിബൺ (crime scene tape) ചുറ്റിക്കൊണ്ട്‌ നാടകീയമായി സിനിമ അവസാനിക്കുന്നു. മുതലാളിത്തത്തിനെതിരായി അതിന്റെ തന്നെ പണം ഉപയോഗിച്ച്‌, രീതികൾ സ്വാംശീകരിച്ച്‌ സിനിമകളെടുക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്നത്‌ സത്യസന്ധമല്ലെന്ന് കരുതുന്നവരുണ്ട്‌. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്ന മാർക്സിയൻ വചനം ഇവിടെ ഓർക്കാവുന്നതാണ്‌ എന്തായാലും സ്ഥിരം മസാലകൾക്കും വാണിജ്യവത്കരണത്തിനും അടിമപ്പെട്ടു പോയ കഥാചിത്രങ്ങൾക്കിടയിൽ ഒരു ആശ്വാസമാണീ സിനിമ.


*

Capitalism: A Love Story:

A Paramount Vantage, Overture Films presentation in association with the Weinstein Co.
Production company: Dog Eat Dog Films
Sales: Paramount Vantage
Director-screenwriter: Michael Moore
Producers: Michael Moore, Anne Moore
Co-producers: Rod Birleson, John Hardesty

No comments:

Post a Comment