Tuesday, July 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 21

അമ്പഴയ്ക്കാട്ട് ശങ്കരൻ


അഫ്ഗാൻ യുദ്ധത്തിന്റെ ഒടുക്കത്തിന്റെ തുടക്കം



ജൂൺ ഇരുപത്തിരണ്ടിന്‌ രാഷ്ട്രത്തോടായി ഒബാമ ചെയ്ത പ്രസംഗത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സേനയെ പിൻ വലിച്ചുതുടങ്ങുന്നതായി ഒബാമ അറിയിച്ചു. 2009 ജനുവരിയിൽ ഒബാമ അധികാരമേറ്റെടുത്തശേഷം മോശമായികൊണ്ടിരുന്ന അഫ്ഗാനിലെ സ്ഥിതിക്കൊരു മാറ്റം വരുത്തുന്നതിനുവേണ്ടി 2009 ഡിസംബറിൽ 33000 സൈനികരെ കൂടുതലായി അങ്ങോട്ട് അയയ്ക്കാൻ തീരുമാനിക്കുകയുണ്ടായി. അതിൽ 5000 ഉടനെയും, മറ്റൊരു 5000 ഈ വർഷം ഒടുവിലും, ബാക്കി അടുത്തവർഷം സെപ്റ്റംബറിന്‌ മുമ്പും പിൻവലിക്കും. 2014 - ഓടെ സേനയെ പൂർണ്ണമായും പിൻവലിക്കാനാണ്‌ പരിപാടി. പത്തുവർഷത്തോളമായി തുടരുന്ന, വലിയ സാമ്പത്തികബാദ്ധ്യത വരുത്തുന്ന ഈ യുദ്ധം ഉടനെ അവസാനിപ്പിക്കണമെന്ന പക്ഷക്കാരാണ്‌ അമേരിക്കക്കാരിൽ ബഹുഭൂരിപക്ഷവും. വിശേഷിച്ച് സാമ്പത്തിക മാന്ദ്യത്തിന്റെ ഇക്കാലത്ത് യുദ്ധങ്ങൾ താങ്ങാനുള്ള ശക്തി രാഷ്ട്രത്തിന്‌ ഇല്ലെന്ന് കരുതുന്നവരാണേറെയും. കൂടാതെ ബിൻലാദനെ കണ്ടെത്തി കൊന്നതോടെ അമേരിക്കയുടെ പ്രതികാരദാഹത്തിന്‌ അറുതി വരികയും ചെയ്തു. വരുന്ന തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയിലെ തന്നെ ഇടതുപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ഈ നീക്കമെന്ന് വലതുപക്ഷക്കാരും റിപ്പബ്ലിക്കൻ പാർട്ടിയും കരുതുന്നു.

കേസി ആന്റണിയുടെ (Casey Anthony) വിചാരണ
കെയ്‌ലി
1995-ലെ കുപ്രസിദ്ധമായ ഒ ജെ സിംസൺ കൊലപാതക കേസിനെ, അതിന്റെ കുപ്രസിദ്ധിയിൽ, അനുസ്മരിപ്പിക്കുന്ന മറ്റൊരു കേസാണ്‌ കേസി ആന്റണിയുടേത്. 1994-ൽ പ്രമുഖ അമേരിക്കൻ ഫുട്ബാൾ താരമായ ഒ ജെ സിംസൺ തന്റെ മുൻഭാര്യയെ കൊന്നുവെന്ന് ആരോപിപ്പിക്കപ്പെട്ട് 1995 ജനുവരി മുതൽ ഒക്ടോബർ വരെ നീണ്ടുനിന്ന (ഇന്ത്യയിനിന്നും വ്യത്യസ്തമായി അമേരിക്കൻ കേസുകൾ പൊതുവെ വേഗത്തിൽ തീർപ്പുകല്പിക്കപ്പെടുന്നവയാണ്‌. ഇതല്പം നീണ്ടുപോയെന്ന് മാത്രം) വിചാരണ അമേരിക്കൻ ജനതയുടെ മനസ്സിൽ നിന്നും ഇതുവരെ മാഞ്ഞുപോയിട്ടില്ല. മഹാഭുരിപക്ഷം അമേരിക്കക്കാരും സിംസൺ കുറ്റക്കാരെനെന്ന് കരുതിയ കേസ്സിൽ ജൂറി നിരപരാധിയാണെന്ന് വിധിക്കുകയാണുണ്ടായത്. ഫുട്ബാൾതാരമെന്ന പദവി ജൂറിയെ സ്വാധീനിച്ചുവത്രെ.
കേസിയും വക്കീലും



2008 ജൂൺ 16-ന്‌ ആണ്‌ കേസി ആന്റണിയുടെ മകൾ രണ്ടു വയസ്സുള്ള കേയ്‌ലിയെ (Caylee) കാണാതാകുന്നത്. ആ തിരോധാനത്തിന്റെ നിഗൂഢത വെളിപ്പെടുത്തിക്കൊണ്ട് 6 മാസത്തിനു ശേഷം കുട്ടിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ അവരുടെ വീടിന്‌ അധികം അകലെയല്ലാതെ കുറ്റിക്കാട്ടിൽനിന്നും കിട്ടുന്നത്. രണ്ടര വർഷത്തിനുശേഷം ഡി എൻ എ ഒഴിച്ചുള്ള നിരവധി സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ കേസിയെ അറസ്റ്റ് ചെയ്യുകയും വിചാരണ ആരംഭിക്കുകയും ചെയ്തു. വധശിക്ഷ ലഭിക്കാവുന്ന കൊല്ലണമെന്ന് ഉദ്ദേശത്തോടെയുള്ള കൊലപതകം (pre meditated murder) ആണ്‌ പ്രോസിക്യൂഷൻ ആരോപിച്ചിരിക്കുന്നത്. സ്വന്തം കുട്ടിയുടെ തീരോധാനത്തിനുശേഷമുള്ള നാളുകാളിൽ കേസി ഡാൻസും കൂത്തുമായി നടക്കുകയായിരുന്നുവത്രെ!!. പിതാവ് കേസിയെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവെന്നും, കുട്ടി സ്വന്തം സഹോദരന്റെ ആണെന്നും മറ്റുമുള്ള കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. ലോകത്തെവിടെയായാലും മലീമസമായ സാമൂഹ്യ ദു:ഷപ്രവണതകൾ ഒരു പൊലെയാണെന്നാണ്‌ ഇത് കാണിക്കുന്നത്. ഇതെഴുതുമ്പോൾ വിചാരണ തീർന്ന് ജൂറി അവരുടെ ഗാഢമായ പര്യാലോചനകൾക്കുശേഷം (deliberations) കേസി ആന്റണി കുറ്റക്കാരിക്കാരിയാണോ എന്ന് കണ്ടെത്താനുള്ള അവസാനഘട്ടത്തിലാണ്‌. വിധിയെന്താണെന്ന് അമേരിക്കൻ ജനത ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌.
ജമൈക്ക (Jamaica)


വസന്തത്തിന്റെ നാട്‌ എന്നർത്ഥം വരുന്ന സൈമാകാ (Xaymaca) എന്ന്‌ വാക്കിൽനിന്നാണ്‌ ജമൈക്ക എന്ന പേരുണ്ടാകുന്നത്‌. 4000 ബിസിയിൽ തന്നെ ജനവാസമുണ്ടായിരുന്നു. 1494-ലാണ്‌ കൊളമ്പസ്‌ ഇവിടെ എത്തിചേരുന്നത്‌. 1665 വരെ സ്പൈനിന്റെ കീഴിലായിരുന്ന ജമൈക പിന്നീട്‌ ബ്രിട്ടന്റെ കോളനിയായിത്തീർന്നു. അതുവരെ വെള്ളക്കാർക്ക്‌ ഭൂരിപക്ഷമുണ്ടായിരുന്ന അവിടത്തെ അടിമകളായ കറുത്ത വർഗ്ഗക്കാർക്ക്‌ സ്വാതന്ത്ര്യം നല്കി സ്പാനിഷുകാർ ഓടിക്കളയുകയായിരുന്നു. ബ്രിട്ടീഷ്‌ കോളനികാലത്തെ ആദ്യത്തെ 200 വർഷം ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റി അയച്ചിരുന്ന രാജ്യമായിരുന്നു ജമൈക. 1958 മുതൽ 1962 വരെ വെസ്റ്റ്‌ ഇൻഡീസ്‌ ഫെഡറേഷന്റെ ഭാഗമായിരുന്ന ജമൈക 1962-ൽ പൂർണ്ണ സ്വാതന്ത്ര്യം നേടി.
Doctors Cave Beach

ബ്രിട്ടീഷ്‌ രാജ്ഞി തലവനായിട്ടുള്ള പാർലിമെന്ററി ജനാധിപത്യമാണ്‌ ഇവിടെയുള്ളത്‌. ഭരണ നിർവഹണത്തിനായി 3 കൗണ്ടികളെ 14 പാരിഷുകൽ വിഭജിച്ചിരിക്കുന്നു. 30 ലക്ഷം ജനസംഖ്യയുള്ള ഇവിടത്തുകാരുടെ പ്രധാന വരുമാന മാർഗം (60%) സേവന മേഖലയിലൂടെയാണ്‌. ടൂറിസം, പഞ്ചസാര കയറ്റുമതി, ബോക്സൈറ്റ്‌ ഖനനം, നാണ്യവിളകൾ എന്നിവയാണ്‌ പ്രധാന മറ്റു വരുമാൻ മാർഗങ്ങൾ. ജമൈകൻ ഭാഷയും ഇംഗ്ലീഷുമാണ്‌ പ്രധാന ഭാഷകൾ. യു എസ്‌ എ, യു കെ, കനഡ എന്നീ രാജ്യങ്ങളിലേക്ക്‌ കുടിയേറിയവരുടേയും കുടിയേറുന്നവരുടെയും എണ്ണം വളരെ കൂടുതലാണ്‌. വിദ്യാസമ്പന്നരാണ്‌ ഏറിയ പങ്കും ഈ രാജ്യങ്ങളിലേക്ക്‌ കുടിയേറുന്നത്‌. ജമൈക്കൻ സംഗീത പാരമ്പര്യം ലോക പ്രശസ്തമാണ്‌. ബാന്റു വാദ്യത്തിന്റെ കേന്ദ്രമാണിവിടം. പ്രശസ്ത ഹോളിവുഡ്‌ താരം ടോം ക്രൂസ്‌ അഭിനയിച്ച കോക്ക്ടൈൽ എന്ന സിനിമ ജമൈക്കയെ ചിത്രീകരിക്കുന്നതാണ്‌. ധാരാളമായി സുഗന്ധവ്യജ്ഞനങ്ങൾ ഉപയോഗിക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങളുള്ള ഭക്ഷണ പാരമ്പര്യം ഇവിടത്തുകാർക്കുണ്ട്‌. ജമൈക വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഭാഗമാണെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ.

സംസ്ഥാനങ്ങളിലൂടെ......


മേരിലന്റ്‌ (MaryLand)

അമേരിക്കയുടെ ഭരണഘടനയെ അംഗീകരിച്ച ഏഴാമത്തെ സംസ്ഥാനമായിരുന്നു മേരിലന്റ്. 1629 - ൽ ലോഡ് ബാൾട്ടിമോർ എന്നറിയപ്പെട്ടിരുന്ന ജോർജ് കൾവെർട്ട് മേരിലന്റിന്റെ അവകാശത്തിനായി ബ്രീട്ടിഷ് രാജാവിന്‌ അപേക്ഷ നല്കിയിരുന്നു. 1632 ജൂൺ 30-ന്‌ അവകാശം ലഭിച്ചതിന്‌ പ്രത്യുപകാരമായി ചാർൾസ് ഒന്നാമന്റെ രാജ്ഞി ഹെൻറീറ്റ മരിയായുടെ പേര്‌ ഈ പ്രദേശത്തിന്‌ നല്കി. അങ്ങിനെയാണ്‌ മേരിലന്റ് ഉണ്ടാകുന്നത്. ഇക്കാലത്ത് കത്തോലിക്കർ, ബ്രിട്ടീഷ് രാജവംശത്തിന്റെ മതമായ പ്രൊട്ടസ്റ്റന്റ് മതക്കാരുടെ ആക്രമണത്തെ ഭയന്ന്, ഉന്നതസ്ഥാനങ്ങളിൽ കത്തോലിക്കരുണ്ടായിരുന്ന മേരിലന്റിലേക്ക് കുടിയേറിയിട്ടുണ്ട്. അതുപോലെതന്നെ ധാരാളം കുറ്റവാളികളും അക്കാലത്ത് ഇവിടേക്ക് കുടിയേറി പാർത്തിട്ടുണ്ട്. അമേരിക്കയുടെ ഭാഗമായതിനുശേഷം അതിർത്തി സംസ്ഥാനം, സ്വതന്ത്രസംസ്ഥാനം, ചീസപ്പീക് കടൽ സംസ്ഥാനം എന്നീ വിവിധ പേരുകളിൽ വിളിക്കപ്പെടാറുണ്ട്.

Baltimore


അമേരിക്കയിൽ ജൈവശസ്ത്ര ഗവേഷണം വലിയ തോതിൽ നടക്കുന്ന് ഒരു സംസ്ഥാനമാണ്‌ മേരിലന്റ്. 350-ഓളം ഗവേഷണസ്ഥാപനങ്ങൾ ഇവിടെയുണ്ട്. പ്രസിദ്ധമായ ജോൺ ഹോപ്കിൻസ് സർവകലാശാല ഇവിടെയാണ്‌. 50 ലക്ഷത്തോളം ജനസംഖ്യയുള്ള ഇവിടത്തെ ആളുകളിൽ ഭൂരിഭാഗവും തലസ്ഥാനമായ വാഷിങ്ങ്ട്ടൺ ഡിസിക്ക് ചുറ്റുമായോ, ബാൾട്ടിമോർ നഗരത്തിലോ ആണ്‌ വസിക്കുന്നത്. മറ്റുള്ള പ്രദേശങ്ങൾ സമ്പന്നമായ കാടും ആവാസവ്യവസ്തയും ഉള്ള പ്രദേശമാണ്‌. പരിസ്തിതി സൗഹൃദ സംസ്ഥാങ്ങളിലൊന്നുകൂടിയാണിത്. ജെർമൻ, ഐറിഷ്, ഇംഗ്ലിഷ്, ഇറ്റാലിയൻ തുടങ്ങി എല്ലാ യൂറോപ്യന്മരും ഏറിയും കുറഞ്ഞും ഇവിടെയുണ്ട്. ഏറെ ഇന്ത്യക്കാരുള്ള സംസ്ഥാനമാണിത്. ഏറ്റവും തൊഴിൽ നല്കുന്ന സേവനമേഖല കൂടാതെ, കൃഷി, കാർഷികോല്പന്നങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, ഇലക്ട്രോണിക് കമ്പ്യുട്ടർ രാസവസ്തുക്കൾ തുടങ്ങിയവയുടെ നിർമ്മാണം തുടങ്ങി സമ്പന്നമായ ഒരു ഉത്പാദനമേഖൽ ഇവിടെയുണ്ട്. ഇവിടത്തെ ശരാശരി കുടുംബവരുമാനം വർഷത്തിൽ 70,000 ഡോളറാണ്‌. അമേരിക്കയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണിത്. ഡെമൊക്രാറ്റുകൾക്ക് വലിയ തോതിൽ സ്വാധീനമുള്ള സംസ്ഥാനം കൂടിയാണത്. ബാൾട്ടിമോർ, കൊളമ്പിയ, ജർമ്മൻ ടൗൺ, സിൽവർ സ്പ്രിങ്ങ് എന്നിവ പ്രധാന നഗരങ്ങളാണ്‌. അമേരിക്കയുടെ തലസ്ഥാനത്ത് എത്തുന്നവർക്ക് തങ്ങളുടെ സന്ദർശന ലിസ്റ്റിൽ നിന്നും, ധാരാളം മ്യൂസിയങ്ങളും, അമ്യൂസ്മെന്റ് പാർക്കുകളും, ബലൂൺ സവാരിയും മറ്റുമുള്ള മേരിലന്റിനെ ഒഴിവാക്കാനാവില്ല.


ജൂലൈ 5, 2011.


*

No comments:

Post a Comment