Monday, February 1, 2010

അമേരിക്കൻ വിശേഷങ്ങൾ - 4

എ എം എസ്

ഹെയ്ത്തി

ലോകത്തെയും, വിശേഷിച്ച്‌ അമേരിക്കൻ ഉപഭൂഖണ്ഡത്തെയും നടുക്കിയ ദു:രന്തമായിരുന്നു ജനുവരി 12-ന്‌ ഉണ്ടായ ഹെയ്ത്തിയിലെ ഭൂകമ്പം. തലസ്ഥാനമായ പോർട്ടോപ്രിൻസിൽ നിന്നും 25 കി.മി. അകലെയുള്ള ലിയോഗൺ (Léogâne) എന്ന ചെറുപട്ടണമായിരുന്നു അതിന്റെ പ്രഭവകേന്ദ്രം. 1,70, 000 മൃതദേഹങ്ങൾ കണ്ടെടുത്തുകഴിഞ്ഞ ഈ ദു:രന്തംകൊണ്ടുണ്ടായ മരണസംഖ്യ അതിൽ എത്രയോ കൂടുതൽ വരും. 20,000 കെട്ടിടങ്ങളും, 2,25, 000 വീടുകളും തകർന്നു. മുപ്പതും ലക്ഷത്തോളം ആളുകളെ ഇത്‌ നേരിട്ടു ബാധിച്ചു. ഒരു കോടിയിൽ തൊട്ടുതാഴെ ജനസംഖ്യയുള്ള ഒരു രാജ്യമാണത്‌. അതായത്‌ മുന്നിലൊന്ന് ജനങ്ങൾ അതീവ ദുരിതത്തിലാണ്ടിരിക്കുന്നു.

Presidential palace after earhtquake


(Photo: Haiti's President Rene Preval (2nd L) embraces his Dominican Republic counterpart Leonel Fernandez)

ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ്‌ ഹെയ്ത്തി. ആകെയുള്ള 182 രാജ്യങ്ങളിൽ 149 - മത്തെ സ്ഥാനമാണ്‌ വികസന സൂചികയിൽ ( Human Development Index) അതിനുള്ളത്‌. ഈ ദാരിദ്രം തന്നെയാണ്‌ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്ന ഒരു ഘടകം. 1989 ഒക്ടോബർ 17-ന്‌ അമേരിക്കയിലെ സെൻ ഫ്രാൻസിസ്ക്കോ നഗരത്തിൽ ഇതേ അളവിൽ (7.0) ഒരു ഭൂകമ്പം ഉണ്ടായി. അവിടെ മരിച്ചവരുടെ എണ്ണം 75-ൽ താഴെ മാത്രമായിരുന്നു. മദ്ധ്യ അമേരിക്കൻ ഉപഭൂഖണ്ഡത്തിലെ ഹിസ്പാനിയോല (Hispaniola) എന്നറിയപ്പെടുന്ന ദ്വീപസമൂഹത്തിലെ രണ്ടു രാജ്യങ്ങളാണ്‌ ഹെയ്ത്തിയും , ഡൊമിനിക്കൻ റിപ്പബ്ലിക്കും. ഈ പ്രദേശം കാലാകാലങ്ങളായി ഭൂകമ്പ സാദ്ധ്യത നിലനിൽക്കുന്ന ഒരു പ്രദേശമാണ്‌.

Map: Haiti
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവിടത്തെ 80% ആളൂകൾ ദാരിദ്രത്തിലും, അതിൽത്തന്നെ 54% പേർ അതിദാരിദ്രത്തിലുമാണ്‌. ഇവിടത്തെ മൂന്നിൽ രണ്ടുഭാഗം ജനങ്ങൾ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നരാണ്‌. കാപ്പി, കരിമ്പ്‌, ചോളം, നെല്ല് എന്നിവയാണ്‌ പ്രധാന കൃഷി. ടെക്സ്റ്റയിൽസ്‌, പഞ്ചസാര, ഖാനനം എന്നിവയാണ്‌ പ്രധാന വ്യവസായം. 1804 - ൽ ഫ്രാൻസിന്റെ ഭരണത്തിൽനിന്നും സ്വാതന്ത്ര്യം നേടിയ്‌ ഹെയ്ത്തിക്ക്‌ ലാറ്റിനമേരിക്കൻ രാജ്യങ്ങളെപ്പോലെതന്നെ പട്ടാള അട്ടിമറികളുടെ ചരിത്രമാണുള്ളത്‌. 1987 ഒരു പുതിയ ഭരനഘടന അംഗീകരിച്ചു. 2006 മേയ്‌ മുതൽ റെനെ പ്രവൽ (Rene PREVAL) ആണ്‌ ഇവിടുത്തെ പ്രസിഡണ്ട്‌. ഭൂകമ്പത്തിന്നു ശേഷം സാധാരണ ജനങ്ങളൊടൊപ്പം നിരത്തിലലയുന്ന അദ്ദേഹത്തിന്റെ ടിവി ചിത്രങ്ങൾ ആരും മറന്നിട്ടുണ്ടാവില്ല.

ഒബാമക്കു തിരിച്ചടി

Photo: Ted Kennedy 
സാധാരണ അമേരിക്കൻ പ്രസിഡന്റിന്റെ "മധുവിധു" കാലം അധികാരമേറ്റതിനുശേഷം ആദ്യത്തെ ആറുമാസമാണ്‌. ഒരു കറുത്തവർഗ്ഗക്കാരനായതുകൊണ്ടോ, പറയുന്ന കാര്യങ്ങൾ ആത്മാർത്ഥമാണെന്ന് തോന്നിയതുകൊണ്ടോ എന്തോ, ഇദ്ദേഹത്തിന്റെ മധുവിധുകാലം ആറു മാസം കൂടി നീട്ടിക്കിട്ടി. അദ്ദേഹം എല്ല പ്രശ്നങ്ങൾക്കും പരിഹരിക്കാൻ കഴിയുന്ന "മിശിഹ"യാണെന്ന് കരുതുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇപ്പോൾ അദ്ദേഹത്തിനും തിരിച്ചടികൾ കിട്ടിതുടങ്ങിയിരിക്കുന്നു. ആദ്യത്തെ പ്രഹരം കിട്ടിയത്‌ ന്യു ജേർസിയിലേയും വെർജീനീയയിലേയും ഗവർണ്ണർ തെരഞ്ഞെടുപ്പുകളിലാണ്‌. ന്യുജേർസിയയിൽ 12 വർഷത്തിനുശേഷമാണ്‌ ഡെമോക്രറ്റുകളിൽനിന്നും റിപ്പബ്ലികൻസ്‌ ഭരണം പിടിച്ചെടുത്തത്‌. വെർജീനിയയിലാണെങ്കിൽ 1964-നു ശേഷം കഴിഞ്ഞ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഒബാമയിലൂടെയാണ്‌ ഡെമോക്രാറ്റുകൾക്ക്‌ ഭൂരിപക്ഷം ലഭിച്ചത്‌. അത്‌ നിലനിർത്താൻ കഴിഞ്ഞതുമില്ല. അവസാനമായി, മാസ്സച്ചുസറ്റിൽ (Massachusetts) സെനറ്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലുണ്ടായ തോൽവി ഡെമൊക്രറ്റുകളെ അമ്പരിപ്പിച്ചിരിക്കുകയാണ്‌. 1962 നവമ്പറിൽ നടന്ന തെരഞ്ഞെടുപ്പുമുതൽ, 46 വർഷം തുടർച്ചയായി, അന്തരിച്ച സേനറ്റർ കെന്നഡിയിലൂടെ (Edward Moore (Ted) Kennedy (February 22, 1932 – August 25, 2009) ) ഡെമൊക്രാറ്റുകൾ ഈ സീറ്റ്‌ നിലനിർത്തിപ്പോരുകയായിരുന്നു. ഒബാമയുടെ ഇടതുപക്ഷചായ്‌വുള്ള നയങ്ങൾ പുന:പരിശോധിക്കേണ്ടിവരുമെന്ന ആഹ്ലാദത്തിലാണ്‌ ഫോക്സടക്കമുള്ള (Fox) വലതുപക്ഷ മാദ്ധ്യമങ്ങളും റിപ്പബ്ലിക്കൻ പാർട്ടിക്കാരും.
അവതാരം (Avatar)
അവതാർ എന്ന സിനിമ കളക്ഷനിൽ സർവ്വകാല റെക്കോഡുകളും ഭേദിച്ചു മുന്നേറുകയാണ്‌. ഇതിനകംതന്നെ 1.6 ബില്യൻ ഡോളർ ടിക്കറ്റ്‌ വിൽപനയിൽ കിട്ടിക്കഴിഞ്ഞു. "ടൈറ്റാനിക്‌", "ലോർഡ്‌ ഓഫ്‌ ദി റിംഗ്സ്‌........" എന്നി സിനികകളെ അത്‌ കടത്തിവെട്ടിയിരിക്കുന്നു. ഒമ്പത്‌ ഓസ്കാർ നോമിനേഷൻ അതിന്‌ ലഭിച്ചിട്ടുണ്ട്‌. സാധാരണമായ ഒരു കഥ, അസാധാരണ സാങ്കേതികമികവുകൊണ്ട്‌, എങ്ങിനെ കോടികൾ കൊയ്യുമെന്ന് ഈ ചിത്രം നമ്മെ കാട്ടിത്തരുന്നു. മലയാളത്തിൽ "മൈ ഡിയർ കുട്ടിച്ചാത്തൻ" കണ്ട്‌ കോരിത്തരിച്ച കഴിഞ്ഞ്‌ തലമുറ, പക്ഷെ പിന്നീട്‌ 3D അത്ര വേരുപിടിക്കുന്നത്‌ കണ്ടില്ല. ഇനി ത്രിമാന (3D) ചലച്ചിത്രങ്ങളുടെ കാലമാണെന്ന് ഉറപ്പിച്ചു പറയാൻ അതുകൊണ്ടുതന്നെ കഴിയുകയുമില്ല.
മഞ്ഞുകാലം

അമേരിക്കയിലെ വടക്കൻ സംസ്ഥാങ്ങളിലും, കനഡയിലും മഞ്ഞുവിഴച്ച ഓക്ടോബർ-നവമ്പറോടെ തുടങ്ങുമെങ്കിലും, തെക്കൻ സംസ്ഥാനങ്ങളിൽ അത്‌ ഡിസംബർ അവസാനത്തിലോ ജനുവരി-ഫെബ്രുവരി മാസങ്ങളിലോ ആയിരിക്കും. 12 വർഷത്തിനുശേഷം ഏറ്റവും കൂടുതൽ മഞ്ഞുവിഴ്ച്ച ഉണ്ടായ വർഷമാണിത്‌. ഫ്ലോറിഡയടക്കമുള്ള തെക്കൻ സംസ്ഥനങ്ങളിൽ വൻതോതിൽ കൃഷിനാശം സംഭവിച്ചു. പച്ചക്കറി, പഴവർഗ്ഗങ്ങൾ എന്നീ കൃഷികളെയാണ്‌ മഞ്ഞുവീഴച്ച ഏറെ ബാധിച്ചത്‌. നവമ്പർ-ഡിസംബർ മാസങ്ങളിലെ ഒഴിവുകാലത്തിനു (Holiday Season) ശേഷം എല്ലാം ഒന്ന് മന്ദഗതിയിലാകുന്ന മാസമാണ്‌ ജനുവരി. വലിയ മഞ്ഞുവീഴച്ചയിൽ ഏറ്റവും കുടുതൽ ആഹ്ലാദിക്കുന്നത്‌ സ്കൂൾ കുട്ടികളാണ്‌. സ്കൂൾ മുടക്കുവുമാണ്‌, മഞ്ഞിൽ (snow) പലതരം കളികൾ കളിക്കുകയും ചെയ്യാം. ഇനി വസന്ത (spring) കാലത്തിന്റെ ഉണർവ്വിനായി കാത്തിരിക്കാം.

*
ഫെബ്രുവരി 1, 2010.

No comments:

Post a Comment