Friday, March 25, 2022

ഹൃദയപക്ഷ ചിന്തകൾ - 4 

യുദ്ധഭൂമിയിലെ *കഴുകന്മാർ


അമ്പഴയ്ക്കാട്ട് ശങ്കരൻ


ഉക്രയിനിലേക്കുള്ള റഷ്യൻ അധിനിവേശം അടുത്ത് കാലത്ത് നടന്ന ഏറ്റവും ദു:ഖകരവും പ്രതിഷേധാർഹവുമായ മനുഷ്യവകാശ ലംഘനത്തിന്റെ തലത്തിലേക്ക് കടന്നിരിക്കുകയാണ്‌. മുപ്പത് ലക്ഷത്തിലേറെ അഭയാർത്ഥികൾ ഇതിനകം അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നു. പശ്ചാത്യ രാജ്യങ്ങളിലെ മാദ്ധ്യമറിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ റഷ്യ സൈന്യം ആശുപത്രികൾ, സാധാരണക്കാർ (civilians) ജീവിക്കുന്ന ഇടങ്ങൾ (residential areas) എന്നിവ ആക്രമിച്ച് തുടങ്ങിയിരിക്കുന്നു.  വിവിധ നഗരങ്ങൾ റഷ്യൻ സൈന്യം വളഞ്ഞതിന്റെ ഫലമായി വെള്ളം, വെളിച്ചം, ഭക്ഷണം എന്നിവയുടെ ലഭ്യത കുറയുന്നതോടെ ഇനിയുള്ള നാളുകൾ പട്ടിണിയുടെ രോഗത്തിന്റെ ദു:രിതങ്ങളുടേതായിർക്കും എന്നുള്ളതിന്‌ സംശയമില്ല. ഇപ്പോൾ തന്നെ റെഡ് ക്രോസ് നല്കുന്ന വിവരങ്ങൾ കരളിയിക്കുന്നതാണ്‌. 


കഴിഞ്ഞ ഒരു ദശാബ്ദകാലമായി അമേരിക്കയടക്കമുള്ള പശ്ചാത്യരാജ്യങ്ങൾ ഉക്രയിനിൽ നടത്തിയ ഇടപെടലുകൾ എന്തിനായിരുന്നു. മദ്ധ്യ-വലുതുപക്ഷ-തീവ്രവലതുപക്ഷ സ്വഭാവമുള്ള ജനങ്ങളുടെ ദേശാഭിമാനത്തെ ഉദ്ദീപിപ്പിച്ച് അധികാരത്തിലേറിയ പുട്ടിന്റെ ലക്ഷ്യമെന്താണ്‌. ലെനിൽ മുതലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണകാലത്തേയും പശ്ചാത്യരാജ്യങ്ങളേയും ഒരുപോലെ പുട്ടിൻ പഴിക്കുന്നതിന്റെ കാരണമെന്തായിരിക്കും. റഷ്യൻ ജനതയുടെ ഉന്നമനത്തിനോ, അവരുടെ സ്വൈരജീവിതത്തിനോ വേണ്ടി ആയിരിക്കുമെന്ന് വിശ്വസിക്കുക പ്രയാസമാണ്‌. മാത്രമല്ല തന്റെ വ്യക്തിപരമായ അധികാരം നിലനിർത്തുന്നതിനുവേണ്ടി ഏതറ്റം വരെ പോകുമെന്ന് തെളിയിച്ച വ്യക്തിത്വമാണ്‌ പുട്ടിന്റേത്. അധിനിവേശത്തിന്‌ ആസ്പദമായി പുട്ടിൻ പറയുന്ന ന്യായീകരണങ്ങൾ നിലവിലുള്ള രാജ്യാന്തര ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മുഖവിലക്കെടുക്കേണ്ടത് തന്നെയാണ്‌. അതിന്‌ ഒരു യുദ്ധം ആവശ്യമാണോ എന്നതിനെക്കൂറിച്ച് മാത്രമെ തർക്കമുള്ളു റഷ്യയുടെ അയൽ രാജ്യങ്ങളെ നിരായുധീകരണ മേഖലയാക്കുക, പഴയ സോവിയറ്റ് പ്രവിശ്യകളെ നാറ്റോ അംഗമാക്കാതിരിക്കുക  എന്ന രണ്ട് പ്രധാന ആവശ്യങ്ങളാണ്‌ റഷ്യക്ക് വേണ്ടി പുട്ടിൽ ഉന്നയിച്ചിട്ടുള്ളത്. മുൻ അമേരിക്കൻ പ്രസിഡണ്ട് ക്ലിന്റന്റെ കാലത്ത് അത്തരം ഒരു ഉറപ്പ്, കരാറായി ഇല്ലെങ്കിലും, കൊടുത്തിരുന്നു എന്നാണ്‌ പുട്ടിനെ വാദം.


സാമ്രാജ്യതാല്പര്യങ്ങളുടെ അടിയൊഴുക്കുകൾ


കഴിഞ്ഞ നൂറ്റാണ്ടിലെ അമേരിക്കൻ സമ്രാജത്വ താത്പര്യങ്ങളുടെ പ്രയോഗത്തിന്റെ ഒരു പരിണിത ഫലമാണ്‌ ഉക്രയിനിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടെ പശ്ചാത്യലോകത്ത് പൂർണാമായും മറ്റിടങ്ങളിൽ ഭാഗികമായും അമേരിക്കയുടെ സാമ്പത്തിക-സൈനിക ശക്തിയുടെ ഇടപെടലുകൾ അപ്രതിരോധ്യമാംവിധം വളർന്ന് വന്നു. അവരുടെ താല്പര്യങ്ങൾക്ക് വിഘാതം നില്ക്കുന്നവരെ നിലക്ക് നിർത്തുന്നതിന്‌ ഏതറ്റം വരെ പോകുന്നതിൻ ധാർമ്മികതക്കും, ജനാധിപത്യത്തിനും, മനുഷ്യാവകാശത്തിനും വേണ്ടി നിലനില്ക്കുന്നു എന്ന് അവകാശപ്പെടുന്നവർക്ക് ഒരു മടിയുമുണ്ടായില്ല. അതിനുവേണ്ടി രക്ത ചീന്തുന്നതിനും, മരിക്കുന്നതിനും, സമ്പത്ത് ചിലവിടുന്നതിനും ദേശഭിമാനത്തിന്റെ പേരിൽ നിശ്ചയിച്ചു. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കും വടക്കും അമേരിക്കൻ ഐക്യനാടിന്റെ കളിത്തൊട്ടിലായി സ്വയം പ്രഖ്യാപിച്ചു. അവരുടെ വിദേശനയത്തിന്റെ പ്രഖ്യാപിത നയമായ മൺറോ അനുശാസനം (Monroe Doctrine) ഒരു ഉളുപ്പുമില്ലാതെ അവർ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ പ്രവർത്തികമാക്കി. ഈ പ്രദേശത്തെ ഏത് വിദേശ ഇടപെടലും അമേരിക്കൻ ഐക്യനാടിനുമേലുള്ള കടന്ന് കയറ്റമാണെന്ന് സ്വയം പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ് കെന്നഡിയുടെ കാലത്ത് ഉണ്ടായ ക്യൂബൻ മിസൈൽ പ്രതിസന്ധി ഘട്ടത്തിൽ അമേരിക്ക എടുത്ത നിലപാട് മൺറോ അനുശാസനത്തിന്റെ ഭാഗമായി ഓർക്കാവുന്നതാണ്‌.


അമേരിക്കയുടെ മറ്റ് തന്ത്രപരമായ താത്പര്യമുള്ള പ്രദേശങ്ങൾ യൂറോപ്പും, ഗൾഫ് മേഖലയും, ചൈനയും ജപ്പാനും കൊറിയയും മറ്റും അടങ്ങുന്ന കിഴക്കനേഷ്യയുമാണ്‌. അതിൽ യൂറോപ്പ്യൻ മേഖലക്ക് പ്രത്യേക പ്രാധാന്യവുമുണ്ട്. ലോകത്തിലെ പ്രധാന ഊർജ്ജസ്രോതസ്സായ എണ്ണയുടെ പ്രധാന ഭാഗം ഗൾഫ് മേഖലയായതുകൊണ്ട് അതിന്‌ അമേരിക്കയുടെ കണ്ണിൽ രണ്ടാമത്തെ പ്രാധാന്യം ഉണ്ടെന്ന് പറയാം.  രണ്ടാം ലോക മഹയുദ്ധത്തിൽ വൈകിയാണെങ്കിലും  അമേരിക്കയുടെ ചേരലും, കൊറിയയിലും വിയറ്റ്നാമിലും നടന്ന യുദ്ധങ്ങളിൽ അമേരിക്ക നടത്തിയ ഇടപെടലും പങ്കാളിത്തവും ഈ ഭൂപ്രദേശങ്ങളിലെ സാമ്രാജത്വവികസന മോഹങ്ങളുടെ ചരിത്ര അടയാളങ്ങളാണ്‌. കൂടാതെ, തങ്ങളുടെ രക്തം ചീന്തി സംരക്ഷിക്കാൻ താത്പര്യമില്ലെങ്കിലും, 70-ഓളം രാജ്യങ്ങളിലായി 800-പരം സൈനീക താവളങ്ങളുണ്ട് (military base). പുരോഗമന-ഇടതുപക്ഷ ചിന്തകർ ഇത്തരം കാര്യങ്ങൾ കണക്കുകൾ സഹിതം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചാലും കേരളത്തിലെ (ഇന്ത്യയിലേയും ലോകത്തിലേയും) വലതുപക്ഷ-ചില മദ്ധ്യവർഗ്ഗ ചിന്തകർ പലപ്പോഴും അവഗണിക്കുക, അതല്ലെങ്കിൽ “സമ്രാജ്യത്വം”മെന്ന സംജ്ഞയെപ്പോലും പുച്ഛിച്ച് തള്ളുകയാണ്‌ പതിവ്.


എന്തുകൊണ്ട് യുദ്ധം - ആഴത്തിലുള്ള കാരണങ്ങൾ


പശ്ചാത്യ രാജ്യങ്ങളിലെ ഭരണ വർഗ്ഗം യൂറോപ്പിൽ നടത്തിക്കൊണ്ടിരിക്കുന്ന നടപടികൾക്ക് പ്രധാനമായും മുന്ന് ലക്ഷ്യങ്ങളുണ്ട്. നാറ്റോ (NATO) എന്ന സൈനീക ശക്തിയെ ശക്തിപ്പെടുത്തുക, യൂറോപ്യൻ യൂണീയൻ (EU) എന്ന സാമ്പത്തിക കൂട്ടായ്മയെ വിപുലീകരിക്കുക, മൂൻ സോവിയറ്റ് യൂണീയൻ സാമന്ത രാജ്യങ്ങളെ “ജനാധിപത്യവത്ക്കരിക്കുക” എന്നിവയാണവ. മൂന്നാമത്തെ ലക്ഷ്യം പ്രത്യേക ഉദ്ധരണിയായി പറഞ്ഞതിന്‌ കാരണം, ജനാധിപത്യവത്ക്കരിക്കുക എന്ന വാക്ക് സത്യസന്ധമായോ നിർദ്ദോഷമായോ അതിന്റെ പൂർണ്ണാർത്ഥത്തിലോ അല്ല, പാശ്ചാത്യ മുതലാളിത്ത മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഏത് വിഷയത്തിലും തങ്ങളുടെ ചൊല്പിടിക്ക് നില്ക്കുന്ന ഭരണാധികാരികളെ അധികാരത്തിൽ കൊണ്ടുവരിക എന്ന മിനിമം പരിപാടി മാത്രമെ ആ പദത്തിന്‌ അവരുടെ നിഘണ്ടുവിൽ അർത്ഥമുള്ളു. നാറ്റോ വിപുലീകരണത്തിന്റെ ഭാഗമായി ആദ്യം പോളണ്ടും ഹങ്കറിയും ചെക് റിപ്പബ്ലിക്കും പിന്നീട് ബാൾട്ടിക് രാജ്യങ്ങൾ എന്നറിയപ്പെടുന്ന എസ്റ്റോണിയ ലാത്വിയ ലിത്വേനിയ ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരപ്പെട്ടു. രണ്ടാമത്തെ വിപുലീകരണം റഷയുടെ മൂക്കിൻ തുമ്പത്തെത്തിയെങ്കിലും അന്നത്തെ റഷ്യയുടെ രാഷ്ടീയ-സാമ്പത്തിക സ്ഥിതി അവരെ ശക്തമായ പ്രതികരണങ്ങളിൽ വിമുഖമാക്കുകയാണ്‌ ഉണ്ടായത്.



എന്നാൽ 2008 ഏപ്രിലിൽ ബുക്കറസ്റ്റിൽ (Bucharest) നടന്ന നാറ്റോ ഉച്ചകോടിയിൽ ജോർജിയയേയും ഉക്രയിനേയും നാറ്റോയുടെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ചത് റഷ്യയെ ശരിക്കും ശുണ്ഠി പിടിപ്പിച്ചു. അപ്പോഴേക്കും റഷ്യ തങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ കുറച്ചൊക്കെ കരകയറുകയും പശ്ചാത്യ പാവയായിരുന്ന റഷ്യയുടെ പ്രസിഡണ്ട് ബോറിസ് യെത്സിൻ (Boris Yeltsin) -ൽ നിന്ന് അധികാരം പുട്ടിൻ ഏറ്റെടുക്കുകയും പ്രധാനമന്ത്രിയായും പ്രസിഡണ്ടായും, റഷ്യയുടെ ദേശാഭിമാനവും ആത്മാഭിമാനവും ഉയർത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, തന്റെ അധികാരം അരക്കെട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്നത് പുട്ടിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള നടപടികളായിരുന്നു. 2008 ആഗസ്റ്റിൽ ജോർജിയായും, 2014 ഫെബ്രുവരിയിൽ, പണ്ട് സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് 1954 ഫെബ്രുവരിയിൽ ഉക്രയിന്‌ നല്കിയ, ക്രൈമിയ ബലമായി തിരിച്ചെടുക്കുകയും ചെയ്തത് റഷ്യയും ഉക്രയിനും തമ്മിലും റഷ്യയും പശ്ചാത്യലോകവും തമ്മിലും ഉള്ള ബന്ധം തിരിച്ചുപോകാൻ കഴിയാത്ത വിധം വഷളാക്കി.


ഭാഷന്യൂനപക്ഷവും സ്വത്വരാഷ്ട്രീയവും


ഉക്രയിനിൽ 22 ശതമാനത്തോളം വരുന്ന റഷ്യൻ ഭാഷ സംസാരിക്കുന്നവരുണ്ട്. അതിൽ മഹാഭൂരിപക്ഷവും റഷ്യയോട് അടുത്തുകിടക്കുന്ന കിഴക്കൻ ഉക്രയിനിലാണ്‌. ഈ ഭാഷന്യൂനപക്ഷങ്ങളുടേയും മഹഭൂരിപക്ഷം വരുന്ന ഉക്രയിൻ ഭാഷ സംസാരിക്കുന്നവരുടേയും സ്വത്വരാഷ്ട്രീയം, 2014 നടന്ന ഭരണ അട്ടിമറി (coup) അഥവാ അമേരിക്കൻ ഭാഷയിൽ “ജനാധിപത്യവത്ക്കരണം” എന്നിവ ഉക്രായിൻ ജനങ്ങളെ രണ്ട് തട്ടിലാക്കുകയും, തീർച്ചയായും അതിൽ ഉക്രയിൻ ഭാഷ സംസാരിക്കുന്നവർക്ക് മൃഗീയ ഭുരിപക്ഷമുണ്ടെന്നുത് ശരിയണ്‌, പിന്നീട് നടന്ന റഷ്യ ഒരു വശത്തും പശ്ചാത്യലോകം മറുവശത്തുമായി നടന്ന അഭ്യന്തര യുദ്ധത്തിന്‌ ഒരു കാരണമായി.


ഭരണ അട്ടിമറിയിലെ അന്തർനാടകങ്ങൾ, അമേരിക്കൻ ഐക്യനാടുകൾ തെക്കെ അമേരിക്കയിൽ 1980 വരെ പിന്തുടർന്നുവന്ന, അസംബന്ധ ജനാധിപത്യ നിഷേധ പ്രയോഗങ്ങളായിരുന്നു. പ്രായമേറെയില്ലാത്ത നവ-മുതലാളിത്ത-ജനാധിപത്യ രാജ്യങ്ങളിൽ അഴിമതി എല്ലായ്പ്പോഴും ഒരു മഹാരോഗമായിരിക്കും. അത് മഹാഭുരിപക്ഷജനതയേയും ആശങ്കാകുലരും രോഷാകുലരുമാക്കും. വ്യവസ്ഥിതിയുടെ തന്നെ ഒരു ഉത്പന്നമാണ്‌ അഴിമതി എന്ന സത്യം, മറ്റു ലളിത യുക്തികളുടെ അതിപ്രസരത്തിൽ, ജനങ്ങൾ മനസിലാക്കാൻ കഴിയാതിരിക്കുകയോ അവർ മറക്കുകയോ ചെയ്യും. 2010 ഫെബ്രുവരി മുതൽ 2014 ഫെബ്രുവരി വരെ പ്രസിഡണ്ടായിരുന്ന വിക്റ്റർ യാനുക്കോവിച് (Viktor Fedorovych Yanukovych) - നെ അട്ടിമറിക്കുന്നതിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ അമേരിക്കൻ പക്ഷ പ്രസിഡണ്ടുമാരെ അധികാരത്തിൽ കൊണ്ടുവരുന്നതിലും വലതുപക്ഷമാദ്ധ്യമങ്ങൾക്കും, യൂറോപ്പിനും അമേരിക്കക്കും ജനാധിപത്യത്തിന്‌ ആശാസ്യമല്ലാത്ത നിലയിൽ വലിയ പങ്കുണ്ട്. 


2013 നവമ്പർ മുതൽ 2014 ഫെബ്രുവരി വരെ ഉക്രയിനിൽ നടന്ന സംഭവങ്ങൾ ഇന്നത്തെ സ്ഥിതിയിലേക്ക് യൂറോപ്പിനെ നയിക്കുന്നതിൽ കാരണമയി. യാനുക്കോവിച്ച് ഗവർന്മെന്റ് യൂറോപ്യൻ വായ്പ വേണ്ടെന്ന് വെച്ചത്, റഷ്യ 15 ബില്യൻ ഡോളറിന്റെ വായ്പ പ്രഖ്യാപിച്ചത്, അതിന്റെ ഭാഗമായി ഉണ്ടായ പ്രതിഷേധങ്ങളും തുടർന്നുള്ള കലാപത്തിൽ 70-ൽ പരം ആളുകൾ കൊല്ലപ്പെട്ടത്, യാനുക്കോവിച്ച് രാജ്യം വിട്ടത് എന്നിവ അഭ്യന്തര സംഘർഷങ്ങൾ മൂർച്ഛിക്കുന്നതിൽ വലിയ പങ്കാണ്‌ വഹിച്ചത്. കൂടാതെ ഈ സംഘർഷങ്ങളിൽ ഫാസിസ്റ്റ് സ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കി.


ആയുധ കയറ്റുമതിയുടെ ധനതത്വശാസ്ത്രം


സമാധാനത്തിന്‌ ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ അമേരിക്കക്കും റഷ്യക്കും നാറ്റോ രാജ്യങ്ങൾക്കും കൂട്ടായി ചർച്ച് ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമെ ഉക്രയിനുമായി ബന്ധപ്പെട്ട് നിലനില്ക്കുന്നുള്ളു. പ്രശ്നപരിഹാരത്തിന്‌ ഉക്രയിനിന്റെ വേഷം (role) തുലോം ചെറുതാണെന്നുള്ളതാണ്‌ യാഥാർത്ഥ്യം. പിന്നെ എന്തുകൊണ്ടായിരിക്കും ഒഴിവാക്കാൻ കഴിയുന്ന ഈ യുദ്ധം നടക്കട്ടെ എന്ന് അമേരിക്കൻ പക്ഷവും റഷ്യയും തീർമാനിച്ചത്. അതിന്റെ ഉള്ളറകളിലേക്ക് കടന്ന് പരിശോധിക്കുമ്പോഴാണ്‌ ഈ രാജ്യങ്ങളുടെ സാമ്രാജത്വ താത്പര്യങ്ങളും അവിടങ്ങളിലെ ആയുധ നിർമ്മാണ വിപണന സ്ഥാപനങ്ങളുടെ ദുഷ്ടലാക്കുകളും മനസ്സിലാക്കാൻ കഴിയുകയുള്ളു. 


Fig 1. United States Weapon Sales in million dollars


ഉക്രയിനിലെ ഇന്നത്തെ ഭരണാധികാരികളെ പിരികയറ്റി റഷ്യയുമായി അകറ്റിയപ്പോൾ, നിലവിലുള്ള പ്രസിഡന്റ് വ്ലാഡമിർ സെലൻസ്കി (Volodymyr Zelenskyy) ആത്മാർത്ഥമായി വിശ്വസിച്ചത് പശ്ചാത്യ രാജ്യങ്ങൾ നിർണ്ണായക ഘട്ടത്തിൽ സൈനിക സഹായത്തിലുപരി നേരിട്ട് യുദ്ധത്തിൽ പങ്കെടുമെന്നായിരുന്നു. അതുകൊണ്ടാണ്‌, 800 മില്യൻ ഡോളറിന്റെ ആയുധ സഹായം നല്കിയപ്പോഴും സെലൻസ്കി തൃപ്തനാകാത്തത്. ഉക്രയിന്റെ ആകാശ സഞ്ചാരങ്ങളെ നിയന്ത്രിക്കൻ കഴിയുന്ന് “നൊ ഫ്ലൈ സോൺ” നടപ്പാക്കാൻ തയ്യാറല്ലാത്ത അമേരിക്ക സെലൻസ്കിയുടെ അധികാര സ്വപ്നങ്ങളെ അസ്തമിപ്പിച്ചു. മൂന്നാം ലോക മഹായൂദ്ധം ഉണ്ടാക്കുമെന്ന് ഉറപ്പുള്ള നൊ ഫ്ലൈ സോൺ വേണ്ടെന്ന തീർപ്പ് കല്പിച്ച അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അത്ര വിഡ്ഢികളല്ലെന്ന് തെളിയിച്ചു. എല്ലാ കാലത്തും സമ്രാജത്വ ശക്തികൾ പവലിയനിലിരുന്ന് കളി കാണുകയെ ചെയ്യുകയുള്ളു, കളത്തിലിറങ്ങി കളിക്കുകയില്ല. വിവിധ ട്രോളുകളിൽ ഉക്രെയിന്റ് (Ukrained) എന്ന് പരിഹാസ്യമുണർത്തുന്ന പദം ഉണ്ടായത് അങ്ങിനെയാണ്‌. 


ഒരു വർഷത്തിൽ ശരാശരി ഏകദേശം പതിനായിരം മില്യൻ ഡോളറിന്റെ ആയുധ വില്പന നടത്തുന്ന രാജ്യമാണ്‌ അമേരിക്കൻ ഐക്യനാടുകൾ. അതിന്റെ പകുതൊയോളം റഷ്യയും വില്പന നടത്തുന്നു (ചാർട്ടുകൾ കാണുക). ബ്രിട്ടനും ഫ്രാൻസിനും ജർമ്മനിക്കും അവരുടേതായ പങ്കുമുണ്ട്. ഇറാക്കിലെ യുദ്ധം കഴിഞ്ഞിരിക്കുന്നു. അഫ്ഘാനിസ്ഥാനിൽ നിന്ന് അമേരിക്കൻ ഭരണാധികാരികൾക്ക് നാണംകെടും വിധം പിൻവാങ്ങേണ്ടി വന്നിരിക്കുന്നു. സിറിയയിൽ റഷ്യക്കും അമേരിക്കക്കും എത്ര കാലം എങ്ങിനെ തുടരാൻ കഴിയുമെന്ന് ആർക്കുമറിയില്ല. സൗദി അറേബിയയും യെമനുമായുള്ള യുദ്ധത്തിന്റെ കെടുതികൾ അവിടുത്തെ യുദ്ധത്തെ തണുപ്പിച്ചിരിക്കുന്നു. ഇനിയെവിടെ ആയുധം വില്ക്കുമെന്ന ആയുധ നിർമ്മാണ വിപണന സമുച്ചയങ്ങളുടെ (military-industrial complex) ചോദ്യത്തിന്റെ ഉത്തരമാണ്‌ ഉക്രയിൻ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യുദ്ധങ്ങൾ ഒഴിവാക്കാൻ രൂപംകൊണ്ട ഐക്യരാഷ്ട്രസഭ നോക്കുക്കുത്തിയായി ലോകത്തിലെ ജനങ്ങളെ പല്ല്ലിളിച്ച് കാണിച്ചുകൊണ്ടേയിരിക്കുന്നു. ഈ യുദ്ധം ഒരു മൂന്നാം ലോക ന്യൂക്ലിയർ യുദ്ധമായി പരിണമിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനെ ഏതൊരു ലോകപൗരനും നിർവാഹമുള്ളു.


----------

* ഈ ലോകത്തിൽ ജീവിക്കാൻ അർഹതയുള്ള കഴുകൻ എന്ന് ജീവിയോട് മാപ്പ്. ഞങ്ങൾ മനുഷർ ഏത് ജീവിയേയും എങ്ങിനേയും നിർവചിക്കും.


(മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ചത്)

Tuesday, July 6, 2021

 

ഹൃദയപക്ഷ ചിന്തകൾ - 3

സ്ത്രീ സ്ത്രീപക്ഷം സമൂഹം

അമ്പഴയ്ക്കാട്ട് ശങ്കരൻ

വിസ്മയയുടെ കൊലപാതകം എന്ന് സംശയിക്കപ്പെടുന്ന മരണം (വ്യക്തിപരമായ അതൊരു കൊലപാതകം ആണെന്ന് കരുതുന്ന ആളാണ്‌ ഞാൻ, പക്ഷെ നിലവിലുള്ള ഉള്ള നിയമവ്യവസ്ഥിതി അത് സ്ഥിരീകരിക്കുന്നതിനുമുമ്പായി പറയുന്നില്ലെന്ന് മാത്രം) കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണല്ലോ. നമ്മുടെ നാട്ടിലെ പുരോഗമന സമൂഹം കരുതിയിരുന്നതുപോലെ സാമുഹികമായി കേരളം അത്രയൊന്നും പുരോഗതി പ്രാപിച്ചിട്ടില്ല എന്ന് ശബരിമല അനുഭവം നമ്മളെ പഠിപ്പിച്ചു. വ്യവസ്ഥാപിത, നവ മാദ്ധ്യമങ്ങളിൽ അതിന്റെ ചർച്ച ഉപരിവിപ്ലവമായും അല്ലാതെയും നടക്കുന്നുണ്ട്. ചർച്ചകൾ നല്ല കാര്യം തന്നെയാണ്‌. അനീതിക്കെതിരായ ഏത് പ്രവർത്തനവും ശ്ലാഘിക്ക്യപ്പെടേണ്ടതുമാണ്‌. ചർച്ച ചെയ്യാൻ മടിക്കുകയോ, ഭയപ്പെടുകയോ, ബോധപൂർവം മറയ്ക്കുകയൊ ചെയ്യുന്ന ചില പ്രവണതകൾ കാണുന്നുമുണ്ട്. സാമൂഹ്യ യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടച്ച്, വളരെ സങ്കിർണ്ണമായ ഒരു വിഷയത്തെ സമഗ്രമായി അപഗ്രഥിക്കുന്നതിനും ശരിയായ നിലപാടുകൾ സ്വീകരിച്ച് ദിർഘകലാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും പകരം അപ്രധാനമായ ഒന്നോ രണ്ട് വിഷയങ്ങളൂന്നിയുള്ള ചർച്ചകളാണ്‌ ഏറിയകൂറും പല കോണുകളിൽനിന്നും കാണുന്നത് എന്ന് പറയാതെ വയ്യ. ഇരുട്ടി വെളുക്കന്നതിനുമുൻപ് ഒന്നും പരിഹരിക്കാനും കഴിയില്ലെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്‌.

ചർച്ചകളുടെ ഒരു പൊതുസ്വഭവം

നമ്മുടെ ഭരണഘടനയും നിലവിലുള്ള നിയമങ്ങളും പര്യാപ്തമാണെന്നും സ്ത്രീകൾ ധൈര്യത്തോടെ അധികാരികളെ സമീപിക്കാൻ തായ്യാറായാൽ മതിയെന്ന് ഒരു അഭിപ്രായവും, അതല്ല, നിയമം മാത്രം പോരാ സർക്കാരുകളുടേയും രാഷ്ട്രിയ പാർട്ടികളുടേയും പൊതുസാമൂഹത്തിന്റെയാകെയും ശക്തമായ ഇടപെടലുകൾ വേണമെന്ന് മറ്റൊരു അഭിപ്രായവും ഗൗരവമായ ചർച്ചകളിൽ പങ്കെടുക്കുന്നവരിൽനിന്നും കേൾക്കുന്നുണ്ട്. കേരളത്തിന്റെ പശ്ചാത്തലത്തിൽ ആദ്യത്തെ അഭിപ്രായത്തിൽ ഭാഗികമായി ശരിയുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥനങ്ങളിലേയും അവസ്ഥ ഒരു പക്ഷെ അതാകാൻ സാദ്ധ്യതയുമില്ല. എന്നിരുന്നാലും രണ്ടാമത്തെ അഭിപ്രായത്തോടാണ്‌ ഞാൽ കൂടുതൽ യോജിക്കുന്നത്. അതിനുള്ള കാരണം പതിറ്റാണ്ടുകളായി നവോത്ഥാന-ഉത്പതിഷ്ണു-പുരോഗമന-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കുറൂള്ള ഒരു മണ്ണിൽ ശബരിമല പോലെയുള്ള വിഷയങ്ങളിൽ ജനതയുടെ ഭൂരിപക്ഷമല്ലെങ്കിലും വലിയ ഒരു വിഭാഗം എടുത്ത നിലപാട് അതിശയകരമാണ്‌ എന്നുള്ളതാണ്‌.

വിദ്യഭ്യാസവും സാമൂഹ്യബോധവും

ഇന്ത്യയിൽ നിലവിലുള്ള വിദ്യഭ്യാസം ഒരു പൗരനെ സംബന്ധിച്ചടത്തോളം പൂർണ്ണാർത്ഥത്തിൽ ജനാധിപത്യ-പൗര-സാമുഹ്യ-രാഷ്ട്രീയ അവബോധങ്ങൾ നല്കുന്നതാണെന്ന് കരുതാൻ വയ്യ. നാം ഇന്ന് നല്കുന്ന വിദ്യഭ്യാസ കരിക്കുലത്തിൽ മാറ്റം വരുത്തണമെന്ന അഭിപ്രായം ശക്തമാണ്‌. ഭരണഘടന, പൗരനറിയേണ്ട പ്രാഥിമക നിയമങ്ങളും അവകാശങ്ങളും കടമകളും, സ്ത്രീക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും ഉള്ള പ്രത്യേക നിയമങ്ങളും അവകാശങ്ങളും, തൊഴിൽനിയമങ്ങൾ തുടങ്ങി എന്തെല്ലാം കരിക്കുലത്തിൽ നിർബന്ധമാക്കണോ അതെല്ലാം എല്ലാ വിഭാഗം ജനങ്ങളുമായി ചർച്ച ചെയ്ത് നടപ്പാക്കണം. ലിംഗഭേദ (gender) വിഷയങ്ങൾ, സ്ത്രീ-പുരുഷ ബന്ധങ്ങളുമായിയുള്ള വിഷയങ്ങൾ, വ്യക്തി സ്വകാര്യത സ്ംബന്ധിച്ച അവബോധം നല്കുന്ന വിഷയങ്ങൾ തുടങ്ങിയവ കരിക്കുലത്തിന്റെ ഭാഗമാക്കണം. പ്രൈമറി തലം തൊട്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള വിദ്യഭാസസ്ഥാപനങ്ങൾ നിർത്തലാക്കുന്നതിന്‌ സമയബന്ധിത പരിപാടി ആവിഷ്ക്കരിക്കണം. ചില നിർദ്ദേശങ്ങൾ നല്കിയെന്നേയുള്ളു. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടേയും, വിദ്യഭ്യാസ വിചക്ഷണന്മാരുടേയും, പൊതുജനങ്ങളുടേയും അഭിപ്രായം സ്വരൂപിച്ച് ജനാധിപത്യ ചർച്ചയിലുടെ ഉരിതിരിഞ്ഞുവരുന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് മുന്നോട്ട് പോകണമെന്നാണ്‌ പറയനുള്ളത്.

സ്ത്രി പുരുഷ ബന്ധങ്ങളുടെ സങ്കീർണ്ണത

സ്ത്രീ-പുരുഷ ബന്ധം വളരെ സങ്കീർണ്ണമാണെന്ന് എല്ലാവർക്കും അറിയാം. ലൈഗീകത, സ്നേഹം, വെറുപ്പ്, വിധേയത്വം, കളങ്കം, മതം, പാപം, ആചാരങ്ങൾ തുടങ്ങി ഒരുപാട് വിഷയങ്ങൾ ആ സങ്കീർണ്ണതക്ക് ആഴം കൂട്ടുന്ന ഘടകങ്ങളാണ്‌. ഉപദേശിക്കൽ, ഗുണദോഷിക്കൽ, ഉത്ബോധിപ്പിക്കൽ തുടങ്ങിയ കൗൺസിലിങ്ങ് രീതികൾ കൊണ്ട് പരിഹരിക്കാവുന്നവയാണ്‌ പൊതുവെ ഇവയെല്ലാം. എന്നാൽ സ്ത്രീ-പുരുഷ ബന്ധത്തിലെ തുല്യത ഉറപ്പാക്കുന്നതിന്‌ നിലവിലുള്ള നിയമങ്ങൾ നടപ്പാകുന്നെണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ സർക്കാരിനും, നിയമ-നീതിന്യായ പാലകർക്കും, പൊതുസമൂഹത്തിനും ഉള്ള പങ്ക് ചെറുതല്ല.

സ്ത്രീ-പുരുഷ ബന്ധങ്ങളിൽ ചെറിയ അസ്വാരസ്യങ്ങളൂം വഴക്കുകളും സർവ സാധാരണമാണ്‌. ഇത്തരം അപസ്വരങ്ങൾ എങ്ങിനെ പരിഹരിക്കുമെന്നിടത്താണ്‌ ചില അതിർവരമ്പുകൾ അവശ്യമായി വരുന്നത്. വാക്കാലുള്ള അധിക്ഷേപം, ശാരീരിക ആക്രമണം, ലൈംഗീക ആക്രമണം തുടങ്ങി നിരവധി തരത്തിലുള്ള പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നുണ്ട്. അപൂർവം പുരുഷന്മാരും. വാക്കാലുള്ള അധിക്ഷേപത്തിനെതിരെ സ്ത്രീയുടെ വാക്കുകൾ മുഖവിലക്കെടുക്കുന്ന രീതിയിൽ നിയമം നിർമ്മിക്കുകയോ, നിയമങ്ങൾ ഉണ്ടെങ്കിൽ അത് നടപ്പാക്കുകയൊ ചെയ്യണം. ശാരീരിക ആക്രമണവും, ലൈഗീക ആക്രമണവും, സ്ത്രീയോ കുടുംബാംഗങ്ങളോ വേണ്ടെന്ന് ആവശ്യപ്പെട്ടാൽ പോലും, നടന്നു എന്ന് തെളിവുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നുള്ളത് നിയമം മൂലം ഉറപ്പാക്കണം. തെളിവുകൾ ലഭിക്കാനുള്ള വിഷമങ്ങൾ പുരുഷ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥിതിയിൽ സർവസാധാരാണമാണെന്ന് അറിയാതെയല്ല ഇത് പറയുന്നത്. എന്നാൽ വിദ്യഭ്യാസവും, സാമൂഹ്യബോധവും, നിയമബോധവും സ്ത്രീകളെ അതിന്‌ പ്രാപ്തരാക്കുമെന്നാണ്‌ ഞാൻ കരുതുന്നത്.

കുടുംബ ബന്ധങ്ങളിലെ ആണധികാരം

ചരിത്രപരമായ കാരണങ്ങളാൽ ലോകത്തിൽ എല്ലായിടത്തും ആണധികാരം ഒരു യാഥാർഥ്യമാണ്‌. അതിനെ മറികടക്കാനുള്ള ശ്രമങ്ങൾക്ക് ഒരു സമരചരിത്രമുണ്ട്. സ്ത്രീ വിമോചന പ്രസ്ഥാങ്ങൾ നടത്തിയ സമരങ്ങൾ, ഇടതുപക്ഷ-പുരോഗമന-ഉല്പതിഷ്ണു പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങൾ, വ്യക്തിഗത പോരാട്ടങ്ങൾ എന്നിവ് പൊതുയിടങ്ങളിലുള്ള ആൺ-പെൺ വിവേചനങ്ങളെ കുറച്ച് കൊണ്ടുവരുന്നതിന്‌ സഹായിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് അപ്രാപ്യമായ കുടുംബത്തിനുള്ളിലെ സ്ത്രീവിരുദ്ധ ചിന്തകൾ, നിലപാടുകൾ, അവസ്ഥകൾ പലപ്പോഴും ഭീകരമാകുന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയുണ്ട്. പഴയ കൂട്ടുകുടുംബവ്യവസ്ഥിതിയെ മഹത്വവത്ക്കരിക്കുന്നവർ ഇപ്പോഴും സമൂഹത്തിലുണ്ട്. സ്ത്രീയെ മെരുക്കി വിധേയപ്പെടുത്തുന്ന ഇടങ്ങളാണ്‌ കൂട്ടുകുടുംബങ്ങൾ. അതിൽ മെരുങ്ങിയ സ്ത്രീകൾ പിന്നീട് മെരുക്കലിന്റെ ഭാഗമായി തീരുന്നത് അതിശയകരമായ യാഥാർത്ഥ്യമാണ്‌. അണുകുടുംബങ്ങൾ വിവാഹമോചനം വർദ്ധിപ്പിക്കുന്നു എന്ന വിചിത്രവാദവും കേൾക്കാറുണ്ട്.

വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള ഒരു കരാറാണ്‌. അത് സ്ത്രീ-പുരുഷ, സ്ത്രീ-സ്ത്രീ, പുരുഷ-പുരുഷ, മറ്റു നിർവചിക്കപ്പെട്ട വിവിധ ജീവശാസ്ത്ര വിഭാഗങ്ങൾ തമ്മിലാകാം. അതിൽ കുടുംബവും മത-ജാതി സ്ഥാപനങ്ങളും ഗവർന്മെന്റും എന്തിന്‌ ഇടപെടുന്നു എന്ന് കരുതുന്നവരുണ്ട്. വിവാഹമോചനം വിധേയത്തിൽനിന്നുള്ള വിടുതിയും വിമോചനത്തിന്റെ ഒരു ഉപകരണവുമാണ്‌. അത്, സ്ത്രീ ഒരു പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗമെന്ന നിലക്ക്, അവരുടെ അവകാശമായി അംഗീകരിക്കയും നിയമനിർമ്മാണം നടത്തുകയും വേണം. അവർക്ക് ജനിക്കുന്ന കുട്ടികൾ എങ്ങിനെ വളരും എന്നുള്ളത് ഒരു നല്ല ചോദ്യമാണ്‌. പന്ത്രണ്ട് വയസ്സുവരെ, അച്ഛന്‌ കുട്ടിയെ സന്ദർശിക്കാനുള്ള അവകാശത്തോടെ, അമ്മയോടൊപ്പവും, അതിനുശേഷം, കുട്ടിയെ കൗൺസിലിങ്ങിന്‌ വിധേയമാക്കി കുട്ടിക്കിഷ്ടമുള്ള രക്ഷകർത്താവിനോടൊപ്പം വിടുകയും ചെയ്യാം (ഇത് പൊതുവെ പരിഗണിക്കാവുന്ന ഒരു നിർദ്ദേശം മാത്രമാണ്‌, ഇതിന്‌ സമാനമായ മറ്റു നിർദ്ദേശങ്ങളും ഉണ്ടാകുമെന്നറിയാം.). ഇതൊന്നും അത്ര ലളിത വിഷയങ്ങളല്ലെന്ന് വാദിക്കുന്നവരുണ്ടാകുമെന്ന് ഉറപ്പുണ്ട്. എന്നാൽ ആധൂനിക സമൂഹത്തിൽ, കുടുംബങ്ങളിൽ, സ്ത്രീപദവി പുരുഷനോടൊപ്പം ഉയരുന്നതോടെ ഇത്തരം വിഷയങ്ങൾ അപ്രധാനമാകുമെന്നാണ്‌ കരുതേണ്ടത്.

വിശ്വാസം മതം ആചാരം

മഹാഭൂരിപക്ഷം സന്ദർഭങ്ങളിലും വിശ്വാസം മതം ആചാരം എന്നിവ മനുഷ്യകുലത്തെ പിന്നോടിക്കാനേ ഉപകരിച്ചിട്ടുള്ളു. സതിക്കനുകൂലമായ പ്രകടങ്ങൾ നടന്ന നാടും, ബലാൽസംഗം ചെയ്തവനെ വിവാഹം കഴിക്കാൻ നിർദ്ദേശിക്കുന്നവരുടെ നാടുമാണിതെന്നോർക്കണം! “ബോയ്സ് വിൽ ബി ബോയ്സ്”, “റെഡി ടു വെയ്റ്റ്” എന്ന മുറവിളികൾ കൂട്ടിയവരുടെ നാടും!! ആയിരക്കണക്കിന്‌ വർഷം മുമ്പെഴുതിയ ഗ്രന്ഥങ്ങൾ, ചരിത്ര-സാഹിത്യ കൃതികളായി പരിഗണിക്കുന്നതിനുപകരം, ശാശ്വത സത്യങ്ങളും ചിന്തിക്കാതെ പിന്തുടരേണ്ടതാണെന്നും കരുതുന്നവരുടെ ലോകവും!!! ദേവാലയങ്ങളും, ആചാരങ്ങളും, ജാതി-മതസ്ഥാപനങ്ങളും മനുഷ്യസമൂഹത്തിന്‌ മുന്നോട്ട് പോകുന്നതിനും അവരുടെ മാനസികോല്ലാസത്തിനും ഉള്ള ഒരിടമെന്ന നിലയിൽ ഉയർത്തികൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രപഞ്ചത്തിന്റെ രഹസ്യവും, നിർവചിക്കാൻ കഴിയാത്ത ചില പ്രതിഭാസങ്ങളും, പ്രകൃതിയുടേയും ജീവജാലങ്ങളുടേയും മാസ്മരികതയും, ജനനം മരണം തുടങ്ങിയ അവസ്ഥകളും നിലനില്ക്കുന്നിടത്തോളം കാലം ഇത്തരം സ്ഥാപനങ്ങൾ അനിവാര്യമായിരിക്കാം. പക്ഷെ അത് മാറ്റത്തിന്‌ വിധേയമക്കാൻ കഴിയാത്തതാണെന്ന അതിന്റെ പ്രയോക്താക്കളുടെ അഹന്ത ഭരണഘടനക്കനുസൃതമായി നിയമം മൂലം അടിച്ചൊതുക്കണമെന്ന് പറയാതെ വയ്യ.

വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്‌ സ്ത്രീയേ “കെട്ടിച്ചയക്കുക” എന്നുള്ളത്. താലിയെന്ന കുരുക്കുമുറുക്കി സ്ത്രിയെ കന്നുകാലികളെ പോലെ അടുക്കളയാകുന്ന “തൊഴുത്തിൽ” കൊണ്ട് കെട്ടുകയാണ്‌ ആചാരം. ഈ ആചാരം വേണമോ വേണ്ടയോ എന്ന് പുരോഗമനസമൂഹം ഒന്നാകെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചില മാതാപിതാക്കൾക്ക് പെണ്മക്കൾ ഒരു “ഭാരവും” ഓഴിവാക്കപ്പെടേണ്ട “വസ്തു”വുമാണ്‌. ഭ്രൂണാവസ്ഥവയിൽ തന്നെ പേൺകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന സംഭവങ്ങൾ സ്ത്രീധനമെന്ന ഭയപ്പെടുത്തുന്ന ബോധചിന്തയുടെ ബഹിർസ്ഫുരണമാണ്‌. വിവാഹം ഒരു പുതിയ കുടുംബത്തിന്റെ ജനനമാണ്‌. അത് വിവാഹം കഴിക്കുന്നവരുടെ മാതാപിതാക്കളുടെ കുടുംബമല്ല. രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിചേരലിനെ നിയന്ത്രിക്കാനോ അവരുടെ അനുവാദമില്ലാതെ വിഷയങ്ങളിൽ ഇടപെടാനോ കുടുംബാങ്ങൾക്കോ സമൂഹത്തിനോ യാതൊരു അവകാശവുമില്ല.

പങ്കാളിത്തവും വിവാഹപുർവ ലൈംഗീകതയും

ഇനി പറയാൻ പോകുന്ന വിഷയങ്ങൾ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളാണെന്നറിയാം. പെൺകുട്ടികളെ രണ്ടാം കിട വ്യക്തികളായി വളർത്തുന്ന കുടുംബങ്ങൾ കേരളത്തിൽ ഇപ്പോഴും കാണാൻ കഴിയും. അവരുടെ സ്വാതന്ത്ര്യങ്ങൾ നിയന്ത്രിക്കുന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന പങ്ക് സങ്കടകരമാണ്‌. മീശ എന്ന നോവലിൽ “പെൺകുട്ടികൾ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തിൽ പോകുന്നത്?” എന്നി ചോദ്യമടക്കം തുടർന്നുള്ള വിവരണം “ആൺകുട്ടികൾ എന്തിനാണ്‌ മുണ്ട് മടക്കിക്കുത്തി നെഞ്ച് വിരിച്ച്, മേല്മുണ്ട് തോളത്തിട്ട് അമ്പലത്തിൽ പോകുന്നത്?” എന്നാക്കി അതിനനുസൃതമായി വിവരിച്ചിരുന്നെങ്കിൽ എസ്. ഹരീഷിന്റെ നോവൽ മാതൃഭൂമി തുടരുകയും അദ്ദേഹവും കുടുംബവും വീട്ടിൽ മന:സുഖത്തോടെ കിടന്നുറങ്ങാൻ കഴിയുകയും ചെയ്യുമായിരുന്നു. പെൺകുട്ടികൾ ആൺകുട്ടികളെപ്പോലെ ലൈംഗീക താത്പര്യം പ്രകടിപ്പിച്ചാൽ എന്താണ്‌ കുഴപ്പം എന്ന് ഒരു ടിവി ചർച്ചയിലും ചോദിച്ചതായി കണ്ടില്ല. സ്ത്രീയൂടെ ലൈംഗീക അഭിലാഷങ്ങൾ, അഭിനിവേശങ്ങൾ എന്നിവ വേശ്യയുടേതും, പുരുഷന്റേത് അഭിമാനത്തിന്റേയും ആയി മാറുന്ന സാമൂഹ്യബോധം മാറ്റുന്നതിന്‌ സ്ത്രീ-പുരുഷ പങ്കാളിത്തവും (dating) വിവാഹപൂർവ ലൈഗീകതയും സഹായകരമാകും. മാത്രമല്ല അത്തരം യാഥാസ്ഥിതിക മനോഭാവാങ്ങൾ കൊണ്ടു നടക്കുന്ന ചില പുരുഷകേസരികളുടെ കന്യകാസങ്കല്പ ആഭിജാത്യങ്ങൾ കുഴിച്ചുമൂടപ്പെടുകയും ചെയ്യും.

പശ്ചാത്യലോകത്ത് പതിറ്റാണ്ടുകളക്ക് മുൻപ് നടന്ന സ്ത്രീ വിമോചനസമരങ്ങളുടെ ഒരു തലം ലൈംഗീക സ്വാതന്ത്ര്യത്തിന്റെ ഉറച്ച പ്രഖ്യാപനങ്ങളും അത് നടപ്പിൽ വരുത്തുന്നതും ആയിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ അതിന്‌ പാകമായോ എന്ന് പറയാൻ കഴിയില്ലെങ്കിലും കേരളം അതിന്‌ പാകമായി എന്നാണ്‌ കരുതേണ്ടത്. അഥവാ അത്തരം മുന്നേറ്റങ്ങൾക്ക് സ്ത്രീ പ്രസ്ഥാനങ്ങൾ മുൻകൈ എടുക്കേണ്ട സമയമായിരിക്കുന്നു. അങ്ങിനെ ചെയ്യുന്നതിലൂടെ ലൈംഗീകത പ്രത്യുല്പാദനത്തിന്‌ മാത്രമല്ല ആസ്വദിക്കാനും കൂടിയുള്ളതാണ്‌ എന്ന സത്യം എല്ലാവരേയും ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞേക്കും. വളരെ പരിമിതമായ തോതിൽ ഇപ്പോൾ കേരളത്തിൽ നിലവിലുണ്ടെങ്കിലും, വിവാഹത്തിനുമുമ്പ് ഒരു കാലയളവ് ഒരുമിച്ച് ജീവിക്കുന്ന പശ്ചാത്യ രീതി കേരളത്തിൽ അവലംബിക്കാവുന്നതാണ്‌. ഒരുമിച്ച് ജീവിച്ചിട്ട് പരസ്പരം മനസ്സിലാക്കി തുടർന്നങ്ങോട്ട് ഒരുമിച്ച് ജീവിക്കണമമോ വേണ്ടയോ എന്ന് തീരുമാനിക്കാനും വിവാഹമോചനത്തിന്റെ നൂലാമാലകൾ ഒഴിവാക്കാനും കഴിയും. മാത്രമല്ല ഇത്തരം നിലപാടുകൾ സ്ത്രീ പുരുഷബന്ധങ്ങളെ കാലക്രമത്തിൽ കൂടുതൽ ആസ്വാദ്യവും സുദൃഢവുമാക്കും.

‘സ്ത്രീധനവും’ സ്ത്രീക്ക് അവകാശപ്പെട്ട ‘സ്വത്തും’

സ്ത്രീധനം, വിവാഹസമ്മാനം, സ്ത്രീയുടെ സ്വത്തവകാശം എന്നിവ ഒന്നാണെന്ന തരത്തിൽ ചർച്ചകൾ പലപ്പോഴും ഉണ്ടാകാറുണ്ട്. സ്ത്രീധനത്തിന്റെ നിർവചനത്തിൽ ഒരെണ്ണം കണ്ടത് “വധുവിന്റെ ഉപയോഗത്തിനായി വരന്ന് ശ്വശുരൻ നല്കുന്ന ധനം” എന്നാണ്‌. അത് വധുവിന്‌ നല്കിയാൽ പോരെ എന്ന ചോദ്യത്തിന്‌ സാംഗത്യമില്ല. ആചാരങ്ങൾക്ക് അർത്ഥമില്ലല്ലോ. വിവാഹത്തിന്റെ ഭാഗമായി വധുവിന്റെ വീട്ടുകാർ വരനോ വരന്റെ മാതാപിതാക്കൾക്കോ വീട്ടുകാർക്കോ കോടുക്കുന്ന എന്തും സ്ത്രീധനമാണ്‌. അത് ഒരു സാമൂഹ്യ ദു:രാചാരമാണ്‌. വിവാഹസമ്മാനം വരനോ വധുവിനോ മറ്റുള്ളവർ കൊടുക്കുന്ന സമ്മാനമാണ്‌. വധുവിന്റെ കുടുംബം വിവാഹത്തിന്റെ ഭാഗമായി വരന്റെ നേരിട്ടുള്ള കുടുംബത്തിന്‌ എന്ത് നല്കിയാലും അത് സ്ത്രീധനം തന്നെയാണ്‌. അത് ഇന്ത്യയിൽ നിയമപരമായി നിരോധിച്ചതാണ്‌.


സ്ത്രീക്ക് അവകാശപ്പെട്ട സ്വത്ത് എങ്ങിനെ കൈകാര്യം ചെയ്യണമെന്നുള്ളത് ഒരു സങ്കീർണ്ണ പ്രശ്നമാണ്‌. കുടുംബ സ്വത്താണെങ്കിൽ തുല്യമായി പങ്ക് വെക്കണമെന്ന് നിയമമുണ്ട്. മാതാപിതാക്കളുടെ സ്വയാർജിത സ്വത്തുകൾ അവർക്ക് ഇഷ്ടം പോലെ

വിഭജിച്ച് കൊടുക്കാം. ആണധികാര കുടുംബക്രമത്തിൽ തന്റെ ആണ്മക്കളെ ഒന്നാമതായി കാണുന്ന നിരവധി അച്ഛനമ്മമാർ ഇപ്പോഴുമുണ്ട്. വിവാഹ സമയത്ത് തന്നെ തന്റെ വിഹിതം കിട്ടിയില്ലെങ്കിൽ അത് പിന്നീട് കിട്ടുന്നതിന്‌ വൈഷമ്യങ്ങൾ നേരിടെണ്ടി വരുമെന്ന് ഭയപ്പെടുന്ന സ്ത്രീകളും, അവരുടെ ശശ്വരന്റെ കുടുംബാംഗങ്ങളും ധാരാളമുണ്ട്. ഇതെല്ലാം സ്ത്രീക്ക് അവകാശപ്പെട്ട സ്വത്തിന്റെ കൈകാര്യം ചെയ്യൽ കൂടുതൽ വൈഷമ്യം നേരിടും. ഇത്തരം സന്ദർഭങ്ങളിൽ, സ്ത്രീകളുടെ പേരിൽ ബങ്ക് ഡെപ്പോസിറ്റ്, വീട് ഭൂമി എന്നിവ രെജിസ്റ്റർ ചെയ്യൽ, പേരക്കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് കൈമാറൽ തുടങ്ങി സ്ത്രീകളേയും അവരുടെ കുട്ടികളേയും സുരക്ഷിതമാക്കുന്ന നടപടികൾ എടുക്കാവുന്നതാണ്‌. ആവശ്യപ്പെട്ടാൽ ഉപദേശങ്ങൾ നല്കാമെന്നല്ലാതെ മറ്റുള്ളവർക്ക് ഇത്തരം ക്രയവിക്രയങ്ങളിൽ ഇടപെടുന്നതിൽ പരിമിതിയുമുണ്ട്. സാമൂഹ്യ-പൗര ബോധത്തിൽ മാറ്റം വരാതെ ഇത്തരം വിഷയങ്ങൾക്ക് പൂർണ്ണമായും പരിഹാരമൂണ്ടാകില്ലെന്നാണ്‌ കരുതേണ്ടത്.

നീതിന്യായ-ഭരണ നിർവ്വഹണം

സ്ത്രീ ശാക്തീകരണം, സ്ത്രീ സുരക്ഷ, ബോധവത്ക്കരണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ പങ്ക് നിർണ്ണായകമാണ്‌. പുരോഗമന വീക്ഷണമുള്ള ഗവന്മെന്റിന്റെ സാന്നിദ്ധ്യം ഇതിനെല്ലാം അനിവാര്യമാണ്‌. മാർഗഭ്രംശങ്ങളുണ്ടെങ്കിലും നമ്മൂടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും പൊതുവെ പറഞ്ഞാൽ പക്വവും ആശ്രയിക്കാവുന്നതുമാണ്‌. എന്നാൽ ഭരണ നിർവ്വഹണ വിഭാഗവും പോലിസും ഇപ്പോഴും ഒരു ആധൂനിക ജനാധിപത്യ വ്യവസ്ഥിതിക്ക് അനുയോജ്യമാണെന്ന് പറയുക വയ്യ. പുരോഗമന-ഉത്പതിഷ്ണൂ വിഭാഗങ്ങളുടെ ശക്തമായ ഇടപെടൽ സ്ത്രീ ശാക്തീകരണത്തിന്റെ അടിസ്ഥാന ഉപകരണമാണ്‌. ദീർഘവീക്ഷണമുള്ള ഒരു ഗവർന്മെന്റ് വരുന്ന ഒരു തലമുറയെ ലക്ഷ്യമാക്കി നിശ്ചയിക്കപ്പെട്ട കാലയളവിൽ കാര്യപരിപാടി ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.

*

Friday, April 16, 2021

 

ലേഖനം

ഹൃദയപക്ഷ ചിന്തകൾ - 2

അമ്പഴയ്ക്കാട്ട് ശങ്കരൻ

എന്തുകൊണ്ട് തുടർഭരണം?

കേരളത്തിൽ ഏപ്രിൽ 6 ന്‌ നടക്കാൻ പോകുന്ന അസബ്ലി തെരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയം “തുടർഭരണം” ഉണ്ടാകുമോ എന്നുള്ളതാണ്‌. ഏകദേശം മൂന്നര കോടി ജനങ്ങളുള്ള കേരളത്തിൽ രണ്ടര കോടിയിലധികം വോട്ടർമാരുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും തമ്മിലാണ്‌ പ്രധാന പോരാട്ടം. ദേശീയ ജനധിപത്യ ഐക്യം അതിന്റെ സാന്നിദ്ധ്യം കുറച്ചുകാലമായി അറിയിക്കുന്നുമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡണ്ട് എന്ത് അവകാശവാദങ്ങൾ ഉന്നയിച്ചാലും ദേശീയ ജനാധിപത്യം ഐക്യം അധികാരത്തിൽ വരുമെന്ന് കരുതുന്നവരുണ്ടെങ്കിൽ അവർ മൂഢസ്വർഗത്തിലാണെന്ന് പറയാതെ വയ്യ. ആദ്യമായി ഇടതുപക്ഷത്തിന്റെ തുടർഭരണം കേരളത്തിൽ ഉണ്ടാകുമെന്നാണ്‌ ദൃശ്യ-അച്ചടി-സമൂഹ മാദ്ധ്യമങ്ങൾ അവരുടെ ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിൽ പറയുന്നത്. അത് വിശസിക്കാതിരിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. കൂടാതെ, പഠിച്ച പതിനെട്ട് അടവുകളും രാഷ്ട്രിയ സത്യസന്ധതയില്ലാതെ പ്രതിപക്ഷം പയറ്റിയിട്ടും, തദ്ദേശാ സ്വയഭരണ തെരഞ്ഞെടുപ്പിൽ അവർക്ക് ഭൂരിപക്ഷം ഭരണസമിതികളിലും മേൽകൈ നേടാനായില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നു തന്നെയാണ്‌. എത്രം സീറ്റിന്റെ, വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ തുടർഭരണം ഉണ്ടാകുക എന്നുള്ളതേ ആലോചിക്കേണ്ടതുള്ളു. അവസാനവാക്ക് വോട്ടർമാരുടെ കൈകളിലാണെന്ന കാര്യം മറന്നുകൊണ്ടല്ല ഇങ്ങിനെ പറയുന്നത്. ജനങ്ങൾക്ക് മാറി ചിന്തിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല എന്നുള്ള യുക്തിയാണ്‌ പ്രവചനത്തിന്റെ ആധാരം.

പിതൃശൂന്യവാർത്തകളും (ഈ വാക്ക് കണ്ടുപിടിച്ചത് സ്വരാജല്ലെങ്കിലും, സ്വരാജിനും അതിന്‌ ഏറെ പ്രചാരം നല്കിയ മാദ്ധ്യമങ്ങളോടും കടപ്പാട്) , അസത്യങ്ങളൂം, അർദ്ധസത്യങ്ങളും, വളരെ കുറച്ച് സത്യങ്ങളും കൂട്ടികുഴച്ച് കുഴമ്പുരൂപത്തിലാക്കി ജനങ്ങൾക്ക് സേവിക്കാൻ നല്കുന്നവരുടെ കാപട്യം തുറന്ന് കാട്ടുവാനുള്ള ഒരു എളിയ ശ്രമമാണ്‌ ഈ ലേഖനം. കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ ഇടതുപകഷത്തിന്റെ പുരോഗമന കാഴ്ച്ചപ്പാടും, വലതുപക്ഷത്തിന്റെ മുതലാളിത്ത കാഴച്ചപ്പാടും മാറ്റുരക്കുനതിനുപകരം കുളം കലക്കി മീൻ പിടിക്കാനുള്ള വിഫല ശ്രമത്തിലാണ്‌ പ്രതിപക്ഷം ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളിൽ ധനത്തിനും സമ്പത്തിനും ആർത്തി വളർത്തി ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയുമെന്നും അത് പിന്നിട് സ്വമേധയാ രാജ്യത്തിന്റെ വികസനത്തിലും ജനങ്ങളുടെ നിലവാരത്തിലും പുരോഗതിയിലും കലാശിക്കുമെന്നും ഉള്ള മുതലാളിത്ത കഴ്ച്ചപ്പാടിനെ, യൂറോപ്പിലേയും അമേരിക്കൻ ഐക്യനാടുകളിലേയും വലതുപക്ഷ സാമ്പത്തിക വിദഗ്ദ്ധർ പ്രചരിപ്പിക്കുന്നതുപോലെ, എന്തുകൊണ്ട് ഇവിടുത്ത പ്രതിപക്ഷം ഏറ്റുടുക്കുന്നില്ല (ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ചില വ്യക്താക്കൾ അങ്ങിനെ ചില ശ്രമങ്ങൾ നടത്തുന്നത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്) എന്നുള്ളത് ഒരു പ്രഹേളികയാണ്‌.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പാഠം

കഴിഞ്ഞ പഞ്ചായത്തിൽ തെരഞ്ഞെടുപ്പിൽ വലതുപക്ഷവും മതപക്ഷവും പ്രചരിപ്പിക്കൻ ശ്രമിച്ച ആരോപണങ്ങൾ ഭൂരിപക്ഷം ജനങ്ങളും തള്ളിക്കളയുകയാണ്‌ ഉണ്ടായത്. സ്വർണ്ണ കള്ളക്കടത്ത്, സ്പീക്കറെ ഒരു വിവാദത്തിലേക്ക് വലിച്ചിഴച്ചത്, മന്ത്രി ജലീലുമായി ബന്ധപ്പെട്ട ഖുറാൻ-ഈന്തപ്പഴ-സ്വർണ്ണ-ഈഡി വിവാദങ്ങൾ, ശിവശങ്കറിനേയും സ്വപ്നയേയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചത്, കെ-ഫോൺ (Kerala Fiber Optic Network (K-FON) - ബെവ്ക്യു (Beverage Queue) - സ്പ്രിംഗളർ അഴിമതി ആരോപണങ്ങൾ എന്നിവ പ്രതിപക്ഷം ആയുധമാക്കുകയും മദ്ധ്യമങ്ങൾ ഉത്സവമാക്കുകയും ചെയ്തിട്ടും ആർത്തിയുടെ വ്യവസ്ഥിതിയിൽ മുങ്ങിക്കുളിക്കുകയും അതിനെ തങ്ങളുടെ തത്വശാസ്ത്രമാക്കുകയും ചെയ്തിട്ടുള്ള പ്രതിപക്ഷത്തെ വലിയൊരു വിഭാഗം ജനങ്ങൾ വിശ്വസിച്ചില്ല. 2016-ലെ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അഴിമതി ഇല്ലാതാക്കുമെന്ന നടപ്പാക്കിയ വാഗ്ദാനവും, അപവാദങ്ങളുണ്ടെങ്കിലും, ഉദ്യോഗസ്ഥ തലത്തിലെ അഴിമതി കുറച്ചതും ഇടതുപക്ഷത്തിന്‌ തുണയായി. അഴിമതിയുടെ കാര്യത്തിൽ തുല്യത ഇല്ലാത്ത രണ്ട് മുന്നണികൾ തുല്യമാണെന്ന് വരുത്താനുള്ള പാഴ്ശ്രമങ്ങൾ വിഫലമായി. ഇടതുമുന്നണിയെ നന്നാക്കാനു ഇടതുപക്ഷ വിമതരുടേയും സ്വതന്ത്ര വിദൂഷകരുടേയും അദ്ധ്വാനങ്ങൾ, കവി ശ്രീ ചൂള്ളിക്കാട് പറഞ്ഞതുപോലെയായി (“ഇവർ എത്ര ശ്രമിച്ചിട്ടും മാർക്സിസ്റ്റ് പാർട്ടി ഒട്ടും നന്നായതുമില്ല“). പതിറ്റാണ്ടുകളായി സംഘടന തെരഞ്ഞെടുപ്പ് നടത്താത്തവരുടെ പിണറായി ഏകാധിപതിയാണെന്ന വായ്ത്താരിയും, ”മുണ്ടുടുത്ത മോദി“യെന്ന വാദവും കക്ഷിരാഷ്ട്രിയമില്ലാത്ത ജനവിഭാഗങ്ങളിൽ ജുഗുപ്സ ഉളവാക്കി. എന്റെ ഉപദേശം കോൺഗ്രസിന്‌ ആവശ്യമില്ലെങ്കിലും ഇത് പറയാതെ വയ്യ. നിങ്ങൾക്ക് ഒരു നല്ല പ്രതിപക്ഷമെങ്കിലും ആകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ രാഷ്ട്രീയ സത്യസന്ധത പുലർത്തണം, വർഗീയതയില്ലാത്ത മുതലാളിത്ത തത്വശാസ്ത്രം പിന്തുടരണം, നിശ്ചയിക്കപ്പെട്ട ഇടവേളകളിൽ ബൂത്ത് കമ്മിറ്റിമുതൽ അഖിലേന്ത്യ പ്രവർത്തക സമിതി വരെ തെരഞ്ഞെടുപ്പ് നടത്തണം, തെരഞ്ഞെടുപ്പുകൾക്ക് മുൻപ് വികസിത മുതലാളിത്ത രാജ്യങ്ങളിൽ ഉള്ളതു പോലെ ”പ്രൈമറികൾ“ അഥവാ സംഘടനാതലത്തിൽ പ്രാഥമിക മത്സരങ്ങൾ നടത്തണം, നെഹ്രൂ-ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം പൂർണ്ണമായും തുടച്ചുനീക്കണം, മുതലാളിത്തത്തിൽ സർവ സാധാരണമായ നിശ്ചിത കമ്മീഷനുകൾ നിയമവിധേയമാക്കുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നല്കണം (ഇതൊന്നും ഇടതുപക്ഷത്തിന്റെ ലക്ഷ്യമോ, പുരോഗമനവാദികളുടെ ആഗ്രഹമോ അല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുതലാളിത്ത ജനാധിപത്യ വ്യവസ്ഥിതിയിലെ നിയമങ്ങളെങ്കിലും അനുസരിക്കണമെന്ന് വലതുപക്ഷത്തോട് ആവശ്യപ്പെടുകയാണ്‌ ചെയ്യുന്നത്). ഇത് വായിക്കുമ്പോൾ ആരോടാണിതൊക്കെ പറയുന്നത് എന്ന അത്ഭുതം കൂറുന്നുവർ ഉണ്ടാകുമെന്ന് എനിക്കറിയാം. അതിനുള്ള മറുപടി നന്നാവുമെങ്കിൽ നന്നാവട്ടെ എന്ന് മാത്രമാണ്‌.

ആരോപണങ്ങളിലെ കഴമ്പ്

നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉന്നയിച്ച വിഷയങ്ങൾ ആവർത്തിക്കുന്നതിന്റെ തീവ്രത അല്പം കുറഞ്ഞിട്ടുണ്ട്. മാദ്ധ്യമങ്ങൾ അവരുടെ ജാള്യത മറക്കാൻ കഴിയാതെ ഇളിഭ്യരായി ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ശബരിമല, ആഴക്കടൽ മത്സ്യ ബന്ധന വിവാദം, അദാനിയുമായി വൈദ്യുതി കച്ചവടം എന്ന ആരോപണം, പൗരത്വ ഭേദഗതി നിയമം, പി എസ് സി നിയമനങ്ങളുമായി ഉയർന്നുവന്ന വിഷയങ്ങൾ, ബന്ധുനിയമനങ്ങൾ എന്നിവയടക്കം നിരവധി കാര്യങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നുണ്ട്. എല്ലാത്തിനും മറുപടികൾ പറയേണ്ട ഉത്തരവാദിത്തം ഇടതുമുന്നണിക്കുണ്ട്. അതിനെല്ലാം ഫലപ്രദമായി ഇടതുപക്ഷ മുന്നണി ഉത്തരം പറയുന്നുണ്ടെന്നാണ്‌ കരുതേണ്ടത്. മാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ ഉള്ളതുകൊണ്ടും, ഇലക്ഷൻ കഴിഞ്ഞാൽ മാത്രമെ ജനത്തിന്റെ മനസ്സിലെന്തെന്ന് പൂർണ്ണമായി അറിയാൻ കഴിയുകയുള്ളു എന്നതുകൊണ്ടും, ഇതെല്ലാം പലതലങ്ങളിൽ വിശദമായി പ്രതിപാദിച്ചതുകൊണ്ടും, വിസ്താരഭയത്താൽ മേൽ പറഞ്ഞ വിഷയങ്ങളിലേക്ക് കടക്കുന്നില്ല.

പ്രകടനപത്രികയുടെ പ്രാധാന്യം

ഇടതുപക്ഷ മുന്നണിയെ മറ്റു മുന്നണികളിൽ വ്യത്യസ്തമാക്കുന്നത് ഓരോ ഇടതുപക്ഷ ഭരണത്തിലും വ്യത്യസ്തവും നവീനമായ പദ്ധതികൾ ആവഷ്ക്കരിച്ച് നടപ്പാക്കുകയോ നടപ്പാക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട് എന്നുള്ളതാണ്‌. 1957 മുതലുള്ള കമ്മ്യൂണിസ്റ്റ്- ഇടതുപക്ഷ-ജനാധിപത്യ ഭരണങ്ങൾ അതിനുള്ള ഉദാഹരണങ്ങളാണ്‌. ഭൂപരിഷ്ക്കരണം, വിദ്യഭ്യാസ ബില്ല്, അധികാരവികേന്ദ്രീകരണം, സാക്ഷരത യജ്ഞം, ജനകീയാസൂത്രണം, കുടുംബശ്രീ എന്നിവ അത് സാക്ഷ്യപ്പേടുത്തുന്നു. അതിന്റെ നയങ്ങൾക്ക് വർഗപരമായ ഒരു കാഴചപ്പാടുണ്ട്. അത് സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവർക്ക് മുൻഗണന നല്കുന്നു. നേരത്തെ പറഞ്ഞ പദ്ധതികൾ അതിന്റെ പൊതു കാഴ്ചപ്പാടുകൾക്ക് എല്ലായ്പ്പോഴും യോജിച്ചതായിരിക്കും.

മേൽപറഞ്ഞ കാഴച്ചപ്പാടാണ്‌ അതിന്റെ പ്രകടനപത്രികയിൽ പ്രതിഫലിക്കുക. 2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ച പ്രകടനപത്രിയുടെ പ്രധാന ലക്ഷ്യം മതനിരപേക്ഷ കഴ്ച്ചപ്പാടോടെ അഴിമതിയില്ലാത്ത വികസന കേരളമായിരുന്നു. അത് മുന്നോട്ട് വെച്ച 500 ഇനങ്ങളിൽ 480 നടപ്പാക്കി A+ ഗ്രേഡ് നേടി. പ്രകടനപത്രിക നടപ്പാക്കാനുള്ളതാണെന്ന് എല്ലാക്കാലത്തും ഇടതുപക്ഷമുന്നണിയും സിപിയെമ്മും തെളിയിച്ചിട്ടുണ്ട്. ബിജെപ്പിയുടെ മുൻ പ്രസിഡണ്ട് ശ്രീധരൻപ്പിള്ള “പ്രകടന പത്രിക നടപ്പാക്കാനാണോ?“ എന്ന് അത്ഭുതം കൂറിയതും ഈ നാട്ടിലാണെന്ന് ഓർക്കണം!!

ഇത്തവണത്തെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള പ്രധാന ലക്ഷ്യം ”നവകേരള നിർമ്മിതി“യാണ്‌. ലോകോത്തര നിലവാരത്തിലേക്ക് കേരളം വളരേണ്ടതുണ്ട്. 50 വിഭാഗങ്ങളിലായി 900 ഇനങ്ങൾ നടപ്പാക്കുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം എന്ന് ഞൻ കരുതുന്നത് ”ജ്ഞാന സമൂഹം സുസ്ഥിരവികസനം“ എന്ന സങ്കല്പമാണ്‌. വളർച്ച, സാമൂഹ്യനീതി, തുല്യത എന്നിവ പരിണിത ഫലമായിരിക്കും. കേരളത്തിലെ ജനസാന്ദ്രതയും പ്രകൃതി സമ്പത്തും കണക്കിലാക്കിയാൽ, വൻകിട പ്രകൃതി മലിനീകരണ വ്യവസായ ശാലകൾക്കല്ല, വിവരസാങ്കേതിക വിദ്യയിൽ അടിസ്ഥാനമാക്കിയയ് സമ്പദ് വ്യവസ്ഥക്കാണ്‌ പ്രാമുഖ്യം നൽകേണ്ടത്. പ്രകൃതിയെ നശിപ്പിക്കാത്ത ശസ്ത്രീയ കൃഷി, സേവന മേഖലകൾ, ടൂറിസം എന്നിവ അതിന്റെ സാദ്ധ്യതകളാണ്‌. 40 ലക്ഷം തൊഴിലവസരങ്ങൾ, അതിൽ 20 ലക്ഷം അഭ്യസ്തവിദ്യർക്കാണ്‌, സൃഷ്ടിക്കുമെന്നുള്ള വാഗ്ദാനം കേരളത്തിന്റെ മുഖഛായ തന്നെ മാറ്റും. ഓഖിയും (Cyclone Ockhi), നിപ്പയും (Nipah virus) രണ്ട് വെള്ളപ്പൊക്കവും കോവിഡും ഉണ്ടായിട്ടും വികസന പ്രവർത്തനങ്ങൾ മുടങ്ങാതെ പോയത് ഇടതുമുന്നണിയുടെ നിശ്ചയധാർഡ്ഢ്യവും ബഹുജനങ്ങളുടെ കൂട്ടായ്മയുമാണ്‌.

പ്രവാസി പുനരധിവാസം:

അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, സ്റ്റാർട്ടപ്പ് സംരഭത്തിനുള്ള വായ്പകൾ, വിപണന ശൃംഖല, യോജിപ്പിച്ച ഏകോപിത തൊഴിൽ പദ്ധതി തുടങ്ങിയവ പ്രവാസികൾക്ക് സഹായമാകും. കൂടാതെ പ്രവാസി കമ്പനികളും സഹകരണ സംഘങ്ങളും ശക്തിപ്പെടുത്തുമെന്ന് പറയുന്നുണ്ട്. നേഴ്സ്-മാർക്കുള്ള പ്രത്യേക പരിശീലനം അവർക്ക് ലഭിക്കാവുന്ന വിദേശ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും. പ്രവാസി ചിട്ടി അവർക്ക് വേണ്ടിയുള്ള പ്രോവിഡണ്ട് സ്കീമും ഗുണകരമാണ്‌. ലോക കേരള സഭ, ഇപ്പോൾ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് നികത്തി ശക്തിപ്പെടുത്തുമെന്ന് പറയുന്നുമുണ്ട്.

കഴിഞ്ഞ മാനിഫെസ്റ്റോയിലെ പ്രവാസി-മറുനാടൻ മലയാളി ക്ഷേമം, പ്രവാസികളുടെ ഡാറ്റ ബാങ്ക്, വിവിധ പ്രവാസി സംഘടനകളുടെ ഗ്ലോബ് മീറ്റ്, പ്രവാസികൾക്ക് തൊഴിലുമയി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള സഹായങ്ങൾ, NORKA യുമായി ബന്ധപ്പെട്ട സഹായങ്ങൾ, അവർക്കുള്ള വായ്പാ പരിഗണന ഇങ്ങിനെ നിരവധി കാര്യങ്ങൾ കഴിഞ്ഞ പ്രകടനപത്രികയിൽ ഉണ്ടാവുകയും അത് നടപ്പക്കുകയും ചെയ്തിട്ടുണ്ട്. പൈതൃക ടൂറിസം പദ്ധതി, ടൂറിസത്തിന്‌ വേണ്ടിയുള്ള പശ്ചാത്തല സൗകര്യങ്ങൾ, മലബാറിലെ ടൂറിസത്തിനുവേണ്ട പ്രത്യേക മുൻഗണന, കോവിഡനന്തരം പ്രത്യേകം പദ്ധതികൾ എന്നിവ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

എല്ലാ തെരഞ്ഞെടുപ്പ് കാലത്തും പ്രകടനപത്രിക ചർച്ച വിഷയമാവാറുണ്ടെങ്കിലും ഇത്തവണ അതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിൽ ഇടതുമുന്നണി അഭൂതപുർവമായ പങ്ക് വഹിച്ചു. ജനജീവിതത്തെ ബാധിക്കുന്ന പെട്രോളിന്റെയും പാചകവാതത്തിന്റേയും വില ജനങ്ങൾക്ക് അസഹ്യമാം വിധം കുതിച്ചുകയറിയത് ദേശീയ ജനാധിപത്യ മുന്നണിയുടെ വിദേശ സഹ മന്ത്രി മുരളിധരൻ അടക്കമുള്ള നേതാക്കളെ അപഹാസ്യരാക്കി. ന്യായീകരണങ്ങൾ ട്രോളുകളുടെ പ്രവാഹത്തിന്‌ ഇടയാക്കി. ഭാവിയിൽ എല്ലാ പ്രകടനപത്രികകളും ജനങ്ങളുടെ പരിശോധനക്ക് വിധേയമാകുമെന്ന് പ്രത്യാശിക്കാം.

എന്താണ്‌ വികസനം?

വികസനത്തെക്കുറിച്ച് ഇടതുപക്ഷത്തിന്റേയും വലതുപക്ഷത്തിന്റേയും കാഴ്ച്ചപ്പാടുകൾക്ക് അജഗജാന്തരമുണ്ട്. നിലനില്ക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയിൽ അതിന്റെ ഭരണഘടനക്കും നിയമങ്ങൾക്കും വിധേയമായി രാജ്യത്തിൽ പൊതുവായും സംസ്ഥാനങ്ങളിൽ വിശേഷിച്ചും ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്നാണ്‌ ഇടതുപക്ഷം ചിന്തിക്കുന്നത്. ഇതുമായി, വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആത്യന്തിക ലക്ഷ്യങ്ങളായ രാജ്യാതിർത്തികൾക്കുള്ളിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന സോഷ്യലിസ്റ്റ് സമൂഹവും (“എല്ലാവർക്കും അവരുടെ കഴിവിനനുസരിച്ച്”), പിന്നീട് ഉന്നതമായ മാനുഷ്യിക മൂല്യങ്ങളും ഏറ്റവും ഉയർന്ന ബോധനിലവാരവും ഉള്ള, ലോകനിലവാരത്തിൽ മാത്രം സാർത്ഥകമാകുന്ന കമ്മ്യൂണിസ്റ്റ് ലോകവും (“എല്ലാവർക്കും അവരുടെ ആവശ്യത്തിനനുസരിച്ച്”) താരതമ്യം ചെയ്യരുത്.

വലതുപക്ഷം ഉത്പാദനത്തിൽ ഊന്നൽ കൊടുക്കുമ്പോൾ, ഇടതുപക്ഷം ഉത്പാദനത്തിലും അതിന്റെ വിതരണത്തിലും ഊന്നൽ നല്കുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നില്ക്കുന്നവരുടെ ഇടയിലേക്ക് വികസനം എത്തുന്നതിൽ ഇടതുപക്ഷത്തിന്‌ നിശ്ചയദാർഢ്യമുണ്ട്. ഈ കാഴച്ചപ്പാടിന്റെ അടിസ്ഥാനങ്ങളിലാണ്‌ ഇടതുപക്ഷവും വിശിഷ്യ കമ്മ്യൂണിസ്റ്റ് പാർട്ടികളും അതത് കാലത്തെ അതിന്റെ നയങ്ങൽ നടപ്പാക്കുന്നത്. ഇത് മനസ്സിലാക്കാതെ വിഷയങ്ങൾ അടർത്തിയെടുത്ത്, സാഹചര്യങ്ങൾ വിലയിരുത്താതെ എന്തും വിളിച്ചു പറയുന്നവരുടെ ഒരു കൂട്ടമായി പലപ്പോഴും വലതുപക്ഷവും മതപക്ഷവും മാറുന്നത് ചിലപ്പോൾ നാം കാണാറുണ്ട്. അതിന്റെ ചില ഉദാഹരണങ്ങൾ, ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ഇകഴ്ത്തുന്നതിനുവേണ്ടി പറഞ്ഞു പരത്തുന്ന ചില പ്രസ്താവനകൾ, താഴെ കൊടുക്കുന്നു. വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമല്ല ഇതിലുള്ളത്. അതുപോലെ തന്നെ എല്ലാത്തിനും ഇത്തരമൊരു ചെറു ലേഖനത്തിൽ മറുപടി പറയുക അസാദ്ധ്യവുമാണ്‌. പൊതുവെ പ്രചരിക്കുന്ന പ്രധാനമെന്ന് തോന്നിയ ചില സംശയങ്ങൾക്കാണ്‌ ഇവിടെ ഉത്തരം നൽകാൻ ശ്രമിക്കുന്നത്

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്തു

ഇന്ത്യൻ സാതന്ത്ര്യ സമരത്തിൽ വിവിധ രാഷ്ട്രിയ പാർട്ടികൾ, മതസംഘടനകൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, ഗ്രൂപ്പുകൾ, പ്രമുഖ, വ്യക്തികൾ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായിട്ടുണ്ട്. സ്വാതന്ത്ര്യത്തെക്കൂറിച്ചുള്ള അവരുടെ കാഴ്ച്ചപ്പാടുകൾ വ്യത്യസ്തങ്ങളാണ്‌. അന്നത്തെ കോൺഗ്രസ് അതിന്‌ നേതൃത്വം നല്കി എന്നുള്ളത് ശരിയാണ്‌. ലോകത്തിൽ ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റുകൾ രാജ്യങ്ങളെ തങ്ങളുടെ വരുതിയിൽ നിർത്താനുള്ള യുദ്ധം നടക്കുന്ന കാലത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഒരു സമരത്തെ പിന്തുണക്കേണ്ട ഒരു ബാദ്ധ്യതയും കമ്മ്യൂണിസ്റ്റുകൾക്കില്ല.

സ്വാതന്ത്ര്യം കരിദിനമായി ആചരിച്ചു

ഈ പ്രസ്താവന അസത്യവും അർത്ഥശൂന്യവുമാണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടിയവരാണ്‌ കമ്മ്യൂണിസ്റ്റുകൾ. സ്വാതന്ത്ര്യം എന്താണെന്നതിനെക്കുറിച്ച് കമ്മ്യൂണിസ്റ്റുകൾക്ക് മറ്റു ബൂർഷ്വ പാർട്ടികളിൽ നിന്നും വ്യത്യസ്തമായ ഒരു വീക്ഷണമുണ്ട്. അത് രാഷ്ടീയ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, സാമൂഹ്യസ്വാതന്ത്ര്യം എന്നീ മൂന്ന് പ്രധാന സ്വാതന്ത്ര്യങ്ങളാണ്‌. ഇതു മൂന്നും കൈവരിക്കുന്നതോടുകൂടി വ്യക്തിസ്വാതന്ത്ര്യം സമ്പൂർണ്ണമാകും 1947-ൽ ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമെ ലഭിച്ചിട്ടുള്ളു എന്ന് കമ്യൂണീസ്റ്റുകൾ പറഞ്ഞിട്ടുണ്ട്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മറ്റു രണ്ടും സ്വാതന്ത്ര്യങ്ങളും ജനങ്ങൾക്ക് അനുഭവവേദ്യമാണെന്ന് ആർക്ക് പറയാൻ കഴിയും?

ട്രാക്ടർ, കമ്പ്യൂട്ടർ, സ്വാശ്രയ കോളേജുകൾ, വിദേശ വായ്പ്പകൾ

വികസനത്തിന്റേയും പുരോഗതിയുടേയും കാര്യത്തിൽ ഇടതുപക്ഷത്തിന്റേയും വലതുപക്ഷത്തിന്റേയും വീക്ഷണങ്ങൾ വ്യത്യസ്തമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. മതപക്ഷം ഇക്കാരത്തിൽ വലതുപക്ഷത്തോടൊപ്പമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇടതുപക്ഷം ഒരു വികസന പദ്ധതി നടപ്പാക്കുമ്പോൾ മുൻഗണന കൊടുക്കുന്നത് തൊഴിലാളികളും ദരിദ്രരും പാർശ്വവത്ക്കരിക്കപ്പെട്ടവരും ആയ ജനസാമാന്യത്തിനാണ്‌. വലതുപക്ഷത്തിനാണെങ്കിൽ വികസനത്തിന്റെ ഫലമായി ബുദ്ധിമുട്ടനുഭവിക്കുന്നവർ പാർശ്വഫലങ്ങൾ (collateral damage) മാത്രമാണ്‌. ആ വിഭാഗങ്ങളോട് ദയയോ, സഹാനുഭൂതിയോ, ദീനാനുകമ്പയോ ഒന്നുമില്ല. ഇടതുപക്ഷം അതത് കാലങ്ങളിലെ ഈ വിഷയങ്ങളിൽ ഇടപെട്ട് അവശത അനുഭവിക്കുന്നവർക്ക് ആശ്വാസം നല്കുന്ന നടപടികൾ എടുക്കുവാനാണ്‌ ശ്രമിച്ചിട്ടുള്ളത്. അതിൽ പലപ്പോഴും വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല വലതുപക്ഷവും മതപക്ഷവും ഇത്തരം പ്രചരണങ്ങൾക്ക് മാദ്ധ്യമങ്ങളുടെ സഹായത്തോടെ പ്രചുരപ്രചാരം നല്കിയത് ഇടതുപക്ഷത്തെ സമൂഹ്യമദ്ധ്യത്തിൽ പിന്നോടിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇന്ന്, ദൃശ്യ-സാമൂഹ്യ മാദ്ധ്യമങ്ങൾ വിർൽത്തുമ്പിൽ ആയതോടുകൂടി അത്തരം പ്രചരണങ്ങൾക്ക് നിമിഷങ്ങളുടെ ആയുസ്സ് പോലും ഇല്ലാതെയായി.

തുടർഭരണം എന്തുകൊണ്ട് അനിവാര്യമെന്ന് സമർത്ഥിക്കാനുള്ള ഒരു എളിയ ശ്രമമാണ്‌ ഇവിടെ നടത്തിയത്. അത് വിജയിച്ചുവോ എന്ന് തീരുമാനിക്കുന്നത് വായനക്കാരും വോട്ടർമാരും ആണ്‌. അത് അവർക്ക് വിട്ടുകൊടുക്കാം. ഇടതുപക്ഷവും വലതുപക്ഷവും മതപക്ഷവും രാജ്യ-സംസ്ഥാന പുരോഗതിയെക്കുറിച്ച് വ്യതസ്ത് കാഴച്ചപ്പാടുള്ളവരാണ്‌. അത് ചർച്ച ചെയ്യുന്നതിനുപകരം, മതവും ജാതിയും വർണ്ണവും ഭാഷയും ദേശവും ചർച്ച ചെയ്ത്, ജനങ്ങളുടെ വൈകാരിക ചോദനകളെ ഉണർത്തി, മനുഷ്യനെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കാലം ഇല്ലാതെയാകുമെന്ന് പ്രത്യാശിക്കാം.

വാൽക്കഷണം:

“ഉറപ്പാണെങ്കിൽ പിന്നെ തെരഞ്ഞെടുപ്പ് എന്തിന്‌, കയറിയങ്ങ് ഭരിച്ചാൽ പേരെ?” എന്നൊരു ലേഖനം വീക്ഷണത്തിൽ കണ്ടു. “എൽ ഡി എഫ് ഉറപ്പാണ്‌” എന്ന് തലവാചകത്തിന്റെ അർത്ഥം പോലും ആ ചങ്ങാതിക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. തുടർഭരണം വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കുന്നത് വോട്ടർമാരാണെന്ന് ആർക്കാണിറിഞ്ഞുകൂടാത്തത്? പറഞ്ഞകാര്യങ്ങൾ നടപ്പാക്കുമെന്ന ഉറപ്പാണ്‌ എൽ ഡി എഫ്.

*

Saturday, January 9, 2021

 

സ്ഥിരപംക്തി

ഹൃദയപക്ഷചിന്തകൾ - 1

അമ്പഴയ്ക്കാട്ട് ശങ്കരൻ

എല്ലാവർക്കും നവവത്സരാശംസകൾ!! 2009 മുതൽ 2012 വരെ അമേരിക്കൻ വിശേഷങ്ങൾ എന്നൊരു കോളം മലയാളം.കോമിൽ (malayaalam.com) എഴുതിയിരുന്നു. തെക്കും വടക്കും ഉള്ള അമേരിക്കൻ വൻകരകളിൽ സംഭവിക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിഷയങ്ങളെ അധികരിച്ചും, വിവിധപ്രദേശങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടും ഉള്ള ഒരു സ്ഥിരപംക്തി ആയിരുന്നു അത്. വിവരസാങ്കേതികവിദ്യയുടെ ഈ വിസ്ഫോടനകാലത്ത് അത്തരം ലേഖനങ്ങളുടെ പ്രസക്തി കുറഞ്ഞുവരുന്നു എന്ന തോന്നലുകൊണ്ടാണ്‌ അത് നിർത്തിയത്. വിവരങ്ങൾ അറിയാൻ അനവധി വഴികൾ ഇന്നുള്ളതുകൊണ്ട്, വിവരങ്ങളുടെ പകർപ്പുകളല്ല, അത് പുരോഗമനാത്മകമായി വീക്ഷിക്കുകയും വിശദികരിക്കുകയുമണ്‌ വേണ്ടത് എന്ന് തോന്നലിൽനിന്നാണ്‌ ഹൃദയപക്ഷചിന്തകളുടെ ഉദയം. ഒരു പ്രവാസിയുടെ ലോകവീക്ഷണം ഇതിലുണ്ടായിരിക്കും. കേരളവും ഭാരതവും ലോകവും പ്രപഞ്ചവും ഇതിൽ വിഷയീഭവിക്കും. പട്ടിണിയും പാസ്പോർട്ടുമില്ലാത്ത ഒരു ലോകത്തിന്റെ മോഹചിത്രം ഇതിൽ കടന്നുവന്നുവെന്നിരിക്കും. ശസ്ത്രവും സമത്വവും സമീകരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും. നിങ്ങളുടെ അഭിപ്രായങ്ങൾ വിമർശനങ്ങൾ നല്ല ഭാഷയിൽ എഴുതി അറിയിക്കുമെന്ന് കരുതട്ടെ.

കോവിഡ് നല്കിയ പാഠം

മനുഷ്യകുലം ഒന്നാണെന്ന് ഓർമിപ്പിക്കാൻ പ്രകൃതി അവതരിപ്പിച്ചതാണ്‌ കോവിഡ് എന്നു തോന്നുന്നു. നിങ്ങൾ ഐക്യത്തോടെ നേരിട്ടാൽ എന്നെ തോല്പിക്കാം എന്ന സന്ദേശം അത് അർത്ഥശങ്കക്കിടമില്ലാത്തവിധം അവതരിപ്പിച്ചു. അത്യാവാശ്യവും ആവശ്യവും അനാവശ്യവും അത് വേർതിരിച്ചു തന്നു. ജാതിയും മതവും വർണ്ണവെറിയും ഭാഷാവിഭാഗീതയും രാജ്യാതിർത്തികളും മാനവികത്വത്തിനെതിരാണെന്ന് കുറച്ചുപേർക്കെങ്കിലും മനസ്സിലാക്കിക്കൊടുത്തു. സുഗതകുമാരിയും എസ് പി ബാലസുബ്രമണ്യവും യുവനേതാവ് പി ബിജുവുമടക്കം ലക്ഷക്കണക്കിന്‌ ആളുകളുടെ ജീവൻ അത് അപഹരിച്ചുകൊണ്ടുപോയി. ചില ഘട്ടങ്ങളിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്ന അറിവ് അവനെ എളിമയുള്ളവനാക്കുമെന്ന് കരുതാം. 2020 മനുഷ്യകുലത്തിന്‌ നല്കിയ പാഠങ്ങൾ വരും കാലങ്ങളിൽ ഉപയുക്തമാകുമെന്ന് പ്രതീക്ഷിക്കാം.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്

കേരളത്തിൽ നടന്ന തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പും അതിന്റെ ഫലവും ജനാധിപത്യകേരളത്തിന്‌ അഭിമാനകരമണ്‌. എല്ലാക്കാലത്തും കേരളത്തിൽ തെരഞ്ഞെടുപ്പിലുണ്ടാകാറുള്ള ഉയർന്ന വോട്ടിങ്ങ് ശതമാനം കോവിഡായിട്ടും കുറവില്ലാതെ ഉണ്ടായി. യു ഡി എഫ്-നേക്കാൾ കനത്ത പ്രഹരം ഏറ്റത് ഒരു വിഭാഗം മാദ്ധ്യമങ്ങൾക്കാണ്‌. യു ഡി എഫും മാദ്ധ്യമങ്ങളും ഒരു പുനർവിചിന്തനത്തിന്‌ തയ്യാറായാൽ അവർക്ക് നല്ലത്. അവരുടെ വർഗ്ഗസ്വഭാവമനുസരിച്ച് വലിയ പ്രതീക്ഷ അസ്ഥാനത്താകുമെന്ന് പറയേണ്ടിവരും. വർഗ്ഗീയത കേരളത്തിൽ വാഴില്ലെന്ന് വലതുപക്ഷത്തേയും ബിജെപി മുന്നണിയേയും വീണ്ടും ഒർമിപ്പിച്ച കേരള ജനതയോട് നന്ദി പറയാം. ജതി-മത-വർഗീയ അടിയൊഴുക്കുളെ ശാസ്ത്രീയ-പുരോഗമന ആശയങ്ങളുടെ പിൻബലത്തിലും ദീർഘകാല വീക്ഷണത്തിലൂന്നിയും കേരളത്തിലെ ഇടതുപക്ഷം നേരിടുമെന്ന് പ്രത്യാശിക്കാം.

എല്ലാക്കാലത്തും തൊഴിലാളികൾക്കും, കർഷകർക്കും, യുവാക്കൾക്കും, സ്ത്രീകൾക്കും, പർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും പ്രാതിനിധ്യം നല്കാൻ ഇടതുപക്ഷം ശ്രമിക്കാറുണ്ട്. ഇത്തവണയും അത് ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. തിരുവനന്തപുരത്തെ പുതിയ മേയർ ആര്യ അടക്കം എത്രയൊ യുവജനങ്ങൾ നേതൃനിരയിലെക്ക് എത്തിയത് ഇടതുപക്ഷത്തിന്റെ രാഷ്ട്രിയനിലപാടുകളെ ഊട്ടിയുറപ്പിക്കുന്നതാണ്‌. വിജയിച്ചുവന്ന എല്ലാ അംഗങ്ങൾക്കും സാരഥികൾക്കും കക്ഷിരാഷ്ട്രീയ പക്ഷപാതമന്യെ അഭിവാദനങ്ങൾ അർപ്പിക്കുന്നു. രാഷ്ട്രീയം ജനജീവിതത്തിന്റെ അഭിവാജ്യഘടകമാണെന്നും, അരാഷ്ട്രീയവാദം നിരുത്സാഹപ്പെടുത്തേണ്ടതും വർജ്ജിക്കേണ്ടതും ആണെന്നും, 20X20 പോലെയുള്ള പ്രതിഭാസങ്ങൾക്ക് ഇയാംമ്പാറ്റകളുടെ ആയുസെ ഉള്ളുവെന്ന് പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതലത്തിൽ നിന്നുകൊണ്ട് കാലം ബോദ്ധ്യപ്പെടുത്തുമെന്ന് ഉറപ്പാണ്‌.

കർഷകസമരം

ഭാരതത്തിൽ ആഴ്ച്ചകളോളമായി കർഷകസമരം നടക്കുകയാണല്ലൊ. പാർലിമെന്റിനെ നോക്കുക്കുത്തിയാക്കി പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങൾക്കെതിരെയാണ്‌ പ്രധാനമായും കർഷകർ സമരം ചെയ്യുന്നത്. നിയമത്തെ എതിർത്തും ന്യായീകരിച്ചുമുള്ള അഭിപ്രായങ്ങൾ ഇതിനകം പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. സമരത്തിന്റെ വിജയപരാജയങ്ങൾ എന്താകുമെന്ന് പറയുക എളുപ്പമല്ല. പാർലിമെന്റിൽ ബിജെപിക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് അവർ നിയമം പിൻവലിക്കുമെന്ന് ഇത്തരുണത്തിൽ കരുതാൻ വയ്യ. നിയമം പിൻവലിക്കപ്പെട്ടാൽ വർഗ്ഗീയ-കോർപ്പറേറ്റ് ഭരണത്തിന്‌ അത് അന്ത്യം കുറിക്കുമെന്ന് ബിജെപിക്ക് നല്ലവണ്ണം അറിയാം.

ഭാരതം ഫ്യൂഡലിസത്തിനുമുകളിൽ കെട്ടിപ്പൊക്കിയ മുതലാളിത്തഭരണകൂടമുള്ള ഒരു രാജ്യമാണ്‌. പാശ്ചാത്യനാടുകളിലെപ്പോലെ ഭുപ്രഭുത്വത്തിന്റെ നടുവൊടിക്കാൻപോലും തയ്യാറാകാത്ത മുതലാളിത്തരാജ്യം. ഭൂപരിഷ്കരണം കോൺഗ്രസിന്റെ മുദ്രാവാക്യമായിരുന്നു. അരനൂറ്റാണോളം അധികാരത്തിലുണ്ടയിരുന്ന കോൺഗ്രസിന്‌ തങ്ങൾ ഭരിച്ച സംസ്ഥാനങ്ങളിൽ അത് നടപ്പാക്കണമെന്ന വിചാരം ഒരിക്കലും ഉണ്ടായിട്ടില്ല. പിന്നെയെങ്ങിനെയാണ്‌ ഹിന്ദുരാഷ്ട്ര പ്രഘോഷകർക്ക് അത് ഉണ്ടാകുക. കേരളത്തിലിരുന്നുകൊണ്ട്, ഇതാ വടക്കെ ഇന്ത്യയിൽ കർഷകവിപ്ലവം ഉണ്ടാകാൻ പോകുന്നു എന്ന തരത്തിലു മദ്ധ്യമങ്ങളുടെ അമിത ആവേശങ്ങൾ കണ്ട് ആരും കോരിത്തരിക്കേണ്ടതില്ല. കേരളം തന്നെ ഇന്ന് നേടിയ പുരോഗതി പതിറ്റാണ്ടുകളുടെ സമരങ്ങളുടെ ഫലമാണ്‌. ഇത്തരം സമരങ്ങൾക്ക് ഒരു ഫലവുമില്ലെന്ന വിവക്ഷ എനിക്കില്ല. പക്ഷെ കാര്യങ്ങളെ പക്വതയോടെ വിലയിരുത്താനും നേരിടാനും കഴിഞ്ഞില്ലെങ്കിൽ നിരാശയാകും ഫലം. ആവേശം തീർത്ത മാദ്ധ്യമങ്ങൾ തന്നെ മറുകണ്ടം ചാടും. വിനു-വേണു-ഷാനിയാദികൾ ഇടതുപക്ഷത്തിന്റെ കുറുവുകൾ കണ്ടെത്താൻ സൂക്ഷ്മദർശിനികളുമായി പുറപ്പെടും.

ഡെമോക്രാറ്റുകളുടെ വിജയത്തിൽ എന്തുകൊണ്ട് ആഹ്ളാദിക്കണം?

അമേരിക്കൻ ഐക്യനാട്ടിലെ ജനങ്ങളേയും നിയുക്ത പ്രസിഡണ്ട് ജോ ബൈഡനെ അനുമോദിച്ചുകൊണ്ട് ഞാനെഴുതിയപ്പോൾ ലോകപോലീസിന്റെ നേതാവിനെ എന്തിനിത്ര വാഴ്ത്തുന്നു എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ എന്റെ ചില സുഹൃത്തുക്കൾ പ്രകടിപ്പിച്ചിരുന്നു. അമേരിക്കൻ സാമ്രാജത്വത്തിന്റെ ദുഃഷ്ചെയ്തികൾ അറിയാതയോ അതിനെ സാധൂകരിക്കാനോ അല്ല ഞാനത് ചെയ്തത്. ലോകത്തിലുള്ള എല്ലാ സാധാരണ മനുഷ്യരുടേയും ജീവിതപ്രശ്നങ്ങൾ ഒന്നാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് പറയാൻ കഴിയും. 30 ലക്ഷത്തോളം ഇന്ത്യൻ വംശജർ അമേരിക്കയിലുണ്ട്. അവരിൽ ഏറെ പേരും തൊഴിൽ തേടി വന്നവരാണ്‌. മറ്റു രാജ്യങ്ങളിൽനിന്നും വിവിധ കാലങ്ങളിൽ കുടിയേറിയവരാണ്‌, അമേരിക്കൻ ഇന്ത്യൻ (Native Americans) സമൂഹമൊഴിച്ച്, ഇവിടെയുള്ള എല്ലാവരും. മനുഷ്യനെ വർണ്ണത്തിന്റേയും സമ്പത്തിന്റേയും അടിസ്ഥാനത്തിൽ വേർതിരിച്ച് കാണുന്ന ഒരു പ്രസിഡണ്ടായിരുന്നു ട്രമ്പ്. മനുഷ്യനിൽ ഏറ്റവും എളുപ്പത്തിൽ ഉദ്ദീപിപ്പിക്കാവുന്ന ദുഃഷ്ടചിന്തകളെ ജ്വലിപ്പിക്കുന്നതാണ്‌ ട്രമ്പിന്റെ രാജ്യതന്ത്രം. അടിയന്തരാവസ്ഥ കാലത്തും അതിനുശേഷം രണ്ട് വർഷവും കോൺഗ്രസിനെ തോല്പിക്കാൻ കിട്ടാവുന്ന എല്ലവരുമായും സഹകരിച്ചതും, ഇപ്പോൾ വർഗ്ഗീയതയെ തോല്പിക്കാൻ മതനിരപേക്ഷ കക്ഷികളുമായി ഒത്തു ചേരുന്നതും ഇടതുപക്ഷ-പുരോഗമന മനസ്സുകൾക്ക് മനസ്സിലാകുമെങ്കിൽ അമേരിക്കൻ ജനങ്ങളോടുള്ള ഈ അഭിനന്ദനവും മനസ്സിലാകേണ്ടതാണ്‌.
മുതലാളിത്തം ഒരു വ്യവസ്ഥിതിയാണ്‌. അതിനുമുമ്പുള്ള വ്യവസ്ഥിതികളേക്കാൾ പുരോഗിമിച്ച ഒരു വ്യവസ്ഥിതി. മുതലാളിത്ത വ്യവസ്ഥിതിയോടെ മാറ്റത്തിന്റെ ചരിത്രം അവസാനിക്കുന്നില്ല. വ്യക്തിപരവും വൈകാരികപരവുമായി വിഷയങ്ങളെ സമീപിച്ചാൽ നാം എങ്ങും എത്താൻ പോകുന്നില്ല. ലോകത്തിലെ എല്ലാ മനുഷ്യരുടേയും നന്മക്ക് രാഷ്ട്രീയവും ശാസ്ത്രവും പ്രയോജനപ്പെടണമെങ്കിൽ ഒരു ശാസ്ത്രീയ-സമത്വ വ്യവസ്ഥിതി അനിവാര്യമാണ്‌.
*
വാൽക്കഷ്ണം: കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളിൽ ചർച്ചക്ക് പോകുന്ന ഇടതുപക്ഷ പ്രതിനിധികളോടൊരു നിർദ്ദേശം. ചർച്ച തുടങ്ങുന്നതിനുമുമ്പ് തഴെ പറയുന്ന കാര്യം പറയുകയോ അതെഴുതിയ ഒരു പ്ലക്കാർഡ് കാണിക്കുകയോ ചെയ്യുക.

“ഇന്ത്യ ഒരു മുതലാളിത്ത രാജ്യമാണ്‌. അതിന്റെ ചട്ടക്കൂടിൽനിന്ന് കഴിയാവുന്ന കാര്യങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്. എന്തിനും ഏതിനും ഞങ്ങളുടെ മേൽ കുതിര കയറിയിട്ട് ഒരു കാര്യവുമില്ല.“

**

Wednesday, November 25, 2020

 

ലേഖനം

ഒഴിയാ ബാധയും യാഥാസ്ഥിതിക പൂജയും

അമ്പഴയ്ക്കാട്ട് ശങ്കരൻ

ഒരിക്കൽ അബദ്ധം പറ്റിയാൽ അത് ക്ഷമിക്കാവുന്നതും ആവർത്തിക്കുമ്പോൾ അത് ശിക്ഷാർഹവും ആകും. ഭാഗ്യവശാൽ അമേരിക്കൻ ജനതക്ക് രണ്ടാം വട്ടവും അബദ്ധം പിണഞ്ഞില്ല. 2000-ലേയും 2016-ലേയും പരാജയങ്ങൾക്ക് ഡെമോക്രാറ്റുകൾ മധുരമായി പ്രതികാരം തീർക്കുകയും ചെയ്തു. അങ്ങിനെ ജെറാൾഡ് ഫോഡിന്റേയും ജിമ്മി കാർട്ടറിന്റെയും ജോർജ്ജ് ബുഷ് സീനിയറിന്റേയും കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ടാം വട്ടം തെരഞ്ഞെടുക്കപ്പെടാത്ത അമേരിക്കൻ പ്രസിഡണ്ടുമാരുടെ ഗ്രൂപ്പിലേക്ക് ട്രംപ് കൂടി ആനയിക്കപ്പെട്ടു. വരും നാളുകളിൽ ട്രംപ് വെറുതെയിരിക്കുമെന്ന് കരുതുക വയ്യ. ട്രംപിന്റെ പ്രതികാരനാളുകൾ വരാനിരിക്കുന്നതേയുള്ളു. ബൈഡന്റെ സത്യപ്രതിജ്ഞാ ദിനമായ ജനുവരി 20 വരെയും പിന്നീടും യാഥാസ്തിക റിപ്പിബ്ലിക്കന്മാരുടെ പിന്തുണയോടെ ട്രമ്പിന്റെ കളികൾ പൂർവാധിക ശക്തിയോടെ തുടരുമെന്ന കാര്യത്തിൽ സംശയിക്കേണ്ട ഒരു സാഹചര്യവും നമ്മുടെ മുന്നിലില്ല.

ശക്തി ക്ഷയിക്കാത്ത യാഥാസ്ഥിതിക പക്ഷം

2000-ന്‌ മുമ്പ് അമേരിക്കയിലെ വോട്ടിങ്ങ് ശതമാനം എല്ലായ്പ്പോഴും 50 ശതമാനത്തിൽ താഴെയായിരുന്നു. അത് തന്നെ പ്രസിഡണ്ട് തെരഞ്ഞെടുപ്പുള്ള വർഷങ്ങളിൽ മാത്രം. മറ്റ് ഇടക്കാല തെരഞ്ഞെടുപ്പുകളിലും തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലും സ്ഥിതി തുലോം മോശമായിരുന്നു. 2000-ലെ ഗോർ-ബുഷ് പോരാട്ടത്തിനു ശേഷം ക്രമേണയായി അമേരിക്കയിൽ വോട്ടിങ്ങ് ശതമാനം കൂടിക്കൂടി വന്നു. വോട്ടാവകാശമുള്ളവരുടെ എണ്ണം എടുത്താൽ അത് ഏകദേശം 25 കോടിയോളം വരും. ഇത്തവണ 15 കോടിയോളം പേർ വോട്ട് ചെയ്തു. അറുപത് ശതമാനത്തോടടുത്തെത്തിയ വോട്ട് രേഖപ്പെടുത്തൽ സർവകാല റെക്കോഡാണ്‌. അതിൽ പകുതിക്ക് തൊട്ട് താഴെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ചു എന്നുള്ളത് ശ്രദ്ധേയമാണ്‌. വിവിധ സർവേകൾ പ്രവചിച്ചതുപോലെ യാഥാസ്ഥിതികർക്ക് കോട്ടം സംഭവിച്ചില്ലെന്ന് മാത്രമല്ല ജനപ്രതിനിധി സഭയിലും സംസ്ഥാന നിയമസഭകളിലും ഗവർണർ തെരഞ്ഞെടുപ്പിലും നേരിയതാണെങ്കിലും അവർ നേട്ടമുണ്ടാക്കുകയും ചെയ്തു. ട്രംപ് തോറ്റതല്ലാതെ റിപ്പബ്ലികൻ പാർട്ടിക്ക് ഒരു ക്ഷീണവും തട്ടിയിട്ടില്ലെന്നത് അവരുടെ ബൈഡൻ-ഹാരിസ് പ്രതികാര നടപടികൾക്ക് ആക്കം കൂട്ടുമെന്നുതിന്‌ ഇപ്പോൾ തന്നെ അവരുടെ പ്രസ്താവനകൾ വായിച്ചാൽ മനസ്സിലാകും. 2008-ൽ ഒബാമ ജയിച്ച ഉടനെ യാഥാസ്ഥിതിക കോക്കസ് (സമ്മർദ്ദ ഗ്രൂപ്പ്) കൂടിചേർന്ന് രണ്ടാം വട്ടം ഒബാമയെ ജയിപ്പിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് പ്രതിജ്ഞയെടുത്ത കൂട്ടർ ഉണ്ടായിരുന്നു എന്നത് മറന്നുകൂടാ. ഇപ്പോഴാണെങ്കിൽ മുറിവേറ്റ ട്രംപ് കൂടി കൂടെയുണ്ടെന്നുള്ളത് ഡെമോക്രാറ്റുകളുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്‌.

നൂറ്റൊന്ന് ആവർത്തിക്കുന്ന നുണകളുടെ ഗീബത്സൻ തന്ത്രം

സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുകയും, മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരേയും ഒന്നാകെ ആക്ഷേപിക്കുകയും ചെയ്യുക എന്ന ശീലം രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ ട്രംപ് തുടങ്ങിയതാണ്‌. എല്ലാ മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും വിശുദ്ധരാണെന്ന് ഒരു വിവക്ഷയും ആർക്കുമില്ല. എന്നാലും തെരഞ്ഞെടുത്ത മാദ്ധ്യമ പ്രവർത്തകരെ തേജോവധം ചെയ്യുന്ന അമേരിക്കൻ പ്രസിഡന്റിനെ കഴിഞ്ഞ നാല്‌ വർഷത്തിനിടയിൽ പല തവണ ലോകം കണ്ടു. ഒബാമ അമേരിക്കൻ പൗരനല്ല എന്ന നുണപ്രചരണം ആരംഭിച്ച ട്രംപ് ഒരിക്കൽ പോലും അത് പിൻവലിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. തന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തവരുടെ എണ്ണത്തിന്റെ അസത്യ കണക്കുകൾ അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു. അസത്യമോ, അർദ്ധസത്യമോ, വഴിതെറ്റിക്കുന്നതോ ആയ ഇരുപതിനായയിരത്തില്പരം പ്രസ്താവനകൾ പ്രസിഡണ്ടയിരിക്കെ അദ്ദേഹം ഇറക്കിയെന്ന് കാര്യങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുന്ന വിശ്വാസ്യതയുള്ള ഏജൻസികൾ കണ്ടെത്തി. അടുത്ത കാലത്ത് ട്രംപിന്റെ ട്വീറ്റുകൾക്ക് ട്വിറ്റർ അടിക്കുറിപ്പും മുന്നറിയിപ്പും കൊടുത്തു തുടങ്ങി. ട്രംപ് പറയുന്ന കാര്യങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന 30 ശതമാനത്തോളം ജനങ്ങൾ അമേരിക്കയിൽ ഉണ്ടെന്നുള്ളത് കാര്യത്തിന്റെ ഗൗരവസ്വഭാവം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും ട്രംപിന്‌ വോട്ട് ചെയ്ത ജനവിഭാഗത്തെ അവഗണിച്ചുകൊണ്ടോ, അവമതിച്ചുകൊണ്ടോ ഡെമോക്രാറ്റുകൾക്ക് മുന്നേറാൻ കഴിയില്ലെന്നുള്ളത് യാഥാർത്ഥ്യമാണ്‌

വോട്ടവകാശാത്തിനെതിരായ നീക്കങ്ങൾ

അമേരിക്കൻ മുതലാളിത്ത ജനാധിപത്യ ചരിത്രം ആദ്യ കാലങ്ങളിൽ തന്നെ ഏറെ മുന്നേറിയിരുന്നുവെങ്കിലും ദരിദ്ര-ന്യൂനപക്ഷ- സ്ത്രീ വിഭാഗങ്ങൾക്ക് അവരുടെ വോട്ടാവകാശങ്ങൾ സാർത്ഥകമാകുന്നത് ഏറെ വൈകിയാണ്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിൽ ആരംഭിച്ച നിരവധി പോരാട്ടങ്ങൾക്ക് ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാണ്‌ (പത്തൊമ്പതാം ഭരണഘടനാ ഭേദഗതി, 1919) സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നത്. പിന്നിട് ഒരു വർഷം കൂടി കാത്തിരിക്കേണ്ടിവന്നു സംസ്ഥാനങ്ങൾ അത് അംഗീകരിക്കാൻ. 1965-ൽ പാസ്സായ വോട്ടാവകാശ നിയമം അമേരിക്കയിലെ കറുത്ത വംശജർക്ക് സംസ്ഥാന നിലവാരത്തിൽ വോട്ടറായി രജിസ്റ്റർ ചെയ്യുന്നതിനും വോട്ട് ചെയ്യുന്നതിനും വിപുലമായ കളമൊരുക്കി. കറുത്ത വംശജർ വോട്ട് ചെയ്യുന്നതിന്‌ എതിരെ ഉണ്ടായിരുന്ന അനവധി സാമുഹ്യ സാഹചര്യങ്ങൾ അതോടെ കുറെയൊക്കെ ഒഴിവായി. അമേരിക്കയിലെ ഉതപതിഷ്ണുക്കളും പുരോഗമനവാദികളും നീണ്ട സമരങ്ങളിലൂടെ നേടിയെടുത്ത വോട്ടവകാശം യാഥാസ്ഥിതികരെ ഒട്ടൊന്നുമല്ല അക്കാലത്ത് പ്രകോപിപ്പിച്ചിട്ടുള്ളത്. അന്നത്തെ മുന്നേറ്റങ്ങളിൽ ജോൺ എഫ് കെന്നഡിയും മാർട്ടിൻ ലൂഥർ കിങ്ങും രക്തസാക്ഷികളായി. മാർട്ടിൻ ലുഥർ കിങ്ങിന്റെ സമര നേതൃത്വവും ഡെമോക്രറ്റുകളായ കെന്നഡിയുടേയും ലിൻഡൻ ബി ജോൺസൺന്റെ പിന്തുണയും കറുത്തവർഗക്കാർ ഇന്നു അഭിമാനത്തോടെ സ്മരിക്കുന്നുണ്ട്. അതുകൊണ്ടാണ്‌ കറുത്ത വർഗ്ഗക്കാരിൽ 90 ശതമാനവും ഡെമോക്രാറ്റുകളെ പിന്തുണക്കുന്നത്. അടിമത്തം നിർത്തലാക്കിയത് റിപ്പബ്ലിക്കൻ പ്രസിഡണ്ടായ എബ്രഹാം ലിങ്കണായിരുന്നു എന്നുള്ളതും അദ്ദേഹവും രക്തസാക്ഷിയായി എന്നുള്ളതും ചരിത്രത്തിന്റെ വിധി വൈപരിത്യമാണ്‌.

ഇത്രയും പറഞ്ഞത് എല്ലാ കാലത്തും യാഥാസ്ഥിതികർ ദരിദ്രരും പാർശ്വവത്ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളും വോട്ട് ചെയ്യുന്നതിന്‌ തടസം നിന്നിരുന്നു എന്ന് പറയാനാണ്‌. ഇന്നത്ത് റിപ്പബ്ലിക്കൻ നേതാക്കളും ട്രംപും അതിൽ നിന്ന് ഒട്ടും ഭിന്നമല്ല. വർഷങ്ങളായി അവർ നേരത്തെ പറഞ്ഞ വിഭാഗങ്ങൾ വോട്ട് ചെയ്യാതിരിക്കാൻ അവരാൽ കഴിയുന്ന കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്നു. പോസ്റ്റൻ വോട്ടിനെ എതിർക്കാൻ തുടങ്ങിയതാണ്‌ അങ്ങിനെയാണ്‌. ഇലക്ഷൻ പ്രചരണഘട്ടത്തിൽ തന്നെ ട്രംപ്, രജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാർക്കും ബാലറ്റ് അയച്ചു കൊടുക്കുന്ന സംസ്ഥാങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ കാലിഫോർണിയായും, കോളറാഡോയും ന്യു ജേഴ്സിയും അടക്കം പാത്തോളം സംസ്ഥാനങ്ങൾ എല്ലാവർക്കും ബാലറ്റ് അയക്കുക എന്ന നിലപാടെടുത്തു. ഈ കോവിഡ് കാലത്ത് ഭയമില്ലാതെ വോട്ട് ചെയ്യാൻ ജനങ്ങൾക്ക് കിട്ടിയ ഈ അവസരത്തിനെ സ്വാഗതം ചെയ്യുന്നതിനു പകരം എതിർത്ത നിലപാടെടുത്ത ട്രംപും കൂട്ടരും അവരുടെ തനിനിറം വെളിവാക്കി.

സോഷ്യലിസമെന്ന “ഭൂതം”

അമേരിക്കയിൽ അധികാര ശ്രേണിയിൽ മുൻപന്തിയിൽ സെനറ്റ് തന്നെയാണ്‌ നിലകൊള്ളുന്നത്. ഇതുവരെ പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് 100-ൽ 50 റിപ്പബ്ലിക്കൻ പക്ഷത്തും രണ്ട് സ്വതന്ത്രരടക്കം 48 പേർ ഡെമോക്രാറ്റ് പക്ഷത്തും ആണ്‌. രണ്ടെണ്ണം ജോർജ്ജിയ സംസ്ഥാനത്ത് നിന്ന് ജനുവരിയിലെ റൺ ഓഫ് അഥവാ 50 ശതമാനം വോട്ട് കിട്ടാനുള്ള തെരഞ്ഞെടുപ്പിൽ നിശ്ചയിക്കപ്പെടും. 30 ലക്ഷത്തോളം പേർ വോട്ട് ചെയ്ത ജോർജിയായിൽ പതിനായിരത്തോളം വോട്ട് മാത്രമാണ്‌ ബൈഡന്‌ ഭൂരിപക്ഷം. അതും രണ്ടും ഡെമോക്രാറ്റുകൾ കിട്ടിയാൽ അമേരിക്കയിൽ സോഷ്യലിസം വരുമെന്നായിരിക്കും റിപ്പബ്ലിക്കന്മാരുടെ പ്രചരണം. തലക്ക് വെളിവുള്ളവർക്ക് ചിരിവരുന്ന ഈ അസംബന്ധം ഒബാമ മത്സരിച്ച 2008 മുതൽ യാഥാസ്ഥിതികർ തുടങ്ങിയതാണ്‌. സോഷ്യലിസം എന്തെന്ന് മുതലാളിത്തം പറഞ്ഞ അറിവെ ഭൂരിപക്ഷം അമേരിക്കൻ ജനതക്കുമുള്ളു. എല്ലാ സ്വകാര്യ സ്വത്തുക്കളും ഗവർന്മെന്റ് പിടിച്ചെടുക്കുമെന്നാണ്‌ പലരും ധരിച്ച് വെച്ചിരിക്കുന്നത്. “സോഷ്യലിസപ്പേടി”വളരെ ഫലപ്രദമായി ഫ്ലോറിഡ സംസ്ഥാനത്ത് പ്രയോഗിക്കാൻ കഴിഞ്ഞതുകൊണ്ട് എളുപ്പത്തിൽ അവിടെ ജയിക്കാൻ ട്രംപിന്‌ സാധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ജനാധിപത്യ-സോഷ്യലിസ്റ്റായ ബേണി സാൻഡേർസിന്റെ സ്വാധീനം വിപുലമായതുകൊണ്ട് ഇത്തരം ജാടകൾ വിലപ്പോയതുമില്ല.

2024-ൽ റിപ്പബ്ലിക്കൻ പാർട്ടിയെ രക്ഷിക്കാൻ ട്രംപ് തന്നെ മത്സരിക്കുമെന്നുള്ള വിലയിരുത്തൽ കടുത്ത ട്രംപ് വാദികൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. “സർവെ മങ്കി”കളെ ആകെ ഞെട്ടിച്ച് കൊണ്ട് ബൈഡന്‌ തൊട്ട് താഴെ ട്രമ്പിന്‌ വോട്ടുകൾ ലഭിച്ചതുകൊണ്ടായിരിക്കണം ഇത്തരം അഭ്യൂഹങ്ങൾ ശക്തമാകുന്നത്. വരും നാളുകളിൽ സോഷ്യലിസത്തിന്റ് ഭൂതവും, മുസ്ലിം പേടിയും, കുടിയേറ്റ ഭീതിയും, മതവും വർണ്ണവും സമാസമം പകർന്ന് വിദ്വേഷത്തിന്റെ ഇന്ദുപ്പ് ചേർത്ത് ഗുളിക രൂപത്തിൽ വിതരണം ചെയ്യുമെന്ന് പ്രതിക്ഷിക്കാം. ഇതൊന്നും ട്രംപ് ഇനി അധികാരത്തിൽ വരുന്നതിന്‌ സഹായിക്കുമെന്ന് കരുതുക വയ്യ.

തെരഞ്ഞെടുപ്പ് നിയമത്തിനും ഫലത്തിനുമെതിരയ നിയമ നടപടികൾ

ഈ തെരഞ്ഞെടുപ്പിൽ രാഷ്ടീയ വിദ്യാർത്ഥികളിൽ കൗതുകമുണർത്തുന്ന നിരവധി വിഷയങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അതിലൊന്ന് പോസ്റ്റൽ വോട്ടിങ്ങിൽ ഡെമോക്രാറ്റുകളുടെ മുന്നൊരുക്കവും മുന്നേറ്റവും, നേരിട്ടെത്തിയുള്ള വോട്ടിൽ റിപ്പബ്ലിക്കന്മാരുടെ ആധിപത്യവുമാണ്‌. സാർവിത്രിക പോസ്റ്റൽ വോട്ടിംഗ് നിയമവിരുദ്ധമാണ്‌ എന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മതിയായ തെളിവികളില്ലാതെ പോസ്റ്റൽ വോട്ടിങ്ങ് കള്ള വോട്ടിങ്ങിന്‌ കളമൊരുക്കുമെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. പെൻസിൽവാനിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ദിവസത്തിന്‌ ശേഷം വരുന്ന ബാലറ്റുകൾ അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. എന്നാൽ അത് കോടതി അംഗീകരിക്കാതെ 3 ദിവസം വരെ ബാലറ്റുകൾ സ്വീകരിക്കാമെന്ന് ഉത്തരവിട്ടു.

രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് കൗതുകമുണർത്താവുന്ന മറ്റൊരു വിഷയം വ്യക്തിഗത-രാഷ്ട്രീയ മുല്യങ്ങൾക്ക് വില കല്പിക്കാത്ത ഒരു വ്യക്തി വലിയ പാരമ്പര്യങ്ങൾ അവകാശപ്പെടുന്ന ഒരു രാഷ്ട്രത്തിന്റെ പകുതിയോളം വരുന്ന ഒരു ജനതയെ എങ്ങിനെ കൈയ്യിലെടുത്തു എന്നുള്ളതാണ്‌. അധികാരം നഷ്ടപ്പെടുന്നതോടെ പാർട്ടിയിൽ നിന്നും ഓരോരുത്തരായി ട്രംപിനെ കൈവിടുമെന്ന് പ്രതീക്ഷിച്ചവരുടെ കണക്കുകൂട്ടലകൾ തെറ്റിയത് മാത്രമല്ല, തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം താൻ ജയിച്ചുവെന്ന് ഉറച്ച് പ്രസ്താവിച്ചതും ഇലക്ഷനിൽ കൃത്രിമം നടന്നുവെന്ന തെളിവൊന്നുമില്ലാത്ത പ്രസ്താവനകൾക്കുമെതിരായി അപൂർവം ചിലരടക്കം ആരും തന്നെ ഒരു ചെറുവിരൽ പോലും ഉയർത്തിയില്ല എന്നുള്ളതും അതിശയിപ്പിക്കുന്ന വിഷയങ്ങളാണ്‌. ഒരു രാഷ്ട്രത്തിന്റെ ഉണങ്ങി വരുന്ന മുറിവുകൾ ഉണർത്തിയെടുത്ത ആഘോഷിച്ചതിന്റെ ആഘാതം ദീർഘകാലം നിലനില്ക്കുമെന്ന് നിസ്സംശയം പറയാം

നിയമകുരുക്കിൽപ്പെടുത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്‌ ട്രംപും മഹാഭുരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് രക്ഷപ്പെട്ട മിഷിഗൻ അടക്കം നാലു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കേസുകൾ ഫയൽ ചെയ്തു കഴിഞ്ഞു. സുപ്രീം കോടതി വരെ എത്തിയാൽ തെരഞ്ഞെടുപ്പിന്‌ തൊട്ട് മുൻപ് ധൃതിപിടിച്ച് സെനറ്റിനെകൊണ്ട് അംഗീകരിപ്പിച്ച് ജസ്റ്റിസ് ആക്കിയ ഏമി കോണി ബാരറ്റിലാണ്‌ ട്രംപിന്റെ പ്രതീക്ഷ മുഴുവനും. ബുഷ് നാമ നിർദ്ദേശം ചെയ്ത ജസ്റ്റിസ് ജോൺ റോബർട്ടസ്, ട്രംപിന്റെ താളത്തിനൊത്ത് തുള്ളുന്ന വ്യക്തിയല്ലെന്ന് ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞതാണ്‌. ജനാധിപത്യ രാജ്യങ്ങളിൽ അധികാരം ഉറപ്പിക്കാൻ ആദ്യം ചെയ്യേണ്ടത് കോടതികളെ തന്റെ പക്ഷത്ത് ഉറപ്പിക്കുക എന്നുള്ളതാണെന്ന് ട്രംപിന്‌ നല്ലവണ്ണം അറിയാം.

അധികാര കൈമാറ്റത്തിന്‌ തടസം സൃഷ്ടിക്കുന്ന നിലപാടുകൾ

തെരഞ്ഞെടുപ്പ് ഫലം വന്നാൽ അധികാര കൈമാറ്റം എങ്ങിനെചെയ്യണമെന്ന് നിയതമായ നിയമങ്ങളൊന്നും അമേരിക്കയിൽ ഇല്ല. ഇത്രയും കാലം പിന്തുടർന്ന് വന്ന കീഴ്വഴക്കങ്ങളാണ്‌ എല്ലാത്തിനും ആധാരം. നിലവിലുള്ള പ്രസിഡണ്ട് നിയുക്ത പ്രസിഡണ്ടിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന പതിവുണ്ട്. കേസുകൾ കോടതികളിൽ ഇരിക്കുന്നതുകൊണ്ട് അതുടനെയെങ്ങും സംഭവിക്കുമെന്ന് കരുതുക വയ്യ. ട്രംപാണെങ്കിൽ ഒരു ഒഴിയാബാധയായി തുടരുമെന്ന് ബൈഡന്‌ നല്ല നിശ്ചയമുണ്ട്. അതുകൊണ്ടാണ്‌ തെരഞ്ഞെടുപ്പിന്‌ മുൻപ്, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോ എന്ന് ചോദ്യത്തിന്‌ വ്യക്തമായ മറുപടിയായതിരുന്ന ട്രംപിന്‌ മറുപടിയായി, പട്ടാളം അകമ്പടിയോടെ ട്രപിൻ വൈറ്റ് ഹൗസ് വിടേണ്ടി വരുമെന്ന് ബൈഡൻ പറഞ്ഞത്.

തെരഞ്ഞെടുപ്പിന്‌ ശേഷം എതിർ പാർട്ടി അധികാരത്തിൽ വരുന്ന സമയത്ത് അധികാര കൈമാറ്റത്തിനു മുമ്പ് അധികാര ശ്രേണിയിൽ താഴെക്കിടയിലുള്ളവർ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കുക പതിവാണ്‌. ഫോൺ ലൈനുകൾ തകരാറിലാക്കുക, ഫർണിച്ചറുകൾ നശിപ്പിക്കുക തുടങ്ങിയ ചില്ലറ വികൃതികൾ സാധാരണമാണ്‌. എന്നാൽ ഇത്തവണ പ്രസിഡണ്ട് തന്നെ അതിന്‌ നേതൃത്വം നല്കുമെന്ന് പ്രതീക്ഷിക്കാം. “ട്രംപിന്റെ പ്രതികാരം” ഏതു തലം വരെ എത്തുമെന്ന് മാത്രമെ ചിന്തിക്കേണ്ടതുള്ളു.

*

(ജനയുഗം പത്രത്തിൽ പ്രസിദ്ധീകരിച്ചത്)

Monday, September 21, 2020

 

ലേഖനം

ട്രമ്പ് ഭരണത്തിന്റെ ബാക്കിപത്രം

അമ്പഴയ്ക്കാട്ട് ശങ്കരൻ

ഈ വരുന്ന നവമ്പർ 3-ന്‌ അമേരിക്കയിലെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണല്ലോ. രണ്ട് വർഷം മുമ്പെ തന്നെ, ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ജനങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും, മാദ്ധ്യമങ്ങൾ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. വേനലവധി കഴിഞ്ഞ് ശരത്കാലം (autumn) ആഗതമായിരിക്കുന്നു. ജനങ്ങൾ കുറച്ചെങ്കിലും തെരഞ്ഞെടുപ്പിന്റെ വാർത്തകൾ കേൾക്കാനും വിലയിരുത്താനും ശ്രമിച്ച് തുടങ്ങിയെന്നാണ്‌ കരുതേണ്ടത്. ആഴ്ച്ചകളെ ഉള്ളൂ എന്നതും, നേരത്തെയുള്ള വോട്ടിങ്ങു തുടങ്ങാൻ അധികം സമയമില്ലെന്നതും, പ്രസിഡൻഷ്യൽ വാദപ്രതിവാദത്തിന്റ് (debate) തിയ്യതി നിശ്ചയിക്കപ്പെട്ടതും വോട്ടർമാരുടെ രാഷ്ട്രീയ താത്പര്യങ്ങളെ ഉണർത്തിയിട്ടുണ്ട്. 2016-ലെ തെരഞ്ഞെടുപ്പിൽ, അപൂർവം ചിലർ അപകടം മണത്തറിഞ്ഞിരുന്നുവെങ്കിലും, ഹിലരി തോല്ക്കുമെന്ന് കരുതിയിരുന്ന ഒരാളല്ല ഞാൻ. അതുകൊണ്ട് ആര്‌ ജയിക്കുമെന്ന്, പൊതുവെയുള്ള സർവേകൾ ബൈഡന്‌ മുൻതൂക്കം നല്കുന്നുണ്ടെങ്കിലും, പറയാൻ കഴിയില്ല. എന്നാൽ ട്രമ്പിന്റെ തോൽവി ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടതുകൊണ്ട്, അതെന്തുകൊണ്ടെന്ന് പറയാനുള്ള ഒരു ശ്രമമാണ്‌ ഇവിടെ നടത്തുന്നത്.

സമ്പദ്-വ്യവസ്ഥിതിയിലെ പക്ഷപാതിത്വം

അമേരിക്കൻ പ്രസിഡണ്ടിന്‌ അമേരിക്കൻ സമ്പദ് വ്യവസ്ഥിതിയിലും, ഭൂരിപക്ഷം വരുന്ന സാധാരണ പൗരന്റെ നിത്യജീവിതത്തിലും ഉള്ള സ്വാധീനം തുലോം ചെറുതാണെന്ന് കരുതുന്നവരുണ്ട്. അതിനുള്ള കാരണം 65 ശതമാനത്തോളം സമ്പദ് വ്യവസ്ഥ സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്‌ എന്നതാണ്‌. യു എസ് കോൺഗ്രസിന്റെ നിയന്ത്രണവും പ്രസിഡണ്ടും മാറി മാറി വന്നാലും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ വലിയ തോതിലുള്ള മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. ഇന്നത്തെ ദു:രന്തപൂർണ്ണമായ ആഗോള സാഹചര്യത്തിൽ പോലും ഓഹരി വിപണിയിലെ കൊയ്ത്തുകൾ മാത്രം പരിഗണിച്ചാൽ മതി എത്രമാത്രം പക്ഷപാതപരമാണ്‌ സമ്പദ് വ്യവസ്ഥ് എന്ന് മനസ്സിലാക്കാൻ. അമേരിക്കയിലെ ഏകദേശം 52 ശതമാനം കുടുംബങ്ങൾക്കാണ്‌ വിപണിയിൽ ഓഹരിയുള്ളത്. അതിൽ തന്നെ 90 ശതമാനവും 10 ശതാമാനം കുടുംബങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ട്രമ്പ് അധികാരത്തിലേറിയ ഉടനെ തന്നെ ചെയ്തത് സമ്പന്നർക്ക് നികുതി ഇളവ് നല്കുക എന്നതായിരുന്നു. അങ്ങിനെ ചെയ്താലത് സാധാരണക്കാരിലേക്ക് തൊഴിലായി ആഴ്ന്ന് ഇറങ്ങുമത്രെ (Trickle-down economics).

ഒരു ഘട്ടത്തിൽ അത് ശരിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കണക്കുകളിൽ തൊഴിലന്വേഷകരുടെ എണ്ണം ക്രമാതീതമായ കുറഞ്ഞിരുന്നു. തൊഴിൽ സ്ഥിതിവവര കാണക്കുകൾ, 2016-ലെ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടതിൽ, തെറ്റാണെന്നും തൊഴിലില്ലായ്മ 20 മുതൽ 40 ശതമാനം വരെ ആകാമെന്ന് ട്രമ്പ് പറഞ്ഞിരുന്നു എന്നുള്ളത് മറ്റൊരു രസകരമായ കാര്യം. ഒബാമ ഭരണ കൂടത്തിന്റെ കാലത്ത് ക്രമാമായി ഉണ്ടായ വളർച്ചയും ട്രമ്പിന്റെ നികുതിയിളവ് സംരഭകരിൽ ഉണ്ടാക്കിയ ഒരു ഊർജ്ജം ഓഹരി വിപണിയിൽ പ്രതിഫലിച്ചു എന്നുള്ളത് ശരിയാണ്‌. എന്നാലത് രണ്ടും മുന്നും തൊഴിലിടങ്ങളിൽ ജോലിചെയ്ത് നടുവൊടിഞ്ഞ സാധാരണക്കാരുടെ ജീവിത നിലവാരത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കിയില്ല. കൂടാതെ തൊഴിലന്വേഷണം മടുത്ത് അന്വേഷണം തന്നെ ഉപേക്ഷിച്ചവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച വരുന്ന കാഴ്ച്ചയാണ്‌ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഭാഗമായ ആഗോള സമ്പദ് വ്യവസ്ഥിതിയിലെ മാന്ദ്യം സഹാനുഭൂതിയോടെ നേരിടാൻ, ബേണി സാൻഡേഴ്സിന്റെ ഭാഷയിൽ പറഞ്ഞാൽ, രോഗനിദാന നുണയനായ (pathological liar) ട്രമ്പിന്‌ കഴിയുമെന്ന് കരുതുക വയ്യ.

നിലപാടുകളില്ലാത്ത രാഷ്ട്രീയം

ജനപ്രിയ രാഷ്ട്രീയമാണ്‌ (populism) ട്രമ്പിന്റേതെന്ന് മാദ്ധ്യമങ്ങൾ പൊതുവെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നിയതമായ ഒരു രാഷ്ട്രീയ നിലപാട് ട്രമ്പിനില്ല. വലതുപക്ഷ ജനപ്രിയ രാഷ്ട്രീയം തന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഫലപ്രദമായി ഉപയോഗിക്കുവാൻ അദ്ദേഹത്തിന്‌ കഴിഞ്ഞതുകൊണ്ടാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് രക്ഷപ്പെട്ടത്. ഹിലരിയുടെ “പ്രമാണിവർഗ (elite)” ഭൂതകാലവും ഒരു കാരണമായി. എല്ലാ രാഷ്ട്രിയ നേതാക്കൾക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിന്‌ താൻ പണം നല്കാറുണ്ടെന്നും, തന്റെ ഭൂമി-വസ്തു ഇടപാട് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഈ നിഷ്പക്ഷ നിലപാട് സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിമാനപുർവം റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേക്കേറുന്നതിനുമുമ്പ് പറയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൽ പറയുന്നതിൽ ട്രമ്പിന്‌ ഒരു വൈമുഖ്യവുമില്ല. റിപ്പബ്ലിക് പാർട്ടിയുടെ തന്നെ പ്രഖ്യാപിത നിലപാടുകളായ ആഗോള വാണിജ്യം, നാറ്റോവുമായുള്ള (NATO) ബന്ധം, റഷ്യയോടുള്ള വിരോധം തുടങ്ങിയ നിലപാടുകൾ നിരവധി അവസരങ്ങളിൽ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുണ്ട്. ഒരേ സമയം സൈനികരെ പുകുഴ്ത്തുന്നതിനും നിന്ദിക്കുന്നതിനും ഒരു മടിയുമില്ല. ഡെമോക്രാറ്റുകളോടുള്ള വിരോധംകൊണ്ട് മാത്രം ഇതെല്ലാം സഹിക്കുകയാണ്‌ പല റിപ്പബ്ലിക്കൻ നേതാക്കന്മാരും. ട്രമ്പിന്റെ കാബിനറ്റിലും വൈറ്റ് ഹൗസിലും പ്രവർത്തിച്ച പ്രമുഖർ മുതൽ സാധാരണ ഉദ്യോഗസ്ഥർ വരെ ഉള്ളവരുടെ പിന്നീടുള്ള അഭിപ്രായം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും.

നിയമവാഴ്ച്ചയും പൊലീസും പട്ടാളവും

പൊലീസിനേയും, പട്ടാളത്തേയും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുക എന്നത് പൊതുവെ അമേരിക്കൻ രാഷട്രീയ നേതൃത്വത്തിന്റേയും വിശിഷ്യാ ട്രമ്പിന്റേയും പൊതു സ്വഭാവമാണ്‌. സൈനികനെ ബഹുമാനിക്കുക, സൈന്യത്തെ നിയന്ത്രിക്കുക, യുദ്ധത്തെ വെറുക്കുക എന്ന ജനാധിപത്യബോധത്തിന്റെ കാതൽ ട്രമ്പിന്റെ നിഘണ്ടുവിൽ ഇല്ലെന്ന് എല്ലാവർക്കും അറിയാം. 2016-ലെ തെരഞ്ഞെടുപ്പിൽ ട്രമ്പിന്റെ “ട്രമ്പ് കാർഡ്” കുടിയേറ്റവും മതിലും ആയിരുന്നുവെങ്കിൽ ഇത്തവണ നിയമവാഴ്ച്ചയും പൊലീസും ആണ്‌. ചരിത്രപരമായ കാരണങ്ങളാലും വ്യവസ്ഥാപിത ഭരണകൂട ഉപകരണങ്ങളുടെ പക്ഷപാതിത്തത്താലും മർദ്ദനമനുഭവിക്കുന്ന കറുത്ത-ദരിദ്ര വർഗ്ഗക്കാരുടെ അനുഭവങ്ങളോടും സമരങ്ങളോടും ട്രമ്പിന്‌ പുച്ഛമത്രെ! 99 ശതമാനം സമാധാന പ്രതിഷേധ സമരങ്ങളെ, ഒരു ശതമാന ആക്രമസമരത്തിന്റെ അളവുകോലുകൊണ്ട് അളക്കും. ഫാസിസ്റ്റ്-വശീയ പ്രകടനങ്ങളേയും, നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളേയും ഒരേ ത്രാസ്സിൽ തൂക്കിക്കൊണ്ട് ഇരുവശത്തും നല്ലവരുണ്ടെന്ന് പ്രഖ്യാപിക്കും. “ബ്ലാക്ക് ലൈഫ് മാറ്റർ”-നെ “ബ്ലു ലൈഫ് മാറ്റർ” കൊണ്ട് പ്രതിരോധിക്കും. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, അസത്യ-അർദ്ധസത്യങ്ങൾ പ്രചരിപ്പിച്ച്, ജനങ്ങളെ വിഭജിച്ച് അധികാരം നിലനിർത്തുന്നതിന്‌ ഏതറ്റംവരെ പോകുവാൻ മടിയില്ലാത്ത നേതാവാണ്‌ ട്രമ്പെന്ന് ഈ നാലുവർഷത്തെ ഭരണംകൊണ്ട് തെളിഞ്ഞിരിക്കുന്നു.

അധാർമികതയുടെ അപ്പോസ്തലൻ

സമ്പത്തും ധനവും ആണ്‌ ട്രമ്പിന്റെ ദേവനും ദേവിയും. മറ്റൊന്നും ട്രമ്പിന്റെ മുൻപിൽ ഒന്നുമല്ല. ഫെഡറൽ ജഡ്ജിയായ മൂത്തസഹോദരി മേരിയൻ (Maryanne Trump Barry) അടുത്ത കാലത്ത് തനെ സഹോദരനെക്കുറിച്ച് അനവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അതിലൊന്ന് തന്റെ എസ് എ ടി (SAT) പരീക്ഷ മറ്റൊരാളെകൊണ്ട് ട്രമ്പ് എഴുതിച്ചു എന്നതാണ്‌. മറ്റൊന്ന് ട്രമ്പ് തത്വദീക്ഷ തീണ്ടിയിട്ടില്ലാത്തവനും, ചതിയനും, നുണയനും ആണെന്നുള്ളതാണ്‌. ധനാഢ്യനും കർക്കശക്കാരനുമായ ട്രമ്പിന്റെ പിതാവ് പ്രായപൂർത്തിയായ തന്റെ മകന്‌ ഒരു മില്യൻ ഡോളർ ബിസിനസ്സ് തുടങ്ങുന്നതിനായി നല്കിയത്രെ. അവിടന്നങ്ങോട്ട് സ്വാധീനിച്ചും ഭയപ്പെടുത്തിയും, വെട്ടിയും പിടിച്ചും തന്റെ 3 ബില്യൻ (ഇരുപതിനായിരത്തിൽപരം കോടി) ഡോളർ സാമ്രജ്യം പടുത്തുയർത്തി. വംശീയ പക്ഷപാതിത്തമുള്ള ഭൂമി-കെട്ടിടയിടപാടുകൾ നടത്തിയതടക്കം നിരവധി കേസ്സുകൾ അദ്ദേഹത്തിനെതിരായി ഉണ്ടായി. പല സംരംഭങ്ങളും പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. നിയമത്തിന്റെ പഴുതുകൾ സമർത്ഥമായി ഉപയോഗിക്കപ്പെട്ടു. അമേരിക്കൻ സർക്കാരിന്റെ തന്നെ പൊതു-വ്യക്തി താല്പര്യ വൈരുദ്ധ്യ (conflict of interest ) നിയമങ്ങൾ അവഗണിക്കപ്പെട്ടു.

അമേരിക്കയിലെ പ്രസിദ്ധ പത്രമായ ന്യൂയോർക്ക് ടൈംസിന്റെ കോളം എഴുത്തുകാരനും പൊതുവെ യാഥാസ്തികനുമായ ഡേവിഡ് ബ്രൂക്സ് (David Brooks) എഴുതിയ ലേഖനങ്ങളിൽ ട്രമ്പ് എന്ന വ്യക്തിയുടെ അധാർമിക സ്വഭാവവും, ഇന്നത്തെ വൈറ്റ് ഹൗസിന്റെ വൈചിത്ര്യങ്ങളേയും കുറിച്ച് തുറന്നെഴുതുന്നുണ്ട്. കഴിഞ്ഞ നാല്‌ വർഷമായി ട്രമ്പിനെ നിരീക്ഷിക്കുകയും, അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ റെക്കോഡ് ചെയ്യുകയു ചെയ്ത “വാട്ടർ ഗേറ്റ് (Water Gate)” പ്രസിദ്ധൻ ബോബ് വുഡ് വാഡ് ഈ ആഴ്ച പ്രസിദ്ധീകരിഹ്ച റേജ് എന്ന (Rage by Bob Woodward) പുസ്തകത്തിൽ എന്തുകൊണ്ട് ട്രമ്പിനെ ഒരു വട്ടം കൂടി തെരഞ്ഞെടുത്തുകൂടാ എന്ന് വിശദമായി സമർത്ഥിക്കുന്നുണ്ട്.

കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ

ഇന്നത്തെ ലോകസാഹചര്യത്തിൽ രാജ്യാതിർത്തികൾ വേണമെന്ന വാദത്തിന്‌ കുറച്ചെങ്കിലും പ്രസക്തിയുണ്ട്. അത് ലഘിച്ചാൽ മനുഷ്യ ജീവിതം അസ്ഥിരമാകുമെന്ന ഭയം ന്യായീകരിക്കാവുന്നതാണ്‌. മറുവാദമെന്ന രീതിയിൽ ചരക്ക് നീക്കങ്ങൾക്ക് രാജ്യാതിർത്തി നിയന്ത്രണങ്ങൾ പാടില്ലെന്ന് നിഷ്ക്കർഷിക്കുന്ന ലോകകമ്പോളം മനുഷ്യർക്കെന്തിന്‌ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന മറുചോദ്യവുമുണ്ട്. എന്തായാലും രാഷ്ട്രാതിർത്തികൾ ഇല്ലാത്ത ഒരു കാലം വിദൂരഭാവിയിലെങ്കിലും സാക്ഷത്ക്കരിക്കുമെന്ന് പ്രതിക്ഷിക്കാം.

എന്നാൽ കുടിയേറ്റക്കാരെ മനുഷ്യരായെങ്കിലും കാണാൻ എത് രാഷ്ട്ര സമൂഹത്തിനും കഴിയണം. അവർ കുറ്റവാളികളും, സ്ത്രീകളെ ആക്രമിക്കുന്നവരും, തൊഴിൽ മോഷ്ടിക്കുന്നവരും ആണെന്നുള്ള ട്രമ്പിന്റെ നിഗമനങ്ങൾ ആധൂനിക സമൂഹത്തിന്‌ യോജിച്ചതല്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട പ്രദേശങ്ങളിലേക്ക് എല്ലാ കാലത്തും തൊഴിലും നല്ല ജീവിത സാഹചര്യങ്ങളും തേടി മനുഷ്യരുടെ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. അമേരിക്കയും, യൂറോപ്പും ഗൾഫ് മേഖലയും, എന്തിന്‌ പറയുന്നു നമ്മുടെ കൊച്ച് കേരളവും അതിന്‌ മികച്ച ഉദാഹരണങ്ങളാണ്‌. മെക്സിക്കോയിൽനിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കൂലിവേലക്കാർ തൊട്ട് ശാസ്ത്രജ്ഞന്മാർ വരെയുള്ള കുടിയേറ്റക്കാർ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് ട്രമ്പിനറിയില്ലെങ്കിലും ബുദ്ധിയുള്ള റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്കും, വിവരസാങ്കേതിക രംഗമടക്കമുള്ള ബിസിനസ്സ് സമൂഹങ്ങൾക്കുമറിയാം. അമേരിക്കയിലെ പട്ടണ പ്രാന്ത പ്രദേശങ്ങളിലും (suburban) ഗ്രാമങ്ങളിലും ജീവിക്കുന്ന, വെളുത്ത തൊഴിലാളി വർഗ്ഗത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടാൻ കഴിയുമേ എന്ന് ദുഷ്ടലാക്കാണ്‌ ട്രമ്പിന്റെ കുടിയേറ്റ വിരുദ്ധനിലപാടുകളിൽ കാണാൻ കഴിയുക.

സാമൂഹ്യവിഷയങ്ങളും സുപ്രീംകോടതിയും

ഒമ്പത് ജഡ്ജിമാർ കൂടിചേർന്ന അമേരിക്കൻ സുപ്രീം കോടതിയിലെ ലിബറൽ പക്ഷപാതിത്തമുള്ളതും, സ്ത്രീ വിഷയങ്ങളിൽ ഉറച്ചതും സ്തീപക്ഷ നിലപാടുകളും ഉള്ള ജസ്റ്റിസ് റൂത് ബേഡർ ഗിൻസ്ബർഗിന്റെ (Ruth Bader Ginsburg) നിര്യാണം തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതൽ കലുഷമാക്കുമെന്ന് ഉറപ്പാണ്‌. ഒബാമയുടെ കാലത്ത് തെരഞ്ഞെടുപ്പിന്‌ ഒരു വർഷം ഉള്ളപ്പോൾ ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞെ ജഡ്ജിമാരെ നിയമിക്കാൻ പാടുള്ളൂ എന്ന് നിഷ്ക്കർഷിച്ച റിപ്പബ്ലിക്ക് നേതാക്കൾ തെരഞ്ഞെടുപ്പിന്‌ ആഴ്ച്ചകൾ മാത്രമുള്ളപ്പോൾ പുതിയൊരാളെ നിയമിക്കാനുള്ള തത്രപ്പാടിലാണ്‌. സ്ത്രീയുടെ വിവേചനാധികാരമായ ഗർഭഛിദ്രം (pro-choice), വിവേകപൂർണ്ണമായ ആയുധനിയന്ത്രണം (gun control) തുടങ്ങി ഗർഭാധാന പ്രതിരോധനം (contraception) വരെയുള്ള നിരവധി സാമൂഹ്യവിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിൽ യു എസ് സുപ്രീ കോടതിയിലെ ജസ്റ്റിസ്സുമാരുടെ രാഷ്ട്രീയ പക്ഷപാതിത്തം നിർണ്ണായകമാണ്‌. 2000-ത്തിലെ തെരഞ്ഞെടുപ്പിൽ ഗോർ-ബുഷ് മത്സരത്തിന്റെ അവസാനം സുപ്രീം കോടതി ഇടപ്പെട്ട് തീർപ്പ് കല്പിച്ചതുപോലെ ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി ഇടപടേണ്ടി വന്നാൽ അതിന്റെ സമ്മിശ്രണം (combination) വിധിയേയും ഫലത്തേയും പ്രതീക്ഷിക്കാൻ കഴിയാത്ത വിധം സ്വാധീനിക്കും.

മഹാമാരി കാലത്തെ ഭരണകൂടം

ഭരണകൂടവും സർക്കാരും ഒന്നാണെന്ന് ചിലർ ധരിക്കാറുണ്ടെങ്കിലും അത് ശരിയല്ല. വ്യവസ്ഥിതിയെ നിലനിർത്തുന്നതാണ്‌ ഭരണകൂടം. സർക്കാർ അതിന്റെ ഭാഗമാണെങ്കിലും, സൈന്യം, പോലിസ്, നീതിന്യായ വ്യവസ്ഥ, നീതിനിർവഹണ വിഭാഗം, നിയമനിർമ്മാണ സഭകൾ, ഭരണനിർവ്വഹണവിഭാഗങ്ങൾ തുടങ്ങിയവയും ഭരണകൂടത്തിന്റെ ഭാഗമാണ്‌. സർക്കാരുകൾ മാറി മാറി വരും. സർക്കാരിന്‌ ഭരണകൂടത്തിലുള്ള സ്വാധീനം പലപ്പോഴും നിർണ്ണായകമാകണമെന്നില്ല. ഭരണകൂടത്തിന്റെ മാറ്റം സംഭവിക്കുന്നത് ദീർഘകാലത്തെ സമരങ്ങളിലൂടേയും ചിലപ്പോൾ രക്തരഹിത-രകതരൂഷിത വിപ്ലവങ്ങളിലൂടെയും ആയിരിക്കും. ഇത്രയും പറഞ്ഞത് സമ്പത്തിലും, ശാസ്ത്ര-സാങ്കേതിക വിദ്യയിലും, വിവരസാങ്കേതിക വിദ്യയിലും പുരോഗതി കൈവരിച്ച അമേരിക്കയും, ചില യൂറോപ്യൻ രാജ്യങ്ങളും എങ്ങിനെ കോവിഡിനെ പ്രതിരോധിക്കുന്നതിൽ പിറകിലായി എന്ന് അന്വേഷിക്കുന്നതിനാണ്‌.

വ്യക്തിസ്വാതന്ത്ര്യം അമേരിക്കയിൽ ശക്തമാണെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. അത് കുറച്ചൊക്കെ ശരിയാണുതാനും. പക്ഷെ വ്യക്തിസ്വാതന്ത്ര്യം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ രാഷ്ട്രീയ-ജനാധിപത്യ സ്വാതന്ത്ര്യം മാത്രം പോരാ, സാമ്പത്തിക-സാമുഹിക സ്വാതന്ത്ര്യവും വേണം. ജനങ്ങൾക്ക് വിദ്യാഭ്യാസവും, തൊഴിലും, ആരോഗ്യവും, പാർപ്പിടവും വേണം. ധനാർത്തിയുടെ കമ്പോള മത്സരം കൊണ്ട് ഇതെല്ലാം ആർജ്ജിക്കാനാവില്ല. ഇതെല്ലാം ആർജ്ജിക്കുന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ ലക്ഷ്യവുമല്ല. അതുകൊണ്ടാണ്‌ കോവിഡിന്റെ ആഘാതത്തിൽ അറുപത് കഴിഞ്ഞവർ മരിക്കുമ്പോൾ അത് സോഷ്യൽ സെക്യൂരിറ്റി ചെക്കുകളുടെ എണ്ണം കുറക്കുമല്ലോ എന്ന ചിന്ത വരുന്നത്. “ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല (it is what it is)” എന്ന് ട്രമ്പിന്‌ പറയാൻ തോന്നുന്നത്. രണ്ട് ലക്ഷം പേരുടെ ജീവൻ കോവിഡ് കവർന്നിട്ടും തിരക്ക് (urgency) തോന്നാത്തത്. ഇലക്ഷന്‌ മുമ്പ് മരുന്ന് ഉണ്ടാവും എന്ന് സംശയലേശമന്യേ നുണ പറയുന്നത്.

ഈ വർഷത്തിന്റെ ആദ്യമാസങ്ങളിൽ തന്നെ കോവിഡ് മൂലം ഉണ്ടാകാവുന്ന ദു:രന്തങ്ങളുടെ ആഴം ഉത്തരവാദപ്പെട്ടവർ ട്രമ്പിനെ ധരിപ്പിച്ചിരുന്നു. എന്നിട്ടും സംസ്ഥാനങ്ങളേയും, പ്രാദേശിക ഭരണകർത്താക്കളേയും എകോപിപ്പിച്ച് ഒരു നയം രൂപപ്പെടുത്തുന്നതിനോ, അവരെ സജ്ജമാക്കുന്നതിനോ നേതൃത്വപരമായ ഒരു നടപടിയും ട്രമ്പ് കൈകൊണ്ടില്ല. ശാസ്ത്രീയ വീക്ഷണത്തിന്റെ അഭാവം സിഡിസിയിലെ (Centers for Disease Control and Prevention) ശസ്ത്രജ്ഞന്മാരുമയി ഉടക്കുന്നതുവരെ കാര്യങ്ങളെ ട്രമ്പ് കൊണ്ടുചെന്നെത്തിച്ചു. ഡോക്ടർന്മാരുടെ നിർദ്ദേശങ്ങളെ, സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഒറ്റ കാരണത്താൽ അവഗണിച്ചു. ഒരു ഭരണ കർത്താവെന്ന നിലയിൽ ട്രമ്പിന്റെ സമ്പൂർണ്ണ പരാജയം കോവിഡിന്റെ കാര്യത്തിലെങ്കിലും അമേരിക്കൻ ജനത അനുഭവിച്ചറിഞ്ഞു. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്‌.

“ട്രമ്പ് പുരാണം” പൂർണ്ണമാക്കാൻ ഒരു ലേഖനമോ, ഒരു പുസ്തകം തന്നെയോ മതിയാകുമെന്ന് തോന്നുന്നില്ല. പരിസ്ഥിതി സംരക്ഷണം മുതൽ ആഗോളതാപനം വരെയുള്ള വിഷയങ്ങളിൽ ട്രമ്പിന്റെ നിലപാടുകൾ ശാസ്ത്ര വിരുദ്ധമാണ്‌. റിപ്പബ്ലിക്കൻ പാർട്ടിയിലെ വ്യക്തികളെയടക്കം അപമാനിക്കുന്നതിൽ ട്രമ്പിന്‌ ഒരു കൂസ്സലുമില്ല. സുജനമര്യാദ ലവലേശം തൊട്ടുതീണ്ടിയിട്ടില്ല. സ്ത്രീ വിരുദ്ധ നിലപടുകളും അവരോടുള്ള പെരുമാറ്റവും കുപ്രസിദ്ധമാണ്‌. ഇങ്ങിനെയുള്ള ഒരാൾ പ്രസിഡണ്ടയി തുടരാൻ അനുവദിക്കണമോ എന്നുള്ളത് അമേരിക്കൻ ജനതയുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി ഈ തെരഞ്ഞെടുപ്പിൽ വന്നിരിക്കുന്നു. ഈ മഹാമാരി കാലത്തെങ്കിലും ഭൂരിപക്ഷം ജനങ്ങൾക്കും സംഗതിയുടെ ഗൗരവം ബോദ്ധ്യപ്പെടുമെന്ന് പ്രത്യാശിക്കാം.

*

(ജനയുഗം പത്രത്തിൽ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്)

Saturday, May 30, 2020


നവരസങ്ങളുടെ പ്രകൃതിയനുഭവം

അമ്പഴക്കാട്ട് ശങ്കരൻ

നവരസങ്ങൾ എന്തെന്ന് അറിഞ്ഞുകൂടാത്ത മലയാളികൾ വിരളമാവും. ക്ലാസ്സിക് കലകളായ കഥകളി, കൂടിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥക് തുടങ്ങിയ നൃത്ത-നാട്യ രൂപങ്ങളിലെ അനിവാര്യ ഘടകമാണത്. നിത്യജീവിതത്തിൽ മനുഷ്യമുഖത്തിലൂറുന്ന ഭാവങ്ങൾ അതിലൊന്നാവാതെ തരമില്ല. പ്രപഞ്ചത്തിന്റേയും പ്രകൃതിയുടേയും നിഗൂഢവും, പ്രവചിക്കാനാവത്തുതുമായ പ്രതിഭാസങ്ങൾ നവരസത്തനിമയുടെ കണ്ണടയിലൂടെ വീക്ഷിച്ചാൽ എങ്ങിനെയിരിക്കും എന്ന ഒരു അന്വേഷണമാണ്‌ ഇവിടെ നടത്തുന്നത്.

ശൃംഗാരം

അനുരാഗവും രതിയുമാണ്‌ ശൃംഗാരത്തിന്റെ സ്ഥായിഭാവം. കടലും, കരയും, നദിയും, തീരവും പ്രകൃതിയിൽ പ്രണയത്തിന്റ്  മൂർത്തിമത്‌ഭാവങ്ങളാണ്‌. പർവതശൃംഗങ്ങളിൽനിന്നും കളകളം ശബ്ദം വിതറി കാറ്റിനോട് കുസൃതി ചൊല്ലി പ്രഭാത സൂര്യകിരണങ്ങളേറ്റ് ഒഴുകുന്ന നദിയുടെ ശോഭ ഒന്ന് വേറെ തന്നെയാണ്‌. കാന്തിയൂറുന്ന നദിയുടെ അഴക് സ്വപ്നത്തിലെന്ന പോലെ നിർന്നിമേഷം കടൽ നോക്കി നില്ക്കുന്നു. നദിയുടെ  ദീപ്തിയേറും മുഖം, മാധുര്യം നുണയും വാക്കുകൾ സധൈര്യം പ്രാഗല്ഭ്യത്തോടെ കടൽ ആസ്വദിക്കുകയാണ്‌. നദിയുടെ ഔദാര്യം കടലിനെ കൂടുതൽ ആവേശഭരിതമാക്കുന്നു. മലയിടുക്കും, പാറക്കെട്ടുകളും താണ്ടി ഗർത്തങ്ങളിൽ ആഞ്ഞ്പതിച്ച് വെള്ളചാട്ടങ്ങളിൽ മഴവിൽ വിരിച്ച് അതങ്ങിനെ ഒഴുകുകയാണ്‌. പ്രണയാതുരത്തോടെ കടൽ, സംഗമത്തിനു വേണ്ടി ക്ഷമയോടെ കാത്ത് നിൽക്കുന്നു. മദാനുരാഗഹർഷവായ്പോടെ വിഭ്രമം വരും വിധ ഉള്ള ലീലാവിലാസങ്ങൾ ഔന്നത്യം നേടുന്നു. ഒടുവിൽ ഭാവ ഹാവ ഹേലങ്ങളോടേ നദി കടലിൽ ലയിച്ച് കായലിന്റെ ശാന്തത കൈവരിക്കുന്നു.

കരുണം

കടുത്ത വേനൽ ചൂടിൽ വരണ്ട് വിണ്ട് ഭൂമി ശോകത്തിലമർന്നിരിക്കുന്നു. വിണ്ട്കീറിയ പാദങ്ങളും പുണ്ണ്‌ പിടിച്ച വിരലുകളുമായി കർഷകൻ കൈകൾ കൊണ്ട് കൺ മറച്ച് ആകാശത്തിലേക്ക് ദയനീയമായി നോക്കി. വാനിൽ ഒറ്റ മേഘങ്ങളുമില്ല. കാരുണ്യം വറ്റിയ പ്രപഞ്ചത്തിന്റെ ശക്തിയെ പഴിക്കാൻ ശക്തിയില്ലാതെ എല്ലുന്തിയ കുഞ്ഞുങ്ങളെ ഓർത്ത് അവൻ കണ്ണീരൊഴുക്കി. വേനൽ വറുതിയിൽ കാലിയായ പത്താഴം എലികളും ക്ഷുദ്രജീവികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രതീക്ഷയസ്തമിച്ച് ഗദ്ഗദത്തോടെ തന്റെ നിഴൽ നോക്കി അയാൾ നടക്കാൻ തുടങ്ങി. ഉരൂണ്ടുകൂടിയ കറുത്ത മേഘങ്ങളെ അയാൾ കണ്ടില്ല. കാറ്റ് കൊണ്ട് വന്ന കനിവിന്റെ ആരവത്തിനെ ശ്രദ്ധിക്കാൻ അയാൾക്ക് തോന്നിയില്ല. തിരക്കിട്ട് വന്ന ഇടിയും മിന്നലും അയാളുടെ നെടുവിർപ്പുകളെ ഉലച്ചു. ഒരു കുടം തുള്ളിയായി കാരുണ്യവർഷം കണ്ണീരായി ഭൂമിയിൽ പതിച്ചു.

വീരം

പാറ കൂട്ടങ്ങളും വനങ്ങളും വന്യ മൃഗങ്ങളും നിറഞ്ഞ പർവതങ്ങൾ ഉത്സാഹതിമിർപ്പോടെ തലയുയർത്തി നിന്നു. പരാക്രമിയായി കൊടുങ്കാറ്റിനെ പ്രഭാവത്തോടെ തടഞ്ഞ് നിർത്തി. തീഷ്ണ നോട്ടത്തോടെ ഗർവ് നിറഞ്ഞ ഉഗ്രജീവികളെ മെരുക്കിയെടുത്തു. പീഡിതജീവികളെ വിനയപൂർവം സംരക്ഷിച്ചു. കരളുറപ്പിന്റെ പര്യായമായ ഗിരിശൃംഗങ്ങളിൽ കൊടിയടയാളമായ ചന്ദ്രക്കലയുടെ അർദ്ധപ്രകാശം താഴ്വാരങ്ങളെ വിനയാന്വിതമാക്കി. കർണ്ണന്റെ കൂസലില്ലായ്മയും, അർജുനന്റെ പ്രതാപവും, ഭീമന്റെ ശക്തിയും, ദു;ര്യോധനന്റെ ഗർവ്വും മലയിടുക്കുകളെ പ്രകമ്പനം കൊള്ളിച്ചു. മേഘങ്ങൾ മാലാഖമാരായി കുലപർവതങ്ങൾക്ക് ചുറ്റും നൃത്തം ചിവിട്ടി.

രൗദ്രം

ഏഴു കടലുകളും ഏഴു രൗദ്രഭീമന്മാരാണ്‌. വായുവിനോടൊപ്പം ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ജീവനായി വർത്തിക്കുന്ന ജലത്തിന്റെ കലവറ. സ്നേഹിച്ചാൽ അവൻ പ്രിയതമക്ക് സൗഗന്ധികം സമ്മാനിക്കും. ക്രോധാവേശത്തിൽ ദു:ശ്ശാസനന്റെ മാറിടം പിളർക്കും. ഉദയാസ്തമനത്തിന്റെ ചാരുത മഴവില്ലായി ആകാശത്തിൽ പരക്കും. ആർത്തട്ടഹസിക്കുന്ന ദുര്യോധനനായി തിരമാലകൾകൊണ്ട് പർവതങ്ങൾ സൃഷ്ടിച്ച് ഗർവ്വും അമർഷവും അമ്മാനമാടും. സായന്തനങ്ങളിൽ ജലകന്യകകളെ സ്നേഹവായ്പോടെ തലോടും. യാമങ്ങളിൽ ചുഴികൾ തീർത്ത് പാതാളത്തിലേക്ക് ചുഴറ്റിയെറിയും. ചില നേരങ്ങളിൽ ശാന്തമായുറങ്ങും. മറ്റു സമയങ്ങളിൽ ഇടിമുഴക്കമായി ഉഗ്രതപൂണ്ട് കൂസ്സലില്ലാതെ ഉയർന്നുപൊങ്ങുന്ന തിരമാലകൾ തീർക്കും.  രൗദ്രം കാരുണ്യത്തിന്റെ വിപരീതമല്ല പര്യായമാണെന്ന് പ്രപഞ്ചമറിയും.

ഹാസ്യം

വാനരിൽ നിന്നും നരനിലേക്ക് ഏറെ ദൂരമില്ല. പക്ഷെ വാനരർ മനുഷ്യ വംശത്തിന്‌ ഹാസ്യത്തിന്റെ സ്ഥായിഭാവമായ ഹാസം സമ്മാനിച്ചതിന്‌ വലിയ തെളിവുകളും പങ്കുമുണ്ട്. പഴം എറിഞ്ഞ് കൊടുക്കുന്ന കുട്ടികൾക്ക് പഴം തിന്ന് തൊലി തിരിച്ചെറിഞ്ഞ്
അവ ചിരിക്കുടുക്കകൾക്കളിൽ സ്മിതം ഉണർത്തുന്നു. മരച്ചില്ലക്കളിൽ തൂങ്ങിനിന്ന് ഉഞ്ഞാലാടി, ഒരു കൊമ്പിൽനിന്ന് മറ്റൊന്നിലേക്ക് ചാടി, കാട്ടിയത് തിരിച്ച് കാട്ടി, ഒളിച്ച് കളിച്ച് ഹസിതത്തിന്റെ തിരമാല തീർക്കുന്നു. ആലസ്യ-നിദ്രാ ഭാവങ്ങൾ അഭിനയിച്ച് കുട്ടികളിൽ അസൂയ ജനിപ്പിക്കുന്നു. അപഹസിത ചേഷ്ടകൾ കാട്ടി നാനതരം ജനങ്ങളെ അതിഹസിതവാനത്തിലേക്ക് ഉയർത്തി ഹാസ്യസമ്രാട്ടായി പരിലസിക്കുന്നു.

ഭയാനകം

കഞ്ഞി കർക്കിടകം. താളും ചേമ്പും കാട്ടുകിഴങ്ങുകളും മാത്രം കറിവെക്കൻ കിട്ടുന്ന കാലം. മുത്തശ്ശി കഥകളിൽ മാത്രമെ ഇന്നുള്ളവർക്ക് 99-ലെ (കൊല്ലവർഷം 1099 കർക്കിടകമാസം) ഭയാനക വെള്ളപ്പൊക്കത്തെ കുറിച്ച് കേട്ടറിവുള്ളു. കേട്ടറിവുകൾ കഥ കേൾക്കുമ്പോലെ രസിച്ചിരിക്കാം.  93-ലെ (കൊല്ലവർഷം 1193 കർക്കിടകമാസം) വെള്ളപ്പൊക്കം ഇന്നത്തെ തലമുറ അനുഭവിച്ച് അറിഞ്ഞതാണ്‌. ഭയാനകത്തിന്റെ സ്ഥായിഭാവം ആത്മഭയമാണ്‌. നട്ടപ്പാതിരക്ക് എന്തോ ശങ്ക മനസ്സിൽ തോന്നി എമർജൻസി ലാറ്റെടുത്ത് അയാൾ കിടപ്പുമുറിയിൽ ജനൽതുറന്ന് പുറത്തേക്ക് നോക്കി. മുറ്റത്തും തൊടിയിലും ജലമുയരുന്നു. ഭാര്യവിളിച്ച് കാണിച്ചപ്പോൾ അവൾ “അയ്യോ നമ്മുടെ പശു” എന്നലറി. വതിൽ തുറന്ന് നോക്കിയപ്പോൾ മുറ്റമാകെ വെള്ളം. അയലക്കാർ അഴിച്ച് വിട്ട കാലികൾക്കൊപ്പം അവളും  ദൈന്യതയോടെ റോഡിലും പറമ്പിലും അലയുന്നു. ഒഴുക്കിന്റെ ആവേഗം കൂടിക്കൂടി വരുന്നു. പ്രായമായ അച്ഛനേയും ഭാര്യയേയും കുട്ടികളേയും പുരപ്പുറത്ത് അയാൾ കയറ്റിയിരുത്തി. ഭാര്യയുടെ അലറികരച്ചിൽ നിയന്ത്രിക്കാൻ അയാൾ പാടുപെട്ടു. സ്വന്തം ഹൃദയമിടിപ്പ് കുടിക്കൂടി വരുന്നത് അയാൾ കേട്ടു. കുട്ടികളുടെ ചപലത അയാളുടെ ഹൃദയമറിഞ്ഞു. ഇരുട്ടിൽ തെങ്ങിൽ തലകളും കുത്തിയൊലിക്കുന്ന ജലവും മാത്രം. ഭക്ഷണത്തിന്‌ കരിക്കിൻ വെള്ളവും നാളികേരവും മാത്രം. നാലാം നാൾ അച്ഛന്റെ തണുത്തു മരവിച്ച ജഡവുമായി അയാൾ മുറ്റത്തിറങ്ങി. അതുവരെ കരയാതിരുന്ന അയാൾ അലറിക്കരഞ്ഞു. കേരളത്തിലെ ഭൂരിഭാഗം കുടുംബത്തിനും ഇതുപോലൊരു ഭയാനക അനുഭവം പറയനുണ്ടാകും. വിശ്വപ്രകൃതി വിശ്വരൂപം കാട്ടിയ അനുഭവം.

ബീഭത്സം

ലോക ചരിത്രത്തിൽ മഹാവ്യാധികളുടെ ചരിത്രവും അതിനെ തുടർന്നുണ്ടായ മരണവും എടുത്താൽ ഏറ്റവും ബീഭത്സമായത് സ്പാനിഷ് ഫ്ലു എന്നറിയപ്പെടുന്ന 1918-20 കാലത്ത് പകർച്ചപ്പനിയാണ്‌. 5 കോടിയോളം വരുന്ന ജനത അതിന്റെ ഫലമായി മരണപ്പെട്ടുവെന്നാണ്‌ കണക്കാക്കുന്നത്. വസൂരിയും (smallpox), പൊങ്ങൻ പനിയും (chickenpx), എയ്ഡ്സും (HIV Positive) ഒമ്ന്നു അത്രത്തോളം വരികയില്ല. ഭീതിജനകവും ജുഗുപ്സാവഹവുമായ മഹാവ്യാധികളാണിവയെല്ലാം. വിശ്വാസികൾക്ക് കോപത്തോടെ ദൈവമെറിയുന്ന വിഷ വിത്തുക്കളാണവ. ഈ കോറോണ കാലത്ത് ഭീതിജനകമായ ഭൂതകാലത്തേക്ക് ഒന്ന് കണ്ണോടിച്ചിവെന്ന് മാത്രം. കോവിഡ്-19 ഏറെ പിടിച്ചുലക്കിയ നഗരമാണ്‌ ന്യുയോർക്ക്. സംസ്ക്കരിക്കാനാവതെ വലിയ ട്രക്കുകളിൽ കൂട്ടിയിട്ട ശവക്കുമ്പാരങ്ങൾ വേദനാജനകവും കരളലിയിക്കുന്നതുമാണ്‌. ജനങ്ങളിൽ അപസ്മാരം, ഉദ്വേഗം, മോഹം, മരണം എന്നീ ബീഭത്സഭാവങ്ങൾ ഉണ്ടാക്കുന്ന ഈ മഹാവ്യാധികൾ ഒരിക്കലും ഈ ഭൂമുഖത്ത് ഉണ്ടാവതിരിക്കാൻ ആഗ്രഹിക്കുക മാത്രമെ നിവർത്തിയുള്ളു.

അത്ഭുതം

പ്രകൃതിദത്തമായ മഹാത്ഭുതങ്ങൾ എല്ലാവർക്കും രോമാഞ്ചജനകമാണ്‌. ഹിമാലയവും, ഗ്രാന്റ് കാനിയനും, നയാഗ്ര-വിക്ടോറിയ വെള്ളച്ചാട്ടങ്ങളും, കടൽത്തീരങ്ങളുമെല്ലാം ഉന്മാദമുണ്ടാക്കുന്ന കാഴ്ച്ചകളാണ്‌. തിരമാലകളുടെ ആവേഗം, മഹാഗർത്തങ്ങൾ ഉണ്ടാക്കുന്ന സംഭ്രമം, ചക്രവാളം ഉണ്ടാക്കുന്ന പ്രഹർഷം, ഗിരിശൃംഗങ്ങൾ ഉണ്ടാക്കുന്ന ചപലത മുതലായവ അത്ഭുതത്തിന്റെ സഞ്ചാരിഭാവങ്ങളാണ്‌. അത്ഭുതം ചിലപ്പോൾ ജഡവാസ്ഥ സമ്മാനിക്കുന്നത് നമുക്കെല്ലാം അനുഭവമുള്ളതാണ്‌. പ്രകൃതിയിലെ അത്ഭുതക്കാഴ്ച്ചകൾ കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും വിസ്മയവും ദിവ്യദർശനത്തിന്റെ അനുഭൂതിയും പ്രാപ്യമാക്കുന്നു.

ശാന്തം

അഷ്ടരസങ്ങളാണത്രെ പണ്ട് ഉണ്ടായിരുന്നത്. ശാന്തം പിന്നീട് കൂട്ടിചേർക്കപ്പെട്ടതത്രെ! എല്ലാ ഇന്ദ്രിയങ്ങളേയും അടക്കം ചെയ്യാൻ കഴിയുമ്പോഴാണ്‌ ശാന്തത കൈവരുന്നത്. ലോകാവസാനത്തിൽ ശിശുവായി മഹാവിഷ്ണു വിശാലമയ ജലപരപ്പിൽ  ആലിലയിൽ ശാന്തമായി കൈവിരലുകൾ കുടിച്ച് കിടക്കുന്ന അതിമനോഹരമായ ഒരു സങ്കല്പചിത്രമുണ്ട്. തത്ത്വജ്ഞാനമാണ്‌ ശാന്തത്തിന്റെ സ്ഥായിഭാവം. നിർവ്വേദം അഥവ വിരക്തിയാണതിന്റെ സഞ്ചാരി ഭാവം. പർവതനിരകളും, കാടുകളും, ഗുഹകളും ഏകാഗ്രതക്ക് ഉതുകുന്ന മോക്ഷദായക പ്രദേശങ്ങളാണ്‌.   മഹാഭാരത യുദ്ധത്തിനുശേഷം ധർമ്മപുത്രരുടെ മഹാപ്രസ്ഥാനം ശാന്തി തേടിയുള്ളതാണ്‌. ശാന്തി തേടിയുള്ള മനുഷ്യകുലത്തിന്റെ യാത്രകൾ പലപ്പോഴും അവനിൽ അന്തർലീനമായ ദയയേയും, ഭക്തിയേയും, സ്തുതിയേയും ഉദ്ദീപിപ്പിക്കുന്നു. രാഗദ്വേഷങ്ങളില്ലാത്ത ‘ശാന്ത’-ത്തെ ഉൾപ്പെടുത്തി രസങ്ങൾ ‘നവ’മായിത്തിർത്തവർക്ക് പ്രണാമം.

നവരസചിന്തകൾ ഇവിടെ അവസാനിപ്പിക്കുകയാണ്‌. പ്രപഞ്ചവും ഭൂമിപ്രകൃതിയും മനുഷ്യകുലത്തിനായി നവരസഭാവങ്ങൾ അനുസ്യൂതം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയിലേക്ക് എപ്പോഴും കണ്ണും നട്ടിരിക്കുക, ഓരോ ചലങ്ങളും സൂക്ഷമതയോടെ പഠിക്കുക,  അതിനെ സ്നേഹിക്കുക, അതിനെ വേദനിപ്പിക്കാതിരിക്കാൻ കഴിയുവാന്നത്ര ശ്രമിക്കുക, അതിന്റെ ആന്തരിക ശക്തിയെ പ്രണമിക്കുക വഴി സ്വയം മനുഷ്യനായി തീരുക എന്നിവയാകട്ടെ ഈ വ്യാധി കലത്തിനുശേഷവും നമ്മുടെയെല്ലാം  ലക്ഷ്യവും പരിശ്രമവും.

വാൽക്കഷ്ണം

കോവിഡാനന്തരകലം. നവജാതശിശുവുമായി അമ്മ ഡോക്ടറൂടെ മുറിയിലെത്തി. എല്ലാ പരിശോധനയും കഴിഞ്ഞ് ഡോക്ടർ പറഞ്ഞു. ഒരു ഇഞ്ചക്ഷനും കൂടി എടുക്കാനുണ്ട്, കോവിഡിന്റെ. കുഞ്ഞ് അലറി കരയുമെന്നറിയാം. എന്നാലും ആ അമ്മയുടെ മുഖത്ത് ശാന്തത തെളിഞ്ഞു. മുറിയിൽനിന്നും പുറത്തേക്ക് പോകുന്ന ഡോക്ടർക്ക് അമ്മ നന്ദി പറഞ്ഞു. കുട്ടി ജീവിതത്തിൽ നേരിടാനിരിക്കുന്ന നവരസങ്ങളുടെ പ്രകൃതിയനുഭവത്തെക്കുറിച്ച് ആ അമ്മ ഓർത്തതേയില്ല.

*****